“വീട്ടിലെ ഇളയകുട്ടിയായിരുന്നു… അതുകൊണ്ടാകും ‘അച്ഛന്‍ മോനാ’യിരുന്നു ഞാന്‍. അച്ഛന്‍റെ കൈയില്‍ തൂങ്ങി പാടത്തും പറമ്പിലുടെയുമൊക്കെ കുറേ നടന്നിട്ടുണ്ട്. അച്ഛനാണേല്‍ കൃഷിയോട് പെരുത്ത് ഇഷ്ടമുള്ള ആളും,” കോഴിക്കോട് ചാത്തമംഗലംകാരന്‍ ജയകൃഷ്ണന്‍ ഓര്‍മ്മകളിലൂടെ നടന്ന് ആ പാടവരമ്പത്ത് വന്നുനില്‍ക്കുന്നു.
“അച്ഛന് കൃഷിയെന്ന് പറഞ്ഞാ ഒരു ലഹരി തന്നെയായിരുന്നു. ആള് പറമ്പിലേക്കിറങ്ങിയാല്‍ ഞാനും കൂടെ പോകും.”
അങ്ങനെയൊക്കെയായിരുന്നിട്ടും ജയകൃഷ്ണന്‍ കൃഷിയിലേക്കിറങ്ങിയില്ല. പകരം ഇലക്ട്രീഷ്യനായി, പിന്നെ മാര്‍ബിള്‍ കച്ചവടം തുടങ്ങി.
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com
പക്ഷേ, ആ ‘അച്ഛന്‍ കുട്ടി’ വര്‍ഷങ്ങള്‍ക്ക് ശേഷം ജോലിയും ബിസിനസും ഉപേക്ഷിച്ച് കൃഷിയിലേക്കു തന്നെ ഇറങ്ങി. ഇന്ന് 118 ഇനം നെല്ലിനങ്ങള്‍ ഒരുപാടത്ത് വിളയിച്ച് സംരക്ഷിക്കുന്ന കര്‍ഷകനാണ് ജയകൃഷ്ണന്‍.
“വീണ്ടും കൃഷിയിലേക്കെത്തുന്നതിന് ഒരു കാരണമുണ്ട്–എന്‍റെ മോന്‍!”
മകനെ വിരലില്‍ പിടിച്ച് നടത്തി കൃഷിയുടെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുത്ത ഒരച്ഛനില്‍ നിന്ന് പാടത്തേക്ക് വീണ്ടും കൊണ്ടെത്തിച്ച മകനിലേക്ക്…ആ കഥകളും വിശേഷങ്ങളും ദ് ബെറ്റര്‍ ഇന്‍ഡ്യയുമായി പങ്കുവയ്ക്കുകയാണ് ചാത്തമംഗലം നെച്ചൂളിക്കാരന്‍ താഴത്തുവീട്ടില്‍ ജയകൃഷ്ണന്‍.
ഫ്ലാഷ്ബാക്കിലേക്ക് വീണ്ടും.
“പാടത്ത് വെള്ളം തിരിക്കാനൊക്കെ ഞാന്‍ അച്ഛനൊപ്പം രാത്രിയിലും പോയിട്ടുണ്ട്. വീട്ടിലെ ഏറ്റവും ഇളയ ആളായ കൊണ്ടാകും അച്ഛനും ഇഷ്ടക്കൂടുതലുണ്ടായിരുന്നു എന്നോട്,” ജയകൃഷ്ണന്‍ തുടരുന്നു.
“കുട്ടിക്കാലത്ത് മാത്രമല്ല അച്ഛനോടുള്ള അടുപ്പം വല്യ കുട്ടിയായപ്പോഴും കൂടെയുണ്ടായിരുന്നു. മുതിര്‍ന്നിട്ടും ഞാനും അച്ഛനും കൂട്ടുകാരെ പോലെയാണ് ജീവിച്ചത്.”
എന്നിട്ടും ജയകൃഷ്ണന്‍ കൃഷി തെരഞ്ഞെടുത്തിരുന്നില്ല. “അച്ഛന്‍ പോയതോടെ പിന്നെ ഞാനും പൂര്‍ണമായും കൃഷിയില്‍ നിന്നൊക്കെ അകന്നു,” എന്ന് അദ്ദേഹം പറയുന്നു.
പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് പാടത്തേക്കിറങ്ങുന്നത് അപൂര്‍വ്വ നെല്‍വിത്തുകളുടെ സംരക്ഷകന്‍ കൂടിയായാണ്.
118 ഇനം നെല്ല്, 80 വെറൈറ്റി കിഴങ്ങുകള്‍, 30 ഇനങ്ങളിലുള്ള നാടന്‍ പച്ചക്കറികള്‍… ഇങ്ങനെയൊരു പ്രതാപകാലമുണ്ടായിരുന്നു ജയകൃഷ്ണന്. പ്രതാപത്തിന് ഇന്നും കുറവില്ല. പക്ഷേ നെല്‍കൃഷിയാണ് കൂടുതലെന്നു മാത്രം.
രാജ്യത്തെ ആദ്യ ഫോക്ക് റൈസ് പാര്‍ക്ക് ആരംഭിച്ച കര്‍ഷകന്‍ എന്ന ബഹുമതി കൂടി അദ്ദേഹത്തിനുണ്ട് ഇപ്പോള്‍.
“മോന്‍ കുഞ്ഞായിരിക്കുമ്പോ എന്നും അവന് അസുഖങ്ങളായിരുന്നു. എന്തെല്ലാം മരുന്നുകളാണ് നല്‍കിയതെന്നറിയോ. പക്ഷേ ഒരു മാറ്റവും ഇല്ലായിരുന്നു. മോന്‍റെ പേര് ഭഗത് കൃഷ്ണ. ഇവനിപ്പോ ഒമ്പതാം ക്ലാസില്‍ പഠിക്കുകയാണട്ടോ,” ജോലിയെല്ലാം ഉപേക്ഷിച്ച് ജൈവകൃഷി തുടങ്ങാനുണ്ടായ കാരണം ജയകൃഷ്ണന്‍ വിശദമാക്കുന്നു.
“അവന് ഒരു വയസുള്ളപ്പോ കുറേ അസുഖങ്ങളൊക്കെയുണ്ടായിരുന്നു. മരുന്നൊന്നും ഫലിക്കാതെ വന്നതോടെ കഴിക്കുന്ന ഭക്ഷണത്തില്‍ കുറച്ചൊക്കെ ശ്രദ്ധിച്ചു തുടങ്ങി. രാസവളമിട്ട് കൃഷി ചെയ്തെടുക്കുന്നതല്ലേ കഴിച്ചു കൊണ്ടിരുന്നത്.
“അങ്ങനെയാണ് ജൈവകൃഷിയെക്കുറിച്ച് ആലോചിക്കുന്നത്. വീട്ടില്‍ പറമ്പും ഉണ്ടല്ലോ. കുറച്ചു സ്ഥലം പാട്ടത്തിനുമെടുത്തു. കൃഷി ആരംഭിച്ചു. ആനന്ദ ഫാംസ് എന്നൊരു പേരും നല്‍കി.”
പച്ചക്കറികളും കിഴങ്ങുകളും അരിയുമൊക്കെ വീട്ടില്‍ തന്നെയുണ്ടാക്കിയെടുത്തു. പക്ഷേ ഇപ്പോള്‍ നെല്‍കൃഷിയാണ് കൂടുതല്‍. ചാത്തമംഗലത്തും വയനാട്ടിലും കൃഷിയുണ്ട്.
“ചാത്തമംഗലത്ത് മാത്രമേ സ്വന്തം ഭൂമിയുള്ളൂ. അഞ്ചേക്കറിലാണിവിടെ കൃഷി. വയനാട്ടില്‍ പാട്ടത്തിനെടുത്തിരിക്കുകയാണ്. വയനാട് കട്ടിക്കുളം ആടുമാരി പാടശേഖരത്തിലാണ് കൃഷി. ഇവിടെ 48 വ്യത്യസ്ത ഇനങ്ങളും ചാത്തമംഗലത്ത് 118 ഇനങ്ങളുണ്ട്. പക്ഷേ കൂടുതല്‍ നെല്‍കൃഷി വയനാട്ടിലാണ്.
ചാത്തമംഗലത്ത് ആറര ഏക്കര്‍ ഭൂമിയിലാണ് നെല്ല് കൃഷി ചെയ്യുന്നത്. ഇതില്‍ ഒന്നര ഏക്കര്‍ ഭൂമിയില്‍ മാത്രം നെല്ല് സംരക്ഷണമാണ്. 118 വെറൈറ്റികള്‍ ഇവിടെയാണ് പരിചരിക്കുന്നത്.
“കയർ വെച്ച് പ്ലോട്ട് തിരിച്ച് ഓരോ ഇനവും നട്ടിരിക്കുന്നത്. ഇതിനൊപ്പം പേരെഴുതിയ ബോര്‍ഡും തൂക്കിയിട്ടിട്ടുണ്ട്. ചിലത് രണ്ട് സ്ക്വയർ മീറ്ററിലാണെങ്കിൽ, മറ്റ് ചിലത് 50 സ്ക്വയർ മീറ്റിലുള്ളതുമുണ്ട്.”
വയനാട്ടില്‍ മൂന്ന് വര്‍ഷമായി കൃഷി ചെയ്യുന്നു. 13 ഏക്കറിലാണ് കൃഷി. അധികം വൈകാതെ ഇതിനോട് ചേര്‍ന്ന അഞ്ചേക്കര്‍ ഭൂമി കൂടി കൃഷിയ്ക്കായി പാട്ടത്തിനെടുക്കാണ് ഉദ്ദേശിക്കുന്നത്.
“ആ നാടിന്‍റെ കാലാവസ്ഥയ്ക്ക് യോജിക്കുന്ന വിത്തുകളുണ്ട്. ഔഷധഇനങ്ങള്‍ കൂടുതലും യോജിക്കുന്നത് വയനാടിനാണ്. പിന്നെ ഇവിടെ കൂലിച്ചെലവും കുറവാണ്.”
കാടിനോട് ചേര്‍ന്നൊരു പ്രദേശം, നല്ല വെള്ളമുള്ള സ്ഥലം ഇതൊക്കെയാണ് ഇവിടെ കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നു ജയകൃഷ്ണന്‍.
വ്യത്യസ്ത ഇനം നെല്‍വിത്തുകള്‍ക്കായി ഇന്ത്യയുടെ പല ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുണ്ട് ഇദ്ദേഹം. ഇന്ത്യയില്‍ നിന്നു മാത്രമല്ല പാക്കിസ്ഥാന്‍, തായ്‍ലന്‍റ് എന്നിവിടങ്ങളില്‍ നിന്നൊക്കെ വിത്തുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
“നേരില്‍ പോയും സുഹൃത്തുക്കളിലൂടെയും അപൂര്‍വ ഇനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നാണ് വിത്തുകള്‍ ശേഖരിച്ചത്,” ആ യാത്രകളെക്കുറിച്ച് ജയകൃഷ്ണന്‍ ആവേശത്തോടെ പറയുന്നു.
“അപൂര്‍വഇനം നെല്‍വിത്തുകള്‍ സംരക്ഷിക്കുന്നവരില്ലേ, അവരെയൊക്കെ കാണാന്‍ പോകും. എവിടെ നിന്നൊക്കെ വെറൈറ്റി വിത്തുകള്‍ കിട്ടും അവിടെയൊക്കെ പോകും.
“അതുപോലെ കുറേ കൃഷി ഗ്രൂപ്പുകളുണ്ട്. ഇന്ത്യയുടെ പല ഭാഗത്തുള്ളവര്‍ അടങ്ങുന്ന ആ ഗ്രൂപ്പും കുറേ സഹായിച്ചിട്ടുണ്ട്. ഒറീസ്, ഛത്തീസ്ഗഡ്, പഞ്ചാബ്, മണിപ്പൂര്‍, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് ഇവിടൊക്കെ പോയിട്ടുണ്ട്.
“പാക്കിസ്ഥാന്‍ ബസുമതിയും തായ് വെറൈറ്റിയും അന്നാട്ടില്‍ നിന്നു കൊണ്ടുവന്ന ചില കര്‍ഷകരുണ്ടായിരുന്നു. അവരില്‍ നിന്നാണ് ആ ഇനങ്ങളുടെ വിത്ത് സ്വന്തമാക്കിയത്.
മൂന്നു ഇനം തായ് നെല്‍വിത്തുകളുണ്ട്.
“നേരിട്ട് പോയതല്ല, വിത്ത് സംരക്ഷിക്കുന്നവരുടെ ഗ്രൂപ്പുകളുണ്ടെന്നു പറഞ്ഞല്ലോ. അവരുമായുള്ള സൗഹൃദമാണ് ഈ ഇനങ്ങളിലേക്കെത്തിച്ചത്. അവര്‍ക്ക് ഇവിടെയുള്ള അവരുടെ കൈവശമില്ലാത്ത വ്യത്യസ്ത ഇനം വിത്തുകളും നല്‍കാറുണ്ട്.”
സംരക്ഷിക്കുന്ന നെല്ലിനങ്ങള്‍ ആവശ്യക്കാര്‍ക്കും അദ്ദേഹം നല്‍കാറുണ്ട്.
“ഇങ്ങനെ വ്യത്യസ്ത ഇനം നെല്ലുകള്‍ കൃഷി ചെയ്യണമെന്നു തോന്നുന്നത് അശോക് കുമാറിന്‍റെ ‘രോഗം തരുന്ന വെളുത്ത അരി’ എന്ന പുസ്തകം വായിച്ചതിനു ശേഷമാണ്.
“ഔഷധഗുണമുള്ളതും പോഷകസമ്പുഷ്ടവുമായ അരികളെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്. പല രോഗങ്ങളും അകറ്റുന്ന അരികളെക്കുറിച്ചൊക്കെ പുസ്തകത്തിലൂടെയാണ് അറിയുന്നത്.”
അരിയാഹാരം പതിവാക്കിയ മലയാളികള്‍ ഔഷധഗുണമുള്ളതും ജൈവരീതിയില്‍ കൃഷി ചെയ്യുന്നതുമായ നെല്ല് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ ശരീരവും പ്രകൃതിയും ഒരുപോലെ മെച്ചപ്പെടുമെന്ന വിശ്വാസക്കാരനാണ് ജയകൃഷ്ണന്‍.
“നെല്ലോലകള്‍ക്കും മണികള്‍ക്കും നല്ല കറുപ്പു നിറമുള്ള കാലാബത്തിയുണ്ട്. മണിപ്പൂരിയാണിത്. ഔഷധഗുണത്തിലും മുന്നില്‍ തന്നെയാണ്. കാല്‍സ്യം,മഗ്നീഷ്യം, സിങ്ക് തുടങ്ങിയവയൊക്കെ ആവോളമുണ്ട് ഈ കാലാബത്തി നെല്ലില്‍.
“രക്തശാലി അര്‍ബുദ രോഗത്തിന് നല്ലതാണെന്നാണ് പറയുന്നത്. സുഗന്ധവാഹിയായ ജീരകശാല, മാപ്പിളൈ ചെമ്പ, മുള്ളന്‍ കയ്മ, കനകചൂര്‍ണ, വലിയ ചെന്നെല്ല് ഇതൊക്കെയും ഇവിടുണ്ട്,” അദ്ദേഹം വ്യക്തമാക്കി.
പത്ത് വര്‍ഷമായി കൃഷിയില്‍ സജീവമായ ജയകൃഷ്ണന് വയനാട്ടിലെ കൃഷിയില്‍ കൂട്ടായി ലെനീഷ് കുമാര്‍ എന്നൊരു സുഹൃത്തും കൂടിയുണ്ട്. അദ്ദേഹവും വിത്ത് സംരക്ഷകനാണ്.
ഞങ്ങള്‍ കുറേ വര്‍ഷങ്ങളായിട്ടുള്ള സൗഹൃദമാണ്. ഒരു കുടുംബം പോലെയാണ്. ആ അടുപ്പമാണ് വയനാട്ടില്‍ ഒരുമിച്ച് കൃഷി ചെയ്യാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതും.
“ലെനീഷിന്‍റെ കുടുംബവുമായും നല്ല അടുപ്പമാണ്. അവരും കര്‍ഷകരാണ്. ലെനീഷിന്‍റെ ഭാര്യ അശ്വതിയും അവരുടെ അച്ഛന്‍ വിജയന്‍ മാഷും ചേട്ടന്‍ വിജിത്തുമൊക്കെ കൃഷിയും പരിസ്ഥിതിയുമൊക്കെയായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ്. (ആയിരക്കണക്കിന് മരങ്ങളുള്ള പറമ്പും ജൈവകൃഷി പരീക്ഷണങ്ങളുമായി ജീവിക്കുന്ന വിജിത്തിനെയും വാണിയെയും കുറിച്ച് ടി ബി ഐ നേരത്തെ എഴുതിയിട്ടുണ്ട്. വീണ്ടും വായിക്കാം. )
“ലെനീഷ് വിത്ത് സംരക്ഷണമൊക്കെയായി തണലില്‍*** പ്രവര്‍ത്തിക്കുകയായിരുന്നല്ലോ. തണലില്‍ നിന്നെനിക്ക് രണ്ടുമൂന്നു വിത്തുകള്‍ നല്‍കിയിട്ടുമുണ്ട്. അവര്‍ക്ക് 20-ലേറെ വിത്തുകള്‍ തിരിച്ചു കൊടുത്തിട്ടുമുണ്ടട്ടോ.
“തണലില്‍ നിന്നു വന്ന ശേഷമാണ് വയനാട് ഞങ്ങള്‍ കൃഷി ചെയ്യുന്നത്. ജൈകര്‍ഷകസമിതിയുമായുള്ള ബന്ധത്തിലൂടെയാണ് വിജയന്‍ മാഷും അശ്വതിയുമൊക്കെയായി പരിചയമാകുന്നത്.”
[*** ജനങ്ങളില്‍ പരിസ്ഥിതി അവബോധം വ്യാപകമാക്കുന്നതില്‍ ശ്രദ്ധേയമായ ഏറെ സംഭാവനകള്‍ നല്‍കിയ സംഘടനയാണ് തണല്‍. 1986 മുതല്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള കീടനാശിനികള്‍ക്കെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും അന്താരാഷ്ട്രവേദികളില്‍ വരെ കാസര്‍ഗോഡിലെ ജനങ്ങളുടെ ദുരിതം അവതരിപ്പിക്കാനും തണലിന് കഴിഞ്ഞു. ജൈവകൃഷി, മാലിന്യസംസ്കരണം, നാടന്‍വിത്തുകളുടെ സംരക്ഷണം, ഗവേഷണം തുടങ്ങിയ നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്- Thanal.co.in]
“അശ്വതിയും ലെനീഷും വിവാഹം കഴിച്ചതോടെ ഞങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമായി. കൃഷിയിലേക്ക് ഇറങ്ങിയതോടെ വീണ്ടും അടുപ്പമായി. ഞങ്ങളില്‍ ആരെങ്കിലും ഒരാള്‍ എന്നും വയനാട്ടിലുണ്ടാകും.”
നിത്യേനയുള്ള കാര്യങ്ങള്‍ നോക്കിനടത്താന്‍ ചന്ദ്രന്‍ എന്നൊരാളുമുണ്ട്.
ജൈവളമാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്. നെല്‍കൃഷി കഴിഞ്ഞയുടന്‍ പയര്‍ നടും. പയര്‍ വിളവെടുത്ത ശേഷം, ഏപ്രില്‍ ഒക്കെയാകുമ്പോ ഡെയ്ഞ്ച എന്ന ചെടി നടും. മണ്ണിലെ ജൈവാംശം നിലനിര്‍ത്തുന്നതിനുള്ള ഒരു രീതിയാണ് ഇത്.
“മുളച്ച് വരുമ്പോഴേക്കും മഴക്കാലമാകും. മഴ പെയ്തു വെള്ളം കെട്ടിയാലും ഇതു നശിക്കില്ല. കൃഷി ചെയ്യാനുള്ള സമയമാകുമ്പോഴേക്കും ഡെയ്ഞ്ച കാടുപോലെ വളര്‍ന്നിട്ടുണ്ടാകും. പിന്നെ ഡെയ്ഞ്ച ഉഴുത് മണ്ണില്‍ ചേര്‍ക്കും. നല്ല വളമാണിത്,” ജൈവകര്‍ഷകന്‍ കൂട്ടിച്ചേര്‍ത്തു.
നെല്ലിനൊപ്പം പച്ചക്കറിക്കൃഷിയിലും സജീവമായിരുന്നു ജയകൃഷ്ണന്‍. ഇദ്ദേഹത്തിന്‍റെ പറമ്പില്‍ നാടന്‍ കിഴങ്ങുകളുടെ വലിയ ശേഖരം തന്നെയുണ്ടായിരുന്നു
“കൊയ്ത്ത് കഴിഞ്ഞ ശേഷം പാടത്താണ് പച്ചക്കറി നട്ടിരുന്നത്. പയറും വെണ്ടയും വെള്ളരിയും ഇളവനുമൊക്കെയുണ്ടാകും. ഇപ്പോ വലിയ അളവില്‍ പച്ചക്കറി കൃഷിയില്ല.
“… ഒന്നര ഏക്കറില്‍ കിഴങ്ങ് മാത്രം നട്ടിരുന്നു. ഇപ്പോ കുറച്ചു ഇനങ്ങള്‍ മാത്രമേ നട്ടിട്ടുള്ളൂ. വ്യത്യസ്ത ഇനങ്ങളുടെ വിത്തുകളൊക്കെ പലര്‍ക്കും കൊടുത്തും. നാടന്‍ ഇനങ്ങളാണ് കൃഷി ചെയ്തിരുന്നത്. കാട്ടുപന്നി ശല്യം മാത്രമല്ല വയനാട്ടിലെ കൃഷിത്തിരക്കുമൊക്കെക്കൊണ്ടാണ് അതൊക്കെ കുറച്ചത്,” എന്ന് ജയകൃഷ്ണന്‍.
നെല്‍കൃഷിയാവുമ്പോള്‍ കുറച്ച് സമയം ഒഴിവുകിട്ടും. ആ സമയത്ത് പുതിയ ഇനം വിത്തുകള്‍ അന്വേഷിച്ചുള്ള യാത്രകള്‍ നടത്താം. അതാണ് നെല്ലിലേക്ക് മാത്രം ശ്രദ്ധിക്കാന്‍ ജയകൃഷ്ണനെ പ്രേരിപ്പിക്കുന്നത്.
ഉണ്ടായിരുന്ന ബിസിനസൊക്കെ അവസാനിപ്പിച്ച് കൃഷിപ്പണിക്ക് ഇറങ്ങിയപ്പോ എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ . ഭാര്യ രേഷ്മയ്ക്ക് എതിര്‍പ്പുകളൊന്നും ഇല്ലായിരുന്നു.
രേഷ്മ കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ജോലി ചെയ്യുന്നു. മകന്‍ ഭഗത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇളയമകള്‍ രുദ്ര അഞ്ചാം ക്ലാസിലും പഠിക്കുന്നു.
കുടുംബത്തിലെ മറ്റു പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. വേറെ എന്തെങ്കിലും ചെയ്താല്‍ പോരേ എന്നൊക്കെ ചോദിച്ചിരുന്നു.
“പക്ഷേ ഇപ്പോ ആ എതിര്‍പ്പുകളും ഇല്ലാതായി. അവരും പലതരം നെല്ലുകളുടെ അരി ഉപയോഗിച്ചു തുടങ്ങി,” ജയകൃഷ്ണന്‍ പറഞ്ഞു. .
വയനാട്ടില്‍ ജയകൃഷ്ണനും ലെനീഷും ചേര്‍ന്നാണ് രാജ്യത്തെ ആദ്യ ഫോക്ക് റൈസ് പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്. പലയിനം നെല്ലുകളെക്കുറിച്ച് അറിയാനുള്ള അവസരം മാത്രമല്ല ഇവിടെയൊരുക്കുന്നത്.
പാടത്ത് ഇറങ്ങി ചേറില്‍ പണിയെടുക്കാനും പണിക്കാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും വിത്തെറിയലും ഞാറു നടുന്നതുമൊക്കെ കാണാനും അവസരമൊരുക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് കൃഷിയെ അറിയാനും കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുമൊക്കെ അവസരം കൊടുക്കുകയാണിവര്‍.
വിത്തുകളും അരിയുമൊക്കെ ആളുകളിലേക്കെത്തിക്കുകയും മൂല്യ വര്‍ധിത ഉത്പന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കുകയും ചെയ്യുന്നുണ്ട് ജയകൃഷ്ണനും ലെനീഷും.
പൈതൃകം എന്ന പേരിലാണ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. ശിശുഭോജന്‍, ശാലിപാനി, ഔഷധക്കൂട്ട് തുടങ്ങിയവയാണ് വില്‍പനയ്ക്ക് എത്തിക്കുന്നത്.
ചാത്തമംഗലത്തെ ജയകൃഷ്ണന്‍റെ വീടിന് സമീപത്താണ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. കൂട്ടത്തില്‍ ശാലി പാനിയെന്ന ഹെല്‍ത്ത് ഡ്രിങ്ക് പൗഡറിന് ആവശ്യക്കാരേറെയുണ്ടെന്നു ജയകൃഷ്ണന്‍. “ബ്ലാക്ക് റൈസും ആരോറൂട്ട് പൗഡറും കാശ്മീര്‍ ഓര്‍ഗാനിക് ബദാമും ഏലയ്ക്കായും പൊടിച്ച് ചേര്‍ത്താണിതുണ്ടാക്കുന്നത്.
“മധുരം കൃത്രിമമായി ചേര്‍ക്കുന്നില്ല. ഈ പൊടിക്കൂട്ട് പാലും പഞ്ചസാരയും ചേര്‍ത്തുപയോഗിക്കാം തേങ്ങാപാലില്‍ ശര്‍ക്കര ചേര്‍ത്തോ ഉപയോഗിക്കാം. മധുരം വേണ്ടെങ്കില്‍ ഉപ്പ് ചേര്‍ത്ത് കഴിക്കാം,” ജയകൃഷ്ണന്‍ പറഞ്ഞു.
ശിശുഭോജന്‍ കുഞ്ഞുങ്ങള്‍ക്കുള്ള കുറുക്കുപ്പൊടിയാണ്. മണിപ്പൂരിന്‍റെ ബ്ലാക് റൈസും രക്തശാലി അരിയും ചെറുയറും ബദാം പോലുള്ളവയൊക്കെ പൊടിച്ചു ചേര്‍ത്താണിത് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം വിശദമാക്കുന്നു.
“പ്രൊജക്റ്റ് എര്‍ത്ത് വേം എന്ന പേരിലാണ് മൂല്യവര്‍ധിത ഉത്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. പുതിയ പ്രൊഡക്റ്റുകളിറക്കണം, കൂടുതല്‍ നെല്‍കൃഷി ചെയ്യണമെന്നൊക്കെയാണ് ആഗ്രഹിക്കുന്നത്, ” ജയകൃഷ്ണന്‍ വലിയ പ്രതീക്ഷയിലാണ്.
***
ഫോക് റൈസ് പാര്‍ക്ക് ആന്‍റ് നോളെജ് സെന്‍ററുമായി ബന്ധപ്പെടാം:
കാട്ടിക്കുളം, വയനാട്. Phone. 9544329811
ചിത്രങ്ങള്‍ക്ക് കടപ്പാട്: ജയകൃഷ്ണന്‍, ലിനീഷ് കീലേരി/ഫേസ്ബുക്ക്
ഇതുകൂടി വായിക്കാം: രണ്ട് പ്രളയങ്ങളെയും അതിജീവിച്ച് 22-കാരന്‍റെ ജൈവ നെല്‍കൃഷി: വര്‍ഷങ്ങളോളം തരിശുകിടന്ന ഭൂമിയില്‍ നൂറുമേനി
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.