വഴിയോരത്തുള്ള ബിവെറിജസ് ഷോപ്പില്‍ നിന്നു മദ്യവും വാങ്ങി ആനവണ്ടി പിടിച്ച് വീട്ടിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്.
ബസില്‍ പോകുന്നതൊക്കെ കൊള്ളാം… പക്ഷേ, അതില്‍ ഷെഫീഖ് ഉണ്ടേല്‍ പണി പാളും.
എടത്വാ ഡിപ്പോയിലെ എറണാകുളം-കായംകുളം റൂട്ടിലോടുന്ന കെ എസ് ആര്‍ ടി സി ബസിലെ കണ്ടക്റ്ററാണ് ഷെഫീഖ് ഇബ്രാഹീം. മദ്യക്കുപ്പിയുമായി ബസില്‍ സഞ്ചരിക്കുന്നത് കണ്ടാല്‍ പുള്ളി പാതിവഴിയില്‍ ഇറക്കി വിടും, അക്കാര്യത്തില്‍ ഒരു ദയയുമില്ല.
ലഹരിവസ്തുക്കളുമായി കെ എസ്ആര്‍ ടി സി ബസില്‍ യാത്ര ചെയ്യാന്‍ അദ്ദേഹം ആരെയും അനുവദിക്കില്ല.
ഹാനികരമായ പാനീയങ്ങള്‍ ഉപേക്ഷിക്കാം, ‘ഡീടോക്സ്’ ചെയ്യാം… പ്രകൃതിദത്ത പാനീയങ്ങള്‍, ത്രിഫല എന്നിവ ഉപയോഗിക്കാം. karnival.com
‘അതെന്തൊ മദ്യപാനികള്‍ക്ക് ഇവിടെ സഞ്ചാരസ്വാതന്ത്ര്യമില്ലേ…? നമ്മുടെ ബീവെറിജസില്‍ കഷ്ടപ്പെട്ട് ക്യൂ നിന്ന് കുപ്പി വാങ്ങി നമ്മുടെ സ്വന്തം കെ എസ് ആര്‍ ടി സി ബസിലല്ലാതെ പിന്നെ വിമാനം പിടിച്ച് പോണോ?’
വിമാനത്തിലോ കപ്പലിലോ എങ്ങനെ വേണേലും പൊക്കോ, പക്ഷേ കെ എസ് ആര്‍ ടി സി ബസില്‍ വേണ്ട എന്ന് ഷഫീഖ് കടുപ്പിച്ചങ്ങ് പറയും. ഡബിള്‍ ബെല്ലടിച്ച് വണ്ടി വിടും. പിന്നെ, കുപ്പിയും നാണക്കേടും കൂട്ടിപ്പിടിച്ച് പാതിവഴില്‍ നില്‍ക്കേണ്ടി വരും.
“കെ എസ്ആര്‍ടിസി മാനുവല്‍ പ്രകാരം മദ്യ കുപ്പികളുമായി യാത്ര ചെയ്യാന്‍ പാടില്ല,” ഷെഫീഖ് വ്യക്തമാക്കുന്നു.
“കെഎസ്ആര്‍ടിസിയില്‍ മാത്രമല്ല പൊതുഗതാഗതസംവിധാനങ്ങളില്‍ മദ്യം നിറച്ച കുപ്പികളുമായി യാത്ര ചെയ്യാന്‍ പാടില്ലെന്നതാണ്. ഇത്തരക്കാരെ ഒരു കാരണവശാലും ഞാന്‍ കണ്ടക്റ്ററായിരിക്കുന്ന ബസില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ബസില്‍ നിന്നു ഇറക്കി വിടുക തന്നെ ചെയ്യും, ഒരു ദയയുമില്ല,” ഷഫീഖ് കടുപ്പിച്ചു.
കുറെയൊന്നും വേണമെന്നില്ല, മദ്യം ഒരു കുപ്പി മതി മുഴുവന്‍ യാത്രക്കാരുടെയും ജീവന്‍ അപകടത്തിലാക്കാന്‍ എന്നാണ് ആ ചെറുപ്പക്കാരന്‍ പറയുന്നത്.
ഈയിടെ ഒരാളെ ഇതുപോലെ ഇറക്കിവിട്ടു. “ആദ്യമായിട്ടല്ല അത്. എന്നാല്‍ കഴിഞ്ഞദിവസം പ്രായമായ ഒരാളെയാണ് ബസില്‍ നിന്നിറക്കി വിട്ടത്. വണ്ടാനം മെഡിക്കല്‍ കോളെജിന് മുന്നിലൂടെയാണ് ബസ് പോകുന്നത്. ആ പരിസരത്ത് ഒരു ബിവെറിജ് ഷോപ്പുണ്ട്. അവിടെ നിന്നാരെങ്കിലും ഇനി കുപ്പിയുമായി ബസില്‍ കയറുമോയെന്നു വെറുതേ ഒരു ചിന്ത പോയെങ്കിലും അതു സംഭവിക്കുമെന്നു കരുതിയില്ല,” ഷഫീഖ് ആ സംഭവം വിവരിക്കുന്നു.
എറണാകുളത്ത് നിന്നു കായംകുളത്തേക്കുള്ള ട്രിപ്പിലാണ്. ആശുപത്രിക്ക് സമീപമുള്ള സ്റ്റോപ്പില്‍ നിന്നൊരു പ്രായമായ ആള്‍ ബസില്‍ കയറി. കൈയിലൊരു വലിയ ബിഗ് ഷോപ്പറുമൊക്കെയായി കഷ്ടപ്പെട്ടാണ് ആള് കയറിയത്.
“നോക്കുമ്പോള്‍ ആ സഞ്ചിയില്‍ നിറയെ മദ്യക്കുപ്പികളാണ്. അതൊന്നു മൂടിവച്ചിട്ട് പോലുമില്ല. ആ കവറിനുള്ളില്‍ ഒരു മൊട്ടുസൂചിയ്ക്കുള്ള ഇടം പോലും ഇല്ല.
ഈ ഭാരം താങ്ങി നേരെ ചൊവ്വേ നടക്കാന്‍ പോലും അദ്ദേഹത്തിന് പറ്റുന്നില്ല. അതിനുള്ളിലെന്താണെന്നു എല്ലാവര്‍ക്കും കാണുകയും ചെയ്യാം.
“പുള്ളിക്കാരനെ കണ്ടപ്പോള്‍ ഞാന്‍ ആദ്യം കരുതിയത്, മെഡിക്കല്‍ കോളെജിലെ രോഗികളുടെ കൂട്ടിരിപ്പുകാരനോ രോഗികളെ കാണാന്‍ പോകുന്നതോ അങ്ങനെ എന്തേലുമാകുമെന്നാണ്.
“പ്രായമായ വ്യക്തിയാണെന്ന സെന്‍റിമെന്‍റ്സിനൊന്നും ഇവിടെ കാര്യമില്ല. ആള് കയറിയതിന്‍റെ അടുത്ത സ്റ്റോപ്പില്‍ അയാളെ ഇറക്കി വിടേണ്ടതായി വന്നു. തുമ്പോളിയിലേക്കുള്ള യാത്രക്കാരനായിരുന്നു.
“…നല്ല തിരക്കുള്ള സമയമാണ്. ആ ഒരു വ്യക്തിയ്ക്ക് വേണ്ടി അത്രയും ആള്‍ക്കാരുടെ ജീവന്‍ അപകടത്തിലാക്കി കൊണ്ട് യാത്ര തുടരാനാകില്ലല്ലോ,” ഷെഫീഖ് പറയുന്നു.
യാത്രക്കാരിലൊരാള്‍ മദ്യക്കുപ്പി കയ്യില്‍ കരുതിയാല്‍ അത് എങ്ങനെയാണ് മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുക?
വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളത്തിനടുത്ത് എരമല്ലൂര്‍ ചെമ്മനാട് എന്ന സ്ഥലത്ത് ഒരു അപകടമുണ്ടായത് ഓര്‍മ്മയുണ്ടോ എന്നാണ് ഷഫീഖ് മറുപടിയായി ചോദിച്ചത്.
“ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു, തീപിടിച്ചു. കുറേപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
“കൂട്ടിയിടിച്ച വണ്ടികള്‍ തീപിടിക്കാന്‍ കാരണമുണ്ട്. ആ ലോറിയുടെ ഡാഷ് ബോര്‍ഡില്‍ ഒരു കുപ്പി മദ്യമുണ്ടായിരുന്നു. ആ ഒറ്റക്കുപ്പി മദ്യമാണ് തീ പിടിക്കാന്‍ കാരണമായതെന്നു ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
“കുറേ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത് ആ മദ്യമാണ്. കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുന്ന ഓരോ യാത്രികരുടെയും ജീവന്‍ സുരക്ഷിതമായിരിക്കണം. അതു നോക്കേണ്ടത് ഞങ്ങള്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ചുമതല കൂടിയാണ്,” ഷെഫീഖ് ആവര്‍ത്തിക്കുന്നു.
നിയമങ്ങളുണ്ടെങ്കിലും അതൊക്കെ മറന്ന്, മദ്യവും വാങ്ങി ബസില്‍ യാത്ര ചെയ്യുന്നവരോട് ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പറഞ്ഞു മനസിലാക്കാനും ഈ കണ്ടക്റ്റര്‍ ശ്രമിക്കാറുണ്ട്.
“ബസ് യാത്രക്കാര്‍ക്കിടയിലാണ് ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളേറെയും നടത്തുന്നത്. ചില പ്രത്യേക ദിനങ്ങളില്‍ അതായത് ലഹരി വിരുദ്ധ ദിനങ്ങളിലോ ലോക പുകയില വിരുദ്ധ ദിനത്തിലോ ബസില്‍ ലഹരിക്കെതിരേയുള്ള ലഘുലേഖകള്‍ വിതരണം ചെയ്യും. ബസില്‍ പോസ്റ്ററുകള്‍ ഒട്ടിക്കും.
ബസില്‍ വിതരണം ചെയ്യുന്നതിനുള്ള ലഘുലേഖകളും ഒട്ടിക്കുന്നതിനുള്ള പോസ്റ്ററുകളും ഞാന്‍ തന്നെയാണ് തയാറാക്കുന്നത്.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല പരിസ്ഥിതി, കാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്. സ്കൂളുകളില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസെടുക്കാനും പോകാറുണ്ട് ഷെഫീഖ്. പ്രാദേശികമായും കുറേ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാറുണ്ട്.
ഇതൊക്കെ കണക്കിലെടുത്താണ് കഴിഞ്ഞ വര്‍ഷം ആലപ്പുഴ ജില്ലയിലെ മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനുള്ള സംസ്ഥാന എക്സൈസ് വകുപ്പിന്‍റെ അവാര്‍ഡിനായി ഷഫീഖിനെ തെരഞ്ഞെടുത്തത്.
ഇതുകൂടി വായിക്കാം: ലഹരിക്കെതിരേയൊരു പ്ലാസ്റ്റിക് വിമുക്ത യാത്ര എന്ന പേരിലാണ് ഞാന്‍ സ്കൂളുകളിലും കോളെജിലുമൊക്കെ ക്ലാസെടുക്കാന്‍ പോകുന്നത്.
“കെഎസ്ആര്‍ടിസിയില്‍ എത്തിയിട്ടിപ്പോള്‍ പത്ത് വര്‍ഷമാകുന്നു. അതിനു മുന്‍പ് ഇതുപോലുള്ള കാര്യങ്ങളൊക്കെ ചെയ്യുമായിരുന്നു. ഏതാണ്ടിപ്പോള്‍ 20 കൊല്ലമായി സജീവമായി ലഹരിവിരുദ്ധ, പരിസ്ഥിതി, കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ട്.”
സംസ്ഥാനത്തെ ലഹരി മുക്തമാക്കാനുള്ള വിമുക്തി എന്ന പദ്ധതിയില്‍ വോളന്‍റിയറായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ജോലി തിരക്കുകളൊക്കെയുണ്ട്. പക്ഷേ ജോലിയ്ക്കിടയില്‍ കിട്ടുന്ന സമയങ്ങളിലാണ് പലതും ചെയ്യുന്നത്. ശ്രമിച്ചാല്‍ എത്ര തിരക്കുകളുണ്ടെങ്കിലും ഇതൊക്കെ ആര്‍ക്കും ചെയ്യാനാകും. അതെന്‍റെ ജീവിതത്തില്‍ നിന്നു തന്നെ പഠിച്ചതാണ്.
“സര്‍ക്കാര്‍ ജോലിക്കാരായാലും സ്വകാര്യ ഇടങ്ങളില്‍ ജോലി നോക്കുന്നവരായാലും സാമൂഹിക പ്രതിബന്ധതയോടെ പല കാര്യങ്ങളും ചെയ്യാനാകും.
“ലഹരിക്കെതിരേയൊരു പ്ലാസ്റ്റിക് വിമുക്ത യാത്ര എന്ന പേരിലാണ് ഞാന്‍ സ്കൂളുകളിലും കോളെജിലുമൊക്കെ ക്ലാസെടുക്കാന്‍ പോകുന്നത്.
“ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജുമായി ബന്ധപ്പെട്ട്, ‘നന്മ മനസുകളുടെ കൂട്ടായ്മ’ എന്നൊരു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. ഇതൊരു സംഘടനയൊന്നും അല്ല. ഞങ്ങള്‍ കുറേയാളുകള്‍ ഒരുമിച്ചു നിന്നു പല നല്ല കാര്യങ്ങളും ചെയ്യുന്നു. അതിനുള്ള ഒരു ഇടമാണ് അത്.
ആരോരുമില്ലാത്ത ഒരുപാട് രോഗികള്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയ്ക് എത്താറുണ്ട്.
“അത്തരം രോഗികള്‍ക്ക് ആവശ്യമായ ഒരു കരുതല്‍ നല്‍കാന്‍ കൂട്ടായ്മയിലൂടെ ശ്രമിക്കാറുണ്ട്. അവര്‍ക്ക് ഭക്ഷണമൊക്കെ ആശുപത്രിയില്‍ നിന്നു തന്നെ കിട്ടും. പക്ഷേ അവര്‍ക്കൊരു സന്തോഷം നല്‍കാന്‍ ഇതുപോലുള്ള കൂട്ടായ്മകളിലൂടെ ശ്രമിക്കാറുണ്ട്. വിവിധ തൊഴില്‍ മേഖലകളില്‍ ജോലിയെടുക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇതിന് പിന്നില്‍.
“വഴിയോരങ്ങളിലുള്ളവര്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. പകല്‍സമയം മുഴവുന്‍ ഡ്യൂട്ടിയിലായിരിക്കുമല്ലോ.. അതുകൊണ്ട് എന്നും കൃത്യമായി ഭക്ഷണവിതരണമൊന്നും നടക്കാറില്ല.
“പക്ഷേ സാധിക്കുന്ന പോലെ ചെയ്യാറുണ്ട്. ഹര്‍ത്താല്‍ ദിനങ്ങളില്‍ ഭക്ഷണം കിട്ടാതെ വലയുന്നവര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിട്ടൊക്കെയുണ്ട്.
“പ്രഭാതഭക്ഷണമാണ് വിതരണം ചെയ്യുന്നതെങ്കില്‍ വീടുകളില്‍ തയാറാക്കുന്ന ഫൂഡാണ് നല്‍കുന്നത്. ഉച്ചഭക്ഷണമൊക്കെയാണെങ്കില്‍ ഹോട്ടലുകളില്‍ നിന്നു വാങ്ങി നല്‍കും,” അദ്ദേഹം പറയുന്നു.
“ഒരു പിടി അരിയും ഒരു രൂപയും എന്നൊരു പദ്ധതി കൂടി ഞങ്ങള്‍ നടത്തുന്നുണ്ട്.” ആ പദ്ധതിയെക്കുറിച്ച് ഷെഫീഖ് പറയുന്നു.
“അതില്‍ ഞാന്‍ മാത്രമല്ല വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ ചേര്‍ന്നതാണ് ഈ പദ്ധതി. ഒരു ദിവസം ഒരു രൂപയും ഒരു പിടി അരിയും മറ്റൊരാള്‍ക്ക് വേണ്ടി മാറ്റിവയ്ക്കുക… ഇതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
“ഒരുമാസം മുപ്പത് രൂപയും (ദിവസം ഒരു രൂപ വെച്ച്) രണ്ട് കിലോ അരിയ്ക്കായി 80 രൂപയും.. അങ്ങനെ 110 രൂപ എന്ന കണക്കില്‍ ഓരോ മാസവും കൃത്യമായി ഞങ്ങളിടും.
“എല്ലാവരുമിടുന്ന തുക ഉപയോഗിച്ചാണ് പല പ്രവര്‍ത്തികളും ചെയ്യുന്നത്. പേര് പോലെ അരിയല്ല എല്ലാവരും നല്‍കുന്നത്, പല വെറൈറ്റി അരികളാകുമല്ലോ അങ്ങനെ സ്വീകരിച്ചാല്‍ കിട്ടുന്നത്.
“അതിനു പകരമാണ് അതിനുള്ള തുക സ്വീകരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ച ഒരു പിടി അരിയും ഒരു രൂപയും ഇന്നും നന്നായി പോകുന്നുണ്ട്. ജോലിയുള്ളവര്‍ മാത്രമല്ല ഈ പദ്ധതിയില്‍ സഹകരിക്കുന്നത്. കുറേയേറെ യുവാക്കളും ഞങ്ങള്‍ക്കൊപ്പമുണ്ട്.
“പുതുതലമുറയിലെ കുട്ടികള്‍ക്ക് സമൂഹത്തോട് പ്രതിബദ്ധതയില്ല, സോഷ്യല്‍ മീഡിയകളില്‍ മാത്രമായി ഒതുങ്ങി പോകുന്നുവെന്നൊക്കെയുള്ള ആരോപണങ്ങളോടൊന്നും എനിക്ക് യോജിക്കാനാകില്ല.
“കഴിഞ്ഞ പ്രളയങ്ങളില്‍ കണ്ടതാണ് ആ യുവജനതയുടെ പ്രവര്‍ത്തനങ്ങള്‍. ചുറ്റുപാടുകളെക്കുറിച്ചറിയാതെ ഏതുനേരവും ഫോണില്‍ നോക്കി തലകുനിച്ചിരിക്കുന്നുവെന്നു പലരും പരിഹസിച്ചിരുന്ന യുവാക്കളാണ് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
“അങ്ങനെയുള്ളവരുടെയും കൂടി കൂട്ടായ്മയാണിത്. പലമേഖലകളിലുള്ള അമ്പതിലധികം സുഹൃത്തുക്കളാണ് ഈ കൂട്ടായ്മയിലുള്ളത്. ഇതിനൊപ്പം രക്തദാനത്തിനും വലിയ ശ്രദ്ധ നല്‍കുന്നുണ്ട്.” ഷെഫീഖ് കൂട്ടിച്ചേര്‍ത്തു.
ചെന്നൈയിലെ വെള്ളപ്പൊക്കത്തിന് അന്നാട്ടുകാര്‍ക്ക് വെള്ളവും ഭക്ഷണവും വിതരണം ചെയ്തും കൊല്ലത്തെ വെടിക്കെട്ട് അപകടത്തിന് ശേഷം വെള്ളം വിതരണം ചെയ്തതിനുമൊക്കെ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട് എടത്വ ഡിപ്പോ.
ഡിപ്പോയിലെ ഈ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെയും നേതൃത്വം നല്‍കിയത് ഷെഫീഖ് ആയിരുന്നു. ഡിപ്പോയിലെ ബസിലാണ് ചെന്നൈയിലേക്ക് വെള്ളവും ഭക്ഷണസാധനങ്ങളുമെത്തിച്ചത്.
വെള്ളപ്പൊക്ക ദുരിതമനുഭവിച്ചവരെ ആ ബസില്‍ തന്നെ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു.
കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപടകത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ചിരുന്നു. അവിടെ വച്ചാണ് അവര്‍ക്ക് വെള്ളവും ഭക്ഷണവുമൊക്കെയാണ് എത്തിക്കേണ്ടെതെന്നു മനസിലായതെന്നു അദ്ദേഹം പറയുന്നു.
“വെടിക്കെട്ടില്‍ ക്ഷേത്രത്തില്‍ നിന്നു അധികം അകലെയല്ലാത്ത കിണറുകളിലൊക്കെ മനുഷ്യശരീരങ്ങളുടെ അവശിഷ്ടങ്ങളും രാസവസ്തുക്കളും വീണു മലിനമാക്കപ്പെട്ടിരുന്നു.
“അങ്ങനെയാണ് കുടിക്കാനുള്ള വെള്ളം ഞങ്ങള്‍ നല്‍കുന്നത്. പലരുടെയും സഹായത്തോടെ 3,000 ലീറ്റര്‍ വെള്ളമാണ് എടത്വയില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയത്,” ഷെഫീഖ് പറഞ്ഞു.
പരിസ്ഥിതി ദിനങ്ങളില്‍ മരം വച്ചു പിടിപ്പിക്കാറുണ്ട്. വനം വകുപ്പിന്‍റെ സഹായത്തോടെ ആലപ്പുഴ ഡിപ്പോയ്ക്ക് രണ്ടായിരത്തോളം വൃക്ഷതൈകള്‍ വിതരണം ചെയ്തിട്ടുണ്ട് ഷെഫീഖ് ഇബ്രാഹിം.
കുടുംബത്തിന്‍റെ പിന്തുണയോടെയാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ സാധിക്കുന്നതെന്നു അദ്ദേഹം പറയുന്നു. “റഹിയാനത്ത് ആണ് ഭാര്യ. ആലപ്പുഴ ജില്ല കോടതിയില്‍ ജോലി ചെയ്യുന്നു. ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്, ഫാത്തിമ നസ്റിന്‍. ഇരുവരും എനിക്കൊപ്പം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമുണ്ട്.
“മോള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തനത്തിനോടൊക്കെ ഇഷ്ടമുണ്ട്. മോള് പഠിക്കുന്ന നീര്‍ക്കുന്നം ശ്രീദേവി വിലാസം ഗവ. യു പി സ്കൂളില്‍ തണല്‍ എന്ന പരിപാടിയുണ്ട്. തണലിന്‍റെ നേതൃത്വത്തില്‍ കുട്ടികളുടെ വീട്ടില്‍ നിന്നു പ്ലാസ്റ്റിക് ശേഖരിക്കാറുണ്ട്.
“എല്ലാ ബുധനാഴ്ചയും കുട്ടികള്‍ വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് സ്കൂളിലേക്ക് കൊണ്ടുപോകണം. ഇത് സ്കൂളില്‍ നിന്നും റിസൈക്ലിങ്ങിന് നല്‍കും.”
കണ്ടക്റ്റര്‍ ടിക്കറ്റിന്‍റെ ബാക്കി തുക നല്‍കിയില്ല, കൈ കാണിച്ചിട്ടും ബസ് സ്റ്റോപ്പില്‍ ഡ്രൈവര്‍ വണ്ടി നിറുത്തിയില്ല… ഇങ്ങനെ ഒരുപാട് പരാതികള്‍ ആനവണ്ടിയെക്കുറിച്ച് കേട്ടിട്ടുണ്ടാകും.
എന്നാല്‍ ഷെഫീഖിനെ പോലെ ഒരുപാടു പേരുണ്ട് നല്ല വാര്‍ത്തകള്‍ സമ്മാനിക്കാന്‍. അങ്ങനെയൊരു നല്ല വാര്‍ത്തയും ഷെഫീഖ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നടന്നൊരു സംഭവമാണിത്.
“സമയം രാത്രി 11.20. കാഞ്ഞിരപ്പിള്ളി പൊടിമറ്റത്ത് എറണാകുളം – മധുര ബസ് വഴിയോരത്ത് നിറുത്തിയിട്ടിരിക്കുകയാണ്. ബസില്‍ നിറയെ യാത്രക്കാരുമുണ്ട്. 15 മിനിറ്റോളം ആ ബസ് അവിടെ നിറുത്തിയിട്ടു. ടയര്‍ പഞ്ചറാകുകയോ ബ്രേക്ക് ഡൗണ്‍ ആകുകയോ ഒന്നുമല്ല.
“ആ ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരിക്ക് കൂട്ടായാണ് ബസ് ഡ്രൈവറും കണ്ടക്റ്ററും യാത്രക്കാരുമൊക്കെ നിന്നത്. ആ പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോകാനുള്ളവര്‍ എത്താന്‍ വൈകി. അതുകൊണ്ടാണ് അവര്‍ വരും അവര്‍ക്കൊപ്പം എല്ലാവരും കാത്തുനിന്നത്.
ഇതുകൂടി വായിക്കാം:ഹൃദയത്തിൽ തൊടുന്ന ഒരുപാടുണ്ട് ആലപ്പുഴയിലെ ഈ സര്‍ക്കാര്‍ സ്കൂളിന് പറയാന്‍
“ഇതാദ്യ സംഭവമല്ല. നേരത്തെയും ഇതുപോലെ കെഎസ്ആര്‍ടിസി ബസുകാര്‍ യാത്രക്കാര്‍ക്ക് തുണയായിട്ടുണ്ട്. ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ മറ്റു ജീവനക്കാര്‍ക്ക് പ്രചോദനമാണ്.”
ഇതുപോലുള്ള അവസരങ്ങളില്‍ രണ്ടാമതൊന്നു ചിന്തിക്കാതെ ഇതൊക്കെ ചെയ്യാന്‍ മറ്റുള്ളവര്‍ക്കുമാകുമല്ലോയെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.