20-ലേറെ ഇനം ആപ്പിള്‍, 7 ഇനം ഓറഞ്ച്, മുന്തിരി… ഇടുക്കിയിലെ 10 ഏക്കര്‍ തരിശില്‍ ‘സ്വര്‍ഗം’ തീര്‍ത്ത ആര്‍കിടെക്റ്റ്

സ്വര്‍ഗമേട് എല്‍ദോയെ ഒരു ഫ്രൂട്ടേറിയന്‍ ആക്കി മാറ്റി. എല്‍ദോ കഴിക്കുന്ന ഭക്ഷണത്തിന്‍റെ 90 ശതമാനവും പഴങ്ങളാണ്.

ര്‍ക്കിടെക്റ്റ് ആയി പതിനഞ്ച് വര്‍ഷം. പിന്നെയും പലതും ചെയ്തു. പിന്നീട് അതെല്ലാം വിട്ട് പ്രകൃതിയോടൊപ്പം ജീവിക്കാന്‍ ഒരു സ്വപ്‌നയാത്ര. ആരും മോഹിക്കുന്ന ഒരു യാത്രയാണ് എല്‍ദോ പച്ചിലക്കാടന്‍റേത്.

ആ യാത്രയ്ക്കൊടുവില്‍ അദ്ദേഹമെത്തിയത് പശ്ചിമഘട്ട മലനിരകള്‍ ചുറ്റിനും കാവല്‍ നില്‍ക്കുന്ന ഇടുക്കിയിലെ സുന്ദരമായ സേനാപതി ഗ്രാമത്തില്‍. അവിടെ നേരത്തേ വാങ്ങിയിട്ടിരുന്ന പത്തേക്കര്‍ തരിശു ഭൂമി ശരിക്കുമൊരു പറുദീസയാക്കി മാറ്റുകയാണ് എല്‍ദോ.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള വിവിധ തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഇന്ന് ആ തരിശുഭൂമിയില്‍ വളരുന്നു. സുസ്ഥിരമായ ഒരു ആവാസ്ഥവ്യവസ്ഥ സൃഷ്ടിക്കുന്നതിലേക്കുള്ള ഒരു പ്രയാണമായിരുന്നു അത്.

മേഘങ്ങള്‍ ചേക്കേറുന്ന ഇടം

ശരിക്കും പറഞ്ഞാല്‍ വെറും മൂന്നു വര്‍ഷം കൊണ്ട് പച്ചിലക്കാടന്‍ ഒരു സ്വര്‍ഗ്ഗം പണിതു.

പ്രകൃതിയോടുള്ള അടങ്ങാത്ത സ്നേഹത്തിലൂടെയാണ് ആ ആര്‍കിടെക്റ്റ് അവശ്വസനീയമെന്ന് തോന്നുന്നത് യാഥാര്‍ത്ഥ്യമാക്കിയത്.

സ്വപ്‌നം പോലെ മനോഹരമായ ആ സ്ഥലത്തിന് അദ്ദേഹം ‘സ്വര്‍ഗ്ഗമേട്’ എന്ന് പേരിട്ടു വിളിച്ചു. മലനിരകള്‍ അതിരിടുന്ന, മേഘങ്ങള്‍ കൂടുകൂട്ടുന്ന അവിടേയ്ക്ക് അദ്ദേഹം പ്രകൃതിയെ സ്‌നേഹിക്കുന്ന സഞ്ചാരികളേയും ക്ഷണിക്കുകയാണ്, ആ മനോഹര ഭൂമിയില്‍ ട്രെക്കിംഗും ഓഫ്-റോഡ് അനുഭവങ്ങളും ആസ്വദിക്കാന്‍.

പച്ചിലക്കാടനെക്കുറിച്ച്

പത്തനംതിട്ടയിലെ അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്കില്‍ നിന്നും ആര്‍ക്കിടെക്ചറില്‍ ഡിപ്ലോമയെടുത്ത എല്‍ദോ പിന്നീട് ഒരു കമ്പനിയില്‍ ജോലിക്ക് കയറി.
ഒപ്പം ഹോട്ടല്‍, ടെക്‌സ്‌റ്റൈല്‍ ബിസിനസ്, ആര്‍ട്ട് ഗാലറി നടത്തിപ്പ് തുടങ്ങി പല പരിപാടികളും നടത്തി.

എല്‍ദോ പച്ചിലക്കാടന്‍

അക്കാലത്ത് എല്‍ദോ ഒരു എന്‍ ജി ഒ-യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അതില്‍ അദ്ദേഹവും സുഹൃത്തുക്കളും സര്‍ക്കാരിനു വേണ്ടി വനസംരക്ഷണത്തിനായി സന്നദ്ധ സേവനം നടത്തി.

അതിന്‍റെ ഭാഗമായി നടത്തിയ ദീര്‍ഘമായ സഞ്ചാരങ്ങള്‍ എല്‍ദോ പച്ചിലക്കാടനെ പ്രകൃതിയോട് കൂടുതല്‍ അടുപ്പിച്ചു. പ്രകൃതി സംരക്ഷണത്തിനായി സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന മോഹം ഉള്ളിലുണ്ടാവുന്നത് ആ യാത്രകളിലായിരുന്നു.

”ഇടുക്കിയില്‍ നടന്ന ഒരു ട്രെക്കിംഗിനിടയിലാണ് ഞങ്ങള്‍ ഈ സ്ഥലത്തെത്തിയത് (സേനാപതി). കണ്ടപ്പോള്‍ തന്നെ എനിക്ക് ഈ സ്ഥലത്തോട് ഒരു ആത്മബന്ധം  തോന്നി. അതൊരു തരിശു ഭൂമിയായിരുന്നു. അത് മാറ്റിയെടുക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് ഞാന്‍ ചിന്തിച്ചു,” എല്‍ദോ വിശദമാക്കുന്നു.

പുല്‍മേടുകളിലൂടെ ട്രെക്കിങ്ങ്

അങ്ങനെ 2009-ല്‍ എല്‍ദോ പച്ചിലക്കാടന്‍ സുഹൃത്തായ ആര്‍ക്കിടെക്ട് വിവേക് വിലാസിനിയ്ക്കൊപ്പം ചേര്‍ന്ന് ആ സ്ഥലം വാങ്ങി, അവിടെ ഇന്നുകാണുന്ന ഈ പറുദീസ സൃഷ്ടിച്ചു.

“പ്രകൃതിയുമായി ചേര്‍ന്ന് സുസ്ഥിരമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ആശയം. പരമ്പരാഗത രീതികളും സാങ്കേതി വിദ്യകളും ഉപയോഗിക്കുന്നതിനു പകരം, ഭക്ഷ്യമാലിന്യങ്ങള്‍ ഉപയോഗിച്ച് ചെടികള്‍ സ്വന്തമായി വളരുന്നതിനുള്ള സാഹചര്യമൊരുക്കി,” അദ്ദേഹം പറയുന്നു.

കോടമഞ്ഞിറങ്ങുന്ന കുന്നിന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ‘സ്വര്‍ഗ്ഗ മേട്’ ഇന്ന് സന്തോഷത്തിന്‍റെയും സമൃദ്ധിയുടേയും മേടാണ്. ഇരുപതിലധികം ഇനം ആപ്പിള്‍, ആറേഴുതരം ഓറഞ്ച്, മുന്തിരി, മാംഗോസ്റ്റിന്‍, ലിച്ചി, സ്ട്രോബറി തുടങ്ങി അനേകം പഴച്ചെടികളും മരങ്ങളും പിന്നെ പച്ചക്കറികളും ഇവിടെയുണ്ട്

സ്വര്‍ഗ്ഗമേട് ശരിക്കുമൊരു സുന്ദരിയാണെന്ന് പറയാന്‍ ഇതില്‍ പരം മറ്റെന്തുവേണം?

”എന്നാല്‍ ഇങ്ങനെ പല തരത്തില്‍ പെട്ട തൈകള്‍ സംഘടിപ്പിക്കുന്നത് എളുപ്പമായിരുന്നില്ല. കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ സസ്യങ്ങള്‍ തേടി ഞാന്‍ ലോകമെമ്പാടും സഞ്ചരിച്ചു. ‘സ്വര്‍ഗ്ഗത്തിലേക്കുള്ള ആ യാത്ര’ വളരെ പ്രയാസമേറിയതായിരുന്നു,” എല്‍ദോ പറഞ്ഞു.

വൈകുന്നേരങ്ങളില്‍ അടുത്തുള്ള പഴക്കടകളില്‍ നിന്നും ബാക്കിവരുന്നതും മാലിന്യങ്ങളും എല്‍ദോ ശേഖരിക്കും. അതാണ് വളമായി ചെടികള്‍ക്കും മരങ്ങള്‍ക്കും നല്‍കുന്നത്.

സഞ്ചാരികള‍്ക്ക് പാര്‍ക്കാന്‍ ടെന്‍റുകള്‍

“ഇതല്ലാതെ മറ്റൊരു വളവും സസ്യങ്ങളുടെ വളര്‍ച്ചയ്ക്കായി ഞാന്‍ ഉപയോഗിക്കുന്നില്ല. കാരണം പ്രകൃതിക്ക് സ്വയം നിലനില്‍ക്കാനുള്ള വഴികളുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മനുഷ്യനെന്ന നിലയില്‍, നമ്മള്‍ വിതയ്ക്കുന്നവര്‍ മാത്രമാണ്, അല്ലാതെ നാമൊരിക്കലും പ്രകൃതിയുടെ ചക്രത്തെ തടസ്സപ്പെടുത്തരുത്,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അവിടെയൊരു പഴക്കാടൊരുക്കിയതിന് ശേഷം സ്വര്‍ഗ്ഗമേട് സഞ്ചാരികള്‍ക്കും കാര്‍ഷിക ഗവേഷകര്‍ക്കുമായി എല്‍ദോ തുറന്നു നല്‍കി.

സന്ദര്‍ശകര്‍ക്കായി പ്രത്യേക പാര്‍പ്പിടങ്ങളോ സൗകര്യങ്ങളോ ഒന്നും ഒരുക്കിയിട്ടില്ല, എന്നാല്‍ അവര്‍ക്ക് കൂടാരങ്ങളില്‍ രാപ്പാര്‍ക്കാം. രാത്രി കാറ്റിന്‍റെ ഇരമ്പവും കാടിന്‍റെ തണുപ്പുമറിഞ്ഞ് ക്യാമ്പ് ചെയ്യാം, കുന്നിന്‍ മുകളിലൂടെ ട്രെക്കിംഗ് നടത്താം, അപ്പോള്‍ പറിച്ചെടുത്ത പലതരം പഴങ്ങളുടെ സ്വാദ് ആസ്വദിക്കാം.


ഇതുകൂടി വായിക്കാം: 110 ഏക്കര്‍ വനം വീണ്ടെടുത്ത് സേജലും വിപുലും; അവിടേക്ക് മടങ്ങിവന്നത് പുള്ളിപ്പുലിയും കരടിയുമടക്കം നിരവധി മൃഗങ്ങള്‍


“സ്വര്‍ഗമേട് ഒരുക്കുമ്പോള്‍ പണത്തെക്കുറിച്ചായിരുന്നില്ല ചിന്ത. പണം ഒരു ഘടകമേ ആയിരുന്നില്ല. പ്രകൃതിയോടൊത്ത് സ്വസ്ഥമായ ജീവിതം, അതുമാത്രമായിരുന്നു എന്‍റെ ആഗ്രഹം. അത് സാധിച്ചു. വരുമാനത്തെ സംബന്ധിച്ചു പറഞ്ഞാല്‍ എന്‍റെ കുടുംബത്തിന്‍റെയും ഫാമിന്‍റെയും പരിപാലനത്തിന് ഇത് മതിയാകും,” അദ്ദേഹം വിശദീകരിക്കുന്നു.

പച്ചിലക്കാടന്‍ പഴാഹാരിയാവുന്നു

സ്വര്‍ഗമേട് എല്‍ദോയെ ഒരു ഫ്രൂട്ടേറിയന്‍ ആക്കി മാറ്റി. എല്‍ദോ കഴിക്കുന്ന ഭക്ഷണത്തിന്‍റെ 90 ശതമാനവും പഴങ്ങളാണ്.

”ഏതാണ്ട് മൂന്നു വര്‍ഷമായി, എന്‍റെ ആഹാരത്തില്‍ ഇവിടെ നിന്നുള്ള പഴങ്ങള്‍ മാത്രമേ അടങ്ങിയിട്ടുള്ളു. പ്രകൃതി തരുന്നവ ഭക്ഷിക്കുക. അതില്‍ കൂടുതലുമില്ല, കുറവുമില്ല. പഴങ്ങളില്‍ നിന്ന് എനിക്ക് വേണ്ടത്രയും അതിലേറെയും പോഷകാഹാരം ലഭിക്കുന്നുണ്ട്,” അദ്ദേഹം വിശദീകരിക്കുന്നു

എല്‍ദോയുടെ ഭാര്യ ബിന്‍സിയും രണ്ടുമക്കളും അതേ ജീവിത രീതി തന്നെ പിന്തുടരുന്നു, അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു.

ഇപ്പോള്‍ കോട്ടയത്തും എറണാകുളത്തുമായി ‘ഉട്ടോപ്യ’ എന്ന പ്രോജക്ടില്‍ പങ്കാളിയാണ് എല്‍ദോ. ചെറിയ സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് സുസ്ഥിരമായ ആവാസവ്യവസ്ഥ സൃഷ്ടിച്ച് ഒരു കുടുംബത്തിന്‍റെ അതിജീവിനത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കാന്‍ കഴിയുമോ എന്നാണ് ഈ പ്രോജക്റ്റിലൂടെ ശ്രമിക്കുന്നത്.

”ആളുകള്‍ സുസ്ഥിരമായ ജീവിതരീതികളിലേക്ക് മടങ്ങിവരുമ്പോള്‍, പ്രകൃതിയുമായി ചേര്‍ന്നു നില്‍ക്കുന്ന അനേകര്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരമൊരു ജീവിതശൈലിയുടെ തുടക്കമാണ് ‘ഉട്യോപ്യ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറയുന്നു.

സ്വര്‍ഗമേടില്‍ നിന്നും  എല്‍ദോ പച്ചിലക്കാടന്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തിയ വീഡിയോ കാണാം:

ഫോട്ടോകള്‍ക്കും വീഡിയോയ്ക്കും കടപ്പാട്: എല്‍ദോ പച്ചിലക്കാടന്‍/ Facebook


ഇതുകൂടി വായിക്കാം: കൊച്ചി നഗരത്തില്‍, കോടികള്‍ വിലയുള്ള രണ്ടേക്കര്‍ കാടിന് നടുവില്‍ ഒരു കുടുംബം: ആ തീരുമാനത്തിന് പിന്നില്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം