വീട്ടില്‍ തുടങ്ങി ഒരു നാടിനെയൊന്നാകെ ജൈവകൃഷി തുടങ്ങാന്‍ പ്രേരിപ്പിച്ച സീനത്തിന്‍റെയും പെണ്‍മിത്രയുടെയും വിജയകഥ

സ്വന്തം വീട്ടുമുറ്റത്ത് മാത്രമല്ല സീനത്ത് പച്ചക്കറികള്‍ നട്ട് വിജയം കൊയ്തത്. അയല്‍വീടുകളിലെ സ്ത്രീകളിലൂടെ ഒരു നാടിനെയൊന്നാകെ ജൈവകൃഷിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്

ഗരങ്ങളിലെ മൂന്നു സെന്‍റ് വീടുകളില്‍ പോലും പലതരം പച്ചക്കറികള്‍ കൃഷി ചെയ്തു വിജയം കൊയ്തവരേറെയുണ്ട്.

മട്ടുപ്പാവിലും വീടിനോടുള്ള ചേര്‍ന്നുള്ള സ്ഥലത്തുമൊക്കെ ഗ്രോബാഗിലും മറ്റുമായി വെണ്ടയും തക്കാളിയും പച്ചമുളകും ക്വാളിഫ്ലവറും കാബേജും കാരറ്റും വരെ വിളവെടുക്കുന്നവരുണ്ട്.

അങ്ങനെയൊരു കര്‍ഷകയാണ് മലപ്പുറം പൊന്നാനി കോക്കൂര്‍ സ്വദേശി സീനത്ത് കോക്കൂര്‍. എന്നാല്‍ സ്വന്തം വീട്ടുമുറ്റത്ത് മാത്രമല്ല, അയല്‍വീടുകളിലെ സ്ത്രീകളിലൂടെ ഒരു നാടിനെയൊന്നാകെ ജൈവകൃഷിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് സീനത്ത്.

കോക്കൂരിലെ ഓരോ വീട്ടിലും അടുക്കളത്തോട്ടമൊരുക്കാന്‍ പ്രേരിപ്പിച്ച സീനത്തിന്‍റെ നേതൃത്വത്തിലുള്ള സ്ത്രീ കൂട്ടായ്മ കഴിഞ്ഞ അഞ്ച് വര്‍ഷമായി നെല്‍കൃഷിയും ചെയ്യുന്നുണ്ട്.


നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com

പെണ്‍മിത്ര എന്നു പേരിട്ടിരിക്കുന്ന സ്ത്രീ കൂട്ടായ്മയിലൂടെ അടുക്കളത്തോട്ടവും നെല്‍കൃഷിയും മാത്രമല്ല നാട്ടുചന്ത വരെ ഒരുക്കിയിട്ടുണ്ട് സീനത്തും കൂട്ടരും.

പെണ്‍മിത്രയുടെ നെല്‍കൃഷിയില്‍ വിത്ത് വിതച്ച് സീനത്ത് കോക്കൂര്‍

“ഉപ്പയും ഉമ്മയും മാത്രമല്ല ഭര്‍ത്താവും കര്‍ഷകരായിരുന്നുവെങ്കിലും അഞ്ച് വര്‍ഷം മുന്‍പാണ് ഞാന്‍ കൃഷിയിലേക്കെത്തിയത്,”പെണ്‍മിത്രയിലേക്ക് വന്ന വഴികളെക്കുറിച്ച് സീനത്ത് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“മഞ്ജു വാര്യരുടെ സിനിമയില്ലേ… ‘ഹൗ ഓള്‍ഡ് ആര്‍ യൂ’, ആ സിനിമ കണ്ടപ്പോള്‍ കിട്ടിയ എനര്‍ജിയാണ് കൃഷിയിലേക്കെത്തിച്ചത്. പെണ്‍മിത്ര ആരംഭിക്കുന്നത് പിന്നെയും കുറച്ചു കഴിഞ്ഞിട്ടാണ്.

“സിനിമയുടെ ആവേശത്തില്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറി വീട്ടില്‍ തന്നെ കൃഷി ചെയ്തെടുക്കാമെന്നു തീരുമാനിച്ചു. അങ്ങനെയാണ് ആലങ്കോട് കൃഷിഭവനില്‍ നിന്നു കുറച്ചു തക്കാളി വിത്തുകള്‍ വാങ്ങുന്നത്. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നു ഗ്രോബാഗുകളും വാങ്ങി.

” 20 ഗ്രോബാഗുകളിലാണ് തക്കാളി നട്ടത്. ജൈവവളമൊക്കെയിട്ടു സംരക്ഷിച്ചു. കുറേ കായ്ഫലവുമുണ്ടായി. നല്ല ചുവന്ന നിറത്തില്‍ തക്കാളികള്‍ കായ്ച്ചു നില്‍ക്കുന്നത് കാണാന്‍ തന്നെ എന്ത് ഭംഗിയായിരുന്നുവെന്നോ?”

ആ സന്തോഷമാണ് പൂര്‍ണമായും ഒരു കര്‍ഷകയാവാന്‍ സീനത്തിനെ പ്രേരിപ്പിക്കുന്നത്.

തുടക്കത്തില്‍ പെണ്‍മിത്രയില്‍ 10 സ്ത്രീകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ

“ഇതൊരു വിജയമായതോടെ അടുക്കളകൃഷി വ്യാപകമാക്കാമെന്നു തീരുമാനിച്ചു. അതിനൊപ്പം അയല്‍പ്പക്കത്തെ വീടുകളിലും കൃഷി ചെയ്താലോ എന്നുമായി ആലോചന.

“കൃഷിവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഒരു ജോസ് സാറുണ്ട്. അദ്ദേഹത്തിന്‍റെ ക്ലാസില്‍ കൂടി പങ്കെടുത്തതോടെ കൃഷിയില്‍ സജീവമാകാമെന്നു ഉറപ്പിച്ചു. സ്വന്തം വീട്ടില്‍ മാത്രം പോര.., അയല്‍പ്പക്കത്തുള്ളവരെയും കൃഷിയിലേക്ക് കൂട്ടാമെന്നു കരുതിയാണ് മറ്റുള്ളവര്‍ക്കും വിത്തുകളൊക്കെ നല്‍കുന്നത്.


ജൈവ കര്‍ഷകര്‍ എന്ന വാട്സ്ആപ്പ് ഗ്രൂപ്പുമുണ്ടാക്കിയാണ് ഞങ്ങള്‍ കൂട്ടത്തോടെ അടുക്കളകൃഷി ആരംഭിച്ചത്.


“അയല്‍പ്പക്കത്തുള്ളവര്‍ക്കും നല്ല വിളവ് കിട്ടി തുടങ്ങി. വ്യത്യസ്ത കൃഷി രീതികളെക്കുറിച്ചൊക്കെ ഞങ്ങള്‍ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുമായിരുന്നു. ഓരോ വീട്ടിലും അടുക്കളത്തോട്ടമെന്നതു ഓരോ വീടുകളിലേക്കുമായി വ്യാപിച്ചുകൊണ്ടിരുന്നു.”

നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം എന്ന ലക്ഷ്യത്തോടെ പെണ്‍മിത്ര എന്ന സ്ത്രീ കര്‍ഷകരുടെ കൂട്ടായ്മയും ആരംഭിച്ചു.

തുടക്കത്തില്‍ പെണ്‍മിത്രയില്‍ 10 സ്ത്രീകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷേ എല്ലാവരും കൃഷിയില്‍ സജീവമായിരുന്നു. മെല്ലെ മെല്ലെ ഈ പത്തുപേരുടെ വീട്ടിലും ജൈവകൃഷിയില്‍ പച്ചക്കറികളൊക്കെ വിളവെടുത്തു. അതുകണ്ട് മറ്റ് വീടുകളിലുള്ളവര്‍ക്കും താല‍്പര്യമായി.

“കോക്കൂര്‍ പരിസരത്തെ ഒട്ടുമിക്ക വീടുകളിലും ജൈവകൃഷി ആരംഭിച്ചു. ഇതിനു പിന്നാലെയാണ് പെണ്‍മിത്ര പാടത്തേക്കിറങ്ങുന്നത്. കൃഷിക്കാരായ കുറച്ചു യുവാക്കളുടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പുണ്ട്.

“അതിലെ ചിലര് ഞങ്ങളോട് ചോദിച്ചു, നിങ്ങള്‍ക്ക് തമിഴ്നാടിന്‍റെ പച്ചക്കറി വേണ്ട, പക്ഷേ ആന്ധ്രപ്രദേശിന്‍റെ അരി വേണമല്ലേയെന്ന്.

“അത് ശരിയാണല്ലോയെന്ന് തോന്നി. അതേക്കുറിച്ച് ഞങ്ങള് ചിന്തിച്ചിരുന്നില്ല. അങ്ങനെയാണ് നെല്‍കൃഷി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. നാലുവര്‍ഷം മുന്‍പൊരു വരള്‍ച്ചയുണ്ടായിരുന്നല്ലോ. അന്നാണ് ആദ്യമായി നെല്‍കൃഷി ആരംഭിക്കുന്നത്,” സീനത്ത് തുടരുന്നു.

അഞ്ചേക്കറിലാണ് അവര്‍ നെല്‍കൃഷി ഇറക്കിയത്.

ട്രാക്ടറിലും ഒരു കൈ നോക്കാം: സീനത്തും സംഘവും പാടത്ത്

“ആദ്യതവണ വെള്ളക്ഷാമം കാരണം കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്,” നെല്‍കൃഷി ചെയ്തതിനെക്കുറിച്ച് സീനത്ത്. “ഇനിയും അതുപോലെ വെള്ളത്തിന് ബുദ്ധിമുട്ട് വന്നാലോയെന്നു ആശങ്കയുണ്ട്.”  അതുകൊണ്ടാണ് പിന്നീട് കുറഞ്ഞ സ്ഥലത്ത് കൃഷിയിറക്കാന്‍ അവര്‍ തീരുമാനിച്ചത്.

“പക്ഷേ ആദ്യ നെല്‍കൃഷിയ്ക്ക് നല്ല വിളവ് കിട്ടി. വര്‍ഷങ്ങളായി കൃഷി ചെയ്യുന്നവര്‍ക്ക് പോലും അതു കണ്ട് അത്ഭുതമായിരുന്നു. അന്ന് അമ്പലക്കുളത്തില്‍ നിന്നൊക്കെ വെള്ളമെടുത്താണ് കൃഷിയ്ക്ക് ഉപയോഗിച്ചത്.

“കഴിഞ്ഞ വര്‍ഷം, തരിശായി കിടക്കുന്ന ഒരേക്കറിലാണ് നെല്‍കൃഷി ചെയ്തത്. വെള്ളത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു, കിണറ്റില്‍ നിന്നു വരെ വെള്ളം കോരിയാണ് കൃഷി ചെയ്തത്.

“പെണ്‍മിത്രയിലുള്ളവര്‍ ആരും ഒരു മടിയും കൂടാതെ കഷ്ടപ്പെട്ടാണ് കൃഷി ചെയ്തത്. കഴിഞ്ഞ നാലു വര്‍ഷവും ഞങ്ങള്‍ കൊയ്ത്തുത്സവവും നടത്തിയിട്ടുണ്ട്,” സീനത്ത് അഭിമാനപൂര്‍വ്വം പറഞ്ഞു.

പെണ്‍മിത്രയിലെ അംഗങ്ങള്‍

“മറ്റൊരു സന്തോഷം എന്താണെന്നറിയോ.. പെണ്‍മിത്രയുടെ കൃഷിയൊക്കെ കണ്ടപ്പോ പലര്‍ക്കും പാടത്തേക്ക് ഇറങ്ങണമെന്നു തോന്നി. അങ്ങനെ കൃഷി ചെയ്തവരുണ്ട്.

“ഇപ്പോ ഈ പ്രദേശത്ത് തരിശായി കിടക്കുന്ന പാടങ്ങള്‍ വളരെ കുറവാണ്. ഒട്ടുമിക്ക പേരും നെല്‍കൃഷി ചെയ്യുന്നുണ്ട്. ലാഭമാണെങ്കിലും നഷ്ടമാണെങ്കിലും പലരും ചെയ്യുന്നുണ്ട്,” അതാണ് ഇരട്ടി സന്തോഷം.

പെണ്‍മിത്ര കൊയ്തെടുക്കുന്ന നെല്ലും പച്ചക്കറിയുമൊന്നും വില്‍ക്കാറില്ല. ആദ്യവര്‍ഷം നെല്ല് വിറ്റുവെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ അംഗങ്ങള്‍  വീതിച്ചെടുക്കും.


ഇതുകൂടി വായിക്കാം:തെങ്ങിന്‍ മുകളിലിരുന്നാണ് മനോഹരന്‍ ആ തീരുമാനം എടുത്തത്: മനോഹരമായ ഭൂമിക്കായി പ്ലാസ്റ്റിക് മാലിന്യം പെറുക്കിനടക്കുന്ന മലപ്പുറംകാരന്‍റെ ജീവിതം


“വീട്ടിലുണ്ടാക്കുന്ന പച്ചക്കറിയും വില്‍ക്കാറില്ല. കപ്പയും മുട്ടയും പാലും മാത്രമേ വില്‍ക്കാറുള്ളൂ.” എന്ന് സീനത്ത് കോക്കൂര്‍.

പെണ്‍മിത്ര അംഗങ്ങള്‍ പച്ചക്കറി വിളവെടുക്കുന്നു

ഈ സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടു ചന്ത സംഘടിപ്പിച്ചത്.

കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ഇടനിലക്കാരിലെ വില്‍ക്കാനൊരിടമാണ് പെണ്‍മിത്രയുടെ ഈ നാട്ടുചന്ത. വീട്ടില്‍ ഉത്പ്പാദിപ്പിക്കുന്ന പച്ചക്കറികളും ഈ നാട്ടുചന്തയിലൂടെ വില്‍ക്കാനാകും. ചിരട്ട കൊണ്ടുള്ള കരകൗശല ഉത്പന്നങ്ങള്‍, പലഹാരങ്ങള്‍ ഇതൊക്കെയും നാട്ടുചന്തയിലുണ്ടായിരുന്നു.

കോക്കൂരില്‍ നിന്നുള്ള കര്‍ഷകര്‍ മാത്രമല്ല വയനാട്ടില്‍ നിന്നുള്ള നെല്‍കര്‍ഷകരും ഇരിങ്ങാലക്കുടയിലെ മുള കര്‍ഷകരുമെല്ലാം പെണ്‍മിത്രയുടെ നാട്ടുചന്തയില്‍ പങ്കെടുത്തു.

“ഓരോ ചര്‍ച്ചകള്‍ക്കിടെയാണ് നാട്ടുചന്ത നമുക്കും നടത്തിയാലോ എന്നൊരു ചിന്ത വരുന്നത്. മതിലകത്തൊരു നാട്ടുചന്ത നടന്നിട്ടുണ്ട്. അതാണ് ഞങ്ങള്‍ക്കൊരു മാതൃക.

“പിന്നെ പുന്നയൂര്‍കുളത്തൊരു സ്ത്രീ എക്സ്പോ നടത്തിയിരുന്നു. ഇവിടെ രണ്ടിടത്തും ഞങ്ങള്‍ ചിരട്ട കൊണ്ടുള്ള കരകൗശല ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പോയിട്ടുണ്ട്. ആ പരിചയമാണ് നാട്ടുചന്ത നടത്താനുള്ള ആത്മവിശ്വസം,” എന്ന് സീനത്ത്.

മലപ്പുറം വളവുകുളം എം വി എം ഹൈസ്കൂളിലായിരുന്നു നാട്ടുചന്ത നടത്തിയത്. കുറച്ചു കര്‍ഷകരും അവരുടെ ഉത്പന്നങ്ങളും പിന്നെ നാടന്‍ പലഹാരങ്ങളുമൊക്കെ ഈ നാട്ടുചന്തയിലൂടെ വില്‍ക്കാമായിരുന്നു. പിന്നെ പെണ്‍മിത്രയുടെ കരകൗശല ഉത്പന്നങ്ങളും.

“അറുപത് സ്റ്റാളുണ്ടായിരുന്നു. നാട്ടുചന്ത പ്രതീക്ഷച്ചതിലും ഗംഭീരമായിരുന്നു. നട്ടുച്ചയ്ക്കു പോലും നിറയെ ആളുകളായിരുന്നു. വിപണനത്തിനുള്ള ഇടമാണ് ഞങ്ങളെ പോലുള്ളവര്‍ക്ക് ഇല്ലാത്തത്.

ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടെങ്കിലും പെണ്‍മിത്രയുടെ നെല്‍കൃഷി വിജയമായിരുന്നു

“കൃഷി ചെയ്യുന്നതിനെക്കാള്‍ ശ്രമകരമാണ് ഉത്പന്നങ്ങളുടെ വിപണനം എന്നു തോന്നി. പക്ഷേ കൃഷിയോടുള്ള ഇഷ്ടം കൊണ്ടാണ് പലരും കൃഷി ചെയ്യുന്നതും. ഇടയ്ക്കിടെ നാട്ടുചന്ത നടത്തുന്നിലൂടെ നല്ലൊരു വിപണിയാണ് കിട്ടുന്നത്.”

അഞ്ച് വര്‍ഷം മുന്‍പ് പെണ്‍മിത്ര ആരംഭിക്കുമ്പോഴും ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടുചന്ത നടത്താന്‍ ശ്രമിച്ചപ്പോഴെല്ലാം കുറേ കളിയാക്കലും പരിഹാസങ്ങളും നിരുത്സാഹപ്പെടുത്തലുമൊക്കെ നേരിട്ടിട്ടുണ്ട് എന്ന് സീനത്ത് പറയുന്നു.

“ഭര്‍ത്താവ് അടക്കം പലരും പറഞ്ഞു, പാടത്തെ പണിയൊന്നും സീനത്തേ നിനക്കിത് കഴിയില്ല കഴിയില്ല എന്ന്. നാട്ടുചന്ത നടത്താന്‍ പോകുന്നുവെന്നു പറഞ്ഞപ്പോള്‍… അതൊന്നും വേണ്ട ആര്‍ക്കും താത്പ്പര്യമൊന്നുമുണ്ടാകില്ലെന്നൊക്കെ പറഞ്ഞവരുമുണ്ട്,”

ഇതൊക്കെ അവഗണിച്ചാണ്  ആ സ്ത്രീകള്‍ ഒരുമിച്ച് നിന്നു പെണ്‍മിത്രയെ വിജയിപ്പിച്ചെടുത്തത്.

പച്ചക്കറിക്ക് പുറമെ   ആടും പശുവും കോഴിയും തേനീച്ചയുമൊക്കെയുണ്ട് സീനത്തിന്‍റെ വീട്ടില്‍. “എന്‍റെ ഉപ്പ ഒരു കര്‍ഷകനായിരുന്നു. മുഹമ്മദ് കുട്ടി എന്നാണ് പേര്. ഉമ്മ ഐഷയും കൃഷിയൊക്കെ ചെയ്യുമായിരുന്നു. വിവാഹം കഴിഞ്ഞെത്തിയതും കാര്‍ഷിക കുടുംബത്തിലേക്ക്.

“ഭര്‍ത്താവ് മുഹമ്മദ് അഷ്റഫ്. 20 വര്‍ഷമായി ഭര്‍ത്താവ് കൃഷിയിലുണ്ട്. തരിശായി കിടന്നിരുന്ന ഭൂമിയില്‍ കവുങ്ങ്, തെങ്ങ്, ജാതി, വാഴ ഇതൊക്കെ നട്ട് നല്ല കൃഷിയിടമാക്കിയെടുത്തു അദ്ദേഹം. ഈ കൃഷിയൊക്കെ അദ്ദേഹത്തിന്‍റെ കഷ്ടപ്പാടിന്‍റെ ഫലങ്ങളാണ്.

അടയ്ക്കയും തേങ്ങയുമാണ് ഞങ്ങളുടെ പ്രധാന വരുമാനം.

തെങ്ങുകയറ്റ പരിശീലനത്തിലാണ് സീനത്ത്

“വീട്ടാവശ്യത്തിനുള്ള പച്ചക്കറി അടുക്കളത്തോട്ടത്തില്‍ നിന്നു കിട്ടുന്നുണ്ട്. ഒട്ടുമിക്ക പച്ചക്കറികളുമുണ്ട്. 50 ഗ്രോ ബാഗുകളിലായി ക്വാളിഫ്ലവര്‍ നട്ടിട്ടുണ്ട്. കപ്പയുമുണ്ട്.

“നാട്ടിലെ രണ്ട് യുവകര്‍ഷകരുണ്ട്. മണികണ്ഠനും യൂസഫും ഇവരാണ് കപ്പ കൃഷി ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞത്. നല്ല ലാഭവും കിട്ടും അധികം കഷ്ടപ്പാടുമില്ലെന്നൊക്കെ പറഞ്ഞപ്പോള്‍ ചെയ്തു നോക്കാമന്നായി.


വീടിനോട് ചേര്‍ന്നുള്ള പത്ത് സെന്‍റ് സ്ഥലം ജെസിബി കൊണ്ട് വന്നു ഇളക്കിയെടുത്ത് കപ്പ നടാന്‍ ഒരുക്കിയെടുത്തു.


“കോഴിക്കാട്ടം മാത്രമിട്ടാണ് കപ്പ നട്ടത്. നല്ല വിളവ് കിട്ടി. നല്ല തൂക്കമുള്ള കപ്പയാണ് കിട്ടിയത്. വീട്ടില്‍ നിന്നു കുറച്ചകലെയുള്ള സ്ഥലത്തും കപ്പ കൃഷിയുണ്ട്. വിപണനത്തിനുള്ള കപ്പ കിട്ടി.

“നല്ല ലാഭമുള്ള കൃഷിയാണിത്. ഒരുപാട് കഷ്ടപ്പാടുകളുമില്ലല്ലോ. അധികം വെള്ളവും കപ്പ കൃഷിയ്ക്കാവശ്യമില്ല,” സീനത്ത് തുടരുന്നു.

പെണ്‍മിത്രയുടെ നേതൃത്വത്തില്‍ നടത്തുന്ന നെല്‍കൃഷിക്ക് പുറമെ ഒരേക്കറില്‍ സ്വന്തമായും നെല്ല് കൃഷി ചെയ്യുന്നുണ്ട് സീനത്ത്. വീട്ടിലെ ഒരു മുറിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൂണ്‍കൃഷി ചെയ്തിരുന്നു. പിന്നെ ഇഞ്ചിയും മഞ്ഞളും ചേനയും ചേമ്പുമൊക്കെയുണ്ട്… ഒപ്പം ആടും പശുവും കോഴിയും തേനീച്ചയുമൊക്കെയുണ്ട്.

“നാടന്‍ കോഴികളെ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. രണ്ടായിരത്തിലേറെ ബ്രോയിലര്‍ കോഴികളെ നേരത്തെ വളര്‍ത്തിയിരുന്നു. 15 ആടുകളുണ്ട്. പശുവുമുണ്ട്. മത്സ്യകൃഷി ചെയ്തുവെങ്കിലും വിജയിച്ചില്ല.

തണ്ണിമത്തന്‍ വിളവെടുപ്പ്

“അതൊരു പരീക്ഷണമായിരുന്നു. മറ്റു കൃഷികളൊക്കെയും ചെയ്യുന്നതിന് മുന്‍പേ അതേക്കുറിച്ച് പഠിച്ചിരുന്നു. പക്ഷേ മത്സ്യകൃഷിയില്‍ അങ്ങനെയൊരു പഠനമൊന്നും നടത്തിയില്ല. ഇനി ഇതേക്കുറിച്ചൊക്കെ പഠിച്ച ശേഷമേ മത്സ്യകൃഷി ചെയ്യുന്നുള്ളൂ.”

പെണ്‍മിത്രയിലൂടെ കോക്കൂരിലെ സ്ത്രീകള്‍ കൃഷിയില്‍ സജീമായെന്നു മാത്രമല്ല അവര്‍ക്കൊരു വരുമാനവും നേടുന്നുണ്ട്.

കോഴിമുട്ട വിറ്റു കിട്ടിയ പണം കൊണ്ടാണ് കഴിഞ്ഞ ദിവസം വണ്ടിയില്‍ പെട്രോള്‍ അടിച്ചത് എന്ന് സീനത്ത്.

സ്വന്തമായി അധ്വാനിച്ച് പൈസ നേടുന്നതിന്‍റെ സന്തോഷം മാത്രമല്ല എല്ലാ കാര്യങ്ങള്‍ക്കും പണം ചോദിച്ച് മറ്റാരെയും ആശ്രയിക്കുകയും വേണ്ട. അത് വലിയ കാര്യമല്ലേയെന്നു സീനത്ത് ചോദിക്കുന്നു.

സീനത്തിന്‍റെ അടുക്കളത്തോട്ടത്തിലെ ക്വാളിഫ്ലവര്‍

കൃഷിക്കാര്യങ്ങളില്‍ മാത്രമല്ല സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമാണ് സീനത്ത്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സീനത്തിന്‍റെ വിവാഹം. പത്താം ക്ലാസില്‍ വിജയിച്ചുവെങ്കിലും പഠനം അതോടെ അവസാനിച്ചു.

പിന്നെ മക്കളും ഭര്‍ത്താവുമൊക്കെയായി ജീവിതം. രണ്ട് മക്കള്‍, ബികോമിന് പഠിക്കുന്ന മുഹമ്മദ് ജുനൈദും പ്ലസ് ടു വിദ്യാര്‍ഥിനി ഐഷ നസ്റിനും.

എന്നാല്‍ മക്കള്‍ മുതിര്‍ന്നപ്പോഴാണ് പാതിവഴിയില്‍ അവസാനിച്ച പഠനം വീണ്ടും ആരംഭിക്കണമെന്നു സീനത്തിന് തോന്നുന്നത്. വിദൂര വിദ്യാഭ്യാസത്തിലൂടെ ബിഎ ഹിസ്റ്ററി എടുത്തു ഇവര്‍.

പെണ്‍മിത്രയുടെ നേതൃത്വത്തില്‍ ചിരട്ട ഉത്പന്നങ്ങളുണ്ടാക്കുന്നു

കൃഷിത്തിരക്കുകള്‍ക്കിടയിലും സീനത്ത് കരാട്ടെ പഠിക്കുന്നുണ്ട്. “40 വയസുണ്ട് എനിക്ക്. പക്ഷേ പ്രായമൊന്നും കരാട്ടെ പഠിക്കാന്‍ തടസ്സമല്ല. ഏതു നേരവും കൃഷിയൊക്കെ അധ്വാനിക്കുകയല്ലേ.. പിന്നെന്തിന് വ്യായാമം ചെയ്യണമെന്നൊക്കെ ഞാന്‍ ചിന്തിച്ചിരുന്നു.

“മോള് നടക്കാന്‍ വിളിച്ചാലും പോകാറില്ല. പക്ഷേ അധ്വാനിക്കുന്നവര്‍ക്കും വ്യായാമമൊക്കെ വേണമെന്ന് തോന്നി. പിന്നെ കരാട്ടെ പഠിക്കുന്നത് നല്ലതല്ലേ. ഇപ്പോ മൂന്നു മാസം കഴിഞ്ഞു കരാട്ടെ പഠനം ആരംഭിച്ചിട്ട്,” സീനത്ത് കോക്കൂര്‍ പറഞ്ഞു.


ഇതുകൂടി വായിക്കാം:സ്വപ്നയുടെ ഭക്ഷ്യവനത്തില്‍ ‘ഷുഗര്‍ ഫ്രീ’ അടക്കം 25 ഇനം കപ്പ, വരത്തന്‍ കിഴങ്ങുകളും പഴങ്ങളും, പലതരം വാഴകള്‍, 15 ഇനം പേര; കൃഷിക്കാഴ്ചകള്‍ കാണാന്‍ എന്നും തിരക്ക്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം