കൊടുംകാട്ടിനുള്ളിലെ ഗോത്രഗ്രാമം കൂലിപ്പണിയുപേക്ഷിച്ച് ജൈവകൃഷി തുടങ്ങി: കുരുമുളക് കയറ്റിയയച്ച് ലക്ഷങ്ങള്‍ നേടുന്ന വഞ്ചിവയലിലെ വിശേഷങ്ങള്‍

ആദിവാസി ഊരുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ അറിയാതെ കയറിവരുന്ന ഇല്ലായ്മകളുടെയും ദുരിതത്തിന്‍റെയും ചിത്രമല്ല വഞ്ചിവയലിലേത്.

“എന്നാ കാശുകിട്ടൂന്നു പറഞ്ഞാലും വെഷം തളിക്കുന്ന ഒന്നും ഒണ്ടാക്കാന്‍ ഞങ്ങള്‍ക്കു പറ്റുകേല,” ഇതു പറയുന്നത് വഞ്ചിവയല്‍ ഗ്രാമവാസിയായ തങ്കപ്പന്‍ എന്ന 55-കാരനാണ്.

കാട്ടിലേക്കുള്ള വഴി (Image for representational purpose only)

ആ ഉറച്ച തീരുമാനം തങ്കപ്പന്‍റേത് മാത്രമായിരുന്നില്ല. വഞ്ചിവയല്‍ എന്ന ആദിവാസി ഗ്രാമം കൂട്ടായെടുത്തതാണ്. ആ തീരുമാനം ഒരു ഗ്രാമത്തെ മുഴുവന്‍ മാറ്റിമറിച്ചു.

ഇടുക്കി ജില്ലയിലെ പെരിയാര്‍ കടുവാ സങ്കേതത്തിനകത്താണ് വഞ്ചിവയല്‍ ഗ്രാമം. വണ്ടിപ്പെരിയാറിനടുത്ത് വള്ളക്കടവില്‍ വനംവകുപ്പിന്‍റെ ചെക്‌പോസ്റ്റില്‍ ഇറങ്ങി നാല് കിലോമീറ്ററിലധികം വനത്തിനുള്ളിലേക്ക് പോകണം ആ ഗ്രാമത്തിലെത്താന്‍. വനംവകുപ്പിന്‍റെ വാഹനങ്ങള്‍ മാത്രമേ കടത്തിവിടൂ. പ്രത്യേക അനുമതിയുണ്ടെങ്കിലേ അങ്ങോട്ട് പോകാന്‍ കഴിയൂ. അല്ലെങ്കില്‍ ഗ്രാമവാസിയായിരിക്കണം.

കടുവയും കാട്ടുപോത്തും ആനയുമൊക്കെയുള്ള കാടാണ്. കടുവാ സങ്കേതമായതിനാല്‍ റോഡ് ടാറിടാന്‍ കഴിയില്ല. മണ്‍പാതയാണ്. വനം വകുപ്പിന്‍റെ ജീപ്പിലാണ് ഞങ്ങള്‍ അങ്ങോട്ട് യാത്രതിരിച്ചത്.

ഊരാളി വിഭാഗത്തില്‍പ്പെട്ട 83 ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ താമസം. ആദിവാസി ഊരുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ അറിയാതെ കയറിവരുന്ന ഇല്ലായ്മകളുടെയും ദുരിതത്തിന്‍റെയും ചിത്രമല്ല വഞ്ചിവയലിലേത്. ജൈവകൃഷിയിലൂടെ സ്വന്തം ചരിത്രം തിരുത്തിക്കുറിച്ചതിന്‍റെ കഥകളുമായാണ് അവര്‍ നിങ്ങളെ സ്വാഗതം ചെയ്യുക.

ഒരു കണക്ക് പറയാം. ഈ ആദിവാസി ഗ്രാമം കഴിഞ്ഞ വര്‍ഷം ഉല്‍പ്പാദിപ്പിച്ചത് 31.2 ടണ്‍ കുരുമുളകും 19 ടണ്‍ കാപ്പിയും. പൂര്‍ണമായും ജൈവരീതിയില്‍. ‘കുരുമുളകിനും കാപ്പിക്കുമൊക്കെ ഇപ്പോ എന്നാ വില കിട്ടാനാ, പണിക്കൂലി മുതലാകുമോ’ തുടങ്ങിയ ചോദ്യങ്ങള്‍ ഉണ്ടാകുമെന്നറിയാം. വഞ്ചിവയലിലെ കുരുമുളകിന് ആവശ്യക്കാര്‍ അങ്ങ് ജര്‍മ്മനിയിലാണ്. മാര്‍ക്കറ്റ് വിലയേക്കാള്‍ 40 മുതല്‍ 50 ശതമാനം വരെ കൂടിയ വിലയ്ക്ക് വാങ്ങിക്കൊണ്ടുപോകാന്‍ ആളുണ്ട്.

ഇതൊന്നും പക്ഷേ, ഒറ്റയടിക്കുണ്ടായ നേട്ടമല്ല.

ആനയും കടുവയും കാട്ടുപോത്തുമൊക്കെയുള്ള കൊടുംകാടിന് നടുവിലാണ് വഞ്ചിവയല്‍ (Image for representation. Photo: Pexels)

777 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ പല ഭാഗങ്ങളിലായി താമസിച്ചിരുന്ന ഊരാളി വിഭാഗത്തില്‍പ്പെടുന്ന ആദിവാസികള്‍ ഏതാണ്ട് 75 വര്‍ഷം മുമ്പാണ് വഞ്ചിവയലില്‍ താമസമാക്കിയത്. ആദ്യകാലത്ത് നെല്ല് ഉള്‍പ്പടെയുള്ള ഭക്ഷ്യവിളകള്‍ കൃഷി ചെയ്തു. പക്ഷേ, കാട്ടുപോത്തും പന്നിയും മ്‌ളാവുമൊക്കെ കൃഷിയിടങ്ങള്‍ അടിക്കടി ശല്യം ചെയ്യുമായിരുന്നു. വന്യമൃഗങ്ങളുടെ കരുണയിലായിരുന്നു കൃഷി.


കുരുമുളകും കാപ്പിയും വണ്ടിപ്പെരിയാറിലെ ഇടനിലക്കാരായ കച്ചവടക്കാര്‍ ചുളുവിലയ്ക്കു തട്ടിയെടുക്കുകയായിരുന്നു


“വന്യമൃഗങ്ങളുടെ അതിരൂക്ഷമായ ആക്രമണം മൂലം കൃഷി നഷ്ടമായതോടെ ഗ്രാമവാസികള്‍ നാണ്യവിള കൃഷിയിലേക്കു കടന്നത്.” വള്ളക്കടവ് മുന്‍ റേഞ്ച് ഓഫീസര്‍ സുരേഷ് ബാബു ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.
അങ്ങനെ ആദിവാസികള്‍ കുരുമളകും ഏലവും കൃഷി ചെയ്യാന്‍ തുടങ്ങി. കുരുമുളക് നല്ല ഉല്‍പാദനം ലഭിക്കുമായിരുന്നുവെങ്കിലും കച്ചവടക്കാരുടെ കരുണയിലായിരുന്നു അവരുടെ ജീവിതം.

“ജൈവകൃഷിയിലേക്കുള്ള മാറ്റത്തിന് മുമ്പ് ഇവിടെ ഉല്‍പ്പാദിപ്പിച്ചിരുന്ന കുരുമുളകും കാപ്പിയും വണ്ടിപ്പെരിയാറിലെ ഇടനിലക്കാരായ കച്ചവടക്കാര്‍ ചുളുവിലയ്ക്കു തട്ടിയെടുക്കുകയായിരുന്നു,” പി എന്‍ സെബാസ്റ്റ്യന്‍ ഓര്‍ക്കുന്നു. 19 വര്‍ഷമായി വഞ്ചിവയല്‍ കോളനിയില്‍ ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റി ഫെസിലിറ്റേറ്ററാണ് സെബാസ്റ്റ്യന്‍.

Image for representation. Photo: Pexels

“മൂപ്പനായിരിക്കും മിക്കവാറും കുരുമുളകും കൊണ്ട് വണ്ടിപ്പെരിയാറേക്ക് പോകുന്നത്. ചെന്നപാടെ, കച്ചവടക്കാരന്‍ ചാക്കിനുള്ളിലേക്ക് കൈ മുഴുവനായങ്ങ് താഴ്ത്തും. തിരിച്ചെടുക്കുമ്പോള്‍ എന്തായാലും കുറെ പൊടി കൈയ്യില്‍പറ്റും. ‘ഇതുമൊത്തം പൊടിയാണല്ലോ മൂപ്പാ,’ എന്ന് പറഞ്ഞ് ഒരു കിലോ കുറയ്ക്കും. പിന്നെ, ഒരു പിടി മുളക് കയ്യിലിട്ട് തിരുമ്മും. ‘ഒണക്ക് ശരിക്കായില്ല’ എന്നും പറഞ്ഞ് വീണ്ടും ഒരു കിലോ കുറയ്ക്കും. നൂറോ ഇരുന്നൂറോ ഗ്രാം മാത്രം ഭാരമുള്ള ചണച്ചാക്കിന് വേറെയും ഒരു കിലോ കുറയും. അങ്ങനെ ഇരുപതുകിലോയും കൊണ്ടുപോയാല്‍ 17 കിലോയുടെ വിലയേ കിട്ടു. വിലയും അവരുടെ ഇഷ്ടത്തിനാണ്,” സെബാസ്റ്റിയന്‍ പറയുന്നു.

“2001-2002 കാലഘട്ടത്തില്‍ ആദിവാസികള്‍ ഏലം കൃഷി ചെയ്യാന്‍ തുടങ്ങി. വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന പ്രദേശത്ത് വന്‍തോതില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നത് ഊരിനു സമീപത്തുള്ള നിത്യഹരിത വനത്തിലെ ജൈവ സമ്പത്തും ആദിവാസികളുടെ നിലനില്‍പ്പും അപകടത്തിലാക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് കൂടുതല്‍ വരുമാനം നേടാനാവുന്ന ജൈവകൃഷിയിലേക്കുള്ള മാറ്റം,” വള്ളക്കടവ് മുന്‍ റേഞ്ച് ഓഫീസര്‍ സുരേഷ് ബാബു വിശദീകരിച്ചു.

തങ്കപ്പന്‍. ഫോട്ടോ: സന്ദീപ് വെള്ളാരം

2003-ല്‍ വഞ്ചിവയലില്‍ ഉല്‍പ്പാദിപ്പിക്കുന്ന കുരുമുളകിന് ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഇതോടെ പ്രദേശത്തെ ആദിവാസികളുടെ ജീവിതം തന്നെ മാറി. ജൈവ കുരുമുളക് പൂര്‍ണമായും ജര്‍മനിയിലേക്കു കയറ്റി അയക്കുകയാണ് ചെയ്യുന്നത്. ജൈവഉല്‍പന്നങ്ങള്‍ക്ക് ഏറ്റവും കര്‍ശനമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരികയും അത് ഒരു വിട്ടുവീഴ്ചയില്ലാതെ പാലിക്കുകയും ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ജര്‍മ്മനി എന്നുകൂടി മനസ്സിലാക്കുമ്പോള്‍ വഞ്ചിവയല്‍ കുരുമുളകിന്‍റെ മേന്മ എത്രയെന്ന് അറിയാം.


ഇതുകൂടി വായിക്കാം: മാത്തുക്കുട്ടി എന്ന അല്‍ഭുതക്കുട്ടി: ബി എം ഡബ്ല്യുവിലെ ലക്ഷങ്ങളുടെ ജോലി വലിച്ചെറിഞ്ഞ് മണ്ണിലേക്കിറങ്ങിയ എം ബി എക്കാരന്‍


അന്നു വനംവകുപ്പിന്‍റെ തലപ്പത്തുണ്ടായിരുന്ന പ്രമോദ് ജി കൃഷ്ണന്‍ ഐഎഫ്എസ്, എസ് ശിവദാസ് എന്നിവരുടെ മനസ്സിലാണ് ജൈവകൃഷിയിലേക്കു മാറി കൂടുതല്‍ വരുമാനം സമ്പാദിക്കുകയെന്ന ആശയം ഉരുത്തിരിഞ്ഞത്.

“ജൈവകൃഷിയിലേക്കു തിരിഞ്ഞതോടെ കോളനി നിവാസികള്‍ ഉല്‍പ്പാദിപ്പിക്കുന്ന കുരുമുളകിനും കാപ്പിക്കും കൃത്യമായ വിപണിയുണ്ടാവുകയും നല്ല വില ലഭിക്കുകയും ചെയ്തു,” സെബാസ്റ്റ്യന്‍ പറയുന്നു.

കുരുമുളകിനൊപ്പം മഞ്ഞളും കാന്താരിമുളകും കയറ്റുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണിവര്‍

ഇടനിലക്കാരുടെ ഇടപെടലും ചൂഷണവും കൊണ്ട് പലരും കൃഷി ഉപേക്ഷിക്കാന്‍ ആലോചിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ഇവിടെ.


ജൈവ കുരുമുളകു കൃഷിയിലൂടെ മാത്രം വര്‍ഷം 5 ലക്ഷത്തിലധികം രൂപ വരുമാനം ഉണ്ടാക്കുന്ന കുടുംബങ്ങള്‍ ഇവിടെയുണ്ട്


ഈ പ്രയാസങ്ങള്‍ക്കാണ് വഞ്ചിവയല്‍ ഗ്രാമം പരിഹാരം തേടിയത്. “ഈ സാഹചര്യത്തിലാണ് ജൈവകൃഷിയിലേക്കു തിരിയുകയും വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തത്. അതോടെ കര്‍ഷകര്‍ക്ക് സ്ഥിരമായ വിപണി ലഭ്യമായത്. ഇപ്പോള്‍ ജൈവ കുരുമുളകു കൃഷിയിലൂടെ മാത്രം പ്രതിവര്‍ഷം അഞ്ചുലക്ഷത്തിലധികം രൂപ വരുമാനം ലഭിക്കുന്ന കുടുംബങ്ങള്‍ ഇവിടെയുണ്ട്,” സെബാസ്റ്റ്യന്‍ കൂട്ടിചേര്‍ക്കുന്നു.

വരുമാനത്തിലെ വര്‍ദ്ധന ആ വനഗ്രാമത്തിലെ മനുഷ്യരുടെ ജീവിത നിലവാരത്തില്‍ വരുത്തിയ മാറ്റം അല്‍ഭുതകരമാണ്. “ഇപ്പോള്‍ ഇവിടെ നിന്നു വിദ്യാഭ്യാസത്തിനു പോകുന്ന 80 കുട്ടികളില്‍ 57 പേരും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലാണ് പഠിക്കുന്നത്. കൃഷിയിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ച് കാറും ബൈക്കും ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ വാങ്ങിയവര്‍ ഇവിടെയുണ്ട്, കേരളത്തിലെ മറ്റേതെങ്കിലും ആദിവാസി കോളനിയില്‍ നിങ്ങള്‍ക്കിത് കാണാനാവുമോ,” സെബാസ്റ്റ്യന്‍ ചോദിക്കുന്നു.

സുധാകരന്‍. ഫോട്ടോ: സന്ദീപ് വെള്ളാരം

ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നത് ജീവിതനിലവാരത്തില്‍ വന്ന നല്ല മാറ്റമാണോ എന്നൊക്കെയുള്ള തര്‍ക്കങ്ങളിലേക്കൊന്നും തല്‍ക്കാലം നമുക്ക് പോകേണ്ട. പക്ഷേ, ഒരു കാര്യം ഉറപ്പാണ്, അവിടെയുള്ള ആദിവാസി കുടുംബങ്ങള്‍ക്ക് കൃഷിയില്‍ നിന്ന് ലഭിക്കുന്ന മിച്ചം കൊണ്ട് മക്കളുടെ വിദ്യാഭ്യാസത്തിന് കൂടുതല്‍ പണം ചെലവഴിക്കാന്‍ കഴിയുന്നുണ്ട്. കേരളത്തിലെ മറ്റ് ഗോത്രസമൂഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത് വലിയ നേട്ടം തന്നെയല്ലേ?

“പത്തുവര്‍ഷം മുമ്പു കൂലിപ്പണിക്കു പോയാല്‍ ഞങ്ങള്‍ക്കു കിട്ടുന്ന വരുമാനം ദിവസം 100 മുതല്‍ 125 രൂപ വരെയായിരുന്നു, എന്നാല്‍ ജൈവകൃഷി തുടങ്ങിയതോടെ ഞങ്ങള്‍ക്കു പ്രതിവര്‍ഷം മൂന്നു മുതല്‍ അഞ്ചുലക്ഷം രൂപവരെ സമ്പാദിക്കാന്‍ കഴിയുന്നുണ്ട്,” വഞ്ചിവയലിലെ സുധാകരന്‍ പറയുന്നു.

വഞ്ചിവയലില്‍ കുരുമുളക് വിളവെടുപ്പ്.

വഞ്ചിവയല്‍ കുരുമുളകിന്‍റെ വിപണിയെക്കുറിച്ച് സെബാസ്റ്റ്യന്‍ വിശദമായി പറയുന്നു:
“വഞ്ചിവയലില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവകുരുമുളകിന് വിദേശത്ത് ആവശ്യക്കാരുള്ളതിനാല്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ 40 മുതല്‍ 50 വരെ ശതമാനം വില കൂടുതല്‍ ലഭിക്കുന്നുണ്ട്.

“സാധാരണയയായി കുരുമുളക് വിളവെടുക്കുന്നതിനു മുന്നോടിയായി ഡിസംബറില്‍ തന്നെ കുരുമുളക് മൊത്തത്തില്‍ വാങ്ങാന്‍ തയാറുള്ളവരില്‍ നിന്നു ക്വട്ടേഷന്‍ ക്ഷണിക്കുകയും ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂടുതല്‍ അധിക വില നല്‍കുന്ന കമ്പനിക്കു കുരുമുളക് മൊത്തത്തില്‍ നല്‍കുകയുമാണ് പതിവ്. ഇത്തരത്തില്‍ ക്വട്ടേഷന്‍ വാങ്ങുന്ന കമ്പനിയാണ് നേരിട്ട് ജര്‍മനിയിലേക്കു കുരുമുളക് കയറ്റി അയക്കുന്നത്.

സെബാസ്റ്റ്യന്‍. ഫോട്ടോ: സന്ദീപ് വെള്ളാരം

“കുരുമുളകിന്‍റെ വിലയായി ഇക്കോഡെവലപ്മെന്‍റ് കമ്മിറ്റിക്കു ലഭിക്കുന്ന തുക ഉടന്‍ തന്നെ കര്‍ഷകരുടെ അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് പതിവ്. ഇടപാടുകള്‍ സുതാര്യമായി നടത്തുന്നതിന്‍റെ ഭാഗമായി വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ എല്ലാ കര്‍ഷകര്‍ക്കും ബാങ്ക് അക്കൗണ്ടും എടിഎം കാര്‍ഡും വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ തന്നെ എടുത്തു നല്‍കിയിട്ടുണ്ട്.

“കഴിഞ്ഞ വര്‍ഷം വഞ്ചിവയലിലെ കുരുമുളക് മാര്‍ക്കറ്റ് വിലയേക്കാള്‍ നാല്‍പ്പതു ശതമാനം അധികവിലയ്ക്കാണ് വിറ്റഴിച്ചത്. ഇത്തവണ അധിക വിലയായി ലഭിച്ചത് 20 ശതമാനം മാത്രമായിരുന്നു. കുരുമുളകിന്‍റെ വിലക്കുറവും വിപണിയിലെ പ്രശ്നങ്ങളുമാണ് ഇത്തവണ അധികവിലയില്‍ കുറവുണ്ടാക്കിയത്.”

ഗ്രാമത്തിലെ മറ്റൊരു കര്‍ഷകയായ രമണി പറയുന്നു, “വര്‍ഷത്തില്‍ കുരുമൊളക് വിറ്റു ശകലം പൈസ കൂടുതല്‍ കിട്ടാന്‍ തൊടങ്ങിയതോടെ ഞങ്ങളിത്തിരി നല്ല വീടൊണ്ടാക്കാനും നല്ല പാത്രം വാങ്ങാനും തൊടങ്ങി. ഇപ്പം വര്‍ഷം കുരുമൊളകു വിക്കുമ്പം സമ്പാദ്യമെന്ന നിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നുണ്ട്.”

Image for representation. Photo source: Pixabay

“നേരത്തേ ഞങ്ങളുടെ കൂടെ ഒള്ളവര്‍ കാട്ടില്‍ നിന്നു ലഭിക്കുന്ന തേന്‍, തെള്ളി എന്നിവ സംഭരിച്ചു വിറ്റാണ് ജീവിച്ചിരുന്നത്. എന്നാല്‍ കൃഷിയില്‍ നിന്നു കൂടുതല്‍ വരുമാനം ലഭിച്ചതോടെ ഭൂരിഭാഗം പേരും ഇപ്പോള്‍ കൃഷിക്കു തന്നെയാണ് കൂടുതല്‍ ശ്രദ്ധകൊടുക്കുന്നത്. കൃഷിക്കൊപ്പം മറ്റു കൈത്തൊഴിലുകള്‍ ചെയ്യുന്നവര്‍ ഇവിടെയുണ്ട്,” രമണി കൂട്ടിച്ചേര്‍ത്തു.

വര്‍ഷം പ്രളയത്തെ തുടര്‍ന്ന് വിളവും വിലയും കുറവാണ് ലഭിച്ചത്. അടുത്ത വര്‍ഷം മികച്ച വിളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രമണിയും നാട്ടുകാരും.

ജൈവ ഉല്‍പ്പന്നങ്ങളേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന ബയോഡൈനാമിക് ഫാമിംഗിലേക്ക് വഞ്ചിവയല്‍ മാറിക്കഴിഞ്ഞു. പ്രകൃതിയെ ഒട്ടും തന്നെ ദ്രോഹിക്കാതെ കാര്‍ഷിക കലണ്ടറിന്‍റെ അടിസ്ഥാനത്തില്‍ മാത്രം നടത്തുന്ന കൃഷി രീതിയാണിത്.

ജൈവ ഉല്‍പ്പന്നങ്ങള്‍ക്കു വിദേശ രാജ്യങ്ങളില്‍ മുന്‍കാലങ്ങളിലേതു പോലുള്ള വിപണിയില്ലാത്തതും ബയോ ഡൈനാമിക് കൃഷി രീതിയില്‍ ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ വിപണിയും വിലയും കിട്ടുന്നതുമാണ് വഞ്ചിവയലിലെ ആദിവാസികളെ ബയോ ഡൈനാമിക് ഫാമിംഗിലേക്കു മാറാന്‍ പ്രേരിപ്പിച്ചത്. പുതിയ രീതിയിലേക്കു മാറുന്നതോടെ കൂടുതല്‍ വിളവും വിലയും ലഭിക്കുമെന്നാണ് ഇപ്പോള്‍ ഞങ്ങളുടെ പ്രതീക്ഷ, സെബാസ്റ്റ്യന്‍ പറയുന്നു.

വഞ്ചിവയലിലെ കാന്താരിമുളകും കടല്‍ കടക്കാനൊരുങ്ങുകയാണ്. Image for representation. Photo source: Pexels

കുരുമുളകിനൊപ്പം വഞ്ചിവയലില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാന്താരി മുളകും മഞ്ഞളും കടല്‍ കടക്കാനൊരുങ്ങുകയാണ്. ഇതിന്‍റെ ഭാഗമായുള്ള പരിശോധനയില്‍ വഞ്ചിവയലില്‍ ഉല്‍പ്പാദിപ്പിക്കുന്ന മഞ്ഞള്‍ കയറ്റുമതി ചെയ്യാന്‍ തക്കയോഗ്യതയുള്ളതാണെന്നു കണ്ടെത്തിയിരുന്നു.

“ഇവിടെ വന്‍ തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നതും മതിയായ വിപണിയില്ലാത്തതുമായ ഒന്നാണ് കാന്താരിമുളക്. ഇതിനു പുറത്തുവിപണിയുണ്ടായാല്‍ പ്രദേശവാസികളായ കര്‍ഷകര്‍ക്ക് അധികവരുമാനം ലഭിക്കുന്ന ഒന്നായി ഈ പദ്ധതി മാറും,” സെബാസ്റ്റ്യന്‍ ആത്മവിശ്വാസത്തോടെ പറയുന്നു.

ഇതിനിടെ വഞ്ചിവയലിലെ ജൈവ കൃഷിക്ക് പ്രോത്സാഹനവുമായി സര്‍ക്കാര്‍ വക അവാര്‍ഡുമെത്തി. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ആദിവാസി ഊരിനുള്ള പുരസ്‌കാരമാണ് വഞ്ചിവയലിനെ തേടിയെത്തിയത്.

വനംവകുപ്പിന്‍റെ വാഹനത്തില്‍ കോളനിയിലേക്കു പോകുമ്പോള്‍ ഒരു മാരുതി കാര്‍ എതിരേ വരുന്നുണ്ടായിരുന്നു. വഞ്ചിവയല്‍ ഊരിലെ മുന്‍ മൂപ്പനായ തങ്കപ്പനാണ് സ്വന്തം കാറോടിച്ചുവരുന്നതെന്ന് കൂടെയുണ്ടായിരുന്ന സെബാസ്റ്റ്യനും വനംവകുപ്പ് ഉദ്യോഗസ്ഥനും പറഞ്ഞു.


സ്വന്തമായി വാഹനം വാങ്ങുകയെന്നത് ഞങ്ങളെപ്പോലുള്ളവര്‍ക്കു സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്


ഞങ്ങളെ കണ്ടതോടെ തങ്കപ്പന്‍ വണ്ടി തിരിച്ച് കൂടെ വന്നു. കൃഷിയില്‍ നിന്നു ലഭിച്ച വരുമാനം എങ്ങനെയാണ് തന്‍റെ ജീവിതത്തെ മാറ്റിമറിച്ചതെന്നു വിശദീരിച്ചു.

“കുരുമുളക് വിറ്റു കിട്ടിയ പണം ഉപയോഗിച്ചാണ് ഞാന്‍ ഈ വാഹനം വാങ്ങിയത്. വനത്തിനുള്ളിലായതിനാല്‍ പുറത്തേയ്ക്കുള്ള വാഹന സൗകര്യം കുറവാണ്. സ്വന്തമായി വാഹനം വാങ്ങുകയെന്നത് ഞങ്ങളെപ്പോലുള്ളവര്‍ക്കു സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്, ജൈവ കൃഷിയിലേക്കു തിരിഞ്ഞതും വരുമാനം വര്‍ധിച്ചതും മാത്രമാണ് ഇതിനു കാരണം,” തങ്കപ്പന്‍ പറയുന്നു.


ഇതുകൂടി വായിക്കാം: കടലാമക്കുഞ്ഞുങ്ങള്‍ക്ക് കൂട്ടിരിക്കുന്ന ഒരു ഗ്രാമം


വഞ്ചിവയല്‍ ആദിവാസി കോളനിയില്‍ വനം വകുപ്പ് ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിയുടെ കണക്കില്‍ 73 വീടുകളും 83 കുടുംബങ്ങളുമാണുള്ളത്. ഓരോ കുടുംബത്തിനും രണ്ടു മുതല്‍ നാലു ഹെക്ടര്‍ വരെ ഭൂമിയാണുള്ളത്. വിവാഹശേഷം മക്കള്‍ക്കു ഭാഗം വച്ചു നല്‍കുമ്പോഴാണ് ഓരോ കുടുംബത്തിന്‍റെയും ഭൂമിയുടെ അളവില്‍ കുറവുണ്ടാകുന്നത്.

തങ്കപ്പന്‍. ഫോട്ടോ: സന്ദീപ് വെള്ളാരം

മൊത്തം 40.2 ഹെക്ടര്‍ സ്ഥലമാണ് കോളനിയിലെ 73 ആദിവാസികള്‍ കൈവശംവയ്ക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളിലൂടെ കോളനിയുടെ 90 ശതമാനം ഭാഗത്തും ട്രഞ്ച് നിര്‍മിച്ചിട്ടുള്ളതിനാല്‍ വന്യമൃഗ ശല്യം ഒരു പരിധിവരെ കുറയ്ക്കാനാവുന്നുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.

വഞ്ചിവയലിലെ ആദിവാസി കോളനി മറ്റൊരു മുന്നേറ്റത്തിനു കൂടി തുടക്കം കുറിക്കാനുള്ള ആലോചനയിലാണ്. വന്യമൃഗശല്യത്തെ തുടര്‍ന്ന് ഒരു കാലത്തു നഷ്ടപ്പെട്ടുപോയ നെല്‍ക്കൃഷി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണിത്. “പരീക്ഷണാടിസ്ഥാനത്തില്‍ അടുത്ത സീസണില്‍ രണ്ടു ഹെക്ടര്‍ നെല്‍ക്കൃഷി ചെയ്യാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്. ഇതുവിജയമായാല്‍ കോളനിയിലേക്ക് ആവശ്യമുള്ള നെല്ല് സ്വയം കൃഷി ചെയ്തുണ്ടാക്കാനാണ് പദ്ധതി,” സെബാസ്റ്റ്യന്‍ അടുത്ത ഘട്ടത്തെക്കുറിച്ച് പറഞ്ഞു.

പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ്  ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ വി കുമാര്‍, വള്ളക്കടവ് റേഞ്ച് ഓഫീസര്‍ സി അജയന്‍, പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ഷാജി കുരിശുംമൂട്, ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റി ഫെസിലിറ്റേറ്റര്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വഞ്ചിവയലിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.


ഇതുകൂടി വായിക്കാം: എന്‍റെ ജീവിതം മാറ്റിമറിച്ച ബണ്ണി: ഡോ. മേരി അനിത ആ കഥ പറയുന്നു


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com നമുക്ക് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം