നഗരമധ്യത്തില്‍ പിസ്തയും ബ്ലാക്‌ബെറിയുമടക്കം 70 തരം മരങ്ങളും പഴച്ചെടികളുമുള്ള ഒരേക്കര്‍ തോട്ടം പക്ഷികള്‍ക്കും കുട്ടികള്‍ക്കും വിട്ടുകൊടുത്ത് ഒരു പ്രവാസി

ഞങ്ങള്‍ വീട്ടിലെത്തുമ്പോള്‍ മുറ്റത്ത്  ഒരു കുയിലിനെ താലോലിച്ചിരിക്കുകയായിരുന്നു ബഷീര്‍.

കാസര്‍ഗോഡിന്‍റെ നഗരഹൃദയത്തില്‍ ചെറിയൊരു പഴത്തോട്ടമുണ്ട്. ഇവിടെ മൈനയും തത്തയും കുയിലും അങ്ങാടിക്കുരുവിയുമെല്ലാം എന്നും വിരുന്നെത്തും.

മൂന്നു പതിറ്റാണ്ടോളം പ്രവാസ ജീവിതം നയിച്ച മുന്‍ വോളിബോള്‍താരം തളങ്കരയിലെ കെ. എ. എം. ബഷീറിന്‍റെ പുരയിടമാണിത്. പക്ഷികളും വണ്ടുകളും പറന്നെത്തുന്ന ഒരു തോട്ടം.

നഗരത്തിന്‍റെ നടുക്കുള്ള, പൊന്നുംവില വരുന്ന ഒരേക്കര്‍ വരുന്ന സ്ഥലം പഴച്ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ച് പക്ഷികള്‍ക്കും കുട്ടികള്‍ക്കുമായി തുറന്നിട്ടിരിക്കുകയാണ് നാട്ടുകാരുടെ ‘വോളിബോള്‍ ബഷീര്‍’.

ഞങ്ങള്‍ വീട്ടിലെത്തുമ്പോള്‍ മുറ്റത്ത്  ഒരു കുയിലിനെ താലോലിച്ചിരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ അധികമൊന്നും ആരോടും ഇണങ്ങാത്ത കുയില്‍ ബഷീറിന്‍റെ കയ്യില്‍ ഇരിക്കുന്നത് കണ്ട് ചോദിച്ചു, “ഇതെന്താ ബഷീര്‍ക്കാ, വോളിബോള്‍ വിട്ട് ഇപ്പോ ഇതാണോ?”

ബഷീറും പേരക്കുട്ടിയും. ഫോട്ടോ: ആബിദ് എം

“രണ്ടാഴ്ച മുമ്പ് പറക്കുന്നതിനിടയില്‍ താഴെ വീണ് പരിക്കു പറ്റിയതാണ്. ഞാന്‍ വീട്ടിലേക്ക് കൊണ്ടുവന്നു,” ബഷീര്‍ക്ക ചിരിച്ചു. “കാലിന് മഞ്ഞളൊക്കെ പുരട്ടി. തിന്നാന്‍ അല്‍പം തിന കൊടുത്തു. പിന്നെ ഇവന്‍ എന്‍റെ കൂട്ടുകാരനായി. പറക്കാറായിട്ടും വീടിനു ചുറ്റും പറന്ന് സിറ്റൗട്ടില്‍ വന്നിരിക്കും. ഇതാണ് പക്ഷികളുടെ സ്നേഹം.”

“നമ്മള്‍ ഒന്നും മനസ്സിലാക്കുന്നില്ല. നമ്മളെക്കുറിച്ച് മാത്രമേ ആലോചിക്കുന്നുള്ളു. പക്ഷികള്‍ക്ക് പഴങ്ങളും അവര്‍ക്ക് പറ്റുന്ന ഇടവുമുണ്ടെങ്കില്‍ നമ്മളോടൊപ്പമുണ്ടാകും പക്ഷികളും,”  പക്ഷികളെയും പ്രകൃതിയെയും കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ബഷീര്‍ക്ക തത്വജ്ഞാനിയാകും.


വിദേശത്തു നിന്നു കൊണ്ടുവന്ന തൈകള്‍ ഉള്‍പ്പെടെ എഴുപതോളം പഴവര്‍ഗങ്ങള്‍ എന്‍റെ തോട്ടത്തിലുണ്ട്.


എഴുപതോളം ഇനത്തില്‍പ്പെട്ട പഴവര്‍ഗങ്ങള്‍ ഇവിടെയുണ്ട്. വീട്ടുമുറ്റത്ത് കയറുമ്പോള്‍ കാണുന്നത് പാഷന്‍ഫ്രൂട്ട്സിന്‍റെ പന്തലാണ്. മഞ്ഞയും റോസും കലര്‍ന്ന പാഷന്‍ഫ്രൂട്ടുകളുടെ കലവറ തന്നെയാണ് ഇവിടെ. വീട്ടിനു മുകളിലെ ടെറസിലാകട്ടെ വീട്ടാവശ്യത്തിനുള്ള എല്ലാ പച്ചക്കറികളുമുണ്ട്. തക്കാളി, പപ്പായ, പച്ചമുളക്, കാന്താരി, വെണ്ട, ചെടിമുരിങ്ങ, ചീര, പയര്‍ തുടങ്ങി മല്ലി വരെ ഇവിടെ വിളയുന്നുണ്ട്. ടെറസില്‍ കോവല്‍പന്തലിന്‍റെ തണലിലാണ് പച്ചക്കറികള്‍ തഴച്ചുവളരുന്നത്.

അധികമുള്ള പച്ചക്കറികള്‍ അയല്‍വക്കക്കാര്‍ക്ക് നല്‍കുകയാണ് പതിവ്.

വീട്ടുമുറ്റത്തെത്തിയാലോ…. പേരയും മാങ്കോസ്റ്റിനും റംബുട്ടാനും, ലിച്ചിയും ഉള്‍പ്പെടെ പഴവര്‍ഗ്ഗങ്ങളുടെ സമൃദ്ധി.

”നമ്മുടെ നാട്ടില്‍ വിളയില്ലെന്നു വിശ്വസിച്ചിരുന്ന എല്ലാ വിളകളും ഇവിടെയുണ്ട്. പലതും ഇപ്പോള്‍ പൂവിട്ട് തുടങ്ങുന്നതേയുള്ളു,” ബഷീര്‍ പറയുന്നു.
ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന മധുരപ്പുളി മരത്തില്‍ നിറയെ കിളികളായിരുന്നു. “കിളികളുടെ കളകള ശബ്ദമാണ് എനിക്കേറ്റവും ഇഷ്ടം. മരുഭൂമിയിലെ ജീവിതത്തിലും എന്‍റെ ചെറുപ്പകാലത്ത് അണ്ണാറക്കണ്ണന്‍ കടിച്ച മാമ്പഴം വീഴുമ്പോള്‍ അതെടുക്കാന്‍ ഓടിയെത്തുന്ന ഓര്‍മ്മയാണ്. എവിടെയും കോണ്‍ക്രീറ്റ് കൂരകളും സൗധങ്ങളും ഉയര്‍ന്നപ്പോള്‍ കിളികളും അണ്ണാറക്കണ്ണനുമെല്ലാം നമുക്ക് അന്യമായി…”


ഇതുകൂടി വായിക്കാം: നെല്ലും തിനയും കൃഷിയുണ്ട്, ഒന്നും കൊയ്തെടുക്കാറില്ല…എല്ലാം പക്ഷികള്‍ക്കുള്ളതാണ്


“ചെറുപ്പം മുതലേ കൃഷിയില്‍ എനിക്ക് താല്‍പര്യമായിരുന്നു. അതുകൊണ്ടാണ് പ്രവാസ ജീവിതം മതിയാക്കി വന്നതിനു ശേഷം കുറേ വര്‍ഷങ്ങളായി കൃഷി സജീവമാക്കിയത്. വിദേശത്തു നിന്നു കൊണ്ടുവന്ന തൈകള്‍ ഉള്‍പ്പെടെ എഴുപതോളം പഴവര്‍ഗങ്ങള്‍ എന്‍റെ തോട്ടത്തിലുണ്ട്. ഒരു വിപണന ഉദ്ദേശത്തില്‍ തുടങ്ങിയതല്ല. നമ്മുടെ നാട്ടിലും ഏതു പഴവര്‍ഗ്ഗവും വിളയിപ്പിക്കാമെന്നു കാണിച്ചുകൊടുക്കുക കൂടിയാണ് എന്‍റെ ലക്ഷ്യം,” ബഷീര്‍ വിശദമാക്കുന്നു.

നാട്ടുകാര്‍ വിളിക്കുന്ന പേര് വോളിബോള്‍ ബഷീര്‍ എന്നാണ്. 1974-75 കാലത്താണ് ബഷീര്‍ കേരളത്തിന് വേണ്ടി ജേഴ്‌സിയണിഞ്ഞത്.

ബഷീറിന്‍റെ തോട്ടത്തില്‍ മുള്ളാത്ത, അഞ്ചിനത്തില്‍പ്പെട്ട ചാമ്പങ്ങകള്‍, അത്തിപ്പഴം, വെള്ള ആപ്പിള്‍, ആപ്പിള്‍ ചാമ്പ, ഓറഞ്ച്, ബബ്ലൂസ്, ചന്ദ്രവാഴ, കല്ലുവാഴ, വിവിധയിനം ചെമ്പകങ്ങള്‍, ബട്ടര്‍ഫ്രൂട്ട്, മുട്ടപ്പഴം, രാജനെല്ലി, പുണാര്‍പുളി, നിറക്കല്‍ ഫ്രൂട്ട്, പിസ്ത, ലോലിക്ക, സപ്പോട്ട, വിവിധയിനം പേരയ്ക്കകള്‍, ബ്ലാക്ക്ബെറി, ബറാബ, കായം, മധുരഅമ്പഴങ്ങ, സീതാപഴം, ബേര്‍ഡ് ചെറി, ബേക്കറി ചെറി തുടങ്ങി ഈ പട്ടിക നീളുകയാണ്. കുടമ്പുളി ഉള്‍പ്പെടെ പലതരം പുളികളും ഉണ്ട്.


ഇതുകൂടി വായിക്കാം: കേംബ്രിഡ്ജില്‍ നിന്ന് ഡോക്ടറേറ്റ് നേടി അര്‍ഷിയ തിരിച്ചുവന്നു, കാപ്പിക്കര്‍ഷകര്‍ക്കും പ്രകൃതിക്കും വേണ്ടി തന്നാലാവുന്നത് ചെയ്യാന്‍


“നഗരം പോലും മലിനമാവുകയല്ലേ…ഒരു കാലത്ത് മത്സ്യങ്ങളെക്കൊണ്ടും കിളികളെക്കൊണ്ടും സമ്പന്നമായ ചന്ദ്രഗിരി പുഴയിന്ന് മാലിന്യകൂമ്പാരമായി മാറിയിരിക്കുകയാണ്. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് പദ്ധതികള്‍ ഉണ്ടെങ്കിലും പുഴകളും പൊതുസ്ഥലങ്ങളും അത് തള്ളാനുള്ള കേന്ദ്രമാണെന്നാണ് നാം കരുതുന്നത്.

“ഞാന്‍ ഗള്‍ഫില്‍ കഴിഞ്ഞപ്പോള്‍ അവിടുത്തെ സര്‍ക്കാരുകളൊക്കെ പച്ചപ്പ് ഉണ്ടാക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് കണ്ടറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവിടെ വികസനത്തിന്‍റെ പേരില്‍ നട്ട മരങ്ങള്‍ പോലും മുറിച്ചുമാറ്റപ്പെടുകയാണ്, ” അദ്ദേഹം പരിതപിക്കുന്നു.

“ഈ സ്ഥലം വേണമെങ്കില്‍ വില്‍ക്കുകയോ ഫ്ളാറ്റ് ഉണ്ടാക്കുകയോ ചെയ്യാം. അയല്‍വക്കത്തെ കുട്ടികളും ബന്ധുക്കളും വന്ന് പേരയ്ക്കയും ചാമ്പക്കയും പറിക്കുന്നത് കാണുമ്പോള്‍ മനസ്സിനുള്ള സന്തോഷം… അതെനിക്ക് ഏറ്റവും വലുതാണ്. അതുപോലെ തന്നെയാണ് ഇവിടെ പറന്നു നടക്കുന്ന കിളികളെ കാണുമ്പോഴും. ഈ നഗരത്തില്‍ എവിടെ കാണാന്‍ പറ്റും ഇത്രയേറെ പക്ഷികള്‍?”

അടക്കാ കുരുവിയും, മരംകൊത്തിയും, മൈനയും ചാവാലിപക്ഷിയുമൊക്കെ ആ പുരയിടത്തില്‍ സതന്ത്രമായി അവിടെ പറന്നുകളിക്കുന്നു.


ഇതുകൂടി വായിക്കാം: ഈ ‘വനംമന്ത്രി’യുടെ വീട്ടിലെത്തുന്നത് പാമ്പുകള്‍, മയിലുകള്‍, 30 ഇനം പക്ഷികള്‍: ഔദ്യോഗിക വാഹനം വൃക്ഷത്തൈകളുമായി കറങ്ങുന്ന ഓട്ടോറിക്ഷ


പഴവര്‍ഗങ്ങള്‍ക്കു പുറമെ ആര്യവേപ്പും കായവും ഊതും ഉള്‍പ്പെടെ  ഇവിടെയുണ്ട്. എല്ലാ പരിപാലനവും ബഷീറിന്‍റെ മേല്‍നോട്ടത്തില്‍ തന്നെയാണ്. രാവിലെ പച്ചക്കറികള്‍ക്ക് വെള്ളമൊഴിച്ചതിനു ശേഷം തോട്ടം ശ്രദ്ധിക്കും.

പറമ്പില്‍ ഒരിക്കലും രാസവളം ഉപയോഗിച്ചിട്ടില്ലെന്നും ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നതെന്നും ബഷീര്‍ പറഞ്ഞു.

പലരും ചോദിക്കും, ഇവിടെ ഫ്‌ളാറ്റ് പണിതൂടെ എന്ന്. തനിക്ക് ഈ തോട്ടമാണ് സന്തോഷമെന്ന് മറുപടി പറയാന്‍ ബഷീറിന് ഒരു സെക്കന്‍റ് പോലും ആലോചിക്കേണ്ടി വരാറില്ല.


ഇതുകൂടി വായിക്കാം: ഞാനാരാ മോള്, എന്നെത്തോല്‍പിക്കാന്‍ ഇവന്മാരെക്കൊണ്ടൊന്നും പറ്റൂല’: മറയൂരിലെ കരിമ്പുകര്‍ഷക ഇടനിലക്കാരെ തോല്‍പിച്ചതിങ്ങനെ


നാടന്‍ മാവും വരിക്കയും കൂഴയും ഉള്‍പ്പെടുന്ന പ്ലാവുകളും അതിരുടുന്ന തോട്ടത്തില്‍ മാതളവും കരിമ്പുമൊക്കെയാണ് അതിരുന്നത്. ഇനിയും പലതരം പഴവര്‍ഗ്ഗങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്നാണ് ഇദ്ദേഹത്തിന്‍റെ ആഗ്രഹം. ഓരോ കിളികളും തോട്ടത്തില്‍ വന്നിരിക്കുമ്പോള്‍ എനിക്കൊരു സന്തോഷമുണ്ട്. അതു ജീവിതത്തിലെ ഏറ്റവും വലിയ നിര്‍വൃതിയായാണ് ഞാന്‍ കാണുന്നത്. ഒരു കൂസലുമില്ലാതെ പക്ഷികളെ എന്നോടൊപ്പമുണ്ടായിരിക്കുന്നത്. അതെന്നെ കൂടുതല്‍ കര്‍മ്മനിരതനാക്കുന്നു, ബഷീര്‍ പറഞ്ഞു.

 

ഫോട്ടോസ്: ആബിദ് എം

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം