പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വിവാഹവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാവുന്ന ബൂട്ടീക്കുമായി ഒരുകൂട്ടം സ്ത്രീകള്‍

കല്യാണവസ്ത്രം വാങ്ങാൻ പോലും കഷ്ടപ്പെടുന്ന ഒരു പാട് പെൺകുട്ടികളുണ്ട് നമ്മുടെ നാട്ടിൽ. അവര്‍ക്ക് വേണ്ടിയാണിവർ വസ്ത്രങ്ങൾ ശേഖരിക്കുന്നത്.

ക്ഷങ്ങൾ വില വരുന്ന സാരിയോ സൽവാറോ ലാച്ചയോ ധരിച്ച്, ആഭരണങ്ങൾ അണിഞ്ഞെത്തുന്ന കല്യാണപ്പെണ്ണിനെ കാണാൻ നല്ല ചന്തമാണ്. പക്ഷേ, അവരിലേറെപ്പേരും വിവാഹവസ്ത്രം പിന്നീടൊരിക്കൽ പോലും ധരിക്കാറില്ല.

കല്യാണപ്പുടവ വെറുതേ അലമാരയ്ക്കുള്ളിൽ സൂക്ഷിക്കും. ഏതാനും മണിക്കൂർ നേരത്തേക്ക് മാത്രമേ ആ വേഷം ധരിക്കൂവെന്നറിയാമെങ്കിലും മിക്കവരും വിവാഹവസ്ത്രത്തിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവുകയുമില്ല.

എന്നാൽ, കല്യാണദിവസം മാത്രം ഉടുത്ത സാരിയോ സൽവാറോ നിങ്ങളുടെ വീട്ടിൽ വെറുതേയിരിക്കുന്നുണ്ടെങ്കിൽ സബിതയെയോ ശബ്നയെയോ ഫെമിദയെയോ വിളിക്കാം.

കല്യാണവസ്ത്രം വാങ്ങാൻ പോലും കഷ്ടപ്പെടുന്ന ഒരു പാട് പെൺകുട്ടികളുണ്ട് നമ്മുടെ നാട്ടിൽ. അവര്‍ക്ക് വേണ്ടിയാണിവർ വസ്ത്രങ്ങൾ ശേഖരിക്കുന്നത്.

എന്നാൽ ഈ നല്ലകാര്യത്തിന് കൂട്ടായി ഈ മൂന്നു സ്ത്രീകൾ മാത്രമല്ല. സംരംഭകരായ 22 വനിതകളുടെ അഖോറ വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് അവര്‍ കല്യാണവസ്ത്രങ്ങൾ ശേഖരിച്ച് ആവശ്യക്കാരിലേക്കെത്തിക്കുന്നത്.

അഖോറ കൂട്ടായ്മയിലെ അംഗങ്ങള്‍

“പാപ്പിനിശ്ശേരിയിലാണ് വീട്. വീടിനോട് ചേര്‍ന്നൊരു ബൂട്ടീക്ക് നടത്തുന്നുണ്ട്. റെയ്ന്‍ബോ ദി വുമന്‍ ഔട്ട്ഫിറ്റ് എന്ന പേരില്‍.” അഖോറ കൂട്ടായ്മയിലെ സബിത നാസര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“കഴിഞ്ഞ എട്ട് വര്‍ഷമായിട്ടുള്ളതാണ് ബൂട്ടീക്ക്. ഇവിടെ ബൂട്ടീക്കില്‍ നിന്ന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ വസ്ത്രം നല്‍കുമായിരുന്നു.

“ഒരിക്കല്‍ ഉപയോഗിച്ച വിവാഹ വസ്ത്രങ്ങള്‍ പലരില്‍ നിന്നും ശേഖരിച്ചാണ് നല്‍കുന്നത്. ഇതിനൊന്നും ആരോടും കാശും വാങ്ങുന്നില്ല, പൂര്‍ണമായും സൗജന്യം.

