മേഘയും മായാങ്കും

സ്വയം ‘ക്ലീന്‍ ആവുന്ന’ 798 സ്മാര്‍ട്ട് ശുചിമുറികള്‍ സ്ഥാപിച്ച ദമ്പതികള്‍; ഡെല്‍ഹി മെട്രോ മുതല്‍ തുര്‍ക്കി സര്‍ക്കാര്‍ വരെ ആവശ്യപ്പെട്ട മാതൃക

ആ സ്കൂളില്‍ ആണ്‍കുട്ടികള്‍ പുറത്താണ് കാര്യം സാധിച്ചിരുന്നത്. പെണ്‍കുട്ടികളാണെങ്കില്‍ അത്യാവശ്യഘട്ടങ്ങളില്‍ സ്വന്തം വീടുകളിലേക്ക് പോകുമായിരുന്നു

പൊതുടോയ്‌ലെറ്റുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് നമ്മളില്‍ പലരും രണ്ടുവട്ടം ചിന്തിക്കും.

കാരണം മറ്റൊന്നുമല്ല, പലതും ഭയങ്കര വൃത്തികേടായിരിക്കും.

അതിന് പല കാരണങ്ങള്‍ ഉണ്ടായിരിക്കാം–ഉപയോഗിക്കുന്നവരുടെ അശ്രദ്ധ മുതല്‍ വൃത്തിയാക്കുന്നവരുടെ അനാസ്ഥ വരെ പലതും.

എന്നാല്‍ സ്വയം വൃത്തിയാക്കുന്ന ടോയ്‌ലെറ്റുകള്‍ ഉണ്ടെങ്കിലോ? ‘ഗര്‍വ് ടോയ്‌ലെറ്റുകള്‍’ അതുതന്നെയാണ്.


പല ക്ലീനിങ്ങ് ഉല്‍പന്നങ്ങളും ആരോഗ്യവും പരിസ്ഥിതിയും ഒരുപോലെ നശിപ്പിക്കും. പ്രകൃതി സൗഹൃദ ഡിഷ് വാഷിലേക്കും ടോയ്ലെറ്റ് ക്ലീനറിലേക്കും മാറൂ. Karnival.com 

നിര്‍മ്മിത ബുദ്ധിയും (artificial intelligence) ഇന്‍റെര്‍നെറ്റ് ഓഫ് തിങ്‌സും (IOT) ഈ സ്മാര്‍ട്ട് ടോയ്‌ലെറ്റുകളില്‍ ഒന്നിക്കുന്നു. മയാങ്ക് മിഥയും മേഘാ മിഥയും ചേര്‍ന്ന് 2014-ലാണ് ഗര്‍വ് ടോയ്‌ലെറ്റ് എന്ന സോഷ്യല്‍ എന്‍റെര്‍പ്രൈസ് തുടങ്ങുന്നത്.

മേഘയും മായാങ്കും

പൊതുശുചിമുറികള്‍ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇങ്ങനെയൊരു സ്ഥാപനത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് മായാങ്ക് പറയുന്നു.

ഇഷ്ടികയും കോണ്‍ക്രീറ്റും ടൈലുകളുമൊക്കെയിട്ട സാധാരണ ടോയ്‌ലെറ്റുകള്‍ പരിപാലിക്കുന്നതിന് വലിയ ചെലവുവരും. പിന്നെ, വെള്ളത്തിന്‍റെ കുറവ്, വൈദ്യുതി, ടോയ്‌ലെറ്റുകള്‍ക്കുള്ളില്‍ വായുസഞ്ചാരമില്ലാത്തത് അങ്ങനെയങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ വേറെയും,” അദ്ദേഹം വിശദമാക്കുന്നു.

അങ്ങനെയാണ് ‘ഇന്‍റെലിജെന്‍റ് ടോയ്‌ലെറ്റ്’ എന്ന ആശയത്തിലേക്ക് വരുന്നത്. ഇത്തരത്തിലുള്ള 798 ശുചിമുറികള്‍ ഗര്‍വ് രാജ്യത്തിന്‍റെ പല ഭാഗത്തായി സ്ഥാപിച്ചുകഴിഞ്ഞു. ഈ ടോയ്‌ലെറ്റുകള്‍ ദിവസത്തില്‍ 1.4 ലക്ഷം തവണ ഉപയോഗിക്കപ്പെടുന്നു എന്നാണ് കണക്ക്.


സ്‌കൂളുകളിലും ഗ്രാമീണ മേഖലകളിലും നഗരങ്ങളിലുമൊക്കെ സന്നദ്ധസംഘടനകളുമായിച്ചേര്‍ന്ന് ഗര്‍വ് ശുചിമുറികള്‍ സ്ഥാപിച്ചു.


സര്‍ക്കാരിതരസംഘടനകളുടെ സഹായത്തോടെയും കമ്പനികളുടെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ടുപയോഗിച്ചുമൊക്കെയാണ് ഇത് സാധിച്ചത്.

ദിവസവും 18,000 കുട്ടികള്‍ ഗര്‍വ് ടോയ്‌ലെറ്റുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്.

കുട്ടികളിലെ ശുചിത്വശീലങ്ങളിലും മാറ്റം വന്നു.

ബിഹാറിന്‍റെ തലസ്ഥാനമായ പാറ്റ്‌നയിലെ റാണിപൂരിലെ മിഡില്‍ സ്‌കൂളില്‍ 374 കുട്ടികളാണ് പഠിക്കുന്നത്. ആറ് മുതല്‍ 14 വരെ വയസ്സുള്ളവരാണ് വിദ്യാര്‍ത്ഥികള്‍. മൂന്ന് വര്‍ഷം മുമ്പ് വരെ സ്‌കൂളില്‍ ആകെ ഒരു ടോയ്‌ലെറ്റ് മാത്രമേ ഉപയോഗിക്കാന്‍ പറ്റുന്നതായി ഉണ്ടായിരുന്നുള്ളൂ.

“അതുകൊണ്ട് ഒരു പാട് ആണ്‍കുട്ടികള്‍ പുറത്താണ് കാര്യം സാധിച്ചിരുന്നത്. പെണ്‍കുട്ടികളാണെങ്കില്‍ അത്യാവശ്യഘട്ടങ്ങളില്‍ സ്വന്തം വീടുകളിലേക്ക് പോകുമായിരുന്നു,” 14-കാരിയായ അഞ്ജല്‍ കുമാരി പറയുന്നു.

ഉള്ള ശുചിമുറിയിലാകട്ടെ വെള്ളവുമില്ലായിരുന്നു. അതുകൊണ്ട് പാത്രത്തില്‍ വെള്ളവും കൊണ്ടുവേണം പോകാന്‍, സ്‌കൂളിലെ അധ്യപകനായ നാഗേന്ദ്രകുമാര്‍ (50) പറയുന്നു.

എന്നാല്‍ ഇപ്പോള്‍ ആ ബുദ്ധിമുട്ടൊന്നുമില്ല. ആഗാ ഖാന്‍ ഫൗണ്ടേഷന്‍ ഗര്‍വ് ശുചിമുറികള്‍ സ്ഥാപിക്കാന്‍ മുന്നോട്ടുവന്നു. ഇപ്പോള്‍ സ്‌കൂളില്‍ ആറ് ശുചിമുറികളുണ്ട്.

ഗര്‍വ് സ്മാര്‍ട് ശുചിമുറികള്‍

സ്കൂളിലിപ്പോള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്‌ലെറ്റുകളുണ്ട്. സ്ഥിരം വെള്ളവും കൈകഴുകാന്‍ ബേസിനും അതിനുള്ളിലുണ്ട്, നാഗേന്ദ്രകുമാര്‍ സന്തോഷത്തോടെ അറിയിക്കുന്നു.

വൃത്തിയുള്ള ശുചിമുറി വന്നതോടെ കുട്ടികള്‍ കൂടുതല്‍ ശുചിത്വബോധമുള്ളവരായി മാറിയെന്നും നാഗേന്ദ്രകുമാര്‍ പറയുന്നു. “ഞങ്ങള്‍ സോപ്പ് ബാങ്ക് എന്നൊരു പരിപാടി തുടങ്ങി. ഓരോകുട്ടിയുടെയും അധ്യാപകരുടെയും പിറന്നാള്‍ ദിനത്തില്‍ മിഠായി വിതരണം ചെയ്യുന്നതിന് പകരം സോപ് വാങ്ങിവെയ്ക്കാന്‍ തുടങ്ങി,” അദ്ദേഹം പറയുന്നു.

“നേരത്തെ ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ വേണ്ടി വീട്ടില്‍ പോയിരുന്ന സമയം ലാഭിക്കാനും കഴിഞ്ഞു. ഈ സമയം ഞങ്ങള്‍ ഇപ്പോള്‍ മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, പെണ്‍കുട്ടികള്‍ക്കായി മീനാ മഞ്ച് എന്നൊരു ക്ലബ് തുടങ്ങി. ഇതില്‍ ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചും മറ്റും ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കുന്നു. സാനിറ്ററി നാപ്കിനുകള്‍ മെച്ചപ്പെട്ട രീതിയില്‍ സംസ്‌കരിക്കാനുള്ള സംവിധാനവും സ്‌കൂളിലുണ്ട്,” അദ്ദേഹം തുടരുന്നു.

നിര്‍മ്മാണത്തില്‍ മാത്രമല്ല, തുടര്‍ന്നുള്ള പരിപാലനത്തിലും കുറഞ്ഞ ചെലവ് മാത്രം വരുന്ന രീതിയിലാണ് ഗര്‍വ് ശുചിമുറികള്‍ തയ്യാറാക്കിയിരിക്കുന്നത്. ലോഹത്തകിടുകള്‍ കൊണ്ടുള്ള ഈ ശുചിമുറികള്‍ വളരെ ശക്തവും പെട്ടെന്ന് നശിപ്പിക്കാന്‍ കഴിയാത്തതുമാണ്.

മാത്രമല്ല, റോഡിയോ ഫ്രീക്വന്‍സി ഐഡെന്‍റിഫിക്കേഷന്‍ സിസ്റ്റം, IoT സാങ്കേതികവിദ്യ എന്നിവയും പ്രയോജനപ്പെടുത്തുന്നു.

നല്ല ഉറപ്പുള്ള കവചമായതുകൊണ്ട് പെട്ടെന്ന് നശിപ്പിക്കാനാവില്ല

ഊര്‍ജ്ജ ഉപയോഗം, മാലിന്യസംസ്‌കരണം എന്നിവ കണക്കിലെടുക്കുമ്പോള്‍ ഇവ ഒരു സുസ്ഥിരമാതൃകകള്‍ കൂടിയാണ്. എല്ലാ ഗര്‍വ് ടോയ്‌ലെറ്റുകളും സൗരോര്‍ജ്ജം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.

ശുചിമുറി ഉപയോഗിച്ചതിന് ശേഷം ഒരാള്‍ വെള്ളമൊഴിച്ചില്ലെങ്കില്‍ പോലും ടോയ്‌ലെറ്റ് സ്വയം ഫ്‌ളഷ് ചെയ്തുകൊള്ളും. തറ അഴുക്കുപിടിച്ചാലും സ്വയം വൃത്തിയാക്കുന്ന സംവിധാനമുണ്ട്. എത്രപേര്‍ ശുചിമുറി ഉപയോഗിച്ചു എന്ന് സെന്‍സറുകള്‍ കണ്ടെത്തും അതിനനുസരിച്ച് പമ്പുകള്‍ തനിയെ പ്രവര്‍ത്തിച്ച് അകം വൃത്തിയാക്കും.

ഓരോ ടോയ്‌ലെറ്റിലും എല്‍.ഇ.ഡി ലൈറ്റുകളും എക്‌സോസ്റ്റ് ഫാനും സാനിറ്ററി പാഡ് വെന്‍ഡിങ്ങ് മെഷീനും ഉണ്ട്. ഭിന്നശേഷിക്കാര്‍ക്കുവേണ്ടി റാംപും കൈവരികളും എളുപ്പത്തില്‍ ഫിറ്റ് ചെയ്യാവുന്ന വിധത്തിലാണ് ടോയ്‌ലെറ്റുകളുടെ രൂപകല്‍പന.

“ഈ പ്രീ-ഫാബ്രിക്കേറ്റഡ് റ്റോയ്‌ലെറ്റുകള്‍ എത്രതവണ ഉപയോഗിച്ചു എന്നതിന്‍റെ തല്‍സമയമുളള അപ്‌ഡേറ്റ ലഭിക്കും. വളരെ കുറഞ്ഞ പരിപാലനച്ചെലവ് മാത്രമേ വരുന്നുള്ളൂ,” മായാങ്ക് പറയുന്നു.

മറ്റൊരു പ്രത്യേകത മാലിന്യസംസ്‌കരണം ആണ്. ഓരോ ശുചിമുറിയും ബയോ-ഡൈജെസ്റ്റര്‍ ഘടിപ്പിക്കപ്പെട്ടതാണ്. അതായത് പുറത്തേക്ക് പോകുന്ന വെള്ളവും മറ്റ് മാലിന്യങ്ങളും വെവ്വേറെ ട്രീറ്റ് ചെയ്യാനുള്ള സംവിധാനം ആണിത്. ഇതില്‍ നിന്നുള്ള മാലിന്യം അണുവിമുക്തമാക്കിയ ശേഷം ട്രീറ്റ് ചെയ്ത് വളമാക്കി മാറ്റുന്നു. ഇത് ജൈവവളമായി ഉപയോഗിക്കാം.

“ഇപ്പോള്‍ ഞങ്ങള്‍ ഈ വളം വില്‍ക്കുന്നില്ല. കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കുകയാണ് ചെയ്യുന്നത്,” മായാങ്ക് വിശദമാക്കി.

ഓരോന്നിലും ഉള്ള പ്രത്യേക സംവിധാനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ശുചിമുറിക്ക് 2.5 ലക്ഷം മുതല്‍ 4.2 ലക്ഷം വരെ വിലവരും.

റോത്തക്കിലെ എം എസ് ദയാനന്ദ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയവരാണ് മായാങ്കും മേഘയും. മായാങ്ക് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങായിരുന്നുവെങ്കില്‍ മേഘ കംപ്യൂട്ടര്‍ സയന്‍സാണ് പഠിച്ചത്.

“IoTസിസ്റ്റം ശുചിമുറികളില്‍ ഉള്‍ക്കൊള്ളിക്കാന്‍ അവര്‍ തീരുമാനിച്ചപ്പോഴാണ് ഞാന്‍ ഗര്‍വുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത്. 2014-ലാണത്,” മേഘ പറയുന്നു.

ഗ്രാമീണ മേഖലയിലെ സ്കൂളുകളില്‍ ഇത് വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്

ഇലക്ട്രോണിക്‌സില്‍ എന്‍ജിനീയറിങ് ബിരുദം നേടിയതിന് ശേഷം മായാങ്ക് രണ്ട് വര്‍ഷം ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്തു. പിന്നീട് റൂറല്‍ മാനേജ്‌മെന്‍റില്‍ എം ബി എ നേടി. അതിന് ശേഷം നിരവധി സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിച്ചു.

അതിന് ശേഷം കുടുംബ ബിസിനസിലേക്ക് തിരിച്ചുവന്നു. ടെലികോം രംഗത്തെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഉറപ്പുള്ള കവചങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് മായാങ്കിന്‍റെ കുടുംബം നടത്തിയിരുന്നത്.

“അപ്പോഴാണ് അതേ മെറ്റീരിയല്‍ ഉപയോഗിച്ച് ഉറപ്പുള്ള ടോയ്‌ലെറ്റുകള്‍ ഉണ്ടാക്കാമല്ലോ എന്ന ചിന്ത വരുന്നത്, പെട്ടെന്ന് നശിക്കാത്ത ശുചിമുറകളുണ്ടാക്കാം എന്ന ആലോചനയുണ്ടായി,” മായാങ്ക് പറഞ്ഞു.

ഈ ആശയത്തില്‍ നിന്നാണ് പിന്നീട് കുറച്ചുമാസങ്ങള്‍ കഴിഞ്ഞ് ഗര്‍വ് ഉണ്ടാകുന്നത്. അതിലേക്ക് നിര്‍മ്മിത ബുദ്ധിയും ഇന്‍റെര്‍നെറ്റ് ഓഫ് തിങ്‌സും ചേര്‍ത്തുവെച്ചപ്പോള്‍ ഒരു സ്മാര്‍ട്ട് ശുചിമുറിയായി.

ഗര്‍വിന്‍റെ ശുചിമുറികള്‍ ഇതിനകം തന്നെ ലോകശ്രദ്ധ നേടിക്കഴിഞ്ഞു. കഴിഞ്ഞവര്‍ഷം ലണ്ടനില്‍ നിന്നും യുവസംരംഭകര്‍ക്കുള്ള അവാര്‍ഡ് നേടിയപ്പോള്‍ ഈ വര്‍ഷം 1 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ഗ്ലോബല്‍ മേയ്ക്കര്‍ ചാലെഞ്ചിലും വിജയിയായി.

എങ്കിലും വെല്ലുവിളികളും ബുദ്ധിമുട്ടുകളുമൊക്കെയുണ്ടായിരുന്നു.
“പ്രധാനപ്രശ്‌നം ശുചിത്വരംഗത്ത് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹത്തിലുള്ള തെറ്റായ ധാരണകളാണ്. പിന്നെ, ഇതിന്‍റെ കാര്യക്ഷമതയെപ്പറ്റി ആളുകളെ ബോധ്യപ്പെടുത്തുക എന്നുള്ളതും,” മായാങ്ക് തുടരുന്നു.

ഗര്‍വ് ടീം

പതുക്കെയാണെങ്കിലും ഈ വെല്ലുവിളികളെല്ലാം അതിജീവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇപ്പോള്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുവേണ്ടി സ്മാര്‍ട്ട് ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു കരാര്‍ ഗര്‍വ് നേടിക്കഴിഞ്ഞു. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ വിവിധ മെട്രോ സ്‌റ്റേഷനുകളില്‍ ഇത്തരം ശുചിമുറികള്‍ പ്രത്യക്ഷപ്പെടും.

തുര്‍ക്കി സര്‍ക്കാരിന് വേണ്ടിയും ഗര്‍വ് ശുചിമുറികള്‍ നിര്‍മ്മിക്കുകയാണ്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സ്ഥാപിക്കാനാണ് തുര്‍ക്കി സര്‍ക്കാര്‍ ഓഡര്‍ നല്‍കിയിരിക്കുന്നത്.

വാഷ് ബേസിനില്‍ നിന്നുള്ള വെള്ളം തന്നെ ട്രീറ്റ് ചെയ്ത് ടാങ്ക് ഫ്‌ളഷ് ചെയ്യാനും തറ വൃത്തായാക്കാനും ഉപയോഗിക്കാവുന്ന ഗ്രേവാട്ടര്‍ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് കൂടി വികസിപ്പിച്ചെടുക്കാനുള്ള പ്രയത്‌നത്തിലാണ് മായാങ്കും മേഘയും.

“ഞങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവര്‍ക്ക് ശുചിത്വസംവിധാനങ്ങള്‍ എത്തിക്കുക എന്നതിനാണ്. ഒപ്പം ഉപയോഗിക്കുന്നവര്‍ ശുചിത്വശീലങ്ങളുടെ പ്രാധാന്യം കൂടുതലായി മനസ്സിലാക്കുക എന്നതും,” മായാങ്ക് വ്യക്തമാക്കുന്നു.


ഇതുകൂടി വായിക്കാം: ആനയും കാട്ടുപോത്തും വിലസുന്ന കൊടുംകാട്ടിലെ വണ്ടിയെത്താത്ത ഊരുകളില്‍ 3 മാസം കൊണ്ട് 497 ശുചിമുറികള്‍ നിര്‍മ്മിച്ച സ്ത്രീ, അവരുടെ അനുഭവങ്ങള്‍


 

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം