ഒരപകടം കാലുകളുടെ ചലനശേഷി നഷ്ടപ്പെടുത്തി, കപ്പിനും ചുണ്ടിനുമിടയില്‍ പോയത് രണ്ട് സര്‍ക്കാര്‍ ജോലികള്‍! തിരിച്ചുവന്ന് തെങ്ങുകയറി, കരിമരുന്ന് പണിക്ക് പോയി: തോല്‍ക്കില്ലെന്ന പ്രതിജ്ഞയുമായി ശ്രീകാന്തും ‘ഹലോ ബഡ്ഡി’യും

ക്യാആ വേദനയും ദുരിതവുമൊന്നും ശ്രീകാന്ത് മറന്നിട്ടില്ല. വേദനിക്കുന്നവരുടെ മനസ്സുമറിയാം. അതുകൊണ്ട് ശ്രീകാന്തിന്‍റെ  ഐ എസ് ഓ സര്‍ട്ടിഫൈഡ് ഓട്ടോയില്‍ കാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസ് ആവശ്യമുള്ളവര്‍ക്കും യാത്ര സൗജന്യമാണ്. മറ, വൈ ഫൈ, ഒന്നിലേറെ ദിനപത്രങ്ങള്‍, പ്ലഗ് ചാര്‍ജുകള്‍ മാത്രമല്ല കാറിന്‍റെയൊക്കെ സീറ്റ് പോലുള്ളതാണ് ഓട്ടോയ്ക്കും നല്‍കിയിരിക്കുന്നത്

ട്ടം പോയിട്ടില്ലെങ്കില്‍ ആലുവ കാരോത്തുകുഴി ആശുപത്രിക്ക് സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡിലുണ്ടാകും ഹലോ ബഡ്ഡി-യെന്ന ഓട്ടോയും ശ്രീകാന്തും. പലപ്പോഴും ശ്രീകാന്തിനെ കാണാന്‍ കിട്ടിയെന്നു വരില്ല.

സ്റ്റാന്‍ഡില്‍ നിന്നുള്ള ഓട്ടം മാത്രമല്ല ശ്രീകാന്തിന്‍റെ പരിചയക്കാര്‍ക്കും ഈ ഹലോ ബഡ്ഡിയെ മതിയെന്നാണ്. ദീര്‍ഘ ദൂരയാത്രകള്‍ക്കും എയര്‍പോര്‍ട്ടിലേക്കുള്ള യാത്രകള്‍ക്കുമെല്ലാം ആലുവക്കാര്‍ക്ക് ശ്രീകാന്തിനെ മതി.

ഇനിയിപ്പോ ദൂരയാത്ര കഴിഞ്ഞു മടങ്ങി വരുന്നവരാണെങ്കിലും ‘ശ്രീകാന്തേ വണ്ടിയെടുക്കെന്നേ’ പറയൂ.

അത്രയ്ക്ക് അടിപൊളിയാണോ ശ്രീകാന്തിന്‍റെ ഓട്ടോറിക്ഷ!?


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് സൊല്യൂഷന്‍സ് വാങ്ങാം. Karnival.com

സിംപിള്‍ ആന്‍ഡ് പവര്‍ഫുള്‍ അല്ലേയെന്നു നാട്ടുകാര്‍ പറയും. ഹലോ ബഡ്ഡി എന്നു പേരിട്ടിരിക്കുന്ന ഓട്ടോറിക്ഷ മാത്രമല്ല ആ വണ്ടിയോടിക്കുന്ന ശ്രീകാന്തും സിപിളാണ്, പവര്‍ഫുള്ളുമാണ്.

അതിന് പിന്നില്‍ ഒരുപാട് കഥകളുണ്ട്.

ഹലോ ബഡ്ഡിയ്ക്കൊപ്പം ശ്രീകാന്ത്

ജോലി നഷ്ടമായി. അപകടത്തില്‍ കാലിന്‍റെ ചലനശേഷി നഷ്ടപ്പെട്ടു, പിന്നെ തെങ്ങുകയറിയും കരിമരുന്ന് പ്രയോഗത്തിന് പോയുമൊക്കെയായിരുന്നു ഈ ചെറുപ്പക്കാരന്‍റെ ജീവിതം.

ഇങ്ങനെ ഒരുപാട് ദുരിതങ്ങളെ അതിജീവിച്ചാണ് ശ്രീകാന്ത് ഇന്നും പോരാടിക്കൊണ്ടിരിക്കുന്നത്. ശ്രീകാന്ത് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സ്വന്തം ജീവിതകഥ പറയുന്നു.

“ഹലോ ബഡ്ഡിയെക്കുറിച്ച് തന്നെ പറഞ്ഞു തുടങ്ങാല്ലേ..? ഓട്ടോ ഓടിക്കാന്‍ വളരെ പണ്ടേ പഠിച്ചതാണ്. പക്ഷേ ഈ ഓട്ടോ വാങ്ങിച്ചിട്ട് ഇപ്പോ ഒരു വര്‍ഷം കഴിഞ്ഞതേയുള്ളൂ.

“ഒരു സി എന്‍ ജി ഓട്ടോ കണ്ടപ്പോള്‍ ഇഷ്ടം തോന്നി. അങ്ങനെ വീണ്ടും കാക്കി ധരിച്ചു, ഓട്ടോറിക്ഷ ഡ്രൈവറായി. ഇതിനിടയില്‍ വണ്ടിയ്ക്ക് ഓരോ സൗകര്യങ്ങളൊക്കെ ചെയ്തു കൊണ്ടിരുന്നു.

“ക്യാമറ, വൈ ഫൈ, ഒന്നിലേറെ ദിനപത്രങ്ങള്‍, പ്ലഗ് ചാര്‍ജുകള്‍ മാത്രമല്ല കാറിന്‍റെയൊക്കെ സീറ്റ് പോലുള്ളതാണ് ഓട്ടോയ്ക്കും നല്‍കിയിരിക്കുന്നത്.

“അതിനൊരു കാരണമുണ്ട്. ആശുപത്രിക്ക് മുന്നിലെ സ്റ്റാന്‍ഡിലെ ഓട്ടോയല്ലേ. ആശുപത്രിയില്‍ നിന്നു ഇറങ്ങുന്നവരാകും കൂടുതല്‍ യാത്രക്കാര്‍. കാലൊടിഞ്ഞോ നടുവിന് പരുക്ക് പറ്റിയോ ചികിത്സയൊക്കെ കഴിഞ്ഞിറങ്ങുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമാണ് ഈ സീറ്റുകള്‍.

കാരോത്തുകുഴി ആശുപത്രിക്ക് മുന്നിലെ ഓട്ടോസ്റ്റാന്‍ഡില്‍

“റോഡിന്‍റെ അവസ്ഥ അത്ര നല്ലതല്ലല്ലോ. പിന്നെ എന്‍റെ അവസ്ഥയും മോശമല്ലേ. എനിക്കും സീറ്റ് നല്ലതാകണം. നടു വളയക്കാനൊന്നും പറ്റില്ലല്ലോ.”

വിടാതെ പിന്തുടര്‍ന്ന് രോഗങ്ങള്‍

നട്ടെല്ലിനെ ബാധിക്കുന്ന ആങ്കിലോസിങ് സ്പോണ്ടിലൈറ്റിസും (Ankylosing spondylitis) മുട്ടുകാലിന് ഓസ്റ്റിയോആര്‍ത്രൈറ്റ്സും… ശ്രീകാന്ത് ഈ അസുഖങ്ങളും കൊണ്ടാണ് നടക്കുന്നത്. ഒരപകടത്തിന് ശേഷമാണ് ഈ അവസ്ഥയിലേക്ക് എത്തുന്നത്.

“ആലുവ അമ്പാട്ടുകാവില്‍ വച്ചാണ് അപകടം. അന്നു പഠനമൊക്കെ കഴിഞ്ഞിരിക്കുകയാണ്. സെന്‍റ് മേരീസിലായിരുന്നു പത്താം ക്ലാസ് വരെ. പിന്നെ പ്ലസു ടുവും ഐടിഐയുമൊക്കെ കഴിഞ്ഞ് നില്‍ക്കുകയാണ്.

“അന്ന്, ഞാനോടിച്ച സ്കൂട്ടര്‍ ഗട്ടറില്‍ വീണു. വണ്ടിയില്‍ നിന്നു തെറിച്ചു റോഡിലേക്ക് ഞാനും വീണു. പക്ഷേ, പിന്നെ കഴിച്ച മരുന്നുകളും മറ്റുമാണ് രോഗബാധിതനാക്കിയത്,” എന്ന് ശ്രീകാന്ത്.

അപകടം സംഭവിച്ച് അധികം കഴിയും മുന്‍പേ ശ്രീകാന്തിന് ചോറ്റാനിക്കരയിലെ ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ ക്ലാര്‍ക്കായി ജോലി കിട്ടി.  അന്ന് ആ കെളെജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ല.

“ജോലി സ്ഥലത്തേക്ക് നല്ല ദൂരമുണ്ട്. അപകടത്തിന്‍റെ ശാരീരിക ബുദ്ധിമുട്ടുകളൊക്കെ സഹിച്ചാണ് ആലുവയില്‍ നിന്നു ചേര്‍ത്തല വരെ ജോലിക്ക് പോകുന്നത്. 

“പിന്നീട് കാലില്‍ നീരുവച്ച് നടക്കാന്‍ പോലുമാകാത്ത അവസ്ഥയായി. കിടക്കാന്‍ മാത്രമേ പറ്റൂ. ഏതാണ്ട് നാലു വര്‍ഷം കട്ടിലില്‍ തന്നെയായിരുന്നു.”

മാസങ്ങൾ നീണ്ട ചികിത്സയും എട്ടു മണിക്കൂർ നീണ്ട ഇടുപ്പു മാറ്റിവെക്കൽ ശസ്ത്രക്രിയയും വേണ്ടിവന്നു കാലുകളുടെ ചലനശേഷി തിരിച്ചു കിട്ടാന്‍. ക്രച്ചസിന്‍റെ സഹായത്തിലാണ് നടന്നു തുടങ്ങുന്നത്.

“ഇടുപ്പിലെ രണ്ടു സന്ധികളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു പ്ലാസ്റ്റിക്, സെറാമിക് സന്ധികളാണ് പിടിപ്പിച്ചിരിക്കുന്നത്. ചികിത്സയ്ക്കൊടുവില്‍ കാലിന്‍റെ ചലനശേഷി തിരികെ കിട്ടിയെങ്കിലും തോളെല്ലും മുന്നോട്ടു വളഞ്ഞ നിലയില്‍ ഉറച്ചുപോയ നട്ടെല്ലിന്‍റെ തകരാറു മാറ്റിയെടുക്കാനായില്ല.

“ഇന്നും നട്ടെല്ല് വളയ്ക്കാന്‍ സാധിക്കില്ല. നേരെ നിവര്‍ന്നു നിന്നു മാത്രമേ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ. പിറകിലേക്കോ വശങ്ങളിലേക്കോ കഴുത്ത് തിരിഞ്ഞു നോക്കാനാകില്ല. കുനിഞ്ഞ് നിന്നു ഒന്നും ചെയ്യാനാകില്ല.”

ഓട്ടോയ്ക്ക് പ്രത്യേക സീറ്റ് പിടിപ്പിച്ചതും ഇതുകൊണ്ടൊക്കെയാണ് എന്ന് ശ്രീകാന്ത്.  വണ്ടി പുറകിലേക്കെടുക്കുന്നത് ക്യാമറയിലൂടെ നോക്കിയ ശേഷമാണ്. പിറകില്‍ നിന്ന് ആരേലും വിളിച്ചാല്‍ തിരിഞ്ഞു നോക്കണമെങ്കില്‍ ശരീരമൊന്നാകെ തിരിക്കണ്ട അവസ്ഥ.


“പക്ഷേ രോഗമല്ല എന്നെ വേദനിപ്പിച്ചത്. അതിനെക്കാള്‍ സങ്കടം പലരുടെയും വാക്കുകള്‍ ആയിരുന്നു.


” ‘ചത്ത കുഞ്ഞിന്‍റെ ജാതകം നോക്കണ്ട, ഇനി എഴുന്നേറ്റ് വരാന്‍ പോകുന്നില്ല…’ ഇങ്ങനെയൊക്കെയാണ് പലരും പറഞ്ഞത്.”

ശ്രീകാന്ത് തളര്‍ന്നില്ല. ഒരുപാട് വേദന സഹിച്ചെങ്കിലും ഒടുവില്‍ എഴുന്നേറ്റ് നടക്കാന്‍ സാധിച്ചു. പക്ഷേ നഷ്ടമായത് ജോലിയാണ്.

1999-ലാണ് ശ്രീകാന്ത് ജോലിക്ക് കയറുന്നത്. 2000-ലാണ് കോളെജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനമാകുന്നത്. പക്ഷേ നടപടികളൊക്കെ പൂര്‍ത്തിയായി കോളെജ് തിരിച്ചെടുക്കുമ്പോള്‍ ശ്രീകാന്ത് മെഡിക്കല്‍ ലീവിലാണ്.

“ശരീരത്തിന്‍റെ ചലനശേഷി നഷ്ടപ്പെട്ട് മെഡിക്കല്‍ അവധിയിലായിരിക്കുമ്പോ ഞാനടക്കം കുറച്ചു പേരെ പിരിച്ചുവിട്ടു. 50 അനധ്യാപകരെ മാത്രമേ സര്‍ക്കാര്‍ അംഗീകരിച്ചുള്ളൂ, ” ശ്രീകാന്ത് പറയുന്നു. “കാരണം എന്താണെന്നു പോലും അറിയിക്കാതെയാണ് ജോലിയില്‍ നിന്നൊഴിവാക്കുന്നത്.


അസുഖമൊക്കെ ഭേദമായി ജോലിക്ക് ചെല്ലുമ്പോള്‍ ജോലിയില്ല. ജോലി മാത്രമല്ല ശമ്പള കുടിശ്ശികയും കിട്ടാനുണ്ട്.


“ഞങ്ങള്‍ പിരിച്ചുവിട്ടവരൊക്കെ കേസും കൊടുത്തു. കൂട്ടത്തില്‍ ഇപ്പോ ഞാനൊഴികെ എല്ലാവരെയും ആശുപത്രിയില്‍ തിരിച്ചെടുത്തിട്ടുണ്ട്. ഞാനിപ്പോഴും കോടതിയും കേസുമൊക്കെയായി പോകുന്നു.

“ജോലി വേണമെന്നല്ല എനിക്ക് ജോലി ചെയ്തതിന്‍റെ കിട്ടാന്‍ ബാക്കിയുള്ള ശമ്പളം തരണമെന്നേ പറയാനുള്ളൂ. ഓട്ടോറിക്ഷയില്‍ നിന്നെനിക്ക് നല്ല വരുമാനമുണ്ട്. ജീവിക്കാനിത് മതി,” എന്നാണ് ശ്രീകാന്ത് പറയുന്നത്.

എല്ലാവരുടെയും ബഡ്ഡി

ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ വേദനയനുഭവിക്കുന്നവരെ അദ്ദേഹം മറന്നില്ല. കാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസിന് പോകുന്നവര്‍ക്കും ഹലോ ബഡ്ഡിയില്‍ യാത്ര സൗജന്യമാണ്.

“അവര് പറഞ്ഞാമതി, രോഗിയാണെന്ന കാര്യം. അവര്‍ക്ക് വേണ്ടി എത്ര ദൂരം വേണമെങ്കിലും സൗജന്യമായി വണ്ടിയോടിക്കും,” ശ്രീകാന്ത് വ്യക്തമാക്കുന്നു.

അവര്‍ക്ക് മാത്രമല്ല, പട്ടാളക്കാര്‍ക്കും ഹലോ ബഡ്ഡിയില്‍ സൗജന്യയാത്രയാണ്. “ചിലപ്പോഴൊക്കെ ആലുവയില്‍ നിന്ന് നേവല്‍ ബേസിലേക്ക് പട്ടാളക്കാരുടെ ഓട്ടം കിട്ടാറുണ്ട്. അവിടേക്ക് നല്ല ദൂരമുണ്ടെങ്കിലും അവര്‍ക്കും ഹലോ ബഡ്ഡിയില്‍ യാത്ര സൗജന്യമാണ്,” ശ്രീകാന്ത് പറഞ്ഞു.

ഓട്ടോ ഓടിക്കിട്ടുന്ന വരുമാനത്തില്‍ നിന്നു മാസം 5,000 രൂപ വീതം ആലുവ താലൂക്ക് ആശുപത്രിയിലെ  ഡയാലിസിസ് സെന്‍ററിലേക്ക് നല്‍കുന്നുമുണ്ട് ശ്രീകാന്ത്. പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ ഒരു ഓട്ടോക്കാരന്‍റെ സഹായം.

“ആശുപത്രിയിലെ ഉദ്യോഗസ്ഥരുടെ കൈവശം എല്ലാമാസവും തുക ഏല്‍പ്പിക്കും. അര്‍ഹതപ്പെട്ടവര്‍ക്ക് അവര് ആ പണം നല്‍കും. ഇതല്ലാതെയും കുറേ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതിനൊക്കെ ഈ ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനമാണ് ഉപയോഗിക്കുന്നത്,” ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

ഇത് മാത്രമല്ല, ശ്രീകാന്തിനെയും ഹായ് ബഡ്ഡിയേയും പ്രിയങ്കരമാക്കുന്നത്. ഓട്ടോ ശരിക്കും ഹൈടെക് ആണ്. ഇതില്‍ ജി പി എസ് ട്രാക്കിങ് സംവിധാനം ഉണ്ട്. യാത്രക്കാരുടെ വീട്ടുകാര്‍ക്ക് വണ്ടി എവിടെയെത്തിയെന്ന് മൊബൈലില്‍ ട്രാക്ക് ചെയ്യാം.

“എയര്‍പോര്‍ട്ട് ട്രിപ്പ് കിട്ടാറുണ്ട്. അതിപ്പോ രാത്രിയെന്നോ പകലെന്നോ ഇല്ല. ചിലപ്പോ പെണ്‍കുട്ടികള്‍ തനിച്ചാകും വരുന്നത്. അവര്‍ക്ക് ധൈര്യത്തോടെ ഓട്ടോയില്‍ കയറാം. ജിപിഎസ് ട്രാക്കിങ്ങ് ഒക്കെയുള്ളതു കൊണ്ടു അവരുടെ വീട്ടുകാരും ഹാപ്പി,” ശ്രീകാന്ത് പറയുന്നു.

“ഡാഷ് ക്യാമും റിവേഴ്സ് ക്യാമറയുമുണ്ട്. യാത്ര ആ ക്യാമറകളില്‍ റെക്കോഡ് ചെയ്യുന്നുണ്ട്. … ആര്‍ സി ബുക്കും ലൈസന്‍സും ക്യൂ ആര്‍ കോഡ് രൂപത്തില്‍ എന്‍റെ സീറ്റിന് പിന്നില്‍ ഘടിപ്പിച്ചിട്ടുണ്ട്.”


വൈ ഫൈ സൗകര്യമുണ്ട്. ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യുന്നതിനുള്ള പ്ലഗുകളും സീറ്റിനോട് ചേര്‍ന്നുതന്നെയുണ്ട്.


ഓട്ടോറിക്ഷയുടെ അകം

മലയാളം, ഇംഗ്ലിഷ്, തമിഴ് പത്രങ്ങളും ഓട്ടോയിലുണ്ടാകും. വേണമെങ്കില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ ഓണ്‍ലൈന്‍ പേമെന്‍റ് ആപ്പുകളിലൂടെയോ പണം നല്‍കാം.

അങ്ങനെ ഹലോ ബഡ്ഡി എല്ലാം കൊണ്ടും സ്മാര്‍ട്ടായപ്പോള്‍ ഓട്ടോയ്ക്ക് ഐ എസ് ഒ സര്‍ട്ടിഫിക്കേഷനും കിട്ടി. രാജ്യത്ത് ആദ്യമായി ഈ സര്‍ട്ടിഫിക്കേഷന്‍ കിട്ടുന്ന ഓട്ടോ സര്‍വ്വീസാണിതെന്ന് ശ്രീകാന്ത്.

കാക്കക്കൂട്ടവും വെറുതെ വിട്ടില്ല

ജോലി പോയ ആദ്യനാളുകളില്‍ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നുവെന്ന് ശ്രീകാന്ത്.

“ജില്ലാ മെഡിക്കൽ ബോർഡ്‌ 60 ശതമാനം വൈകല്യം നിർണയിച്ചു സർട്ടിഫിക്കറ്റ് അനുവദിച്ചിട്ടുണ്ട്. പക്ഷേ വികലാംഗ പെന്‍ഷന്‍ പോലും കിട്ടുന്നില്ല. അമ്മയും അച്ഛനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. അവര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നതു കൊണ്ട് എനിക്ക് കിട്ടില്ലെന്നാണ് പറയുന്നത്.”


ഇതുകൂടി വായിക്കാം:‘കത്തിച്ചു വിടുന്ന’ ഓട്ടോയുമായി പ്രേമയുടെ ജീവിതസമരം: ഈ പറക്കുംതളികയുടെ കഥ


പൊതുമരാമത്ത് വകുപ്പില്‍ നിന്നു സൂപ്രണ്ടായി വിരമിച്ച അനന്ത നായിക്കാണ് ശ്രീകാന്തിന്‍റെ അച്ഛന്‍. കാര്‍ഷിക സര്‍വകലാശാല അസിസ്റ്റന്‍റ് കണ്‍ട്രോളര്‍ ആയിരുന്ന ശ്യാമള ദേവിയാണ് അമ്മ.

അങ്ങനെ സാമ്പത്തിക പ്രശ്നങ്ങള്‍ക്കിടയിലാണ് ശ്രീകാന്ത് തെങ്ങ് കയറ്റ തൊഴിലാളിയാകുന്നത്. കുനിയാനോ തിരിയാനോ പോലുമാകാതെ എങ്ങനെ തെങ്ങുകയറുമെന്നു സംശയിക്കേണ്ട, യന്ത്രമുപയോഗിച്ച് തെങ്ങുകയറാനുള്ള പരിശീലനം വിജയകരമായി തന്നെ പൂര്‍ത്തിയാക്കിയെന്നു ശ്രീകാന്ത് പറയുന്നു.

“നാളികേര വികസന ബോര്‍ഡിന്‍റെ പരസ്യം കണ്ട് അയക്കുകയായിരുന്നു. പരിശീലനം അങ്കമാലിയിലായിരുന്നു. പരിശീലകരോട് എന്‍റെ അസുഖത്തെക്കുറിച്ച് പറഞ്ഞു, അവര് ശ്രമിച്ചു നോക്കെന്നാണ് പറഞ്ഞത്.


ആരും ജോലി തരുന്നില്ല. പോയി ലോട്ടറി വിറ്റൂടേ എന്നാ പലരും ചോദിച്ചത്.


“എന്നെ കൊണ്ട് തെങ്ങ് കയറ്റമൊക്കെ സാധിക്കുമോന്ന് അറിയണമായിരുന്നു. തെറ്റിയില്ല. വിജയകരമായി 15 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കി. കുറേ സ്ഥലത്ത് തെങ്ങ് കയറാനും പോയിട്ടുണ്ട്. പല സ്ഥലത്ത് നിന്നും തെങ്ങ് കയറാന്‍ വിളിച്ചിട്ടുണ്ട്. ഒരു ദിവസം 40 തെങ്ങ് വരെ കയറുമായിരുന്നു.

“നല്ല വരുമാനവും കിട്ടുമായിരുന്നു. പക്ഷേ ആ സന്തോഷവും അധികനാളുണ്ടായില്ല. എറണാകുളം ലോ കോളെജില്‍ തെങ്ങ് കയറാന്‍ പോയതോടെ അതിനും സഡന്‍ ബ്രേക്കിട്ടു.

“തെങ്ങ് കയറിത്തുടങ്ങിയതേയുള്ളൂ, തൊട്ടടുത്ത തെങ്ങിന്‍റെ മുകളില്‍ കൂടുക്കൂട്ടിയ കാക്കക്കൂട്ടം വളഞ്ഞിട്ടു കൊത്തി. യന്ത്രം ഉപയോഗിച്ച് കയറിയതായതു കൊണ്ട് വേഗത്തിലിറങ്ങാനാവില്ല. ഒരു വിധം താഴെയെത്തി.

“അന്നേരം ഒന്നേ മനസിലേക്ക് വന്നുള്ളൂ. വീഴാനൊന്നും പാടില്ല, സന്ധിക്കെന്തെങ്കിലും പറ്റിയാൽ മാറ്റി വക്കാൻ ആറു ലക്ഷം രൂപ വേണ്ടി വരുമെന്ന ഡോക്റ്ററുടെ വാക്കുകള്‍.” അതോടെ ആ പരിപാടി അവസാനിപ്പിച്ചുവെന്നു ശ്രീകാന്ത്.

പരിമിതികളൊക്കെയുണ്ടെങ്കിലും അതിനെയൊക്കെ അതിജീവിച്ച ശ്രീകാന്തിന് യാത്രകളോടും ഇഷ്ടമാണ്. “വീട്ടില്‍ വന്ന കൂട്ടുകാരോടാണ് മംഗളാദേവി മല കയറിയാലോന്ന് ചോദിച്ചത്.” കൂട്ടുകാരുടെ പിന്തുണയോടെയാണ് മല കയറാന്‍ പോകുന്നത്.12 കിലോമീറ്റര്‍ നടന്ന് മല കയറി. പിന്നീട് ഐസിലൂടെയും അല്ലാതെയുമൊക്കെയായി 16 കിലോമീറ്റര്‍ ദൂരം നടന്നു അമര്‍നാഥിലും ഹിമാലയത്തിലുമൊക്കെ പോയിട്ടുണ്ട്.

“കരിമരുന്ന് പ്രയോഗത്തിനും പോയിരുന്നു. പള്ളികളിലും ക്ഷേത്രങ്ങളിലുമൊക്കെയുള്ള വെടിക്കെട്ടുകളില്‍ പടക്കപ്പണിക്ക് പോയി. കുറേക്കാലം അതായിരുന്നു വരുമാനം.

“രണ്ട് രണ്ടര മണിക്കൂര്‍ പണിയുണ്ടാകും 500 രൂപ കിട്ടും. ആലുവയിലെ കൂട്ടുകാരന്‍റെ പടക്കകടയില്‍ വെറുതേ പോയിരുന്നതാണ്. പിന്നെപ്പിന്നെ കടയില്‍ വരുന്നവര്‍ക്ക് സാധനങ്ങളെടുത്ത് കൊടുത്തു തുടങ്ങി.

“പിന്നെ അവര് കരിമരുന്ന് പ്രയോഗത്തിന് പോകുമ്പോ ഞാനും കൂടെ പോയി തുടങ്ങി. സാധനം കൊണ്ടുപോകാനും കത്തിച്ചു കൊടുക്കാനുമൊക്കെ നിന്നു.

“പക്ഷേ കത്തിച്ച് മുകളിലേക്ക് വിടുന്ന സാധനം എന്ത് നിറത്തിലാണ് കത്തുന്നതെന്ന് എനിക്ക് ഒരു പിടിയുമുണ്ടാകില്ല. ആകാശത്തില്‍ വര്‍ണം നിറയുന്നതൊന്നും കാണാന്‍ പറ്റില്ല. തല അനക്കാന്‍ പറ്റില്ലല്ലോ.”

ഇതിനിടയില്‍ പി എസ് സി റാങ്ക് ലിസ്റ്റിലും കയറിപ്പറ്റിയിരുന്നുവെന്ന് ശ്രീകാന്ത്. “നിര്‍ഭാഗ്യം, ആ ജോലി കിട്ടിയില്ല. ഇടുക്കി ജില്ലയില്‍ എല്‍ ഡി സി ലിസ്റ്റിലാണ് വന്നത്. പക്ഷേ ശാരീരിക വൈകല്യമുള്ളവര്‍ക്ക് സാമൂഹിക ക്ഷേമ വകുപ്പ് നല്‍കുന്ന ഐഡി കാര്‍ഡുണ്ട്. അതെന്‍റെ കൈയില്‍ നിന്നു കളഞ്ഞു പോയി.

ഐസ് ഒ സര്‍ട്ടിഫിക്കറ്റുമായി ശ്രീകാന്ത്

പാസ്പോര്‍ട്ടിന് പോലും ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് കിട്ടും. പക്ഷേ ഇതിനു മാത്രം അതൊന്നും ഇല്ല. കാര്‍ഡിന്‍റെ കോപ്പി സഹിതം വകുപ്പില്‍ ആവശ്യപ്പെട്ടു. അവര് തരികയും ചെയ്തു. പക്ഷേ തന്നത്, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് അല്ല വേറൊരെണ്ണം. പഴയ ഫോട്ടോ സഹിതമുള്ള ഐഡി കാര്‍ഡിന് പുതിയ സീരിയൽ നമ്പറായിരുന്നു.

“ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കംപ്യൂട്ടറിൽ നിന്ന് പഴയ വിവരങ്ങളൊക്കെ എടുക്കാമെങ്കിലും കാർഡ് പ്രിന്റ് ചെയ്യുമ്പോൾ പുതിയ നമ്പർ വരുന്ന രീതിയിലാണ് സ്ഫോറ്റ് വെയര്‍ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന്.

“അങ്ങനെ എനിക്ക് ജോലി കിട്ടിയില്ല. അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ്. ഇനി ഓട്ടോറിക്ഷ മതി. ജീവിക്കാനുള്ള വരുമാനം ഹലോ ബഡ്ഡി എനിക്ക് തരുന്നുണ്ട്,” ശ്രീകാന്ത് ചിരിക്കുന്നു.


ഇതുകൂടി വായിക്കാം: ഉമ്മച്ചി കൊയ്തുവരുന്ന നെല്ലുകുത്തി കഞ്ഞിയുണ്ടാക്കി വാപ്പച്ചി പട്ടിണിക്കാര്‍ക്കൊപ്പം കഴിച്ചു, 35 വര്‍ഷം; ആ വാപ്പച്ചിയുടെ മകള്‍ പൊതിച്ചോറുണ്ടാക്കി തെരുവുമക്കള്‍ക്ക് കൊടുത്തു, അതുകണ്ട് സ്കൂള്‍ കുട്ടികള്‍…തലമുറകളിലേക്ക് പടരുന്ന നന്മ


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം