‘ഫിനിഷിങ്ങ് കഴിഞ്ഞ മണ്‍വീടിന് 7-സ്റ്റാര്‍ ലുക്കാണ്’: കേരളത്തിലും പുതുച്ചേരിയിലും നിരവധി മണ്‍വീടുകള്‍ നിര്‍മ്മിച്ച തൃശ്ശൂര്‍ക്കാരന്‍

മണ്‍വീട് നിര്‍മ്മാണത്തിന് പല രീതികളുണ്ട്. ടെക്നോളജി അനുസരിച്ച് മണ്ണ് ഉപയോഗിക്കുന്ന രീതിയില്‍ വ്യത്യാസമുണ്ടെന്നു മാത്രം.

ത്ര ദൂരേക്ക് സഞ്ചരിച്ചാലും സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുമ്പോ തോന്നുന്ന സന്തോഷത്തിന് അതിരുകളില്ല. മണ്ണിന്‍റെ നിറവും മണവുമൊക്കെയുള്ള കാറ്റും വെട്ടവും വലിയ ജനല്‍പ്പാളിയിലൂടെ മുറികളിലേക്കെത്തുന്ന ഒരു മണ്‍‍വീടാണെങ്കിലോ..?

ആ ആനന്ദം പറഞ്ഞറിയിക്കാന്‍ സാധിച്ചെന്നു വരില്ല. ഒരിക്കലെങ്കിലും ഇങ്ങനെയൊരു വീട് ആഗ്രഹിക്കാത്തവരുണ്ടോ? ആ സന്തോഷം മാത്രമല്ല മണ്‍വീടുകള്‍ സമ്മാനിക്കുന്നത്.

പ്രകൃതിയോട് ഇണങ്ങി ജീവിക്കാനാഗ്രഹിക്കുന്നവര്‍ക്കൊക്കെയും ആശ്രയിക്കാവുന്നതാണ് മണ്‍വീടുകള്‍. പ്രകൃതിയെ നോവിക്കാതെ വീട് എന്ന സ്വപ്നം സഫലമാക്കണമെന്നുണ്ടെങ്കില്‍ തൃശ്ശൂരിലേക്ക് പോന്നോളൂ.

വാസ്തുകം ദി ഓര്‍ഗാനിക് ആര്‍ക്കിടെക്റ്റ്സ്-ന്‍റെ സാരഥി പി കെ ശ്രീനിവാസന്‍.
കേരളത്തിലും തമിഴ് നാട്ടിലുമൊക്കെ പ്രകൃതിയ്ക്ക് ദോഷം ചെയ്യാത്ത വീടുകള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനായ സിവില്‍ എന്‍ജിനീയര്‍. കേരളത്തില്‍ ചെലവ് കുറഞ്ഞ വീടുകള്‍ സുപരിചിതനാക്കിയ ലാറി ബേക്കറിന്‍റെ ശിഷ്യന്‍ കൂടിയാണ് മുളങ്കുന്നത്തുകാവ് അന്‍പ് വീട്ടിലെ ഈ എന്‍ജിനീയര്‍.

ഒരുപാട് മണ്‍വീടുകള്‍ നിര്‍മ്മിച്ച് കൊടുത്തിട്ടുള്ള ശ്രീനിവാസന്‍ മലയാളികളുടെ ഇഷ്ട എഴുത്തുകാരി സാറ ജോസഫിന്‍റെ മകളും എഴുത്തുകാരിയുമായ സംഗീതയുടെ ജീവിത പങ്കാളി കൂടിയാണ്.

പി കെ ശ്രീനിവാസന്‍

“തൃശൂര്‍ ഗവണ്‍മെന്‍റ് എന്‍ജിനീയറിങ്ങ് കോളെജില്‍ നിന്ന് എന്‍ജിനീയറിങ്ങ് പൂര്‍ത്തിയാക്കി കുറേ വര്‍ഷത്തിന് ശേഷമാണ് മണ്‍വീട് നിര്‍മ്മാണത്തിലേക്കെത്തുന്നത്. അങ്ങനെയൊരു ആവശ്യക്കാരനെ കിട്ടിയതു കൊണ്ടാണ്,” പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന നിര്‍മ്മാണങ്ങളും മണ്‍വീടുകളുമൊക്കെയായി 25 വര്‍ഷത്തിലേറെയായി സജീവമായി നില്‍ക്കുന്ന ശ്രീനിവാസന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“എന്‍ജിനീയറിങ്ങ് ക്ലാസുകളിലൊന്നും മണ്ണ് എന്ന മെറ്റീരിയലിനെക്കുറിച്ച് പരാമര്‍ശിക്കുന്നു പോലുമില്ല. സിമന്‍റ്, ഇഷ്ടിക, കല്ല്, സ്റ്റീല്‍ ഇതേക്കുറിച്ചൊക്കെ പഠിപ്പിക്കുമ്പോഴും മണ്ണ് വരുന്നില്ല,” അദ്ദേഹം തുടരുന്നു.

വിയ്യൂര്‍ പാണ്ടിക്കാവില്‍ നിര്‍മ്മിച്ച വീട്

“അന്നുമാത്രമല്ല ഇന്നും ഇതുതന്നെയാണ് അവസ്ഥ. പിന്നീട് മണ്‍വീടിനെ കുറിച്ച് പഠിക്കാനൊക്കെ ശ്രമിച്ചു. അന്നാണ് നമ്മള്‍ പണ്ടുനാളില്‍ കണ്ടതിലേറെയും മണ്ണില്‍ നിര്‍മ്മിച്ചതായിരുന്നുവെന്നു തിരിച്ചറിയുന്നത്.

“പക്ഷേ ആദ്യമൊന്നും മണ്‍വീടുകള്‍ ചെയ്തിരുന്നില്ല. കോസ്റ്റ്ഫോര്‍ഡിനൊപ്പമായിരുന്നു തുടക്കം. അക്കാലത്ത് അവരും മണ്ണ് പ്രയോജനപ്പെടുത്തിയിരുന്നില്ല.

“ഇഷ്ടികയിലായിരുന്നല്ലോ ലാറി ബേക്കറിന്‍റെ പരീക്ഷണങ്ങള്‍. പക്ഷേ, അദ്ദേഹം മണ്ണിനെക്കുറിച്ചാണ് കൂടുതലും പറഞ്ഞു കൊണ്ടിരുന്നത്. മണ്ണില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അന്ന് സാധിക്കാതെ പോയതാകും.

ശ്രീനിവാസന്‍റെ അന്‍പ് എന്ന മണ്‍വീട്

“തൃശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമയുടെ മുറ്റത്താണ് ലാറി ബേക്കറിനെ കണ്ടുമുട്ടുന്നത്. അവിടെ നാടകം കാണാന്‍ വന്നതാണ്. അന്നേരം പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണ ജോലികളുമായി ബേക്കറുമുണ്ട്.

“അദ്ദേഹത്തെ പരിചയപ്പെട്ടു. എന്‍ജിനീയറാണെന്നു പറഞ്ഞതോടെ വേണമെങ്കില്‍ ഒപ്പം കൂടിക്കോളൂവെന്നാ പറഞ്ഞത്. പക്ഷേ, വോളന്‍ററി ഓര്‍ഗനൈസേഷനാണ്, വരുമാനം ഉണ്ടാകില്ല. അതുമാത്രമല്ല കുറച്ചൊക്കെ അലയേണ്ടിയും വരുമെന്നൊക്കെ അദ്ദേഹം പറഞ്ഞു.

“അതുകേട്ടപ്പോ കൂടുതല്‍ താത്പ്പര്യം തോന്നി. എന്‍ജിനീയറിങ്ങ് കഴിഞ്ഞു ഒരു വര്‍ഷമാകുന്നതേയുള്ളൂ. നാടകങ്ങളും സിനിമയുമായി അലയുന്ന കാലവും. അപ്പോ പിന്നെ അദ്ദേഹം പറഞ്ഞതൊക്കെ ഇഷ്ടപ്പെടാതിരിക്കുമോ.

“കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിനൊപ്പം ചേര്‍ന്നു. 1988-ലാണ് കോസ്റ്റ്ഫോര്‍ഡില്‍ ചേരുന്നത്. പിന്നീട് രണ്ടു മൂന്നു വര്‍ഷം കോസ്റ്റോഫോര്‍ഡില്‍. പരിചയക്കാരും മറ്റുമായി വര്‍ക്കുകള്‍ കിട്ടിത്തുടങ്ങി.

“ബേക്കറിന്‍റെ ശിഷ്യനായത് കൊണ്ടുതന്നെ ഇഷ്ടികയില്‍ എങ്ങനെ പണിയണമെന്നൊക്കെ നന്നായി അറിയാം. വരച്ച് കൊടുത്ത് കെട്ടിടം നിര്‍മ്മിക്കുകയല്ല

“നമ്മളും കൂടെ നിന്ന് പണിയിപ്പിച്ച് കൊടുക്കുന്ന രീതിയായിരുന്നു കോസ്റ്റോഫോര്‍ഡിന്. അതുകൊണ്ട് എങ്ങനയൊക്കെ ഇഷ്ടിക ഉപയോഗിച്ച് നിര്‍മ്മാണങ്ങള്‍ നടത്തണമെന്നു അവിടുള്ളവര്‍ക്ക് അറിയാം.

“ബേക്കറിനൊപ്പം കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആ കിട്ടിയ നാളുകളിലെ ക്ലാസുകളും ഇടപെടലുകളും ടിപ്സുകളുമൊക്കെ എക്കാലത്തും ഉപകരിക്കുന്നതായിരുന്നു.”

കോസ്റ്റോഫോര്‍ഡില്‍ നിന്നിറങ്ങിയ ശേഷം 1992-93 കാലഘട്ടത്തിലാണ് ശ്രീനിവാസന്‍ വാസ്തുകം എന്ന സ്ഥാപനം ആരംഭിക്കുന്നത്. വാസ്തുകത്തിലെത്തിയ ശേഷമാണ് മണ്‍വീട് നിര്‍മ്മാണത്തില്‍ സജീവമാകുന്നത്.

എന്നാല്‍ അന്ന് മണ്‍വീട് നിര്‍മ്മാണം അത്ര സുപരിചിതമല്ലല്ലോ. അതുകൊണ്ട് അടുത്തൊന്നും മണ്‍വീട് നിര്‍മ്മിക്കുകയെന്ന സ്വപ്നം നടന്നില്ല. ശ്രീനിവാസന്  ആദ്യമായി മണ്ണിലൊരു കെട്ടിടം നിര്‍മ്മിക്കാന്‍ അവസരം കിട്ടിയത് കേരളത്തില്‍ അല്ല, പോണ്ടിച്ചേരിയിലാണ്.

“പക്ഷേ, ആദ്യ മണ്ണ് പ്രൊജക്റ്റ് അതാണെന്നു പറയാന്‍ പറ്റില്ല. പോണ്ടിച്ചേരിയില്‍ ആദിശക്തി നിര്‍മ്മിക്കുന്നതിന് മുന്‍പ് തൃശൂരിലൊരു മണ്‍വീട് നിര്‍മിച്ചിരുന്നു. ഒരു നാടകപ്രവര്‍ത്തകന് വേണ്ടിയാണ് ആ മണ്‍വീട് നിര്‍മിച്ചത്.  ആദ്യ വര്‍ക്ക് ആയിരുന്നു പക്ഷേ, തകര്‍ന്നു പോയി. മഴയൊക്കെ കൊണ്ട് കിടന്നു. കുറേക്കാലം ശ്രദ്ധിക്കാതെയിരുന്നതോടെ ആ വീട് ഒലിച്ചു പോകുകയായിരുന്നു..

പോണ്ടിച്ചേരിയിലെ ആദിശക്തി

“ഇതിന് ശേഷമാണ് പോണ്ടിച്ചേരിയിലേക്കെത്തുന്നത്. ആദിശക്തി എന്നാണതിന്‍റെ പേര്. ഇതൊരു നാടകസംഘമാണ്. ഇവരുടെ ആര്‍ട്ടിസ്റ്റ് ഗസ്റ്റ് ഹൗസാണ് മണ്ണില്‍ നിര്‍മ്മിച്ചത്.

“രണ്ട് നിലയുള്ള മണ്‍വീടാണ് ആദിശക്തി. തമിഴ്നാട്ടില്‍ പൊതുവേ മഴ കുറവാണല്ലോ. അതുകൊണ്ടു തന്നെ ഒന്നരവര്‍ഷം കൊണ്ടു ആദിശക്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

“രണ്ടര ഏക്കറില്‍ മരങ്ങളും ചെടികളുമൊക്കെയായി നിറയെ പച്ചപ്പുകളൊക്കെയുള്ള ഇടമാണിത്. അവിടെയൊരു നീന്തല്‍ കുളം നിര്‍മ്മിക്കുന്നതിന് വേണ്ടി മണ്ണെടുത്തു.

“ആ മണ്ണ് ഉപയോഗിച്ചാണ് ആദിശക്തി നിര്‍മിച്ചത്. മണ്‍വീട് നിര്‍മ്മാണമൊക്കെ കഴിഞ്ഞ് എട്ടൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ നീന്തല്‍കുളം പണിതതെന്നു മാത്രം.

“മോള്‍ഡുണ്ടാക്കി അതിനുള്ളില്‍ മണ്ണ് നിറച്ച് ബ്ലോക്കുകളായി വീട് നിര്‍മ്മിക്കുന്ന റാമ്ഡ് എര്‍ത്ത് ശൈലിയിലാണ് ആദിശക്തി നിര്‍മ്മിച്ചത്.

സാറ ജോസഫിന്‍റെ ഗിതാഞ്ജലി എന്ന വീട്

മണ്‍വീട് നിര്‍മ്മാണത്തിന് പല രീതികളുണ്ട്. ടെക്നോളജി അനുസരിച്ച് മണ്ണ് ഉപയോഗിക്കുന്ന രീതിയില്‍ വ്യത്യാസമുണ്ടെന്നു മാത്രം. മണ്ണ് ഉപയോഗിച്ച് പല നിറങ്ങളുണ്ടാക്കിയിട്ടുണ്ട്.

അങ്ങനെയൊരു പ്ലാസ്റ്റര്‍ രീതി പോണ്ടിച്ചേരിയിലെ നിര്‍മാണങ്ങള്‍ക്കിടെ പരീക്ഷിച്ച് കണ്ടെത്തിയതാണ് ശ്രീനിവാസന്‍. “മണ്‍വീടിന് പെയിന്‍റ് അടിക്കില്ലല്ലോ പക്ഷേ, വ്യത്യസ്ത നിറങ്ങളിലുള്ള മണ്ണ് ഉപയോഗിച്ച് പ്ലാസ്റ്റര്‍ ചെയ്താല്‍ നല്ല മിനുസമുള്ള നിറങ്ങള്‍ ലഭിക്കും.” ശ്രീനിവാസന്‍ തുടരുന്നു.


22 വര്‍ഷം മുന്‍പ് ആദിശക്തിയിലാണ് മണ്ണ് കൊണ്ടുള്ള പ്ലാസ്റ്റര്‍ രീതി ആദ്യമായി പരീക്ഷിക്കുന്നത്.


“കിണറില്‍ നിന്നു കിട്ടുന്ന വിളറിയ നിറമുള്ള മണ്ണ്, മേല്‍മണ്ണ്, ചുമന്ന മണ്ണ്, കറുത്ത മണ്ണ് ഇതൊക്കെ ഉപയോഗിച്ചാണ് വീടിന് നിറം നല്‍കുന്നത്.

“പുറം ചുമരിന് മിനുസമോ പരുക്കനോ നല്‍കാം. ചുമര്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മണ്ണ്, മണല്‍, കുമ്മായം ഇവര്‍ ചേര്‍ത്ത് കുഴച്ചാണ് പ്ലാസ്റ്റര്‍ മിശ്രിതം തയാറാക്കുന്നത്.

“മണ്ണില്‍ ഉമിയും വൈക്കോലും ചേര്‍ത്താണ് പരുക്കന്‍ രൂപമുണ്ടാക്കുന്നത്. മണ്ണ് അരിച്ചെടുത്താല്‍ മിനുസമുള്ളതും കിട്ടും. പൂര്‍ണമായും സിമന്‍റ് ഒഴിവാക്കിയല്ല വീട് നിര്‍മ്മിക്കുന്നത്.

“ആളുകള്‍ക്ക് വീടിന്‍റെ ഫിനിഷിങ്ങിലൊക്കെ പ്രത്യേക താത്പ്പര്യമുണ്ടാകും. അപ്പോ കുറച്ച് സിമന്‍റ് ചേര്‍ത്ത് നിര്‍മ്മിക്കാറുണ്ട്. മണ്ണ് മാത്രം ഉപയോഗിച്ചാണെങ്കിലും പ്രശ്നമൊന്നും ഇല്ല. ചെറിയ പൊട്ടലുകളുണ്ടായേക്കാം. അതൊരു പ്രശ്നമല്ല

“പക്ഷേ ആളുകള്‍ക്ക് അതൊക്കെ കാണുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ തോന്നും. അതിന് പരിഹാരമായാണ് സിമന്‍റ് ചേര്‍ക്കുന്നത്. കമ്പിയും വളരെ കുറഞ്ഞ അളവിലാണ് ഉപയോഗിക്കുന്നത്.


ഇതുകൂടി വായിക്കാം:30 വര്‍ഷത്തിനുള്ളില്‍ പല രാജ്യങ്ങളിലായി ലക്ഷത്തിലധികം പ്രകൃതി സൗഹൃദ വീടുകള്‍ നിര്‍മ്മിച്ച പാവങ്ങളുടെ ആര്‍കിടെക്റ്റ്


“വീട് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് നിന്നു തന്നെയുള്ള മണ്ണ് എടുക്കുന്നതാണ് നല്ലത്. ചെലവ് കുറയ്ക്കാമല്ലോ. കേരളത്തില്‍ നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള മണ്‍വീടുകളൊക്കെയുണ്ട്.

“മഴവെള്ളം മണ്‍ചുമരില്‍ വീഴാതെ സംരക്ഷിക്കുക. അതിന് വീടിനോട് ചേര്‍ന്ന് വരാന്ത കെട്ടുകയോ മേല്‍ക്കുര നീളത്തില്‍ നിര്‍മ്മിക്കുകയോ ചെയാല്‍ മാത്രം മതി. ഇങ്ങനെ ശ്രദ്ധിച്ചാല്‍ കാലങ്ങളോളം മണ്‍വീട് നിലനില്‍ക്കും” എന്ന് ശ്രീനിവാസന്‍.

എല്ലാവര്‍ഷവും പോണ്ടിച്ചേരിയിലെ ആദിശക്തി സന്ദര്‍ശിക്കുമായിരുന്നു ശ്രീനിവാസന്‍. ആദിശക്തിയ്ക്ക് സമീപം അദ്ദേഹത്തിനൊരു മണ്ണില്‍ നിര്‍മിച്ച കോട്ടേജ് ഉണ്ട്.

“രണ്ട് മുറിയുള്ള മണ്‍വീട്. കോബ് രീതിയില്‍ നിര്‍മ്മിച്ച മണ്‍ കോട്ടേജ് ആണത്. ലോക് ഡൗണ്‍ ആയതിനാല്‍ ഇപ്പോ ആറു മാസമായി പോയിട്ട്. ഞാനില്ലാത്തപ്പോ ആ മണ്‍വീട് ഹോംസ്റ്റേയായി കൊടുക്കാറുണ്ട്,” അദ്ദേഹം പറയുന്നു.

“ആദിശക്തിക്ക് ശേഷം മണ്‍വീട് നിര്‍മ്മിച്ചതും പോണ്ടിച്ചേരിയില്‍ തന്നെയാണ്. ഫ്രഞ്ച് ദമ്പതികള്‍ക്ക് വേണ്ടി ആദിശക്തിക്ക് സമീപം തന്നെയായിരുന്നു. സിസില്ലെ റൊമാനിയയ്ക്ക് വേണ്ടി നല്ല ഒതുക്കമുള്ളൊരു വീടാണ് ഉണ്ടാക്കിയത്.  പോണ്ടിച്ചേരിയില്‍ തന്നെ ഒരുപാട് വീടുകള്‍ നിര്‍മ്മിച്ചിരുന്നു.

“19 വര്‍ഷം മുന്‍പാണ് എന്‍റെ വീട് പണിയുന്നത്. അന്‍പ് എന്നാണ് വീടിന്‍റെ പേര്. പൂര്‍ണമായും മണ്ണിലാണിത് നിര്‍മിച്ചിരിക്കുന്നത്. മണ്ണ് കൊണ്ടുള്ള പ്ലാസ്റ്റിങ്ങ് രീതി വീട്ടിലും ചെയ്തിട്ടുണ്ട്.

ആദിവാസി മേഖലയിലുള്ളവര്‍ക്കായി നിര്‍മ്മിച്ച വീട്

“എട്ടര ലക്ഷം രൂപയ്ക്ക് 1,900 ചതുരശ്ര അടി വലിപ്പമുള്ള വീടാണിത്. മണ്‍വീട് എന്നു കേള്‍ക്കുമ്പോ പലരും കാശ് കുറവ് മതിയല്ലോ എന്നു ചോദിക്കാറുണ്ട്. പക്ഷേ എനിക്കതിനോട് യോജിപ്പില്ല.

“ചെലവ് കുറവ്, ഫാന്‍ വേണ്ട, ഏസി വേണ്ട എന്നൊന്നും പറയുന്നില്ല. മണ്ണിനെ അങ്ങനെ കുറച്ച് കാണേണ്ട ആവശ്യമില്ല. ഫിനിഷിങ് കഴിഞ്ഞ മണ്‍വീടിന് സെവന്‍ സ്റ്റാര്‍ ലുക്കാണ്.

“ഇത്തരം വീടുകള്‍ക്ക് പെയ്ന്‍റ് പോലും അടിക്കേണ്ട ആവശ്യമില്ല.


സിമന്‍റ് കെട്ടിടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തരം വീടുകള്‍ക്ക് ചൂട് കുറവ് തന്നെയാണ്.


“വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എട്ടര ലക്ഷം രൂപയ്ക്ക് അന്‍പ് നിര്‍മിച്ചത്. അന്നത്തെ സാഹചര്യമല്ലല്ലോ ഇന്നുള്ളത്. കോസ്റ്റ്ഫോര്‍ഡില്‍ ജോലി ചെയ്യുന്ന കാലം ഒരു ചാക്ക് സിമന്‍റിന് 100-120 രൂപയായിരുന്നു വില.

“തൊഴിലാളികള്‍ക്കുള്ള കൂലി അമ്പതോ അറുപതോ രൂപയായിരുന്നു. പക്ഷേ ഇന്ന് അങ്ങനെയാണോ. 400-450 രൂപ വേണം സിമന്‍റിന്. തൊഴിലാളികള്‍ക്ക് കൂലി മിനിമം 1,000 രൂപയാണ്.”

ഒരേ സമയം ചെലവ് കുറച്ച് പ്രകൃതി സൗഹാര്‍ദ വീട് നിര്‍മ്മാണം അത്ര എളുപ്പമല്ലെന്നും മണ്ണ് കിട്ടാനുള്ള ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ശ്രീനിവാസന്‍ നിര്‍മ്മിച്ച ഒരു മണ്‍വീടിന്‍റെ അകം

വയനാട് മേപ്പാടിയിലെ ആദിവാസികള്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുക്കുന്ന പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റയിലെ എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് സെന്‍റര്‍ മുഖേന കുറച്ച് മണ്‍വീടുകള്‍ നിര്‍മ്മിച്ചിരുന്നു.

സര്‍ക്കാരിന്‍റെയും സഹകരണത്തോടെയുള്ള പദ്ധതിയുടെ വീട് നിര്‍മ്മാണം ശ്രീനിവാസനായിരുന്നു. “ആറേഴ് വര്‍ഷം മുന്‍പ് അങ്ങനെയൊരു ആവശ്യവുമായി എന്നെ സമീപിച്ചപ്പോള്‍ ആ പദ്ധതി ഏറ്റെടുത്തു” എന്ന് ആ എന്‍ജിനീയര്‍ പറയുന്നു.

“വണ്ടിയൊന്നും പോകാത്ത മൂന്നടി മാത്രം വീതിയുള്ള വഴിയാണ്. ആ പ്രദേശത്ത് കുറച്ചു വീടുകള്‍ മാത്രമേയുള്ളൂ. പത്ത് വീടുകള്‍ നിര്‍മ്മിക്കാനുള്ള അനുവാദമാണ് ലഭിച്ചിരിക്കുന്നത്.

“അന്നേരം എന്‍റെ വീടിന്‍റെ നിര്‍മ്മാണം കഴിഞ്ഞിരുന്നല്ലോ, ആ ഗുണങ്ങളൊക്കെ എല്ലാവരോടും പറഞ്ഞു. മാത്രമല്ല മണ്ണ് വീട് നിര്‍മ്മിക്കാന്‍ പുറമേ നിന്ന് ആളെ കൊണ്ടുവരുന്നില്ലെന്നും പറഞ്ഞു.  അവര്‍ക്ക് വേണ്ട വീട് അവര് തന്നെ നിര്‍മ്മിക്കുന്നു. സ്വന്തം വീട് നിര്‍മ്മിക്കുന്നതിന്‍റെ കൂലിയും കിട്ടും.  അതിനൊപ്പം പുതിയൊരു ടെക്നോളജി അവരെ പരിചയപ്പെടുത്തുകയും പഠിപ്പിക്കുകയുമാണ്.

വയനാട്ടിലെ മീര രാജേഷിന്‍റെ വീട്

“അതൊക്ക അവരോട് സംസാരിച്ചുറപ്പിച്ചു. ആ വീടുകളുടെ ഫ്ലോറിങ്ങിന് മാത്രമേ ഇവിടെ നിന്നുള്ള എന്‍റെ തൊഴിലാളികളെ കൊണ്ടുപോയുള്ളൂ. ആറു മാസം കൊണ്ട് ആ പത്ത് വീടുകള്‍ പണിതു.

“അതില്‍ എണ്‍പത് ശതമാനത്തോളം കൂലി അവിടെയുള്ള ആദിവാസികള്‍ക്ക് തന്നെയാണ് കിട്ടിയത്. അതൊരു വലിയ കാര്യമായി തന്നെയാണ് എനിക്ക് തോന്നിയത്.


അവര്‍ക്ക് ഇഷ്ടമുള്ള വീട് അവര് തന്നെ നിര്‍മ്മിക്കുന്നു, അതിന്‍റെ കൂലി അവര്‍ക്കു തന്നെ കിട്ടുന്നു.


“അതിന്‍റെ ഉദ്ഘാടനമൊക്കെ കഴിഞ്ഞു, ആളുകള്‍ താമസവും തുടങ്ങി. പിന്നീട് അവിടേക്ക് പോയിട്ടില്ല. പക്ഷേ, കുറച്ചുകാലത്തിന് ശേഷം അറിഞ്ഞത്, ആ വീടുകളിലേക്കുള്ള റോഡിന്‍റെ വീതിയൊക്കെ കൂട്ടിയെന്നും ആ പ്രദേശത്ത് നിറയെ കോണ്‍ക്രീറ്റ് വീടുകളുമാണെന്ന്.

“പ്രകൃതിയെ സംരക്ഷിക്കാന്‍ എല്ലാവരും കൂടിയാണ് ശ്രമിക്കേണ്ടത്.” ഭരണാധികാരികള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നു ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ക്കുന്നു.

വയനാട് കാട്ടിക്കുളത്തിന് അടുത്ത് പനവല്ലിയിലാണ് മീരയുടെയും രാജേഷിന്‍റെയും വീട്. ശ്രീനിവാസനാണ് ഇവരുടെ മണ്‍വീട് നിര്‍മ്മിച്ചുനല്‍കിയത്. ഏഴ് വര്‍ഷം മുന്‍പാണ് ഈ വീട് നിര്‍മ്മിച്ചതെന്നു മീര പറയുന്നു.

“പൂര്‍ണമായും മണ്ണില്‍ നിര്‍മ്മിച്ച വീടാണിത്. പ്രകൃതി സൗഹാര്‍ദമായ വീട് നിര്‍മ്മിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. സ്വാമിനാഥന്‍ റിസര്‍ച്ച് സെന്‍ററിന് വേണ്ടി ശ്രീനിവാസന്‍ നിര്‍മിച്ച മണ്‍വീടുകളെക്കുറിച്ചുള്ള ആര്‍ട്ടിക്കള്‍ വായിച്ചു.

“അങ്ങനെയാണ് ഞങ്ങളും അദ്ദേഹത്തിലേക്കെത്തുന്നത്. ഞങ്ങളുടെ വീടിനെക്കുറിച്ചുള്ള ആശയങ്ങളും താത്പ്പര്യങ്ങളുമൊക്കെ അദ്ദേഹത്തോട് പങ്കുവച്ചിരുന്നു. അതൊക്കെ പരിഗണിച്ചായിരുന്നു വീട് നിര്‍മ്മാണവും.

“ഒരു വര്‍ഷം കൊണ്ടാണിതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സിറ്റ്ഔട്ടും അറ്റാച്ച്ഡ് ബാത്ത്റൂമിനോടു കൂടി രണ്ട് കിടപ്പുമുറികള്‍, ഡൈനിങ് ഏരിയ, വര്‍ക്ക് ഏരിയ ഇതൊക്കെ അടങ്ങുന്ന ഓടിട്ട വീടാണിത്.

“പൂര്‍ണമായും തെങ്ങ് ആണ് ഉപയോഗിച്ചിരിക്കുന്ന മരം. വീടിന്‍റെ തൂണുകളും തെങ്ങിലാണ് നിര്‍മിച്ചിട്ടുള്ളത്. മഡ് പ്ലാസ്റ്ററിങ്ങ് രീതിയിലാണ് ചുമരുകള്‍ ചെയ്തിരിക്കുന്നത്.”

ഓക്സ്‍സൈഡ് ഫ്ലോറിങ്ങ് രീതിയിലാണ് നിലം ചെയ്തിരിക്കുന്നതെന്നും മീര പറഞ്ഞു. ഐടി രംഗത്തെ ജോലി ഉപേക്ഷിച്ച് പശ്ചിമഘട്ടത്തിലെ മരങ്ങളുടെ സംരക്ഷണത്തിനായി ആരംഭിച്ച ഫോറസ്റ്റ് ഫസ്റ്റ് എന്ന എന്‍ ജി ഒ-യുടെ പ്രവര്‍ത്തനങ്ങളിലാണ് മീര.

വീട്ടുകാര്‍ക്കും മണ്‍വീട് നിര്‍മാണം ഇഷ്ടമാണ്. അങ്ങനെയാണ് അന്‍പ് നിര്‍മ്മിച്ചതെന്നു ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. സാറാ ജോസഫിന്‍റെ ഗീതാജ്ഞലി എന്ന വീടും ശ്രീനിവാസനാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ മകള്‍ മേധയും എന്‍ജിനീയറാണ്.

ഫോട്ടോ : വാസ്തുകം ദ് ഓര്‍ഗാനിക് ആര്‍ക്കിടെക്റ്റ്സ്


ഇതുകൂടി വായിക്കാം:കവുങ്ങ് കൊണ്ട് ഇരുനില വീട്, കോൺക്രീറ്റില്ല! 2,640 സ്ക്വയർ ഫീറ്റ്, ചെലവ് ₹18 ലക്ഷം


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം