പത്ത് വർഷങ്ങൾക്ക് മുമ്പ് നടന്ന കഥയാണ്. ഗുരുവായൂരിലെ ഒരു കല്യാണമണ്ഡപം. ചടങ്ങു കഴിഞ്ഞയുടൻ സദ്യയുണ്ണുന്നതിനായി എല്ലാവരും തിരക്കുകൂട്ടുകയാണ്.
സദ്യവിളമ്പുന്ന ഹാളിന്‍റെ തുറക്കാത്ത വാതിലിന് മുന്നിൽ അതിഥികള്‍ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന ആ സ്ഥിരം കാഴ്ച. അകത്ത് വിളമ്പുകാർ മേശമേൽ ഇലവിരിച്ച് പോകുന്നതുനോക്കിനില്‍ക്കുമ്പോള്‍ വായില്‍ കപ്പലോട്ടത്തിനുള്ള തയ്യാറെടുപ്പ്.
പാൽപായസത്തിന്‍റെയും അടപ്രഥമന്‍റെയും സാമ്പാറിന്‍റെയും കാച്ചിയ പപ്പടത്തിന്‍റെയും മണങ്ങള്‍ കൂടിച്ചേര്‍ന്ന് ഭക്ഷണപ്രിയരുടെ ക്ഷമ പരീക്ഷിക്കുന്ന നിര്‍ണ്ണായകമായ ആ നിമിഷങ്ങള്‍.
അപ്പോഴാണ് ഒരു ഇലയ്ക്കൊപ്പം രണ്ട് സ്റ്റീൽ ഗ്ലാസുകൾ വീതം വച്ച് ഒരു ചെറിയ സംഘം അതിവേഗത്തിൽ ആ പണി ചെയ്തുതീർക്കുന്നത് അവർ കണ്ടത്. പ്ലാസ്റ്റിക്കിന്‍റെ ആവരണമുള്ള ഡിസ്പോസിബിൾ ഗ്ലാസും സാക്ഷാൽ പ്ലാസ്റ്റിക് ഗ്ലാസുതന്നെയും കല്ല്യാണ പന്തിയിൽ പതിവായിക്കഴിഞ്ഞ ആ കാലത്ത് സ്റ്റീൽ ഗ്ലാസിന്‍റെ മടങ്ങി വരവ് പലർക്കും ഒരു പുതുമയായി. തലനരച്ച പലരേയും പണ്ട് കൂടിയ പല കല്യാണങ്ങളുടെയും ഓർമ്മയിലേക്ക് ആ കാഴ്ച്ച മടക്കിക്കൊണ്ടുപോയി.
അപ്പോഴാണ് ഒരു ഇലയ്ക്കൊപ്പം രണ്ട് സ്റ്റീൽ ഗ്ലാസുകൾ വീതം വച്ച് ഒരു ചെറിയ സംഘം അതിവേഗത്തിൽ ആ പണി ചെയ്തുതീർക്കുന്നത് അവർ കണ്ടത്.
പ്ലാസ്റ്റിക് കൂടി ഉരുകിച്ചേരാത്ത നല്ല പായസം കുടിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കല്യാണം കൂടിയവർ ഇല മടക്കി മടങ്ങുമ്പോൾ സ്റ്റീൽ ഗ്ലാസ് നിരത്തിയ ആ ചെറുസംഘം അതിലേറെ സന്തോഷത്തിലായിരുന്നു. സംഘത്തിന് നേതൃത്വം നൽകിയ കരീം. കെ. പുറം എന്ന തൃശൂർ പുത്തൻചിറ സ്വദേശിയുടെ മുഖത്ത് സുഹൃത്തിന്‍റെ മകളുടെ വിവാഹം പരിസ്ഥിതി സൗഹൃദമാക്കാൻ കഴിഞ്ഞതിന്‍റെ സംതൃപ്തിയായിരുന്നു ഏറെയുണ്ടായിരുന്നത്.
ഇതുകൂടി വായിക്കാം: ജലസ്തംഭിനി മുതല്‍ അഗ്നിയില വരെ 1,442 അപൂര്‍വ്വൗഷധികള്‍ നിറഞ്ഞ തോട്ടമൊരുക്കി ഹംസ വൈദ്യര്‍
അത് ഒരു തുടക്കമായിരുന്നു. പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം പരമാവധി ഒഴിവാക്കുന്ന ജീവിതശൈലി പിന്തുടരാൻ ആഗ്രഹിച്ച കരീമിന്‍റെ മനസ്സിൽ ഉദിച്ച ഒരു ചെറിയ ആശയം. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിയിൽ സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ച് സന്ദേശം നൽകുന്നതിനൊപ്പം പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനുമുള്ള ഒരു പ്രായോഗിക രീതി പരിചയപ്പെടുത്തുക കൂടിയാണ് സ്റ്റീൽ ഗ്ലാസ് വിതരണത്തിലൂടെ അദ്ദേഹം ഉദ്ദേശിച്ചത്.
അത് ഒരു തുടക്കമായിരുന്നു. പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം പരമാവധി ഒഴിവാക്കുന്ന ജീവിതശൈലി പിന്തുടരാൻ ആഗ്രഹിച്ച കരീമിന്‍റെ മനസ്സിൽ ഉദിച്ച ഒരു ചെറിയ ആശയം
കല്ല്യാണം പോലെയുള്ള ആഘോഷവേദികളിലാകുമ്പോൾ നിരവധിപേരിലേക്ക് ഒരേസമയം സന്ദേശമെത്തിക്കാമെന്നും കരീം കണക്കുകൂട്ടി. സുഹൃത്തുക്കളുടെ പരിപാടികളിൽ സേവനമായി തുടങ്ങിയ സ്റ്റീൽ ഗ്ലാസ് വിതരണം ഇപ്പോൾ കരീമിന് ഒരു ഉപജീവന മാർഗ്ഗം കൂടിയായി മാറിയിരിക്കുകയാണ്.
“ഗുരുവായൂരിൽ വച്ച് നടന്ന സുഹൃത്തിന്‍റെ മകളുടെ വിവാഹം ഇക്കോ ഫ്രണ്ട്ലി ആകണമെന്ന് തീരുമാനിച്ച ഞങ്ങൾ വളരെ നേരത്തെ തന്നെ വിവാഹ മണ്ഡപത്തിൽ എത്തി. ആയിരത്തി ഇരുന്നൂറോളം സ്റ്റീൽ ഗ്ലാസുകളാണ് കൈയിൽ കരുതിയിരുന്നത്. ഡൈനിംഗ് ഹാളിൽ നൂറ്റി എഴുപത് പേർക്ക് ഒരു സമയം ഇരുന്ന് ഭക്ഷണം കഴിക്കാം എന്ന് മനസ്സിലാക്കി. അപ്പോൾ ഒരു പന്തിയിൽ പായസം വിളമ്പാൻ അടക്കം മുന്നൂറ്റി നാൽപ്പത് ഗ്ലാസ് വേണം. മൂന്ന് ട്രിപ്പിനുള്ള ഗ്ലാസ് സ്റ്റോക് ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങൾക്ക് ആശങ്കയില്ലാതെ പരിപാടി തുടങ്ങാൻ കഴിഞ്ഞു.
ഇതുകൂടി വായിക്കാം: തെന്നലയിലെ യാസ്മിന്‍ വിപ്ലവം: ഒരു ഗ്രാമം മുഴുവന്‍ ഈ യുവതിയോട് കടപ്പെട്ടിരിക്കുന്നതെന്തുകൊണ്ടാണ്
“പായസം വിളമ്പിയ ഗ്ലാസുകൾ വേറെ ബക്കറ്റിൽ തിരിച്ചെടുത്തതുകൊണ്ട് കഴുകി വൃത്തിയാക്കാനും എളുപ്പാമായിരുന്നു. മൂവായിരത്തോളം പ്ലാസ്റ്റിക് മാലിന്യമാണ് ഞങ്ങളുടെ ആ ഇടപെടൽ കാരണം അന്ന് ഒഴിവായത്. കല്ല്യാണം കൂടാനെത്തിയ പല സുഹൃത്തുക്കളും ഇതിൽ ഏറെ സന്തോഷം പ്രകടിപ്പിച്ചു. അതായിരുന്നു തുടക്കം.” ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു സ്റ്റീൽ ഗ്ലാസ് പ്രചാരകനായി മാറിയ കഥ കരീം പറഞ്ഞു തുടങ്ങി.
