9-ാം ക്ലാസ്സില്‍ പഠനം നിര്‍ത്തി, ക്വാറിയിലും കൊപ്രക്കളത്തിലും ജോലിയെടുത്തു… ഫേസ്ബുക്കില്‍ ജീവിതാനുഭവങ്ങള്‍ കോറിയിട്ട് എഴുത്തുകാരനായ ഓട്ടോഡ്രൈവര്‍

‘ഓട്ടോക്കാരന്‍ സി എം’ എന്നാണ് ആ പുസ്തകത്തിന്‍റെ പേര്. ഓര്‍മ്മക്കുറിപ്പുകളും അനുഭവങ്ങളുമൊക്കെയാണിതിലുള്ളത്.

സ്കൂളിൽ പഠിക്കുന്ന കാലത്ത് മലയാളമായിരുന്നു മുസ്തഫയ്ക്ക് ഏറ്റവും ഇഷ്ടം. മലയാളം രണ്ടാം പേപ്പറിന് ഫുള്‍ മാർക്ക് സ്വന്തമാക്കിയിരുന്നവൻ.

പക്ഷേ, ഇംഗ്ലീഷിനും ഹിന്ദിക്കും കണക്കിനും രണ്ടും മൂന്നുമൊക്കെയാണ്. സ്കൂളിൽ പോകാതെ ഐസ് മിഠായി കച്ചവടത്തിനും ഉപ്പയുടെ ബേക്കറിയിലെ പലഹാരങ്ങൾ വിൽക്കാനും നടന്ന മുസ്തഫയ്ക്ക് പഠിക്കാനത്ര ഇഷ്ടം പോരായിരുന്നു.

കളിയും സിനിമയും കച്ചവടവുമൊക്കെയായി മിക്ക ദിവസങ്ങളിലും സ്കൂളിൽ പോകില്ല. എങ്കിലും എഴുതാനും വായിക്കാനും ഇഷ്ടമായിരുന്നു. മുസ്തഫ എഴുതുന്ന യാത്രാവിവരണങ്ങളും ജീവിതാനുഭവങ്ങളുമൊക്കെ അധ്യാപകർക്കും ഇഷ്ടമായിരുന്നു.

മുസ്തഫ ഒമ്പതാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. പിന്നെ കരിങ്കൽ ക്വാറിയിലും ബേക്കറിയില്‍ പലഹാരമുണ്ടാക്കാനും പെയിൻറടിക്കാനും ഹോളോബ്രിക്സ് കമ്പനിയിലും കൊപ്രക്കളത്തിലുമൊക്കെയായി കുറേക്കാലം.

ഒടുവിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കാക്കിക്കുപ്പായമിട്ടു. കുറ്റിപ്പുറം സ്റ്റാൻഡിലെ ഓട്ടോക്കൂട്ടം എന്ന ഓട്ടോയുടെ അമരക്കാരനാണ് സി എം മുസ്തഫ കുറ്റിപ്പുറം.

സി എം മുസ്തഫ കുറ്റിപ്പുറം

എഴുത്തിനോടുള്ള കമ്പത്തിന് ഇന്നും മാറ്റം വന്നിട്ടില്ല.

മുസ്തഫയുടെ ഫെയ്സ്ബുക്ക് കുറിപ്പുകൾക്ക് ആരാധകരേറെയാണ്.  മൂന്നു വർഷം മുൻപ് ഫെയ്സ്ബുക്കിലെ ഓർമ്മക്കുറിപ്പുകൾ കൂട്ടിച്ചേർത്ത് ‘ഓട്ടോക്കാരൻ സി എം’ എന്ന പേരിൽ ഒരു പുസ്തകവും പുറിത്തിറങ്ങി.

“കൊറോണ വന്നതോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു, അതോടെ ഓട്ടോറിക്ഷ ഓടിക്കലും അവസാനിപ്പിച്ചു വീട്ടിലിരിക്കുകയായിരുന്നു. ആ സമയത്ത് കുറേ എഴുതാനുള്ള സമയം കിട്ടി,” എന്ന് മലപ്പുറം കുറ്റിപ്പുറം ഊരോത്ത് പള്ളിയാല്‍ സ്വദേശി മുസ്തഫ ദ് ബെറ്റര്‍ ഇന്‍ഡ്യയോട്  സംസാരിക്കുന്നു.

2015 മുതല്‍ രണ്ട് വര്‍ഷക്കാലം ഫേസ്ബുക്കില്‍ എഴുതിയതൊക്കെയുമാണ് പുസ്തകമായി പുറത്തിറക്കിയത്.

“ഓര്‍മ്മക്കുറിപ്പുകളും ജീവിതാനനുഭവങ്ങളുമൊക്കെയാണിതിലുള്ളത്. ഞാനൊരു വലിയ സാഹിത്യകാരനൊന്നും അല്ല. ആധികാരികതയോടെ കഥയും കവിതയുമൊക്കെ എഴുതാനറിയുന്ന ആളുമല്ല. മറ്റു എഴുത്തുകാരെ അനുകരിക്കാതെ എനിക്കറിയാവുന്ന നാടന്‍ ഭാഷയില്‍ എന്‍റെ അനുഭവങ്ങളും ഓര്‍മ്മകളും ആശയങ്ങളും ഭാവനകളുമൊക്കെ എഴുതുന്നു. അത്രേയുള്ളൂ.

“ഓട്ടോഡ്രൈവറായിട്ടിപ്പോ ഒമ്പത് വര്‍ഷമായി. ഓരോ ഓട്ടവും ഓരോ അനുഭവങ്ങളാണ്. വ്യത്യസ്ത തരത്തില്‍ ജീവിക്കുന്ന ആളുകളെ കാണാനും പരിചയപ്പെടാനും അവരുമായി സംസാരിക്കാനുമൊക്കെ സാധിക്കുമല്ലോ.

“ആ അനുഭവങ്ങളാണ് ഫേസ്ബുക്കില്‍ എഴുതിയിടുന്നത്. ആ എഴുത്തുകള്‍ വായിച്ച് ഒരുപാട് പേരാണ് നല്ല അഭിപ്രായം പറഞ്ഞത്.” അങ്ങനെ ഒരുപാട് പേര്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ അതില്‍ കുറേ കുറിപ്പുകള്‍ ചേര്‍ത്ത് പുസ്തകമാക്കി ഇറക്കുകയായിരുന്നു.  20 അധ്യായങ്ങളില്‍ ആറെണ്ണം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

“ജി എസ് പ്രദീപാണ് ഓട്ടോക്കാരന്‍ പ്രകാശനം ചെയ്തത്. ആ പുസ്തകത്തിന് നല്ല സ്വീകരണം ലഭിച്ചു. ആളുകള്‍ ഇപ്പോഴും അതേക്കുറിച്ച് പറയാറുണ്ട്. കോട്ടയ്ക്കലിലെ ചിത്രരശ്മി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

“പുസ്തകത്തിന്‍റെ കുറച്ചധികം കോപ്പികള്‍ രണ്ടു സുഹൃത്തുക്കള്‍ക്കാണ് നല്‍കിയത്. ശാരീരിക അവശതകള്‍ അനുഭവിക്കുന്ന രണ്ട് കൂട്ടുകാരന്‍മാരുണ്ട്. എഴുത്തുകാരനായ ബാബു കാടാമ്പുഴയും അന്‍വര്‍ ബാബുവും.

“ഇരുവരുമാണ് എന്‍റെ പുസ്തകങ്ങളിലേറെയും വിറ്റത്. എഴുത്തുകാരനല്ലേ ബാബു.. പുസ്തകങ്ങളോട് താത്പ്പര്യമുള്ളവരുമായി ബന്ധങ്ങളൊക്കെയുണ്ട്. അവരുടെ വീട്ടില്‍ വരുന്നവര്‍ക്കൊക്കെയാണ് ബാബു പുസ്തകങ്ങള്‍ വിറ്റത്.”

മുസ്തഫയെഴുതിയ പുസ്തകത്തിന്‍റെ കവര്‍

നാട്ടില്‍ ഈ ഒോട്ടോക്കാരന്‍ ഒരു സെലിബ്രിറ്റിയായി. കല്യാണവീടുകളിലും ബസിലുമൊക്കെ ആളുകള്‍ തിരിച്ചറിയാനും പ്രത്യേക പരിഗണനയും ബഹുമാനവുമൊക്കെ കൊടുക്കാനും തുടങ്ങി.

“പക്ഷേ എനിക്കിതൊന്നും ഒട്ടും താത്പ്പര്യമില്ലാത്ത കാര്യമാണ്. അങ്ങനെ കിട്ടുന്ന പ്രത്യേക ഇഷ്ടവും പരിഗണനയും ബഹുമാനവുമൊന്നും ഒട്ടും എനിക്കിഷ്ടമല്ല. എനിക്ക് സാധാരണക്കാരനായാല്‍ മതി, എല്ലാവരെയും പോലെ. അതാണ് എനിക്ക് ഇഷ്ടം.”

സമീപ ജില്ലകളില്‍ നിന്നൊക്കെ പുസ്തകപ്രകാശനത്തിനും സാഹിത്യസദസ്സുകളിലേക്കുമൊക്കെ ആളുകള്‍ ക്ഷണിക്കുമെങ്കിലും മുസ്തഫ പോകാറില്ല. “ഒരു ദിവസത്തെ ഓട്ടം കളഞ്ഞ് അത്രയും ദൂരം പോകാന്‍ തോന്നില്ല. കുട്ടികളും വീട്ടുകാരുമൊക്കെയില്ലേ.. അവരെ വിട്ട് മാറി നില്‍ക്കാനൊന്നും എന്നെ കൊണ്ട് പറ്റൂല,”  എന്ന് മുസ്തഫ.

ഓട്ടോക്കാരന്‍ സിഎം എന്ന പുസ്തകം ജി എസ് പ്രദീപ് പ്രകാശനം ചെയ്യുന്നു

“എനിക്ക് ഒരു സദസിനെ അഭിസംബോധന ചെയ്യാനൊന്നും അറിയില്ല. എഴുതാനറിയാം. ഏതു വിഷയത്തെപ്പറ്റിയും എഴുതാനാകുമെന്ന ആത്മവിശ്വാസമുണ്ട്. പക്ഷേ, എഴുതുന്ന പോലെ സംസാരിക്കാൻ സാധിക്കില്ല,” എന്ന് മുസ്തഫ.

“ഈ ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനത്തിലാണ് കുടുംബം പുലര്‍ത്തുന്നത്. കുടുംബത്തെ ബാധിക്കാതെയാകണം എന്‍റെ എഴുത്തു ജീവിതമെന്നത് ഉറച്ച തീരുമാനമാണ്,” അദ്ദേഹം വ്യക്തമാക്കി.

കുറിപ്പുകളൊക്കെ മുസ്തഫയുടെ ഉപ്പയ്ക്കും ഉമ്മയ്ക്കും അദ്ദേഹത്തിന്‍റെ ഭാര്യ ഖദീജയാണ് വായിച്ചു കേള്‍പ്പിക്കുന്നത്. ചിലനേരം മുസ്തഫയ്ക്ക് വേണ്ടി എഴുതികൊടുക്കുന്നതും ഖദീജയാണ്.

“അവള്‍ക്ക് പറഞ്ഞുകൊടുക്കും. അതുകേട്ട് അവളിരുന്നു എഴുതും,” എന്ന് മുസ്തഫ. “വേറെയൊന്നും കൊണ്ടല്ല, ഞാൻ സ്കൂളിലൊന്നും അധികം പോയിട്ടുമില്ല പഠിച്ചിട്ടൊന്നുമില്ലല്ലോ. അക്ഷരത്തെറ്റുകൾ ആ കുറിപ്പിലുണ്ടാകാൻ സാധ്യതയുണ്ട്,” അതുകൊണ്ടാണ് ഭാര്യയെക്കൊണ്ട് എഴുതിക്കുന്നത്.

ഉമ്മ ഫാത്തിമയ്ക്ക് മുസ്തഫയുടെ എഴുത്തൊക്കെ വലിയ ഇഷ്ടമാണ്. പക്ഷേ ഉപ്പ മൊയ്തീന് യ്ക്ക് ഇതിലൊന്നും അത്ര വലിയ മമതയില്ല.

മുസ്തഫയുടെ കുടുംബം

“സുഹൃത്തുക്കളൊക്കെ ആ കുറിപ്പുകളിൽ കഥാപാത്രവുമാകാറുണ്ട്. പലരും അതൊക്കെ വായിച്ചിട്ട് നീ ഞങ്ങളെക്കുറിച്ചൊക്കെ എഴുതിയല്ലേ എന്നൊക്കെ ചോദിക്കും.”


ഇതുകൂടി വായിക്കാം:ഓട്ടോ ഓടിച്ചു കിട്ടുന്ന പണം കൊണ്ട് 20 വര്‍ഷമായി സാഹിത്യ മാസിക ഇറക്കുന്ന പത്താം ക്ലാസ്സുകാരന്‍ 


സാമ്പത്തിക പ്രശ്നങ്ങളുണ്ടെങ്കിലും ആരോടും പരിഭവം പറയാതെയാണ് ഇദ്ദേഹം ജീവിക്കുന്നത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മുസ്തഫ എഴുതിയിട്ട കുറിപ്പിലൂടെ അദ്ദേഹത്തിന്‍റെ മോള്‍ക്കൊരു സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി കിട്ടി.

ആ സംഭവം ഇങ്ങനെയാണ്.

ഓൺലൈൻ ക്ലാസ് ആരംഭിച്ചു. പക്ഷേ മൂന്നാംക്ലാസുകാരിയായ മോള്‍ക്ക് ക്ലാസിൽ പങ്കെടുക്കാൻ നല്ലൊരു ഫോൺ ഇല്ല. ഒരു ഫോൺ ഉണ്ട്, പക്ഷേ ആ ഫോണുമായി രാവിലെ ആറു മണിക്ക് ഞാന്‍ വീട്ടിൽ നിന്നിറങ്ങും.

“പിന്നെ വീട്ടിലെത്തുമ്പോ രാത്രിയാകും. ഇതിനിടയില്‍ മോളുടെ ഓണ്‍ലൈന്‍ പഠനം എങ്ങനെ നടക്കും? കൂടുതൽ ഓട്ടം ഓടിയാണെങ്കിലും മോൾക്ക് പഠിക്കാൻ ഒരു സ്മാർട്ട്ഫോൺ വാങ്ങിക്കണമെന്നതായിരുന്നു ആഗ്രഹവും ലക്ഷ്യവും.

“അങ്ങനെയാണ് എല്ലാ ദിവസവും കുറ്റിപ്പുറം സ്റ്റാന്‍ഡിലേക്ക് പോകുന്നത്. ആ ദിവസവും അങ്ങനെ തന്നെയായിരുന്നു. പക്ഷേ അവിചാരിതമായി ഒരു ലോങ് ട്രിപ്പ് കിട്ടി.

“തൃശൂരിലേക്കാണ്… ജില്ല വിട്ടുള്ള ട്രിപ്പിനോട് നോ പറയുകയാണ് പതിവ്. പക്ഷേ ലോക്ക് ഡൗണ്‍ ആയതോടെ ഓട്ടം കുറവാണ്, പിന്നെ കുറച്ചു കാശ് കൂടുതല്‍ കിട്ടിയാല്‍ മോള്‍ക്ക് വേഗം ഫോണ്‍ വാങ്ങിച്ചും കൊടുക്കാലോ.

“ഈ ചിന്തയിലാണ് തൃശൂര്‍ ഓട്ടം ഏറ്റത്. പക്ഷേ ആ യാത്ര തൃശൂരും പിന്നിട്ട് എറണാകുളത്തേക്ക് പോയി. യാത്രക്കാരന് എറണാകുളത്തേക്കാണ് പോകേണ്ടത്, തൃശൂര് നിന്ന് ബസ് കിട്ടുമെന്ന പ്രതീക്ഷയായിരുന്നു. ബസ് കിട്ടാതെ വന്നതോടെ ഓട്ടം എറണാകുളത്തേക്ക് നീട്ടി.

“അതോടെ മനസ് സന്തോഷിച്ചു. ഇന്നുതന്നെ മോള്‍ക്ക് ഫോണ്‍ വാങ്ങിക്കാം, തിരിച്ചുള്ള യാത്രയില്‍ ഫോണ്‍ വാങ്ങിക്കണം എന്നൊക്കെ ആഗ്രഹിച്ചാണ് പോയത്.

“പക്ഷേ ആ പ്രതീക്ഷയിലേക്ക് ഇരുൾ വീഴാൻ ഏറെ ദൂരമില്ലായിരുന്നു. എറണാകുളത്ത് എത്തിയതോടെ യാത്രക്കാരൻ ചീത്തയൊക്കെ പറഞ്ഞു പാതിവഴിയില്‍ വണ്ടി നിറുത്തിക്കുകയായിരുന്നു.

“കാശ് ചോദിച്ചപ്പോ നേരത്തെ 500 രൂപ തന്നില്ലേയെന്ന്. ശരിയാ… ഇടയ്ക്ക് പെട്രോള്‍ അടിക്കാന്‍ 500 രൂപ തന്നിരുന്നു. പക്ഷേ, 2,500 രൂപയോളം ഈ ഓട്ടത്തില്‍ നിന്നു കിട്ടേണ്ടതാണ്. അതു തരാതെയാണ് ബഹളം.

“ഒടുവില്‍ അയാളെനിക്ക് 315 രൂപ കൂടി തന്നു. ബാക്കി എനിക്ക് നഷ്ടം. മോള്‍ക്ക് ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ പറ്റില്ലല്ലോ എന്ന നിരാശയോടെയായിരുന്നു കുറ്റിപ്പുറത്തേക്കുള്ള മടക്ക യാത്ര.

“ഇതേക്കുറിച്ച് എഫ്ബിയില്‍ കുറിച്ചിരുന്നു. ഒരുപാട് പേരാണ് മോള്‍ക്ക് ഫോണ്‍ നല്‍കാം, ടെലിവിഷന്‍ വാങ്ങി തരാമെന്നൊക്കെ പറഞ്ഞത്. ആരുടെ സഹായവും വേണ്ടെന്നു തീരുമാനിച്ചിരുന്നു.

“പക്ഷേ കുറിപ്പ് കണ്ട നൗഷാദ് എന്ന കൂട്ടുകാരന്‍ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടെ പിന്തുണയോടെ മോള്‍ക്കൊരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി വീട്ടില്‍ കൊണ്ടു തന്നു.

“ഇതുമാത്രമല്ല എറണാകുളത്തെ ഓട്ടോക്കാരായ കൂട്ടുകാര്‍ ഇടപ്പെട്ട് എന്ന പറ്റിച്ച ആ യാത്രക്കാരനില്‍ നിന്ന് പണവും വാങ്ങിച്ചു തരികയും ചെയ്തു,” അദ്ദേഹം പറയുന്നു.

കൊളത്തോള്‍ എഎംഎല്‍പി സ്കൂള്‍, പാഴൂര്‍ സ്കൂള്‍, ആതവനാട് ഹൈസ്കൂള്‍ ഇവിടങ്ങളിലൊക്കെയായിരുന്നു മുസ്തഫയുടെ പഠനം.

“ആറാം ക്ലാസില്‍ പഠിക്കുന്ന നാളില്‍ തന്നെ ഉപ്പയുടെ ബേക്കറിയിലെ സാധനങ്ങള്‍ വീടുകളില്‍ കൊണ്ടുപോയി വില്‍ക്കുമായിരുന്നു. ആറു രൂപയുടെ പലഹാര പാക്കറ്റ് വിറ്റാൽ ഉപ്പ എനിക്ക് രണ്ട് രൂപ തരും.

“അങ്ങനെ വളരെ ചെറിയ പ്രായത്തില് തന്നെ കൈയിൽ കാശു വന്നു തുടങ്ങി. എട്ടാം ക്ലാസിൽ പഠിക്കുമ്പോ, അന്നത്തെ വലിയ അവധിക്ക് ഐസ് കച്ചവടത്തിന് പോയി. അതും ഒരു രസമായിരുന്നു.

“ഐസ് വിൽക്കാൻ പോകുമ്പോ പണക്കാരുടെ കുട്ടികൾ കാശിനും പൈസയില്ലാത്തവർക്ക് ഫ്രീയായിട്ടും കൊടുക്കും. കാശില്ലാത്തവര് മ്മ്ടെ സൈക്കിളിന് ചുറ്റിപ്പറ്റി നിൽക്കും. അതുകാണുമ്പോ അവർക്കും ഓരോ ഐസ് എടുത്ത് കൊടുക്കും.

“ഇങ്ങനെ കാശ് വാങ്ങാതെ ഐസ് വിറ്റതോടെ ആ കച്ചവടം പൊളിഞ്ഞു. നാലഞ്ച് ദിവസം മാത്രമേ ആ കച്ചവടം ഉണ്ടായിരുന്നുള്ളൂ. അതോടെ പഠിക്കാനുള്ള താല്‍പര്യം കുറഞ്ഞു. പഠിക്കാനൊന്നും പോകണ്ട കാശുണ്ടാക്കാൻ നടന്നാൽ മതിയെന്ന ധാരണയൊക്കെയായി.”

ക്രിക്കറ്റ് കളിച്ചും സിനിമ കണ്ടും നടന്നു. ഒരു ദിവസം വീട്ടില്‍ നിന്ന് സ്കൂളിലേക്ക് ആളെ വിളിപ്പിച്ചു. ഉപ്പയാണ് വന്നത്. ഉപ്പ സ്കൂളിലെത്തിയപ്പോഴാ അറിയുന്നത്, ഞാൻ 10-12 ദിവസമായി സ്കൂളില്‍ പോയിട്ടില്ലെന്ന കാര്യം.

“ഉപ്പ എന്നെ കുറേ അടിച്ചു. ടീച്ചര്‍മാരുടെയും കുട്ടികളുടെയുമൊക്കെ മുന്നില്‍ വച്ച്. അതോടെ പിന്നെ സ്കൂളിലേക്ക് പോയില്ല. പുസ്തകം പോലും എടുക്കാതെ ഇറങ്ങിപ്പോരുകയായിരുന്നു,”  എന്ന് മുസ്തഫ. എല്ലാവരും നിര്‍ബന്ധിച്ചിട്ടും കുട്ടികളുടേയും ടീച്ചര്‍മാരുടേയും മുഖത്തുനോക്കാനുള്ള വിഷമം കാരണം മുസ്തഫ പിന്നെ സ്കൂളില്‍ പോയില്ല.

സുഹൃത്തുക്കള്‍ക്കൊപ്പം മുസ്തഫ

കുറിപ്പുകളിലൂടെ ഒരുപാട് സുഹൃത്തുക്കളെ കിട്ടി; ദൂരങ്ങളില്‍ നിന്നുപോലും ആളുകള്‍ മുസ്തഫയെ കാണാനുമെത്താറുണ്ട്.

“അതുമാത്രമല്ല എഴുത്തുകാരനായതിലൂടെ ഓട്ടം കൂടുതൽ കിട്ടിയിട്ടുണ്ട്. കുറ്റിപ്പുറത്ത് ഇറങ്ങുന്നവര് കാണാൻ വരും, അവരുടെ ആവശ്യത്തിന് നമ്മുടെ ഓട്ടോറിക്ഷ വിളിക്കും.

“വലിയ എഴുത്തുകാരന്‍ ആകണമെന്നൊന്നും ആഗ്രഹമില്ല. കുട്ടികളാണ് ഇപ്പോ എന്‍റെ സ്വപ്നവും ലക്ഷ്യവുമൊക്കെ. എന്നെപ്പോലെ മക്കള്‍ക്ക് വിദ്യാഭ്യാസം കിട്ടാതെ പോകരുത്. നല്ല വിദ്യാഭ്യാസം മക്കള്‍ക്ക് നല്‍കണമെന്നാണ്.

“അതിനൊക്കെ ഇടയിലൂടെ എന്‍റെ എഴുത്തും ഒപ്പമുണ്ടാകും. അത്രേയുള്ളൂ.” മുസ്തഫ പറഞ്ഞു. ഖന്‍സ് ഫാത്തിമ എന്നാണ് മോളുടെ പേര്. രണ്ടു വയസുകാരനായ മകന്‍റെ പേര് മുഹമ്മദ് കെന്‍സ്.


ഇതുകൂടി വായിക്കാം:ഒരു കാലത്ത് നാട് വിറപ്പിച്ച സാഗര്‍ ഏലിയാസ് അനിയുടെ ജീവിതം: വീടില്ല, താമസം ഓട്ടോയില്‍, കിട്ടുന്നതില്‍ അധികവും കാന്‍സര്‍ രോഗികള്‍ക്ക്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം