ആരോടും പറയാതെ 65 ഇഡ്ഡലിയുണ്ടാക്കി വിറ്റു, പിന്നെ തിരിഞ്ഞുനോക്കിയില്ല: പലഹാരക്കച്ചവടത്തില്‍ റനിതയുടെയും ഷാബുവിന്‍റെയും വിജയത്തിന് രുചിയൊന്ന് വേറെയാണ്

ഇഡ്ഡലിക്കച്ചവടം മാത്രം ദിവസവും ആയിരങ്ങളിലെത്തി. നിരവധി സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗം കൂടി കണ്ടെത്തി കൊടുക്കുകയാണിപ്പോള്‍ റനിതയുടെ പലഹാരക്കച്ചവടം.

വീട് വെച്ചതിന്‍റെ കടം വീട്ടാന്‍ വീട്ടില്‍ ഇഡ്ഡലിയുണ്ടാക്കിക്കൊണ്ടിരുന്നാല്‍ മതിയോ..?

ഇങ്ങനെയൊരു ചോദ്യം അങ്കമാലിക്കാരി റനിതയോടാണ് ചോദിക്കുന്നതെങ്കില്‍ പറയും. മതി, ഇഡ്ഡലി തന്നെ ധാരാളം എന്ന്.

ഇഡ്ഡലിക്കൊക്കെ എന്ത് വെറൈറ്റി, എന്ത് മാര്‍ക്കറ്റ്? ഇതോണ്ടൊക്കെ എങ്ങനെ രക്ഷപ്പെടാനാ? എന്നൊക്കെ തുടക്കത്തിലേ ‘നെഗറ്റീവ് അടിപ്പിക്കുന്ന’ ചിലരുണ്ടല്ലോ.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com

അങ്ങനെയുള്ളവരെ പേടിച്ച് ആരോടും പറയാതെയാണ് റനിത ഇഡ്ഡലി കച്ചവടത്തിലേക്ക് കടക്കുന്നത്. നാട്ടുകാരോടും ബന്ധുക്കളോടും ഉപദേശം  ചോദിച്ചിരുന്നുവെങ്കില്‍ ഇന്നും ദാരിദ്രവും കഷ്ടപ്പാടുകളുമായി കഴിയേണ്ടി വന്നേനെ. എങ്ങനെയെങ്കിലും കടങ്ങളൊക്കെ തീര്‍ക്കണമെന്ന ഒറ്റ ആഗ്രഹത്തിലാണ് റനിത ഇഡ്ഡലിയുണ്ടാക്കാന്‍ തുടങ്ങുന്നത്.

വട്ടയപ്പം തയാറാക്കുന്ന തിരക്കിലാണ് ജീവനക്കാര്‍

65 ഇഡ്ഡലിയില്‍ തുടങ്ങിയ ആ പലഹാരനിര്‍മാണം ഇപ്പോള്‍ വെള്ളയപ്പം, പാലപ്പം, ചപ്പാത്തി… ഇങ്ങനെ ഒരുപാട് രുചികളിലേക്കെത്തി നില്‍ക്കുകയാണ്. ഇഡ്ഡലിക്കച്ചവടം മാത്രം ദിവസവും ആയിരങ്ങളിലെത്തി. നിരവധി സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗം കൂടി കണ്ടെത്തി കൊടുക്കുകയാണിപ്പോള്‍ റനിതയുടെ പലഹാരക്കച്ചവടം.

അങ്കമാലിയിലെ ഗോകുല്‍ ഫൂഡ്സിലെ ആവിപ്പറക്കുന്ന ചെമ്പിനരികിലിരുന്ന് റനിത ഇഡ്ഡലിക്കഥ പങ്കുവെയ്ക്കുന്നു, ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ വായനക്കാരോട്.

“ഞാനും ചേട്ടനും അങ്കമാലിക്കാരാണ്. പൂതംക്കുറ്റിയിലാണ് വീട്.  രണ്ടാള്‍ക്കും ജോലിയുണ്ടായിരുന്നു. വീടിനടുത്ത് തന്നെയുള്ള പി ഡി ഡി പി പാല്‍ സൊസൈറ്റിയില്‍ സെക്രട്ടറിയായിരുന്നു. ചേട്ടന്‍ പെരുമ്പാവൂര്‍ വെങ്ങോലയിലെ ത്രഡ് റബര്‍ കമ്പനിയിലെ ഫോര്‍മാനായിരുന്നു.

വട്ടയപ്പം തയ്യാറാക്കുന്ന തിരക്കില്‍

“ജോലിയുള്ള ഭാര്യയും ഭര്‍ത്താവും… നാലു വയസ് മാത്രമുള്ള ഒരു കുട്ടിയും. ഞങ്ങള്‍ എന്തിനാണ് പിന്നെ സൈഡ് ബിസിനസ് തുടങ്ങുന്നേന്ന് പലര്‍ക്കും തോന്നും. പക്ഷേ വീട് വെച്ചതിന്‍റെ കടം. അതൊരു വലിയ ബാധ്യതയായി കൂടെയുണ്ടായിരുന്നു,” റനിത പറഞ്ഞു.

രണ്ടുപേരുടെയും ചെറിയ വരുമാനം കൊണ്ട് വീടിന്‍റെ കടംതന്നെ അടച്ചുതീര്‍ക്കാന്‍ തികയില്ല. ഒരസുഖം വന്നാല്‍ കടം വാങ്ങി ആശുപത്രിയില്‍ പോകേണ്ട അവസ്ഥയായിരുന്നു. അങ്ങനെയാണ് ചെറിയ വരുമാനം കൂടി ഉണ്ടാക്കാന്‍ അവര്‍ ആലോചിക്കുന്നത്.


എന്നാ എന്തെങ്കിലും സൈഡ് ബിസിനസ് ചെയ്താലോ എന്നാണ് ചിന്തിച്ചത്.


“അങ്ങനെ ഇരിക്കുമ്പോഴാണ്, വീടിന് അടുത്തുള്ള ക്ലബിലെ കുട്ടികള്‍ വീട്ടിലേക്ക് വരുന്നത്. ക്ലബില്‍ നിന്നു കുട്ടികള്‍ വിനോദയാത്ര പോകുകയാണ്. ടൂറിനു പോകുമ്പോള്‍ കൊണ്ടുപോകാന്‍ കുറച്ച് ഇഡ്ഡലിയുണ്ടാക്കി തരുമോയെന്ന് അവര്‍ ചോദിച്ചു,” റനിത ഓര്‍ക്കുന്നു.

വട്ടയപ്പം

“അതിനെന്താ.. ഉണ്ടാക്കിത്തരാലോ എന്നും പറഞ്ഞു. അവര്‍ക്ക് അത് ഇഷ്ടപ്പെടുകയും നല്ല അഭിപ്രായം പറയുകയും ചെയ്തു. അങ്ങനെയാണ് എനിക്കൊരു ഐഡിയ തോന്നുന്നത്. ഇഡ്ഡലി വില്‍പ്പന. അങ്ങനെ ചേട്ടനോട് പറഞ്ഞു, നമുക്കിത് സൈഡ് ബിസിനസ് ആക്കിയാലോ എന്ന്… പുള്ളി പറഞ്ഞു. ‘അതുകൊള്ളാം, ഉണ്ടാക്കി തന്നാല്‍ ഞാന്‍ കടകളില്‍ കൊണ്ടുപോയി വില്‍ക്കാ’മെന്ന്.

“രണ്ടാളും ജോലി കളയുകയും വേണ്ട. കുറച്ചു കഷ്ടപ്പെട്ടാല്‍ ഇതിലൂടെ വരുമാനം ഉണ്ടാക്കുകയും ചെയ്യാം. ഞാന്‍ കുറച്ച് നേരത്തെ ഉറക്കമുണര്‍ന്നാല്‍ മതിയല്ലോ. രാവിലെയുണ്ടാക്കി കഴിഞ്ഞാല്‍ ചേട്ടന് ജോലിക്ക് പോകുന്ന വഴിയില്‍ ആവശ്യക്കാര്‍ക്ക് ഇഡ്ഡലിയൊക്കെ കൊടുക്കുകയും ചെയ്യാം,” അതായിരുന്നു അവരുടെ അന്നത്തെ പ്ലാന്‍.

അങ്ങനെ റനിതയും ഭര്‍ത്താവ് ഷാബുവും  2005-ല്‍ ഇഡ്ഡലിയില്‍ തുടങ്ങി. പിന്നെ പലഹാരകച്ചവടം വലുതാക്കി. “അന്ന് മോന് നാലു വയസേയുള്ളൂ. സ്കൂളില‍്‍‍ പോകുന്നുമുണ്ട്. അവന്‍റെ കാര്യങ്ങളും വീട്ടുകാര്യങ്ങളുമൊക്കെ കഴിഞ്ഞ് ജോലിക്കും പോകണം. കുറച്ച് കഷ്ടപ്പാടായിരുന്നുവെങ്കിലും അതൊക്കെ സഹിക്കാന്‍ തയാറായിരുന്നു.” റനിത പറയുന്നു.

 

അതിരാവിലെ എഴുന്നേറ്റ് ജോലിക്ക് പോകാനുള്ള ഒരുക്കം ഭക്ഷണം തയ്യാറാക്കല്‍, കടകളിലേക്കുള്ള ഇഡ്ഡലിയുണ്ടാക്കല്‍… ആകെ തിരക്കുപിടിച്ച ദിവസങ്ങള്‍.

“മോനെയും ഒപ്പം റെഡിയാക്കി അടുത്ത് തന്നെയുള്ള ബന്ധുവിന്‍റെ വീട്ടിലാക്കും. അവിടെ നിന്ന് അവന്‍ സ്കൂളിലേക്ക് പോകും. അതായിരുന്നു പതിവ്. അവനും അതിരാവിലെ ഉണരുമായിരുന്നു, എല്ലാത്തിനും ഒപ്പം നില്‍ക്കുമായിരുന്നു,” റനിത പറഞ്ഞു.


ഇതുകൂടി വായിക്കാം: ‘ഞാനാരാ മോള്, എന്നെത്തോല്‍പിക്കാന്‍ ഇവന്മാരെക്കൊണ്ടൊന്നും പറ്റൂല’: മറയൂരിലെ കരിമ്പുകര്‍ഷക ഇടനിലക്കാരെ തോല്‍പിച്ചതിങ്ങനെ


ആദ്യത്തെ ദിവസം 65 ഇഡ്ഡലിയാണുണ്ടാക്കിയത്. പിന്നെ ഓരോ ദിവസം കഴിയുന്തോറും എണ്ണം കൂട്ടി കൂട്ടി വന്നു. ആവശ്യക്കാരുടെ എണ്ണവും കൂടി.  ഷാബു ജോലിക്ക് പോകുന്ന വഴിയിലുള്ള കടകളിലും ഹോട്ടലുകളിലും ഇഡ്ഡലി വില്‍ക്കും. അതായിരുന്നു പതിവ്.

“ഒരു ദിവസം നൂറു ഇഡ്ഡലിയുണ്ടാക്കി വില്‍ക്കാം.. അതിലൂടെ ദിവസവും അമ്പതു രൂപ ലാഭം നേടാം.. ഇതായിരുന്നു കച്ചവടത്തിലേക്ക് കടക്കുമ്പോള്‍ ഞങ്ങളുടെ പ്ലാന്‍.” പക്ഷേ, പ്ലാന്‍ വെറുതേയായി. കണക്കൊക്കെ തെറ്റിയെന്നു റനിത പറയുന്നു.

“ഈ കച്ചവടം ആരംഭിക്കുന്നുവെന്നു ആരോടും പറഞ്ഞില്ല. നിങ്ങള് ഇതൊക്കെ ചെയ്താല്‍ ശരിയാകില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്ക് പിന്നെ ചെയ്യാനാകില്ല. ആത്മവിശ്വാസം തന്നെ പോകും. ഓര്‍ഡര്‍ കിട്ടിക്കഴിഞ്ഞിട്ട് മറ്റുള്ളവരോട് പറഞ്ഞാല്‍ മതിയെന്ന് ചേട്ടനോട് ഞാനാണ് പറഞ്ഞത്.

“അധികം പിന്നെ ആലോചിച്ചില്ല. ഒന്നു രണ്ട് കടകളില്‍ ഓര്‍ഡറും കൊടുത്ത്, അരിയും ഉഴുന്നും സാധനങ്ങളുമൊക്കെ വാങ്ങിയാണ് ചേട്ടന്‍ വീട്ടിലേക്ക് വന്നത്. ” തൊട്ടടുത്ത ദിവസം രണ്ട് പുതിയ കടകളില്‍ നിന്നു കൂടി ഓര്‍ഡര്‍ കിട്ടി.  ഒരാഴ്ച കൊണ്ട് മൂന്നുറു ഇഡ്ഡലിയിലേക്കെത്തി. ആദ്യത്തെ മാസം ആയിരം ഇഡ്ഡലി ഉണ്ടാക്കിയത്,” റനിത തുടരുന്നു.

ആദ്യത്തെ മാസം കിട്ടിയ  നല്ല പ്രതികരണം നല്‍കിയ ആത്മവിശ്വാസം വലുതായിരുന്നു. നല്ല വരുമാനം ഉണ്ടാക്കാമെന്നും രക്ഷപ്പെടുമെന്നും ഒരു വിശ്വാസം വന്നു. അതോടെ ഷാബു ജോലി ഉപേക്ഷിച്ചു. പൂര്‍ണമായും പലഹാരനിര്‍മാണത്തിലേക്ക് തിരിഞ്ഞു.

“ഇഡ്ഡലി ഉണ്ടാക്കാന്‍ സഹായിക്കുക മാത്രമല്ല കടയില്‍ കൊണ്ടുപോയി കൊടുക്കലും ഉച്ച കഴിഞ്ഞ് ആ കടകളില്‍ പോയി കാശ് പിരിക്കലുമൊക്കെയായി.


ചേട്ടന് തിരക്ക് കൂടി വന്നതോടെ ജോലി അവസാനിപ്പിക്കുകയായിരുന്നു.


“തുടക്കത്തില്‍ രാവിലെ ഹോട്ടലുകളില്‍ കൊണ്ടുപോയി ഇഡ്ഡലി കൊടുക്കും. ഉച്ച കഴിഞ്ഞ് അതിന്‍റെ കാശ് വാങ്ങാന്‍ പോകും. ഇതായിരുന്നു അവസ്ഥ. എന്നാലിപ്പോള്‍ അതിലൊക്കെ മാറ്റം വന്നു. സാധനങ്ങള്‍ കൊടുത്താല്‍ അപ്പോ തന്നെ പൈസ തരും. മുന്‍കൂട്ടി പൈസ ഏല്‍പ്പിച്ച് ബുക്ക് ചെയ്യുന്നവരുമുണ്ട്,” അവര്‍ പറയുന്നു.

എന്നാല്‍ പറയുന്ന പോലെ അത്ര എളുപ്പമൊന്നുമായിരുന്നില്ല ഇഡ്ഡലിക്കച്ചവടം എന്ന് ഷാബു. “ഉറക്കമൊഴിച്ചിരുന്നുവേണം ഇഡ്ഡലിയും അപ്പവുമൊക്കെയുണ്ടാക്കാന്‍. രാവിലെ ഹോട്ടലുകളില്‍ കൊണ്ടുപോയി കൊടുക്കണം.”

“തുടക്കത്തില്‍ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. കടകളുടെ മുന്‍പില്‍ പോയി നമ്മളിങ്ങനെ നില്‍ക്കണം, തുടക്കക്കാരല്ലേ… എന്തോ ധര്‍മം ചോദിക്കാനെന്ന പോലെയൊക്കെ നില്‍ക്കേണ്ടി വന്നിട്ടുണ്ട്,” ഒരു സംരംഭകന്‍റെ ബുദ്ധിമുട്ടുകള്‍ ഷാബു വിവരിക്കുന്നു.

“കുറേ കടക്കാര്‍ അങ്ങനെയൊക്കെ നമ്മളെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഇതിനൊപ്പം കുറേ നല്ല കടക്കാരും ഉണ്ടായിരുന്നു. പിന്നീട് ഇഡ്ഡലിയുണ്ടാക്കുന്നതിന്‍റെ എണ്ണം കൂടിയതോടെ നമ്മളോട് അത്ര സൗഹൃദമില്ലാതെ പെരുമാറിയിരുന്ന കച്ചവടക്കാരെ ഒഴിവാക്കി. പുതിയ ആവശ്യക്കാര്‍ എത്തിക്കൊണ്ടേയിരുന്നു.

“ഹോട്ടലുകാരൊക്കെ ചില ടിപ്സുകളൊക്കെ പറഞ്ഞു തന്നിട്ടുണ്ട്, മാവ് തയാറാക്കുന്നതിനൊപ്പം ചോറ് ചേര്‍ത്താല്‍ നന്നാകും എന്നൊക്കെയുള്ള ടിപ്സ് ഒക്കെയാണ് പലരും പറഞ്ഞു തന്നത്,” ഷാബു തുടരുന്നു.

വട്ടയപ്പം തയാറാക്കുന്ന മെഷീന്‍

ഇഡ്ഡലി വാങ്ങിക്കുന്നവര്‍ മറ്റു പലഹാരങ്ങളും ആവശ്യപ്പെടാന്‍ തുങ്ങി. “അങ്ങനെ, ഇഡ്ഡലിയുടെ എണ്ണം കൂട്ടിയതിന് പിന്നാലെ പുതിയ പലഹാരങ്ങളും ഉണ്ടാക്കിത്തുടങ്ങി. വട്ടയപ്പം, വെള്ളയപ്പം, ഇടിയപ്പം ഇങ്ങനെ പുതിയവ വന്നുകൊണ്ടിരുന്നു. രുചി കൂട്ടാന്‍ ഓരോ പരീക്ഷണങ്ങളും നടത്തിയാണ് ഇതിന്‍റെ റെസിപ്പിയിലേക്കെത്തുന്നത്.  നമ്മള്‍ ഉദ്ദേശിക്കുന്ന രുചിയില്‍ കിട്ടിക്കഴിയുമ്പോള്‍ ആ റെസിപ്പി എഴുതി സൂക്ഷിക്കും.


ഇതുകൂടി വായിക്കാം: ദിവസവും രാത്രി രണ്ടുമണിക്ക് ഉണര്‍ന്ന് ഈ 59-കാരി പാചകം തുടങ്ങും, 50 രോഗികള്‍ക്ക് പലതരം ആരോഗ്യവിഭവങ്ങള്‍ തയ്യാറാക്കാന്‍


“നേരത്തെ ആയിരം വട്ടയപ്പത്തിന്‍റെയോ ഇഡ്ഡലിയുടെയോ ഓര്‍ഡര്‍ കിട്ടിയാല്‍ ടെന്‍ഷനാകും. പക്ഷേ ഇപ്പോ പതിനായിരം എണ്ണത്തിന്‍റെ ഓര്‍ഡര്‍ കിട്ടിയാലും ചെയ്യാനാകുമെന്ന വിശ്വാസമുണ്ട്.  കൃത്യമായ ഒരു റെസിപ്പിയാണല്ലോ പിന്തുടരുന്നത്,” അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നു.

പാലപ്പം ഉണ്ടാക്കുന്ന മെഷീന്‍

പ്രതീക്ഷിച്ച പോലെ പലഹാരം കൊടുക്കാന്‍ പറ്റാതെയും വന്നിട്ടുണ്ടെന്നു റനിത പറയുന്നു. ” ഒരിക്കല്‍1000 വട്ടയപ്പത്തിന്‍റെ ഓര്‍ഡര്‍ കിട്ടി. പക്ഷേ കൂട്ടിലെന്തോ പ്രശ്നമുണ്ടായി. ആ മാവ് എടുത്ത് കളയേണ്ടി വന്നു. പിന്നെ പൈസ കൂടുതല്‍ കൊടുത്ത് പുറത്ത് നിന്ന് വാങ്ങികൊടുക്കുകയായിരുന്നു. അങ്ങനെയൊക്കെ കുറച്ചു നഷ്ടമുണ്ടായിട്ടുണ്ട്. കയ്പേറിയ അനുഭവങ്ങള്‍ കുറേയുണ്ടായിട്ടുണ്ട്.

“മിക്ക ദിവസങ്ങളിലും ഉറങ്ങാതെയിരുന്നാണ് പലഹാരങ്ങളുണ്ടാക്കുന്നത്. ആദ്യമൂന്നു വര്‍ഷക്കാലം കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. ചേട്ടന്‍ വട്ടയപ്പം ഉണ്ടാക്കുന്നതിനിടയ്ക്ക് ഒരു പതിനഞ്ച് മിനിറ്റ് വീടിനകത്തിരുന്നു ഉറങ്ങിയാല്‍ ഇഡ്ഡലിയുണ്ടാക്കി കൊണ്ടിരിക്കുന്ന ഞാന്‍ പുറത്തെ മുറിയിലെ ചാക്കിലിരുന്നു കുറച്ചു നേരം ഉറങ്ങും,” റനിത ആ കഷ്ടപ്പാടുകള്‍ ഓര്‍ക്കുന്നു.

വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളുടെ രുചി. കലര്‍പ്പില്ലാത്ത ആ കൂട്ടുകളാണ് റനിതയുണ്ടാക്കുന്ന വിഭവങ്ങളെ പ്രിയങ്കരമാക്കുന്നത്. കേട്ടും രുചിച്ചുമറിഞ്ഞ് ഹോട്ടലുകാരും കാറ്ററിങ്ങുകാരും കോളേജ് ക്യാന്‍റീനില്‍ നിന്നുമൊക്കെ ആവശ്യക്കാര്‍ വരാന്‍ തുടങ്ങി.

ഇപ്പോള്‍ പാലപ്പവും ഇടിയപ്പവുമൊക്കെ മെഷീനിലാണ് ഉണ്ടാക്കുന്നത്.  ഈ മെഷീനുകളില്‍ ചിലത് ഷാബുവിന്‍റെ ആശയത്തിലാണ് നിര്‍മിച്ചത്.

യൂനിറ്റിലേക്ക് ആവശ്യമായ മെഷീനുകള്‍ ചെയ്തു തന്നിരുന്നത് ഇരിങ്ങാലക്കുടയിലുള്ള മെറ്റലേജ് മെഷീനറി കമ്പനിയാണ്. “അവിടുത്തെ എന്‍ജിനീയര്‍ വന്ന് പാലപ്പം ഉണ്ടാക്കുന്നതിനുള്ള മെഷീനെക്കുറിച്ച് സംസാരിച്ചു. പക്ഷേ അപ്പച്ചട്ടി ചുറ്റിക്കുന്നത് മെഷീനില്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നു അവര്‍ പറഞ്ഞു.

“പാലപ്പം ചട്ടിയിലൊഴിച്ച് ചുറ്റിക്കാതെ പറ്റില്ലല്ലോ.. അങ്ങനെയാണേല്‍ ചെയ്താല്‍ മതി അലേല്‍ വേണ്ടാന്ന് പറഞ്ഞു. പിന്നീട് ഒരു മൂന്നു വര്‍ഷത്തിന് ശേഷമാണ് ചുറ്റിക്കുകയും കൂടി ചെയ്യുന്ന മെഷീനുണ്ടാക്കുന്നത്.

ആ ഐഡിയയാണ് ചേട്ടന്‍റേത്. ഒരു മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം ചേട്ടനെന്നോട് പറഞ്ഞു,


പാലപ്പത്തിന് മാവ് ചുറ്റിയാല്‍ പോരേ ചട്ടി ചുറ്റിക്കണമെന്നില്ലല്ലോ. ഇതുകേട്ടപ്പോ എനിക്കൊന്നും മനസിലായില്ല.


“നേരെ അടുക്കളയിലേക്ക് പോയി. പറഞ്ഞകാര്യം ചേട്ടന്‍ കാണിച്ചു തന്നു. ഒരു ഗ്ലാസില്‍ മാവെടുത്ത ശേഷം ചട്ടിയിലേക്ക് ഒഴിച്ചു കാണിച്ചു തന്നു. അപ്പ ചട്ടി കൈയിലെടുത്ത് നമ്മള്‍ ചുറ്റിക്കുമ്പോള്‍ വരുന്നതു പോലെ തന്നെ വരികയും ചെയ്തു. ചൂടായ ചട്ടിയില്‍ മാവ് ചുറ്റി വീഴുമ്പോള്‍ പറ്റിപ്പിടിച്ചോളൂം. പാലപ്പത്തിന്‍റെ അരിക് ലേസ് പോലെ വരുകയും ചെയ്യും.” അങ്ങനെ ഷാബു ആ പ്രശ്നത്തിനൊരു പരിഹാരം കണ്ടുപിടിച്ചു.

റനിത പാചകത്തിരക്കില്‍

“ഇക്കാര്യം കമ്പനിയോട് പറഞ്ഞു. അവര് നേരിട്ട് വന്നു കണ്ടു മനസിലാക്കി. മൂന്നു മാസം കൊണ്ട് അങ്ങനെയൊരു മെഷീനുണ്ടാക്കിത്തന്നു. പാലപ്പത്തിനുള്ള മാവ് മെഷിന് അരികില്‍ വയ്ക്കും. മെഷീന്‍ ആ മാവില്‍ നിന്നെടുത്ത് അപ്പച്ചട്ടിയിലേക്ക് ഒഴിക്കും.

“ചുറ്റിച്ചാണ് ഒഴിക്കുന്നത്. താനെ അടപ്പു കൊണ്ട് മൂടുകയും ചെയ്യും. അപ്പം വെന്ത ശേഷം എടുത്തു മാറ്റാന്‍ മാത്രം നമ്മളാരെങ്കിലും വേണം. അത്രേയുള്ളൂ. അഞ്ച് ലക്ഷം രൂപയാണിതിന്‍റെ ചെലവ്. പക്ഷേ ഐഡിയ നമ്മുടേതാണല്ലോ. അതുകൊണ്ട് അത്രയും തുക അവര് വാങ്ങിയില്ല.”  ഈ മെഷീനില്‍ തന്നെ വെള്ളയപ്പവും ഉണ്ടാക്കാമെന്നും റനിത കൂട്ടിച്ചേര്‍ത്തു.

വട്ടയപ്പത്തിനുള്ള സ്റ്റീമര്‍ അവര്‍ സ്വയം വികസിപ്പിച്ചെടുത്തതാണ്. ഒരു അലമാര പോലെയാണ് ഈ സ്റ്റീമര്‍. പുകയില്ലാത്ത അടുപ്പിന്‍റെ മുകളിലാണ് ഈ സ്റ്റീമര്‍ മെഷീന്‍ വെച്ചിരിക്കുന്നത്. ചെമ്പിലാണ് ഇഡ്ഡലി തയാറാക്കുന്നത്. തുണിയിലൊഴിച്ചാണ് ചെയ്യുന്നത്.

ഇഡ്ഡലിയും പാലപ്പവും മാത്രമല്ല വെള്ളേപ്പം, ഇടിയപ്പം, കൊഴുക്കട്ട തുടങ്ങി പതിനാറോളം വിഭവങ്ങള്‍ അവര്‍ ഉണ്ടാക്കുന്നുണ്ട്. സഹായത്തിന് ജോലിക്കാരുമുണ്ട്. അയല്‍പ്പക്കത്തുള്ളവരൊക്കെ തന്നെയാണ് ജീവനക്കാര്‍. അവര്‍ പല സമയങ്ങളിലായി ജോലിക്കെത്തു.

ഗോകുലും ഷാബുവും റനിതയും

ചിലരൊക്കെ പാര്‍ട്ട് ടൈം ആയിട്ടും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വേറെ ജോലിയുള്ളവരാണ് നാലു മണിക്കൂറൊക്കെ ഇവിടെ വന്നു ജോലി ചെയ്യുന്നത്. തയ്യല്‍ക്കാരും ക്ലീനിങ് ജോലിക്ക് പോകുന്നവരുമൊക്കെ ഇവിടെ പാര്‍ട്ട് ടൈം ജോലിക്കാരായുണ്ടെന്നും റനിത പറഞ്ഞു.

“പലഹാരവില്‍പ്പനയിലൂടെ ബാധ്യതകളൊക്കെ തീര്‍ത്തു. വീടിന്‍റെ കടം മാത്രമല്ല ബാക്കിയുണ്ടായിരുന്ന നിര്‍മാണജോലികളും തീര്‍ത്തു. ഇതിനോട് ചേര്‍ന്ന് 20 സെന്‍റ് സ്ഥലവും വാങ്ങി. അവിടെയാണിപ്പോള്‍ യൂനിറ്റ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.


ഇതുകൂടി വായിക്കാം: തേങ്ങാപ്പാല്‍ സംഭാരം, തവിട് ചായ, ചക്കയില്‍ നിന്ന് തേന്‍ : അതിശയിപ്പിക്കുന്ന ജൈവ വിഭവങ്ങളുമായി ഉഷ


“എന്നെക്കാള്‍ കൂടുതല്‍ ചേട്ടനാണ് ഇതിന്‍റെ വിജയത്തിന്‍റെ ക്രെഡിറ്റ്. ചേട്ടനാണ് കൂടുതല്‍ കഷ്ടപ്പെട്ടത്. പലഹാരങ്ങള്‍ വിതരണം ചെയ്യുന്നത് മാത്രമല്ല ഇതുണ്ടാക്കാനുള്ള മെഷീനുകളുടെ നിര്‍മാണത്തില്‍ വരെ ഇദ്ദേഹം പങ്കാളിയായിട്ടുണ്ട്,” റനിത പറഞ്ഞു. മകന്‍ ഗോകുല്‍ ഇപ്പോള്‍ എംബിഎയ്ക്ക് പഠിക്കുന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം