മരിച്ചുകൊണ്ടിരുന്ന 110 ഏക്കര്‍ വനം വീണ്ടെടുത്ത് സേജലും വിപുലും; അവിടേക്ക് മടങ്ങിവന്നത് പുള്ളിപ്പുലിയും കരടിയുമടക്കം നിരവധി മൃഗങ്ങള്‍

വനനശീകരണം, മൃഗവേട്ട, മലിനീകരണം തുടങ്ങി മനസ്സുമടുപ്പിക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍ മിസ്സൂറിയിലെ ജബര്‍ഖേത് നേച്വര്‍ റിസര്‍വിന്‍റെ കഥ വളരെ സന്തോഷം തരുന്നതാണ്.

കുട്ടിയായിരിക്കുമ്പോള്‍ സേജല്‍ വോറ മിസ്സൂറിയിലെ ജബര്‍ഖേതിലെ ആ വനഭൂമിയില്‍ പല തവണ പോയിട്ടുണ്ട്.

“കുടുംബത്തോടൊപ്പം ജബര്‍ഖേതില്‍ പോയിരുന്നത് പ്രിയപ്പെട്ട ഓര്‍മ്മകളിലൊന്നായിരുന്നു,” 56-കാരിയായ സേജല്‍ ഓര്‍ക്കുന്നു. “കാട്ടുവഴികളിലൂടെയുള്ള നടത്തം, മനോഹരമായ പക്ഷികള്‍…”

പക്ഷേ, വളരെക്കാലങ്ങള്‍ക്ക് ശേഷം വീണ്ടും അവിടെയെത്തിയപ്പോള്‍ അവര്‍ ശരിക്കും തകര്‍ന്നുപോയി.

“15 വര്‍ഷം വിദേശത്ത് കഴിഞ്ഞതിന് ശേഷം തിരിച്ച് ഞാന്‍ അവിടെച്ചെന്നപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവിടെ മുഴുവന്‍ മാലിന്യക്കൂമ്പാരം, മരങ്ങളൊന്നൊന്നായി വെട്ടിക്കൊണ്ടിരിക്കുന്നു. മൃഗങ്ങളെ വേട്ടയാടുന്നതും പതിവായിരുന്നു.”

ജബര്‍ഖേതില്‍ നിന്നുള്ള മനോഹരമായ മറ്റൊരു കാഴ്ച

ജീവിതത്തിന്‍റെ പകുതിയിലധികവും സേജല്‍ ചെലവഴിച്ചത് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയായിരുന്നു. അതുകൊണ്ട് പണ്ട് കനത്തുനിന്നിരുന്ന കാടിന്‍റെ അവസ്ഥ വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു.

ആ ഭൂമി ആരുടേതാണ് എന്ന് കണ്ടെത്തുകയായിരുന്നു സേജലിന്‍റെ ആദ്യദൗത്യം. അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല.

“ആ ഭൂമിയുടെ ഉടമ വിപുല്‍ എന്‍റെ സഹോദരിയുടെ കൂടെ സ്‌കൂളില്‍ പഠിച്ചതായിരുന്നു. ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു. ആ ഭൂമി തിരികെ പഴയ കാലത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് ഞാന്‍ ഉറപ്പുനല്‍കി,” സേജല്‍ പറയുന്നു.

വിപുല്‍ മുംബൈയില്‍ ബിസിനസുകാരനാണ്. അതോടൊപ്പം മിസ്സൂറിയോടും ജബര്‍ഖേതിനോടും വലിയ സ്‌നേഹമുള്ള ആളുമായിരുന്നു.

“അത് യഥാര്‍ത്ഥത്തില്‍ എന്‍റെ മുത്തച്ഛന്‍റെ സ്ഥലമായിരുന്നു. 1930-ലാണ് അദ്ദേഹം അത് വാങ്ങുന്നത്. എന്‍റെ അച്ഛന്‍ ഒരുപാട് കാലം മിസ്സൂറിയില്‍ താമസിച്ചിരുന്നു. അദ്ദേഹം ഈ കാടിനെയും ഭൂമിയെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു,” വിപുല്‍ ജെയിന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“അദ്ദേഹം കാട്ടില്‍ നിന്നുള്ള 60 പേരോടൊപ്പം ചേര്‍ന്ന് ഈ പ്രദേശത്ത് ആരും വേട്ടയാടുന്നില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു, ഒപ്പം കാട് സംരക്ഷിക്കുകയും ചെയ്തു.”

സേജല്‍ വോറ Photo: (C) Ola Jennersten, Naturfotograferna, IBL Bildbyrå

എന്നാല്‍, 2006-ല്‍ പിതാവ് മരണപ്പെട്ടതോടെ ആ പ്രദേശം നോക്കിനടത്താന്‍ വിപുലിന് കഴിയാതെയായി. പഴയ മനോഹാരിതയിലേക്ക് ആ പ്രദേശം മാറ്റിയെടുക്കാമെന്ന് സേജല്‍ പറഞ്ഞപ്പോള്‍ വിപുലിന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.

രണ്ടുപേരും ചേര്‍ന്ന് 2015-ല്‍ ജബര്‍ഖേത് ഇകോ ഡെവലപ്‌മെന്‍റ് ലിമിറ്റഡ് എന്ന കമ്പനി തുടങ്ങി. നാല് വര്‍ഷത്തെ കഠിന പരിശ്രമങ്ങള്‍ക്ക് ശേഷം അവിടേക്ക് പക്ഷികളും മൃഗങ്ങളും പച്ചപ്പും തിരിച്ചുവന്നു. ഇപ്പോള്‍ ആ 110 ഏക്കറില്‍ 145 ഇനം പക്ഷികളും 20-ലേറെ സസ്തനികളും 350-ലേറെ പുഷ്പിത സസ്യങ്ങളുമുണ്ട്.

കഴിഞ്ഞ വര്‍ഷം ഈ സ്വകാര്യ വനം സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. ഇതിനകം പതിനായിരത്തിലേറെപ്പേര്‍ ഈ സംരക്ഷിത വനം സന്ദര്‍ശിച്ചുകഴിഞ്ഞു.

വനപാതകളിലൂടെയുള്ള നടത്തത്തില്‍ അപൂര്‍വ്വമായ മരങ്ങളിലൂടെ പറന്നുനടക്കുന്ന പലയിനം പക്ഷികളെ കാണാം. നിങ്ങളെ സഹായിക്കാന്‍ ഗൈഡുകളുമുണ്ടാകും. ഒപ്പം പക്ഷികളുടെയും മൃഗങ്ങളെയും സസ്യങ്ങളെയും പരിചയപ്പെടുത്തുന്ന ലഘുലേഖകളും അവിടെ കിട്ടും. ചിലപ്പോള്‍ അപൂര്‍വ്വമായ കൂണുകളും പുഷ്പങ്ങളും നിങ്ങള്‍ക്ക് കാണാന്‍ കഴിയും, 25-കാരനായ നേച്വര്‍ ഗൈഡ് വീരേന്ദ്ര സിങ് പറയുന്നു.

ജബര്‍ഖേതിലെ വനപാത

അടുത്തുള്ള കോട്‌ലി ഗ്രാമത്തില്‍ നിന്നാണ് വീരേന്ദ്ര വരുന്നത്. അദ്ദേഹം ഇതിനകം ജബര്‍ഖേതില്‍ ആയിരത്തിലധികം നേച്വര്‍ ട്രെക്കുകള്‍ക്ക് ഗൈഡായി പോയിട്ടുണ്ട്.

ഈ വനത്തിന്‍റെ പല ഭാഗങ്ങളിലും സി സി ടി വി കാമറകളുണ്ട്. അവ വനത്തിലെ മൃഗങ്ങളുടെ സഞ്ചാരങ്ങളും രീതികളും ഒപ്പിയെടുക്കും. ഗോരാല്‍ എന്നയിനം കാട്ടാടുകള്‍, പുള്ളിപ്പുലി, കാട്ടുപൂച്ചകള്‍, കുരങ്ങുകള്‍, കരടികള്‍, കാട്ടുപന്നി, ബാര്‍ക്കിങ് ഡീര്‍ തുടങ്ങിയ മൃഗങ്ങളുടെ വീഡിയോകള്‍ സഞ്ചാരികള്‍ക്ക് കാണാം. രണ്ടുമുതല്‍ മൂന്ന് മണിക്കൂര്‍ വരെയാണ് ഗൈഡിനോടൊത്തുള്ള വനയാത്രകള്‍.

“തുടക്കത്തില്‍ ഒരുപാട് ചെയ്യാനുണ്ടായിരുന്നു. മുഴുവന്‍ പ്രദേശവും വൃത്തിയാക്കിയെടുത്തു. മൂടിക്കിടന്നിരുന്ന കളകളെല്ലാം മാറ്റി. പിന്നെ നടപ്പാതകള്‍ തയ്യാറാക്കി,” പതിനഞ്ച് വര്‍ഷത്തോളം വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്‍റെ പ്രോഗ്രാം ഡയറക്റ്റര്‍ ആയിരുന്ന സേജല്‍ വിശദമാക്കുന്നു.

വിപുല്‍ ജെയിന്‍

പരിസ്ഥിതി പുനഃസ്ഥാപനം, പ്രകൃതി സംരക്ഷണം എന്നീ മേഖലകളിലുള്ള 30 വര്‍ഷത്തെ പരിചയം സേചലിന് കാര്യങ്ങള്‍ എളുപ്പമാക്കി.

“പരിസ്ഥിതി പ്രവര്‍ത്തകര്‍, സസ്യശാസ്ത്രജ്ഞര്‍ തുടങ്ങി ഒരുപാട് വിദഗ്ധര്‍ ഞങ്ങളെ സഹായിച്ചു. ഈ കാട്ടിലെ ജൈവവൈവിധ്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ അവര്‍ കൂടെ നിന്നു. നേച്വര്‍ റിസര്‍വ്വ് തയ്യാറായപ്പോള്‍ ബുക്ക് ലെറ്റുകള്‍ തയ്യാറാക്കാനുമൊക്കെ അവരുടെ പിന്തുണ കിട്ടി,” സേജല്‍ പറഞ്ഞു.

ഇതിന് പുറമെ, സമീപഗ്രാമങ്ങളിലെ മനുഷ്യരെ നേരില്‍ കണ്ട് മൃഗങ്ങളെ വേട്ടയാടുന്നത് തടയാന്‍ സഹായം തേടി.

പ്രാദേശിക ജനതയ്ക്ക് ഈ സ്വകാര്യ റിസര്‍വ്വ് വനം കൊണ്ട് ഗുണം കിട്ടുന്ന തരത്തില്‍ കാര്യങ്ങള്‍ പ്ലാന്‍ ചെയ്തു. ഗ്രാമീണര്‍ക്ക് ഈ കാടിന്‍റെ തുണ്ടിനോട് കൂടുതല്‍ താല്‍പര്യമുണ്ടാക്കാനും വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇതുവഴി കഴിഞ്ഞു.

മണ്‍സൂണ്‍ കാലമായ പലതരം കൂണുകള്‍ അവിടെ മുളച്ചു പൊന്തും
വേനല്‍ക്കാലത്ത് മൃഗങ്ങള്‍ക്ക് വെള്ളം കുടിക്കാന്‍ ചെറിയ കുളങ്ങള്‍ ഉണ്ടാക്കി

“ജബര്‍ഖേത് നടത്തിക്കൊണ്ടുപോകാനുള്ള പണം അതില്‍ നിന്നുതന്നെ ലഭിക്കണം എന്ന രീതിയിലാണ് ഞങ്ങള്‍ പദ്ധതി തയ്യാറാക്കിയത്. എങ്കില്‍ മാത്രമേ അവിടെയുള്ള ഗൈഡുമാര്‍ക്കും വനം പരിപാലിക്കുന്ന ഗ്രാമീണര്‍ക്കും വരുമാനമുണ്ടാക്കാന്‍ കഴിയൂ,” 62-കാരനായ വിപുല്‍ പറയുന്നു.

മൃഗങ്ങളേയും ദേശാടനപ്പക്ഷികളേയും ജബര്‍ഖേതിലേക്ക് ആകര്‍ഷിക്കുക എന്നതായിരുന്നു മറ്റൊരു വെല്ലുവിളി. സേജലും വിപുലും ആദ്യഘട്ടത്തില്‍ 300 മരങ്ങള്‍ നട്ടു.

2015 മെയില്‍ ഈ സംരക്ഷിത വനം പൊതുജനങ്ങള്‍ക്കും സന്ദര്‍ശിക്കാനായി തുറന്നുകൊടുത്തു.

“ഒരു വര്‍ഷത്തിനകം മാറ്റങ്ങള്‍ കണ്ടുതുടങ്ങി. കരടി, പുള്ളിപ്പുലി, കുറുക്കന്‍ തുടങ്ങി അധികമൊന്നും ഇവിടെ കാണാത്ത മൃഗങ്ങളൊക്കെ ഇടയ്ക്കിടെ എത്താന്‍ തുടങ്ങി. പിന്നെ ഒരുപാട് പക്ഷികളും,” സേജല്‍ ചിരിക്കുന്നു.

നിരവധി പക്ഷികളും മൃഗങ്ങളും അവിടേക്ക് തിരിച്ചുവന്നു
ജബര്‍ഖേതിലെ സി സി ടി വിയില്‍ പതിഞ്ഞ പുള്ളിപ്പുലി

എന്നാല്‍ ഇത് അല്‍പം ആശങ്കകളും ഉണ്ടാക്കി. കാരണം  ഗ്രാമീണര്‍ അവരുടെ പശുക്കളേയും ആടുകളെയും  കാട്ടിലും അതിനടുത്തുമായി മേയാന്‍ വിടും. ഈ വളര്‍ത്തുമൃഗങ്ങലെ പുലിയും മറ്റും ആക്രമിക്കുമോ എന്നായിരുന്നു വലിയൊരു പേടി. എന്നാല്‍ കാട്ടിലേക്ക് മാനുകളും മ്ലാവുകളും കൂടി എത്തിയതോടെ പ്രകൃതി ഒരു ബാലന്‍സിലേക്ക് എത്തി.

മൃഗങ്ങള്‍ക്കായുള്ള കുടിവെള്ള സ്രോതസ്സായിരുന്നു അടുത്ത പ്രശ്‌നം. “കാട്ടില്‍ പ്രകൃതിദത്തമായ ഒരു അരുവിയുണ്ടായിരുന്നു. എന്നാല്‍ അത് ഗ്രാമീണര്‍ ഇടയ്ക്കിടെ കടന്നുപോകുന്ന ഭാഗത്തായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ കാട്ടില്‍ മറ്റിടങ്ങളിലായി കുളങ്ങള്‍ ഉണ്ടാക്കി.”

വീരേന്ദ്ര

വേനല്‍ക്കാലത്ത് ഈ കുളങ്ങള്‍ വറ്റുമെങ്കിലും അത് ഇടയ്ക്കിടെ നിറയ്ക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട്. “എങ്കിലും നിറച്ച് ഒരു ദിവസത്തിനകം വെള്ളം വറ്റുന്നതായി ശ്രദ്ധയില്‍ പെട്ടു. പിന്നീട് സി സി ടി വി വീഡിയോ നോക്കിയപ്പോഴാണ് മനസ്സിലായത് ഒരു കരടിയും മക്കളും സ്ഥിരമായെത്തി അത് അവരുടെ ബാത്ത് ടബ്ബാക്കി മാറ്റിയിരുന്നു എന്ന്. അവരുടെ കുളിയിലും കളിയിലും നിറച്ചുവെച്ച വെള്ളം മുഴുവന്‍ പല ഭാഗത്തേക്ക് തെറിപ്പിക്കും,” സേജല്‍ പൊട്ടിച്ചിരിച്ചു.

ഈ നൂറേക്കറിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ സേജലും വിപുലും വിജയിച്ചു. എന്നാല്‍ അതിലും വലിയ വിജയമായി സേജല്‍ കണക്കാക്കുന്ന മറ്റൊന്നുണ്ട്.

“ഇവിടെയുള്ള ഗ്രാമീണര്‍ ടാക്‌സി ഓടിക്കുന്നത് മാത്രമേ ജോലി ആയി പരിഗണിച്ചിരുന്നുള്ളു. ഒരു ഗൈഡായി വീരേന്ദ്ര ജോലിയില്‍ പ്രവേശിച്ചതോടെ എനിക്ക് വലിയ സന്തോഷമായി. കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും അവന് വലിയ താല്‍പര്യമായിരുന്നു. ഞങ്ങളെക്കൊണ്ടാവുന്ന പോലെയൊക്കെ അവനെ പഠിപ്പിച്ചു. തുടക്കം മുതല്‍ തന്നെ വീരേന്ദ്ര ഞങ്ങള്‍ക്കൊപ്പം ഉണ്ട്,” സേജല്‍ പറഞ്ഞു.

ഇപ്പോള്‍ ഇടയ്‌ക്കൊക്കെ ഗ്രാമങ്ങളിലെത്തുമ്പോള്‍ അമ്മമാര്‍ സേജലിലെ സമീപിച്ച് മക്കളെ ഫോറസ്റ്റ് ഗൈഡായി പരിശീലിപ്പിക്കണമെന്ന് ആപേക്ഷിക്കാറുണ്ട്. ഇപ്പോള്‍ ജബര്‍ഖേതില്‍ പരിശീലനം കിട്ടിയ ആറ് ഗൈഡുകള്‍ ഉണ്ട്.

“ഞാന്‍ ആദ്യം കാണുമ്പോള്‍ വീരേന്ദ്രയ്ക്ക് 18 വയസ്സായിരുന്നു. ഇവിടെ സന്ദര്‍ശകരെ അനുവദിക്കുന്നതിന് മുന്‍പ് തന്നെ അവന്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ഞാന്‍ പറയും അവനാണ് ഞങ്ങളുടെ യഥാര്‍ത്ഥ വിജയകഥ എന്ന്,” സേജല്‍ അഭിമാനത്തോടെ പറയുന്നു.

ജബര്‍ഖേതില്‍ നിന്നുള്ള കാഴ്ച.

റിസര്‍വ്വ് ആരംഭിച്ച് ഇത്രയും കാലത്തിനിടയില്‍ മുറിവേറ്റ മൃഗങ്ങളെയൊന്നും നേരിട്ടോ സി സി ടിവി-യിലോ കണ്ടിട്ടില്ല എന്ന് സേജല്‍ പറയുന്നു. വേട്ട നന്നായി കുറഞ്ഞു എന്നാണ് ഇതില്‍ നിന്നും ഊഹിക്കുന്നത്.

“വനസംരക്ഷണവും പരിസ്ഥിതി പുനഃസ്ഥാപനവുമൊക്കെ സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ് എന്ന് കരുതി കൈകഴുകാനാവില്ല. കൂടുതല്‍ പ്രദേശങ്ങള്‍ സംരക്ഷിത പ്രദേശങ്ങളായി മാറേണ്ടതുണ്ട്. വ്യക്തികളും സംഘടനകളും അതിന് മുന്‍കൈ എടുക്കണം,” സേജല്‍ പറയുന്നു.

അതിന് പ്രകൃതി സംരംക്ഷണ പ്രവര്‍ത്തനങ്ങള്‍ ആദ്യം പ്രദേശവാസികള്‍ക്കും പിന്നീട് അത് നടത്തുന്നവര്‍ക്കും വരുമാനം ഉറപ്പുവരുത്തുന്ന ഒന്നായിരിക്കണം എന്നാണ് സേജല്‍ വിശ്വസിക്കുന്നത്. എങ്കില്‍ മാത്രമേ പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകൂ.

ജബര്‍ഖേതിലെ സന്ദര്‍ശകര്‍ റിസര്‍വ്വിന്‍റെ മാപ്പ് പരിശോധിക്കുന്നു

“തുടക്കത്തില്‍ ഞങ്ങള്‍ വിചാരിച്ചു 110 ഏക്കര്‍ വളരെ കുറവാണെന്ന്. ഞങ്ങള്‍ക്ക് കാര്യമായ മാറ്റം ഉണ്ടാക്കാന്‍ കഴിയില്ലെന്നും തോന്നിയിരുന്നു. എന്നാല്‍ ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ച് അധികം കഴിയുന്നതിന് മുന്‍പ് തന്നെ മാറ്റങ്ങള്‍ കാണാന്‍ തുടങ്ങി. വനഭൂമികളുടെ സംരക്ഷണം ജനങ്ങള്‍ തന്നെ ഏറ്റെടുക്കുന്ന തരത്തില്‍ ഒരു പ്രസ്ഥാനം രാജ്യം മുഴുവന്‍ തുടങ്ങാനൊരു ആഗ്രഹം ഞങ്ങള്‍ക്കുണ്ട്,” സേജല്‍ പറഞ്ഞു.


ഇതുകൂടി വായിക്കാം: ‘ഇതാണ് ഞങ്ങളുടെ കുടുംബം’: 200-ലധികം കു‌ഞ്ഞുങ്ങള്‍ക്ക് ‘ചില്ല’യൊരുക്കി അനിലും റോജയും


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം