20 വര്‍ഷം മുന്‍പ് ബസ് യാത്രയ്ക്കിടെയാണ് സജിനി മാത്യൂസ് ഒരമ്മയേയും രണ്ടു പെണ്‍ക്കളേയും കണ്ടുമുട്ടുന്നത്.
“കല്യാണ ശേഷം മാത്യൂവിന്‍റെ കുടുംബസ്വത്തില്‍ നിന്നുള്ള ഷെയര്‍ ഞങ്ങള്‍ക്ക് കിട്ടി. ആ തുകയ്ക്ക് കുറച്ച് സ്ഥലം വാങ്ങാമെന്ന ആഗ്രഹത്തോടെയാണ് അടിമാലിയ്ക്ക് ബസ് കയറുന്നത്,” സജിനി മാത്യൂസ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് ആ ഓര്‍മ്മ പങ്കുവെയ്ക്കുന്നു.
“സാരി കൊണ്ട് തുന്നിയ പെറ്റിക്കോട്ട് ധരിച്ച രണ്ട് കുഞ്ഞുപെണ്‍കുട്ടികള്‍. അമ്മയുടെ വേഷം നൈറ്റിയാണ്. ആ മക്കളുടെ കരച്ചില്‍ കേട്ടാണ് അവരെ ശ്രദ്ധിച്ചത്.
“മക്കളെയും ചേര്‍ത്തിരുത്തി അമ്മയും കരയുകയാണ്. കണ്ടപ്പോ അവരോട് മിണ്ടാതിരിക്കാന്‍ പറ്റിയില്ല. ‘എന്നാ പറ്റിയേ’ എന്നു ചോദിച്ചപ്പോഴല്ലേ കാര്യങ്ങള്‍ അറിയുന്നത്. ഭര്‍ത്താവ് ഭാര്യയേയും മക്കളെയും വീട്ടില്‍ നിന്നിറക്കി വിട്ടതാണ്.
“അടിമാലിയില്‍ എവിടെയോ അമ്മ താമസിക്കുന്നുണ്ട്, പക്ഷേ, എവിടെയാണെന്നു ഈ പെണ്‍കുട്ടിക്ക് അറിയില്ല. ഏതായാലും അടിമാലിയിലെത്തിയതോടെ അവര്‍ക്ക് ഭക്ഷണം വാങ്ങിച്ചു കൊടുത്തു.
“വണ്ടിക്കൂലീം കൊടുത്ത് വിടാമെന്നു കരുതിയപ്പോഴാ ആ മോള് പറയുന്നത്, അമ്മ ഈ പെങ്കൊച്ചിനെക്കാളും പ്രായം കുറഞ്ഞ ഒരാള്‍ക്കൊപ്പമാണിപ്പോ താമസിക്കുന്നതെന്ന്. ആ വീട്ടിലേക്ക് പോകാന്‍ ഈ കൊച്ചിന് പേടിയാണെന്ന്.”
വഴിയില്‍ കളഞ്ഞു വരാന്‍ തോന്നിയില്ല എന്ന് സജിനി. തല്‍ക്കാലം ഏതെങ്കിലും അഭയകേന്ദ്രത്തിലെത്തിക്കാന്‍ നോക്കിയപ്പോള്‍ നിയമപ്രശ്നങ്ങളും മറ്റും പറഞ്ഞ് ആരും തയ്യാറായില്ല. അവര്‍ ആദിവാസികളായതു കൊണ്ടാണ് താമസിപ്പിക്കാന്‍ ഇടം കിട്ടാതിരുന്നതെന്ന് സജിനി.
“ആരും സ്വീകരിക്കാതെ വന്നതോടെ ഞങ്ങളുടെ കൂടെ വരാന്‍ പറഞ്ഞു. ഒരു ദിവസം താമസിപ്പിക്കാം. പിറ്റേന്ന് എന്തെങ്കിലും വഴി കണ്ടെത്താമെന്നു കരുതിയാണ് മേലുകാവിലെ വീട്ടിലേക്ക് കൊണ്ടുവരുന്നത്.
“പഞ്ചായത്തിലും പൊലീസിലുമൊക്കെ അറിയിച്ചു തന്നെയാണ് കൊണ്ടുവരുന്നത്. പക്ഷേ, പിറ്റേ ദിവസവും ഇവര്‍ക്കൊരു ഇടം നല്‍കാനായില്ല. ഒടുവില്‍ പഞ്ചായത്തുകാര്‍ തന്നെ പറഞ്ഞു, ഇവരെ ഇങ്ങനെ വീട്ടില്‍ താമസിപ്പിക്കാന്‍ പറ്റുകേല.”
ഏതെങ്കിലും സംഘടനയ്ക്ക് കീഴിലാകണം ഇവരെ താമസിപ്പിക്കേണ്ടതെന്ന് അവര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ സുഹൃത്തുക്കളുടെയുമൊക്കെ സഹായത്തോടെ സജിനി സ്നേഹിഭവന്‍ എന്ന സ്ഥാപനം രജിസ്റ്റര്‍ ചെയ്തു.
“സ്ഥാപനമെന്നല്ല പറയേണ്ടത്. ഞങ്ങളുടെ വീടിന് സ്നേഹിഭവന്‍ എന്നു പേരുമിട്ട് അവരുടെ സംരക്ഷണമേറ്റെടുക്കുകയായിരുന്നു,” എന്ന് സജിനി.
“പക്ഷേ എന്‍റെയും മാത്യൂസിന്‍റെയും ജീവിതത്തിലേക്ക് അവര്‍ മൂന്നു പേരും കൂടെ വന്നത്തോടെ പെട്ടു പോയി. ഞങ്ങള്‍ ഉള്ളതു കൊണ്ട് കഷ്ടപ്പെട്ട് ജീവിക്കുകയായിരുന്നു.
“ഇവരെയും കൂടി നോക്കണമെന്നുള്ളത് കൊണ്ട് ഞങ്ങള്‍ രണ്ടാളും കൂലിപ്പണിക്ക് പോയി തുടങ്ങി. പിന്നീട് ഒരു വര്‍ഷത്തോളം കേസൊക്കെ നടത്തിയാണ് അവരെ സുരക്ഷിതമായ ഇടത്തെത്തിച്ചത്,” സജിനി ഓര്‍ക്കുന്നു.
പിന്നീടിങ്ങോട്ട്, കഴിഞ്ഞ 20 വര്‍ഷമായി ഒരുപാട് കുഞ്ഞുങ്ങള്‍ക്ക് നല്ലൊരു ജീവിതമൊരുക്കാന്‍ സ്നേഹിഭവനും സജിനിയും മാത്യൂസും പണിയെടുത്തു. നൂറിലേറെ പെണ്‍കുട്ടികള്‍ ഇവിടെ പഠിച്ചുവളര്‍ന്നു. പറക്കമുറ്റിയപ്പോള്‍ അവര്‍ അവരുടെ ആകാശങ്ങളിലേക്ക് സ്വതന്ത്രരായി.
സ്നേഹിഭവനിലിപ്പോ 13 പെണ്‍കുട്ടികളുണ്ട്. അഞ്ച് വയസുകാരി മുതല്‍ എംഎയ്ക്ക് പഠിക്കുന്ന കുട്ടികള്‍ വരെയുണ്ട് കൂട്ടത്തില്‍.
“ഡിഗ്രിക്കാരും ബിഫാമുകാരും ആയൂര്‍വേദ നഴ്സിങ്ങ് പഠിച്ചവരും ബിഎഡ്കാരുമൊക്കെയുണ്ട് എന്‍റെ മക്കളുടെ കൂട്ടത്തില്‍. ചിലരൊക്കെ ചെറിയ പ്രായത്തില്‍ ഇവിടെയെത്തിയവരാണ്.
“പത്തിലും ഒമ്പതിലുമൊക്കെ പഠിക്കുമ്പോ സ്നേഹിഭവനിലേക്കെത്തിയവരുമുണ്ട്. വീട്ടിലെ പ്രശ്നങ്ങളാണ് ഇവരെ ഇവിടേക്ക് എത്തിക്കുന്നത്. അച്ഛന്‍ ഉപേക്ഷിച്ചവര്‍, അമ്മ മാത്രമുള്ള കുട്ടികള്‍, വേര്‍പിരിഞ്ഞ മാതാപിതാക്കളുടെ മക്കള്‍…
“പിന്നെ ഇപ്പോ കോടതി വിടുന്ന കുട്ടികളുമുണ്ട്. വീട്ടിലെ പ്രശ്നങ്ങളൊക്കെ കാരണം സുരക്ഷിതമായ സ്ഥലത്ത് താമസമൊരുക്കണമെന്ന കോടതി നിര്‍ദേശത്തിലാണ് ഈ കുട്ടികളൊക്കെ ഇവിടേക്ക് വരുന്നത്.
“കുറേ മക്കളുടെ കല്യാണവും കഴിഞ്ഞിട്ടുണ്ട്. കൂട്ടത്തില്‍ മൂന്നു മക്കളുടെ വിവാഹവും ഞങ്ങളാണ് നടത്തിയത്. അവര്‍ക്ക് രണ്ട് മക്കള്‍ വീതമുണ്ട്. ഇടയ്ക്ക് അവധിക്കൊക്കെ അവര് ഇവിടേക്ക് വരും. രണ്ട് മക്കളുടെ കല്യാണവും സ്നേഹിഭവനില്‍ വച്ചായിരുന്നു.
“ഫാര്‍മസി പൂര്‍ത്തിയാക്കിയ മോള് കുഞ്ഞുപ്രായം തൊട്ടേ ഇവിടെയുണ്ടായിരുന്നു. അവള്‍ പഠിച്ച് ഇപ്പോ ജോലി നേടി,” ആ മോള്‍ക്ക് കല്യാണം നോക്കുകയാണെന്നു സജിനി പറയുന്നു.
“20 വര്‍ഷത്തിനിടയ്ക്ക് 100-ഓളം മക്കളെ ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. ആ നൂറുമക്കള്‍ക്കും അവരുടെ അമ്മയാണ് ഞാന്‍. പക്ഷേ, അമ്മയെന്നല്ല അവരെന്നെ വിളിക്കുന്നത്,” സജിനി തുടരുന്നു.
“പലര്‍ക്കും പെറ്റമ്മ നാട്ടിലുണ്ടാകും. ആ അമ്മമാര്‍ക്ക് നോക്കാനാകാതെ വരുമ്പോഴാണ് മക്കളെ ഇവിടേക്ക് അയക്കുന്നത്. അതു മാത്രമല്ല എനിക്ക് രണ്ട് മക്കളാണ്. ഒരാണും പെണ്ണും. ഡിഗ്രിക്ക് പഠിക്കുന്ന അതുലും അഞ്ചാം ക്ലാസുകാരി കൃപയും.
“കുട്ടിയായിരിക്കുന്ന നാളില്‍ അതുലിന് മറ്റുള്ളവര്‍ എന്നെ അമ്മ എന്നു വിളിക്കുന്നതില്‍ കുറച്ചു കുശുമ്പായിരുന്നു. എല്ലാവരും ആന്‍റിയെന്നാണ് വിളിക്കുന്നത്. ആന്‍റിയും മാത്യൂസ് അങ്കിളുമാണ്. അമ്മയുണ്ടെങ്കിലും ഒട്ടുമിക്ക മക്കള്‍ക്കും സ്വന്തമായി വീടില്ല.
“മഴ പെയ്താല്‍ വെള്ളം നിറയുന്നതും സുരക്ഷിതമില്ലാത്തതുമൊക്കെയാണ് പലരുടെയും വീട്. ചിലരൊക്കെ വാടകയ്ക്കും. അങ്ങനെയുള്ള സാഹചര്യത്തിലേക്ക് മക്കളെ തിരിച്ച് അയക്കാനാകില്ലല്ലോ.
“അവര്‍ക്ക് ഇഷ്ടമുള്ളപ്പോ വീട്ടില്‍ പോകാനൊക്കെ അനുവദിക്കും. അവരെ ഞങ്ങളുടെ സ്വന്തം മക്കളെ പോലെയാണ് വളര്‍ത്തുന്നത്. എന്‍റെ മോനും മോള്‍ക്കുമുള്ള അതേ സ്വാതന്ത്ര്യത്തോടെയാണ് ഈ മക്കളും ജീവിക്കുന്നത്.
“പഠിപ്പ് എല്ലാം കഴിഞ്ഞ് സ്വന്തം അമ്മമാര്‍ക്കൊപ്പം വീട്ടില്‍ താമസിക്കണമെന്നുള്ളവര്‍ക്ക് പോകുകയും ചെയ്യാം. ചില മക്കള്‍ക്ക് വല്ലപ്പോഴും അവരുടെ അമ്മമാര് ഉടുപ്പോ മിഠായിയോ മേക്അപ്പ് സാധനങ്ങളോ കൊണ്ടുവന്നു കൊടുക്കാറുണ്ട്.”
ബാക്കിയെല്ലാ കാര്യങ്ങളും സ്നേഹിഭവനാണ് ചെയ്തുകൊടുക്കുന്നത്. വസ്ത്രങ്ങളും പഠിക്കാനുള്ള പുസ്തകങ്ങളും യൂനിഫോമും ഫീസും ബാഗും എല്ലാം.
“തുടക്കത്തില്‍ സ്നേഹിഭവന്‍ വാടകക്കെട്ടിടത്തിലായിരുന്നു. ഇപ്പോ സ്വന്തം കെട്ടിടമാണ്. ഞങ്ങള്‍ താമസിച്ചിരുന്ന വീട് സ്നേഹിഭവനാക്കി, ഞങ്ങള്‍ അടുത്ത് തന്നെ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്നു,” സജിനി വിശദമാക്കി.
സ്ഥലപരമിതിമൂലം സ്നേഹിഭവന് മുകളിലേക്കൊരു നില കൂടി പണിയാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നം മൂലം പണി പാതിവഴിയില്‍ നിലച്ചുപോയി.
“ആരെങ്കിലുമൊക്കെ സഹായിച്ചാലേ ഇനി നിര്‍മാണം നടക്കൂ. അല്ലാതെ നമ്മളെ കൊണ്ടു പറ്റുകേല.. അതിനുള്ള സാമ്പത്തികമൊന്നും ഇല്ല,” എന്ന് സജിനി.
“ഞങ്ങള്‍ക്ക് വീട് വയ്ക്കാന്‍ അഞ്ച് സെന്‍റ് ഭൂമി സ്നേഹിഭവന് അടുത്ത് തന്നെ വാങ്ങിച്ചിട്ടുണ്ട്. പക്ഷേ വീട് നിര്‍മ്മിക്കാന്‍ സാധിച്ചിട്ടില്ല. മോന്‍ നാലാം ക്ലാസ് ആയതോടെയാണ് ഞങ്ങള്‍ മാറി താമസിച്ചത്.. കുടുംബമായി താമസിക്കാന്‍ പാടില്ലെന്നാ നിയമം. അങ്ങനെയാണ് ഞങ്ങള്‍ വാടകയ്ക്ക് വീടെടുത്ത് മാറിയത്.
“തുടക്കത്തില്‍ ആണ്‍കുട്ടികളുമുണ്ടായിരുന്നു സ്നേഹിഭവനില്‍. പിന്നീടാണ് മാറ്റുന്നത്. ആണ്‍കുട്ടികള്‍ക്ക് എവിടെയും കിടന്നുറങ്ങാല്ലോ എന്നൊരു തോന്നലും അന്നുണ്ടായിരുന്നു.
“പക്ഷേ, ആ തോന്നല്‍ ഇപ്പോ ഇല്ലാട്ടോ. എല്ലാവരും ഒരുപോലെയാണ്, ആണായാലും പെണ്ണായാലും ബുദ്ധിമുട്ടൊക്കെ ഒരുപോലെയാണ്. ഒരു ആണ്‍കുട്ടിയെ ഞാനിപ്പോ പഠിപ്പിക്കുന്നുണ്ട്. ഹോസ്റ്റലില്‍ നിറുത്തിയാണ് അവനെ പഠിപ്പിക്കുന്നത്,” സജിനി പറഞ്ഞു.
സ്നേഹിഭവന്‍ ആരംഭിക്കുന്ന കാലത്ത് സജിനിയ്ക്ക് പെണ്‍മക്കളെയോര്‍ത്ത് പേടിയൊന്നും ഇല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തിനിടയ്ക്ക് കാര്യങ്ങള്‍ മാറിയെന്ന് സ്നേഹിഭവനിലെ അമ്മ പറയുന്നു.
“എല്ലാ അമ്മമാരും പറയുന്നുണ്ട്, പെണ്‍മക്കളെ തനിച്ച് അയക്കാന്‍ പേടിയാണ്, കൂലിപണി ചെയ്തിട്ടാണെങ്കിലും സ്കൂള്‍ ബസിന് വിടാന്‍ ശ്രമിക്കുകയാണെന്നൊക്കെ. പണ്ടൊക്കെ ഇതിനൊക്കെ ഞാനെതിരായിരുന്നു.
“പെണ്‍മക്കള്‍ ബസിലും നടന്നുമൊക്കെ സഞ്ചരിക്കണം. കൂട്ടുകാര്‍ക്കൊപ്പം സ്കൂള്‍ വിട്ട് യാത്ര ചെയ്തു വരുന്നതിന്‍റെ സന്തോഷവും അവര്‍ അറിയണമല്ലോ. അതിനു ഞാന്‍ വാദിക്കുമായിരുന്നു. ഇപ്പോ പക്ഷേ എനിക്കും പേടിയാണ്.
“മക്കള്‍ പതിവായി വരുന്ന ബസ് വരാന്‍ വൈകിയാല്‍, ആ ബസില്‍ മക്കളില്ലെങ്കില്‍ ടെന്‍ഷനാണ്. പക്ഷേ, എന്‍റെ കുട്ടികള്‍ നല്ല തന്റേടി കുട്ടികളാണ്. അങ്ങനെ ധൈര്യവതികളായി തന്നെയാണ് മക്കളെ വളര്‍ത്തുന്നത്.
“ആണ്‍കുട്ടികളോട് കൂട്ട് കൂടരുതെന്നൊന്നും ഞാന്‍ പറയില്ല. കൂട്ട് കൂടണം… അവരുമായി നല്ല സൗഹൃദമുണ്ടാകണം. എന്നാല്‍ ആ സൗഹൃദത്തിന് അപ്പുറത്തേക്ക് വന്നാല്‍ ‘മാറി നില്‍ക്കെടാ’ എന്നു പറയാന്‍ പെണ്‍മക്കള്‍ക്ക് ആവണം.
ഇതുകൂടി വായിക്കാം:17-ാം വയസില്‍ അമ്മയായി, 20-ാം വയസില്‍ വിധവ…ഇന്ന് നൂറുകണക്കിന് മനുഷ്യര്‍ക്ക് താങ്ങായ സിഫിയ എന്ന ചിതല്‍
“നമ്മളോട് മറ്റൊരാള്‍ എങ്ങനെ പെരുമാറണമെന്ന് നമ്മളല്ലേ തീരുമാനിക്കേണ്ടത്. നല്ല സൗഹൃദം വേണം.. അതിന് ഞാന്‍ എതിര് നില്‍ക്കുകയുമില്ല. പക്ഷേ ചില പ്രശ്നങ്ങളിലേക്ക് ചാടുമെന്നു തോന്നിയാല്‍, അവരെ ഒന്നു ശ്രദ്ധിക്കും.
“ശരിയല്ലാത്ത കാര്യം കണ്ടാല്‍ അപ്പോ നിങ്ങള്‍ പ്രതികരിക്കണം എന്നാ പഠിപ്പിച്ചിരിക്കുന്നത്. എന്ത് തന്നെയാലും ഞങ്ങള്‍ ഒപ്പം നില്‍ക്കുമെന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ സത്യസന്ധമാകണമെന്നേയുള്ളൂ.
“അവര്‍ക്കൊപ്പം ഏതു സാഹചര്യത്തിലും ഞങ്ങളുണ്ടാകും. മക്കള്‍ക്ക് കുറേ സമ്പാദിച്ചു നല്‍കാനൊന്നും ഞങ്ങളുടെ കൈയില്‍ ഇല്ല. അവര്‍ക്ക് ജീവിക്കാനുള്ള ശക്തി ഉണ്ടാക്കിക്കൊടുക്കുകയാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.
“അവര്‍ക്ക് വേണ്ടി ഒന്നും കരുതിവയ്ക്കുന്നില്ല. അതിന് വേണ്ടി മാത്രം ഒന്നും നമ്മുടെ കൈയിലും ഇല്ല. പിന്നെ പലരുടെയും സഹായത്തോടെ പഠനവും കല്യാണവുമൊക്കെ നടത്തിക്കൊടുക്കും.
“വലിയ സമ്പന്നമായ നിലയില്‍ സാഹചര്യമൊരുക്കാന്‍ പറ്റിയെന്നു വരില്ല. എന്നാല്‍ ഒരു വസ്ത്രത്തിന്‍റെ പേരില്‍ പോലും മക്കള്‍ പുറകില്‍ പോകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.
“പഴയതോ കീറിയതോ ആയ വസ്ത്രങ്ങളിട്ട് പോകാന്‍ അനുവദിക്കില്ല. ഒരെണ്ണം മാത്രേ ഉള്ളൂവെങ്കിലും ഏറ്റവും നല്ലതായിരിക്കും.”
സാധാരണ വീടുകള്‍ പോലെത്തന്നെയാണ് സ്നേഹി ഭവനും. ” സാധാരണ ഇതുപോലുള്ള സ്ഥാപനങ്ങളില്‍ കൃത്യസമയത്തിന് ഫൂഡ്, ഓരോ ദിവസവും കൃത്യമായ മെനു ഒക്കെ അല്ലേ. ഇവിടെ അങ്ങനെയൊന്നുമില്ല.
“മക്കള്‍ ചിലപ്പോ പറയും, ആന്‍റി ഇന്ന് ഇറച്ചിക്കറി വെച്ചാലോ എന്ന്. അന്നേരം അതു വാങ്ങി മക്കള്‍ക്ക് വച്ച് കൊടുക്കും. മക്കളുടെ ഇഷ്ടത്തിനാ ഭക്ഷണമൊക്കെയുണ്ടാക്കുന്നതും.”
അമ്മമാര്‍ക്ക് മക്കളെ നോക്കാന്‍ പറ്റുകേല എന്നു തോന്നുന്ന സമയത്ത് കൊന്നു കളയരുത്. ഞങ്ങള്‍ നോക്കികൊള്ളാം.
അമ്മമാരുടെ പ്രതിസന്ധി സമയത്ത് സ്നേഹിഭവന്‍ ഒപ്പം നില്‍ക്കും, മക്കള്‍ക്ക് സുരക്ഷിതമായ ഇടം നല്‍കും, ഭക്ഷണവും പഠിക്കാനുള്ള സൗകര്യങ്ങളും ഒരുക്കും. അമ്മമാര്‍ പ്രശ്നങ്ങളില്‍ നിന്ന് പുറത്തുകടന്നാല്‍ കുഞ്ഞുങ്ങളെ തിരികെ കൊണ്ടുപോകണമെന്നാണ് സ്നേഹിഭവന്‍ അഭ്യര്‍ത്ഥിക്കാറുണ്ട്.
“വേറൊന്നും കൊണ്ടല്ല, കുട്ടികള്‍ക്കെപ്പോഴും നമ്മള്‍ മൂന്നാമതൊരാളാണ്,” എന്ന് സജിനി കൂട്ടിച്ചേര്‍ത്തു.
ഇടുക്കിയിലെ കൂലിപ്പണിക്കാരനായ ജേക്കബിന്‍റെയും മേരിയുടെയും അഞ്ചു മക്കളില്‍ മൂത്തവളാണ് സജിനി. കഷ്ടപ്പാടുകളൊക്കെ നിറഞ്ഞതായിരുന്നു കുട്ടിക്കാലം. അതുകൊണ്ടു തന്നെ ദളിത് കുടുംബങ്ങളുടെ അവസ്ഥയും ജാതി വിവേചനങ്ങളുമൊക്കെ സജിനിയ്ക്ക് അറിയാം.
“ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൂലിപ്പണിക്ക് പോയി തുടങ്ങുന്നത്. രണ്ട് അനുജത്തിമാരും രണ്ട് അനുജന്‍മാരുമാണ്. മൂന്നു പേരിപ്പോ നഴ്സാണ്. ഏഴാം ക്ലാസ് കഴിഞ്ഞ് എല്ലാദിവസവും കൃത്യമായി സ്കൂളില്‍ പോയ ഓര്‍മ്മയില്ല. രജിസ്റ്ററില്‍ നിന്ന് പേര് വെട്ടാതിരിക്കാന്‍ വല്ലപ്പോഴും സ്കൂളില്‍ പോകും. അല്ലാത്തപ്പോ പണിക്ക് പോകും. റോഡ് വെട്ടാനും മരങ്ങള്‍ വച്ചു പിടിപ്പിക്കാനും മണ്ണ് കോരാനും എല്ലാം പോയിട്ടുണ്ട്.
“പക്ഷേ അന്നും മറ്റുള്ളവരുടെ പറമ്പില്‍ കൂലിപ്പണിക്ക് പോയിട്ടില്ല, ഞാന്‍ മാത്രമല്ല അപ്പനും അമ്മയും പോയിട്ടില്ല. പട്ടിണിയാണെങ്കിലും അടിമപ്പണിക്ക് പോകാന് താത്പ്പര്യമില്ലായിരുന്നു. ഒരുപാട് പട്ടിണി കിടന്നിട്ടുണ്ട്.
“പക്ഷേ, അഭിമാനത്തിന്‍റെ പ്രശ്നമായിരുന്നു. ദളിത് ആണെന്നു കരുതി മറ്റുള്ളവരുടെ ആട്ടും തുപ്പും കേള്‍ക്കേണ്ട ആവശ്യമില്ല. അഭിമാനമുള്ളവരായിരുന്നു. മറ്റൊരാളുടെ പറമ്പില്‍ ആകെ പോയിരുന്നത് കൊയ്യാനാണ്. അക്കാലത്ത് നേരിട്ട വിവേചനങ്ങളൊന്നും മറക്കാനാകില്ല.
“അന്നാട്ടിലെ നായര്‍ കുടുംബത്തിലെ ചേച്ചിമാരുമായി നല്ല കൂട്ടാണ്. പക്ഷേ, ദളിതാണെന്ന വേര്‍തിരിവ് കാണിച്ചിരുന്നു. ആ വീട്ടില്‍ എനിക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ അകത്തൊന്നും കയറ്റില്ല. ആ ചേച്ചിമാരുമായി സംസാരിക്കും. എന്നാല്‍ അവരുടെ വീട്ടില്‍ കയറ്റാത്തതും വിവേചനം കാണിക്കുന്നതുമൊക്കെ എനിക്ക് വലിയ ദേഷ്യമാണ്.
“ഇവര് കുളിക്കാന്‍ വരുമ്പോ തോട്ടില്‍ നിന്ന് ഞങ്ങള്‍ മാറി കൊടുക്കണം. വേണമെങ്കില്‍ ഇറങ്ങി കുളിച്ചോ എന്നു പറഞ്ഞ് ഞങ്ങള്‍ തോട്ടില്‍ തന്നെ നില്‍ക്കും.
“ഒരിക്കല്‍ എന്‍റെ വല്യപ്പച്ചനോട് അവര് പരാതി പറഞ്ഞു. പരാതി വന്നതോടെ അവരൊക്കെ കുളിക്കാന്‍ വരുമ്പോ ഞങ്ങള്‍ മാറി കൊടുക്കണമെന്നു പറഞ്ഞു. ഞങ്ങള്‍ സമ്മതിച്ചില്ല. വേണമെങ്കില്‍ അവരുടെ കടവില്‍ കുളിക്കട്ടെയെന്നാ പറഞ്ഞത്.
“അവരുടെ പറമ്പിലെ കുളിക്കടവിനെക്കാള്‍ കുറിച്ച് മുകളിലാണ് ഞങ്ങളുടേത്. ഞങ്ങളുടെ പറമ്പിലെ തോട്ടില്‍ ഞങ്ങളിറങ്ങും, അവരുടെ പറമ്പില്‍ അവര് കുളിച്ചോട്ടേ എന്നു പറഞ്ഞു. ഒടുവില്‍ അങ്ങനെ തീരുമാനമായി. …
“മാറ്റി നിറുത്തിയാല്‍ മാറുകയില്ല, അതിന് സമ്മതിക്കുകയുമില്ല,” എന്ന ഉറച്ച തീരുമാനമായിരുന്നു അന്നും സജിനിയുടേത്. അന്നൊരിക്കല്‍ കൊയ്യാന്‍ പോയ വീട്ടുകാരുടെ മുറ്റത്ത് കഞ്ഞിപ്പാത്രം മറിച്ചുവെച്ചത് അവര്‍ ഓര്‍ക്കുന്നു.
“പണിയൊക്കെ കഴിഞ്ഞ് വിശന്നു വലഞ്ഞാണ് ഞങ്ങള്‍ പണിക്കാരൊക്കെ വരുന്നത്. കഞ്ഞിവെള്ളത്തില്‍ ഇത്തിരി ചോറും പറ്റും കുറച്ചു ചക്കപ്പുഴുക്കും തരും. ആ വിവേചനം സഹിക്കാതെയാണ് ഒരു ദിവസം അവരുടെ തിണ്ണയില്‍ തന്നെ പാത്രം കമിഴ്ത്തി വച്ച് ഇറങ്ങിപ്പോന്നു,” വിവേചനം സഹിക്കേണ്ട കാര്യമില്ലെന്ന ഉറച്ച തീരുമാനം അന്നേ ഉണ്ടായിരുന്നു.
“ജാതിയുടെ പേരില്‍ വിവേചനം അനുഭവിച്ചിട്ടുണ്ട്. ആ വിവേചനങ്ങള്‍ക്കും മാറ്റിനിറുത്തലുകള്‍ക്കും മുന്നില്‍ ഞാന്‍ വഴങ്ങി കൊടുക്കുകേല.
മനുഷ്യനോ സമൂഹത്തിനോ ദോഷമാകുന്ന ഒന്നും ഞാന്‍ ചെയ്യില്ല. പിന്നെ എന്തിന് ഞാന്‍ ജാതിപ്പേരില്‍ തലകുനിക്കണം,” സജിനി ചോദിക്കുന്നു.
പത്താം ക്ലാസിനു ശേഷം ആദിവാസികളെ പഠിപ്പിക്കുന്നതിന് സജിനി സൂര്യനെല്ലിക്ക് പോയി. സാക്ഷരത മിഷന്‍റെയും വേള്‍ഡ് വിഷന്‍റെയും പ്രവര്‍ത്തകയായി.
“പറമ്പിലും മണ്ണിലുമൊക്കെ പണിയെടുത്ത് ജീവിച്ചതുകൊണ്ട് അവര്‍ക്ക് ഒപ്പം കഴിയാന്‍ വിഷമം തോന്നിയില്ല. അവര്‍ക്കൊപ്പം കാട്ടില്‍ വിറകൊടിക്കാനും മറ്റും പോകും. അന്നെനിക്ക് 15 വയസേയുള്ളൂ,” സജിനി തുടരുന്നു.
“കാട്ടില്‍ പോകലും പണിയുമൊക്കെ കഴിഞ്ഞതിന് ശേഷമാണ് കുട്ടികളെ പഠിപ്പിക്കേണ്ട്. രാത്രി 11 മണിവരെ പഠിപ്പിക്കാനിരിക്കും. പഠിപ്പിക്കുന്നത് അന്നും ഇന്നും ഇഷ്ടമുള്ള കാര്യമാണ്. ഇതിനു ശേഷമാണ് പ്രീ ഡിഗ്രിക്ക് ചേര്‍ന്നത്.
“അതിനു ശേഷം കൗണ്‍സലിങ് ആന്‍ഡ് മീഡിയേഷന്‍ പഠിച്ചു. അനര്‍ട്ടില്‍ ഒരു ജോലിയും കിട്ടി. അവിടെ ചെന്നപ്പോ എനിക്ക് പറ്റിയ പണിയല്ലെന്നു മനസിലായി. അത് രാജിവച്ചാണ് സെന്‍റര്‍ ഫോര്‍ ട്രൈബ്സ് ആന്‍ഡ് സ്റ്റഡീസ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്.
അവിടെ വച്ചാണ് തൊടുപുഴ മുട്ടം സ്വദേശിയും ചിത്രകാരനുമായ മാത്യുവിനെ പരിചയപ്പെടുന്നതും കല്യാണം കഴിക്കുന്നതും.
“അദ്ദേഹത്തിന്‍റെ പിന്തുണയുണ്ട്. നമ്മുടെ ഇഷ്ടങ്ങളെ എതിര്‍ക്കില്ല. പക്ഷേ തെറ്റാണെങ്കില്‍ തുറന്നു പറയുകയും ചെയ്യും.” സജിനി പറഞ്ഞു.
ഇതുകൂടി വായിക്കാം: ആരുമില്ലാത്തവരേയും ഉപേക്ഷിക്കപ്പെട്ടവരെയും തോളിലേറ്റി ഒരു ചുമട്ടുതൊഴിലാളി; അഭയം നല്‍കുന്നത് 50-ലേറെ പേര്‍ക്ക്
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.