“1999 ൽ കേരള ജൈവകർഷക സമിതി പീച്ചിയിൽ വെച്ച് നടത്തിയ ഒരു ക്യാമ്പിൽ പങ്കെടുത്തപ്പോഴാണ് പ്ലാസ്റ്റിക് ഗ്ലാസ്സുകൾ വ്യാപകമാവുമ്പോൾ മണ്ണിനും മനുഷ്യനുമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ഞാൻ കൂടുതൽ മനസ്സിലാക്കുന്നത്. വർഷങ്ങളോളം മണ്ണിലലിയാതെ കിടക്കുന്ന പ്ലാസ്റ്റിക് മണ്ണിലെ ജൈവസമ്പന്നത ഇല്ലാതാക്കുമെന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന കാർബൺ മനുഷ്യനെ മാത്രമല്ല മറ്റു ജീവികളെക്കൂടി പ്രതിസന്ധിയിലാക്കുമെന്നും വായിച്ചിട്ടുണ്ട്. ഈ ക്യാമ്പ് കഴിഞ്ഞിറങ്ങുമ്പോൾ പ്ലാസ്റ്റിക് ഗ്ലാസ്സുകളുടെ ഉപയോഗം കുറച്ച് പരമാവധി സ്റ്റീൽ ഗ്ലാസ്സുകൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. തിരിച്ചെത്തിയ ഉടനെ തന്നെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ വീടുകളിൽ നടക്കുന്ന ചെറിയ ചടങ്ങുകളിൽ സ്റ്റീൽ ഗ്ലാസ്സുകൾ എത്തിക്കാൻ തുടങ്ങി.”
പേപ്പർ ഗ്ലാസ് എന്നാണ് ഡിസ്പോസിബിൾ ഗ്ലാസുകളെക്കുറിച്ച് പറയാറുള്ളതെങ്കിലും അതിലെ പ്ലാസ്റ്റിക് ആവരണം വർഷങ്ങളോളം മണ്ണിൽ അഴുകാതെ കിടക്കും.
പ്ലാസ്റ്റിക്കിന് പകരം സ്റ്റീൽ ഗ്ലാസ്സ് പരിചയപ്പെടുത്തുകയായിരുന്നില്ല കരീം ചെയ്തത്. പണ്ടുണ്ടായിരുന്ന സ്റ്റീൽ ഗ്ലാസുകളെ തിരികെ കൊണ്ടുവരാനുള്ള ഒരു ഉദ്യമമായിരുന്നു അദ്ദേഹത്തിന്റേത്. ഒരിക്കൽ കല്ല്യാണം പോലെയുള്ള എല്ലാ ആഘോഷവേളകളിലും മീറ്റിംഗുകളിലും ചായയും വെള്ളവും പായസവും എല്ലാം വിളമ്പിയിരുന്നത് സ്റ്റീൽ ഗ്ലാസുകളിലായിരുന്നു. പ്ലാസ്റ്റിക്കിന്‍റെ വരവാണ് “ഉപയോഗിക്കുക വലിച്ചെറിയുക’ എന്ന എളുപ്പവഴി നമുക്ക് പരിചയപ്പെടുത്തിയത്.
ഇതുകൂടി വായിക്കാം: കടലാമക്കുഞ്ഞുങ്ങള്‍ക്ക് കൂട്ടിരിക്കുന്ന ഒരു ഗ്രാമം
ഗ്ലാസ് കഴുകാനുള്ള പ്രയാസം പ്ലാസ്റ്റികിന് വഴി മാറിയപ്പോൾ അതു സൃഷ്ടിക്കുന്ന മറ്റ് അപകടങ്ങളെക്കുറിച്ച് പലരും അജ്ഞരായിരുന്നു. പേപ്പർ ഗ്ലാസ് എന്നാണ് ഡിസ്പോസിബിൾ ഗ്ലാസുകളെക്കുറിച്ച് പറയാറുള്ളതെങ്കിലും അതിലെ പ്ലാസ്റ്റിക് ആവരണം വർഷങ്ങളോളം മണ്ണിൽ അഴുകാതെ കിടക്കും. ആ തിരിച്ചറിവാണ് കരീമിനെ ഈ വിഷയം ഗൗരവത്തിലെടുക്കാൻ പ്രേരിപ്പിച്ചത്. അങ്ങനെ സ്റ്റീൽ ഗ്ലാസുകളെ അദ്ദേഹം പതിയെ പതിയെ മടക്കിക്കൊണ്ടുവന്നു. ഒരു ഗ്ലാസ് ചായയ്ക്കും പായസത്തിനും ഒപ്പം ഒരു സന്ദേശവും.
ഇതുകൂടി വായിക്കാം: മെറ്റനോയ: 8 പണിക്കാര്‍ 8 ദിവസം കൊണ്ട് ഒന്നരലക്ഷം രൂപയ്ക്ക് പണിത റിസോര്‍ട്ടിന്‍റെ ഉടമ
“സ്കൂളുകളിൽ പോലും നടക്കുന്ന ചടങ്ങുകളിലെല്ലാം പ്ലാസ്റ്റിക് വസ്തുക്കളാണ് സ്ഥിരമായി ഉപയോഗിക്കുന്നത്. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും എല്ലാം നമുക്കെന്തുക്കൊണ്ട് മൺപാത്രങ്ങളോ സ്റ്റീൽ പാത്രങ്ങളോ ഉപയോഗിച്ചുകൂടാ എന്ന ആലോചന പലപ്പോഴും ഇത്തരം ചടങ്ങുകളിൽ പോകുമ്പോൾ എന്‍റെ ഉള്ളിൽ വരാറുണ്ടായിരുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്നതിനു പകരം ഒരുപാട് കാലത്തേക്ക് കഴുകി വൃത്തിയാക്കി ഉപയോഗിക്കാൻ കഴിയുന്ന തരം പാത്രങ്ങൾ സ്കൂളുകളിലെല്ലാം വാങ്ങി വെക്കാമല്ലോ.
ഏറെ നാളത്തെ ശ്രമഫലമായാണ് തൃശൂർ ജില്ലയിലെ കലോത്സവവേദികളിലെങ്കിലും സ്റ്റീൽ ഗ്ലാസ്സുകൾ എത്തിക്കാൻ എനിക്ക് കഴിഞ്ഞത്.
“പലരും കഴുകാനുള്ള മടിക്കൊണ്ടാണ് വലിച്ചെറിയാവുന്ന പാത്രങ്ങൾ വാങ്ങുന്നത്. ഇതെല്ലാം ഭൂമിക്കുണ്ടാക്കുന്ന വിപത്തിനെ കുറിച്ച് വിദ്യാസമ്പന്നരായ അദ്ധ്യാപകർ പോലും ചിന്തിക്കുന്നില്ല എന്നതാണ് പ്രശ്നം. ഏറെ നാളത്തെ ശ്രമഫലമായാണ് തൃശൂർ ജില്ലയിലെ കലോത്സവവേദികളിലെങ്കിലും സ്റ്റീൽ ഗ്ലാസ്സുകൾ എത്തിക്കാൻ എനിക്ക് കഴിഞ്ഞത്.” സുഹൃത്തുക്കളുടെ മാത്രം ചടങ്ങുകളിലൂടെ തുടങ്ങിയ സംരംഭം വളരെ വേഗം വികസിച്ചതിനെക്കുറിച്ച് കരീം പറയുന്നു.
വരുമാന മാർഗ്ഗം എന്നതിനേക്കാൾ പ്ലാസ്റ്റിക് മാലിന്യം എന്ന വിപത്തിനെതിരായ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിന്‍റെ സന്തോഷമായിരുന്നു കരീമിനെ മുന്നോട്ടുനയിച്ചത്. ഒരു മടിയും കൂടാതെ നിരവധി വേദികളിൽ അങ്ങോട്ട് അനുവാദം ചോദിച്ച് കരീം സ്റ്റീൽ ഗ്ലാസുകളുമായി എത്തി. സ്വന്തം ഉത്തരവാദിത്തത്തിൽ ഗ്ലാസുകൾ കഴുകി ഉപയോഗിച്ചു. പലരോടും വാങ്ങിയത് പ്ലാസ്റ്റിക് ഗ്ലാസുകൾക്ക് അവർ മുടക്കുമായിരുന്ന തുകയും പിന്നെ വണ്ടിക്കൂലിയും മാത്രം.
ഇപ്പോൾ 1,500 സ്റ്റീൽ ഗ്ലാസ്സുകളുണ്ട് എന്‍റെ കൈയ്യിൽ. ഗ്ലാസ് വിതരണത്തിലൂടെ കിട്ടിയ പണം ഉപയോഗിച്ചാണ് ഈ ഗ്ലാസുകൾ മിക്കതും വാങ്ങിയത്…
“കല്യാണ പാർട്ടികൾ, പൊതുപരിപാടികൾ, യോഗങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇപ്പോൾ സ്റ്റീൽ ഗ്ലാസ്സുകൾ എത്തിക്കാൻ കഴിയുന്നുണ്ട്. മുമ്പത്തേക്കാളും ആവശ്യക്കാർ കൂടിവരികയാണ്. ആളുകളിൽ പരിസ്ഥിതിയോടുള്ള പരിഗണന കൂടി വരുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. ഇപ്പോൾ 1500 സ്റ്റീൽ ഗ്ലാസ്സുകളുണ്ട് എന്‍റെ കൈയ്യിൽ. ഗ്ലാസ് വിതരണത്തിലൂടെ കിട്ടിയ പണം ഉപയോഗിച്ചാണ് ഈ ഗ്ലാസുകൾ മിക്കതും വാങ്ങിയത്.
“പലപ്പോഴും ഈസംരംഭത്തെക്കുറിച്ച് അറിയുന്ന സുഹൃത്തുക്കൾ നൂറും അമ്പതും ഗ്ലാസുകൾ സംഭാവനയായി തന്നിട്ടുമുണ്ട്. ചില ഉടമസ്ഥർ അവരുടെ ഓഡിറ്റോറിയങ്ങളിൽ പൂർണ്ണമായും പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ട്. അത്തരക്കാർ വളരെ വർഷങ്ങളായി എന്‍റെ കൈയ്യിൽ നിന്നാണ് ഗ്ലാസ്സുകൾ വാങ്ങുന്നത്. പ്ലാസ്റ്റിക് ഗ്ലാസ്സുകൾ വാങ്ങാൻ ചിലവഴിക്കേണ്ടി വരുന്ന പണം തന്നെയാണ് ഞാനും വാങ്ങിക്കുന്നത്. നൂറു പേരോ ഇരുനൂറു പേരോ ഉള്ള ചെറിയ പരിപാടികളാണേൽ ഗ്ലാസ്സ് വൃത്തിയാക്കാൻ ചെല്ലുന്ന ആളുടെ കൂലിയടക്കം 500 രൂപ മാത്രമെ വാങ്ങുന്നുള്ളു. മൂവായിരമോ നാലായിരമോ ആളുകൾ പങ്കെടുക്കുന്ന വലിയ പരിപാടികളിൽ നിന്നും 3,000 രൂപ തന്നെ വാങ്ങിക്കും.
“ഗ്ലാസ്സുകളിട്ട ബക്കറ്റുമായി ഞങ്ങൾ തന്നെ പോകും. എന്‍റെ കൂടെ വരാൻ കുറച്ചാളുകൾ കൂടിയുണ്ട്. നാട്ടിലെ ഒരു റിക്ഷാക്കാരനും ഹോമിയോപ്പതി വിദഗ്ധനും എഞ്ചിനീയറിംഗിന് പഠിക്കുന്ന രണ്ട് വിദ്യാർത്ഥികളും ഒരു ഐ ടി ഐ വിദ്യാർത്ഥിയുമടങ്ങുന്ന ചെറിയൊരു കൂട്ടമാണ് ഇപ്പോൾ ഞങ്ങളുടേത്. അത്യാവശ്യം ജീവിച്ചുപോകുന്നതിനുള്ള വരുമാനം കിട്ടുന്നതിനാൽ ഈ പ്രവർത്തനം തുടരാൻ ഒരു പ്രയാസവും ഞങ്ങൾക്കില്ല.”
പലപ്പോഴും ഈസംരംഭത്തെക്കുറിച്ച് അറിയുന്ന സുഹൃത്തുക്കൾ നൂറും അമ്പതും ഗ്ലാസുകൾ സംഭാവനയായി തന്നിട്ടുമുണ്ട്.
സ്റ്റീൽ ഗ്ലാസുകളുമായി പരിപാടികളിലെത്തുന്ന കരീം ഒരു ഗ്ലാസ് വിതരണക്കാരന്‍റെ വേഷത്തിൽ മാത്രം അവിടെ ഒതുങ്ങിക്കൂടാറില്ല. സ്റ്റീൽ ഗ്ലാസ് ഉപയോഗത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി നിരവധി പേരോട് സംസാരിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്താറുണ്ട്.
“ആവശ്യക്കാർക്ക് സ്റ്റീൽ ഗ്ലാസ് ലഭ്യമാകുമെന്ന അറിയിപ്പോടെ ഞാൻ പോസ്റ്റർ പ്രചരണം നടത്താറുണ്ട്. ആദ്യമെല്ലാം പല വേദികളിലും ഞാൻ തന്നെ എഴുതിവയ്ക്കുമായിരുന്നു. ഇപ്പോൾ ഒരു പ്രിന്റഡ് പോസ്റ്റർ വയ്ക്കാറാണ് പതിവ്. ഇങ്ങനെയൊരു സാധനം ലഭ്യമാണെന്ന് ആരും അറിയാതെ പോകരുത്. അതുകൊണ്ട് ആരും പ്ലാസ്റ്റിക് ഉപയോഗിക്കരുത്.” കരീം തന്‍റെ നിലപാട് കൂടുതൽ ഉറപ്പിച്ചു പറഞ്ഞു. ഇപ്പോൾ പല കാറ്ററിംഗ് സർവ്വീസുകാരും സ്റ്റീൽ ഗ്ലാസ് കൂടെ കരുതാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
“അവർ തന്നെ സ്റ്റീൽ ഗ്ലാസ് വിതരണം ചെയ്താൽ എനിക്ക് കിട്ടുന്ന കാശ് അവർക്കു തന്നെ കിട്ടുമല്ലോ. അതിൽ എനിക്ക് ഒരു പ്രശ്നവുമില്ല.” കരീമിന് വരുമാനത്തേക്കാൾ പ്രധാനം പ്ലാസിറ്റിക് ഒഴിവാവുക എന്നതുതന്നെയാണ്.
ഇതുകൂടി വായിക്കാം: തെരഞ്ഞെടുപ്പില്‍ ഫ്ളെക്സ് വേണ്ട: പ്രചാരണത്തിന് ഓഗ്മെന്‍റഡ് റിയാലിറ്റി മൊബൈല്‍ ആപ്പുമായി യുവ ടെക്കികള്‍
“ആദ്യ കാലത്ത് ആളുകളുമായി നിരന്തര സംവാദം നടത്തിയിട്ടാണ് പലരും ഡിസ്പോസിബിൾ ഗ്ലാസ് മാറ്റി സ്റ്റീൽ ഗ്ലാസ് ഉപയോഗിക്കാൻ തുടങ്ങിയത്. ഒരാളുമായി തന്നെ നിരവധി തവണ പ്ലാസ്റ്റികിന്‍റെ പ്രശ്നങ്ങളെ പറ്റി സംസാരിക്കേണ്ടിവരുമായിരുന്നു. ഇപ്പോഴതിന് കുറവുണ്ട്. ആളുകൾ കുറേയൊക്കെ ബോധവാന്മാരാണ്. പ്രശ്നങ്ങളൊക്കെ എല്ലാവർക്കും അറിയാം. പെട്ടെന്ന് പുതിയ ശീലങ്ങളിലേക്ക് മാറാനുള്ള പ്രയാസമാണ്.
സ്റ്റീൽ ഗ്ലാസ് കഴുകി ഉപയോഗിക്കുന്നതിനുള്ള മടിയാണ് പലരുടെയും പ്രശ്നം. അതുകൊണ്ട് ബോധവത്കരണം നടത്തിയിട്ട് മാത്രം കാര്യമില്ലാതെ വരും.
“മാത്രമല്ല, സ്റ്റീൽ ഗ്ലാസ് കഴുകി ഉപയോഗിക്കുന്നതിനുള്ള മടിയാണ് പലരുടെയും പ്രശ്നം. അതുകൊണ്ട് ബോധവത്കരണം നടത്തിയിട്ട് മാത്രം കാര്യമില്ലാതെ വരും. കഴുകാൻ മടിച്ചിട്ട് ആരും സ്റ്റീൽ ഗ്ലാസ് എടുക്കില്ല. എടുക്കാൻ ആളില്ലാതായതോടെ സ്റ്റീൽ ഗ്ലാസ് വാടകയ്ക്ക് കൊടുത്തിരുന്നവരും ആ പരിപാടി നിർത്തി. അങ്ങനെയാണ് ഡിസ്പോസബിൾ ഗ്ലാസ് വ്യാപകമാകാൻ തുടങ്ങിയത്. സ്റ്റീൽ ഗ്ലാസ് വിതരണം മാത്രമല്ല അത് കഴുകുന്ന ജോലിയും ഞാൻ ഏറ്റെടുക്കാൻ തീരുമാനിച്ചു.”
അങ്ങനെ കരീം ഗ്ലാസുകളുമായി പോകും, പരിപാടിയിൽ പങ്കുചേരും, പ്രചരണം നടത്തും ഒപ്പം ഗ്ലാസുകൾ കഴുകി വൃത്തിയാക്കുന്നതിനും സമയം കണ്ടെത്തും.
“എനിക്കിപ്പോൾ 58 വയസ്സായി. 1989 ലാണെന്‍റെ വിവാഹം കഴിയുന്നത്. അന്നൊന്നും പ്ലാസ്റ്റിക് ഗ്ലാസ്സുകളെക്കുറിച്ച് അറിയുക പോലും ഉണ്ടായിരുന്നില്ല. ഇത്രയേറെ മാലിന്യപ്രശ്നവും അന്നൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് ഒരു ആഘോഷം കഴിയുമ്പോൾ എത്രവലിയ മാലിന്യക്കൂമ്പാരമാണ് നമ്മൾ സൃഷ്ടിക്കുന്നത്. ആ ആഘോഷ പരിപാടിയുടെ പോലും മഹത്വം നഷ്ടപ്പെടുത്തി കളയുന്നതരത്തിലാണ് മാലിന്യം കുമിഞ്ഞുകൂടുന്നത്. ഇത് കാണാതെ പോകരുത്. നമ്മുടെ ആഘോഷം ഭൂമിക്ക് ഒരു ഭാരമായി മാറരുതല്ലോ.”
1989 ലാണെന്‍റെ വിവാഹം കഴിയുന്നത്. അന്നൊന്നും പ്ലാസ്റ്റിക് ഗ്ലാസ്സുകളെക്കുറിച്ച് അറിയുക പോലും ഉണ്ടായിരുന്നില്ല. ഇത്രയേറെ മാലിന്യപ്രശ്നവും അന്നൊന്നും ഉണ്ടായിരുന്നില്ല.
കരീമിന് തിരക്കുകൂടിയതോടെ ഈ പരിപാടിയുടെ മൂല്യം തിരിച്ചറിഞ്ഞ പല സുഹൃത്തുക്കളും ഒഴുവു നേരങ്ങളിൽ അദ്ദേഹത്തെ സഹായിക്കാൻ എത്തുന്നുണ്ട്. ഒപ്പം കരീമിന്‍റെ മക്കളും അദ്ദേഹത്തിന് പിന്തുണയുമായി കൂടെയുണ്ട്.
“മകന്‍റെ കല്യാണത്തിന് പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കികൊണ്ടാണ് ചടങ്ങുകൾ നടത്തിയത്. രണ്ടു മക്കളും എഞ്ചിനീയർമാരാണ്. രണ്ടുപേരും ക്ലാസ്സും ജോലിയുമില്ലാത്തപ്പോഴെല്ലാം എന്‍റെ കൂടെ വരും. ഭാര്യ സൂഫിയയും എന്നെ ഇത്തരം കാര്യങ്ങളിൽ നന്നായി പിന്തുണക്കാറുണ്ട്. കൂടെയുള്ള ഏതാനും ചിലരിലെങ്കിലും ഈ ചിന്ത ഉറപ്പിക്കാൻ കഴിഞ്ഞു എന്നതിൽ ആശ്വാസമുണ്ട്.”
കെട്ടിടനിർമ്മാണ തൊഴിലാളിയായി ജീവിതം ആരംഭിച്ച കരീം പിന്നീട് ജൈവകൃഷിയിലേക്ക് തിരിയുകയും അത് ഒരു ഉപജീവനമാർഗ്ഗമായി സ്വീകരിച്ച് മുന്നോട്ടുപോവുകയും ചെയ്ത നാളുകളിലാണ് സ്റ്റീൽ ഗ്ലാസുകളുമൊത്തുള്ള സഞ്ചാരം ആരംഭിക്കുന്നത്. ഗ്ലാസിന് ആവശ്യക്കാർ കൂടിവരുകയാണെങ്കിലും കൃഷിയും കരീം കൈവിട്ടില്ല. സ്റ്റീൽ ഗ്ലാസ് കൂടാതെ ഇപ്പോൾ ആവശ്യക്കാർക്ക് ചില്ല് ഗ്ലാസുകളും കരീം എത്തിച്ച് നൽകുന്നുണ്ട്.
ഒരു പ്ലാസ്റ്റിക് പോലും വീഴാതെ ഒരു പരിപാടി അവസാനിക്കുന്നത് കാണുമ്പോൾ വല്ലാത്ത തൃപ്തിയാണ്
“ഒരു പ്ലാസ്റ്റിക് പോലും വീഴാതെ ഒരു പരിപാടി അവസാനിക്കുന്നത് കാണുമ്പോൾ വല്ലാത്ത തൃപ്തിയാണ്. പ്ലാസ്റ്റിക് ഉപയോഗിക്കുന്ന ചടങ്ങുകൾ ഞാൻ ബഹിഷ്കരിക്കാറില്ല, പക്ഷെ ആ ചടങ്ങുകളിലെ പ്ലാസ്റ്റിക് വസ്തുക്കൾ ബഹിഷ്കരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ആരെങ്കിലും അത് ശ്രദ്ധിക്കട്ടെ എന്നാണ് കരുതിയാണ് ചെയ്യാറുള്ളത്. അങ്ങനെ ശ്രദ്ധിക്കുന്നവരോടെല്ലാം ഞാൻ എന്‍റെ കൈയിലെ സ്റ്റീൽ ഗ്ലാസ് എന്ന ബദലിനെക്കുറിച്ച് പറയാറുമുണ്ട്.”
അങ്ങനെ പ്രചരണവും ഒപ്പം അതിനുള്ള ബദലുമായി കരീം സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അപകടത്തിനെതിരായ ഒരു അപൂർവ്വ യാത്ര.
***
കരീമിനെ സദ്യക്ക് വിളിക്കാം, ഈ നമ്പറില്‍: 9495040513