“ആ ഉടുപ്പുകള്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ അവരുടെ കണ്ണുകളിലൊരു സന്തോഷം കണ്ടെത്താനായില്ല. പിങ്ക് നിറത്തിലുള്ള സാരിയാകും കൊടുക്കുന്നത്. എന്നാല്‍ ആ സാരി സ്വീകരിക്കുന്ന ആള്‍ക്ക് ഇഷ്ട നിറം പച്ചയോ ചുമപ്പോ ആയെന്നു വരാം. സാധാരണ നമ്മളൊക്കെ കടയില്‍ പോയി ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുമ്പോള്‍ ഇവര്‍ക്ക് അതിനു സാധിക്കാതെ വരുന്നു. ആ സങ്കടം തിരിച്ചറിയാന്‍ സാധിച്ചു.

“ആ കുട്ടികളുടെ സാഹചര്യങ്ങള്‍ ആ ഉടുപ്പ് സ്വീകരിക്കാനും നിര്‍ബന്ധിക്കുകയാണ്. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാമെന്ന തോന്നലാണ് അഖോറയിലുള്ളവരോട് പങ്കുവയ്ക്കുന്നത്.” അഖോറയിലെ 22 പേരും ഹൃദയപൂര്‍വ്വം പിന്തുണ നല്‍കി. അവരുടെ ബന്ധുക്കളും പരിചയക്കാരും അയല്‍ക്കാരുമൊക്കെ സഹകരിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി.

“പലരില്‍ നിന്നും ശേഖരിക്കുന്ന ആ വസ്ത്രങ്ങള്‍ ബൂട്ടീക്കില്‍ തന്നെയാണ് സൂക്ഷിക്കുന്നത്. ആവശ്യക്കാര്‍ക്ക് ഇവിടെ വന്നെടുക്കാം. ഇഷ്ട നിറത്തിലുള്ള സാരിയോ ചോളിയോ എന്താണെങ്കിലുമെടുക്കാം,” സബിത തുടരുന്നു. അതിന് പണമൊന്നും ഈടാക്കുന്നില്ല. നല്ല വിലയുള്ള പുത്തന്‍ ഡിസൈനിലുള്ളവയാണ് കിട്ടിയതിലേറെയും എന്ന് സബിത സന്തോഷത്തോടെ പറയുന്നു.

സബിത നാസര്‍

“ഒരു തവണ മാത്രം ഉപയോ​ഗിച്ചവയൊക്കെയാണ് കിട്ടുന്നത്. എന്നാൽ ഉപയോ​ഗിക്കാത്തവയും ഉണ്ട് ‘ട്ടോ. ഇങ്ങനെ കിട്ടുന്ന വസ്ത്രങ്ങള്‍ ഡ്രൈ ക്ലീൻ ചെയ്യും, പിന്നെ ഡിസൈനിൽ കുറച്ചൊക്കെ മാറ്റം വരുത്തും, ആവശ്യക്കാർക്ക് വേണ്ടി ഓൾട്ടറേഷൻ നടത്തിക്കൊടുക്കും. ഡിസൈനിങ്ങിലെ പരിചയം പ്രയോജനപ്പെടുത്താറുണ്ട്. റീ ഡിസൈന്‍ ചെയ്യാതെയും വസ്ത്രങ്ങള്‍ നല്‍കാറുണ്ട്.” കുറേപ്പേര്‍ പുതിയ വസ്ത്രങ്ങളും വാങ്ങി നല്‍കിയിട്ടുണ്ടെന്ന് സബിത നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.

ബൂട്ടീക്കില്‍ തന്നെയാണ് ഈ കല്യാണ വസ്ത്രങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നത് എന്നതിനാല്‍ ആര്‍ക്കും മനോവിഷമമില്ലാതെ വന്ന് ഇഷ്ടം പോലെ തെര‍ഞ്ഞെടുക്കാം എന്നതാണ് പ്രത്യേകത. “സൗജന്യമായി കിട്ടുന്ന വസ്ത്രത്തിന് വേണ്ടി വരുന്നതാണെന്ന തോന്നല്‍ വരരുതല്ലോ,” എന്ന് സബിത.

“മൂന്നു വസ്ത്രങ്ങളാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. കല്യാണത്തലേന്നുള്ള പാര്‍ട്ടിക്കും വിവാഹചടങ്ങിലേക്കും കല്യാണശേഷമുള്ള സത്ക്കാരത്തിനുമുള്ളത്. മൂന്നു വസ്ത്രങ്ങളും സൗജന്യം തന്നെയാണ്.


കണ്ണൂരില്‍ മാത്രം 20 പേര്‍ക്ക് വിവാഹവസ്ത്രം നല്‍കി കഴിഞ്ഞു. കോഴിക്കോട് പത്ത് പെണ്‍കുട്ടികള്‍ക്കാണ് നല്‍കിയത്.


“കണ്ണൂരിലും കോഴിക്കോടിനും പുറമേ ഇപ്പോ കൊച്ചിയിലും ബൂട്ടീക്ക് ആരംഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ മട്ടാഞ്ചേരിയിലാണ്. മട്ടാഞ്ചേരിയില്‍ കല്യാണവസ്ത്രങ്ങള്‍ മാത്രമല്ല ആവശ്യമെങ്കില്‍ മെഹന്ദിയും ബ്രൈഡല്‍ മേക്അപ്പും സൗജന്യമായി ചെയ്തു കൊടുക്കും.

“മെഹന്ദിയിടല്‍ കണ്ണൂരിലും ഉടന്‍ ആരംഭിക്കും. കൊല്ലത്തും കാസര്‍ഗോഡും മാംഗ്ലൂരിലും കൂടി ഈ പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. വിവാഹ വസ്ത്രങ്ങള്‍ കിട്ടാന്‍ അര്‍ഹരാണെന്നു തെളിയിക്കുന്ന എന്തെങ്കിലും കത്തോ മറ്റോ കാണിച്ചാല്‍ മാത്രം മതി,” സബിത വ്യക്തമാക്കി.

ഫെമിദ ഷെഹീന്‍

“വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂരില്‍ ഒരു എക്സിബിഷന്‍ നടത്തിയിരുന്നു. ആ പ്രദര്‍ശനത്തില്‍ ഞങ്ങളില്‍ ചിലര്‍ അവരുടെ സംരംഭങ്ങളുമായി പങ്കെടുത്തിരുന്നു. പിന്നീടും ചില പ്രദര്‍ശനങ്ങളില്‍ വീണ്ടും കണ്ടുമുട്ടി,” കൂട്ടായ്മയില്‍ അംഗവും തലശ്ശേരിക്കാരിയുമായ ഫെമിദ ഷെഹീന്‍ അഖോറയെക്കുറിച്ച് വിശദമാക്കുന്നു.

“ആ സൗഹൃദമാണ് ഇങ്ങനെയൊരു വാട്ട്സ്ആപ്പ് കൂട്ടായ്മയിലേക്കെത്തിക്കുന്നത്. കണ്ണൂര്‍, തലശ്ശേരി, മാഹി ഇങ്ങനെ പലയിടങ്ങളില്‍ നിന്നുള്ള 20 മുതല്‍ 50 വയസ് വരെ പ്രായമുള്ള സ്ത്രീകള്‍ അഖോറയിലുണ്ട്.

“ഭിന്നശേഷിക്കാരിയും പ്രൊഫഷനലുകളും സി എ വിദ്യാര്‍ത്ഥിയുമൊക്കെ ഗ്രൂപ്പിലുണ്ട്. മൂന്നു വര്‍ഷം മുന്‍പാണ് അഖോറ ആരംഭിക്കുന്നത്. ഞങ്ങള്‍ ഒരുമിച്ച് പ്രദര്‍ശനങ്ങളും  നടത്തിയിട്ടുണ്ട്.

“കണ്ണൂരിലായിരുന്നു അഖോറയുടെ ആദ്യ എക്സിബിഷന്‍. പിന്നീട് മാസത്തിലൊരിക്കല്‍ പ്രദര്‍ശനങ്ങള്‍ നടത്തി. കണ്ണൂരില്‍ മാത്രമല്ല കോഴിക്കോട്ടുമൊക്കെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിച്ചുണ്ട്.


ഇതുകൂടി വായിക്കാം: ഓഖിയിലും പ്രളയത്തിലും മരവിച്ചുപോയ  നൂറുകണക്കിനാളുകളെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന ഹൃദയസ്പര്‍ശം 


“വര്‍ഷത്തിലൊരിക്കല്‍ വലിയ പ്രദര്‍ശനങ്ങളും നടത്തി. ഈ വര്‍ഷം കൊറോണ വന്നതോടെ പ്രദര്‍ശനം സംഘടിപ്പിക്കാനായില്ല. ഇതിന്‍റെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ 22 സ്ത്രീകള്‍ ചേര്‍ന്നാണ് നടത്തുന്നത്,” ഫെമിദ പറഞ്ഞു.

“കിട്ടുന്ന വസ്ത്രങ്ങള്‍ നല്ലതാണോ എന്നൊക്കെ നോക്കി മാത്രമേ ബൂട്ടീക്കില്‍ സൂക്ഷിക്കൂ. നാട്ടില്‍ നിന്നു മാത്രമല്ല വിദേശത്തുള്ളവരും ഇതില്‍ സഹകരിക്കാമെന്നു പറഞ്ഞു വിളിക്കാറുണ്ട്,” സബിത വിശദമാക്കുന്നു.

“ഒരാള്‍ ഉപയോഗിച്ചതാണെന്നു കരുതി ഈ വസ്ത്രങ്ങളൊന്നും മോശമല്ലാട്ടോ. ഒരു ലക്ഷം രൂപ വില വരുന്ന വസ്ത്രം വരെ കിട്ടിയിട്ടുണ്ട്. എന്തിന് പറയുന്നു, ഫാഷന്‍ ഡിസൈനര്‍ സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ വരെ ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. (കൊല്‍ക്കത്തയില്‍ നിന്നുള്ള ലോകപ്രശസ്ത ഫാഷന്‍ ഡിസൈനറും ജുവെല്‍റി ഡിസൈനറുമാണ് സബ്യസാചി മുഖര്‍ജി)

“ഫാഷന്‍ ഡിസൈനിങ്ങ് മാത്രമല്ല ജ്വല്ലറി ഡിസൈനിങ്ങും ഞാന്‍ പഠിച്ചിട്ടുണ്ട്. കുട്ടിക്കാലം തൊട്ടേ ഫാഷന്‍ ഡിസൈനിങ്ങ് ഇഷ്ടമാണ്. ജിഐടിയില്‍ നിന്നാണ് ഫാഷന്‍ ഡിസൈനിങ്ങ് പഠിച്ചത്. ഉമ്മയ്ക്ക് തയ്യല്‍ അറിയാമായിരുന്നു. ഡിസൈനിങ്ങില്‍ ഉമ്മയാണ് ആദ്യ ഗുരു.

“ബൂട്ടീക്കില്‍ വരുന്നവരില്‍ സാധാരണക്കാരും കാശുള്ളവരുമൊക്കെയുണ്ടല്ലോ. സെക്കന്‍റ്ഹാന്‍റ് വസ്ത്രം കണ്ട് ഇഷ്ടപ്പെടുന്നവര്‍ കാശ് നല്‍കി വാങ്ങാമെന്നു പറയും. പക്ഷേ, ആ ആവശ്യം നിരസിക്കുകയാണ് പതിവ്.

“ആ വസ്ത്രങ്ങള്‍ വില്‍ക്കാനുള്ളതല്ലല്ലോ. അതുകൊണ്ട് കൊടുക്കില്ല. ഫ്രീയായി നല്‍കാനും പറ്റില്ലല്ലോ. ആവശ്യക്കാരോട് പറയും ആ വസ്ത്രത്തിന്‍റെ കാശ് ഏതെങ്കിലും പാവപ്പെട്ടവര്‍ക്ക് നല്‍കിയാല്‍ മതിയെന്ന്.

“അങ്ങനെ വസ്ത്രത്തിന്‍റെ വിലയായി ഒരു പെണ്‍കുട്ടിക്ക് സ്വര്‍ണം വാങ്ങി നല്‍കിയിട്ടുണ്ട്. വസ്ത്രം വാങ്ങുന്നവര്‍ ആ തുകയ്ക്കുള്ള എന്തെങ്കിലും കുട്ടിക്ക് നേരിട്ട് നല്‍കും.

“ഈ ശേഖരിക്കുന്ന വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കിയാല്‍ നല്ല വരുമാനം കിട്ടുമല്ലോ.. അങ്ങനെ ചെയ്തു കൂടേയെന്നു പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ അങ്ങനെ ചെയ്താല്‍ ഈ നല്ല പ്രവര്‍ത്തിയുടെ ഉദ്ദേശശുദ്ധി നഷ്ടമാകും.  ബൂട്ടീക്കില്‍ നിന്ന് എനിക്ക് നല്ല വരുമാനം കിട്ടുന്നുണ്ട്. എനിക്ക് അതു തന്നെ ധാരാളം,” സബിത കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയില്‍ അധ്യാപികയായിരുന്ന ഫെമിദ ഷഹീന് എന്തെങ്കിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന ആഗ്രഹം പണ്ടേ ഉണ്ടായിരുന്നു.  നാട്ടിലെത്തിയതിന് ശേഷം ഒരിക്കല്‍ വീട്ടിലുണ്ടാക്കിയ ചോക്കലേറ്റുമായി തലശ്ശേരിയിലെ ഒരു പ്രദര്‍ശനത്തിന് പോയപ്പോഴാണ് സബിതയെ കണ്ടുമുട്ടുന്നതും അത് അഖോറയിലേക്ക് വഴിതുറക്കുന്നതും.

നമ്മുടെ വരുമാനത്തിന്‍റെ ഒരു പങ്ക് മറ്റുള്ളവര്‍ക്ക് നല്‍കണമെന്നാണല്ലോ. ഇങ്ങനെയൊരു ഐഡിയ സബിത പറഞ്ഞപ്പോ എല്ലാവര്‍ക്കും സമ്മതമായിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ആളുകള്‍ ഏറ്റെടുത്തു.

“കല്യാണപ്പെണ്ണിന് വേണ്ടതൊക്കെയും നല്‍കാനാണ് ശ്രമിക്കുന്നത്. വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും കാര്‍പ്പെറ്റുകളുമൊക്കെ നല്‍കിയിട്ടുണ്ട്. ഇനിയിപ്പോ മെഹന്ദിയും മേക്ക് അപ്പും കൂടി സൗജന്യമായി നല്‍കാനൊരുങ്ങുകയാണ്.

“വസ്ത്രങ്ങള്‍ നല്‍കുന്നവര്‍ക്ക് വേണമെങ്കില്‍ തിരിച്ചും നല്‍കാം. സ്വന്തമായി വേണമെങ്കിലും ഒരു പ്രശ്നമവുമില്ല. അതൊക്കെ അവരുടെ ഇഷ്ടം,”  ഫെമിദ കൂട്ടിച്ചേര്‍ക്കുന്നു.


ഇതുകൂടി വായിക്കാം:ബൂട്ടീക്കില്‍ മിച്ചംവന്ന കട്ട്പീസുകള്‍ കൊണ്ട് അനാഥര്‍ക്ക് പുത്തനുടുപ്പുകള്‍ തീര്‍ത്ത് മഞ്ജുഷ; കൂലി വാങ്ങാതെ ഗൗണുകള്‍ തയ്ച്ചുനല്‍കി ബംഗാളില്‍ നിന്നുള്ള തയ്യല്‍ക്കാര്‍ 


 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം