നീരുറവ തേടി ഭൂമി തുരന്ന് തുരന്ന് 45 കിലോമീറ്റര്‍! ‘ജലശില്‍പി’യുടെ അധ്വാനത്തിന്‍റെ കഥ

പതിനാലാം വയസു മുതല്‍ സുരങ്കയുടെ പണി തുടങ്ങിയ കുഞ്ഞമ്പുവേട്ടന്‍ 53 വര്‍ഷം കൊണ്ട് തുരന്നത് ആയിരത്തിലധികം തുരങ്കങ്ങള്‍!

കൈയില്‍ ഇരട്ടശിഖരമുള്ള കമ്പ്… അതുപയോഗിച്ചാണ് ഭൂമിക്കുള്ളില്‍ വെള്ളം ഉണ്ടോ എന്ന് മനസ്സിലാക്കുന്നതെന്ന് കുഞ്ഞമ്പുവേട്ടന്‍. ചില പ്രത്യേകതരം ചെടികളും കുന്നിനകത്തെ നീരുറവകളുടെ സൂചന തരും. മണ്ണുമണത്തുനോക്കിയും വെള്ളമുണ്ടോ എന്നറിയാം… സ്ഥാനം നിര്‍ണയിച്ചുകഴിഞ്ഞാല്‍ കുഞ്ഞമ്പുവേട്ടന്‍ പണി തുടങ്ങും. കുന്നിന്‍റെ ഉള്ളിലേക്ക് തുരന്നു, തുരന്ന് സൂക്ഷ്മതയോടെ മുന്നേറും.

കുഞ്ഞമ്പുവേട്ടന്‍ സുരങ്ക നിര്‍മ്മാണത്തിനിടയില്‍

കൂട്ടിന് ഒരാള്‍ മാത്രം. അകത്തുനിന്ന് മണ്ണ് വലിച്ചുപുറത്തേക്കിടാന്‍… കഴിഞ്ഞ മുപ്പത് വര്‍ഷമായി ചന്ദ്രനാണ് കുഞ്ഞമ്പുവേട്ടന്‍റെ സഹായി. ഗ്രാമങ്ങളും നഗരങ്ങളും ഒരു പോലെ വരണ്ടുങ്ങുമ്പോള്‍ ഭൂമിക്കടിയിലെ നീരുറവ തിരയുകയാണ് കാസര്‍ഗോഡ് കുണ്ടംകുഴി നീര്‍ക്കയം സ്വദേശി 67 കാരനായ കുഞ്ഞമ്പു.


പതിനാലാം വയസു മുതല്‍ സുരങ്കയുടെ പണി തുടങ്ങിയ കുഞ്ഞമ്പുവേട്ടന്‍ 53 വര്‍ഷം കൊണ്ട് തുരന്നത് ആയിരത്തിലധികം തുരങ്കങ്ങള്‍!


കാസര്‍ഗോഡിന്‍റെയും ദക്ഷിണകന്നഡ പ്രദേശങ്ങളുടെയും സവിശേഷമായ സുരങ്ക ഉണ്ടാക്കുന്ന അപൂര്‍വ്വം വിദഗ്ദരിലൊരാളാണ് കുഞ്ഞമ്പു.

മലഞ്ചെരിവിന് സമാന്തരമായി തുരങ്കം ഉണ്ടാക്കിയാണ് വെള്ളം കണ്ടെത്തുന്നത്. സുരങ്ക കിണറാണ് കാസര്‍ഗോഡിന്‍റെ മലയോരങ്ങളിലെ പ്രധാന ജലസ്രോതസ്. 400 ഉം 500 അടി താഴ്ത്തി ഭൂഗര്‍ഭജലം പരമാവധി ചൂഷണം ചെയ്ത് എടുക്കുന്ന കുഴല്‍കിണര്‍ രീതിയല്ല. സുരങ്ക കിണറിന്‍റേത്. കിണ്ടിപോലെ ആവശ്യത്തിന് ജലം നല്‍കുന്ന നീരുറവകള്‍ കണ്ടെത്തുകയാണ്.


ഇതുകൂടി വായിക്കാം: ‘കാസര്‍ഗോഡിന്‍റെ വേദന ഞങ്ങളുടേതുമാണ്’: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 7 സ്നേഹവീടുകളും സ്കൂളും പണിതുനല്‍കിയ കോളെജ് വിദ്യാര്‍ത്ഥികള്‍


പതിനാലാം വയസു മുതല്‍ സുരങ്കയുടെ പണി തുടങ്ങിയ കുഞ്ഞമ്പുവേട്ടന്‍ 53 വര്‍ഷം കൊണ്ട് തുരന്നത് ആയിരത്തിലധികം തുരങ്കങ്ങള്‍!

ചന്ദ്രന്‍

കാസര്‍ഗോഡ് ജില്ലയുടെ എഴുത്തുകാരനായ ശ്രീ പദ്രെ പറയുന്നത് സുരങ്ക പണിയുന്നവരുടെ എണ്ണം അരഡസനില്‍ കുറവേയുള്ളൂ എന്നാണ്. കുഞ്ഞമ്പു നിര്‍മ്മിച്ച സുരങ്കകള്‍ മുഴുവന്‍ യോജിപ്പിച്ചാല്‍ അതിന് 45 കിലോമീറ്റര്‍ നീളം കാണുമെന്ന് ശ്രീ പദ്രെ അഭിപ്രായപ്പെടുന്നു.

സുരങ്ക കിണറുകള്‍ ആരെയും അത്ഭുതപ്പെടുത്തുന്ന സൃഷ്ടിയാണ്. മലഞ്ചെരിവിലെ ഉള്ളറകളില്‍ പൊടിയുന്ന തെളിനീര്‍, ഭൂമിക്ക് പുറത്തേക്ക് ചാലുകളായി എത്തിക്കുന്നതിന്‍റെ ചുരക്കപ്പേരാണ് തുരങ്കം എന്ന് മലയാളത്തിലും സുരങ്ക എന്ന് തുളുവിലും പറയുന്ന ജലസ്രോതസ്സ്. അഞ്ച് കോല്‍ മുതല്‍ 240 കോല്‍ വരെ ഭൂമിയുടെ അകത്തേക്ക് തുരന്നുചെന്ന സുരങ്കകള്‍ കാസര്‍കോടുണ്ട്. ഇവ 3,000 ത്തിലധികം വരുമെന്നാണ് അനൗദ്യോഗിക കണക്ക്.


കുഞ്ഞമ്പു നിര്‍മ്മിച്ച സുരങ്കകള്‍ മുഴുവന്‍ യോജിപ്പിച്ചാല്‍ അതിന് 45 കിലോമീറ്റര്‍ നീളം കാണുമെന്ന് ശ്രീ പദ്രെ അഭിപ്രായപ്പെടുന്നു


കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ പ്ലാവിലായില്‍ ഒരു സുരങ്ക കിണര്‍ പൂര്‍ത്തിയാക്കി ഇറങ്ങുമ്പോഴാണ് കുഞ്ഞമ്പവേട്ടനെ കണ്ടത്. അന്‍പത് മീറ്റര്‍ നീളത്തിലുള്ള സുരങ്കയാണ് അവിടെ നിര്‍മ്മിച്ചത്.

കുഞ്ഞമ്പുവേട്ടന്‍ സുരങ്ക നിര്‍മ്മാണത്തിനിടയില്‍

“എല്ലാവര്‍ക്കും കുഴല്‍ കിണര്‍ മതി. സുരങ്കകളോ സാധാരണ കിണറോ കുഴിക്കാന്‍ ആര്‍ക്കും താത്പര്യമില്ല. മലയടിവാരങ്ങളില്‍ കുഴല്‍ കിണര്‍ കുഴിച്ച് പരാജയപ്പെടുമ്പോഴാണ് ചിലര്‍ സുരങ്കയുടെ സാധ്യത തേടുന്നത്. അടുത്ത ദിവസം കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോത്ത് ഒരു സുരങ്ക കുഴിക്കാന്‍ ഏറ്റിട്ടുണ്ട്. ഭൂഗര്‍ഭ ശാസ്ത്രജ്ഞന്‍മാര്‍ പരാചയപ്പെട്ടിടത്ത് കിണറിന്‍റെ സ്ഥാനം കാണുന്നത് ഞാന്‍ വിജയിച്ചിട്ടുണ്ട്. പരമ്പരാഗത രീതിയില്‍ തന്നെയാണ് ഞാനിന്നും സുരങ്ക ഉണ്ടാക്കുന്നത്,” അദ്ദേഹം പറഞ്ഞു.


തുരങ്കനിര്‍മ്മാണത്തിനിടയില്‍ വഴിമുടക്കിക്കൊണ്ട് ഒരു പാറ കണ്ടപ്പോള്‍ ആശാന്‍ പണി നിര്‍ത്തി മുങ്ങി


“ആശാനൊപ്പം മണ്ണ് വലിക്കാന്‍ നിന്നായിരുന്നു ഞാന്‍ സുരങ്ക നിര്‍മാണത്തിലേക്ക് വരുന്നത്,” കുഞ്ഞമ്പുവേട്ടന്‍ പറയുന്നു. അന്ന് പതിനാല് വയസ്സുമാത്രമായിരുന്നു പ്രായം.

കുമാരന്‍ നായര്‍ എന്ന ആശാന്‍ ഒരിക്കല്‍ സുരങ്ക നിര്‍മ്മാണം പാതി വഴിക്ക് നിര്‍ത്തി മുങ്ങിയപ്പോഴാണ് നിവൃത്തിയില്ലാതെ കുഞ്ഞമ്പു പിക്കാസെടുത്തത്.

തുരങ്കനിര്‍മ്മാണത്തിനിടയില്‍ വഴിമുടക്കിക്കൊണ്ട് ഒരു പാറ കണ്ടപ്പോള്‍ ആശാന്‍ പണി നിര്‍ത്തി മുങ്ങി. മുന്‍കൂര്‍ പണവും വാങ്ങിയാണ് ആശാന്‍ അപ്രത്യക്ഷനായത്. ആശാന് പകരം സ്ഥലമുടമ കുഞ്ഞമ്പുവിനെ തടഞ്ഞു വച്ചു. കൈയ്യില്‍ കാല്‍ക്കാശില്ല, ആശാന്‍ വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ ഒരു വഴിയുമില്ല. നിവൃത്തിയില്ലാതെ ആ പതിനെഴുകാരന്‍ സുരങ്കത്തില്‍ കയറി ആശാന്‍ ഉപേക്ഷിച്ചുപോയ പിക്കാസെടുത്തു. രണ്ടും കല്‍പിച്ച്  പണി തുടങ്ങി.


ഇതുകൂടി വായിക്കാം: വല്ലാത്തൊരു പൊഞ്ഞാറ്: നാട്ടുകാരെ ഉമിക്കരികൊണ്ട് പല്ലുതേപ്പിക്കാന്‍ കണ്ണൂരില്‍ നിന്നൊരു ചേട്ടനും അനിയനും


അന്ന് തുടങ്ങിയതാണ്. അരനൂറ്റാണ്ടിനിപ്പുറം ഇന്ന് കാസര്‍ഗോഡ് സുരങ്ക വിദഗ്ദര്‍  ഇല്ലെന്നുതന്നെ പറയാം. കുഞ്ഞമ്പുവേട്ടന്‍ ഇന്നും ഭൂമി തുരന്ന് ജലം തേടിപ്പോവുന്നു.

സുരങ്ക. ഫോട്ടോ. മലയാളം വിക്കിപ്പീഡിയ

കുഞ്ഞമ്പുവേട്ടന്‍ എങ്ങിനെയാണ് ഭൂമിക്കടിയിലെ നീരുറവ കണ്ടത്തെുന്നതെന്ന് ചോദിച്ചാല്‍ അകക്കണ്ണിന്‍റെ കാഴ്ച കൊണ്ടാണെന്ന് പറയാം. വേനല്‍ക്കാലത്താണ് സുരങ്ക നിര്‍മ്മാണം ഭൂരിഭാഗവും നടത്തുന്നത്. ചില സീസണില്‍ 25 തുരങ്കം വരെ തുരന്നിട്ടുണ്ട് എന്ന് കുഞ്ഞമ്പുവേട്ടന്‍. ഇപ്പോഴത് അഞ്ചായി ചുരുങ്ങി.

240 കോലാണ് (180 മീറ്റര്‍)അദ്ദേഹം നിര്‍മ്മിച്ചതില്‍ ഏറ്റവും നീളമുള്ള സുരങ്ക്. വെള്ളം വറ്റിയ 25 കോല്‍ താഴ്ചയുള്ള കിണറിന്‍റെ ഒരു വശം തുരന്ന് വെള്ളം കിണറിലേക്ക് എത്തിച്ചിട്ടുണ്ട് അദ്ദേഹം കഴിഞ്ഞ 30 വര്‍ഷമായി ബന്തടുക്ക സ്വദേശി ചന്ദ്രനും ഒപ്പമുണ്ട്, സഹായത്തിന്.


ഇതുകൂടി വായിക്കാം: കപ്പ നടാന്‍ പോലും സ്ഥലമില്ലാതെ നാടുവിട്ട ചെങ്ങന്നൂരുകാരന്‍ പ്രളയബാധിതര്‍ക്കായി നല്‍കിയത് അധ്വാനിച്ചുണ്ടാക്കിയ 90 സെന്‍റ് ഭൂമി


”ബന്തടുക്ക മൊട്ടയിലാണ് ഞാന്‍ 180 മീറ്റര്‍ നീളമുള്ള സുരങ്ക നിര്‍മ്മിച്ചത്. ദൂരസ്ഥലങ്ങളില്‍ പോകുമ്പോള്‍ അവിടെയുള്ളവരെ സഹായിയായി കൂട്ടുകയാണ് ചെയ്യുന്നത്. ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാര്‍ മൂന്ന് കുഴല്‍കിണറിന് കുറ്റിയിട്ട് 450 മുതല്‍ 600 വരെ ആഴത്തില്‍ കുഴല്‍ കിണര്‍ കുഴിച്ചിട്ടും വെള്ളം കിട്ടാത്ത സ്ഥലത്ത് എനിക്ക് വെള്ളം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. കാസര്‍ഗോടെ കാവുംകുടിയിലാണ് ഇങ്ങനെ വെള്ളംകണ്ടെത്തിയത്. കുഴല്‍ കിണര്‍ പരാജയപ്പെട്ട കണ്ണൂര്‍ ജില്ലയിലെ ആലക്കോട് കരുവഞ്ചാലിലും സുരങ്ക കിണര്‍ നിര്‍മ്മിച്ച് വെള്ളം കണ്ടെത്തിയിട്ടുണ്ട്. സ്ഥാനം കണ്ട പല കുഴല്‍ കിണറുകളും വെള്ളം കിട്ടാത്തപ്പോള്‍ കുണല്‍ കിണറിന് സ്ഥാനം കണ്ടെത്താനും തന്നെ തേടി വരാറുണ്ട്”.

ഫോട്ടോ. മലയാളം വിക്കിപ്പീഡിയ

സുരങ്കയിലെ വെള്ളം കുഴല്‍കിണറുപോലെ മലിനമാവില്ലെന്ന പ്രത്യേകയുമുണ്ട്. ആവശ്യത്തിനുള്ള വെള്ളം എപ്പോഴും മദക്കങ്ങളില്‍(മണ്ണുകൊണ്ടുള്ള ടാങ്ക്) കൃഷിക്ക് എപ്പോഴും ഉപയോഗിക്കാന്‍ കഴിയും. ഇന്ന് എട്ട് കോല്‍ ആഴത്തില്‍ വെള്ളം കാണുന്ന സ്ഥലത്ത് പോലും കുഴല്‍കിണര്‍ കുഴിക്കാനാണ് ആളുകള്‍ക്ക് താത്പര്യം. കഴിയുന്നിടത്തോളം കാലം ഈ ജോലി ചെയ്യണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

1.8 മുതല്‍ 2 മീറ്റര്‍ വരെ ഉയരവും 0.45 മുതല്‍ 0.70 മീറ്റര്‍ വീതിയും 300 മീറ്ററിലധികം നീളവുമുണ്ടാകും മിക്ക തുരങ്കങ്ങള്‍ക്കും. ഒരെണ്ണത്തില്‍ തന്നെ ഭൂമിക്കകത്ത് കൈവഴികളായി മൂന്നും നാലും എണ്ണം ബന്ധിപ്പിച്ച തരത്തിലുള്ള തുരങ്കവുമുണ്ട്.

“രണ്ട് ദിവസം കൊണ്ട് വെള്ളം കണ്ട സ്ഥലങ്ങളുണ്ട്, ചിലപ്പോള്‍ എട്ടുമാസം വരെ പണിയെടുക്കേണ്ടി വന്നിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

സുരങ്കയ്ക്കുള്ളിലെ തെളിനീരുറവ

വെള്ളം കണ്ടത്തെിയാല്‍ മണ്ണു കൊണ്ട് ചിറകെട്ടി സംഭരിച്ച് പൈപ്പുകളിലൂടെയോ മണ്ണിലൂടെ തന്നെയോ തികച്ചും ഭൂഗുരുത്വബലത്തിന്‍റെ സഹായത്തില്‍ പുറത്തേക്കൊഴുക്കും. വെളിമ്പ്രദേശത്ത് മണ്ണു കൊണ്ടു കെട്ടിയുണ്ടാക്കിയ മദക്കങ്ങള്‍ എന്നറിയപ്പെടുന്ന ജലസംഭരണികളിലേക്ക് വെള്ളം വീഴ്ത്തും. ഇപ്പോള്‍ കോണ്‍ക്രീറ്റ് ടാങ്കുകളും വ്യാപകമാണ്. കിണറുകളില്‍ വെള്ളം കുറഞ്ഞാല്‍ അടിത്തട്ടില്‍ നിന്ന് തുരന്ന് വെള്ളം കണ്ടെത്താനും തുരക്കുന്നുണ്ട്.


ഓക്സിജനില്ലെങ്കില്‍ മെഴുകുതിരി കത്തില്ല. അപോള്‍ തന്നെ അപകടം മണത്ത് പുറത്തിറങ്ങാം


ഏതാനും നാളുകള്‍ക്ക് കുഞ്ഞമ്പു വെള്ളരിക്കുണ്ടിലെ ജോര്‍ജ് എന്ന കര്‍ഷകന്‍റെ വറ്റിയ കിണറില്‍ 8 അടിയോളം തുരങ്കമുണ്ടാക്കി വെള്ളം കണ്ടെത്തിയിരുന്നു. കിണറില്‍ അല്പം വെള്ളം കുറയുമ്പാള്‍ തന്നെ മൂന്നുറും അഞ്ഞൂറം അടി താഴ്ചയില്‍ കുഴല്‍ കിണര്‍ കുഴിച്ച് വെള്ളമൂറ്റുന്നവരോട് കുഞ്ഞമ്പുവിന്പറയാന്‍ ഒന്നേയുള്ളൂ. പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നത് നമ്മുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കും. പണ്ട് തുരങ്ക കിണറില്‍ ജല സമൃദ്ധമായിരുന്നു. ഇപ്പോള്‍ ചിലത് വറ്റാന്‍ തുടങ്ങി. അതിനുള്ള കാരണം കുഴല്‍കിണറും മണ്ണെടുപ്പും ആണെന്ന് കുഞ്ഞമ്പുവേട്ടന്‍റെ അനുഭവം.


ഇതുകൂടി വായിക്കാം: തെരഞ്ഞെടുപ്പില്‍ ഫ്ളെക്സ് വേണ്ട: പ്രചാരണത്തിന് ഓഗ്മെന്‍റഡ് റിയാലിറ്റി മൊബൈല്‍ ആപ്പുമായി യുവ ടെക്കികള്‍


അത്ര എളുപ്പത്തിലൊന്നും കുന്നുതുരന്ന് മുന്നേറാനാവില്ല. വളരെയേറെ ക്ഷമയും ശ്രദ്ധയും വലിയ മനക്കരുത്തും വേണ്ട ജോലിയാണത്. വളരെ സാവധാനത്തിലേ ജോലി മുന്നോട്ടുപോകൂ.

“മെഴുകുതിരി വെട്ടത്തിലാണ് തുരക്കല്‍. ഓക്സിജനില്ലെങ്കില്‍ മെഴുകുതിരി കത്തില്ല. അപോള്‍ തന്നെ അപകടം മണത്ത് പുറത്തിറങ്ങാം. ഗന്ധകം ഉള്‍പ്പെടെയുള്ള വിഷവാതകങ്ങളുണ്ടെങ്കിലോ വന്‍ജലപ്രവാഹങ്ങളുടെ സാന്നിദ്ധ്യത്തിലും മെഴുകുതിരികള്‍ താനേ അണയും.”

ബാറ്ററി ടോര്‍ച്ചും ഉപയോഗിക്കാമെന്നാണ് കുഞ്ഞമ്പുവേട്ടന്‍ പറയുന്നത്.  നേര്‍രേഖയിലാണ് തുരക്കലെങ്കില്‍, പുറത്ത് സ്ഥാപിച്ച കണ്ണാടിയില്‍ നിന്നും പ്രതിബിംബിക്കുന്ന വെളിച്ചം കടത്തിവിട്ടും തുരക്കുന്നവരുണ്ട്.

ജോലിക്കിടയില്‍, മണ്ണിടിയുന്നതും മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയും. ഒറ്റയടിക്ക് ഇടിയില്ല. ഭിത്തികളില്‍ പൊട്ടലു വീഴുകയും വിടവുകള്‍ തുറക്കുകയും ചെയ്യും. അനുഭവസ്ഥരായ പണിക്കാര്‍ അതിനകം പുറത്തേക്ക് കടന്നിട്ടുണ്ടാകും.


ഇതുകൂടി വായിക്കാം: ‘ഞങ്ങടെ ബീച്ചില്‍ ടൂറിസം നടത്താന്‍ ഞങ്ങക്കറിയാം’: കടലോരവും കവ്വായിക്കായലും കല്ലുമ്മക്കായ് വരട്ടിയതും ചേരുന്ന പാണ്ഡ്യാല മോഡല്‍


വെള്ളം എവിടെയാണുള്ളതെന്ന് കണ്ടത്തൊന്‍ തൊഴിലാളികള്‍ക്ക് പ്രത്യേക ഉപായമുണ്ട്. കുന്നിന്‍ചെരിവിലെ ചില ചെടികളുടെ സാന്നിധ്യവും മണ്ണിന്‍റെ ഗന്ധവുമൊക്കെ ഇതിനു സഹായിക്കുമെന്നാണ് അവര്‍ പറയുന്നത്.

ഭൂമിയിലെ നനവ് തിരിച്ചറിയണമെങ്കില്‍ നനവുള്ളൊരു ഹൃദയമുണ്ടാകണം. തുരങ്ക കിണറുകള്‍ മാലിന്യമുക്തമാണ്. കിണറുകളിലും കുളങ്ങളിലും അരുവികളിലുമൊക്കെ മാലിന്യങ്ങള്‍ കുന്നൂകുടുമ്പോള്‍ സുരങ്കയില്‍ മാലിന്യങ്ങളൊന്നും ഉണ്ടാകാറില്ല. ചെളിവെള്ളം പോലും സുരങ്കയിലെ നീരുറവയെ ബാധിക്കില്ല. എന്നാല്‍ വവ്വാലുകള്‍ കൂടുകൂട്ടുന്നത് തുരങ്ക കിണറിനെ മലിനപ്പെടാന്‍ ഇടയാക്കും .അതുകൊണ്ട് തുരങ്കത്തിന്‍റെ നീരുറവക്ക് മുന്നില്‍ വല കെട്ടി സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ സുരങ്ക കിണറിന് നല്ല സാധ്യതയാണ് ഉള്ളതെന്നാണ് കുഞ്ഞമ്പുവിന്‍റെ പക്ഷം. ജില്ലക്ക് പുറമേ കര്‍ണാടകയിലും ഗോവയിലും ധാരാളം സുരങ്കകള്‍ ഉണ്ട്.
ശാരദയാണ് ഭാര്യ. ദാക്ഷായണി, സാവിത്രി, വിജേഷ്‌കുമാര്‍ എന്നിവര്‍ മക്കളാണ്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം