കുറുന്തോട്ടി മുതല്‍ കദളിവാഴ വരെ കൃഷി ചെയ്യുന്ന കര്‍ഷക സംഘം, ലക്ഷ്യമിടുന്നത് ശതകോടികളുടെ ബിസിനസ്

ഇനി കുറുന്തോട്ടിക്ക് വാതം വന്നാലും മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം വിലയൊട്ടും കുറയ്ക്കാതെ നല്‍കുമെന്ന് കര്‍ഷകര്‍ക്ക് നല്ല ഉറപ്പുണ്ട്.

2022  ആവുമ്പോഴേക്കും 250 കോടി രൂപയുടെ ബിസിനസ്! വാഴയും പച്ചക്കറികളും കൃഷി ചെയ്യുന്ന സാധാരണ കര്‍ഷകര്‍ ഭൂരിപക്ഷമുള്ള ഈ ലേബര്‍ സൊസൈറ്റിയുടെ ടാര്‍ജെറ്റ് അതാണ്. എല്ലാം പ്രതീക്ഷിക്കുന്നതുപോലെ നടന്നാല്‍ അന്ന് 75,000 മുതല്‍ ഒരു ലക്ഷം വരെ കര്‍ഷകര്‍ ഈ സൊസൈറ്റിയുടെ പദ്ധതികളുടെ പങ്കാളികളും ഗുണഭോക്താക്കളുമാകും.

കേരളത്തില്‍ 600-ഓളം ലേബര്‍ സഹകരണ സംഘങ്ങളുണ്ടെങ്കിലും അതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവ വളരെ കുറച്ചുമാത്രമാണ് എന്നറിയുമ്പോഴാണ് മറ്റത്തൂര്‍ ഗ്രാമത്തിലെ ഈ കര്‍ഷകക്കൂട്ടായ്മയുടെ വിജയത്തിന് തിളക്കം കൂടുന്നത്.


ചെറിയ തീരുമാനങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമായേക്കാം: പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, ആ നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


പത്ത് വര്‍ഷം മുന്‍പ് തുടക്കമിട്ട മറ്റത്തൂര്‍ ലേബര്‍ സര്‍വ്വീസ് സഹകരണ സംഘത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇത്രയും വലിയ ലക്ഷ്യങ്ങള്‍ മുന്നോട്ടുവെയ്ക്കാനുള്ള ആത്മവിശ്വാസം ആ സൊസൈറ്റിക്ക് ഉണ്ടായത് അതേറ്റെടുത്ത് വിജയിപ്പിച്ച കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ തന്നെ. അവയെല്ലാം തന്നെ പ്രദേശത്തെ കര്‍ഷകര്‍ക്ക് (പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്) വിപണിയുടെ ചാഞ്ചാട്ടങ്ങളെ ഭയക്കാതെ കൃഷി ചെയ്യാനുള്ള ഉറപ്പ് നല്‍കിക്കൊണ്ടുകൂടിയായിരുന്നു.

കദളീവനം പദ്ധതിയുടെ ഭാഗമായ കര്‍ഷകര്‍

കദളി വാഴ കൃഷിയിലായിരുന്നു തുടക്കം. ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളിലേക്കും പൂജാ ആവശ്യങ്ങള്‍ക്കും കദളിപ്പഴത്തിന് വിപണിയില്‍ ധാരാളം സാധ്യതകളുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദിവസം 12,000 കദളിപ്പഴം വേണമെന്നാണ് ഒരേകദേശ കണക്ക്. കുടുംബശ്രീയുമായി ചേര്‍ന്ന് കദളിവനം പദ്ധതി നടപ്പിലാക്കി. ഇതിന്‍റെ ഭാഗമായി 250-ഓളം കര്‍ഷകര്‍ കദളി വാഴകൃഷിയിലേക്ക് തിരിഞ്ഞു. ഏത്തവാഴകൃഷി ചെയ്തുകൊണ്ടിരുന്നവരായിരുന്നു ഇവരില്‍ പലരും. കാലാവസ്ഥയും വിപണിയും പല തവണ ചതിച്ചപ്പോള്‍ അവരില്‍ പലരും കടത്തിലും നിരാശയിലുമായിരുന്നു. കദളീവനം അവര്‍ക്ക് ഒരു രക്ഷാമാര്‍ഗ്ഗമായി.


ഒന്നോ രണ്ടോ കദവളിവാഴയെങ്കിലും ഇല്ലാത്ത വീടുകള്‍ ഇന്ന് മറ്റത്തൂരില്‍ ഇല്ലെന്നുതന്നെ പറയാം.


കഴിഞ്ഞ ഒന്‍പത് വര്‍ഷമായി മറ്റത്തൂരില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും കുറഞ്ഞത് നാലായിരം കദളിക്കായ്കളെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കയറ്റിക്കൊണ്ടുപോകുന്നു, ഒരു ദിവസം പോലും മുടങ്ങാതെ. കായ് ഒന്നിന് 2.50 രൂപ വെച്ച് കര്‍ഷകര്‍ക്ക് ലഭിക്കുന്നുമുണ്ട് (കിലോയ്ക്ക് ശരാശരി 50 രൂപ). ഒന്നോ രണ്ടോ കദവളിവാഴയെങ്കിലും ഇല്ലാത്ത വീടുകള്‍ ഇന്ന് മറ്റത്തൂരില്‍ ഇല്ലെന്നുതന്നെ പറയാം. കദളിവാഴയുടെ കന്ന് വിറ്റും കര്‍ഷകര്‍ നേട്ടമുണ്ടാക്കുന്നു.

സംഘത്തിന്‍റെ കീഴില്‍ മറ്റത്തൂരിലെ കര്‍ഷകര്‍ കൊടുവേലിയും കൃഷിയിറക്കി. കൊടുവേലിപ്പാടത്തുനിന്നും

ഇപ്പോള്‍ അഞ്ഞൂറോളം കര്‍ഷകര്‍ കദളീവനം പദ്ധതിയുടെ ഭാഗമായുണ്ട്. അതിലേറെയും സ്ത്രീകളാണ്. നൂറ് ഏക്കറിലധികം സ്ഥലത്ത് ഇപ്പോള്‍ കദളിവാഴ കൃഷിയുണ്ട്. ദിവസവും ആവശ്യമുള്ള കദളിപ്പഴം ഗുരുവായൂരിലേക്ക് നല്‍കാന്‍ ഇപ്പോഴും കഴിയുന്നില്ല. അതുകൊണ്ട് കൂടുതല്‍ കര്‍ഷകരെക്കൂടി ഉള്‍പ്പെടുത്തി വാഴകൃഷി കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് മറ്റത്തൂരിലെ ഈ കര്‍ഷകസംഘം എന്ന് സംഘത്തിന്‍റെ സെക്രട്ടറിയായ കണ്ണങ്കാടന്‍ വീട്ടില്‍ പ്രശാന്ത് പറയുന്നു.

കദളീവനത്തിന് പുറമെ പാവല്‍നാട്, മഞ്ഞള്‍, ഔഷധസസ്യകൃഷി എന്നിങ്ങനെ പല പദ്ധതികളിലൂടെ വളര്‍ന്ന് ഇപ്പോള്‍ നിര്‍മ്മാണ രംഗത്തേക്ക് കൂടി സംഘം ചുവടുവെച്ചിരിക്കുന്നു.


ഇതുകൂടി വായിക്കാം: ‘മൂന്ന് പശുക്കളുണ്ട്, കറക്കുന്നത് ഞാന്‍ തന്നെ’: എന്‍ഡോസള്‍ഫാന്‍ ദുരന്തം ആദ്യമായി ലോകത്തെ അറിയിച്ച ഡോക്ടറുടെ ജീവിതം


ആ യാത്രയെക്കുറിച്ച് പ്രശാന്ത് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് വിശദീകരിക്കുന്നു: വെറും രണ്ടര ലക്ഷം രൂപ മൂലധനവും അത്ര തന്നെ നഷ്ടവും ഉണ്ടായിരുന്ന മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘത്തിലേക്ക് ഞാന്‍ എത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു.

പാവല്‍നാട് പദ്ധതിയുടെ ഭാഗമായുള്ള വിഷരഹിത പാവയ്ക്ക വിളഞ്ഞപ്പോള്‍…

മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘത്തില്‍ അംഗമായിരുന്ന അച്ഛന്‍ സംഘത്തിന്‍റെ ബോര്‍ഡിലും ഉണ്ടായിരുന്നു. അച്ഛന്‍ വീട്ടില്‍ സംഘത്തിന്‍റെ ലക്ഷ്യങ്ങളെ കുറിച്ച് പറയാറുള്ളത് ഞാന്‍ ഓര്‍ക്കുന്നു. ലക്ഷ്യം വലുതായിരുന്നെങ്കിലും വഴിയില്‍ എന്തോ മാനേജ്മെന്‍റ് അഭാവം ഉള്ളതായി എനിക്കന്നേ തോന്നിയിരുന്നു.


പോരായ്മകളും സാധ്യതകളും മനസ്സിലാക്കി കൃത്യമായ ആസൂത്രണം നടത്തിയാണ് സംഘം പിന്നീട് മുന്നോട്ടുപോയത്


സംഘത്തിന്‍റെ ആദ്യ പ്രസിഡണ്ട് പി വി മോഹനനും വൈസ് പ്രസിഡണ്ട് എ കെ സുകുമാരനും നേതൃത്വം നല്‍കുന്ന സമയത്താണ് സി എം എ (കോസ്റ്റ് ആന്‍റ് മാനേജ്‌മെന്‍റ് അക്കൗണ്ടന്‍റ്) കോഴ്‌സിന്‍റെ ഭാഗമായി ട്രെയിനിംങ്ങിനു സംഘത്തില്‍ എത്തുന്നത്. ആറുമാസത്തെ പരിശീലനത്തിനു വന്നപ്പോള്‍ കദളിവനം പദ്ധതിക്കായിരുന്നു ശ്രദ്ധ നല്‍കിയത്.

നഷ്ടം നികത്തി സംഘത്തെ എങ്ങിനെ ലാഭത്തിലാക്കാമെന്നും സംഘാംഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നും പഠിക്കാന്‍ സുകുമാരന്‍ ചേട്ടന്‍ ആവശ്യപ്പെട്ടു.

പൂഗ്രാമം പദ്ധതിയുടെ വിളവെടുപ്പ് പ്രൊഫ. സി രവീന്ദ്രനാഥ്  (നടുവില്‍) നിര്‍വ്വഹിക്കുന്നു. തൊട്ടടുത്ത് (ഇടത്ത്) നില്‍ക്കുന്നത് സംഘത്തിന്‍റെ ആദ്യ പ്രസിഡണ്ട് പി വി മോഹനന്‍. സംഘത്തിന്‍റെ ശില്‍പികളിലൊരാളായിരുന്നു ഇദ്ദേഹം. 2017ല്‍ അന്തരിച്ചു. വലത്തേയറ്റത്ത് നില്‍ക്കുന്നത് എ കെ സുകുമാരന്‍.

ഞാന്‍ കൂടുതല്‍ സൂക്ഷ്മതയോടെ കാര്യങ്ങള്‍ നോക്കി പഠിച്ചു. അപ്പോഴാണ് സംഘം സെക്രട്ടറിയായി ഒരു നിയമനത്തിനായി സര്‍ക്കാര്‍ ഉത്തരവ് വന്നത്. 2010 ല്‍ 1,500 രൂപ ശമ്പളത്തിനായിരുന്നു ഈ പോസ്റ്റ്. ഞാന്‍ ആദ്യം ഈ പോസ്റ്റിനായി അപേക്ഷിക്കാന്‍ മടിച്ചുവെങ്കിലും, സുകുമാരന്‍ ചേട്ടനും എന്‍റെ സഹോദരനും പകര്‍ന്ന ധൈര്യത്തില്‍ അപേക്ഷ നല്‍കി. വൈകാതെ സെക്രട്ടറിയായി നിയമനം കിട്ടി.


ഇതുകൂടി വായിക്കാം: സൗജത്തിന്‍റെ ആടുജീവിതം: അറബിക്കുട്ടികള്‍ ചുരുട്ടിയെറിഞ്ഞ കടലാസില്‍ പൊള്ളുന്ന ഓര്‍മ്മകള്‍ കുറിച്ചിട്ട ഗദ്ദാമ


ജീവിതത്തില്‍ അന്ന് വരെ പ്രതിസന്ധി എന്ന വാക്ക് അച്ഛന്‍ മരിച്ചപ്പോള്‍ മാത്രമേ അനുഭവപ്പെട്ടിട്ടുണ്ടായിരുന്നുള്ളു. സംഘത്തിന്‍റെ സെക്രട്ടറി സ്ഥാനത്ത് വന്നപ്പോള്‍ ഈ വാക്കിന് ഞാന്‍ കണ്ടെത്തിയ അര്‍ത്ഥം അവസരങ്ങള്‍ എന്നു കൂടിയായിരുന്നു.

പോരായ്മകളും സാധ്യതകളും മനസ്സിലാക്കി കൃത്യമായ ആസൂത്രണം നടത്തിയാണ് സംഘം പിന്നീട് മുന്നോട്ടുപോയത്. “ഞങ്ങളുടെ ബോര്‍ഡംഗങ്ങളടക്കമുള്ള ടീമിന്‍റെയും അംഗങ്ങളുടേയും അക്ഷീണമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് സംഘം ഇന്ന് കേരളത്തില്‍ തൊഴിലും സ്ഥിരവരുമാനവും നല്‍കുന്ന സംഘങ്ങളില്‍ മുന്‍നിരയിലെത്തിയത്,” പ്രശാന്ത് പറഞ്ഞു.

മോഹനനും സുകുമാരനും മണ്‍മറഞ്ഞതോടെ സി വി രവി (പ്രസിഡണ്ട്) യുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ സംഘം മുന്നോട്ടുപോകുന്നത്.

സംഘത്തിന്‍റെ പ്രഥമ വൈസ് പ്രസിഡണ്ട് എ കെ സുകുമാരന്‍. മികച്ച സംഘാടകനായിരുന്ന സുകുമാരന്‍ 2018-ല്‍ അന്തരിച്ചു. സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ് അംഗമായിരുന്നു.

പുതുക്കാട് എം എല്‍ എയും  വിദ്യാഭ്യാസമന്ത്രിയുമായ സി രവീന്ദ്രനാഥിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങളും മേല്‍നോട്ടവും തുടക്കം മുതല്‍ തന്നെ സംഘത്തിനും അതിന്‍റെ പദ്ധതികള്‍ക്കു പിന്നിലും ഉണ്ടായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുസ്ഥിര കൊടകര വികസന പദ്ധതിയുടെ ഭാഗമായി രവീന്ദ്രനാഥ് നടപ്പാക്കിയ പല കാര്‍ഷിക സംരംഭങ്ങളിലും കുടുംബശ്രീയോടൊപ്പം മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘവും നേരിട്ടു പങ്കെടുത്തു.


കൃഷിയിറക്കുന്നതുതന്നെ വിപണിയും വിലയും നേരത്തെ തന്നെ ഉറപ്പുവരുത്തിയാണ്.


കൃഷി ചെയ്ത് വിള കൊയ്യാറാവുമ്പോള്‍ മാര്‍ക്കെറ്റിന്‍റെ കാരുണ്യത്തിന് കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ വിറ്റൊഴിക്കാന്‍ നിര്‍ബന്ധിതരാവുന്നതാണല്ലോ പൊതുവിലെ അവസ്ഥ. ഇടനിലക്കാരുടെ ചൂഷണം വേറെയും. മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം തുടക്കം മുതല്‍ തന്നെ ഒഴിവാക്കിയത് ഈ ഏര്‍പ്പാടാണ്.

സംഘം കൃഷിയിറക്കുന്നതുതന്നെ വിപണിയും വിലയും നേരത്തെ തന്നെ ഉറപ്പുവരുത്തിയാണ്. ഒപ്പം ഓരോ വിളയും ഏത് മാസത്തില്‍ കൃഷിയിറക്കണമെന്ന് കൃത്യമായ സമയക്രമവും ഉണ്ടാക്കി. സംഘത്തിലെ കൃഷിക്കാര്‍ ഈ സമയക്രമം പാലിക്കണമെന്ന് നിഷ്‌കര്‍ഷിച്ചു.

കദളീവനം പദ്ധതിയുടെ ഭാഗമായ കര്‍ഷകര്‍

കദളീവനം പദ്ധതിയില്‍ പരീക്ഷിച്ച് വിജയിച്ച ഈ മാതൃകയാണ് പിന്നീട് മറ്റ് കൃഷികളിലും പിന്തുടര്‍ന്നത്. തുടര്‍ച്ചയായി ആറുമാസം വിപണിയില്‍ വില വര്‍ദ്ധിക്കുകയോ ഇടിയുകയോ ചെയ്താല്‍ മാത്രം അതിന് അനുസരിച്ച് കര്‍ഷകര്‍ക്ക് നല്‍കുന്ന വിലയില്‍ മാറ്റമുണ്ടാകൂ. ഇതുസംബന്ധിച്ച് നേരത്തെ തന്നെ സംഘം ഗുരുവായൂര്‍ ദേവസ്വം അടക്കമുള്ള സ്ഥാപനങ്ങളുമായി ബയ്-ബാക്ക് എഗ്രിമെന്‍റില്‍ എത്തിയിട്ടുണ്ട്. കര്‍ഷകരില്‍ നിന്ന് ചെറിയൊരു സര്‍വീസ് ചാര്‍ജ്ജ് മാത്രമാണ് സംഘം ഈടാക്കുന്നത്.


ആഴ്ചയില്‍ 4,000 കിലോ വിഷംതളിയ്ക്കാത്ത പാവയ്ക്കയാണ് സംഘം ഔഷധിക്ക് നല്‍കുന്നത്.


ഇതേ മാതൃകയില്‍ നടത്തിയ മഞ്ഞള്‍ കൃഷിയും വിജയമായി. സര്‍ക്കാരിന് കീഴിലുള്ള ആയുര്‍വേവദ ഔഷധ നിര്‍മ്മാതാക്കളായ ഔഷധിയുമായി കരാര്‍ ഉണ്ടാക്കിയ ശേഷം പാവല്‍ (കൈപ്പയ്ക്ക) കൃഷി വര്‍ഷങ്ങളായി നടത്തുന്നുണ്ട്. 2015 മുതല്‍ ആഴ്ചയില്‍ 4,000 കിലോ വിഷംതളിയ്ക്കാത്ത പാവയ്ക്കയാണ് സംഘം കര്‍ഷകരില്‍ നിന്ന് ശേഖരിച്ച് ഔഷധിക്ക് മരുന്ന് നിര്‍മ്മാണത്തിനായി നല്‍കുന്നത്. അറുപത് ഏക്കറിലാണ് പാവല്‍കൃഷി തുടങ്ങിയത്. കിലോയ്ക്ക് 26 രൂപ വെച്ച് കര്‍ഷകര്‍ക്ക് സ്ഥിരമായി ലഭിക്കുകയും ചെയ്യുന്നു. പാവല്‍നാട് എന്നാണ് ഈ പദ്ധതിക്ക് പേരിട്ടത്.

കുറുന്തോട്ടിപ്പാടങ്ങള്‍ .പച്ചയണിയുന്നു

കുറുന്തോട്ടി, ചെത്തി കൊടുവേലി എന്നിവയടക്കമുള്ള നാടന്‍ ഔഷധങ്ങള്‍ക്ക് വിപണിയുണ്ടെന്ന് മനസ്സിലാക്കി ഔഷധവനം എന്ന പദ്ധതിയും തുടങ്ങി. സംസ്ഥാന ഔഷധ സസ്യബോര്‍ഡിന്‍റെ ഔഷധസസ്യകൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഔഷധവനം നടപ്പാക്കിയത്. 2016ലാണ് തുടക്കം. 100 ഏക്കറില്‍ ഇന്ന് ഔഷധസസ്യകൃഷി ചെയ്യുന്നുണ്ട്. 250 കര്‍ഷകര്‍ ഇതിന്‍റെ ഭാഗമായുണ്ട്.

ഔഷധിയടക്കം കേരളത്തിലെ പ്രമുഖരായ പത്ത് ആയുര്‍വേദ മരുന്ന് നിര്‍മ്മാതാക്കളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് വിലയിടിയുമെന്നോ വിപണിയുണ്ടാകുമെന്നോ ഉള്ള ആശയങ്കകളില്ലാതെ കര്‍ഷകര്‍ക്ക് ധൈര്യമായി കൃഷി ചെയ്യാം. കൊടുവേലി, ആടലോടകം, തുളസി തുടങ്ങി നിരവധി ഔഷധസസ്യങ്ങള്‍ ഇങ്ങനെ കൃഷിയിറക്കിയിട്ടുണ്ട്.


ഇതുകൂടി വായിക്കാം: കാന്‍സര്‍ ഭീതി ഒരു നാടിന്‍റെ മുഖം മാറ്റിയതിങ്ങനെ: കേരളത്തിന് മുന്‍പേ നടന്ന വെങ്ങേരി


വനവിഭവങ്ങള്‍ ശേഖരിക്കുന്ന ഗോത്ര വിഭാഗങ്ങള്‍ക്കടക്കം സ്ഥിര വരുമാനം ഉറപ്പ് വരുത്താന്‍ ഈ പദ്ധതിക്കായി. കുറുന്തോട്ടി ശേഖരിച്ച് അര്‍ദ്ധ സംസ്‌കരണം നടത്തി വിപണനം നടത്തിയപ്പോള്‍, ഗോത്ര വിഭാഗങ്ങള്‍ ഉള്‍പ്പെടെ 650 പേര്‍ക്ക് തൊഴില്‍ സുരക്ഷയും വരുമാനവും നല്‍കാന്‍ സംഘത്തിന് കഴിഞ്ഞു. 2008ല്‍ തന്നെ ആദിവാസികളില്‍ നിന്ന് നേരിട്ട് ഔഷധങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയിരുന്നു.

നോക്കെത്താ ദൂരത്തോളം പാവല്‍പ്പന്തല്‍. സംഘത്തിന്‍റെ പാവല്‍ നാട് പദ്ധതി വന്‍ വിജയമായിരുന്നു.

തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 20 ഏക്കറില്‍ കുറുന്തോട്ടി കൃഷി ചെയ്യാനുള്ള പദ്ധതി തുടങ്ങിക്കഴിഞ്ഞു. ഇനി കുറുന്തോട്ടിക്ക് വാതം വന്നാലും മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം വിലയൊട്ടും കുറയ്ക്കാതെ നല്‍കുമെന്ന് കര്‍ഷകര്‍ക്ക് നല്ല ഉറപ്പുണ്ട്. ഇതിനുപുറമെ കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സും വാര്‍ഷിക ബോണസും ഒക്കെ നല്‍കുന്നതുകൊണ്ട് കര്‍ഷകര്‍ക്ക് ഇരട്ടി സന്തോഷം.

മുതിര്‍ന്ന കര്‍ഷകരെ മാത്രമല്ല, കുട്ടികളേയും കൃഷിക്കാരാക്കാന്‍ സംഘത്തിന് കഴിഞ്ഞു. പൂഗ്രാമം പദ്ധതിയിലൂടെയായിരുന്നു ഇത്.
‘ഓണവിപണി ലക്ഷ്യം വെച്ചാണ് പൂ ഗ്രാമം പദ്ധതി നടപ്പിലാക്കിയത്. 150 ഓളം കുട്ടികള്‍ ചെണ്ട് മല്ലിപ്പൂ കൃഷിയില്‍ പങ്കാളികളായി. സാങ്കേതിക വിദ്യയും വിത്തുകളും സംഘം സൗജന്യമായി നല്‍കി. കുട്ടികള്‍ പ്രാദേശിക വിപണി വഴി പൂക്കള്‍ വിറ്റ് വരുമാനം നേടിയ ഈ പദ്ധതിയും ഏറെ ശ്രദ്ധിക്കപ്പെട്ടു,’ പ്രശാന്ത് പറഞ്ഞു.

സംഘത്തിന്‍റെ സെക്രട്ടറി പ്രശാന്ത്

പിന്നീടാണ് സംഘം നിര്‍മ്മാണ മേഖലയിലേക്ക് തിരിഞ്ഞത്. 15 ഓളം പഞ്ചായത്തുകളിലെ നിര്‍മ്മാണ പദ്ധതികള്‍ ഏറ്റെടുത്തതു വഴി സംഘത്തില്‍ റജിസ്റ്റര്‍ ചെയ്ത 300-ഓളം തൊഴിലാളികള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കാന്‍ കഴിഞ്ഞു. ഒപ്പം ബിടെക്, ഡിപ്ലോമ ബിരുദ ദാരികള്‍ക്കും തൊഴില്‍ നല്‍കാനായതില്‍ സംഘത്തിന് ഏറെ അഭിമാനം ഉണ്ടെന്ന് പ്രശാന്ത് പറഞ്ഞു.


ഇതുകൂടി വായിക്കാം: വീടുണ്ടാക്കാന്‍ ബിയര്‍ ബോട്ടില്‍, ചിരട്ട, പ്ലാസ്റ്റിക് : ആക്രി കൊണ്ട് അല്‍ഭുതം തീര്‍ക്കുന്ന ആര്‍കിടെക്റ്റ്


സംഘാംഗങ്ങള്‍ക്കും മറ്റ് കര്‍ഷകര്‍ക്കും ആദിവാസി വിഭാഗങ്ങള്‍ക്കും സ്ഥിര വരുമാനം ഉണ്ടാക്കുന്ന കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് സംഘം. കേരളത്തിലെ മറ്റ് കര്‍ഷകര്‍ക്കും പ്രയോജനകരമാകുന്ന രീതിയില്‍ കദളീ വനം പദ്ധതിയും ഔഷധ വനം പദ്ധതിയും വ്യാപിപ്പിക്കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു. സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം കൂടി സ്വീകരിച്ചുകൊണ്ടാണ് സംഘത്തിന്‍റെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിക്കാന്‍ പദ്ധതിയിടുന്നതെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

*

മറ്റത്തൂര്‍  ലേബര്‍ സഹകരണ സംഘത്തിന്‍റെ ഫോണ്‍ നമ്പര്‍: 0480 274 4123
ഫോട്ടോ കടപ്പാട്: സഹകരണ സംഘത്തിന്‍റെ ഫേസ്ബുക്ക് പേജ്

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം