കാടും തേനും കാട്ടാറിലെ കുളിയും: അനൂപിന്‍റെ തേന്‍തോട്ടത്തിലേക്കൊരു യാത്ര പോകാം, തേനീച്ച കര്‍ഷകരായി തിരിച്ചുവരാം

ആറും കാട്ടരുവികളും നിറഞ്ഞ ഒരു ഗ്രാമം. അവിടെ ഒരു തേന്‍തോട്ടമൊരുക്കി യുവ എന്‍ജിനീയര്‍

 ലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി നാട്ടില്‍ തിരിച്ചെത്തിയ അനൂപിന് വൈകാതെ വീടിനടുത്തുതന്നെ ഒരു പവര്‍ഹൗസില്‍ ജോലിയും കിട്ടി.

റബറും വാഴയും പച്ചക്കറികളുമൊക്കെ വിളയുന്ന പത്തനംതിട്ടയിലെ ചിറ്റാറിലാണ് അനൂപിന്‍റെ വീട്. ജോലി വീടിനടുത്തുതന്നെ ആയതുകൊണ്ട് ഒഴിവ് സമയം ധാരാളം.

ചിറ്റാറിന്‍റെ സൗന്ദര്യം. ഫോട്ടോ: നിലയ്ക്കല്‍ ബീ ഗാര്‍ഡന്‍/ഫേസ്ബുക്ക്

ഒഴിവുളള സമയം ചുമ്മാ കളയാതെ അല്‍പം ആദായം ഉണ്ടാക്കുന്നതെന്തെങ്കിലും ചെയ്യണമെന്നാണ് ആ ചെറുപ്പക്കാരന്‍ ചിന്തിച്ചത്.

കൃഷി തന്നെയായിരുന്നു മനസ്സില്‍. ജനനം പാരമ്പര്യമായി കൃഷി ചെയ്യുന്ന കുടുംബത്തിലായതിനാല്‍ കൃഷി രക്തത്തിലുണ്ട്.


ജോലി കഴിഞ്ഞുള്ള ഇടവേളകളെ ഞാന്‍ ശരിക്കും പ്രയോജനപ്പെടുത്തി


പക്ഷേ, കുറഞ്ഞ സമയം ചെലവഴിച്ച് വലിയ മുതല്‍മുടക്കില്ലാതെ നല്ല ആദായമുണ്ടാക്കാനുള്ള പദ്ധതിയെക്കുറിച്ചാണ് ആലോചിച്ചത്; കൃഷിയുമായി ബന്ധപ്പെട്ട ഒരു സംരംഭം.

അങ്ങനെയാണ് തേന്‍ കൃഷിയിലേക്ക് തിരിയുന്നത്. അഞ്ച് വര്‍ഷം മുമ്പ്.

അനൂപ് സാം

“തേനീച്ച കൃഷി പരിപാലനത്തിന് കുറഞ്ഞ സമയവും ചെറിയ മുതല്‍മുടക്കും മതിയെന്ന് മനസ്സിലാക്കിയാണ് ഞാന്‍ തേനീച്ച കൃഷി വ്യാപകമായി തുടങ്ങുന്നത്,” അനൂപ് സാം ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

പിതാവ് ബേബിച്ചന്‍ വീട്ടാവശ്യത്തിന് തേനീച്ച വളര്‍ത്തുമായിരുന്നു. “ഞാനത് വരുമാനം ഉണ്ടാക്കാനുള്ള സംരംഭമാക്കി മാറ്റി,” അനൂപ് വിശദീകരിക്കുന്നു.

“അച്ഛന്‍ തന്നെയാണ് കൃഷിയില്‍ എന്‍റെ ആദ്യ ഗുരു. റബ്ബറിനും വാഴയ്ക്കും പച്ചക്കറിക്കും ഒപ്പം വളരെ ചെറുതായി മാത്രം സ്വന്തം ആവശ്യത്തിന് അച്ഛന്‍ തേനീച്ച കൃഷി നടത്തിയിരുന്നു. കാര്യമായ സാങ്കേതിക ജ്ഞാനം നേടാതെയായിരുന്നു അച്ഛന്‍ അത് ചെയ്തത്.

“ഞാന്‍ പോണ്ടിച്ചേരി രാജീവ് ഗാന്ധി എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ ബിരുദം എടുത്ത് നാട്ടില്‍ വന്നപ്പോള്‍ വീടിനടുത്ത് തന്നെ ഉള്ള സ്വകാര്യ പവര്‍ഹൗസില്‍ ജോലി കിട്ടി. അതുകൊണ്ട് കൃഷിയിലേക്ക് ഇറങ്ങാന്‍ കുറച്ച് സമയം കിട്ടി. ജോലി കഴിഞ്ഞ് വരുന്ന ഇടവേളകളെ ഞാന്‍ ശരിക്കും പ്രയോജനപ്പെടുത്തി,” എന്ന് അനൂപ്.


 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓര്‍ഗാനിക് തേനും തേന്‍ വിഭവങ്ങളും പരിചയപ്പെടാനും അറിയാനും ഇവിടെ ക്ലിക്ക് ചെയ്യൂ:  ലിങ്ക്

 


“ഞാനിപ്പോള്‍ അഞ്ച് വര്‍ഷമായി തേനീച്ച കൃഷി ചെയ്യാന്‍ തുടങ്ങിയിട്ട്. ജോലിക്കൊപ്പം ഇതും നല്ല നിലയില്‍ കൊണ്ടുപോകാം. ഒരു ഹോബിയെന്ന പോലെയോ ഇനി ബിസിനസ് ആയിപ്പോലുമോ ചെയ്യാന്‍ തേനീച്ച വളര്‍ത്തല്‍ പരീക്ഷിക്കാം. ഒരു സെന്‍റ് സ്ഥലം പോലും വേണമെന്നില്ല,” അനൂപ് പറയുന്നതുകേള്‍ക്കുമ്പോള്‍ ആര്‍ക്കും തോന്നും, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയാലോ എന്ന്.

“നമ്മുടെ പറമ്പില്‍ നിന്ന് മാത്രമല്ലല്ലോ തേനീച്ച തേന്‍ എടുക്കുന്നത്. അതുകൊണ്ട് ചുറ്റുമുള്ള പറമ്പുകളിലെ വിളകളില്‍ പരാഗണം കൂടുതലായി നടക്കും, അതുമൂലം വിളവും കൂടുതല്‍ ലഭിക്കും.”

തേനീച്ചകൃഷിയെക്കുറിച്ച് പറഞ്ഞുതുടങ്ങിയാല്‍ അനൂപ് നിങ്ങളെയും ഒരു തേനീച്ച കര്‍ഷകനാക്കിയേ വിടൂ.

“1,200 രൂപക്ക് ഖാദി ബോര്‍ഡില്‍ നിന്നോ കര്‍ഷകരില്‍ നിന്നോ തേനീച്ച പെട്ടി വാങ്ങാം. ഇതിന് സബ്‌സിഡിയും ലഭിക്കും. 10 പെട്ടിയുണ്ടെങ്കില്‍ അത്യാവശ്യം വരുമാനം ഉണ്ടാക്കാം.

ഒരു പെട്ടിയില്‍ നിന്ന് ഒരുവര്‍ഷം കുറഞ്ഞത് പത്ത് കിലോ തേന്‍ കിട്ടിയാല്‍ പോലും നൂറ് കിലോ മൊത്തം കിട്ടും. ഒരു കിലോ തേനിന് 350 രൂപ മുതല്‍ 400 രൂപ വരെ ലഭിക്കും,” എന്ന് അനൂപ്. അപ്പോള്‍ മൊത്തത്തില്‍ ലഭിക്കാവുന്ന വരുമാനം നിങ്ങള്‍ തന്നെ കണക്കുകൂട്ടി നോക്കൂ.


ഇതുകൂടി വായിക്കാം: പശുവില്‍ നിന്ന് തേനീച്ചയിലേക്ക്! കടല്‍ കടന്ന ഔഷധത്തേന്‍ പെരുമയുമായി ഒരു ഗ്രാമം


ഇനി, ഇതിനായി എത്ര സമയം ചെലവഴിക്കണം എന്നാണ് വേവലാതിയെങ്കില്‍ അതും അനൂപ് ലളിതമായി പറഞ്ഞുതരും:

ഒരുപാട് പരിപാലനമൊന്നും വേണ്ടി വരുന്നില്ല. ആഴ്ചയിലൊരിക്കല്‍ അടിപ്പലക വൃത്തിയാക്കണം (വീഡിയോ കാണുക). അടിപ്പലകയിലാണ് തേനീച്ചക്കൂട്ടിലെ വേസ്റ്റും പൊടികളുമൊക്കെ വന്നടിഞ്ഞ് കിടക്കുന്നത്. 

ഈ പൊടിയും മാലിന്യങ്ങളും കൂടിക്കിടന്നാല്‍ അതില്‍ മെഴുകുപുഴു എന്നൊരു പുഴു ഉണ്ടാവുകയും അത് കൂട്ടിനുള്ളില് കടന്ന് അട തിന്നുനശിപ്പിക്കുകയും ചെയ്യും. ഈ കോളനി തന്നെ നശിച്ചുപോകാന്‍ ഇത് കാരണമാകും. അതുകൊണ്ടാണ് അടിപ്പലക ഇടയ്ക്കിടെ വൃത്തിയാക്കുന്നത്.

പിന്നെ ക്ഷാമകാലത്ത് (ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ) തേനീച്ചകള്‍ക്ക് ഭക്ഷണം കൊടുക്കണം. അവര് ക്ഷാമകാലത്തേക്ക് ശേഖരിച്ചുവെക്കുന്ന തേനാണല്ലോ നമ്മള്‍ എടുക്കുന്നത്. അപ്പോള്‍ അവര്‍ക്ക് ഈ കാലയളവില്‍ നമ്മള്‍ ഭക്ഷണം കൊടുക്കണം. പഞ്ചസാര ആഴ്ചയില്‍ 250 ഗ്രാം അല്ലെങ്കില്‍ ഒരു ഗ്ലാസ് പഞ്ചസാരയ്ക്ക് ഒരു ഗ്ലാസ് വെള്ളം എന്ന കണക്കില്‍ യോജിപ്പിച്ച് കൊടുക്കണം. ഇതാണ് മറ്റൊരു ജോലി.

10 പെട്ടിയില്‍ തേനീച്ച കൃഷി ആരംഭിച്ച എനിക്ക് തുടക്കത്തില്‍ നഷ്ടമുണ്ടായെങ്കിലും തേനീച്ച കൃഷിയെപ്പറ്റി ശാസ്ത്രീയമായി പഠിച്ചപ്പോള്‍ പിന്നീട് ലാഭകരമായി മാറുകയായിരുന്നു എന്ന് അനൂപ് വിശദമാക്കുന്നു.

ശുദ്ധമായ തേനിന് എപ്പോഴും ആവശ്യക്കാര്‍ ഉണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ കിലോയ്ക്ക് 350 രൂപയില്‍ കുറയാതെ വിലയും കിട്ടും. എന്നാലിത് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി വില്‍പന നടത്തില്‍ വരുമാനം ഇരട്ടിയിലേറെയാക്കാനും കഴിയും. ഉദാഹരണത്തിന് കാന്താരി തേനിന് 250 ഗ്രാമിന് 250 രൂപയാണ് വില.


തേനില്‍ നാല്‍പത് ദിവസം കുളിച്ച് കിടന്നിട്ടാണ് തേന്‍നെല്ലിക്ക നമ്മുടെ കൈകളിലേക്കെത്തുന്നത്.


നിലയ്ക്കല്‍ ബീ ഗാര്‍ഡന്‍ എന്ന ബ്രാന്‍റില്‍ കാന്താരി തേനിന് പുറമെ മലയാളികള്‍ക്ക് പ്രിയങ്കരമായ തേന്‍ നെല്ലിക്ക, വെളുത്തുള്ളി തേന്‍, കശുവണ്ടി തേന്‍ എന്നിവയും അനൂപ് വില്‍പനയ്‌ക്കെത്തിക്കുന്നു. കുരുമുളക്, തുളസിയില, ഏലം, ഗ്രാമ്പൂ, ഇഞ്ചി, ആടലോടകം എന്നിവയും തേനും ചേര്‍ത്ത മിശ്രിതം പെപ്പര്‍ തുളസി ഹണി എന്ന പേരില്‍ ഈയിടെ വിപണിയിലെത്തിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം: പത്താംക്ലാസ് തോറ്റ് കുന്നുകയറിയ ഹമീദ് പിന്നെ തിരിഞ്ഞുനോക്കിയില്ല: കാട്ടുതേനിന്‍റെ മധുരമുള്ള വിജയകഥ


ഇതിന് പുറമെ തേന്‍ മെഴുകുമുണ്ട്. തേനട ശുദ്ധമായ തേനില്‍ കുതിര്‍ന്നുകിടക്കുന്ന ‘ഹണി ഷോട്ട്‌സ്’ ആണ് മധുരമൂറുന്ന മറ്റൊരു വിഭവം. തേനില്‍ നാല്‍പത് ദിവസം കുളിച്ച് കിടന്നിട്ടാണ് തേന്‍നെല്ലിക്ക നമ്മുടെ കൈകളിലേക്കെത്തുന്നത്.

ഈ ഉല്‍പന്നങ്ങള്‍ വില്‍ക്കുക മാത്രമല്ല, എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ആര്‍ക്കും പറഞ്ഞുകൊടുക്കാനും ഈ ചെറുപ്പക്കാരന്‍ തയ്യാറാണ്. തേനീച്ചകൃഷിയെക്കുറിച്ച് പറഞ്ഞുതുടങ്ങിയാല്‍ അനൂപ് നിങ്ങളെയും ഒരു തേനീച്ച കര്‍ഷകനാക്കിയേ വിടൂ.

“തേന്‍ എത്ര നാള്‍ വേണമെങ്കിലും സൂക്ഷിക്കാം എന്നുള്ളതും ഈ കൃഷിയിലെ മികച്ച ഒരു നേട്ടമാണ്. പാഴാക്കുന്ന സമയം കുറച്ചൊന്ന് പ്രയോജനപ്പെടുത്തിയാല്‍ കൃഷിയില്‍ നിന്ന് കൂടുതല്‍ വിളവ് കിട്ടും. അങ്ങനെ കര്‍ഷകര്‍ക്കും ഉപകാരപ്രദമാകും. എല്ലാ കര്‍ഷകരും തേനീച്ച കൃഷിയിലേക്ക് വരണം,” അനൂപ് നിര്‍ബന്ധപൂര്‍വ്വം പറയുന്നു.


പത്തനംതിട്ടേല് എന്താ ഉള്ളത് എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഒരു മറുപടി കൂടിയായിരിക്കും ചിറ്റാറിലേക്കുള്ള യാത്ര.


ഇനിയും നിങ്ങള്‍ക്ക് ആത്മവിശ്വാസം വരുന്നില്ലെങ്കില്‍ അനൂപ് നിങ്ങളെ പത്തനംതിട്ടയിലെ മനോഹരമായ ആ മലയോരഗ്രാമത്തിലേക്കും നിലയ്ക്കല്‍ ബീ ഗാര്‍ഡനിലേക്കും ക്ഷണിക്കും.

പത്തനംതിട്ടേല് എന്താ ഉള്ളത് എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഒരു മറുപടി കൂടിയായിരിക്കും ചിറ്റാറിലേക്കുള്ള യാത്ര.

ചുറ്റും പച്ചപ്പ്. അതിന് നടുവിലൂടെ ഒഴുകുന്ന കക്കട്ടാറ്. ആറിനെ കുറുകെ കീറി മുറിച്ച് ഡാമുകളും,പവര്‍ ഹൗസുകളും ചെറുവെള്ള ചാട്ടങ്ങളും… ചിറ്റാര്‍ ഒരു സുന്ദരിയാണ്. Photo. Nilakkal Bee Garden/Facebook

“വലിയ ഷോപ്പിംഗ് മാളുകളും ഐ ടി ഹബ്ബ്കളും ഒന്നും ഇല്ല ഞങ്ങളുടെ നാട്ടില്‍.
എന്നാല്‍ നിലയ്ക്കല്‍ ബീ ഗാര്‍ഡന്‍ എന്ന ഈ ചെറു സംരംഭം തുടങ്ങിയതിന് ശേഷം ഫാം കാണുന്നതിന് ഇവിടേക്ക് അവരുടെ കുടുംബത്തോടൊപ്പം വരുന്ന മറ്റ് ജില്ലക്കാര്‍ എല്ലാവരും തന്നെ പറയാറുണ്ട് എന്ത് സുന്ദരമാണ് നിങ്ങളുടെ നാട്…” അനൂപ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

ചുറ്റും പച്ചപ്പ്. അതിന് നടുവിലൂടെ ഒഴുകുന്ന കക്കട്ടാറ്. ആറിനെ കുറുകെ കീറി മുറിച്ച് ഡാമുകളും,പവര്‍ ഹൗസുകളും ചെറുവെള്ള ചാട്ടങ്ങളും, അരുവികളും, ചതുരക്കളി പാറയും…

വേണമെങ്കില്‍ അടുത്തുള്ള കോന്നിയിലെ ആനക്കൂടും അടവി കുട്ടവഞ്ചി സവാരിക്കും ശേഷം ചിറ്റാലേക്കൊരു ട്രിപ്പ് ആവാം. അനൂപിന്‍റെ തേന്‍തോട്ടത്തിലെ തേനും തേനുല്‍പന്നങ്ങളും ആവോളം ആസ്വദിച്ച് കക്കട്ടാറില്‍ കുളിച്ച് നല്ല ശുദ്ധവായു ശ്വസിച്ച് ഒരു ദിവസം…

ആ ക്ഷണം നിരസിക്കുന്നതെങ്ങനെ?

Watch:  തേനീച്ച കൃഷിയെക്കുറിച്ച് അനൂപ്

അനൂപിന്‍റെ തേന്‍കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍, നിലയ്ക്കല്‍ ബീ ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ വിളിക്കുക: 9605527123

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം