എം.ടെക് പഠനത്തിനിടയിലും 25 ഏക്കറില്‍ ചെലവില്ലാ ജൈവകൃഷി, നാടന്‍ പശുവിന്‍റെ ചാണകവും മൂത്രവും കൊണ്ട് 10 ഉല്‍പന്നങ്ങള്‍

യുവകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സിവില്‍ എന്‍ജിനീയര്‍

പാലക്കാട് കണ്ണമ്പ്രയിലെ കുന്നംപുള്ളി തറവാട്. തലമുറകള്‍ക്ക് മുമ്പേ കൃഷി തുടങ്ങിയതാണ് ഇവിടെ.

അതുകണ്ടാണ് സ്വരൂപും തുടങ്ങുന്നത്, പത്താംക്ലാസില്‍ പഠിക്കുമ്പോള്‍. തുടക്കം കോഴിവളര്‍ത്തലായിരുന്നു.

അങ്ങനെ തുടങ്ങിയ കൃഷി എം ടെക് പഠനത്തിന്‍റെ തിരക്കിനിടയിലും തുടരുകയാണ് തറവാട്ടിലെ ഈ ഇളമുറക്കാരന്‍.

25 ഏക്കറിലാണ് നെല്ലും പച്ചക്കറികളും നാടന്‍ പശുക്കളും കോഴിയുമൊക്കെയായി സമൃദ്ധമായിരിക്കുന്നത്. ചെലവില്ലാ ജൈവകൃഷി (സീറോ ബജറ്റ് നാച്വറല്‍ ഫാമിങ്) യിലൂടെയാണ് യുവകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് വരെ നേടിയ സ്വരൂപിന്‍റെ വിജയം.

സ്വരൂപ്

മുത്തശ്ശന്‍ സേതുമാധവക്കുറുപ്പിനും തലമുറകള്‍ മുന്നേ തുടങ്ങിയതാണ് തറവാട്ടില്‍ കൃഷിയെന്ന് സ്വരൂപ്. ”എന്‍റെ മുത്തശ്ശനും മുത്തശ്ശിയും കൃഷിക്കാരായിരുന്നു. നെല്‍കൃഷിയും പശുവളര്‍ത്തലും റബ്ബറുമൊക്കെയായി വലിയ രീതിയില്‍ കൃഷി ചെയ്തുവന്നിരുന്ന തറവാടായിരുന്നു. ഞാന്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന കാലത്തു തന്നേ കൃഷിയെ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കുചേരാം. karnival.com

“അക്കാലത്തൊക്കെ മുത്തശ്ശിയോടൊപ്പം പശുവിനെ കറക്കാനും തീറ്റിക്കാനുമൊക്കെ ഞാനും പോകുമായിരുന്നു. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ തന്നെ മുന്‍കൈ എടുത്ത് കോഴികളെ വളര്‍ത്തിയിരുന്നു. അതായത് 2008-’10 കാലത്ത്,” സ്വരൂപ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് ആ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.

പ്ലസ്ടുവിലെത്തിയപ്പോള്‍ പഠനഭാരം വല്ലാണ്ടങ്ങ് കൂടി. അപ്പോഴും കൃഷി ഉപേക്ഷിക്കാന്‍ സ്വരൂപ് ഒരുക്കമല്ലായിരുന്നു.

സ്വരൂപിന്‍റെ നെല്‍പാടം

“ആ സമയത്താണ് സര്‍ക്കാര്‍ നാടന്‍ കോഴിക്കുഞ്ഞുങ്ങളെ നാട്ടില്‍ വിതരണം ചെയ്യുന്നത്. ഞാന്‍ അവയെ വാങ്ങി വളര്‍ത്താന്‍ തുടങ്ങി.” അതായിരുന്നു ശരിക്കുമുള്ള തുടക്കം.

“ഞാന്‍ പ്ലസ്ടുവിന് പഠിക്കുന്ന കാലത്തൊക്കെ വീട്ടില്‍ പാല് തരുന്ന മൂന്നാല് പശുക്കളുണ്ടായിരുന്നു. മുത്തശ്ശിയാണ് പശുവിനെ നോക്കിയിരുന്നത്. മുത്തശ്ശിക്കു വയ്യാതായതോടെ പശുവളര്‍ത്തല്‍ അവസാനിപ്പിച്ചു.”

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ സ്വരൂപ് കുള്ളന്‍ ഇനമായ വെച്ചൂര്‍ പശുക്കളെ വാങ്ങി വളര്‍ത്താന്‍ തീരുമാനിച്ചു.

ഈ ഇനം തന്നെ വാങ്ങാന്‍ പ്രധാനമായി രണ്ട് കാരണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സ്വരൂപ് പറയുന്നു. “ഒന്ന് ചെറിയ ഇനമാണ്. നോക്കി വളര്‍ത്താന്‍ കുറച്ച് എളുപ്പമാണ്. മാത്രമല്ല ഔഷധമൂല്യമുള്ള പാലാണ് വെച്ചൂര്‍ പശുവിന്‍റേത്. വീട്ടാവശ്യത്തിനുള്ള പാല് അത് തരും.”


കൃഷിയ്ക്ക് എനിക്ക് ഏറ്റവും പ്രചോദനമായത് വെച്ചൂര്‍ പശുവിന്‍റെ വരവാണ്.’


മുത്തശ്ശന്‍റെ കാലത്താണ് പരമ്പരാഗത കൃഷിരീതികളില്‍ നിന്ന് മാറി രാസവളങ്ങളും രാസകീടനാശിനികളും പറമ്പില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതെന്നാണ് സ്വരൂപ് മനസ്സിലാക്കുന്നത്. അക്കാലത്ത് നാട്ടിലാകെ കര്‍ഷകര്‍ രാസകൃഷിയിലേക്ക് മാറിയിരുന്നു.

എന്നാല്‍ തുടക്കത്തില്‍ തന്നെ ആ ചെറുപ്പക്കാരന്‍ ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു–ജൈവരീതിയിലായിരിക്കണം കൃഷിയെന്ന്.

”അതിലേക്കെത്താനുള്ള പ്രധാനമായ ഒരു കാരണം നെല്ലിന്‍റെ തണ്ടുവീഴ്ചയായിരുന്നു. എന്‍റെ നാട്ടിലെ മണ്ണിന്‍റെ പ്രത്യേകത കൊണ്ട് നെല്‍കൃഷിയ്ക്ക് രാസവളം ഉപയോഗിച്ചു കഴിഞ്ഞാല്‍ തണ്ട് ശക്തമായി വളരുകയും ഒടിഞ്ഞുപോകുകയും ചെയ്യുമായിരുന്നു. വളം ഉപയോഗിക്കാതിരുന്നാലോ, നെല്ല് പുഷ്ടിമയില്ലാത്ത അവസ്ഥയിലെത്തുകയും ചെയ്യും,” സ്വരൂപ് പറയുന്നു.

ഈ പ്രശ്‌നത്തിനെന്താണ് പരിഹാരം എന്ന് പ്ലസ് ടുവിന് പഠിക്കുമ്പോള്‍ തന്നെ സ്വരൂപ് സ്വന്തം നിലയ്‌ക്കൊരു അന്വേഷണം നടത്തി. അതാണ് ജൈവകൃഷിയിലേക്കുള്ള വഴി തുറക്കുന്നത്.

പ്രതീക്ഷിക്കുന്ന വിളവ് ലഭിക്കുമോയെന്നൊക്കെയുള്ള ആശങ്കയൊക്കെയുണ്ടായിരുന്നു. എങ്കിലും അതൊന്ന് പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു.

സുഭാഷ് പാലേക്കര്‍ പ്രചരിപ്പിക്കുന്ന ചെലവില്ലാ പ്രകൃതികൃഷി (സീറോ ബഡ്ജറ്റ് നാച്ചുറല്‍ ഫാമിംഗ്) ആണ് സ്വരൂപിനെ ആകര്‍ഷിച്ചത്. കൃഷിയിടത്തില്‍ തന്നെ കിട്ടുന്ന ജൈവവസ്തുക്കള്‍ ഉപയോഗിച്ച് വളമുണ്ടാക്കുകയും നാടന്‍ പശുവിന്‍റെ ചാണകവും മൂത്രവമൊക്കെ പ്രയോജനപ്പെടുത്തി മണ്ണിന്‍റെ ജൈവാംശം നിലനിര്‍ത്തിയുമൊക്കെയാണ് ഈ രീതിയില്‍ കൃഷി ചെയ്യുന്നത്.

“നമുക്ക് ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ചു വേണം കൃഷിയ്ക്ക് ആവശ്യമായ ജൈവവളങ്ങള്‍ തയ്യാറാക്കാന്‍. അതിന് പ്രധാനമായും പശുവിന്‍റെ ചാണകവും ഗോമൂത്രവും നിര്‍ബ്ബന്ധമാണ്. ഓര്‍ഗാനിക് ഫാമിംഗ് ചെയ്യുന്ന സ്ഥലങ്ങളില്‍ സൂക്ഷ്മജീവികള്‍ നിലനില്‍ക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തുകൊണ്ടേയിരിക്കണം.

ചെലവില്ലാ ജൈവകൃഷിയുടെ പ്രചാരകന്‍ സുഭാഷ് പാലേക്കര്‍

“കൃഷിയ്ക്കു ശേഷം വേനല്‍ക്കാലത്ത് നിലം വിണ്ടുകീറാതിരിക്കാന്‍ മണ്ണ് ഇളക്കിക്കൊടുക്കണം. അപ്പോള്‍ ഈര്‍പ്പം നിലനില്‍ക്കുകയും സൂക്ഷ്മജീവികള്‍ അവിടെ ധാരാളമായി വളരുകയും ചെയ്യും. രാസവളങ്ങള്‍ തുടര്‍ച്ചയായി പ്രയോഗിച്ച് മണ്ണിന്‍റെ സ്വാഭാവികത ഏതാണ്ട് പൂര്‍ണമായും ഇല്ലാതായ അവസ്ഥയാണ് നാമിപ്പോള്‍ കാണുന്നത്,” സ്വരൂപ് പറയുന്നു.

തറവാട്ടിലെ 25 ഏക്കര്‍ സ്ഥലത്താണ് ഈ ചെറുപ്പക്കാരന്‍റെ കൃഷി. “നെല്ലിനൊപ്പം മറ്റ് ധാന്യങ്ങളും പച്ചക്കറികളുമുണ്ട്. ആണ്ടില്‍ രണ്ടു തവണയാണ് വിളയിറക്കുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ആദ്യത്തെയും ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ രണ്ടാം വിളവും. വേനല്‍ക്കാലത്ത് നാലുമാസം കൃഷിയുണ്ടാകില്ല, ഇക്കാലത്ത് നിലം ഒരുക്കിക്കൊടുത്തുകൊണ്ടിരിക്കും.”


ഇതുകൂടി വായിക്കാം: വെറും രണ്ടര മീറ്റര്‍ സ്ഥലത്ത് 64 പച്ചക്കറികളും മീനും; 71-കാരന്‍റെ വെര്‍ട്ടിക്കല്‍ അക്വാപോണിക്സ് പരീക്ഷണം


നെല്ല് മാത്രം നാലേക്കറില്‍ കൃഷി നടത്തുന്നുണ്ട്. പ്രധാനമായും അഞ്ച് നെല്ലിനങ്ങളാണ് സ്വരൂപിന്‍റെ പാടത്ത് വിളയുന്നത്. രക്തശാലി, നവര, പിന്നെ പാലക്കാടന്‍ മട്ട ഇനത്തില്‍ പെട്ട തവളക്കണ്ണന്‍, ചിറ്റേരി കൂടാതെ നാടന്‍ കുറുവ തുടങ്ങിയവ.

പശുവിന്‍റെ ചാണകം, ജീവാമൃതം, ആട്ടിന്‍കാഷ്ടം എന്നിവയാണ് നെല്ലിന് വളമായി ഉപയോഗിക്കുന്നത്. കീടനിയന്ത്രണത്തിന് ജൈവമാര്‍ഗങ്ങളാണ് പ്രയോഗിക്കുന്നത്. രാത്രി സമയങ്ങളില്‍ പന്തം കൊളുത്തി വെയ്ക്കും. മിത്രകീടനാശിനികളെ നിലനിര്‍ത്താനും ശത്രുകീടനാശിനികളെ അകറ്റാനും പാടവരമ്പത്ത് ചെണ്ടുമല്ലി നടും.

”ജീവാമൃതവും ഘനജീവാമൃതവും ഉപയോഗിച്ചുള്ള ജൈവകൃഷിരീതിയാണ്.  കീടങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഇക്കോളജിക്കല്‍ എന്‍ജിനിയറിംഗാണ് ചെണ്ടുമല്ലി കൃഷി. ഓണക്കാലത്ത് ചെണ്ടുമല്ലി വിപണിയിലെത്തിക്കുന്നുമുണ്ട്.”

രണ്ടു വിളകളിലായി പയറ്, ഉഴുന്ന്, മുതിര തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ഇത് വീട്ടാവശ്യത്തിനുള്ളതാണ്. ഒപ്പം ഇഞ്ചി, മഞ്ഞള്‍, കുരുമുളക് എന്നിവ അന്‍പത് സെന്‍റ് സ്ഥലത്തും, ഒന്നരയേക്കറില്‍ 125 തെങ്ങും എണ്‍പതു സെന്‍റില്‍ വെണ്ടക്ക, വഴുതന, തക്കാളി, പച്ചമുളക്, ഏത്തവാഴ എന്നിവയുമുണ്ട്. 25 നാടന്‍ ആടുകളും, 50 നാടന്‍ കോഴികളും നാലു വെച്ചൂര്‍ പശുക്കളുമുണ്ട്.

”നാടന്‍ പശുവിന്‍റെ ചാണകവും മൂത്രവും ഉപയോഗിച്ച് പത്തിലധികം മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നുണ്ട്. നാടന്‍ പശുക്കള്‍ കാലത്ത് ഒഴിക്കുന്ന ആദ്യത്തെ മൂത്രം ശേഖരിച്ച് വാറ്റിയെടുത്താണ് ആര്‍ക്ക് ഉണ്ടാക്കുന്നത്. ഇതിന് ഏറെ ഔഷധഗുണങ്ങളുണ്ട്,” എന്ന് സ്വരൂപ് പറയുന്നു.

ഇത് നിര്‍മ്മിക്കാനാവശ്യമായ ഗ്ലാസ് കണ്ടെന്‍സര്‍ (ഓട്, അലുമിനിയം, സ്റ്റീല്‍, ചെമ്പ് പാത്രങ്ങളില്‍ ആര്‍ക്ക് ഉണ്ടാക്കിയെടുത്താല്‍ രാസമാറ്റം ഉണ്ടാകും) സ്വരൂപ് സ്വയം നിര്‍മ്മിച്ചതാണ്. ആയുര്‍വ്വേദ ചികില്‍സാകേന്ദ്രങ്ങളിലാണ് ആര്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്.

ചാണകപ്പൊടി ഉപയോഗിച്ച് ഭസ്മം (ക്ഷേത്രാവശ്യങ്ങള്‍ക്ക്) നിര്‍മ്മിക്കുകയും ഭസ്മം ഉപയോഗിച്ച് സോപ്പും പല്‍പ്പൊടിയും ഉണ്ടാക്കുന്നുണ്ട്. ഇന്ദുപ്പും കുരുമുളകുപൊടിയും ഭസ്മവും ഒരു പ്രത്യേകാനുപാതത്തില്‍ ചേര്‍ത്തതാണ് പല്‍പ്പൊടി.

മൂവബിള്‍ സ്റ്റെം ബോയിലിംഗ് പ്ലാന്‍റ്

”ഇന്ന് നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് നെല്ലുപുഴുങ്ങല്‍. ഇതിനായി ആവിയില്‍ നെല്ല് വേവിച്ചെടുക്കാവുന്ന ഒരു ബോയിലിംഗ് പ്ലാന്‍റ് ഞാന്‍ തന്നെ രൂപകല്പന ചെയ്തെടുത്തിട്ടുണ്ട്. മാത്രമല്ല വന്യ ജീവികള്‍ കൃഷി ആക്രമിക്കുന്നതു തടയനായി ഒരു സോളാര്‍ ഇലക്ട്രിക് ഫെന്‍സിംഗ് കൃഷിയിടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കോഴിമുട്ട വിരിയിച്ചെടുക്കുന്നതിനായി ഒരു സോളാര്‍ ഇന്‍ക്യൂബേറ്റര്‍ ഞാന്‍ നിര്‍മ്മിച്ചിട്ടുണ്ട്,”സ്വരൂപ് പറ‍ഞ്ഞു.

ഈ ഉല്‍പന്നങ്ങളെല്ലാം കുന്നംപുള്ളി ഓര്‍ഗാനിക് എന്ന പേരില്‍ വിപണിയിലെത്തിക്കുയും ചെയ്യുന്നുണ്ട്. പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, കൊല്ലം എന്നീ ആറു ജില്ലകളിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും ഓര്‍ഗാനിക് ഷോപ്പുകള്‍ വഴിയുമാണ് വില്‍പന.

സ്വരൂപിന്‍റെ പാടത്തു വിളയുന്ന നവരയും രക്തശാലിയുമൊക്കെ തവിടു കളയാതെയാണ് വിപണിയില്‍ എത്തിക്കുന്നത്. ഔഷധ നെല്ലിനങ്ങളായ ഇവയ്ക്ക് സാമാന്യം മികച്ച വിലയും കിട്ടുന്നുണ്ടെന്ന് ആ യുവകര്‍ഷകന്‍ പറഞ്ഞു. .

മറ്റ് ചില ജൈവകര്‍ഷകരുടെ ഉല്‍പന്നങ്ങളും കുന്നുംപുള്ളിയുടെ ബ്രാന്‍ഡില്‍ വില്‍ക്കുന്നുണ്ട്.  തമിഴ്നാട്ടിലെ സത്യമംഗലത്തുള്ള സുന്ദരാമയ്യരുടെ ശര്‍ക്കരയും മറ്റും ഇതിലൂടെ വില്‍ക്കുന്നു.  ആകെ 26 ഉല്‍പന്നങ്ങള്‍ ഈ ബ്രാന്‍ഡില്‍ ആളുകളിലേക്കെത്തുന്നു. കൂടുതല്‍ വിശ്വാസ്യതയ്ക്കായി ഇന്‍ഡോസെര്‍ട്ടിന്‍റെ ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ നേടിയിട്ടുമുണ്ട്.

ഇപ്പോഴും മുത്തശ്ശി ലീലാമ്മയാണ് കൃഷിയില്‍ പൂര്‍ണസഹായം നല്‍കുന്നതെന്ന് സ്വരൂപ്. “മാത്രമല്ല എന്‍റെ അച്ഛന്‍റെ മൂത്തസഹോദരന്‍ നാരായണന്‍ ഉണ്ണിയും എനിക്ക് സപ്പോര്‍ട്ടായി എപ്പോഴും എന്നോടു കൂടെയുണ്ട്. അദ്ദേഹത്തിന്‍റെ പുരയിടത്തിലാണ് ഞാന്‍ കൂടുതലായി കൃഷി നടത്തുന്നത്. മാത്രമല്ല എനിക്ക് കൃഷിയ്ക്കാവശ്യമായ സാമ്പത്തിക സഹായമൊക്കെ അദ്ദേഹം തരും. കുന്നംപുള്ളിയിലെ തറവാട്ടുസ്വത്തില്‍ കൃഷി ചെയ്യാന്‍ എനിക്ക് അനുവാദം തന്നിരിക്കുന്ന എന്‍റെ കുടുംബക്കാര്‍ എല്ലായ്പ്പോഴും എന്‍റെ കൃഷി ജീവിതത്തില്‍ എന്നോടൊപ്പമുണ്ട്.

“എല്ലാത്തിനും ഉപരി ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടും കാര്‍ഷിക വൃത്തിയില്‍ തുടരാന്‍ എനിക്ക് അനുവാദം തന്ന അച്ഛന്‍ രവീന്ദ്രന് (ആലത്തൂര്‍ ബാറിലെ അഭിഭാഷകന്‍), അമ്മ (അക്കൗണ്ടന്‍റ്) പിന്നെ ദന്ത ഡോക്ടര്‍ കൂടിയായ സഹോദരി എല്ലാവരും എന്‍റെ വിജയത്തിനു പിന്നിലുണ്ട്,” സ്വരൂപ് പറഞ്ഞു.

ഹെന്‍ട്രി സരോ

”എന്‍റെ ജീവിതത്തിലെ വലിയ വഴിത്തിരിവുകളിലൊന്നാണ് ഹെന്‍ട്രി സരോയെ കണ്ടുമുട്ടിയത്. ജൈവകര്‍ഷകനും കേരളത്തിലെയും സമീപ സംസ്ഥാനങ്ങളിലെയും ജൈവ കര്‍ഷകരുടെ ഏകോപിപ്പിക്കുന്ന ആള്‍ കൂടിയാണ് സരോ. ജൈവകര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്തു നല്‍കുകയെന്നതാണ് ഹെന്‍ട്രിയുടെ രീതി.

ഒരിക്കല്‍ നെല്ല് പ്രൊസസ് ചെയ്യാന്‍ പോയസമയത്താണ് ഞാനിദ്ദേഹത്തേ പരിചയപ്പെടുന്നത്. അന്നദ്ദേഹം പൊക്കാളി നെല്ല് പ്രൊസസ് ചെയ്യാന്‍ അവിടെയെത്തിയതായിരുന്നു.പലപ്പോഴും കണ്ടുള്ള ആ പരിചയം വളര്‍ന്നു. പിന്നീടുള്ള എന്‍റെ യാത്രകളൊക്കെ അദ്ദേഹത്തിനൊപ്പമായി. ജൈവകൃഷിയുടെ നൂതന ആശയങ്ങള്‍ കണ്ടെത്താനും പ്രോല്‍സാഹിപ്പിക്കാനുമായി അദ്ദേഹത്തിനൊപ്പം ഞാന്‍ വിവിധയിടങ്ങളില്‍ സഞ്ചരിച്ചു.

ആ യാത്രയിലൂടെ നിരവധി കര്‍ഷകരുമായി പരിചയപ്പെടുന്നതിനും അവരുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനും എനിക്ക് കഴിഞ്ഞു. യാത്രകളൊരുപാടിഷ്ടപ്പെടുന്ന എനിക്ക് ഹെന്‍ട്രിയോടൊപ്പമുള്ള യാത്രകള്‍ ഒരുപാട് അറിവ് പകര്‍ന്നു തന്നു. ഒരു പക്ഷെ ജൈവകൃഷി രീതിയിലെന്‍റെ ഗുരുതുല്യന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ കഴിയും. കരിമ്പു കൃഷിയില് രാജ്യത്തെ മുടിചൂടാമന്നന്‍മാരിലൊരാളായ അന്തോണിയുമായൊക്കെ എനിക്കു പരിചയപ്പെടാന്‍ കഴിഞ്ഞത് ഹെന്‍ട്രിയുമായുള്ള പരിചയത്തേ തുടര്‍ന്നാണ്,” സ്വരൂപ് അദ്ദേഹത്തോടുള്ള കടപ്പാട് വെളിപ്പെടുത്തുന്നു.

പഠനവും കൃഷിയും

പഠനവും കൃഷിയും ഒരുമിച്ചു കൊണ്ടുപോകുന്നതിന് സ്വരൂപ് കൃത്യമായ വര്‍ക്ക് ഷെഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്. അതിരാവിലെ എഴുന്നേല്‍ക്കും. ആ സമയം പൂര്‍ണമായും കൃഷിയ്ക്കായാണ് മാറ്റി വെച്ചിരിക്കുന്നത്. രാത്രി കാലങ്ങളിലാണ് മിക്കവാറും പഠനം. ബി ടെക് ചെയ്തുകൊണ്ടിരുന്നപ്പോള്‍ അസൈന്‍മെന്‍റുകളും പ്രൊജക്ടുകളും ഒക്കെ പൂര്‍ത്തിയാക്കുന്നതിന് സുഹൃത്തുക്കള്‍ സഹായിച്ചിരുന്നുവെന്ന് സ്വരൂപ് ഓര്‍ക്കുന്നു.

”കര്‍ഷകനാകാന്‍ താല്‍പര്യമുണ്ടായിരുന്ന ഞാന്‍ എന്തുകൊണ്ട് ഉന്നതപഠനത്തിനായി സിവില്‍ എന്‍ജിനിയറിംഗ് തിരഞ്ഞെടുത്തു എന്ന ചോദ്യം പലപ്പോഴും ഉണ്ടായിരുന്നു. ഒന്ന് സിവില്‍ എന്‍ജിനിയറിംഗ് എനിക്കിഷ്ടമായിരുന്നു. പിന്നെ, വീടിനടുത്തുള്ള കോളേജില്‍ അഡ്മിഷന്‍ ലഭിച്ചു. മാത്രമല്ല ഇക്കോ ഫ്രണ്ട്ലി വീടുകള്‍ നിര്‍മ്മിക്കുകയെന്നതും എന്‍റെ സ്വപ്നമായിരുന്നു.ഈ സ്വപ്നം തന്നെയാണ് പിന്നീട് എംടെക്ക് പഠനത്തിലേക്ക് എന്നേ എത്തിച്ചതും (ഇപ്പോള്‍ മൂന്നാം സെമസ്റ്റര്‍ എംടെക്ക് വിദ്യാര്‍ത്ഥിയാണ് സ്വരൂപ്.)

ബിടെക്ക് പൂര്‍ത്തിയാക്കി മുഴുവന്‍ സമയ കര്‍ഷകനായ സ്വരൂപിനെ തേടി 2017 ലാണ് സംസ്ഥാന യുവജന ബോര്‍ഡിന്‍റെ മികച്ചകര്‍ഷകനുള്ള യുവകര്‍ഷക അവാര്‍ഡ് എത്തുന്നത്, കാര്‍ഷിക പ്രതിഭയ്ക്കുള്ള നിരവധി അവാര്‍ഡുകള്‍ വേറെയും.


ഇതുകൂടി വായിക്കാം: തീവ്രവാദവും ദാരിദ്ര്യവും ദുരിതം വിതച്ച ഗാരോ കുന്നുകളില്‍ റബര്‍ കൃഷിയിലൂടെ വലിയ മാറ്റം കൊണ്ടുവന്ന മലയാളി സ്ത്രീ


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം