കുറച്ചുവര്‍ഷം മുമ്പ്, നൂറു ശതമാനം സാക്ഷരത നേടുന്ന ഇന്‍ഡ്യയിലെ ആദ്യ ജില്ലയായി എറണാകുളം. വെറും ഒരു വര്‍ഷം കൊണ്ടാണ് എറണാകുളം ഇങ്ങനെയൊരു അംഗീകാരം നേടുന്നതെന്നറിഞ്ഞ് സുനിത ഗാന്ധി ജോലി രാജി വെച്ചു.
കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയ സുനിത വേള്‍ഡ് ബാങ്കില്‍ പ്രൊജക്റ്റ് മാനെജറായും ഇക്കണോമിസ്റ്റായും ജോലി നോക്കുകയായിരുന്നു.
വേള്‍ഡ് ബാങ്കില്‍ ജോലി ചെയ്ത പത്തുവര്‍ഷക്കാലവും അവരുടെ മനസ്സില്‍ ഒരാഗ്രഹം ഉണ്ടായിരുന്നു. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കണം, അതും സ്ത്രീ സാക്ഷരതയ്ക്കായി.
എറണാകുളത്തുകാര്‍ ഒറ്റവര്‍ഷം കൊണ്ട് സമ്പൂര്‍ണ സാക്ഷരത നേടി എന്നത് സുനിതയ്ക്ക് വലിയ ആത്മവിശ്വാസവും പ്രചോദനവും നല്‍കി.
പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യ മാറ്റത്തിന് തുടക്കമിടാം : Karnival.com
കുറേക്കാലമായുള്ള സ്വപ്നം സഫലമാക്കണമെന്ന ഉറച്ച തീരുമാനത്തോടെയാണ് സുനിത ജോലി രാജിവയ്ക്കുന്നത്.
എറണാകുളംകാരെ പോലെ ഇന്ത്യക്കാരെയെല്ലാം സാക്ഷരരാക്കുക, രാജ്യത്തെ സ്ത്രീകളെ അക്ഷരവിദ്യാഭ്യാസമുള്ളവരാക്കുക എന്ന സ്വപ്നത്തിന് പിന്നാലെയായിരുന്നു പിന്നീട് ഇവരുടെ സഞ്ചാരങ്ങള്‍. അങ്ങനെ 2015-ല്‍ തുടക്കം കുറിക്കുകയും ചെയ്തു, ഗ്ലോബല്‍ ഡ്രീംസ് ലിറ്ററസി മിഷന്‍( ജി ഡി എല്‍ എം) എന്ന പേരില്‍.
ഉത്തര്‍പ്രദേശിലെ കനൗരിയില്‍ 800 സ്ത്രീകളാണ് സുനിതയുടെ പദ്ധതിയിലൂടെ എഴുതാനും വായിക്കാനും പഠിച്ചത്. ഇവരില്‍ 80 ന് മുകളില്‍ പ്രായമുള്ള സ്ത്രീകളും ഉണ്ടായിരുന്നു, സുനിത ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
അച്ഛന്‍ ഡോ. ജഗദീഷ് ഗാന്ധിയെ പോലെ വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യാനായിരുന്നു ഇഷ്ടം. ആ മേഖലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ആളാണ് അച്ഛന്‍. വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സ്കൂളായ ലക്നൗവിലെ സിറ്റി മോണ്ടിസറി സ്കൂളിന്‍റെ സ്ഥാപകന്‍ ആണ് അദ്ദേഹം.
“സ്ത്രീകളെ അക്ഷരങ്ങള്‍ പഠിപ്പിക്കുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. പല പരാജയങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
ഒന്നോ രണ്ടോ അല്ല ഗ്ലോബല്‍ ഡ്രീംസിനായി തയ്യാറാക്കിയ ആറ് സാക്ഷരതാ പാഠ്യപദ്ധതികള്‍ പരാജയപ്പെട്ടു.
“കുറേ പഠനങ്ങള്‍ക്കൊടുവിലാണ് ഇപ്പോഴത്തെ പാഠ്യപദ്ധതി വിജയം കണ്ടത്.
“അമേരിക്കയിലെ ചില വിദ്യാഭ്യാസപ്രമുഖരെയൊക്കെ കണ്ടു അഭിപ്രായങ്ങളൊക്കെ ചോദിച്ചിരുന്നു. അമേരിക്കയിലെ വീടില്ലാത്ത ആളുകള്‍ക്കിടയില്‍ സാക്ഷരതാ പ്രവര്‍ത്തനത്തിനായി പാഠ്യപദ്ധതി തയ്യാറാക്കിയ മാര്‍ക്ക്, ട്രൂഡി, ജോനാഥന്‍, റോസ് എന്നിവരില്‍ നിന്നുള്ള സഹായത്തോടെയാണ് പുതിയ പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്തത്. ഇങ്ങനെയൊരു പദ്ധതിയുമായി സഹകരിക്കാന്‍ അവര്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവരികയായിരുന്നു,” സുനിത പറഞ്ഞു.
വളരെ മികച്ച പാഠ്യപദ്ധതിയാണ് ഈ സാക്ഷരത ക്ലാസുകള്‍ക്കുള്ളത്. പഠിതാക്കള്‍ക്ക് പഠനത്തിന് ഒരു ടൂള്‍കിറ്റ് നല്‍കുന്നുണ്ട്. ഗ്ലോബല്‍ ഡ്രീംസ് ടൂള്‍കിറ്റ് (ജിഡിടി) എന്നാണതിന്‍റെ പേര്. 50 രൂപയാണതിന്‍റെ വില.
സുസ്ഥിര സാക്ഷരതാ രൂപീകരണത്തിനായി നിരവധി വർഷങ്ങളായി സുനിത നടത്തിയ സൂക്ഷ്മ ഗവേഷണത്തിന്‍റെ ഫലമാണ് ഈ മാജിക് ബോക്സ്.
“ചോക്കുകള്‍, സ്ലേറ്റ്, ഡസ്റ്റര്‍, 30 കഥാപുസ്തകങ്ങള്‍, പ്ലാസ്റ്റിക് അക്ഷരങ്ങള്‍, ബോര്‍ഡുകള്‍, പിക്റ്റോഗ്രഫിക് ഫ്ലാഷ് കാര്‍ഡുകള്‍ പിന്നെ നിലത്തിട്ടിരിക്കാന്‍ ഒരു പരവതാനിയും. ഇതൊക്കെയാണ് ഈ ടൂള്‍ കിറ്റിലുള്ളത്,” സുനിത വിശദമാക്കി.
സ്ത്രീകളെ പഠിക്കുന്നതിന് വേണ്ടി തുടക്കത്തില്‍ കുറച്ചു പരിശീലകരെ ക്ഷണിച്ചിരുന്നു. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ഞങ്ങളെ സമീപിച്ചു. നാല്‍പത് പേരാണ് പഠിപ്പിക്കാന്‍ തയാറാണെന്നു അറിയിച്ചത്.
ഇവരില്‍ കാരിരുമ്പുപോലെ ഉറച്ച മനസ്സും മാറ്റം കൊണ്ടുവരാന്‍ ആവേശവുമുള്ള ഇരുപത് സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍. ഇവരിലേറെയും പത്താം ക്ലാസ് ജയിച്ചവരും അതില്‍ കൂടുതല്‍ വിദ്യാഭ്യാസവുമൊക്കെ നേടിയവരുമായിരുന്നു. ഇവരുടെയൊക്കെ ശ്രമഫലമായി രണ്ട് മാസങ്ങള്‍ക്കുള്ളില്‍ 180 സ്ത്രീകളാണ് ദേശീയ സാക്ഷരത മിഷന്‍ പരീക്ഷ എഴുതുന്നത്. അവരില്‍ എഴുപത് ശതമാനവും വിജയിക്കുകയും ചെയ്തു. പിന്നീട് ഈ എണ്ണത്തില്‍ വര്‍ധനവാണുണ്ടായെന്നു സുനിത കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ കരൗണി സ്വദേശികളായ ഗുഡ്ഡിയും ദ്രൗപദിയും സൂഫിയയുമൊക്കെ സുനിതയുടെ ഗ്ലോബല്‍ ഡ്രീംസ് ലിറ്ററസി മിഷനിലൂടെയാണ് അക്ഷരങ്ങള്‍ പഠിച്ചത്.
ഏതാനും ദിവസങ്ങള്‍ക്ക് ഭര്‍ത്താവിനൊപ്പമാണ് ഗ്രാമത്തിലെ താലൂക്ക് ഓഫീസിലേക്ക് 35-കാരിയായ ഗുഡ്ഡി ചെന്നത്. താലൂക്ക് ഓഫിസില്‍ ചില കടലാസുകളിലൊക്കെ ഒപ്പിടുകയും പേരെഴുതുകയുമൊക്കെ വേണമായിരുന്നു. അവിടെയിരുന്ന പേനയെടുത്ത് അവര്‍ കടലാസില്‍ പേരെഴുതി, ഒപ്പിട്ടു.
ഇതുകൂടി വായിക്കാം: ശിവസേനാപതി മുന്നിട്ടിറങ്ങി, 1,500 അടി താഴ്ത്തിയിട്ടും വെള്ളം കിട്ടാക്കനിയായ ഗ്രാമം ജലസമ്പന്നമായി
” ഇതൊക്കെ കണ്ട് ഭര്‍ത്താവ് അമ്പരന്ന് പോയി. എനിക്ക് എഴുതാനും വായിക്കാനും അറിയാമെന്ന കാര്യം അദ്ദേഹത്തിന് അറിയില്ലായിരുന്നു,” ദ്രൗപതി ചിരിക്കുന്നു. “ഇനി അദ്ദേഹത്തെയും എഴുതാനും വായിക്കാനും പഠിപ്പിക്കണമെന്നാണ് ആഗ്രഹം.”
ഗുഡ്ഡി പറയുന്നത് കേട്ട് അവരുടെ ക്ലാസ്മേറ്റും പഞ്ചായത്ത് മെമ്പറും കൂടിയായ ദ്രൗപദിയും ചിരിക്കുന്നു: “പഞ്ചായത്തിന്‍റെ ഓരോ പേപ്പറുകളിലും മറ്റുള്ളവര്‍ പറയുന്നത് കേട്ടാണ് ഞാന്‍ ഒപ്പിട്ടിരുന്നത്.
കൂടെയുള്ളവര്‍ പറയും, അവിടെ ഒപ്പിട്, ഇവിടെ ഒപ്പിട് എന്നൊക്കെ. ഇതൊക്കെ കേട്ട് ഞാന്‍ കൈമഷി അവിടെയൊക്കെ പതിപ്പിക്കും.
“47 വയസുണ്ടെനിക്ക്. പക്ഷേ പഠിപ്പൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോ എനിക്ക് എഴുതാനും വായിക്കാനും അറിയാം. കത്തുകളും അപേക്ഷകളുമൊക്കെ തന്നെ വായിക്കും.” ദ്രൗപദിയുടെ വാക്കുകളില്‍ അഭിമാനം മാത്രമേയുള്ളൂ.
ഗുഡ്ഡിയെയും ദ്രൗപദിയെയും പോലെ എത്രയോ സ്ത്രീകള്‍ക്കാണ് സുനിത അക്ഷരവെളിച്ചം പകര്‍ന്നുകൊടുത്തിരിക്കുന്നത്. കരൗണിയിലെ 800 സ്ത്രീകളാണ് ജിഡിഎല്‍എം പദ്ധതിയിലൂടെ എഴുതാനും വായിക്കാനും പഠിച്ചിരിക്കുന്നത്.
സുനിത പറയുന്നു: “വളരെ കുറഞ്ഞ സമയങ്ങള്‍ക്കുള്ളിലാണ് ഈ സ്ത്രീകള്‍ അക്ഷരങ്ങള്‍ പഠിച്ചെടുത്തത്. മാത്രമല്ല ഇവരില്‍ നിന്നുള്ളവര്‍ മറ്റു സ്ത്രീകള്‍ക്കും അവര്‍ പഠിച്ചതൊക്കെയും പറഞ്ഞു കൊടുക്കുന്നുമുണ്ട്.
“22 സ്ത്രീകളാണ് ഇങ്ങനെ ആദ്യമായി അധ്യാപകവേഷത്തിലെത്തിയത്. ആദ്യ ഘട്ടത്തില്‍ വെറും 15 മണിക്കൂര്‍ കൊണ്ട് 79 പേരെ അക്ഷരങ്ങളുടെ ലോകത്തിലേക്കെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.
സാക്ഷരതാ സര്‍ട്ടിഫിക്കറ്റുമായി പഠിതാക്കള്‍
യഥാര്‍ത്ഥത്തില്‍ പാവപ്പെട്ട കുട്ടികളെ ഉദ്ദേശിച്ചുകൊണ്ടാണ് സുനിത ഗ്ലോബല്‍ ഡ്രീംസ് പദ്ധതി തയ്യാറാക്കിയിരുന്നത്. അതിലൂടെ ലക്നൗ, കാണ്‍പൂര്‍, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് നിരാലംബരായ കുട്ടികളെ പഠിപ്പിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്.
“പഠിപ്പിക്കുന്ന രീതിയിലും ചില വ്യത്യസ്തകളൊക്കെ ഞങ്ങള്‍ പരീക്ഷിച്ചിരുന്നു. പരീക്ഷണങ്ങളൊക്കെ വിജയവുമായിരുന്നു. വിദ്യാര്‍ഥികള്‍ ആരെങ്കിലും സംശയം ചോദിച്ചാല്‍ പരിശീലകന്‍ ഉത്തരം പറയാതെ നില്‍ക്കും. ആ ചോദ്യം ചോദിച്ചവരെ കൊണ്ടു തന്നെ ഉത്തരം കണ്ടുപിടിക്കാന്‍ പ്രേരിപ്പിക്കും.
“സമയമെടുത്ത് ഉത്തരം കണ്ടെത്താനാണ് അവരോട് പറയുന്നത്. അവര്‍ സ്വയം ഉത്തരം കണ്ടെത്തി പറയും. ആ നിമിഷം അവരുടെ ആത്മവിശ്വാസമാണ് വര്‍ധിക്കുന്നത്.
ഇതുകൂടി വായിക്കാം:പെട്ടെന്നാണ് ഊരിലെ എല്ലാവരും വീടൊഴിഞ്ഞുപോയത്, കാരണമറിയാന്‍ മൂന്ന് ദിവസമെടുത്തു: 20 വര്‍ഷം കാട്ടില്‍ താമസിച്ച് പഠിപ്പിച്ച മാഷിന്‍റെ അനുഭവങ്ങള്‍
“ഏതു പ്രായത്തിലുള്ളവരെയും പഠിക്കാന്‍ ഇതൊക്കെ പ്രേരിപ്പിക്കും. പഠിതാക്കള്‍ക്കായുള്ള 50 രൂപയുടെ ടൂള്‍ കിറ്റ് ഉപയോഗിച്ച് പത്ത് സ്ത്രീകളെ പഠിപ്പിക്കാം.
“ഒരു പരിശീലകയ്ക്ക് പത്ത് സ്ത്രീകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നതും. ഇതിനൊപ്പം വീടുകള്‍ സന്ദര്‍ശിക്കും ഹ്രസ്വ പഠന സെഷനുകള്‍ നടത്തും. ഏറിയാല്‍ അരമണിക്കൂര്‍ നേരം മാത്രമാണ് ക്ലാസ്.
“ഒരു ടൂള്‍ കിറ്റ് ഉപയോഗിച്ച് പത്ത് സ്ത്രീകളെ പഠിപ്പിക്കാമെന്നതിനാല്‍ ഓരോരുത്തര്‍ക്കും പഠന ചെലവ് അഞ്ച് രൂപ മാത്രമേ വരുന്നുള്ളൂ.
“ഗ്രാമങ്ങളിലെയും ചേരികളിലെയും മുതിർന്നവരിൽ പലർക്കും വിദ്യാഭ്യാസം വളരെ ബുദ്ധിമുട്ടാണെന്ന ഒരു ധാരണയുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ സെഷൻ സമയം 15-30 മിനിറ്റാക്കി മാറ്റിയത്. അതവര്‍ക്ക് പ്രശ്നമാകുകയില്ലല്ലോ.
രോഗിയായ ഭർത്താവിനെ നോക്കാൻ എല്ലാ ദിവസവും മണിക്കൂറുകൾ ചെലവഴിക്കേണ്ടി വരുന്ന ദ്രൗപദിയെ സംബന്ധിച്ചിടത്തോളം പഠനത്തിന് കുറേ സമയം ചെലവഴിക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ ചെറിയ സെഷനുകള്‍ ദ്രൗപദിക്കും സൗകര്യമായി.
“ഇനി ഈ പ്രായത്തില്‍ പഠിക്കാന്‍ പോകാനോ.. കേള്‍ക്കുന്നവര്‍ കളിയാക്കില്ലേ.. നാണക്കേട്… 40-കാരിയായ സൂഫിയ ഇങ്ങനെയൊക്കെയാണ് പറഞ്ഞിരുന്നത്.” സാക്ഷരത ക്ലാസിലെ സൂഫിയയെക്കുറിച്ച് സുനിത ഓര്‍ക്കുന്നു.
“അങ്ങനെയൊക്കെ പറഞ്ഞെങ്കിലും പിന്നീട് സാക്ഷരത ക്ലാസിലേക്ക് അവരും വന്നു തുടങ്ങി. ട്രെയ്നറുടെ പ്രോത്സാഹനത്തിന് മുന്നില്‍ സൂഫിയ പഠിക്കാന്‍ വന്നുവെന്നു മാത്രമല്ല, കരൗണിയിലെ മികച്ച വിദ്യാര്‍ഥിയും കൂടിയായി.
വെറും ഒരു മാസത്തിനുള്ളിലാണ് സൂഫിയ എഴുതാനും വായിക്കാനുമൊക്കെ പഠിച്ചത്. സ്വന്തം മകള്‍ ഷാസിയയെ പോലും സൂഫിയ ഇപ്പോള്‍ പഠിപ്പിക്കുന്നുണ്ട്.
“ജിഡിഎൽഎമ്മിനായി ഞങ്ങൾ ഒരു മൊബൈൽ അപ്ലിക്കേഷൻ ആരംഭിച്ചിട്ടുണ്ട്. ദൂരേയുള്ള ഗ്രാമങ്ങളിൽ ഡിജിറ്റൽ സാക്ഷരത പ്രോത്സാഹിപ്പിക്കുമ്പോൾ ആപ്പ് പ്രയോജനപ്പെടുത്തും. ഈ ആപ്പില്‍ മുഴുവന്‍ പാഠ്യപദ്ധതിയും 13 ഇന്ത്യന്‍ ഭാഷ്യകളില്‍ കിട്ടും.
“അടുത്ത കുറച്ച് വർഷങ്ങളിൽ ഉത്തർപ്രദേശിലെ കൂടുതൽ ഗ്രാമീണ സ്ത്രീകളെ ബോധവത്കരിക്കുകയും സാക്ഷരരാക്കി മാറ്റുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം.” പ്രതീക്ഷയോടെ സുനിത പറയുന്നു.