ദിവസവും ആറേഴ് കിലോമീറ്റര്‍ നടന്ന് 200 വീടുകളിലെത്തുന്ന ‘സഞ്ചരിക്കുന്ന ലൈബ്രറി’യുടെ ജീവിതരേഖ

“ഇത്രയും ചുമന്ന് നടക്കുന്നത് ബുദ്ധിമുട്ടാകില്ലേ, കുറച്ചു പുസ്തകങ്ങള്‍ കൊണ്ടുപോയാല്‍ പോരേ,” എന്ന് ആരെങ്കിലും ചോദിച്ചാല്‍ വായനക്കാര്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരം കുറയുമെന്നാണ് ഉമാദേവിയുടെ മറുപടി.

ലിയ പ്രതാപത്തില്‍ വാണ തറവാട്. കുളിച്ചുവന്നാല്‍ ഉടയാടയുമായി പരിചാരകര്‍ കാത്തുനിന്നിരുന്ന കാലം. മുറ്റത്ത് കുന്നുകൂടിക്കിടക്കുന്ന തേങ്ങയും നെല്ലും…

അവിടെ നിന്നാണ് ഉമാദേവി അന്തര്‍ജ്ജനം ഒന്നുമില്ലായ്മയിലേക്ക് വീണത്.

പഠനം പൂര്‍ത്തിയാക്കാനായില്ല. കിട്ടിയ കുടുംബസ്വത്ത് ബുധനൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി കൈമാറി. സരസ്വതി ക്ഷേത്രത്തിനായി സ്ഥലം നല്‍കാനായല്ലോ എന്ന ആശ്വാസമായിരുന്നു അന്ന്. സ്വത്തുക്കള്‍ ഇല്ലാതായെങ്കിലും സരസ്വതി പക്ഷേ കൂടെ നിന്നെന്നാണ് ഉമാദേവി ഇപ്പോള്‍ പറയുന്നത്.

അങ്ങനെ പറയാന്‍ കാരണമുണ്ട്.

ദിവസവും ആറേഴ് കിലോമീറ്റര്‍ നടന്നാണ് അവര്‍ ഉപജീവനത്തിനുള്ള വഴി തേടുന്നത്. പക്ഷേ, വെറുമൊരു ജോലിക്കപ്പുറം അക്ഷരപൂജയാണ് തന്‍റെ തൊഴിലെന്ന് നിറഞ്ഞ സന്തോഷത്തോടെ പറയുന്നു ഈ എഴുപത്തിയഞ്ചുകാരി.


കുട്ടികള്‍ക്ക് സമ്മാനിക്കാന്‍ നല്ല പുസ്തകങ്ങള്‍, ജീവിതത്തിലും സമൂഹത്തിലും മാറ്റം  കൊണ്ടുവന്നവരുടെ കഥകള്‍. സന്ദര്‍ശിക്കാം: karnival.com

ബുധനൂര്‍ കലാപോഷിണി വായനശാലയിലെ ഫീല്‍ഡ് ലൈബ്രേറിയനാണ് ഉമാദേവി. അത്താഴത്തിന് വകയില്ലാതെ നിന്നപ്പോള്‍ ഈശ്വരന്‍ കനിഞ്ഞുനല്‍കിയ ജോലിയെന്നാണ് അവരതിനെക്കുറിച്ച് പറയുന്നത്.


സഞ്ചരിക്കുന്ന വായനശാലയാണ് ബുധനൂരുകാര്‍ക്ക് അടിമുറ്റത്തു  ശാരംഗമഠത്തില്‍ എ.ജെ. ഉമാദേവി അന്തര്‍ജ്ജനം.


ഉമാദേവി അന്തര്‍ജ്ജനം

അതിന് പിന്നിലെ കഥ ഇങ്ങനെയാണ്.

പ്രമുഖ തന്ത്രിയായിരുന്നു ഉമാദേവിയുടെ അച്ഛന്‍. ഉമ ഉള്‍പ്പെടെ ഏഴ് മക്കളെയും പഠിപ്പിക്കണമെന്ന് വലിയ നിര്‍ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. പ്രീഡിഗ്രിക്ക് ശേഷം മലയാളം ബി എ-യ്ക്ക് അദ്ദേഹം മകളെ ചേര്‍ക്കുകയും ചെയ്തു.

എന്നാല്‍ ഇതിനിടെ വന്ന വിവാഹാലോചന എല്ലാവര്‍ക്കും ഇഷ്ടമായി. വേളിക്ക് ശേഷവും പഠിക്കാന്‍ അയക്കാമെന്ന ഉറപ്പിന്‍മേലാണ് ഉമാദേവിയുടെ വിവാഹം നടന്നത്. പിന്നീട് അതൊന്നും പ്രായോഗികമായില്ല. ബിഎ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയി, അവര്‍ പറഞ്ഞു.

ഒരു മോനും മോളുമായി. പിന്നാലെ ശ്വാസകോശസംബന്ധമായ രോഗം മൂലം ഭര്‍ത്താവ് ജാതവേദ ഭട്ടതിരി മരിച്ചു.

ഉമാദേവിക്ക് വീടിന് പുറത്തിറങ്ങി ശീലമില്ല. ഒടുവില്‍ ജീവിക്കാനായി ബുധനൂരിലെ ട്യൂട്ടോറിയല്‍ കോളേജുകളില്‍ ക്ലാസ് എടുക്കാനിറങ്ങി. പക്ഷേ അതുകൊണ്ടെന്നും ഒന്നുമായില്ല. ഇതിനിടയില്‍ മകളുടെ വിവാഹം കഴിഞ്ഞു.

നിത്യവൃത്തിക്ക് വകയില്ലാതെ അമ്മയും സുഖമില്ലാത്ത മകനും തീര്‍ത്തും ദുരിതത്തിലായപ്പോള്‍ സഹായവുമായി പലരുമെത്തി. ഒരു ചെറിയ വീട് പണിത് നല്‍കി പഞ്ചായത്ത് അവര്‍ക്കൊപ്പം നിന്നു.

ഉമാദേവി അന്തര്‍ജ്ജനം

കിടപ്പാടം ഉറപ്പായെങ്കിലും ജീവിതം തള്ളിനീക്കാന്‍ ആ അമ്മയും മകനും ആകെ വിഷമിച്ചു.


ഒരിക്കല്‍ വീട്ടിലെത്തിയ ഒരു പരിചയക്കാരന് ഇവരുടെ ബുദ്ധിമുട്ട് മനസിലായി. അദ്ദേഹം ഇക്കാര്യം നാട്ടിലെ പ്രമുഖരുമായി പങ്കിട്ടു.

പിറ്റേന്ന് ഒരാള്‍ വീട്ടിലെത്തി ബുധനൂരിലെ കലാപോഷിണി വായനാശാല വരെ ഒന്നെത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.

“ഭര്‍ത്താവുണ്ടായിരുന്നപ്പോള്‍ അവിടെ നിന്ന് ധാരാളം പുസ്തകം എടുത്തുനല്‍കുമായിരുന്നു. പക്ഷേ ഞാനൊരിക്കലും അവിടെ പോയിട്ടുണ്ടായിരുന്നില്ല. എന്തിനാണ് വിളിക്കുന്നതൊന്നുമറിയില്ല, എന്തായാലും പോയി നോക്കാമെന്ന് കരുതിയാണ് ഞാന്‍ പോയത്,” ഉമാദേവി ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ വായനക്കാരോട് ആ കഥ പങ്കുവെയ്ക്കുന്നു.

“ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റായിരുന്ന വിശ്വംഭരപ്പണിക്കര്‍ ചോദിച്ചു, ഒരു ജോലി ഏല്‍പ്പിച്ചാല്‍ ചെയ്യാനാകുമോ എന്ന്. വലിയ വരുമാനമൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പ്രായമായില്ലേ എന്ത് ജോലി ചെയ്യാനാണ് എന്നായിരുന്നു എന്‍റെ ചിന്ത,” ഉമാദേവി പറയുന്നു.

ലൈബ്രറിയില്‍ നിന്ന് പുസ്തകമെടുത്ത് വീടുകളില്‍ എത്തിച്ച് വായനക്കാരെ കണ്ടെത്തുക എന്നതായിരുന്നു അവര്‍ ഉമാദേവിയെ ഏല്‍പ്പിച്ച ജോലി.

ശശി തരൂര്‍ സന്ദര്‍ശിച്ചപ്പോള്‍

അധികം പുറത്തിറങ്ങിയിട്ടില്ല, ആളുകളുമായി അത്ര നല്ല പരിചയവുമില്ല, എങ്കിലും ആ ജോലി സന്തോഷത്തോടെ ഉമാദേവി ഏറ്റെടുത്തു.
ആദ്യമൊക്കെ മറ്റ് വീടുകളിലേക്ക് കയറിച്ചെല്ലാന്‍ വലിയ മടിയായിരുന്നു. പിന്നീട് അതൊക്കെ മാറിയെന്ന് അവര്‍ പറയുന്നു.

പരിചയക്കാരില്‍ ചിലര്‍ മഠത്തില്‍ വന്ന് ഞങ്ങള്‍ പുസ്തകം വാങ്ങാമെന്ന് പറഞ്ഞെങ്കിലും ആ സഹായം അവര്‍ നിരസിച്ചു. വീടുകള്‍ തോറും കയറിയിറങ്ങി ഉമ്മറത്തിരുന്ന് കുശലം പങ്കിട്ട് സൗഹൃദത്തിലായി പതിയെ കുട്ടികളേയും പ്രായമായവരെയും വീട്ടമ്മമാരെയും ഉമാദേവി അക്ഷരലോകത്തിലെത്തിച്ചു.

“വായനാശീലം ഇല്ലാത്ത കുട്ടികള്‍ക്ക് ചെറിയ കഥകള്‍ അടങ്ങിയ പുസ്തകങ്ങള്‍ നല്‍കിയിട്ട് ഞാന്‍ പറയും ഇതിലുള്ള കഥയൊന്നും മുത്തശ്ശിക്കറിയില്ല വായിച്ചിട്ട് അടുത്തയാഴ്ച്ച മുത്തശ്ശി വരുമ്പോള്‍ പറഞ്ഞു തരണമെന്ന്. കുട്ടികള്‍ കഥ പറയാനായി ചെറിയ കഥാപുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. അങ്ങനെ അവര്‍ക്ക് ഞാന്‍ പുസ്തകമുത്തശ്ശിയും ടീച്ചറമ്മയുമൊക്കെയായി,” അവര്‍ ചിരിക്കുന്നു.

പിന്നീട് കാണുമ്പോള്‍ പുസ്തകമുത്തശ്ശി വരുന്നേ എന്ന് പറഞ്ഞ് കുട്ടികള്‍ ആഹാരത്തിന് മുന്നില്‍ നിന്നുപോലും ആര്‍ത്തുവിളിച്ചോടി വരാന്‍ തുടങ്ങിയെന്നും ഉമാദേവി കൂട്ടിച്ചേര്‍ത്തു.

പ്രായമായവര്‍ക്ക് അധ്യാത്മിക-പുരാണകഥകള്‍, വീട്ടമ്മമാര്‍ക്ക് നോവലുകള്‍, കൗമാരക്കാര്‍ക്ക് ഡിറ്റക്ടീവ് നോവലും ക്രൈം നോവലുകളും…അങ്ങനെ ഓരോ തരക്കാരുടെയും ഇഷ്ടത്തിന് അനുസരിച്ചുള്ള പുസ്തകങ്ങള്‍ തുണിസഞ്ചിയിലാക്കി തോളില്‍ തൂക്കിയാണ് ഉമാദേവി രാവിലെ വീട്ടില്‍ നിന്നിറങ്ങുന്നത്.

ഇരുനൂറിലധികം അംഗങ്ങളുടെ വീടുകളിലാണ് ഉമാദേവി പുസ്തകമെത്തിക്കുന്നത്.

“ഇത്രയും ചുമന്ന് നടക്കുന്നത് ബുദ്ധിമുട്ടാകില്ലേ, കുറച്ചു പുസ്തകങ്ങള്‍ കൊണ്ടുപോയാല്‍ പോരേ,” എന്ന് ആരെങ്കിലും ചോദിച്ചാല്‍ വായനക്കാര്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരം കുറയുമെന്നാണ് ഉമാദേവിയുടെ മറുപടി. ചുമക്കാന്‍ കഴിയുന്നത്ര പുസ്തകം അന്നുമിന്നും അവരുടെ സഞ്ചിയിലുണ്ട്.

ഇരുനൂറിലധികം അംഗങ്ങളുടെ വീടുകളിലാണ് ഉമാദേവി പുസ്തകമെത്തിക്കുന്നത്. 20 രൂപ നല്‍കിയാല്‍ വായനശാലയില്‍ അംഗത്വമെടുക്കാം. മാസംതോറും ഇവരില്‍ നിന്ന് പത്ത് രൂപ വരിസംഖ്യയായി സ്വീകരിച്ച് രണ്ട് പുസ്തകം വീതം നല്‍കും.


“ഒരിക്കല്‍ ഇന്‍സ്പെക്ഷന്‍റെ ഭാഗമായി ആലപ്പുഴയില്‍ ജില്ലാ ലൈബ്രറിയില്‍ എത്തണമെന്ന് പറഞ്ഞു. അന്ന് എന്‍റെ റെക്കോഡില്‍ ചുമന്ന വര വീണു.


“വിതരണം ചെയ്യുന്ന പുസ്തകത്തിന്‍റെ നമ്പര്‍ രജിസ്റ്റര്‍ ബുക്കില്‍ കൃത്യമായി രേഖപ്പെടുത്താത്തതിനായിരുന്നു അത്. മൂന്ന് മാസത്തെ അലവന്‍സ് തടഞ്ഞുവയ്ക്കുകയും ചെയ്തു.

“ആ ശിക്ഷ എനിക്ക് വലിയ പാഠമായിരുന്നു. കൂടുതല്‍ ഉത്തരവാദിത്തത്തോടെ ജോലി ചെയ്യാന്‍ അങ്ങനെ ഞാന്‍ പഠിച്ചു. അതില്‍ പിന്നീട് ഏറ്റെടുത്ത ജോലിയില്‍ ഒരു വീഴ്ച്ചയും ഞാന്‍ വരുത്തിയിട്ടില്ല.”

ഇപ്പോള്‍ ഉമാദേവി അന്തര്‍ജ്ജനത്തെ മാതൃകയാക്കണമെന്നാണ് മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന നിര്‍ദേശം. മറ്റുള്ളവരെ അക്ഷരങ്ങളിലൂടെ ജീവിതം പഠിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ താന്‍ ജീവിതത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുകയായിരുന്നെന്നും ഉമാദേവി പറഞ്ഞു.

വലിയ തന്ത്രി കുടുംബത്തിന്‍റെ ചരിത്രം രേഖകളാക്കുന്നതിന്‍റെ ഭാഗമായി വിവരങ്ങള്‍ ശേഖരിക്കാന്‍ ഉമാദേവിയെ അന്വേഷിച്ച് ഒരിക്കല്‍ കുറച്ചുപേരെത്തി. രേഖപ്പെടുത്തുന്ന ചരിത്രത്തെക്കാള്‍ വലുത് നേരിടേണ്ടിവരുന്ന അനുഭവങ്ങളാണെന്നായിരുന്നു അവരോട് ഉമാദേവിക്ക്  പറയാനുണ്ടായിരുന്നത്. അന്ന് അക്കൂട്ടത്തിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനാണ് അവരുടെ അസാധാരണ ജീവിതം ശ്രദ്ധിച്ചതും ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതും.

ഒരു ഗ്രാമത്തില്‍ പകലന്തിയോളം നടന്നുവലഞ്ഞ് അക്ഷരസ്നേഹികളെ സൃഷ്ടിക്കുന്ന അവര്‍ അങ്ങനെ ആദ്യമായി പൊതുവേദികളിലെത്താന്‍ തുടങ്ങി. ഏല്‍പ്പിച്ച ജോലി ഉത്തരവാദിത്തത്തോടെയും സമര്‍പ്പണബോധത്തോടെയും ചെയ്യുക വഴി നൂറുകണക്കിനാളുകളെയാണ് അവര്‍ വായനാശീലമുള്ളവരാക്കിയത്.

ഒരു വനിതാദിനത്തില്‍ ചെങ്ങന്നൂരിലെ ക്രിസ്ത്യന്‍ കോളെജില്‍ നിന്ന് അതിഥിയായി പങ്കെടുക്കാന്‍ ക്ഷണം കിട്ടിയത് അവിസ്മരണീയമായ അനുഭവമായിരുന്നെന്ന് ഉമാദേവി പറഞ്ഞു. വലിയ സദസിന് മുന്നില്‍ ആദരിക്കപ്പെട്ടപ്പോള്‍ സരസ്വതീദേവിയുടെ അനുഗ്രഹമായി ഉമാദേവി അതിനെ ഏറ്റുവാങ്ങി. പിന്നീട് ഒട്ടേറെ സ്‌കൂളുകളിലും പൊതുവേദികളിലും അവര്‍ ആദരിക്കപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തില്‍ ലൈബ്രറിയിലെ ഒരുപാട് പുസ്തകങ്ങള്‍ നഷ്ടമായി. (Image for representation only. Photo source: Pixabay.com)

ഓരോ വേദിയില്‍ നിന്നും കിട്ടിയ പൊന്നാടകളുടെ എണ്ണം പോലും കൃത്യമായി സൂക്ഷിക്കുന്നുണ്ട് ബുധനൂരിന്‍റെ പുസ്തകമുത്തശ്ശി. അതേക്കുറിച്ച് അവര്‍ പറയുന്നതിങ്ങനെ:
“സ്‌കൂള്‍ പഠനം കഴിയുമ്പോള്‍ പെണ്‍കുട്ടികളുടെ ഓട്ടോഗ്രാഫില്‍ കുറിക്കപ്പെടുന്ന ഒരു വാക്യമുണ്ട്. ‘അടുക്കളയാകുന്ന സാമ്രാജ്യത്തില്‍ ചിരവയാകുന്ന സിംഹാസനത്തില്‍ വാണരുളുമ്പോള്‍ ഈ എളിയ കൂട്ടുകാരിയെ ഓര്‍മ്മിക്കണേ’ എന്ന്. അത്രമാത്രം പരിമിതമായിരുന്നു പെണ്‍കുട്ടികളുടെ ലോകം. അവിടെനിന്നാണ് ഞാന്‍ ഈ വേദിയില്‍ എത്തിയതെന്ന് എന്നെ ആദരിക്കുന്നവരോട് ഞാന്‍ പറയാറുണ്ട്.

“എവിടെയും എപ്പോഴും സ്നേഹത്തോടെ പുഞ്ചിരിച്ചുകൊണ്ട് എതിരേല്‍ക്കാന്‍ ആളുകള്‍ ഉള്ളത് എത്ര വലിയ കാര്യമാണ്. ശിഷ്യരില്‍ ചിലര്‍ ചെറിയ രീതിയിലാണെങ്കിലും സാമ്പത്തികസഹായം ചെയ്യാറുണ്ട്. പക്ഷേ ധനത്തില്‍ എനിക്ക് മോഹമില്ല. പണസമ്പത്തിനേക്കാള്‍ എന്നും നല്ലത് ജനസമ്പത്താണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.”

പത്ത് രൂപയ്ക്ക് പത്തുരൂപയുടെ വിലയേ ഉള്ളു എന്നും പക്ഷേ ജനങ്ങള്‍ നല്‍കുന്ന വില വലുതാണെന്നും ഉമാദേവി പറയുന്നു. ചെറിയ വിഷമമുണ്ടാക്കുന്ന രീതിയില്‍ ഒറ്റപ്പെട്ട കുത്തുവാക്കുകളും ഇടയ്ക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതൊന്നും അവര്‍ കാര്യമാക്കുന്നില്ല.

മഠത്തിലെ മുറിക്കുള്ളില്‍ ഒതുങ്ങേണ്ട തന്നെ ലോകം അറിഞ്ഞതിന് കാരണം അക്ഷരങ്ങളാണ്. പറ്റുന്നിടത്തോളം ആ അക്ഷരപൂജ തുടരുമെന്നും അവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വെള്ളം കയറി വായനാശാലയിലെ ഒരുപാട് പുസ്തകങ്ങള്‍ നഷ്ടപ്പെട്ടുപോയ സങ്കടമുണ്ട് ഉമാദേവിക്ക്.

പിന്നീട് പലഭാഗത്ത് നിന്നായി ധാരാളം പുസ്തകങ്ങള്‍ കിട്ടി. എങ്കിലും അതിന് ശേഷം വായനക്ക് ഒരു മാന്ദ്യം വന്നോ എന്ന സംശയവും അവര്‍ക്കുണ്ട്. എങ്കിലും പതിവ് തെറ്റിക്കാതെ ആഴ്ച്ചയില്‍ മൂന്നാല് ദിവസമെങ്കിലും പുസ്തകസഞ്ചിയുമായി ഇറങ്ങും.

മഠത്തിലെ മുറിക്കുള്ളില്‍ ഒതുങ്ങേണ്ട തന്നെ ലോകം അറിഞ്ഞതിന് കാരണം അക്ഷരങ്ങളാണ് എന്ന് ഉമാദേവി പറയുന്നു. (Image for representation only. Photo source. pixabay.com)

പ്രായമാകുംതോറും പുസ്തകസഞ്ചിയുമായുള്ള നടത്തം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സൈക്കിളില്‍ പുസ്തകങ്ങള്‍ വച്ച് തനിക്കൊപ്പം വരണമെന്ന് ഇവര്‍ മകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പറ്റുന്നിടത്തോളം ബുധനൂരിലെ അക്ഷരപ്രേമികള്‍ക്ക് മുടങ്ങാതെ പുസ്തകമെത്തിച്ചു നല്‍കണം. ബുധനൂര്‍ ഈസ്റ്റ്, വെസ്റ്റ്, തയ്യൂര്‍, എണ്ണയ്ക്കാട്, കടമ്പൂര്‍, കോളച്ചിറ, തോപ്പില്‍ ചന്ത എന്നിവിടങ്ങളിലാണ് നടന്ന് എത്തേണ്ടത്.

ഒരാഴ്ച്ച കണ്ടില്ലെങ്കില്‍ പുസ്തകമില്ലേ എന്ന് ആളുകള്‍ അന്വേഷിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. കുട്ടികള്‍ക്ക് കവിതാമത്സരങ്ങളിലും മറ്റും പങ്കെടുക്കാന്‍ ഉപകാരപ്പെടുന്ന പുസ്തകങ്ങളും ഉമാദേവി തെരഞ്ഞെടുത്ത് എത്തിക്കാറുണ്ട്.

കുടുംബത്തിന്‍റെ ദു:സ്ഥിതി മനസിലാക്കിയാണ് ഉമാദേവിക്ക് ചെറിയൊരു ജോലി നല്‍കിയതെന്ന് അഡ്വ വിശ്വംഭരപ്പണിക്കര്‍ ടി ബി ഐ യോട് പറഞ്ഞു. ഏല്‍പ്പിച്ച ജോലി പൂര്‍ണമനസോടെയും അര്‍പ്പണഭാവത്തോടെയും അവര്‍ ഏറ്റെടുത്തന്നെും ഇപ്പോള്‍ ലഭിക്കുന്ന അംഗികാരത്തിലും ആദരവിലും അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ആരില്‍നിന്നും ഒന്നും പ്രതീക്ഷിക്കാതെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ഉമാദേവി നാട്ടുകാര്‍ക്ക് പ്രിയങ്കരിയാണെന്നും അദ്ദേഹം പറയുന്നു. അവര്‍ക്ക് പറ്റുന്ന നാള്‍വരെ ലൈബ്രറിയുടെ ഫീല്‍ഡ് വര്‍ക്കറായി പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം ഉറപ്പ് നല്‍കി.


ഇതുകൂടി വായിക്കാം: കണ്ണൂരിലെ ഈ ഗ്രാമങ്ങളില്‍ വിവാഹങ്ങള്‍ മാറുകയാണ്; അതിന് നന്ദി പറയേണ്ടത് ഇവര്‍ക്കാണ്


ഉമാദേവി അന്തര്‍ജ്ജനത്തെക്കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധിച്ച എഴുത്തുകാരനും എം പിയുമായ ശശി തരൂര്‍ അവരെ നേരിട്ടുവിളിച്ചു. കാണാന്‍ ആഗ്രഹമുണ്ടെന്നും ഒരു ദിവസം വരുമെന്നും അറിയിച്ചു. തരൂര്‍ വാക്ക് തെറ്റിച്ചില്ല.

2018-ല്‍ ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ അദ്ദേഹം അവരുടെ വീട്ടിലുമെത്തി. “രാവിലെ പുസ്തകസഞ്ചിയുമായി ഞാനിറങ്ങാന്‍ തുടങ്ങിയപ്പോഴാണ് കുറച്ചുപേര്‍ വലിയ കാറില്‍ എത്തിയത്. തരൂര്‍ വരുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. തനിക്കും വായനയോടും പുസ്തകത്തോടും അഭേദ്യമായി ബന്ധമുള്ളതുകൊണ്ട് ഉമാദേവി ഇങ്ങനെ പ്രവര്‍ത്തിക്കുന്നതു കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു. വീണ്ടും വരുമെന്ന് പറഞ്ഞാണ് അദ്ദേഹം പോയത്,” അവര്‍ ഓര്‍ക്കുന്നു.

മറ്റൊരു സന്തോഷം കൂടി പങ്കുവയ്ക്കുന്നുണ്ട് ഉമാദേവി. ബെന്യാമന്‍റെ ആട് ജീവിതം സിനിമയായപ്പോള്‍ അതില്‍ ഒരു ചെറിയ വേഷമുണ്ട് ഈ മുത്തശ്ശിക്ക്. ചെറുകോല്‍പ്പുഴയിലായിരുന്നു ഷൂട്ടിങ്ങ്. പ്രത്യേകിച്ച് ഡയലോഗൊന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

പ്രധാനകഥാപാത്രം അവതരിപ്പിക്കുന്ന പൃഥ്വിരാജിന്‍റെ മുത്തശ്ശിയായാണ് ചിത്രത്തില്‍ താന്‍ വരികയെന്ന് പിന്നീട് അറിഞ്ഞെന്നും ഉമാദേവി പറഞ്ഞു.

(Image for representation only. Photo source. pixabay.com)

എല്ലാവര്‍ക്കും പുസ്തകം നല്‍കി വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഉമാദേവിക്ക് പക്ഷേ ജീവിതപ്രാരാബ്ധം കാരണം ഇപ്പോള്‍ വായിക്കാന്‍ തീരെ സമയം കിട്ടുന്നില്ല.

പുസ്തകം തിരികെ വാങ്ങാനെത്തുമ്പോള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണെന്നൊക്കെ വായിച്ചവര്‍ പറയാറുണ്ട്. വായിക്കണമെന്ന് കരുതി അത്തരം പുസ്തകങ്ങള്‍ മാറ്റിവയ്ക്കുമെങ്കിലും വായന നടക്കാറില്ലെന്ന് ഉമാദേവി സങ്കടം പറഞ്ഞു.

വായിച്ച പുസ്തകങ്ങളില്‍ ഇന്നും ഇഷ്ടം ലളിതാംബിക അന്തര്‍ജ്ജനത്തിന്‍റെ അഗ്‌നിസാക്ഷിയാണ്. പഴയ കവിതകള്‍ മിക്കവയും കാണാപ്പാഠം ചൊല്ലാനറിയാം.  കുമാരനാശാന്‍റെയും ചെറുശ്ശേരിയുടെയുമൊക്കെ കവിതകളോടാണ് കൂടുതല്‍ താത്പര്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അപ്രതീക്ഷിതമായ ദുരന്തങ്ങളില്‍ കൂടി കയറിയിറങ്ങിയവളാണ് ഉമാദേവി. പക്ഷേ നിറഞ്ഞ സന്തോഷവും സംതൃപ്തിയുമായി ഉള്ളതുകൊണ്ട് ജീവിതത്തെ സമൃദ്ധമാക്കുന്നതാണ് അവരുടെ രീതി. എല്ലാവരെയും സ്നേഹിച്ച് ദുരിതകാലങ്ങളില്‍ ഒപ്പം നിന്നവരെയെല്ലാം നന്ദിപൂര്‍വ്വം സ്മരിച്ചാണ് ഇവരുടെ ഓരോ ദിവസവും കടന്നുപോകുന്നത്.

ഇല്ലായ്മകളുടെ കഥകള്‍ വിളിച്ചുപറഞ്ഞ് ആരോടും സഹായം അഭ്യര്‍ത്ഥിക്കാറില്ല. ആരെങ്കിലും അറിഞ്ഞ് സഹായിച്ചാല്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കും. പക്ഷേ അങ്ങനെ ആരെങ്കിലും ചെയ്യണമെന്ന ആഗ്രഹംപോലും ഈ അമ്മയ്ക്കില്ല എന്നതാണ് അവരുടെ ഏറ്റവും വലിയ ഗുണവും.


ഇതുകൂടി വായിക്കാം:  പഠനവൈകല്യമുള്ള മകനുവേണ്ടി സ്വന്തമായി സ്പെഷ്യല്‍ സ്കൂള്‍ തുടങ്ങിയ ഒരമ്മ


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം