‘ഈ കൊച്ചെന്താണീ തുരുത്തില്‍’ ചെയ്തത്!? വഴിയും കറന്‍റുമില്ലാതിരുന്ന ദ്വീപില്‍ മനീഷ നന്നാക്കിയെടുത്ത പഴയ വീട്ടിലേക്ക് വര്‍ഷവും 1,200 സഞ്ചാരികളെത്തുന്നു

കാക്കത്തുരുത്തിനെ വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ പ്രിയങ്കരമാക്കി മാറ്റുന്നതില്‍ മനീഷ പണിക്കര്‍ക്ക് വലിയ സ്ഥാനമുണ്ട്. 

ലപ്പുഴ തണ്ണീര്‍മുക്കം സ്വദേശിയായിരുന്നുവെങ്കിലും മനീഷയുടെ പഠനം പലയിടത്തായിട്ടായിരുന്നു. കൊച്ചിയിലും ബെംഗളുരുവിലും ഡെല്‍ഹിയിലുമൊക്കെ… കുറേക്കാലം ന്യൂയോര്‍ക്കിലുമായിരുന്നു.

ന്യൂയോര്‍ക്കില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗില്‍ എം.എസ് നേടിയ ശേഷം അവിടെ ഒരു പ്രമുഖ കമ്പനിയില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു മനീഷ പണിക്കര്‍.


ഇനി നമ്മുടെ യാത്രകളും പ്രകൃതി സൗഹൃദമാവട്ടെ. സന്ദര്‍ശിക്കൂ- Karnival.com

എല്ലാ ദിവസവും ഒരേ ജോലി, ഒരേ കാര്യങ്ങള്‍… മറ്റൊരാളുടെ കീഴിലുളള ജോലിയുമൊന്നും തനിക്ക് ഇണങ്ങില്ലെന്ന് ഉറപ്പായതോടെ അവിടെ നിന്ന് ഗുഡ്‌ബൈ പറഞ്ഞിറങ്ങി.

മനീഷ പണിക്കര്‍

എന്തെങ്കിലും സംരംഭം തുടങ്ങിയാലോ എന്ന ആലോചനയായി. അതിലൊന്ന് വിദേശ ടൂറിസ്റ്റുകള്‍ക്ക് ഇന്‍ഡ്യയില്‍ വ്യത്യസ്തമായ ടൂര്‍ പാക്കേജ് നല്‍കുന്ന സില്‍ക്ക് റൂട്ട് എസ്‌കേപ്‌സ് ആയിരുന്നു.

കുറഞ്ഞ ദിവസത്തിനുള്ളില്‍ പരമാവധി സ്ഥലങ്ങള്‍ കൊണ്ടുനടന്ന് കാണിക്കുക എന്നതായിരുന്നില്ല. രണ്ടോ മൂന്നോ തെരഞ്ഞെടുത്ത സ്ഥലങ്ങളുടെ പ്രകൃതിയും സൗന്ദര്യവും സംസ്‌കാരവും രുചികളുമൊക്കെയറിഞ്ഞുള്ള ഒട്ടും തിരക്കില്ലാത്ത യാത്രകള്‍. കാഴ്ചകളേക്കാള്‍ അനുഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതായിരുന്നു അത്.


അങ്ങനെയുള്ള ഒരു യാത്രയിലാണ് ആലപ്പുഴയിലെ എരമല്ലൂരിനടുത്തുള്ള കാക്കത്തുരുത്ത് എന്ന കുഞ്ഞുദ്വീപിന്‍റെ സൗന്ദര്യത്തില്‍ അവര്‍ വഴുതിവീണത്.


കായലിന് നടുവില്‍ മനോഹരമായ ഒരു കുഞ്ഞുതുരുത്ത്. വലിയ ഗതാഗത സൗകര്യങ്ങളോ പുതുമകളോ ഇല്ലാത്ത ഈ തുരുത്ത് അതിഥികളെ 100 വര്‍ഷം പുറകിലേക്ക് കൊണ്ടുപോകും. അവിടേക്കെത്തുന്നവരെ പിടിച്ച് നിര്‍ത്താന്‍ കഴിയുന്ന എന്തോ ഒരു മാന്ത്രികത തുരുത്തിനുണ്ട്.

കാക്കത്തുരുത്തിലെ കാഴ്ചകള്‍

വെറുതെ കാഴ്ചകള്‍ കാണാന്‍ ഇറങ്ങിയ മനീഷയ്ക്കും തോന്നി എന്തോ ഒന്ന് തന്നെ തുരുത്തിലേക്ക് അടുപ്പിക്കുന്നുണ്ടെന്ന്.

ന്യൂയോര്‍ക്കിലും വല്ലപ്പോഴും കേരളത്തിലുമായി കഴിയാമെന്ന് പ്ലാനിട്ടിരുന്ന മനീഷ പിന്നെ ഇവിടെത്തന്നെ സ്ഥിരമാക്കിയെന്നതാണ് കഥ. അതിലേക്ക് വരാം.

കാക്കത്തുരുത്തിന്‍റെ സൗന്ദര്യം ലോകത്തെ അറിയിക്കണമെന്ന് മനീഷ ആഗ്രഹിച്ചു.

തുരുത്തില്‍ കുറച്ച് സ്ഥലമെടുത്ത് പ്രകൃതിയോടും നാടിനോടും ഇണങ്ങി ജീവിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് ഒരു ഇടം ഉണ്ടാക്കണമെന്നായിരുന്നു മനീഷയുടെ പദ്ധതി. കേരളം വിദേശ വിനോദസഞ്ചാരികള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് മുന്‍ സംരംഭത്തില്‍ നിന്ന് തന്നെ മനീഷ മനസ്സിലാക്കിയിരുന്നു.

സ്വാഭാവികത ഒട്ടും ചോരാതെയാണ് കായല്‍ റിട്രീറ്റിന്‍റെ ഡിസൈന്‍

അങ്ങനെയൊരു കേന്ദ്രം തുടങ്ങാന്‍ ലോണിനായി മനീഷ ബാങ്കുകളെ സമീപിച്ചു. അന്നൊന്നും കാക്കത്തുരുത്ത് അധികമാര്‍ക്കും അറിയില്ലായിരുന്നു. അവിടേക്ക് സഞ്ചാരികള്‍ അധികം എത്തിത്തുടങ്ങിയിരുന്നില്ല. ബാങ്കുകള്‍ ഒന്നൊന്നായി വായ്പ നിഷേധിച്ചു.

ഇരുപത് ബാങ്കുകളെയെങ്കിലും സമീപിച്ചുകാണുമെന്ന് മനീഷ ഓര്‍ക്കുന്നു. ആരും തന്നെ പ്രോജക്ടില്‍ താല്‍പര്യം കാണിച്ചില്ല.

“നവ സംരംഭങ്ങള്‍ക്ക് മികച്ച പിന്തുണ അറിയിച്ച് ബാങ്കുകളും മറ്റും പരസ്യമൊക്കെ കൊടുക്കും. പക്ഷേ, വായ്പയ്ക്കായി ചെല്ലുമ്പോള്‍ ഇപ്പോഴും സ്ഥിതിയില്‍ കാര്യമായ മാറ്റമൊന്നുമില്ല,” എന്ന് മനീഷ പറയുന്നു.

തുരുത്തിന്‍റെ കിഴക്കേ മൂലയ്ക്കായി 36 സെന്‍റ് സ്ഥലം പണയത്തിനെടുത്ത് അവിടെയുണ്ടായിരുന്ന പഴയ കെട്ടിടങ്ങള്‍ വലിയ മാറ്റം വരുത്താതെ തന്നെ റിസോര്‍ട്ടിനായി ഒരുക്കാനായിരുന്നു പദ്ധതി. കായല്‍ ഐലന്‍റ് റിട്രീറ്റ് എന്നാണ് മനസ്സില്‍ കണ്ട പേര്.

മനീഷ

”മൂന്ന് ലക്ഷം രൂപയ്ക്ക് ‘കായല്‍’ പണിതുയര്‍ത്താം എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 10 ലക്ഷം രൂപ ചെലവഴിച്ചിട്ടും പണി തീര്‍ന്നില്ല,” മനീഷ ഓര്‍ക്കുന്നു. “പ്രതീക്ഷിച്ചിടത്ത് ചെലവ് നില്‍ക്കാതെ വന്നതോടെ ടെന്‍ഷനായി. ജോലി ചെയ്ത കാലത്ത് കൂട്ടിവെച്ചിരുന്ന തുകയെല്ലാം തീര്‍ന്നിരുന്നു അപ്പോള്‍.

“റൂഫിംഗ് ചെയ്തുകൊണ്ടിരുന്ന ഘട്ടത്തിലാണ് മുന്നോട്ട് ഇനി എങ്ങനെ പോകുമെന്നറിയാതെ പ്രതിസന്ധി വന്നത്. രണ്ട് മാസത്തോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചു. എല്ലാം തികഞ്ഞ അനിശ്ചിതത്വത്തിലായി.

“കാര്‍ ഫൈനാന്‍സ് ചെയ്തും പല സ്ഥലത്തുനിന്നും പണം കടം വാങ്ങിയുമെല്ലാം മുന്നേറാന്‍ ശ്രമിച്ചു. എന്നിട്ടും യാതൊരു കാരണവശാലും നീങ്ങില്ല എന്ന ഘട്ടത്തില്‍ സുഹൃത്തുക്കളാണ് കൈപിടിച്ച് ഉയര്‍ത്തിയത്,” മനീഷ പറഞ്ഞു.

സുഹൃത്തുക്കള്‍ തന്ന പണവും തീര്‍ന്നതോടെയാണ് വായ്പയ്ക്കായി വീണ്ടും ബാങ്കുകള്‍ കയറിയിറങ്ങിയതെന്ന് മനീഷ. എന്നാല്‍ നിരാശ മാത്രമായിരുന്നു ഫലം.

അങ്ങനെയിരിക്കെ വനിതാ സംരംഭകരുടെ ഒരു സമ്മേളനത്തില്‍ സംസാരിക്കാന്‍ മനീഷയ്ക്ക് അവസരം കിട്ടി. തുടങ്ങാനിരിക്കുന്ന പദ്ധതിയെക്കുറിച്ചും ബാങ്കുകള്‍ തുടര്‍ച്ചയായി വായ്പ നിരസിച്ചതുമെല്ലാം മനീഷ വിശദമായി പറഞ്ഞു.

ആ പ്രസംഗം കേള്‍ക്കാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ് സി) ചെയര്‍മാനുമുണ്ടായിരുന്നു. അങ്ങനെ കെഎഫ് സി മനീഷയുടെ രക്ഷയ്ക്ക് എത്തി. യാതൊരു ഈടുമില്ലാതെ കോര്‍പറേഷന്‍ പുതിയ സംരംഭകര്‍ക്ക് നല്‍കുന്ന വായ്പ മനീഷയ്ക്ക് കിട്ടി.

മനീഷ പണിക്കര്‍

പ്രോജക്ട് സമര്‍പ്പിച്ച് കെഎഫ് സിയുടെ നടപടിക്രമങ്ങളിലൂടെ കടന്നുപോയി വായ്പ ശരിയായി വരാന്‍ പിന്നെയും മാസങ്ങളെടുത്തു. എങ്കിലും ആ ലോണ്‍ ശരിയായത് വലിയ ആശ്വാസവും ആത്മവിശ്വാസവും നല്‍കിയെന്ന് മനീഷ.

വായ്പാ തുക കിട്ടിയ ഉടന്‍ തന്നെ കായലിന്‍റെ പണി വീണ്ടും തുടങ്ങി. ആദ്യത്തെ അതിഥി വരുന്നതിന്‍റെ തലേ ദിവസമാണ് കോട്ടേജിന്‍റെ പണി പൂര്‍ത്തിയാകുന്നത് എന്ന് മനീഷ ഓര്‍ക്കുന്നു.

അവിടെയുണ്ടായിരുന്ന പഴയ ഓടിട്ട കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുകയാണ് ചെയ്തത്. അതിഥികള്‍ക്ക് ഇഷ്ടപ്പെടുന്നതും പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നതുമായ വിധത്തിലേക്ക് കെട്ടിടങ്ങളെ മാറ്റി.

നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും വഞ്ചിയിലാണ് എത്തിച്ചത്. മറ്റ് വഴിയൊന്നുമില്ലായിരുന്നു. അതുകൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ കുറച്ചധികം സമയം വേണ്ടിവന്നു, മനീഷ പറഞ്ഞു.

2014-ല്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ രണ്ട് കോട്ടേജുകള്‍ മാത്രമാണ് ആദ്യം അതിഥികള്‍ക്കായി ഒരുക്കിയത്. പിന്നീട് നാല് കോട്ടേജുകളും പൂര്‍ത്തിയാക്കി.

‘ഈ കൊച്ച് ഇവിടെ എന്താണ് ചെയ്യുന്നത്,’ എന്ന് തുരുത്തുവാസികള്‍ കൗതുകത്തോടെ പരസ്പരം ചോദിക്കുമായിരുന്നുവെന്ന് മനീഷ ഓര്‍ക്കുന്നു.  “ഇന്ന് തുരുത്തുകാര്‍ എന്നെ ഏറെ പിന്തുണയ്ക്കുന്നു,” അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്രയും പണം മുടക്കിയൊരു റിട്രീറ്റ് അധികമാരുമറിയാത്ത ഒരു തുരുത്തില്‍ തുടങ്ങുന്നുവെന്ന് കേട്ടപ്പോള്‍ നാട്ടുകാര്‍ക്ക് മാത്രമല്ല, അമ്മയ്ക്കും ബന്ധുക്കള്‍ക്കും ചില സുഹൃത്തുക്കള്‍ക്കും അതേ സംശയം ഉണ്ടായിരുന്നുവെന്ന് മനീഷ.


കുടിവെളളവും വൈദ്യുതിയും പരിഷ്‌കാരങ്ങളുമൊന്നും ഇല്ലാത്ത തുരുത്തില്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന ചോദ്യമായിരുന്നു എല്ലാവര്‍ക്കും.


എല്ലാവരെയും പെട്ടന്ന് തന്നെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ട് അമ്മയെ പറഞ്ഞു മനസ്സിലാക്കാനായി ശ്രമം.

മനീഷ ഒരു യാത്രയ്ക്കിടയില്‍

”ഇന്ന് കായലിന്‍റെ അടുക്കളയിലെ പ്രധാന സഹായിയും കായലിന്‍റെ പ്രധാന ഭാഗവും എന്‍റെ പ്രചോദകയുമെല്ലാം അമ്മയാണ്,” മനീഷ പറയുന്നു.

കഠിന പ്രയത്നവും എന്ത് വന്നാലും പിന്മാറില്ല എന്ന ദൃഢനിശ്ചയവും കണ്ടതോടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പിന്തുണയുമായെത്തി.

പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുളളില്‍ തന്നെ മുന്നൂറിലേറെ വിദേശ വിനോദ സഞ്ചാരികളാണ് കായലില്‍ താമസത്തിനായി എത്തിയത്.

കായലില്‍ നിന്നുള്ള കാഴ്ച

തുരുത്തിന്‍റെ സ്വാഭാവിക ഭംഗിയോട് ചേര്‍ന്ന് നില്‍ക്കുംവിധം ലളിതമായ ഇന്‍റീരിയറും കാഴ്ചകളുമാണ് ഈ റിട്രീറ്റില്‍. ഭക്ഷണവും അങ്ങനെ തന്നെ. ചമ്മന്തിയും കഞ്ഞിയും ഇലയടയും കൊഴുക്കട്ടയുമെല്ലാം തയ്യാറാവുന്ന വൃത്തിയുള്ള നാടന്‍ അടുക്കള. കപ്പയും പൊക്കാളി അരിയുടെ ചോറും കരിമീന്‍ കറിയും ഗ്രാമീണ ജീവിതവും ഉദയാസ്തമനങ്ങളുമെല്ലാം കായലിലിരുന്ന് ആസ്വദിക്കാം.

നാടന്‍ വിഭവങ്ങള്‍ വിദേശികളുടെ നാവിന് ഇണങ്ങും വിധത്തില്‍ അല്‍പ്പം എരിവ് കുറച്ചാണ് തയ്യാറാക്കുന്നത്. അതോടൊപ്പം സാലഡുകളും ഐസ്‌ക്രീമും ഉള്‍പ്പെടുത്തി അവര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ക്രമപ്പെടുത്തി. പാചകം ചെയ്യുന്നത് തുരുത്തിലെ തന്നെ ഒരു സ്ത്രീയാണ്. സഹായത്തിന് മനീഷയുടെ അമ്മയും.

തുരുത്തിലെ കുടുംബശ്രീ അംഗങ്ങള്‍ വിളയിക്കുന്ന ജൈവ പച്ചക്കറികളാണ് രുചിയുടെ മറ്റൊരു രഹസ്യം. വലവീശലും ചൂണ്ടയിടലും കള്ള് ചെത്തും കണ്ടും അനുഭവിച്ചും സഞ്ചാരികള്‍ക്ക് തുരുത്തിലൂടെ യാതൊരു തിരക്കമുല്ലാതെ നീങ്ങാം. ചെറിയൊരു വഞ്ചി തുഴഞ്ഞ് കായല്‍ക്കാഴ്ചകള്‍ ആസ്വദിക്കാം.

തുരുത്തിലെ മനുഷ്യരെ കാഴ്ചവസ്തുക്കളാക്കി മാറ്റാന്‍ ആഗ്രഹിക്കാത്തതിനാല്‍ സഞ്ചാരികള്‍ക്കായി അവരെ അവതരിപ്പിക്കുന്നില്ല. യാത്ര ചെയ്യുമ്പോള്‍ വഴിയില്‍ അവരെ കണ്ടാല്‍ വേണമെങ്കില്‍ കുശലങ്ങളാവാം, സംസാരിക്കാം.., മനീഷ വ്യക്തമാക്കുന്നു.

ലളിതവും നാടനുമായ ഭക്ഷണം ആണ് കായലിന്‍റെ മറ്റൊരു സവിശേഷത

കായലില്‍ ജോലി ചെയ്യുന്നവരെല്ലാം തുരുത്ത് നിവാസികളാണ്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഈ റീട്രീറ്റ് വളരുന്നതിന് ഒപ്പം ഗ്രാമീണരെയും അതിന്‍റെ ഭാഗമാക്കുന്നു. അവര്‍ക്കും വിനോദസഞ്ചാരത്തിന്‍റെ ഗുണം കിട്ടുന്നു.

യാത്രകള്‍ ഒരു ഹരമാക്കി മാറ്റിയതിനുള്ള ക്രെഡിറ്റ് അച്ഛന്‍ കെ വാസുദേവ പണിക്കര്‍ക്കാണ് മനീഷ നല്‍കുന്നത്. അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായിരുന്ന അദ്ദേഹം എ ഐ സി സി അംഗവും 80-കളില്‍ പാര്‍ലമെന്‍റ് അംഗവുമായിരുന്നു.

അച്ഛന്‍റെ രാഷ്ട്രീയ യാത്രകള്‍ക്കൊപ്പം മനീഷയ്ക്കും രാജ്യം മുഴുവന്‍ ചുറ്റിക്കറങ്ങാന്‍ ഭാഗ്യം കിട്ടി. പല സ്ഥലങ്ങളിലും താമസിക്കാനും കഴിഞ്ഞു. പിന്നെ പഠനത്തിനായി ന്യൂയോര്‍ക്കിലേക്ക് പോയതും കാഴ്ചപ്പാടുകളില്‍ മാറ്റംവരുത്തി.

മനീഷ പണിക്കര്‍

വിദേശ സഞ്ചാരികളുടെ മനസ്സറിഞ്ഞാണ് മനീഷ റിട്രീറ്റ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പ്രദേശികമായ ചുറ്റുപാടുകള്‍ക്കും രീതികള്‍ക്കും പോറലേല്‍പ്പിച്ചിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

“കായലിന് പരസ്യങ്ങളൊന്നും നല്‍കുന്നില്ല,” മനീഷ പറയുന്നു. “ഒരിക്കല്‍ കായല്‍ ഐലന്‍ഡ് റിട്രീറ്റില്‍ വന്നിട്ടുളളവരാണ് കായലിനെ ഇന്നത്തെ നിലയിലേക്കെത്തിച്ചത്.”

ആദ്യവര്‍ഷം 300 സഞ്ചാരികള്‍ കായലിന്‍റെ അതിഥികള്‍ ആയെങ്കില്‍ പിന്നീടത് ഓരോ വര്‍ഷവും കൂടിവന്നു.

”വര്‍ഷം 1,200-ലേറെ സഞ്ചാരികളാണ് കായലിലേക്ക് എത്തുന്നത്. ചൈന, ജപ്പാന്‍, ന്യൂസിലാന്‍ഡ്, അമേരിക്ക, ജര്‍മനി എന്നിങ്ങനെ മുപ്പതിലേറെ രാജ്യങ്ങളില്‍ നിന്നുളളവര്‍ ഇവിടെയെത്തി. ഈയിടെ ഇസ്രായേലിലും കായല്‍ പ്രശസ്തമായി. ഇസ്രായേലില്‍ നിന്നും എത്തിയ ഒരു ഏജന്‍റ് പറഞ്ഞുകേട്ടാണ് പിന്നീട് ആളുകളെത്തിയത്.

മനീഷ പണിക്കര്‍

“ഒന്നര വര്‍ഷം മുന്‍പ് ഫ്രഞ്ച് ഒരു വ്ളോഗര്‍ കായലില്‍ എത്തിയിരുന്നു. അദ്ദേഹത്തിന്‍റെ സ്റ്റോറിയിലൂടെ കായലിനെ കുറിച്ച് പിന്നെയും ഒരുപാട് പേര്‍ അറിഞ്ഞു,” മനീഷ വിശദമാക്കി.

അധികം വൈകാതെ തന്നെ കായല്‍ ഐലന്‍റ് റിട്രീറ്റും കാക്കത്തുരുത്തും വിദേശത്തെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ ഇടംപിടിക്കാന്‍ തുടങ്ങി.

“ഇത് ധ്യാനം പോലുള്ള ഒരിടമാണ്,” എന്ന് പ്രശസ്തമായ ലോണ്‍ലി പ്ലാനെറ്റ് മാഗസിന്‍ എഴുതി. “മറ്റെല്ലാത്തില്‍ നിന്നും വിടുതല്‍ നേടി റീചാര്‍ജ്ജ് ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോള്‍” പോകാവുന്ന സ്ഥലമാണ് കായലും കാക്കത്തുരുത്തുമെന്ന് അത് തുടരുന്നു.

കായലില്‍ വിളമ്പുന്ന ലളിതവും നാടനുമായ രുചികളെക്കുറിച്ചും ജൈവവിഭവങ്ങള്‍ കൊണ്ടുള്ള ഭക്ഷണത്തെക്കുറിച്ചും മാഗസിന്‍ പറയുന്നുണ്ട്. അന്നന്ന് പിടിച്ച കായല്‍ മീനിന്‍റെ രുചിയിലേക്കും ക്ഷണിക്കുന്നു.

സൂര്യാസ്തമനം കാണാന്‍ ലോകത്തെ ഏറ്റവും നല്ല ഇടങ്ങളിലൊന്നായി 2016-ല്‍ നാഷണല്‍ ജിയോഗ്രാഫിക്ക് മാഗസിന്‍ കാക്കത്തുരുത്തിനെ വാഴ്ത്തി. കോണ്ടി നാസ്റ്റ്, വെര്‍വ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളും കായലിനെക്കുറിച്ച് എഴുതി.

കായല്‍ ഐലന്‍റ് റിട്രീറ്റ് തയ്യാറാക്കിയ വീഡിയോ കാണാം.

***
ചിത്രങ്ങള്‍ക്ക് കടപ്പാട്: മനീഷ പണിക്കര്‍
കായലിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കാം. ലിങ്ക്

ഇതുകൂടി വായിക്കാം: ‘ആ ജര്‍മ്മന്‍കാരന്‍ ചാക്കുമായിപ്പോയി ബീച്ചിലെ പ്ലാസ്റ്റിക്കെല്ലാം പെറുക്കിയെടുത്തു. അത് കണ്ട് ഞങ്ങള്‍ വല്ലാതായി’: ഉത്തരവാദ ടൂറിസത്തിലേക്ക് ഹാരിസ് എത്തിയത് അങ്ങനെയാണ്

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 


 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം