‘നാട്ടാരെന്ത് പറയും?’ എന്ന് ആലോചിച്ചോണ്ടിരുന്നാല്‍ വീട്ടിലിരിക്കും, അല്ലെങ്കില്‍ ദാ ഇങ്ങനെ പാറി നടക്കാം: സജ്നയുടെയും അപ്പൂപ്പന്‍താടികളുടെയും കിടിലന്‍ യാത്രകള്‍!

യാത്രാമോഹം മനസ്സിലടക്കിപ്പൂട്ടി വെച്ചിരുന്ന പല സ്ത്രീകളും സജ്നയ്ക്കൊപ്പം കൂടി. പിന്നെ കേട്ടതും കേള്‍ക്കാത്തതുമായ സ്ഥലങ്ങളിലേക്ക്… അപ്പൂപ്പന്‍താടിപോലെ പാറിനടക്കാന്‍… (ചിത്രങ്ങള്‍: സജ്ന അലി, ട്യൂണ, അപ്പൂപ്പന്‍താടി)

സജ്നയുടെ വാപ്പ ലോറി ഡ്രൈവറായിരുന്നു. ഓരോ ട്രിപ്പ് കഴിഞ്ഞ് വരുമ്പോഴും കുഞ്ഞുമകളോട് അലി യാത്രയില്‍ കണ്ടതും കേട്ടതും തിന്നതും കുടിച്ചതുമൊക്കെ പറഞ്ഞുകൊടുക്കും. അങ്ങനെ വാപ്പയുടെ മടിയിലിരുന്ന് ആ പെണ്‍കുട്ടിയും ഒരു പാട് കഥകളിലൂടെ യാത്ര ചെയ്തു.

ശ്രീനഗറില്‍ ചെന്നാല്‍പ്പിന്നെ… കശ്മീരിലെ പരമ്പരാഗത വേഷത്തില്‍ സജ്ന അലി

വാപ്പ പറഞ്ഞുകേട്ട കഥകളിലൂടെ യാത്രാമോഹവും വളര്‍ന്നു. വലുതായപ്പോള്‍ അത് അടക്കാന്‍ വയ്യാതായി. ടെക്നോപാര്‍ക്കില്‍ ജോലിയും ശമ്പളവുമൊക്കെയായപ്പോള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തുടങ്ങി.

പിന്നെ ഓരോരുത്തരായി കൂടെക്കൂടി. അങ്ങനെ യാത്രാമോഹം മനസ്സിലടക്കിപ്പൂട്ടി വെച്ചിരുന്ന പല സ്ത്രീകളും സജ്നയ്ക്കൊപ്പം കൂടി. പിന്നെ കേട്ടതും കേള്‍ക്കാത്തതുമായ സ്ഥലങ്ങളിലേക്ക്… ടെക്നോപാര്‍ക്കിലെ ജോലി രാജിവെച്ചു–ഒരു അപ്പൂപ്പന്‍താടി പോലെ പറന്നുനടക്കാന്‍ ജോലിയൊക്കെ ഒരു തടസ്സമല്ലേ..

ദാ.. ഇപ്പോള്‍ വലിയൊരു കൂട്ടം സ്ത്രീകളെ കശ്മീര്‍ ചുറ്റിക്കറങ്ങി കാണിച്ചു നാട്ടിലേക്ക് തിരിച്ചെത്തിയതേയുള്ളൂ.. ആ യാത്രയുടെ മൂഡില്‍ നിന്ന് നേരെ മറ്റൊരു യാത്രയ്ക്ക്..

“യാത്രയോട് ഇഷ്ടം തോന്നുന്നത് വാപ്പയുടെ വര്‍ത്തമാനങ്ങളില്‍ നിന്നാണ്. അലിയെന്നാണ് പേര്. വാപ്പ ഡ്രൈവറായിരുന്നു. ഓരോ നാട്ടിലൂടെയുമുള്ള യാത്രകള്‍ കഴിഞ്ഞെത്തിയാല്‍ പിന്നെ ആ വിശേഷങ്ങള്‍ പറച്ചിലായിരിക്കും വാപ്പയ്ക്ക്. അക്കഥകള്‍ കേട്ട് കേട്ട് എനിക്ക് അതൊക്കെ കാണണമെന്നു തോന്നി.

തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുമ്പോഴാണ് ആദ്യ സോളോ ട്രിപ്പ്.

“പിന്നെ വാപ്പയുടെ ലോറിയില്‍ കോഴിക്കോട്ടു കൂടെ കുറേ സഞ്ചരിച്ചിട്ടുണ്ട്.. ഇതൊക്കെയാണ് എന്നെ യാത്രാപ്രേമിയാക്കിയത്. പക്ഷേ അതൊരു ശീലമാകുന്നത് പിന്നെയും കുറേക്കാലത്തിന് ശേഷമാണ്. ഏതാണ്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണത്. സ്വന്തമായി വരുമാനമൊക്കെ ആയ ശേഷമാണ് യാത്ര പോയി തുടങ്ങുന്നത്. ലീവും പണവുമൊക്കെ വേണമല്ലോ..

“തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുമ്പോഴാണ് ആദ്യ സോളോ ട്രിപ്പ്. എനിക്ക് അടുപ്പിച്ചൊരു അഞ്ച് ദിവസത്തെ ലീവ് കിട്ടി. എന്നാല്‍ യാത്ര പോയാലോ എന്ന് ചിന്തിച്ചു. കൂടെ വരാമെന്നേറ്റവരൊക്കെ പല കാരണങ്ങള്‍ കൊണ്ട് പിന്‍മാറി. പക്ഷേ പോയേ മതിയാകൂ.. അങ്ങനെ ഞാന്‍ പോകാന്‍ തീരുമാനിച്ചു. ഒഡീഷയിലേക്ക്.. ആദ്യ സോളോ ട്രിപ്പ്. പുരി, ഭുവനേശ്വര്‍, കൊണാര്‍ക്ക് ഇവിടൊക്കെ പോയി.. ആ യാത്ര കഴിഞ്ഞപ്പോള്‍ തനിച്ചുള്ള യാത്രകള്‍ അടിപൊളിയാണെന്നു തോന്നി,” സജ്‌ന പറയുന്നു.

സജ്നയുടെ സഞ്ചാരങ്ങള്‍ ഏറെയും തനിച്ചായിരുന്നു.  എന്നാലിപ്പോള്‍ സ്വന്തം ഇഷ്ടത്തിന് തോന്നുമ്പോലെ പോയിവരുന്ന ഒരു സഞ്ചാരി മാത്രമല്ല, ഈ കോഴിക്കോട്ടുകാരി.  യാത്രാമോഹം മനസില്‍ സൂക്ഷിക്കുന്ന പെണ്ണുങ്ങളോട് ധൈര്യത്തോടെ നടന്നോളൂ, ഞാന്‍ കൂടെയുണ്ട് എന്ന് പറഞ്ഞവളാണ് അവള്‍.


ഇതുകൂടി വായിക്കാം: ‘പെന്‍ഷന്‍ കൈയ്യില്‍ കിട്ടിയാല്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും’: ലോകം ചുറ്റിയ എല്‍ പി സ്കൂള്‍ ടീച്ചര്‍


“ആ യാത്രയൊക്കെ കഴിഞ്ഞാണ് അപ്പൂപ്പന്‍താടി എന്ന ഗ്രൂപ്പ് ആരംഭിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 2016 ഏപ്രില്‍ 24ന്. എന്‍റെ യാത്രകളുടെ ചിത്രങ്ങളൊക്കെ കണ്ട് കൂടെ വരണമെന്നു ആളുകള്‍ പറഞ്ഞ് പറഞ്ഞ് അവരെയും കൊണ്ട് ട്രിപ്പ് പ്ലാന്‍ ചെയ്തു. എട്ട് പേര്‍ ചേര്‍ന്ന് അപ്പൂപ്പന്‍താടിയുടെ ആദ്യ യാത്ര. റോസ് മലയിലേക്ക്.. വണ്‍ഡേ ട്രിപ്പായിരുന്നു.”

അപ്പൂപ്പന്‍താടികള്‍ പഞ്ചചൗലിയില്‍

പത്തിരുപത് പേര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഒടുവില്‍ യാത്രയുടെ അന്ന് എത്തിയത് എട്ടുപേര്‍ മാത്രം. എന്നാലും അത് ഗംഭീര തുടക്കമായിരുന്നു.

“അത് അടിപൊളിയായിരുന്നു..” എന്ന് പറഞ്ഞാല്‍ പോരാ. അവിടെ നിന്ന് അപ്പൂപ്പന്‍താടി പറന്ന് തുടങ്ങുകയായിരുന്നു. സ്ഥിരമായി പറയുന്നതുപോലെ പിന്നെ പിന്തിരിഞ്ഞ് നോക്കിയില്ലെന്ന് മാത്രമല്ല, അധികമാരും പോവാത്ത പല സ്ഥലങ്ങളിലേക്കും സജ്‌നയും സംഘവും ചെന്നുകയറുകയും ചെയ്തു.

അപ്പൂപ്പന്‍താടി നടത്തിയ ഒരു ശ്രീനഗര്‍ യാത്രയില്‍ നിന്ന്.

“ഇപ്പോള്‍ 160-ഓളം ട്രിപ്പുകളായി. ആയിരത്തിലേറെ സ്ത്രീകള്‍ അപ്പൂപ്പന്‍താടിക്കൊപ്പം ട്രാവല്‍ ചെയ്തു കഴിഞ്ഞു. അപ്പൂപ്പന്‍താടി എന്ന ഫേസ്ബുക്ക് പേജുണ്ട്. ഇതിലൂടെയാണ് യാത്ര അനൗണ്‍സ് ചെയ്യുന്നത്. പിന്നെ ചിലരുടെ ബക്കറ്റ് ലിസ്റ്റുണ്ടാകും. പോകേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള ആ ലിസ്റ്റ് നോക്കി ആ സ്ഥലത്തേക്ക് ഞാന്‍ നേരത്തെ പോകും. പിന്നെ ടീമിനെയും കൊണ്ട് പോകും. ഒരു ഗ്രൂപ്പില്‍ 20 മുതല്‍ 30 പേരുണ്ടാകും. അങ്ങനെ അങ്ങനെയാണ് അപ്പൂപ്പന്‍താടി ചിറക് വിരിച്ച് പറന്നു തുടങ്ങിയത,” സജ്‌ന വിശദീകരിക്കുന്നു.

സ്‌കൂട്ടറില്‍ കൊച്ചിയില്‍ നിന്ന് കശ്മീരിലേക്ക്

കൂട്ടുകാരി ട്യൂണയ്‌ക്കൊപ്പം കൊച്ചിയില്‍ നിന്ന് കശ്മീരിലേക്ക് പാഞ്ഞവളാണ് സജ്ന. അതും ഒരു സ്‌കൂട്ടറില്‍ ഒരുമിച്ചിരുന്ന്.


അപ്പൂപ്പന്‍താടികളെ പോലെ പാറിപ്പറക്കാന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടികളുണ്ടോ…മഞ്ഞുകാലമെന്നോ മഴയെന്നെ വ്യത്യാസമില്ലാതെ കാടും മേടും കയറിയിറങ്ങി പുഴയും പുല്‍മേടുകളും കണ്ട് കണ്ടങ്ങനെ ഉലകം ചുറ്റിക്കറങ്ങാന്‍ കൊതിക്കുന്ന എത്രയോ പെണ്‍കുട്ടികളുണ്ട്.


29 ദിവസങ്ങള്‍ കൊണ്ട് 9,109 കിലോമീറ്റര്‍ സ്‌കൂട്ടറില്‍ സഞ്ചാരം.. കേരളത്തില്‍ നിന്ന് കശ്മീരിലേക്ക്.. സജ്‌നയുടെയും ട്യൂണയുടെയും യാത്ര ഒരു റെക്കോഡല്ലേ.. ഇതുവരെ അങ്ങനെ രണ്ട് സ്ത്രീകള്‍ ടു വീലറില്‍ പോയിട്ടില്ലല്ലോ..?ട്യൂണയാണ് മറുപടി പറഞ്ഞത്: “റെക്കോഡിനെക്കുറിച്ചൊന്നും ഞങ്ങള്‍ ആ സമയം ചിന്തിച്ചില്ലെന്നതാണ് സത്യം.. ഞങ്ങളുടെ ഏറെക്കാലമായുള്ള ഒരു സ്വപ്‌നമായിരുന്നു.. അത്രമാത്രം.”

ട്യൂണയും സജ്നയും കാശ്മീര്‍ യാത്രയ്ക്കിടയില്‍

കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് പുലര്‍ച്ചെ അഞ്ചരയ്ക്ക് ഇടപ്പള്ളി പുണ്യാളനു മുന്നില്‍ മെഴുകുതിരിയും കത്തിച്ച് ടിവിഎസ് എന്‍ടോര്‍ക് 125ല്‍ യാത്ര ആരംഭിക്കുന്നത്. ആരോടും ഈ യാത്രയെക്കുറിച്ച് പറഞ്ഞില്ല. വീട്ടില്‍ പറഞ്ഞു. നാട്ടുകാരോട് പറഞ്ഞാല്‍ പിന്നെ നൂറു ചോദ്യങ്ങളാകും വരിക.. അതുകൊണ്ടാണ് യാത്ര പോകുന്ന കാര്യം രഹസ്യമാക്കി വച്ചത്.

“ഇങ്ങനെയൊരു യാത്രയെക്കുറിച്ച് ഞാന്‍ തന്നെയാണ് സജ്‌നയോട് ആദ്യമായി പറയുന്നത്. എനിക്കൊരു പ്ലാന്‍ ഉണ്ടായിരുന്നു ബൈക്കില്‍ കശ്മീരിലേക്ക് പോകണമെന്നത്. ഈ സ്വപ്‌നം സജ്‌നയോട് പറയുമ്പോള്‍ ഞങ്ങള്‍ വലിയ ചങ്ങാതിമാരൊന്നുമല്ല. നേരില്‍ കണ്ടിട്ടു പോലുമില്ല. അപ്പൂപ്പന്‍താടിയുടെ മീശപ്പുലിമല ട്രിപ്പിലാണ് ആദ്യമായി ഞങ്ങള്‍ കാണുന്നത്.

“പക്ഷേ നേരില്‍ കാണും മുന്‍പേ ഞങ്ങള്‍ വാട്‌സ്ആപ്പിലൂടെ കശ്മീര്‍ യാത്രയെക്കുറിച്ച് സംസാരിക്കുമായിരുന്നു. ലേ ട്രിപ്പ് എന്‍റെ സ്വപ്നമായിരുന്നു. ചാറ്റിനിടെ സജ്‌ന വരുന്നോ ലേ ട്രിപ്പിന് എന്നു ചോദിച്ചു. ‘എന്തേ ഈ യാത്രയ്ക്ക് എന്നെ വിളിക്കുന്നത്’ എന്നായിരുന്നു സജ്‌നയുടെ മറുചോദ്യം. ഒരാള്‍ പോയാലും രണ്ടു പേര്‍ പോയാലും പെട്രോള്‍ ചാര്‍ജ് ഒന്ന് തന്നെയാണ്. ‘നോക്കാം’ എന്നു സജ്‌ന. ഇതൊക്കെ നേരില്‍ കാണും മുന്‍പേയുള്ള ചാറ്റിലാണ് പറയുന്നത്. പിന്നീട് ഒരു മാസത്തിന് ശേഷമാണ് മീശപ്പുലിമല ട്രിപ്പ്. പരസ്പരം കണ്ടപാടെ ആദ്യം ചോദിക്കുന്നതു ലേ ട്രിപ്പിനെക്കുറിച്ചാണ്. ആ യാത്രയില്‍ ലേ ട്രിപ്പിനെക്കുറിച്ച് മാത്രമാണ് ഞങ്ങള്‍ സംസാരിച്ചത്.” ട്യൂണ പറയുന്നു.


ഒറ്റയ്ക്കല്ലല്ലോ, കൂട്ടിന് ട്യൂണയുണ്ടല്ലോ എന്നു പറഞ്ഞ് സജ്‌നയുടെ വീട്ടിലെ പ്രശ്‌നം പരിഹരിച്ചു. സജ്‌ന കൂടെയില്ലേ എന്നു പറഞ്ഞതോടെ ട്യൂണയുടെ മമ്മിയും സമ്മതിച്ചു


13 വയസ് തൊട്ട് ബൈക്ക് ഓടിക്കുന്ന ആളാണ് ട്യൂണയെന്നു സജ്‌ന. “ബൈക്കോടിച്ച് ദീര്‍ഘദൂര യാത്ര പോകുന്നയാളാണ്. പോണ്ടിച്ചേരി, മൈസൂര്‍, ബെംഗളൂരുവൊക്കെ ബൈക്കില്‍ പോയിട്ടുണ്ട്. യാത്ര പോകുന്നതിനായി യമഹ റേയും ബജാജ് അവഞ്ചര്‍ 220യും വാങ്ങിയ ആളാണ് ഇവള്‍. ബൈക്ക് വേണ്ട സ്‌കൂട്ടര്‍ മതിയെന്നു ട്യൂണയാണ് പറയുന്നത്. ബുള്ളറ്റിലൊക്കെ എത്രയാളുകളാണ് കശ്മീര്‍ പോകുന്നത്. ഒരു വെറൈറ്റി വേണ്ടേ.”

ബുള്ളറ്റിലൊക്കെ എത്രയാളുകളാണ് കശ്മീര്‍ പോകുന്നത്. ഒരു വെറൈറ്റി വേണ്ടേ

തീരുമാനമൊക്കെയായെങ്കിലും യാത്ര പിന്നെയും നീണ്ടുപോയി. ട്യൂണയുടെ ലീവും അപ്പൂപ്പന്‍താടിയുടെ ഷെഡ്യൂളുമൊക്കെയാണ് പ്രശ്‌നമായത്. അങ്ങനെ രണ്ടുവര്‍ഷക്കാലം യാത്ര വൈകി.

“ആ സമയത്താണ് ടിവിഎസിന്‍റെ എന്‍ടോര്‍ക് 125 ഇന്ത്യയില്‍ ഇറങ്ങുന്നത്. 3 വാല്‍വ് എന്‍ജിനോടു കൂടിയ വണ്ടിയാണിത്. അതുകൊണ്ട് തന്നെ പവര്‍ കൂടുതലായിരിക്കും. ടൂവീലറിലാണ് യാത്ര എന്നറിഞ്ഞതോടെ ഉമ്മയ്ക്ക് അല്പ്പം ടെന്‍ഷനായി.”

ഒറ്റയ്ക്കല്ലല്ലോ, കൂട്ടിന് ട്യൂണയുണ്ടല്ലോ എന്നു പറഞ്ഞ് സജ്‌നയുടെ വീട്ടിലെ പ്രശ്‌നം പരിഹരിച്ചു. അപ്പോഴാണ്, ട്യൂണയുടെ വീട്ടിലും ആശങ്ക. സജ്‌ന കൂടെയില്ലേ എന്നു പറഞ്ഞതോടെ അവളുടെ മമ്മിയും സമ്മതിച്ചു.

സജ്നയും ട്യൂണയും

“സെപ്റ്റംബര്‍ രണ്ടാം തിയതി ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ മെഴുകുതിരി കത്തിച്ച് രാവിലെ അഞ്ചരയ്ക്ക് യാത്ര ആരംഭിച്ചു. ബെംഗളൂരുവിലേക്കാണ് നേരെ പോയത്. നമ്മുടെ ഒരു സുഹൃത്ത് പരപ്പന അഗ്രഹാരയിലുണ്ട്. അവളെ കണ്ടശേഷം ഹൈദരാബാദിലേക്ക്. യാത്രയില്‍ സ്‌കൂട്ടറോടിച്ചത് ഞാന്‍ തന്നെയാണ്. സജ്‌നയ്ക്ക് െ്രെഡവിങ് ലൈസന്‍സില്ലായിരുന്നു. കുറേ ദൂരം വണ്ടിയോടിക്കുന്നത് ഒരു ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. എനിക്ക് ഡ്രൈവിങ്ങ് ക്രേസാണ്. കുട്ടിക്കാലം തൊട്ടേ വാഹനം ഓടിക്കാനിഷ്ടമാണ്. അതിപ്പോ ബൈക്കോ സ്‌കൂട്ടറോ കാറോ എന്തു വണ്ടിയായാലും ഹരമാണ്.


ഇതുകൂടി വായിക്കാം: ജീവിക്കാനായി അറുത്തുമുറിക്കുന്ന മരങ്ങളോട് മാപ്പുയാചിച്ച് ഈ മനുഷ്യന്‍ നട്ടുവളര്‍ത്തുന്നത് ലക്ഷക്കണക്കിന് വൃക്ഷങ്ങള്‍


“എന്‍റെ വണ്ടിയിലാണ് യാത്രയെങ്കില്‍ മറ്റാരെയും വണ്ടി ഓടിക്കാന്‍ അനുവദിക്കില്ല. വീട്ടുകാരോ കൂട്ടുകാരോ കൂടെയുണ്ടെങ്കില്‍ ഞാന്‍ വേഗം െ്രെഡവിങ് സീറ്റില്‍ ചാടിക്കയറിയിരിക്കും. മടുപ്പില്ലാതെ ചെയ്യാന്‍ സാധിക്കുന്ന ഒരേ ഒരു കാര്യമാണ് ഡ്രൈവിങ്,” ട്യൂണ വെളിപ്പെടുത്തുന്നു.

“എന്‍റെ സ്‌കൂട്ടറും ബൈക്കും കാറുമൊക്കെ കാരണം വീട്ടില്‍ വേറെ വണ്ടി ഇടാന്‍ സ്ഥലമില്ലെന്നാണ് വീട്ടുകാരുടെ പരാതി. എന്‍റെ കുട്ടിക്കാലം തൊട്ടേ പപ്പയ്ക്ക് വിജയ് സൂപ്പര്‍ സ്‌കൂട്ടറാണ് ഉണ്ടായിരുന്നത്. എനിക്കോര്‍മയുള്ള നാള്‍ തൊട്ടേ ആ വണ്ടിയാണ് വീട്ടില്‍ ഞാന്‍ കാണുന്നത്. അതു സ്റ്റാന്‍ഡില്‍ ഇട്ടു വയ്ക്കുമ്പോ കയറിയിരുന്നു വണ്ടിയോടുന്ന ശബ്ദമുണ്ടാക്കും. പിന്നെ യാത്രകളിലൊക്കെ അതിന്‍റെ മുന്നില്‍ ഞാനാകും നില്‍ക്കുന്നത്. അപ്പം തോന്നും വണ്ടിയോടിക്കുന്നത് ഞാനാണെന്ന്.. അങ്ങനെ അങ്ങനെയാണ് വണ്ടിയോട് ക്രേസ് തോന്നുന്നത്..” എന്ന് ട്യൂണ.

“ഇത്രയും ദൂരം സ്‌കൂട്ടറില്‍ സഞ്ചരിച്ചിട്ട് നടുവിന് പ്രശ്‌നമൊന്നുമില്ലേയെന്നു പലരും ചോദിച്ചു. ശരിക്കും ഡ്രൈവ് ചെയ്യുന്നവരെ സംബന്ധിച്ച് ബുള്ളറ്റ്, ബൈക്ക് എന്നൊന്നുമില്ല. കംഫര്‍ട്ടാണ് പ്രധാനം. എന്നാല്‍ അതു ആപേക്ഷികമാണ്. ബുള്ളറ്റ് ചിലര്‍ക്ക് ഇഷ്ടമാകും. മറ്റു ചിലര്‍ക്ക് ബുള്ളറ്റിനെക്കാള്‍ കംഫര്‍ട്ട് സ്‌കൂട്ടറാകാം, കാര്‍ ആകാം. ഞാന്‍ ബൈക്ക് ഓടിക്കുന്നയാളാണ്. 180 കിലോയുള്ള അവഞ്ചര്‍ ഓടിക്കുന്ന എനിക്ക് നൂറു കിലോയുള്ള സ്‌കൂട്ടര്‍ ഓടിക്കാന്‍ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. രണ്ടും കംഫര്‍ട്ടാണ്.

‘സ്‌കൂട്ടറില്‍ ഇതുവരെ സ്ത്രീകളാരും കശ്മീരില്‍ പോയിട്ടില്ല.. എന്നാല്‍ പരീക്ഷിച്ചാലോ എന്നു തോന്നി. അത്രമാത്രം. ലേയും ലഡാക്കും ഒരുപാട് സ്ത്രീകളുടെ സ്വപ്നമാണ്. നല്ല താടിയൊക്കെയുള്ള ചേട്ടന്മാരെ കെട്ടി, ബുള്ളറ്റില്‍ പോകണമെന്നാഗ്രഹിക്കുന്നവരാണ് പലരും. നല്ല ക്ഷമയുണ്ടെങ്കില്‍ സ്‌കൂട്ടറില്‍ എവിടെ വേണമെങ്കിലും പോകാം. എന്നു കരുതി എല്ലാവരും സ്‌കൂട്ടറില്‍ പോകണമെന്നല്ല. ഏതു വാഹനമായാലും കംഫര്‍ട്ട് നോക്കണം. അത്രയേള്ളൂ. സജ്‌നയ്ക്ക് സ്‌പോണ്ടിലൈറ്റിസ് വന്നിട്ടുള്ളയാളാണ്. ബെല്‍റ്റ് ധരിച്ചാണ് സജ്‌ന യാത്ര ചെയ്തത്.’


ഇതുകൂടി വായിക്കാം: വീട്ടുമുറ്റത്ത് സൗജന്യ ‘എയര്‍കണ്ടീഷനര്‍’ നമുക്കും ഉണ്ടാക്കാം: ഹരിയുടെ ജാപ്പനീസ് മോഡല്‍


“ബെംഗളൂരുവില്‍ നിന്ന് നേരെ ഹൈദരാബാദിലേക്ക്. അവിടെ നിന്ന് നാഗ്പൂരിലേക്ക്. അവിടുത്തെ ട്രാഫിക് ബ്ലോക്കില്‍പ്പെട്ടു കുറേനേരം കിടുന്നു. എന്നാല്‍ ഹൈവേ യാത്ര മറക്കില്ല. ഇരുവശങ്ങളിലും പച്ചപ്പാര്‍ന്ന കൃഷിയിടങ്ങള്‍. നിരത്തുകള്‍ കൈയടക്കി പശുക്കളും ആടുകളും. പക്ഷേ സുന്ദരമായിരുന്നു. നാലാമത്തെ ദിവസമാണ് നാഗ്പൂരില് നിന്നു സാഗറിലേക്ക് പോകുന്നത്. ആ യാത്രയില്‍ ഒരു അപ്പോള്‍സറി കടയില്‍ കയറി വാഹനത്തിന്‍റെ സീറ്റ് കുറച്ചു കൂടി സ്‌ഫോറ്റ് ആക്കിയത്.

മധ്യപ്രദേശിലൂടെയുള്ള യാത്രയില്‍ ഞങ്ങള്‍ക്ക് കൂട്ടായി നല്ല മഴയും
പെയ്യുന്നുണ്ടായിരുന്നു.

“അപ്പോഴേക്കും മഹാരാഷ്ട്രയില്‍ നിന്നു മധ്യപ്രദേശിലേക്കെത്തി. മധ്യപ്രദേശിലൂടെയുള്ള യാത്രയില്‍ ഞങ്ങള്‍ക്ക് കൂട്ടായി നല്ല മഴയും
പെയ്യുന്നുണ്ടായിരുന്നു. സാഗറില്‍ നിന്നു ഓര്‍ച്ചയിലേക്കുള്ള യാത്രയില്‍ നല്ല മഴയായിരുന്നു. ഓര്‍ച്ച ഫോര്‍ട്ട്, പാലസ്, ഛത്രി, ചതുര്‍ഭുജ് ക്ഷേത്രം, ബേത്വ നദി.. ഇതൊക്കെ കണ്ടാണ് ഗ്വാളിയോര്‍, ഝാന്‍സിയിലേക്ക് യാത്ര തിരിക്കുന്നത്..


ഇരുവശങ്ങളിലും പച്ചപ്പാര്‍ന്ന കൃഷിയിടങ്ങള്‍. നിരത്തുകള്‍ കൈയടക്കി പശുക്കളും ആടുകളും.


“അവിടെ നിന്ന് ആഗ്രയിലെത്തി. താജ്മഹല്‍ ഞങ്ങള്‍ രണ്ടാളും നേരത്തെ കണ്ടിട്ടുണ്ട്.. അതുകൊണ്ട് വീണ്ടും താജിന് അകത്തേക്ക് കയറേണ്ടെന്നു തീരുമാനിച്ചിരുന്നു. പക്ഷേ മെഹ്താബ് ബാഗില്‍ നിന്നുള്ള താജിന്‍റെ വ്യൂ അടിപൊളിയാണെന്നു കേട്ടിട്ടുണ്ട്. അങ്ങനെ ഈ യാത്രയില്‍ ആ കാഴ്ചയും കണ്ടു.” സജ്‌ന പറയുന്നു.

“കണ്ണെത്താ ദൂരത്തോളം വിളഞ്ഞുനില്ക്കുന്ന ഗോതമ്പുപാടങ്ങളായിരുന്നു ഡല്‍ഹിയില്‍ നിന്നു അമൃതസറിലേക്കുള്ള യാത്രയില്‍ സന്തോഷിപ്പിച്ചതെന്നു സജ്‌ന പറയുന്നു. പിന്നെ ഗോള്‍ഡന്‍ ടെംപിള്‍… എത്ര കണ്ടാലും മതിവരാത്ത സുവര്‍ണക്ഷേത്രത്തിന്‍റെ രാത്രി കാഴ്ച ഹൊ ഗംഭീരമാണ്. ഞങ്ങള്‍ക്ക് ഒരേ വേവ്‌ലെങ്ത്ത് ആണെന്നു തോന്നിയിട്ടുണ്ട്. പലകാര്യങ്ങളിലും ഒരുപോലെയാണ് ചിന്തിക്കുന്നത്.

“അതുകൊണ്ടാണ് ദീര്‍ഘദൂര യാത്രയ്ക്ക് സജ്‌നയെ കൂടെ കൂട്ടുന്നതും. വണ്ടി ഞാന്‍ ഓടിച്ചാലും പിന്നിലിരിക്കുന്ന ആള്‍ക്കും നല്ല ക്ഷമ വേണം. അതു സജ്‌നയ്ക്കുണ്ടായിരുന്നു. പിന്നെ പേടിച്ചിരിക്കാനാണെങ്കില് വീട്ടില്‍ ഇരുന്നാല്‍ പോരെ. സുന്ദരമായിരുന്നു യാത്ര. വണ്ടി അത്ര പറയത്തക്ക പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയില്ല. പക്ഷേ ചെറിയൊരു പണി കിട്ടുകയും ചെയ്തു.

“പല സ്ഥലങ്ങളില്‍ നിന്നല്ലേ പെട്രോള്‍ അടിക്കുന്നത്. ചിലയിടത്തൊക്കെ പെട്രോളില്‍ മിക്‌സിങ്ങുണ്ടാകും. തിരികെയുള്ള യാത്രയിലാണ് പണി കിട്ടിയതറിഞ്ഞത്, ഏതാണ്ട് ഡല്‍ഹി എത്താറായി. കാര്‍ബണേറ്ററില്‍ കരട് കയറി വണ്ടി ഓഫ് ആയി. പിന്നെ ഭാഗ്യത്തിന് വഴിയില്‍ നിന്ന് ഒരു മെക്കാനിക്കിനെ കിട്ടി. കാര്‍ബണേറ്റര്‍ പരിശോധിച്ചപ്പോള്‍ ഒരു സ്പൂണ്‍ ഉപ്പ് എടുത്താല്‍ എത്രയുണ്ടാകും അത്രയും വെള്ള മണല്‍ പോലൊരു സാധനം കിട്ടി. അതൊക്കെ ക്ലീന്‍ ചെയ്താണ് പിന്നീടുള്ള യാത്ര..’


ഒടുവില്‍ പട്ടാളക്കാരാണ് സഹായത്തിനെത്തിയത്


“ഓയില്‍ ചെയ്ഞ്ച് ചെയ്യണമല്ലോ.. മടക്കയാത്രയ്ക്കിടെ ഓയില്‍ മാറ്റാമെന്നാ കരുതിയേ പക്ഷേ മറന്നു. ഇടയ്ക്ക് വണ്ടി നിന്നു പോയി. ഓയില്‍ ബോട്ടില്‍ കൈവശം കരുതിയിരുന്നു. എന്നാല്‍ ഓയില്‍ ഒഴിക്കാന്‍ എന്‍ജിന്‍ ക്യാപ് തുറക്കാന്നോക്കിയിട്ട് നടക്കുന്നില്ല. ഇതിനാവശ്യമായ ടൂള്‍സ് ഒക്കെ നമ്മുടെ കൈയിലുണ്ട്. പക്ഷേ തുറക്കാന്‍ പറ്റുന്നില്ല.

വേറൊന്നും കൊണ്ടല്ല… നേരത്തെ ഓയില്‍ ഒഴിച്ച സ്ഥലത്തെ ആള്‍ ചുറ്റിക ഉപയോഗിച്ചാണ് ഇതു അടച്ചു പൂട്ടിയത്. …തുറക്കാന്നോക്കുമ്പോള്‍ അതിന്‍റെ ത്രെഡ് പൊടിഞ്ഞു പോകും. കുറേ ശ്രമിച്ചിട്ടും ഫലമില്ലായിരുന്നു. അവസാനം ത്രെഡ് കേടായി.

“ഒടുവില്‍ പട്ടാളക്കാരാണ് സഹായത്തിനെത്തിയത്. പട്ടാളക്യാംപിലെ മെക്കാനിക്ക് വന്നു പരിശോധിച്ചു. എന്നിട്ടും നടന്നില്ല. ക്യാംപിന് അകത്ത് കൂടുതല്‍ സൗകര്യങ്ങളുണ്ട്, വണ്ടി കൊണ്ടുപോയി നന്നാക്കി തരാമെന്നു അവര്‍ പറഞ്ഞു. വണ്ടി പരിശോധിച്ച് അകത്തേക്ക് കൊണ്ടുപോയി. സുരക്ഷ പ്രശ്‌നം കാരണം ഞങ്ങള്‍ക്ക് അകത്തേക്ക് പ്രവേശനമില്ലായിരുന്നു. ഓയില്‍ ചെയ്ഞ്ച് ചെയ്തു അവര്‍ തിരികെ കൊണ്ടു തന്നു. ഇതല്ലാതെ വണ്ടിക്ക് മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു.

“അത്യാവശ്യം വണ്ടിക്ക് പ്രശ്‌നമുണ്ടായാല്‍ പരിഹരിക്കാവുന്ന സാധനങ്ങളൊക്കെ കൈവശം സൂക്ഷിച്ചിരുന്നു. സാധാരണ ഇത്തരം യാത്രകളില്‍ കേബിള്‍ പൊട്ടാന്‍ സാധ്യതയുണ്ട്. എല്ലാവരും എക്‌സ്ട്ര കേബിള്‍ കരുതും. പക്ഷേ ഞങ്ങളത് നിലവിലുള്ള കേബിളിന്‍റെ കൂടെ കെട്ടിയിട്ടു. പൊട്ടിയാല്‍ പുതിയ കേബിള്‍ കണക്റ്റ് ചെയ്താല്‍ മതിയാകും. സ്‌കൂട്ടറല്ലേ.. കേബിള്‍ മാറ്റണമെങ്കില്‍ ഫുള്‍ ബോഡി അഴിക്കേണ്ടി വരും.. അതു വലിയ ചടങ്ങാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു ടെക്‌നിക്ക് ചെയ്തത്. … ” ട്യൂണ വിശദീകരിച്ചു.

“കണ്ട സ്ഥലങ്ങളില്‍ പലതും ഇന്നും മനസിലുണ്ട്. എന്നാല്‍ സത്താറയിലെ കാഫപത്താര്‍. പല വര്‍ണങ്ങളിലുള്ള പൂക്കളുടെ ഒരു പരവതാനി….അതാണിവിടം. നീല, മഞ്ഞ, വെള്ള, പിങ്ക് നിറങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞുനില്ക്കുന്ന കാഴ്ച.. ഹൊ എന്തൊരു ഭംഗിയാണെന്നറിയോ… ഇവിടെ സജ്‌ന നേരത്തെ പോയിട്ടുണ്ട് പക്ഷേ അത് ഓഫ് സീസണായിരുന്നു. സെപ്റ്റംബര്‍-ഒക്ടോബറാണ് ഇവിടത്തെ സീസണ്‍. ഈ സമയത്ത് ടിക്കറ്റ് വച്ചാണ് പ്രവേശനം. ഒരാള്‍ക്ക് നൂറു രൂപ.


കാണാന് എന്ത് ഭംഗിയുള്ള സ്ഥലമാ… പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം,  വീട്ടില്‍ കക്കൂസില്ല


“അവരുടെ തന്നെ ബസിലാണ് പൂക്കള്‍ ഉള്ള സ്ഥലത്തേക്ക് കൊണ്ട് പോകുന്നത്. തിരിച്ചു കൊണ്ടുവരുന്നതും. സന്ദര്‍ശകര്‍ പൂക്കള്‍ നശിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് ഗൈഡുമാര്‍. മനോഹരമായ പൂക്കളുടെ ലോകം മനസിലും ക്യാമറയിലും പകര്‍ത്തി,” ട്യൂണ പറയുന്നു.

ഞങ്ങള്‍ രണ്ടുപേര്‍ക്കും ഏറെ ഇഷ്ടം തോന്നിയത് ജമ്മു കശ്മീരിനോടും ഹിമാചല്‍ പ്രദേശിനോടുമാണ്.


ഇതുകൂടി വായിക്കാം: കൊച്ചി നഗരത്തില്‍, കോടികള്‍ വിലയുള്ള രണ്ടേക്കര്‍ കാടിന് നടുവില്‍ ഒരു കുടുംബം: ആ തീരുമാനത്തിന് പിന്നില്‍


“ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിലെ ഭൂപ്രകൃതിയോ ഭംഗിയോ അല്ല കശ്മീരിലും ഹിമാചലിലും,’ സജ്‌ന ഓര്‍ത്തെടുക്കുന്നു. ‘അവിടുത്തെ നീലാകാശം.. എന്തു ഭംഗിയാണ് കാണാന്‍. പിന്നെ കനോന്‍ ലേക്ക്… ചൈനയിലാണ് ഇതിന്‍റെ ഏറെയും ഭാഗം. ഇതൊക്കെ കാണുന്നതു തണുത്ത് മരവിച്ചു നില്ക്കുന്ന അവസ്ഥയിലാണെന്നതു മറ്റൊരു കാര്യമെന്നു ട്യൂണ.

“മൈനസ് 3യും മൈനസ് 6 മൊക്കെയായിരുന്നു. ചില നേരങ്ങളില്‍ ഹൈവേയില്‍ ഒരു മനുഷ്യകുഞ്ഞിനെ പോലും കാണാന്‍ കിട്ടില്ല. കിലോമീറ്ററുകളോളം ദൂരത്തില്‍ ഒരു ജീവിയെയും കാണാതെ വിജനമായ ഇടത്തിലൂടെ വണ്ടിയോടിച്ചു വരുമ്പോ തോന്നും ഈ ഭൂമിയില്‍ നമ്മള്‍ മാത്രമേയുള്ളോ എന്ന്. സീസണ്‍ ഏതാണ്ട് തീരാറായതു കൊണ്ട് മറ്റു റൈഡേഴ്‌സും വളരെ കുറവായിരുന്നു.


ഈ അവസ്ഥ ആ വീട്ടില്‍ മാത്രമല്ല. നാഗ്പൂര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര ഹൈവേകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇതൊരു പതിവ് കാഴ്ചയാണ്


“ചിലയിടങ്ങളില്‍ അന്നാട്ടുകാരായ കുടുംബത്തിനൊപ്പം താമസിക്കാന്‍ സാധിച്ചു. കശ്മീരിലും ലേയിലും ഹിമാചല്‍ പ്രദേശിലുമെല്ലാം താമസിച്ചത് പ്രദേശവാസികളുടെ വീട്ടിലായിരുന്നു. കേരളത്തില്‍ നിന്ന്, സ്‌കൂട്ടറില്‍ വന്നുവെന്നു കേള്‍ക്കുമ്പോള്‍ തന്നെ അവര്‍ക്കൊക്കെ അതിശയമായിരുന്നു. ശ്രീനഗറില്‍ കശ്മീരി കുടുംബത്തിനൊപ്പമായിരുന്നു. ലേയില്‍ ഒരു ലഡാക്കി കുടുംബത്തിന്‍റെ കൂടെ. ലേമണാലി റൂട്ടിലായിരുന്നു തിരിച്ചുള്ള യാത്ര.

 “മണാലിയില്‍ നിന്ന് ബെഞ്ചാര്‍ എന്ന സ്ഥലത്ത് ഒരു സുഹൃത്തുണ്ടായിരുന്നു. ഹിമാചര്‍ ഫാമിലിയാണവര്‍. വലിയ സ്വീകരണമൊക്കെയായിരുന്നു അവര്‍ നല്‍കിയത്. പരമ്പരാഗത ശൈലിയില്‍ തടിയില്‍ നിര്‍മ്മിച്ച വീട്.. ഒരു മലമുകളിലാണ് ആ വീട്. നല്ല ഭംഗിയുള്ള സ്ഥലവുമായിരുന്നു. മൂന്നുനാലു ദിവസം ഇവിടെ നില്ക്കണമെന്നു അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. ആ വീട്ടില്‍ എത്രദിവസം വേണമെങ്കിലും നില്‍ക്കാം.. അത്രയേറെ സുന്ദരമാണവിടം. പക്ഷേ സുഹൃത്തിന്‍റെ ഭാര്യ, അമ്മ, സഹോദരി, അമ്മൂമ്മ ഇത്രയും സ്ത്രീകള്‍ ഉള്ള വീടായിട്ട് പോലും അവിടെ ടോയ്‌ലെറ്റ് സൗകര്യമില്ല. കുളിമുറിയുണ്ട്. പക്ഷേ ടോയ്‌ലെറ്റില്ല.


ഇതുകൂടി വായിക്കാം: വീടുകള്‍ തോറും മുറുക്ക് വിറ്റു നടന്ന പെരിയ കറുപ്പന്‍ കൈമാറിയ രഹസ്യം; അതാണ് ഇളവരശിയുടെ കരുത്ത്


ഇവരൊക്കെ ഓപ്പണ്‍ സ്‌പേയിസിലാണ് കാര്യം സാധിക്കുന്നത്. ആ സാഹചര്യത്തില്‍ അവിടെ നില്‍ക്കാനാകില്ല.. പക്ഷേ അവരോട് പറയാനും പറ്റുമോ.. കക്കൂസില്ലാത്ത കൊണ്ട് നില്‍ക്കാന്‍ പറ്റില്ലെന്ന്. കാണാന് എന്ത് ഭംഗിയുള്ള സ്ഥലമാ പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം. എന്നാല്‍ ഈ അവസ്ഥ ആ വീട്ടില്‍ മാത്രമല്ല. നാഗപൂര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര ഹൈവേകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇതൊരു പതിവ് കാഴ്ചയാണെന്നു മനസിലായി. ഹൈവേയുടെ ഇരുവശങ്ങളിലെ കൃഷിത്തോട്ടങ്ങളില് സ്ത്രീകളും കുട്ടികളും മൊന്തയുമായി നില്ക്കുന്ന കാഴ്ച കാണുമ്പോള്‍ സങ്കടം തോന്നി.” അതോര്‍ക്കുമ്പോള്‍ ട്യൂണക്കിപ്പോഴും ഒരു വല്ലായ്ക.

ചില രസകരമായ സംഭവങ്ങളുമുണ്ടായി ഈ യാത്രയില്‍. “ചണ്ഡീഗഡില്‍ രാത്രിയോടെ എത്തി. റൂമെടുത്തു.. വേഗം തന്നെ ഫ്രഷായി.. കൂട്ടത്തില്‍ ഇട്ടിരുന്നതൊക്കെ കഴുകി ഉണങ്ങാനുമിട്ടു. എല്ലാം കഴിഞ്ഞപ്പോഴാണ് ഭക്ഷണം കഴിച്ചിട്ടില്ലെന്നു ഓര്‍ക്കുന്നത്. റൂമില്‍ നിന്ന് വെളിയിലേക്ക് ഇറങ്ങാന്‍ വസ്ത്രം വേറെ കൈവശമില്ല.

ലഗ്വേജ് കുറയ്ക്കുന്നതിന്‍റെ ഭാഗമായി വസ്ത്രങ്ങള്‍ കുറച്ചേ എടുത്തിട്ടുള്ളൂ. വേഗത്തില്‍ ഉണങ്ങുന്ന തരത്തിലുള്ള ട്രാക്ക് പാന്‍റ്സ്, മുണ്ട്, ഒരു ജീന്‍സ്. ഇത്രയേ കൈവശമുള്ളൂ. ജീന്‍സ് മൂന്നു ദിവസമിട്ടതിനാല്‍ മടക്കി വച്ചിരിക്കുകയാണ്. കഴുകിയാല്‍ ഉണങ്ങാന്‍ സമയമെടുക്കുമല്ലോ. ധരിച്ചിരുന്ന ട്രാക്ക് പാന്‍റ്സ് കഴുകിയിട്ടതോടെ മുണ്ടല്ലാതെ വേറൊന്നും ധരിക്കാനില്ല. പുതപ്പ് ഒന്നും എടുക്കാത്ത കൊണ്ട് മുണ്ട് എടുക്കുകയായിരുന്നു. ഉടുക്കാനും അത്യാവശ്യത്തിന് പുതക്കാനും ഉപയോഗിക്കാമല്ലോ എന്നു കരുതിയാണ്.

അപ്പൂപ്പന്‍ താടിയുടെ ഒരു ട്രിപ്പ്

“ഒടുവില്‍ ഒരു വഴിയുമില്ലാതെ മുണ്ടുടുത്ത് ഭക്ഷണം കഴിക്കാന്‍ പോകാന്‍ തീരുമാനിച്ചു. പക്ഷേ അതല്ല രസം, എനിക്ക് സ്ലിപ്പര്‍ ഇല്ല. സജ്‌നയ്ക്കുണ്ട്. ഒരു ജോഡി മതിയല്ലോ എന്നു കരുതി. പിന്നെ വേറെ ഒരു വഴിയുമില്ലാതെ സജ്‌ന സ്ലിപ്പറും ഞാന്‍ ഷൂവും ധരിച്ചു. മുണ്ട്, ടീഷര്‍ട്ട്. ഷൂ, ക്യാമറ, ഹെല്‍മറ്റ്.. ഇങ്ങനെ അന്നാട്ടുകാര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കോലത്തില്‍.. ഞങ്ങളെ കാണുന്നവരൊക്കെ ഏതോ അന്യഗ്രഹ ജീവികളെപോലെയാണ് നോക്കിയത്. ഈ യാത്രയിലെ ഏറ്റവും രസകരമായ നിമിഷങ്ങളായിരുന്നു,” ട്യൂണ ചിരിച്ചു.

കൊതിപ്പിച്ചും വെറുപ്പിച്ചും പറാത്ത, ഉപ്പിട്ട ചായ

യാത്രയിലെ രുചികളെക്കുറിച്ച് ചോദിച്ചാല്‍, കൊതിപ്പിച്ച പിന്നെ വെറുപ്പിച്ച പറാത്ത, ഉപ്പിട്ട പാല്‍ച്ചായ, ഉന്തുവണ്ടിയിലെ തട്ടുകട… ഇങ്ങനെ യാത്രയിലെ ഭക്ഷണവിശേഷങ്ങള കുറേയുണ്ട്. ‘ആഗ്രയില്‍ നിന്ന് ഗുണയിലേക്കുള്ള യാത്രക്കിടെയാണ് ഉന്തുവണ്ടിയിലെ തട്ടുകടയിലേക്കെത്തുന്നത്. ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെയാണ് യാത്ര ആരംഭിക്കുന്നത്. യാത്ര തുടര്‍ന്നിട്ടും ഹോട്ടലൊന്നും കിട്ടിയില്ല. അവസാനം ഒരു ചെക്ക് പോസ്റ്റിന് അടുത്ത് എത്തിയപ്പോള്‍ കുഞ്ഞു ഉന്തുവണ്ടിയിലുള്ള തട്ടുകട കണ്ടു. പറാത്ത പ്രതീക്ഷിച്ച് എത്തിയ ഞങ്ങള്‍ക്ക് പൂരി ഉണ്ടെന്നു കേട്ടപ്പോള്‍ പെരുത്ത് സന്തോഷം. പറാത്ത മടുത്തിരുന്നു. പൂരിക്കൊപ്പം റൈത്ത, ചില്ലി ഫ്രൈ, ലഡു, ചായ എല്ലാം കഴിച്ചു കഴിഞ്ഞ് ബില്ല് കിട്ടിയപ്പോള്‍ ഞെട്ടി. 55 രൂപ മാത്രം!

അറുപതു രൂപയുടെ ബാക്കി അഞ്ച് രൂപ വാങ്ങാതെ തിരികെ നടന്നപ്പോള്‍ കടക്കാരന്‍ തിരികെ വിളിച്ചു ആ അഞ്ചു രൂപ കൈയിലേല്പ്പിച്ചു. വേണ്ടെന്നു പറഞ്ഞിട്ടു പുള്ളി കേള്‍ക്കുന്നില്ല… നിങ്ങള്‍ക്ക് പൈസയ്ക്ക് ആവശ്യം വരും. ഇത്രയും ദൂരം യാത്ര ചെയ്യേണ്ടതല്ലേ എന്നു പറഞ്ഞു,’ അതുകേട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയെന്ന് ട്യൂണ.

രാത്രി ചോറും പരിപ്പുകറിയും കിട്ടിയ ദിവസങ്ങളുണ്ട്. വീട്ടില്‍ നിന്നു അച്ചാറും ചമ്മന്തിപ്പൊടിയും കൂടെ കരുതിയിരുന്നത് കൊണ്ട് ചോറു കിട്ടിയാല്‍ സദ്യ കഴിച്ച ഫീലായിരുന്നു. എന്നാല്‍ കിടിലന്‍ സംഭവം ഇതൊന്നുമായിരുന്നില്ല. ഉപ്പിട്ട ചായ കുടിക്കാനുള്ള ഭാഗ്യം ലഭിച്ചു.. കശ്മീരിലെ ലഡാക്കികളുടെ സ്‌പെഷ്യലാണിത്. പാലിലും കട്ടനിലും നമ്മള്‍ പഞ്ചസാരയിടുന്നു. അവര്‍ ഉപ്പിടുന്നു അത്രയേള്ളൂ വ്യത്യാസം. കൂടെ ബട്ടറും ചേര്‍ക്കും. തണുപ്പിനെ അതിജീവിക്കാന്‍ ഈ ചായ നല്ലതാണത്രേ. ലഡാക്കി കുടുംബത്തിനൊപ്പം താമസിക്കുമ്പോള്‍ അവരാണ് ഉപ്പിട്ട ചായ തന്നത്. ഞാന്‍ രണ്ട് തവണ കുടിച്ചു. സജ്‌നയ്ക്ക് രണ്ടാമത്തെ ദിവസവും ഉപ്പിട്ട ചായ കൊടുത്തപ്പോള്‍ നോ പറഞ്ഞു. ഇനി ഇത് നമ്മുടെ നാട്ടിലും ഒന്നു പരീക്ഷിച്ചാലോ എന്ന ആലോചനയിലാണെന്നു ട്യൂണ.

“ഉത്തരേന്ത്യന്‍ ഹൈവേകളില്‍ നിറയെ പശുക്കളാണ്. ഹൈവേകള്‍ അവര്‍ക്ക് സ്വന്തം തൊഴുത്ത് പോലെയാണ്. വാഹനങ്ങളെയൊന്നും ശ്രദ്ധിക്കാതെ നടുറോഡില്‍ കിടക്കുന്നുണ്ടാകും. നല്ല വേഗത്തില്‍ വരുമ്പോഴാകും പശുവിനെ കാണുന്നത്. പശുവിനെ എങ്ങാനും തട്ടിമാറ്റുകയോ വണ്ടിമുട്ടുകയോ ചെയ്താല്‍ പിന്നെ ഒന്നും പറയണ്ട അടി ഉറപ്പാണ്. പശുവിനെ കണ്ട് മെല്ലെ വണ്ടിയെടുക്കുമ്പോള്‍ റോഡ് സൈഡില്‍ നില്‍ക്കുന്നവരൊക്കെ നമ്മളെ ശ്രദ്ധിക്കുന്നുണ്ടാകും. നല്ല കലിപ്പ് ലുക്കിലാകും ആ നോട്ടമെന്നു മാത്രം….

“ഒരു വെളിവും ബോധവുമില്ലാതെ വഴിയോരത്ത് നില്‍ക്കുന്ന പട്ടികള്‍ വണ്ടി കാണുമ്പോള്‍ റോഡിലേക്കെടുത്ത് ചാടും. അവ റോഡ് മുറിച്ചു കടക്കുന്നതാണ്. ടൂവീലറില്‍ വരുന്നവരുടെ കാര്യമാണ് കഷ്ടത്തിലാകുക. പശുക്കളെ പോലെ എണ്ണമില്ലാതെ തന്നെയുണ്ട് പട്ടികളും.

പശുവും പട്ടിയും കഴിഞ്ഞാല്‍ പിന്നലെ യാത്രയിലെ വില്ലന്‍ തുമ്പിയായിരുന്നു. പാറിപ്പറക്കുന്ന തുമ്പികളോ വില്ലന്‍ എന്നു തോന്നിയേക്കാം. പത്തിരുപത് തുമ്പികള്‍ പാറിക്കളിക്കുന്നത് കാണാന്‍ നല്ല ചന്തമാണ്. എന്നാല്‍ കൃഷിസ്ഥലങ്ങളേറെയുള്ളത് കൊണ്ട് തുമ്പികളും കൂടുതലാണ്. വലിയൊരു കൂട്ടമായി പറക്കുന്ന തുമ്പികളാണിവിടെ. പറന്ന് പറന്ന് നമ്മളെ വന്ന് ഇടിക്കും. ഹെല്‍മറ്റ് ഇല്ലെങ്കില്‍ പറയേണ്ട കണ്ണിലൊക്കെ വന്ന് തട്ടി വണ്ടി മറിഞ്ഞത് തന്നെ. ജാക്കറ്റിലൊക്കെ തുമ്പി ഇടിക്കുന്നതിന്‍റെ ശബ്ദം വരെ കേള്‍ക്കാമായിരുന്നു,’ ട്യൂണ പറയുന്നു.

Watch: ഉറഞ്ഞുകിടക്കുന്ന ചാദര്‍ നദിയിലൂടെ ഒരു ട്രെക്കിങ്ങ്

“ഈ കശ്മീര്‍ യാത്ര കഴിഞ്ഞു സജ്‌ന നേരെ ഭൂട്ടാന്‍ യാത്രയ്ക്ക് പോയി. കുറേ ദിവസത്തെ ലീവിന് ശേഷം ഞാന്‍ നേരെ ഓഫിസിലേക്കും. എറണാകുളത്ത് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സിലെ ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറാണ്. വടുതലയിലാണ് വീട്. തോമസ് സെബാസ്റ്റ്യനാണ് പപ്പ. തങ്കമ്മ തോമസാണ് മമ്മി’.
സജ്‌നയാകട്ടെ അപ്പൂപ്പന്‍താടിയുമായി ഇന്‍ഡ്യമുഴുവന്‍ യാത്രകളിലാണ്. അപ്പൂപ്പന്‍താടിയിലൂടെ ആയിരത്തിലേറെ സ്ത്രീകളാണ് യാത്ര ചെയ്തത്. യാത്രയുടെ വിവരങ്ങള്‍ ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും അറിയിക്കും. ഫേസ്ബുക്കില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പേമെന്റ് ഡീറ്റെയ്ല്‍സ് അയച്ചു കൊടുക്കും.


‘അപ്പൂപ്പന്‍താടി ടീമിനൊപ്പം കശ്മീരിലാണ് ഏറ്റവും ഒടുവില്‍ പോയത്. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുള്ളവരുണ്ടായിരുന്നു. എല്ലാവരും ശ്രീനഗറില്‍ ജോയിന്‍ ചെയ്തു. പത്ത് മാസം മുതല്‍ 75 വയസ് വരെയുള്ളവര്‍ അപ്പൂപ്പന്‍താടിയിലുണ്ട്. നിലമ്പൂര്‍, കൊളുക്കുമല, മീശപ്പുലിമല, മഹാബലിപുരം, ധനുഷ്‌ക്കോടി, ഹംപി, വാരണാസി, കശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്, നാഗാലാന്‍ഡ്, തവാങ്, മേഘാലയ, ഉത്തരാഖണ്ഡ് ഇവിടൊക്കെ അപ്പൂപ്പന്‍താടി പോയിട്ടുണ്ട്. യാത്രയ്ക്ക് പ്രായമൊന്നും പ്രശ്‌നമല്ല. കശ്മീര്‍ യാത്രയില്‍ 60 മുതല്‍ 75 വരെ പ്രായമുള്ള അഞ്ച് പേരുണ്ടായിരുന്നു,’ സജ്‌ന വിശദീകരിക്കുന്നു.


ഇതുകൂടി വായിക്കാം: ഒരു തരി മണ്ണ് സ്വന്തമായില്ലെങ്കിലും ജൈവകൃഷിക്കായി കേരളം മുഴുവന്‍ അലയുന്ന ചെറുപ്പക്കാരന്‍, കൂട്ടായി മഹാരാഷ്ട്രക്കാരി ഷമിക


അപ്പൂപ്പന്‍താടിക്കൊപ്പം ഒരു ട്രാവല്‍ ഫെലോഷിപ്പ് പദ്ധതി കൂടി ആരംഭിച്ചിട്ടുണ്ട്. പ്രയാണ എന്ന പേരില്‍. യാത്ര ചെയ്യാന്‍ താത്പ്പര്യമുള്ളവരും സാമ്പത്തിക ബുദ്ധിമുട്ടുള്ളവരും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ താത്പ്പര്യമുള്ളവരുമായ സ്ത്രീകള്‍ക്ക് വേണ്ടിയാണിത്. പ്രയാണയില്‍ തെരഞ്ഞെടുത്ത അഞ്ച് സ്ത്രീകള്‍ അവരുടെ സോളോ ട്രിപ്പിന് പോകുകയാണെന്നും സജ്‌ന. ഇനിയിപ്പോള്‍ ജൂലൈ കഴിഞ്ഞേ എന്‍റെ സോളോ യാത്രയുണ്ടാകൂ..ഇന്ത്യയില്‍ ഇനി മൂന്നു സംസ്ഥാനങ്ങള്‍ കൂടിയേ കാണാനുള്ളൂ. അതു കൂടി കാണണം. മണിപ്പൂര്‍, മിസോറാം, സിക്കിം.. ഇത് മൂന്നും കാണണം. ഇതിന്‍റെ പ്ലാനുണ്ട്.. സജ്‌ന പറയുന്നു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ എന്‍ജിനീയര്‍ ജോലി രാജിവെച്ചാണ് സജ്‌ന ഇപ്പോള്‍ അപ്പൂപ്പന്‍താടി പോലെ പറക്കുന്നത്.

‘വീണ്ടും ഞാനും സജ്‌നയും ടുവീലറില്‍ യാത്ര പോകുകയാണ്. അടുത്തവര്‍ഷത്തോടെ എല്ലാ ബ്ലഡ് ബാങ്കുകളും സ്വയം പര്യാപ്തമാക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ യാത്രയുടെ ലക്ഷ്യം,’ ട്യൂണ പുതിയ പദ്ധതിയെക്കുറിച്ച് വാചാലയായി.


ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 20 സ്ഥലങ്ങളില്‍ ക്യാംപ് ചെയ്തു ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുക്കും. ഏപ്രില്‍ 21ന് തിരുവനന്തപുരത്ത് നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഞങ്ങള്‍ നേരത്തെ പോയ അതേ സ്‌കൂട്ടറിലാണ് ഇത്തവണയും പോകുന്നത്. 20 ദിവസത്തെ യാത്രയാണ്.. തിരുവനന്തപുരത്ത് നിന്നാരംഭിച്ച് ചെന്നൈ, ഭുവനേശ്വര്‍, വാരണാസി, ആഗ്ര. ഡല്‍ഹി അഹമദാബാദ്, പൂനൈ, ബെംഗളൂരു എന്നിവിടങ്ങളിലൂടെ തിരുവനന്തപുരത്ത് തന്നെ അവസാനിക്കുന്നതാണ് ഈ യാത്ര..

അപ്പൂപ്പന്‍താടിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് അവരുടെ ഫേസ്ബുക്ക് പേജ് നോക്കാം. യുട്യൂബ് ചാനല്‍ കാണാം. WhatsApp number: 096337 79640

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം