വാച്ച് നന്നാക്കുന്ന സ്ത്രീകളെ അറിയാമോ? 45 വര്‍ഷം മുമ്പ് ഈ ആണ്‍തട്ടകത്തിലേക്ക് കയറിച്ചെന്ന ലൈസയോടൊപ്പം

പത്താംക്ളാസ് പരീക്ഷ കഴിഞ്ഞതോടെ ലൈസയുടെ വിദ്യാഭ്യാസം അവസാനിച്ചു. ഇനി മുന്നോട്ടെന്ത് എന്നൊരു ചോദ്യം മാത്രം ബാക്കിയായി.

തെങ്ങുകയറ്റം മുതല്‍ വിമാനം പറത്തല്‍ വരെ ആണ്‍തൊഴിലുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന എല്ലാ ജോലികളിലും ഇപ്പോള്‍ സ്ത്രീകള്‍ കൈവെച്ചുകഴിഞ്ഞു. സ്ത്രീകള്‍ കടന്നുചെല്ലുകയും കഴിവ് തെളിയിക്കുകയും ചെയ്യാത്ത മേഖലകള്‍ അപൂര്‍വമാണ് പുതിയ കാലത്ത്.

എന്നാല്‍ വാച്ച് റിപ്പയറിങ്ങ് നടത്തുന്ന ഏതെങ്കിലും സ്ത്രീയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇക്കാലത്തുപോലും പൊതുവെ സ്ത്രീകള്‍ കൈവെക്കാത്ത ഒരു മേഖലയാണത്.

നമുക്ക് ചുറ്റുമുള്ള എല്ലാ വാച്ച് റിപ്പയറിങ് സ്ഥാപനങ്ങളിലും വന്‍കിട വാച്ച് കമ്പനികളുടെ ഷോറൂമുകളിലും ഒക്കെ പുരുഷന്മാര്‍ മാത്രം കുത്തകയായി ചെയ്തുവരുന്ന ഒരു തൊഴില്‍ ആണ് അത്. സമയം എന്ന കൃത്യത കൈകാര്യം ചെയ്യാന്‍ പുരുഷനോളം കഴിവില്ല സ്ത്രീക്ക് എന്ന ധാരണ കൊണ്ടാകാം വലുതും ചെറുതുമായ നിരവധി സൂചികളുടെയും കണ്ണിന് നേരെ കാണാന്‍ വയ്യാത്ത മെഷീനറികളുടെയും ലോകത്തേക്ക് സ്ത്രീകള്‍ കടക്കാന്‍ മടിക്കുന്നത്.


ഇതുകൂടി വായിക്കാം: ബോംബെ മിഠായിയുടെ മണം: രാത്രികളില്‍ വണ്ടികിട്ടാതെ വലയുന്നവര്‍ക്കായി ഉറങ്ങാതിരിക്കുന്ന കല്ലുകെട്ടുകാരന്‍


എന്നാല്‍ 45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാച്ച് റിപ്പയറിങ് പഠിച്ച് ആ തൊഴില്‍ ഇപ്പോഴും തുടരുന്ന ഒരു സ്ത്രീയുണ്ട് ആലുവയില്‍. ലൈസ എന്ന ധൈര്യശാലിയായ 61 വയസുകാരി.

ലൈസ ആലുവയിലെ ജിഷ വാച്ച് സെന്‍ററില്‍. ഫോട്ടോ: ചിത്തിര കുസുമന്‍

എറണാകുളം ജില്ലയിലെ അയ്യപ്പന്‍ കാവിലാണ് ലൈസ ജനിച്ചത്. മൂന്ന് ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും അമ്മയും അപ്പനും അടങ്ങിയ കുടുംബം. ആറുമക്കള്‍ക്ക് ഭക്ഷണം കൊടുക്കാനും അവരെ പഠിപ്പിക്കാനും അക്കാലത്തെ ഭൂരിഭാഗം വീടുകളിലും എന്ന പോലെ ലൈസയുടെ അപ്പനും അമ്മയും ഏറെ പാടുപെട്ടു.

പഴയ കാലത്ത് പതിവുള്ളതുപോലെ പത്താംക്ളാസ് പരീക്ഷ കഴിഞ്ഞതോടെ ലൈസയുടെ വിദ്യാഭ്യാസം അവസാനിച്ചു. ഇനി മുന്നോട്ടെന്ത് എന്നൊരു ചോദ്യം മാത്രം ബാക്കിയായി. തുടര്‍വിദ്യാഭ്യാസത്തിനും തൊഴിലിനും ഇന്നത്തെ കാലത്തുള്ളതുപോലുള്ള സാദ്ധ്യതകള്‍ അക്കാലത്തില്ല, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്.


പത്താംക്ളാസ് പരീക്ഷ കഴിഞ്ഞതോടെ ലൈസയുടെ പഠനം അവസാനിച്ചു. ഇനിയെന്ത് എന്നൊരു ചോദ്യം മാത്രം ബാക്കിയായി.


അങ്ങനെ വീട്ടില്‍ അടുക്കളപ്പണിയും മറ്റുമായി കഴിഞ്ഞിരുന്ന സമയത്താണ് കൊച്ചി നേവല്‍ ബേസില്‍ പെണ്‍കുട്ടികള്‍ക്കായി ഹ്രസ്വകാലതൊഴില്‍ പരിശീലനം നടത്തുന്ന വിവരം അറിഞ്ഞത്.

“നേവല്‍ ബേസിലെ ജോലിക്കാരുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും വേണ്ടി നടത്തിയ ഒരു പരിശീലനമായിരുന്നു അത്. എന്‍റെ അമ്മയുടെ ആങ്ങള വഴിയാണ് എനിക്കവിടെ ചെല്ലാന്‍ പറ്റിയത് . ഞാനടക്കം അഞ്ചു പെണ്ണുങ്ങളാണ് പുറമെ നിന്ന് പരിശീലനത്തിന് വന്നത്,” ലൈസ പറയുന്നു.


ഇതുകൂടി വായിക്കാം: കുരുമുളക് കയറ്റിയയച്ച് ലക്ഷങ്ങള്‍ നേടുന്ന വഞ്ചിവയലിലെ വിശേഷങ്ങള്‍


“മെഷീനറി മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു. വൈന്‍ഡിങ് ക്‌ളോക്ക്, വൈന്‍ഡിങ് ടൈം പീസ്, വൈന്‍ഡിങ് വാച്ച് മുതലായവ. ഇലക്ട്രോണിക് വാച്ചുകള്‍ പിന്നീടാണ് പഠിച്ചത്. റേഡിയോ അസംബ്ലിങ്, വാച്ച് റിപ്പയറിങ് മുതലായ കൈത്തൊഴിലുകളാണ് അവിടെ പഠിപ്പിച്ചിരുന്നത്.”

ലൈസ, ഭര്‍ത്താവ് ജോയ്. ഫോട്ടോ: ചിത്തിര കുസുമന്‍

അങ്ങനെ ലൈസ വാച്ച് റിപ്പയറിങ് തിരഞ്ഞെടുത്തു, മുന്‍പോട്ടുള്ള ജീവിതത്തിന്‍റെ വഴിയാണ് അതെന്ന് തിരിച്ചറിയാതെ.


അന്നൊരു ചെരിപ്പുകട ഉണ്ടായിരുന്നു. അതില്‍ത്തന്നെ ചെറിയൊരു ഇടം വാച്ച് റിപ്പയറിങ്ങിനായി എടുത്തു.


“ഇതുവരെ 45 വര്‍ഷം..,” ലൈസ തന്‍റെ തൊഴിലിന്‍റെ ചരിത്രം പറയുന്നു. “അതില്‍ അഞ്ചുവര്‍ഷം എനിക്ക് എറണാകുളത്ത് സ്വന്തമായി കടയുണ്ടായിരുന്നു വീട്ടില്‍ തന്നെ.” നേവല്‍ ബേസില്‍ നിന്ന് തൊഴില്‍ പരിശീലനത്തിന് ശേഷം കുടുംബത്തിന്‍റെ സഹായത്തോടെ ലൈസ വീട്ടില്‍ തന്നെ ഒരു വാച്ച് റിപ്പയറിങ് സെന്‍റര്‍ തുടങ്ങി.

ആലുവയിലെ ജിഷ വാച്ച് സെന്‍ററും കടയും ഫോട്ടോ: ചിത്തിര കുസുമന്‍

അങ്ങനെ അപ്പോള്‍ പ്രചാരത്തിലിരുന്ന ഇനം വാച്ചുകള്‍ ഒക്കെ പരിചയക്കാരായി. പെണ്‍കുട്ടി നടത്തുന്ന സ്ഥാപനം എന്ന നിലയില്‍ നാട്ടുകാര്‍ക്ക് അന്ന് അതൊരു കൗതുകമായിരുന്നു. അധികം വൈകാതെ ലൈസ തന്‍റെ കഴിവ് തെളിയിച്ചു. ജോലിമികവിനു മുന്‍പില്‍ ലിംഗവ്യത്യാസം അപ്രസക്തമായി. “സ്ത്രീകള്‍ ആണ് അന്നും ഇന്നും പ്രധാന കസ്റ്റമേഴ്‌സ്,” എന്ന് ലൈസ പറയുന്നു. അഞ്ചുവര്‍ഷം ആ വാച്ച് റിപ്പയറിങ് കട നടത്തി.

വാച്ചുനന്നാക്കലില്‍ പേരെടുത്തതോടെ കടയില്‍ നിന്ന് നല്ല വരുമാനം ലഭിക്കാന്‍ തുടങ്ങി. അങ്ങനെ മുന്നോട്ടുപോവുമ്പോഴായിരുന്നു ജോയിയുമായുള്ള വിവാഹം. “പത്തുവര്‍ഷം ഞാന്‍ ഒന്നും ചെയ്തില്ല,” ലൈസയുടെ വാക്കുകള്‍ . വിവാഹം കഴിച്ചു. രണ്ടു കുട്ടികള്‍ ജനിച്ചു–ജിഷയും ജിതിനും.


ഇതുകൂടി വായിക്കാം: തൃശ്ശൂര്‍ക്കാരന്‍ കരീമിനെ സദ്യക്ക് വിളിച്ചാല്‍ 1,500 സ്റ്റീല്‍ ഗ്ലാസും കൂടെപ്പോവും: അതിലൊരു കഥയുണ്ട്


“കുട്ടികളും കുടുംബവും ഒക്കെ നോക്കി പത്തുവര്‍ഷം കടന്നുപോയി. അപ്പോഴൊക്കെ കുടുംബവീട്ടിലായിരുന്നു താമസം. പിന്നീട് കുടുംബവീട്ടില്‍ നിന്ന് വേറെ പോയിക്കഴിഞ്ഞാണ് കട തുടങ്ങുന്നത്. അന്നൊരു ചെരിപ്പുകട ഉണ്ടായിരുന്നു. അതില്‍ത്തന്നെ ചെറിയൊരു ഇടം വാച്ച് റിപ്പയറിങ്ങിനായി എടുത്തു.

“ഭര്‍ത്താവിന്‍റെ അപ്പനും ഒക്കെയുള്ള കാലമായിരുന്നു. കൈത്തൊഴിലല്ലേ അത് വിട്ടുകളയണ്ട എന്ന് ഭര്‍ത്താവും വീട്ടുകാരും നല്ല സപ്പോര്‍ട്ട് തന്നു. അങ്ങനെയാണ് ഇവിടെ കട തുടങ്ങുന്നത്. അത് തുടങ്ങും മുന്‍പ് ഒരാഴ്ച സ്വിസ്സ് ടൈം ഹൗസില്‍ പരിശീലനത്തിന് പോയി.

“ചെയ്തുകൊണ്ടിരുന്ന തൊഴില്‍ ആയതുകൊണ്ട് ചെറിയൊരു പരിശീലനം കൊണ്ട് വീണ്ടും തുടങ്ങാം എന്നായി. അവിടെ നിന്നാണ് ഇലക്ട്രോണിക് വാച്ചുകള്‍ ഒക്കെ നന്നാക്കാന്‍ പഠിക്കുന്നത്.”

കട തുടങ്ങിയ സമയത്ത് അത്രയധികം പണി ലഭിക്കുന്നുണ്ടായിരുന്നില്ല. മുന്‍പ് മെഷീനുള്ള വാച്ചുകളായിരുന്നു നന്നാക്കിക്കൊണ്ടിരുന്നത്. ഇലക്ട്രോണിക് വാച്ചുകള്‍ കൂടി നന്നാക്കാന്‍ തുടങ്ങിയപ്പോള്‍ പതിയെ കൂടുതല്‍ ആളുകള്‍ അന്വേഷിച്ചുവരാന്‍ തുടങ്ങി.

നാലഞ്ചു വര്‍ഷങ്ങള്‍ ആയപ്പോഴേക്ക് ധാരാളം ആളുകള്‍ വാച്ചുകള്‍ എത്തിക്കാന്‍ തുടങ്ങി. “ഇപ്പോള്‍ ധാരാളം വാച്ചുകള്‍ സ്ഥിരമായി കിട്ടുന്നുണ്ട് . നല്ല വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്ന തൊഴില്‍ ആണ് ഇത്. സ്ത്രീകള്‍ ആണ് കൂടുതലും വരുന്നത്. പുരുഷന്മാര്‍ ബാറ്ററി മാറ്റാനും മറ്റുമൊക്കെയാണ് കൂടുതല്‍ വരുന്നത്.”


തുടര്‍ച്ചയായി ഈ തൊഴില്‍ ചെയ്തിട്ട് കണ്ണിനു ചില പ്രശ്‌നങ്ങള്‍ ഉണ്ട്.


“ഇപ്പോള്‍ 61 വയസായി. തുടര്‍ച്ചയായി ഈ തൊഴില്‍ ചെയ്തിട്ട് കണ്ണിനു ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ചില വിലപിടിപ്പുള്ള വാച്ചുകളും മറ്റും സൂക്ഷ്മതയോടെ ചെയ്യാന്‍ ചിലപ്പോള്‍ പറ്റില്ല. അപ്പോള്‍ സ്വിസ്സ് ടൈം ഹൗസില്‍ പോയി അത് ചെയ്യിച്ചു കൊടുക്കും. പണ്ട് അവിടെ തൊഴില്‍ പരിശീലനത്തിന് ചെന്നതിനുശേഷം ആ ബന്ധം വിട്ടുകളഞ്ഞിട്ടില്ല. തൊഴിലുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നത്തിലും സപ്പോര്‍ട്ട് ചെയ്യുന്നത് അവരാണ്,” ലൈസ പറയുന്നു.

“ഫാന്‍സി വാച്ചുകളും ബാറ്ററി വാച്ചുകളും ഒക്കെയാണ് അധികം വരുന്നത്. ഫാന്‍സി വാച്ചുകളില്‍ ഒക്കെ ചൈനയുടെ മെഷീനറി ആണ് ഉപയോഗിക്കുന്നത്. ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഫാന്‍സി വാച്ചുകള്‍ ഒക്കെ ഇങ്ങനെയാണ്…”

“പണ്ട് വാച്ച് തുറക്കാതെ തന്നെ വാച്ചിനെപ്പറ്റി പറയാന്‍ എനിക്ക് പറ്റുമായിരുന്നു, ഇപ്പൊ പറ്റില്ല കാരണം അതിന്‍റെ ഉള്ളില്‍ ചൈനയുടെ മെഷീനറി ആയിരിക്കും. ബ്രാന്‍ഡഡ് വാച്ചുകളില്‍ മാത്രമേ നല്ല മെഷീനറി ഉണ്ടാവാറുള്ളു. അത് റിപ്പയര്‍ ചെയ്യുന്നത് ഒരു സംതൃപ്തിയാണ്.”

കേരളം നടുക്കത്തോടെ മാത്രം ഓര്‍ക്കുന്ന പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച സ്ഥലങ്ങളിലൊന്നാണല്ലോ ആലുവ. വെള്ളപ്പൊക്കം ലൈസയുടെ കടയെയും വെറുതെ വിട്ടില്ല. മൂന്നു ദിവസത്തോളം കട പ്രളയജലത്തില്‍ മുങ്ങിക്കിടന്നു.


Do you have a story to share? Please write to us: editorial@thebetterindia.com


“നന്നാക്കാന്‍ ഏല്‍പ്പിച്ചിരുന്ന നൂറോളം വാച്ചുകള്‍, നന്നാക്കുന്ന ടൂള്‍സ് ഒക്കെ പോയി. കടയില്‍ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ ഉണ്ടായിരുന്നു . അതും പ്രളയത്തില്‍ പോയി . ഇപ്പോള്‍ രണ്ടാമത് തുടങ്ങിയതാണ് ഇക്കാണുന്നതൊക്കെ,” ലൈസ ഓര്‍ക്കുന്നു.

“കസ്റ്റമേഴ്‌സ് ആരും പ്രശ്‌നമുണ്ടാക്കിയില്ല. പ്രളയം എല്ലാവരെയും അത്രയധികം ബാധിച്ചിരുന്നല്ലോ. ചില വാച്ചുകള്‍, നല്ല വിലപിടിപ്പുള്ളവ, ഇപ്പോഴും ഞാനെടുത്തു സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അന്വേഷിച്ച് ആരും വന്നിട്ടില്ലാത്തവ.”

ഒരാഴ്ചയാണ് സാധാരണഗതിയില്‍ ഒരു വാച്ച് റിപ്പയര്‍ ചെയ്തുകൊടുക്കാന്‍ ലൈസ ആവശ്യപ്പെടുന്ന സമയം. സ്ട്രാപ്പ്, ബാറ്ററി മുതലായവ മാറ്റാന്‍ ആണെങ്കില്‍ അപ്പോള്‍ തന്നെ ചെയ്തുകൊടുക്കും. തന്‍റെ തൊഴിലിനോടുള്ള ഇഷ്ടവും അതില്‍ നിന്നുള്ള വരുമാനവും–രണ്ടുകാരണങ്ങളും ഒരുപോലെയാണ് തന്നെ ഈ മേഖലയില്‍ പിടിച്ചുനിര്‍ത്തുന്നത് എന്ന് ലൈസ.


ഈ പ്രായത്തിലും 45 വര്‍ഷമായി തുടരുന്ന തൊഴില്‍ വിട്ടുകളയാന്‍ ലൈസക്ക് താല്‍പര്യമില്ല.


ഭര്‍ത്താവുമൊന്നിച്ച് നടത്തുന്ന പലചരക്ക് / ഫാന്‍സി കടയുടെ ഒരു ഭാഗത്താണ് ലൈസയുടെ വാച്ച് റിപ്പയറിങ് സെന്‍റര്‍, ആലുവ ബാങ്ക് ജങ്ഷനില്‍ ഗ്രാന്‍റ് ഹോട്ടലിന്‍റെ വാടകക്കെട്ടിടത്തില്‍,. ഭര്‍ത്താവ് ജോയും മക്കള്‍ ജിഷയും ജിതിനും ലൈസയ്ക്ക് താങ്ങായി നില്‍ക്കുന്നു.

മക്കള്‍ രണ്ടുപേരും വിവാഹിതരാണ്. ലൈസക്ക് നാല് പേരക്കുട്ടികളും ഉണ്ട്. ആലുവയില്‍ തന്നെ പട്ടേരിപ്പുറത്താണ് താമസം. ഈ പ്രായത്തിലും 45 വര്‍ഷമായി തുടരുന്ന തൊഴില്‍ വിട്ടുകളയാന്‍ ലൈസക്ക് താല്‍പര്യമില്ല. രാവിലെ 9 മണിക്ക് തുറക്കുന്ന വാച്ച് റിപ്പെയറിങ്ങ് ഷോപ്പ് വൈകിട്ട് 5 മണിവരെ തുടരും.

WATCH: “45വര്‍ഷമായി ഈ തൊഴിലെടുക്കുന്നു..”

(വീഡിയോ: ചിത്തിര കുസുമന്‍)

ലൈസയുടെ ഫോണ്‍ നമ്പര്‍ – 9895351115

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

English Summary: This Kerala woman ventured into watch repairing, a male domain, 45 years back. She is running a watch centre at Aluva, Ernakulam.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം