കോല്‍ത്തേനീച്ചയുടെ അട. ഫോട്ടോ-കടപ്പാട്: ഫേസ്ബുക്ക്/ ബിജു ജോസഫ്

പശുവില്‍ നിന്ന് തേനീച്ചയിലേക്ക്! കടല്‍ കടന്ന ഔഷധത്തേന്‍ പെരുമയുമായി ഒരു ഗ്രാമം

പാലക്കാട്ടെ ഈ മലയോരപ്രദേശം സമ്പൂര്‍ണ തേന്‍ ഗ്രാമമാവാനുള്ള പരിശ്രമത്തിലാണ്. എല്ലാ വീട്ടിലും തേനീച്ചവളര്‍ത്തല്‍ എന്നതാണ് ലക്ഷ്യം. ഏതാണ്ട് പകുതിയിലധികം വീടുകളിലും തേ‍നീച്ചകൃഷിയുണ്ട്.

ശുവിനെ വളര്‍ത്തുന്ന ചെറുകിട കര്‍ഷകര്‍ക്കറിയാം അതിന്‍റെ പാട്. ഒരാള്‍ സഹായത്തിനില്ലെങ്കില്‍ വീട്ടില്‍ നിന്നൊന്ന് മാറിനില്‍ക്കാന്‍ പോലും കഴിയില്ല. എന്നാല്‍ പലപ്പോഴും ആ അധ്വാനത്തിനുള്ള മെച്ചമൊന്നും കിട്ടുകയുമില്ല.

പാലക്കാട് തച്ചമ്പാറയിലെ ബിജു ജോസഫും കാലങ്ങളായി പശുവിനെ പോറ്റിവരുന്ന ആളാണ്. രണ്ട് പശുക്കള്‍ക്ക് തീറ്റയും ചികിത്സയും മറ്റ് ചെലവുകളും അധ്വാനവും സമയവുമൊക്കെ തട്ടിക്കിഴിച്ചുനോക്കിയാല്‍ വലിയ ലാഭമൊന്നുമില്ലെന്ന് ബിജുവിന് തോന്നാന്‍ തുടങ്ങിയിട്ട് കുറേക്കാലമായിരുന്നു.

Image for representation. Photo: Pexels.com

എന്നാല്‍ വീട്ടിലെ ആവശ്യത്തിനു പാലും തൈരുമൊക്കെ കിട്ടും. സൊസൈറ്റിയിലെ അളവ്, അയല്‍പക്കാര്‍ക്ക് നാഴിയും ഉരിയുമൊക്കെയായി ചില്ലറ വില്‍പന…അങ്ങനെ ചില്ലറയായി കുറച്ച് പൈസ കയ്യിലുണ്ടാവുമെന്നതാണ് കാര്യം. പിന്നെ പറമ്പ് കൃഷിക്ക് ചാണകം അന്വേഷിച്ച് വേറെ എങ്ങും പോകേണ്ട. അങ്ങനെയുള്ള ഗുണങ്ങളുമുണ്ട്.


സ്വകാര്യ ആവശ്യങ്ങള്‍ക്കായി പോലും വീട്ടില്‍ നിന്നും ഒന്ന് മാറി നില്‍ക്കണം എന്നാഗ്രഹിച്ചാല്‍ പോലും കഴിയില്ല


എന്നാലും പശുവളര്‍ത്തലിനൊപ്പം സൈഡായി എന്തെങ്കിലും ചെയ്താലെ ശരിയാകൂ എന്ന തോന്നല്‍ മനസ്സിലുണ്ടായിരുന്നു. പക്ഷേ, എന്ത്?

“പശുവിനെ വളര്‍ത്തുമ്പോള്‍ കുറേ സമയം ചെലവഴിക്കേണ്ടി വരും,” തച്ചമ്പാറക്കാരന്‍ സുരേഷും പറയുന്നു. “ദിവസവും പാല്‍ കറന്നു സൊസൈറ്റികളിലോ വീടുകളിലോ എത്തിച്ച് വില്‍പ്പന നടത്തണം. സ്വകാര്യ ആവശ്യങ്ങള്‍ക്കായി പോലും വീട്ടില്‍ നിന്നും ഒന്ന് മാറി നില്‍ക്കണം എന്നാഗ്രഹിച്ചാല്‍ പോലും കഴിയില്ല.”

അങ്ങനെയിരിക്കുമ്പോഴാണ് പഞ്ചായത്തിന് കീഴില്‍ തേനീച്ച വളര്‍ത്തലില്‍ പരിശീലനം കൊടുക്കുന്നത്.

അവിടെ നിന്നും കിട്ടിയ അറിവും ആവേശവും കൊണ്ട് ഒരു കൈ നോക്കാന്‍ തന്നെ ബിജു തീരുമാനിച്ചു. ആയിരം രൂപ മുടക്കി തേനീച്ച വളര്‍ത്തല്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പാണത്.

പിന്നീട് തിരിഞ്ഞുനോക്കിയില്ല. ഇന്ന് തച്ചമ്പാറയിലെ അറിയപ്പെടുന്ന തേന്‍ കര്‍ഷകനാണ് ബിജു. കാര്യമായ അധ്വാനമില്ലാതെ തേനറകള്‍ നിറയും. ആ പണി തേനീച്ചകള്‍ എടുക്കും. ബിജുവിനാണെങ്കില്‍ സ്വന്തമായി ഇഷ്ടം പോലെ സമയവും കിട്ടും.

ഇന്ന് ഒരു ബിജു ജോസഫിന്‍റെയും സുരേഷിന്‍റെയും മാത്രം കഥയല്ല. തച്ചമ്പാറ എന്ന മലയോരഗ്രാമത്തില്‍ ഇന്ന് തേനൊഴുകുകയാണ്. കേരളത്തിലെ തേന്‍ഗ്രാമം എന്ന പേരെടുത്തുകഴിഞ്ഞു ഈ പ്രദേശം. മിക്കവാറും എല്ലാ വീട്ടിലും ഒരു തേനീച്ചക്കൂടെങ്കിലും ഉണ്ട്. വന്‍തേനിന് പുറമെ കൂടുതല്‍ ഔഷധമൂല്യമുള്ള ചെറുതേനും ഇവിടെ ധാരാളമായി ഉല്‍പാദിപ്പിക്കുന്നു.

ഇവിടെ ഉല്‍പാദിപ്പിക്കപ്പെടുന്ന വന്‍തേനിനും ഔഷധഗുണമേറെയാണ് എന്നാണ്  പറയപ്പെടുന്നത്.


ഇതുകൂടി വായിക്കാം: ‘പറക്കാന്‍ ചിറകുവേണമെന്നില്ല, ഉള്ളിലൊരു ആകാശമുണ്ടായാലും മതി’


അതിന് പിന്നില്‍ തച്ചമ്പാറയുടെ ഭൂമിശാസ്ത്രം കൂടി വലിയ പങ്കുവഹിക്കുന്നുണ്ട്.
പശ്ചിമഘട്ടം അതിരിടുന്ന ഗ്രാമം. കാട്ടിലും കാട്ടുപൂക്കളിലും പാറിച്ചെന്ന് തേനീച്ചകള്‍ ഔഷധഗുണമുള്ള തേനും പൂമ്പൊടിയുമൊക്കെ ശേഖരിക്കും. കൂടാതെ വിശാലമായ റബര്‍ തോട്ടങ്ങള്‍. റബര്‍ പൂക്കുന്ന കാലത്തും തേനറകള്‍ നിറഞ്ഞുകവിയും.

തച്ചമ്പാറ ഒരു കാര്‍ഷിക ഗ്രാമമാണ്. പച്ചക്കറികളും നെല്ലും വാഴയുമൊക്കെ നന്നായി വിളയുന്ന പ്രദേശം.

ബിജു ജോസഫും ഭാര്യ രേഖയും

“ഗ്രാമത്തില്‍ നിരവധിയാളുകള്‍ പത്തും ഇരുപതും വര്‍ഷമായി തേന്‍കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്രയധികം ആളുകള്‍ തേനീച്ചകൃഷിയിലേക്ക് വരുന്നത് നാലഞ്ച് വര്‍ഷം മുന്‍പാണ്,” ബിജു ജോസഫ് പറയുന്നു.


ഇതുകൂടി വായിക്കാം: പത്താംക്ലാസ് തോറ്റ് കുന്നുകയറിയ ഹമീദ് പിന്നെ തിരിഞ്ഞുനോക്കിയില്ല: കാട്ടുതേനിന്‍റെ മധുരമുള്ള വിജയകഥ


“മുന്‍പൊക്കെ ഇവിടെ ചെറുതേന്‍ മാത്രമായിരുന്നു കൃഷി. ഇപ്പോള്‍ വന്‍തേനും നല്ല രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്. വലിയ ബുദ്ധിമുട്ടില്ല, നല്ല മികച്ച വരുമാനം കിട്ടും… ഇതൊക്കെയാണ് കര്‍ഷകരെ ആകര്‍ഷിക്കുന്നത്.”


ഔഷധഗുണമേറിയ തേന്‍ തേടി ദിവസവും ഇവിടെ ആളുകളെത്തുന്നു.


ചുരുങ്ങിയ കാലം കൊണ്ട് തച്ചമ്പാറ തേന്‍ പ്രശസ്തമായി. ബ്രാന്‍ഡ് ചെയ്യാതെ തന്നെ ഒരു ബ്രാന്‍ഡായി അത് മാറി. ഔഷധഗുണമേറിയ തേന്‍ തേടി ദിവസവും ഇവിടെ ആളുകളെത്തുന്നു.

കോല്‍ത്തേനീച്ചയുടെ അട. ഫോട്ടോ-കടപ്പാട്: ഫേസ്ബുക്ക്/ ബിജു ജോസഫ്

പഠനത്തോടൊപ്പവും സൈഡ് ബിസിനസ് എന്ന രീതിയിലും തേനീച്ച കൃഷി ചെയ്യുന്നവര്‍ ഇവിടെ ഒരുപാടുണ്ട്. നാലഞ്ച് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ യുവാക്കള്‍ ഈ മേഖലയിലേക്ക് കടന്നു വന്നു.

തേന്‍കൃഷിയിലൂടെ സുഹൃത്തുക്കള്‍ മികച്ച വരുമാനം നേടുന്നത് കണ്ടാണ് തച്ചമ്പാറയിലെ സുധീഷും ഈ മേഖലയിലേക്ക് കടന്നു വരുന്നത്. ഒരൊറ്റ കൂടുമായി തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ സുധീഷ് ഇന്ന് ഇതില്‍ നിന്നും നല്ല വരുമാനം നേടുന്നു.

“തേനീച്ചപ്പെട്ടി വച്ചാല്‍ പിന്നെ മഴയില്‍ നിന്നുള്ള പരിചരണം മാത്രം ശ്രദ്ധിച്ചാല്‍ മതി,” പശുവളര്‍ത്തലില്‍ നിന്ന് തേനീച്ചകൃഷിയിലേക്ക് മാറിയ സുരേഷ് വിശദമാക്കുന്നു. “മഴക്കാലത്ത് തേനെടുക്കാന്‍ പുറത്ത് പോകാന്‍ തേനീച്ചയ്ക്ക് ആവില്ല. ആ സമയത്ത് പഞ്ചസാര ലായനി നല്‍കി കൂട് സംരക്ഷിക്കണം. ആ ഒരു ചുമതല മാത്രമാണ് തേന്‍കൃഷിക്ക് ഉള്ളത്. അതിനാല്‍ രണ്ട് പശുക്കള്‍ക്ക് പകരം 20 പെട്ടി തേനീച്ചക്കൂട് ഉണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായി,” ആ കര്‍ഷകന്‍ സ്വന്തം അനുഭവത്തില്‍ നിന്ന് പറയുന്നു.

ഓരോ വീട്ടിലും ഓരോ തേനീച്ചക്കൂട്

തച്ചമ്പാറയിലെ തേനിന്‍റെ ഔഷധപ്പെരുമയറിഞ്ഞ് ഇന്ന് വിദേശത്തുനിന്നുപോലും ആവശ്യക്കാരെത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. “പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഓര്‍ഡര്‍ ലഭിക്കുന്നത്. കുവൈറ്റ്, ദുബായ് എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്ന് തേനെത്തിച്ചിട്ടുണ്ട്… ഉപയോഗിച്ചവരില്‍ നിന്ന് കേട്ടറിഞ്ഞാണ് വിദേശത്തുനിന്നുള്ള ആവശ്യക്കാര്‍ വരുന്നത്,” ബിജു ജോസഫ് വിശദമാക്കുന്നു.

Picture for representation. Photo source: Pexels.com

തച്ചമ്പാറയുടെ തേന്‍ പെരുമ കടല്‍ കടന്നപ്പോള്‍ നാട്ടുകാര്‍ക്ക് കൂടുതല്‍ ആവേശവും പ്രതീക്ഷയുമായി. തച്ചമ്പാറയെ സമ്പൂര്‍ണ തേന്‍ ഗ്രാമമാക്കി മാറ്റുമെന്ന തീരുമാനത്തിലാണ് ഇപ്പോള്‍ കര്‍ഷകര്‍. ഇന്ന് വീട്ടമ്മമാരും കൂടുതല്‍ ഉത്സാഹത്തോടെ തേന്‍കൃഷിയില്‍ സജീവമാണ്.


ഒരു വന്‍ തേനീച്ചപ്പെട്ടിയില്‍ നിന്നും വര്‍ഷം 4,000 രൂപയ്ക്കടുത്തും ചെറുതേനീച്ചപെട്ടിയില്‍ നിന്നും 3,000 രൂപക്കടുത്തും വരുമാനം ലഭിക്കുന്നു.


രണ്ട് മുതല്‍ നൂറു തേന്‍പെട്ടി വരെ സ്വന്തമായുള്ള കര്‍ഷകര്‍ ഇന്നിവിടെയുണ്ട്. ഒരു തേന്‍പെട്ടി സ്ഥാപിക്കുന്നതിന് ചെലവ് 1,500 രൂപയാണ് വരുന്നത്. ഇത് അത്രവലിയൊരു ചെലവായിട്ട് കര്‍ഷകര്‍ക്ക് തോന്നുന്നില്ല. കാരണം, ഒരു പെട്ടിയില്‍ നിന്നും വര്‍ഷത്തില്‍ പത്ത് മുതല്‍ പന്ത്രണ്ട് ലിറ്റര്‍ വരെ ലഭിക്കും. അതായത് ഒരു വന്‍ തേനീച്ചപ്പെട്ടിയില്‍ നിന്നും 4,000 രൂപയ്ക്കടുത്തും ചെറുതേനീച്ചപെട്ടിയില്‍ നിന്നും 3,000 രൂപക്കടുത്തും വരുമാനം ലഭിക്കുന്നു. ചെറുതേനീച്ചപെട്ടിയില്‍ തേനിന്‍റെ അളവ് കുറവായിരിക്കും.

Image for representation. Photo: Pexels.com

വര്‍ഷത്തില്‍ ഒരു സീസണില്‍ മാത്രമാണ് വിളവെടുപ്പ് നടത്തുക. സാധാരണയായി ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് തേന്‍ ലഭിക്കുന്നത്, ബിജു ജോസഫ് പറയുന്നു. ഇക്കാലത്ത്, എട്ടുതവണ തേന്‍ ശേഖരിക്കാന്‍ കഴിയും. ഏഴുമുതല്‍ എട്ടുദിവസത്തെ ഇടവേള കൊടുക്കണം. ചിലയിടങ്ങളില്‍ ആളുകള്‍ അഞ്ച് ദിവസം കൂടുമ്പോള്‍ തേന്‍ ശേഖരിക്കും. അങ്ങനെയുള്ള തേനിന് ഗുണം കുറവായിരിക്കും.


ഇതുകൂടി വായിക്കാം: കൊച്ചി നഗരത്തില്‍, കോടികള്‍ വിലയുള്ള രണ്ടേക്കര്‍ കാടിന് നടുവില്‍ ഒരു കുടുംബം: ആ തീരുമാനത്തിന് പിന്നില്‍


“ഇവിടെ നേരിട്ടുവരുന്ന ആവശ്യക്കാര്‍ക്ക് ചില കര്‍ഷകര്‍ നേരിട്ട് തേനീച്ചക്കൂട്ടില്‍ നിന്ന് തേന്‍ ശേഖരിച്ച് കൊടുക്കാറുണ്ട്,” അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രളയത്തെത്തുടര്‍ന്ന് ഇത്തവണ കര്‍ഷകര്‍ അല്‍പം ക്ഷീണത്തിലാണ്. പ്രളയത്തില്‍ തേനീച്ചക്കൂടുകള്‍ തകര്‍ന്ന് കൃഷി നശിച്ചിരുന്നു.പ്രളയസമയത്ത് കേരളത്തില്‍ 40 ശതമാനം തേനീച്ചകള്‍ നശിച്ചുവെന്ന് മണി എന്ന കര്‍ഷകന്‍ പറയുന്നു.

അവശേഷിച്ച തേനീച്ചകളില്‍നിന്ന് കോളനിവിഭജനം നടത്താന്‍ കാര്യമായി കഴിഞ്ഞതുമില്ല. ഇതോടെ കേരളത്തില്‍ ഇത്തവണ തേന്‍ ഉത്പാദനം 60 ശതമാനം ഇടിഞ്ഞു. എന്നാല്‍ തച്ചമ്പാറയുടെ തേന്‍പെരുമക്ക് അത്രമേല്‍ കോട്ടമൊന്നും വന്നില്ലെന്നും പറയാം.


തച്ചമ്പാറ തേനിന് ഭൗമ സൂചികാ പദവി നേടാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍


തച്ചമ്പാറയില്‍ പ്രളയത്തിന് ശേഷം തേന്‍കൃഷി വീണ്ടും സജീവമാകുമ്പോള്‍ ചെറുതേന്‍ കിലോ 2,500 രൂപയും വന്‍തേന്‍ 330 രൂപയുമാണ് വില. മൊത്തമായും ചില്ലറയായും തേന്‍ വില്‍ക്കുന്നുണ്ട്.

ചെറുതേന്‍ കൃഷി വ്യാപകമാക്കുന്നതിനുള്ള പദ്ധതികളിലാണ് തച്ചമ്പാറക്കാര്‍, ഒപ്പം ഇവിടെ നിന്നുള്ള തേനിന് ഭൗമ സൂചികാ പദവി ലഭ്യമാക്കാനുള്ള ശ്രമങ്ങളും മുന്നോട്ടുപോകുന്നു.

തച്ചമ്പാറയിലെ ചെറുതേനീച്ചക്കൂടുകള്‍. കടപ്പാട്: Twitter/അമൃതം ചെറുതേനീച്ച കര്‍ഷക സമിതി

ഇതിനായി കര്‍ഷകരുടെ കൂട്ടായ്മകളും സജീവമാണ്. ഈ കൂട്ടങ്ങള്‍ കര്‍ഷകര്‍ക്ക് വിവരങ്ങള്‍ നല്‍കിയും പുതിയ ആളുകളെ കൃഷിയിലേക്ക് അടുപ്പിച്ചും പലതരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ക്ളാസുകളും നടത്തി വരുന്നു.


ഇതുകൂടി വായിക്കാം: വീട്ടുമുറ്റത്ത് സൗജന്യ ‘എയര്‍കണ്ടീഷനര്‍’ നമുക്കും ഉണ്ടാക്കാം: ഹരിയുടെ ജാപ്പനീസ് മോഡല്‍


അമൃതം, മധുരിമ തുടങ്ങിയ രണ്ടു സംഘടനകള്‍ രുപീകരിച്ച് അവയുടെ നേതൃത്വത്തിലാണ് കൃഷിയും പഠനവും. അമൃതം ചെറുതേനീച്ച കര്‍ഷകരുടെ കൂട്ടായ്മയാണ്. 60 അംഗങ്ങളുണ്ടിതില്‍. വന്‍തേനീച്ച വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് മധുരിമ. ഇതില്‍ ഇപ്പോള്‍ 250 ലേറെ അംഗങ്ങളുണ്ട്. ഒരു വീട്ടില്‍ ഒരു ചെറുതേനീച്ച പെട്ടി എന്ന ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളിലാണിവര്‍.

അമൃതം ചെറുതേനീച്ച കര്‍ഷക സമിതിയുടെ പ്രധാന പ്രവര്‍ത്തകരായ ജിതനും ഉബൈദും. ഫോട്ടോ: Twitter/ അമൃതം ചെറുതേനീച്ച കര്‍ഷക സമിതി

തേനീച്ചപ്പെട്ടികള്‍ റബര്‍ത്തോട്ടങ്ങളിലും തെങ്ങിന്‍തോപ്പുകളിലും സ്ഥാപിക്കുന്നു. ചെറുതേനീച്ചപെട്ടി വയ്ക്കുന്നത് പൂന്തോട്ടങ്ങളിലാണ്. കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം തന്നെ ശരാശരി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ശരാശരി നൂറു പെട്ടിയില്‍ നിന്നും ഒരു ടണ്‍ തേന്‍ ഉല്‍പ്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം.


കേരളത്തില്‍ ആദ്യമായി സംഘടിതമായി ചെറുതേനീച്ചക്കൃഷി ആരംഭിച്ചത് തച്ചമ്പാറയിലെ കര്‍ഷകരാണ്


“ഒരു പെട്ടിയില്‍ നിന്ന് 20 കിലോ വരെ തേന്‍ ശേഖരിച്ച് തച്ചമ്പാറയുടെ അഭിമാനമായ കര്‍ഷകരുണ്ടിവിടെ,” ബിജു ജോസഫ് പറഞ്ഞു.

കേരളത്തില്‍ ആദ്യമായി സംഘടിതമായി ചെറുതേനീച്ചക്കൃഷി ആരംഭിച്ചത് തച്ചമ്പാറയിലെ കര്‍ഷകരാണ് എന്ന് ബിജു പറയുന്നു.

ചെറുതേനീച്ച വളര്‍ത്തല്‍ താരതമ്യേന എളുപ്പമാണെന്ന് കര്‍ഷകര്‍ പറയുന്നു. ഈ തേനീച്ചകള്‍ കുത്തില്ല എന്നതിനാല്‍ കുട്ടികള്‍ക്കും കൈകാര്യം ചെയ്യാം. മരപ്പൊത്തിലും മതിലുകളിലും മറ്റും കൂടുവെയ്ക്കുന്ന ചെറുതീനീച്ചകളെ കൂടുമാറ്റുന്നതിനും വിഭജിക്കുന്നതിനുമൊക്കെയുള്ള പരിശീലനം അമൃതം ചെറുതേനീച്ചകര്‍ഷക സമിതി നല്‍കുന്നുണ്ട്.

ചെറുതേനീച്ച മാത്രമല്ല, ഇപ്പോള്‍ അപൂര്‍വ്വമായ കോല്‍ത്തേനീച്ച കോളനികളെയും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണിപ്പോള്‍ തച്ചമ്പാറയിലെ രണ്ട് തേനീച്ച കര്‍ഷക സംഘങ്ങളും.

കുറ്റിച്ചെടികളിലും ആള്‍താമസമില്ലാത്ത വീടുകളുടെ വാതിലുകളിലുമൊക്കെ കൂടുകൂട്ടാറുള്ള കോല്‍ തേനീച്ചകള്‍ നല്ല പരാഗണ സഹായികളാണെന്ന് തച്ചമ്പാറയിലെ കാര്‍ഷിക വാര്‍ത്തകളും വിവരങ്ങളും പങ്കുവെയ്ക്കുന്ന ആഗ്രോ തച്ചമ്പാറ  എന്ന ഫേസ്ബുക്ക് പേജില്‍ പറയുന്നു.

കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഈ തേനീച്ചകള്‍ കൂടുമാറും. മഴക്കാലം തുടങ്ങിയാല്‍ അവ സാധാരണ കൂടൊഴിയുമത്രേ. കൂട്ടിലാക്കി വളര്‍ത്താനിവയെ കഴിയില്ല. ഒരു കൂട്ടില്‍ നിന്നും വര്‍ഷം 200 ഗ്രാം മുതല്‍ 400 ഗ്രാം വരെ തേന്‍ കിട്ടും. ചെറുതേന്‍ കഴിഞ്ഞാല്‍ ഏറ്റവും ഔഷധഗുണമുള്ള തേന്‍ ആണ് കോല്‍ തേനീച്ചയുടേതെന്നും ആഗ്രോ തച്ചമ്പാറ വിശദീകരിക്കുന്നു.


ഇതുകൂടി വായിക്കാം: നെല്ല് മുതല്‍ ഏലം വരെ: ഹാഷിഖിന്‍റെ വീട്ടിലെ ജൈവകൃഷി കാണാന്‍ വിദേശ ടൂറിസ്റ്റുകളുടെ തിരക്ക്


കോല്‍ തേനീച്ചകള്‍ കുറഞ്ഞുപോയതിന് പല കാരണങ്ങളാണ് പറയപ്പെടുന്നത്–അമിതമായ കീടനാശിനിപ്രയോഗം മുതല്‍ കുറ്റിക്കാടുകള്‍ വെട്ടിനശിപ്പിക്കുന്നതുവരെ പല കാരണങ്ങള്‍. അതിന് പുറമെ ഈ തേനീച്ചകള്‍ കുത്തുമെന്ന പേടികൊണ്ട് വീടുകളില്‍ കണ്ടാലുടനെ നശിപ്പിച്ചുകളയുന്നതും കോല്‍ തേനീച്ചകളെ അകറ്റി.

മുളങ്കുറ്റികള്‍, ചെറിയ മരപ്പെട്ടികള്‍, മണ്‍കലങ്ങള്‍…അങ്ങനെയങ്ങനെ ചെറുതേനീച്ചകള്‍ ഇവിടത്തെ വീടുകള്‍ നിറയുകയാണ്. നാട്ടില്‍ തേനൊഴുക്കുമെന്നൊക്കെ കേട്ടിട്ടില്ലേ? തച്ചമ്പാറക്കാര്‍ അത് ശരിക്കും ചെയ്തുകാണിക്കാനുള്ള ശ്രമങ്ങളിലാണ്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം