കൊത്തും കിളയുമില്ലാതെ ഒന്നരയേക്കര്‍ ഭൂമി, അതില്‍ നിറയെ അപൂര്‍വ്വ ഔഷധങ്ങള്‍: നാട് ഔഷധഗ്രാമമാക്കാന്‍ ഒരധ്യാപകന്‍റെ ശ്രമങ്ങള്‍

ഒരിക്കല്‍ കുട്ടികളെ പഠിപ്പിക്കുമ്പോള്‍ അവര്‍ക്ക് മുരിക്ക് എന്താണെന്നു അറിയില്ല. മുരിക്കിന്‍ പൂവ് കണ്ടിട്ടുണ്ടോ എന്നു ചോദിച്ചപ്പോ അതും കണ്ടിട്ടില്ല. മുരിക്ക് കണ്ടിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ അതുമില്ല.

ചെ ടിക്കൂട്ടങ്ങളെ മുട്ടിയുരുമ്മിവേണം ആ വീടിനകത്തേക്ക് കയറാന്‍. ഇലകള്‍ ഉടുപ്പിലുരുമ്മുമ്പോള്‍ തന്നെ മരുന്നുമണം പരക്കും… തുളസിയും പനിക്കൂര്‍ക്കയും കരിനൊച്ചിയും…അകത്തെത്തിയാല്‍ നല്ല പച്ചമരുന്നിന്‍റെ മണമാണ്..

“വൈദ്യശാലയിലേക്കുള്ള മരുന്നുകൂട്ടുകളൊക്കെ വീടിനോട് ചേര്‍ന്ന മരുന്നുമുറിയിലാണ് തയാറാക്കുന്നത്,” കഴിഞ്ഞ ഒഴിവുദിനത്തില്‍ വീട്ടുമുറ്റത്തെ തുളസിക്കാറ്റേറ്റിരുന്ന് പ്രമോദ് മാഷ് പറയാന്‍ തുടങ്ങി.

നാട്ടിലെ വൈദ്യര്‍ കുടുംബത്തിലെ ഇളമുറക്കാരനാണ് മലപ്പുറംകാരനായ ഡോ. പ്രമോദ് ഇരുമ്പുഴി എന്ന മലയാളം അധ്യാപകന്‍.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com

പഠിപ്പിക്കാനും വായിക്കാനും എഴുതാനും യാത്ര ചെയ്യാനുമൊക്കെ ഇഷ്ടപ്പെടുന്ന മാഷിന് മറ്റൊരു വലിയൊരു ഇഷ്ടം കൂടിയുണ്ട്. വെറുമൊരു ആഗ്രഹമല്ല.. മാഷിന്‍റെ ലക്ഷ്യമാണത്. നാട്ടിലാകെ ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിക്കണം!

ഡോ. പ്രമോദ് ഇരുമ്പുഴി

മാഷിന്‍റെ ഈ ആഗ്രഹങ്ങളൊക്കെ കേട്ട് നാട്ടുകാര് ചിരിക്കുമായിരുന്നു… ‘മ്മ്ളെ മാഷ്ന് കിറുക്കാണെന്നു’ പലരും പറഞ്ഞു. അതു പറഞ്ഞ ആ ഇരുമ്പുഴിക്കാരിപ്പോള്‍ ഇദ്ദേഹത്തിനൊപ്പം തന്നെയുണ്ട്. ആ കിറുക്കുകള്‍ക്ക് കൂട്ട് ഇപ്പോ ഇന്നാട്ടുകാരാണ്.

“വൈദ്യര്‍ കുടുംബമാണ്. അച്ഛനും വല്യച്ഛന്‍മാരുമൊക്കെ നാട്ടില്‍ അറിയപ്പെടുന്ന വൈദ്യന്‍മാരായിരുന്നു. ശിവശങ്കരന്‍ വൈദ്യന്‍ എന്നാണ് അച്ഛന്‍ പേര്. അന്നും വീട്ടുമുറ്റത്ത് തന്നെയാണ് ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്നതും മരുന്നുകളുണ്ടാക്കുന്നതും,” പ്രമോദ് ഇരുമ്പുഴി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

“മരുന്നുണ്ടാക്കുന്നതിന് വീട്ടിലൊരു മരുന്നുപുരയുണ്ടായിരുന്നു. അമ്മ ശാന്തയാണ് അച്ഛനെ മരുന്നുണ്ടാക്കാനൊക്കെ സഹായിച്ചിരുന്നത്. രണ്ടാളും ഇന്നില്ല,” അദ്ദേഹം ഒരു നിമിഷം പഴയ കാലത്തേക്ക് മടങ്ങിപ്പോയി.

പ്രമോദിന്‍റെ ഔഷധത്തോട്ടം

കുട്ടിക്കാലം തൊട്ടേ ഇതൊക്കെ കണ്ടാണ് പ്രമോദും വളര്‍ന്നത്.. മരുന്നിന്‍റെയും ഔഷധസസ്യങ്ങള്‍ക്കുമിടയിലൂടെയാണ് കളിച്ചുനടന്നത്. “20 വര്‍ഷക്കാലം അച്ഛന്‍റെ വൈദ്യശാലയില്‍ തന്നെയായിരുന്നു ഞാനും. പഠിക്കാന്‍ പോകുന്ന കാലത്തൊക്കെ വൈദ്യശാലയില്‍ ഞാനുമുണ്ടാകും. ആ ഇഷ്ടം കൊണ്ടാണ് അതേ വിഷയത്തില്‍ പിഎച്ച്ഡി എടുക്കുന്നതും.”


കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് നാട്ടുവൈദ്യം ഒരു പഠനം എന്ന വിഷയത്തിലാണ് ഡോക്റ്ററേറ്റ് എടുത്തിരിക്കുന്നത്.


മലപ്പുറം ജില്ലയിലെ നാട്ടുവൈദ്യത്തെക്കുറിച്ച് പഠിച്ചാണ് അദ്ദേഹം ഡോക്റ്ററേറ്റ് നേടിയത്. പത്ത് വര്‍ഷം കൊണ്ടാണ് വളരെ വിശദമായ ഗവേഷണം നടത്തിയതെന്ന് അദ്ദേഹം പറയുന്നു.

മലബാര്‍ ലഹളയുടെ കാലത്ത് ഉപയോഗിച്ചിരുന്ന മൈഗുരുഡ് എന്ന നിഗൂഢഭാഷയെക്കുറിച്ചും ഔഷധസസ്യങ്ങളെക്കുറിച്ചും പുസ്തകമെഴുതിയിട്ടുണ്ട് പ്രമോദ് ഇരുമ്പുഴി.

ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിക്കും. നാട്ടിലും സ്കൂള്‍ കുട്ടികള്‍ക്കൊക്കെ സ്ഥിരമായി വിതരണം ചെയ്യും. സ്വന്തം നാട് ഒരു ഔഷധസസ്യ ഗ്രാമമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

ഇതിനൊപ്പം ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അറിവുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നുമുണ്ട്.

“പറമ്പ് നിറയെ ചെടികളും മരങ്ങളുമൊക്കെ തന്നെയാണ്. വീട്ടില്‍ മാത്രം നട്ടാല്‍ പോരാ.. മറ്റുള്ളവരുടെ വീടുകളിലും സ്കൂളുകളിലുമൊക്കെ ഔഷധത്തോട്ടങ്ങള്‍ വേണമെന്നു തോന്നി. വീട്ടില്‍ നിന്നുള്ള തൈകളൊക്കെ പലര്‍ക്കും കൊടുക്കുമായിരുന്നു.


ഇതുകൂടി വായിക്കാം: 46 രാജ്യങ്ങളിലെ 130-ലേറെ സാമൂഹ്യപ്രസ്ഥാനങ്ങള്‍ മുളച്ചത് കേരളത്തിലെ ഈ കായലോരത്താണ്: ജര്‍മ്മനിയില്‍ നിന്നും തിബെറ്റ് വഴി വെള്ളായണിയിലെത്തിയ സാബ്രിയെയുടെ, പോളിന്‍റെ, കാന്താരിയുടെ കഥ


“ഇതിനോടൊക്കെയുള്ള ഇഷ്ടം കൊണ്ട് വീടിനടുത്ത് തന്നെ കുറച്ചു സ്ഥലം വാങ്ങി. എട്ട് വര്‍ഷം മുന്‍പാണ്. ഞങ്ങള്‍ക്ക് താമസിക്കാനൊരു വീടുണ്ടല്ലോ. ഇനീപ്പോ വാങ്ങിയ സ്ഥലത്ത് വേറെ വീട് വേണ്ടല്ലോ. അങ്ങനെ അതൊരു ഔഷധത്തോട്ടമാക്കുകയായിരുന്നു. എല്ലാം കൂടി  ഒന്നര ഏക്കറിലാണ് ഔഷധത്തോട്ടം.

“അത്യാവശ്യം കുറച്ച് ഔഷധതൈകളൊക്കെ ഒരോ വീട്ടിലും വേണ്ടതല്ലേ. ഒരു വീട്ടിലേക്ക് ആവശ്യമായ ഔഷധസസ്യങ്ങള്‍ കൊടുക്കുക, നാട്ടില്‍ എല്ലായിടത്തും ഔഷധസസ്യങ്ങള്‍ ലഭ്യമാക്കുക. ഇതാണ് ലക്ഷ്യം,” അദ്ദേഹം തുടരുന്നു.

കൂടുതലും തൈകള്‍ സ്കൂളുകളിലൂടെയാണ് അദ്ദേഹം സസ്യങ്ങള്‍ വിതരണം ചെയ്യുന്നത്. സ്കൂളുകളിലാകുമ്പോള്‍ കുറേ പേരിലേക്ക് സസ്യങ്ങളെത്തിക്കാം എന്നാണ് അദ്ദേഹം അതില്‍ കാണുന്ന ഒരു സൗകര്യം. ക്ലബുകളിലൂടെയും തൈകള്‍ പലര്‍ക്കും നല്‍കിയിട്ടുണ്ട്.

“പക്ഷേ അവിടെയൊരു പ്രശ്നം. എല്ലാവര്‍ക്കും കിട്ടിയില്ല, ചിലര്‍ക്ക് മാത്രമേ കിട്ടിയുള്ളൂ… ഇങ്ങനെ പരാതികള്‍ വന്നു. പിന്നെ പലരും അതൊന്നും വീട്ടില്‍ കൊണ്ടുപോയി നടാന്‍ മെനക്കെടുന്നില്ല. അതോടെ ക്ലബുകള്‍ക്ക് കൊടുക്കുന്നത് അവസാനിപ്പിച്ചു.

“സ്കൂളിലാകുമ്പോള്‍ കുട്ടികള്‍ വലിയ താത്പ്പര്യത്തോടെ നടും. സ്കൂള്‍ മുറ്റത്തോ വീട്ടിലോ നട്ടോളൂം,” എന്നാണ് അദ്ദേഹത്തിന്‍റെ അനുഭവം. ഇരുമ്പുഴിയില്‍ തന്നെ ഒരു നാല‍ഞ്ച് സ്കൂളുകളുണ്ട്. അവിടെയാണ് കൂടുതലും ചെടികള്‍ കൊടുത്തിട്ടുള്ളതെന്നു പ്രമോദ്.

സ്കൂള്‍മുറ്റത്ത് തൈ നടുന്നു

ഗോവിന്ദ മെമ്മോറിയല്‍ സ്കൂള്‍, ജിഎംഎല്‍പി സ്കൂള്‍ ഇരുമ്പുഴി, ജിഎംയുപി സ്കൂള്‍, ജിഎച്ച് എസ് എസ് ഇരുമ്പുഴി ഇവിടെയൊക്കെയാണ് മാഷ് പതിവായി ചെടികള്‍ കൊടുക്കുന്നത്. തിരുവാടി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ പ്ലസ് ടുവിലെ മലയാളം അധ്യാപകനാണ് അദ്ദേഹം.

“കഴിഞ്ഞ മൂന്നാലു വര്‍ഷമായി തുടര്‍ച്ചയായി ഇങ്ങനെ ഔഷധസസ്യങ്ങള്‍ കൊടുത്തു കൊണ്ടിരിക്കുകയാണ്.” ഔഷധസസ്യങ്ങള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച് പ്രമോദ് മാഷ് പറയുന്നു.

“ഒരു ഏക്കറോളം സ്ഥലത്താണ് ഔഷധസസ്യങ്ങള്‍ മാത്രം നട്ടിരിക്കുന്നത്. നാല്‍പ്പാമരം, ദശമൂലത്തിലെ കുമിള്‍, കൂവളം, മുഞ്ഞ അങ്ങനെ ഞെരിഞ്ഞില്‍ ഒഴിച്ച് എല്ലാമുണ്ട്.


കരിങ്ങാലി, രക്തചന്ദനം, ദന്തപ്പാല, നീര്‍മാതളം, പതിമുഖം, വാതംകൊല്ലി…അങ്ങനെ ഒരുപാട് സസ്യങ്ങള്‍ ഈ പറമ്പില്‍ വളര്‍ത്തുന്നുണ്ട്.


“എട്ടുവര്‍ഷമായി ഈ പറമ്പില്‍ ഔഷധസസ്യങ്ങളാണ് വളര്‍ത്തുന്നത്. വീട്ടില്‍ നിന്നു ഏറെ ദൂരേയല്ല ഇത്,” മാഷ് പറഞ്ഞു. ഔഷധത്തോട്ടത്തിന്  അരുന്ധതി ഹെര്‍ബല്‍ ഗാര്‍ഡന്‍സ് എന്നാണ് പേര്.

വിതരണം ചെയ്യാന്‍ തൈകള്‍ കവറുകളിലാക്കി മുളപ്പിക്കുന്നുണ്ട്. പിന്നെ പതിമുഖം പോലുള്ളവയുടെ ചുവട്ടില്‍ തൈകള്‍ താനെ മുളയ്ക്കും. ഈ തൈ പറിച്ച് കുട്ടികള്‍ക്ക് നല്‍കും.

വാതംകൊല്ലി വര്‍ഷത്തിലൊരിക്കല്‍ വെട്ടും. ഒരു നാന്നൂറ് പേര്‍ക്ക് ഇതിന്‍റെ കമ്പ് നടാന്‍ കൊടുക്കാനുണ്ടാകും. കുറേ എന്‍റെ സ്കൂളിലേക്ക് കൊണ്ടുപോകും. നഴ്സറികളില്‍ നിന്നൊക്കെ വാങ്ങുന്ന പോലെ തൈകള്‍ കവറിലാക്കി കൊടുക്കാറുണ്ട്. പക്ഷേ അതിനു ചില പരിമിതികളുണ്ട്, എന്ന് മാഷ്.

കുട്ടികള്‍ക്ക് കൊണ്ടുപോകാനൊക്കെ സൗകര്യം വെറുതേ കമ്പോ തൈയോ കൊടുക്കുന്നതാണ് എന്നാണ് അദ്ദേഹത്തിന്‍റെ തോന്നല്‍.

ഔഷധത്തോട്ടം കാണാനെത്തിയവരോട് സസ്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന പ്രമോദ്

നാട്ടില്‍ നിന്നു അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങള്‍ക്ക് അദ്ദേഹം കൂടിയ പരിഗണന നല്‍കാറുണ്ട്. ഉദാഹരണത്തിന്, മുരിക്ക് ഇവിടെയൊക്കെ ഇല്ലാതായി കൊണ്ടിരിക്കുകയാണ്.

“ഒരിക്കല്‍ കുട്ടികളെ പഠിപ്പിക്കുമ്പോള്‍ അവര്‍ക്ക് മുരിക്ക് എന്താണെന്നു അറിയില്ല. മുരിക്കിന്‍ പൂവ് കണ്ടിട്ടുണ്ടോ എന്നു ചോദിച്ചപ്പോ അതും കണ്ടിട്ടില്ല. മുരിക്ക് കണ്ടിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ അതുമില്ല,” അദ്ദേഹം ഒരനുഭവം ഓര്‍ത്തു.


കുട്ടിക്കാലത്തൊക്കെ ഒരുപാട് മുരിക്കിന്‍ തൈകള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇപ്പോ കാണാന്‍ കിട്ടുന്നില്ല.


“ഇവിടങ്ങളില്‍ വിറകുപ്പുരയുണ്ടാക്കാനും കിണറിന്‍റെ താങ്ങായിട്ടും കുരുമുളകിന്‍റെ താങ്ങുമരമായുമൊക്കെ മുരിക്ക് ഉപയോഗിക്കുമായിരുന്നു. ആ ഉപയോഗങ്ങളൊക്കെ ഇല്ലാതായതോടെയാകും ഇപ്പോ ഇതു കാണാന്‍ കിട്ടുന്നില്ല.

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം”ക്ലാസില്‍ അറുപത് കുട്ടികളുണ്ട്. അതില്‍ നാലോ അഞ്ചോ പേര്‍ മാത്രമേ മുരിക്ക് കണ്ടിട്ടുള്ളൂ. ക്ലാസില്‍ മാത്രമല്ല സ്കൂളിലും മുരിക്ക് കണ്ടിട്ടുള്ള കുട്ടികള്‍ കുറവാണ്. അപ്പോ നാട്ടില്‍ അന്വഷിച്ചപ്പോള്‍ മുരിക്കന്‍ തൈകള്‍ വളരെ കുറവാണെന്നു മനസിലായി.

“വീട്ടില് മുരിക്കന്‍ തൈയുണ്ട്. മുറിവെണ്ണയിലെ പ്രധാന ചേരുവയാണ് മുരിക്ക്. അതുകൊണ്ട് വീട്ടില്‍ മുരിക്ക് മരങ്ങളുണ്ട്.


മുരിക്കിന്‍റെ ഇല കറിയും വയ്ക്കും. പയര്‍ ഇല തോരന്‍റെ അതേ രുചിയാണ് മുരിക്കിന്‍റെ ഇലയ്ക്കും.


മുരിക്കിന്‍റെ കൊമ്പുണ്ടെങ്കില്‍ കുറേ നടാം. നാട്ടില്‍ തന്നെ കുറേ തൈ നട്ടു. അതിപ്പോ അവിടെവിടെയായി വളരുന്നുണ്ട്, അതുപറയുമ്പോള്‍ അദ്ദേഹത്തിന് വലിയ സന്തോഷം.

“അയ്യമ്പന, നാഗവെറ്റില എന്നു പറയുന്ന ചെടിയെയും സജീവമാക്കുന്നുണ്ട്. ഇതൊക്കെ ഒരുപാട് വിതരണം  ചെയ്തിട്ടുണ്ട്. നഷ്ടമായി കൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങളെ നാട്ടിലെങ്ങും നട്ടുവളര്‍ത്തുകയാണ് ലക്ഷ്യം. പനിക്കൂര്‍ക്ക, വാതംകൊല്ലി, കരിങ്കുറിഞ്ഞി, കരിനൊച്ചി, മുഞ്ഞ, വിഷമൂലി.. ഇങ്ങനെ ഏഴെട്ട് തൈകളെ പ്രമോട്ട് ചെയ്യുന്നുണ്ട്”

ഔഷധസസ്യങ്ങള്‍ മാത്രമല്ല ഫലവൃക്ഷങ്ങളും വിതരണം ചെയ്തിട്ടുണ്ടെന്നു പ്രമോദ്. ” ഞാവല്‍ തൈകളാണ് ഏറ്റവും കൂടുതല്‍  നല്‍കിയിരിക്കുന്നത്. അയ്യായ്യിരം തൈകളാണ് നല്‍കിയത്.

“ഇങ്ങനെ ചെടികളൊക്കെ വിതരണം ചെയ്യുമെന്നു അറിയാവുന്ന കൊണ്ടു പലരും തൈകളോ ചെടികളോ ഉണ്ടെങ്കില്‍ വിളിച്ചു പറയും. അങ്ങനെ കുറേപ്പേരില്‍ നിന്ന് ഞാവല്‍ തൈ കിട്ടി. ഇരുമ്പുഴിയിലെ സ്കൂളുകളില്‍ മാത്രമല്ല കൊടുത്തത്. മലപ്പുറം ജില്ലയിലെ 50 സ്കൂളുകളില്‍ ഞാവല്‍ തൈ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷമാണിത്.


ഇതുകൂടി വായിക്കാം: 550 വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം എല്ലാ ആഴ്ചയും ആര് വാരും? എല്ലാരും മിണ്ടാതിരുന്നപ്പോള്‍ റൈന ആ ജോലി ഏറ്റെടുത്തു


ഒരു ഞാവല്‍ മരത്തില്‍ നിന്നു തന്നെ ആയിരത്തിലേറെ തൈകളുണ്ടാകും. പക്ഷേ മിക്കവരും വിത്ത് മുളച്ചുവരുമ്പോള്‍ അതൊക്കെ വെട്ടിക്കളയും. അങ്ങനെ ഒരു വീട്ടില്‍ വെട്ടി കളയാനിരിക്കുമ്പോഴാണ് ഞാന്‍ ചെല്ലുന്നത്. അവിടെ നിന്നൊക്കെ കുറേ തൈകള്‍ കിട്ടി, അദ്ദേഹം പറഞ്ഞു.

ഒന്നര ഏക്കറിലായി കിടക്കുന്ന ഔഷധത്തോട്ടം കാണാനും പലരും പ്രമോദ് മാഷിനെത്തേടി വരാറുണ്ട്.  പല പരിസ്ഥിതി ക്യാമ്പുകളും ഈ ഔഷധത്തോട്ടത്തില്‍ നടത്താറുണ്ട്. സ്കൂളില്‍ നിന്നൊക്കെ കുട്ടികളുടെ സംഘം വരും. അതിനുള്ള ചെലവിന്‍റെ ചെറിയൊരു തുക വാങ്ങിയാണ് ക്യാംപ് നടത്തുന്നത്.

വിനോദയാത്രയ്ക്കിടെ പ്രമോദ്

ക്യാമ്പിന് വരുന്ന കുട്ടികള്‍ക്ക് ചെടികള്‍ സൗജന്യമാണ്. പിന്നെ മാഷെഴുതിയ  ഔഷധസസ്യം എന്ന പുസ്തകവും കൊടുക്കും. പിന്നെ കുടിക്കാന്‍ ജാപ്പി കൊടുക്കും.

കാപ്പിയോ തേയിലയോ ചേരാത്ത ആരോഗ്യകരമായ ഒരു പാനീയമാണ് ജാപ്പി.. പച്ചമല്ലിയും ജീരകവുമൊക്കെ ചട്ടിയിലിട്ട് വറുത്ത് പൊടിച്ചാണ് ജാപ്പിയുണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം വീട്ടിലെ നീര്‍മാതളം പൂത്തിരുന്നു. അതു കാണാനും നിരവധിയാളുകളാണ് വന്നത്.

നഷ്ടമായി കൊണ്ടിരിക്കുന്ന സസ്യങ്ങളെക്കുറിച്ചൊക്കെ വിഡിയോ ചെയ്തു യുട്യൂബിലിടാറുണ്ടെന്നു പ്രമോദ്. ” ഏഴുമാസമായി യുട്യൂബ് ചാനല്‍ ആരംഭിച്ചിട്ട്. ഔഷധസസ്യങ്ങളെക്കുറിച്ച് മാത്രമല്ല യാത്രകളെക്കുറിച്ചുള്ള വിഡിയോകളുമുണ്ട്.

യാത്രകള്‍ വലിയ ഇഷ്ടമാണ്. ബാലി, സിംഗപൂര്‍ പോയി വന്നതേയുള്ളൂ. ഇംഗ്ലണ്ട്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി സ്വിറ്റസര്‍ലന്‍റ്, വത്തിക്കാന്‍, ഈജിപ്ത്, ജോര്‍ദാന്‍, പാലസ്തീന്‍, മലേഷ്യ, നേപ്പാള്‍, ഭൂട്ടാന്‍ ഇവിടങ്ങളിലൊക്കെ പോയിട്ടുണ്ട്.

അരുണാചാല്‍ പ്രദേശ്, ത്രിപുര, മണിപ്പൂര്‍ പോലുള്ള ചില സ്ഥലങ്ങളില്‍ കൂടിയേ ഇനി ഇന്‍ഡ്യയില്‍ പോകാനുള്ളൂ.

200-ലേറെ ഔഷധസസ്യങ്ങളുണ്ട്. സ്വാഭാവികമായി വളര്‍ന്നുവന്ന സസ്യങ്ങള്‍ക്കൊപ്പം നക്ഷത്രവനവും ഇവിടുണ്ട്. വനത്തിലെന്ന പോലെ സ്വാഭാവികമായാണ് വളര്‍ത്തുന്നത്. ചെടികള്‍ നടുമ്പോള്‍ ഉണക്ക ചാണകവും ഇടും അത്രേയുള്ളൂ. പിന്നെ ഒരുപാട് പരിചരണമൊന്നും നല്‍കാറില്ല.


കൊത്തും കിളയും ഒന്നും ചെയ്യാറില്ല ഈ മണ്ണില്‍. ഔഷധത്തോട്ടത്തിന് പരിചരണം പ്രശ്നമൊന്നുമല്ല.


വേനല്‍ക്കാലത്ത് വീട്ടിലെ ചെടിചെട്ടിയിലൊക്കെ നട്ടിരിക്കുന്ന സസ്യങ്ങള്‍ മാത്രം നനച്ചാല്‍ മതിയാകും. ബാക്കിയുള്ളത് താനെ വളര്‍ന്നോള്ളൂ. ചട്ടിയിലുള്ളവയ്ക്ക് ഉണക്ക ചാണകപ്പൊടിയിട്ട് കൊടുക്കും.

എല്ലാത്തിനും ഭാര്യ റീനയും മക്കളുമൊക്കെ കൂടെ കൂടും. മഞ്ചേരിയിലെ ഗവണ്‍മെന്‍റ് ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ ബോട്ടണി അധ്യാപികയാണ് റീന. രണ്ട് പെണ്‍മക്കളാണുള്ളത്. അവന്തിക ഭൈമിയും അരുന്ധതി താരയും. അവന്തിക ഒമ്പതാം ക്ലാസിലും അരുന്ധതി ആറാം ക്ലാസിലും പഠിക്കുന്നു. രണ്ടു പേരും അമ്മയുടെ സ്കൂളില്‍ തന്നെയാണ് പഠിക്കുന്നത്.

ഈ ഔഷധസസ്യങ്ങളൊക്കെ സൗജന്യമായാണ് സ്കൂളുകളിലെ കുട്ടികള്‍ക്ക് കൊടുക്കുന്നത്. പിന്നെ അതിനു കുറച്ചു പരിമിതിയൊക്കെയുണ്ട്. ഔഷധത്തോട്ടത്തിനൊപ്പം ചെറിയൊരു നഴ്സറിയുമുണ്ട്. ഇവിടെ 35 തരം ചെടികള്‍ ആവശ്യക്കാര്‍ക്ക് 1000 രൂപയ്ക്ക് നല്‍കുന്നുമുണ്ട്.

“വീടുകളിലേക്ക് ഔഷധസസ്യങ്ങളെത്തിക്കുകയെന്നതാണ് ലക്ഷ്യം, അല്ലാതെ മാര്‍ക്കറ്റിലേക്ക് ഔഷധങ്ങളെത്തിക്കുകയെന്നതല്ല. നാട്ടില്‍ നിറയെ ഔഷധസസ്യങ്ങള്‍ നിറയ്ക്കണമെന്നതാണ് ആഗ്രഹം. ലക്ഷ്യവും” പ്രമോദ് പറയുന്നു.

ബ്രിട്ടിഷുകാരുടെ കാലത്ത് ജയിലില്‍ മലപ്പുറംകാര്‍ ഉപയോഗിച്ചിരുന്ന  രഹസ്യഭാഷയായ മൈഗുരുഡ് ഭാഷ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രമോദ്.  “മാപ്പിളലഹളയുടെ കാലത്ത് തടവുകാര്‍ ജയിലില്‍ ഉപയോഗിച്ചിരുന്ന ഭാഷയാണിത്. മാപ്പിള ലഹളയില്‍ പങ്കെടുത്തവരെ ജയിലില്‍ അടച്ചപ്പോള്‍ മലയാളികളായ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് മനസിലാകാതെ സംസാരിക്കാന്‍ അവര്‍ തന്നെ കണ്ടെത്തിയ ഭാഷയാണിത്.

അ, ആ, ഇ, ഈ അക്ഷരങ്ങളെ സ, സാ സി സീ എന്നീ അക്ഷരങ്ങളായാണ് ഈ ഭാഷയ്ക്ക് ഉപയോഗിക്കുന്നത്. അ യ്ക്ക് പകരം സയും സ യ്ക്ക് പകരം അ യും ഉപയോഗിക്കും.


ഇതുകൂടി വായിക്കാം:‘ഓട് മീനേ കണ്ടം വഴി’: കുമ്പളങ്ങിയില്‍ നിന്നും കായല്‍ച്ചന്തമുള്ള മറ്റൊരു ജീവിതകഥ


കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന ഭാഷ സംരക്ഷിക്കുകയാണ്. ഇതു സംബന്ധിച്ച് യുട്യൂബ് വിഡിയോകളും ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച്  ഡോക്യുമെന്‍ററി ചെയ്യാനുള്ള ശ്രമത്തിലുമാണെന്നു പ്രമോദ്.

നേരത്തെ സ്കൂളിനടുത്തുള്ള കുറച്ചാളുകളുടെ ജീവിതവും ഇദ്ദേഹം ഡോക്യുമെന്‍ററി ചെയ്തിട്ടുണ്ട്. “തിരുവാടി അംബേദ്ക്കര്‍ കോളനിയിലെ ആളുകളുടെ ജീവിതമാണ് ഡോക്യൂമെന്‍ററിയാക്കിയത്. കൊട്ടും പാട്ടും എന്ന പേരില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ഡോക്യുമെന്‍ററി ഇറക്കിയത്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം