‘ദേ, നീ രാത്രി ഒറ്റയ്ക്ക് പുറത്തൊന്നും നടക്കാനിറങ്ങരുത്, പ്രത്യേകിച്ചും മാര്‍ക്കെറ്റിന്‍റെ ഭാഗത്തേക്കൊന്നും പോകരുത്…’
എന്‍റെ വീട് ലഡാക്കിലെ ലേയിലാണ്. അവധിക്ക് വീട്ടില്‍ ചെല്ലുമ്പോഴൊക്കെ ഞാന്‍ സ്ഥിരമായി കേള്‍ക്കുന്ന മുന്നറിയിപ്പാണിത്.
‘അതെന്താ’ എന്ന് ചോദിച്ചാല്‍ അച്ഛനും അമ്മയും ഒരുപോലെ പറയും: “എന്തിനാ വെറുതെ നായ്ക്കളുടെ കടിയേല്‍ക്കുന്നത്?”
തെരുവുനായ്ക്കളുടെ ശല്യം ഞങ്ങളുടെ നാട്ടില്‍ വളരെ രൂക്ഷമാണ്. അവ കൂട്ടംകൂടി വന്ന് ആളുകളെ ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുമുണ്ട്. പട്ടികളുടെ കടിയേല്‍ക്കുന്നതും സ്ഥിരം സംഭവമാണ്. അതുകൊണ്ടാണ് ഈ ഭയം.
നിങ്ങളുടെ അരുമ മൃഗങ്ങള്‍ മെച്ചപ്പെട്ട പരിചരണവും പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളും അര്‍ഹിക്കുന്നില്ലേ…? സന്ദര്‍ശിക്കൂ. Karnival.com
ലേയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്കും തെരുവുനായ്ക്കളെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കാറുണ്ട്.
ഹിമാലയത്തിന്‍റെ ഉച്ചിയിലുള്ള ഞങ്ങളുടെ ജില്ലയില്‍ എത്ര തെരുവുനായ്ക്കളുണ്ട് എന്നതിനെക്കുറിച്ച് ഈയടുത്തൊന്നും സര്‍വ്വേ നടന്നിട്ടില്ല. എന്നാല്‍ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത് പതിനായിരം മുതല്‍ പതിനൊന്നായിരം വരെ കാണുമെന്നാണ്. അതായത് മൊത്തം മനുഷ്യരുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ 8 ശതമാനം. ലേയിലെ ജനസംഖ്യ 2011-ലെ കണക്കുപ്രകാരം 1,33,000 ആണ്.
ലേയിലെ ഏറ്റവും വലിയ ആശുപത്രി സോനം നോര്‍ബു മെമ്മോറിയല്‍ ഹോസ്പിറ്റലാണ്. അവിടെ പട്ടികടിയേറ്റ് ദിവസവും ശരാശരി അഞ്ച് പേരെങ്കിലും എത്തുന്നതാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കഴിഞ്ഞ ഒന്നരദശകത്തില്‍ ലഢാക്കിലെ തെരുവുപട്ടികളുടെ എണ്ണം പല മടങ്ങായിട്ടുണ്ടാവണം.
മൃഗസംരക്ഷണ വകുപ്പിലെ ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറായ ഡോ. സ്റ്റാന്‍സിന്‍ റബ്ഗീസുമായി ദ് ബെറ്റര്‍ ഇന്‍ഡ്യ സംസാരിച്ചു.
“അലഞ്ഞുതിരിയുന്ന നായ്ക്കള്‍ നമ്മുടെ ഇകോസിസ്റ്റത്തിന്‍റെ ഭാഗമായിട്ട് പലതലമുറകള്‍ കഴിഞ്ഞു. ലേയില്‍ ടൂറിസം വ്യവസായം വളര്‍ന്നതോടെ ഇതൊരുവലിയ പ്രശ്‌നമായി മാറുകയായിരുന്നു.
“ഹോട്ടലുകളില്‍ നിന്നും റെസ്‌റ്റോറന്‍റുകളില്‍ നിന്നുമുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ വര്‍ദ്ധിച്ചുവെന്നതാണ് ഒരു പ്രശ്‌നം. ഭക്ഷണം കൂടുതല്‍ കിട്ടുന്ന ഇടങ്ങളില്‍ പട്ടികള്‍ കൂടുതലായി കാണപ്പെടുന്നത് സ്വാഭാവികമാണല്ലോ.
“നല്ല ഭക്ഷണം കിട്ടുന്നതുകൊണ്ട് അവ വളരെ ആരോഗ്യമുള്ളവയുമാണ്. അതിനാല്‍ പ്രസവിക്കുമ്പോള്‍ എട്ടുംപത്തും കുഞ്ഞുങ്ങളുണ്ടാകും. അങ്ങനെയാണ് തെരുവുനായ്ക്കളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന തന്നെ ഉണ്ടായത്,” അദ്ദേഹം പറയുന്നു.
വെറ്റിനറി സര്‍ജന്‍ ആയ ഡോ. സ്റ്റാന്‍സിന്‍ തക്‌ചോസ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നു: “ലേയില്‍ മഞ്ഞുകാലമാവുമ്പോള്‍ ഹോട്ടലുകളും റെസ്‌റ്റോറന്‍റുകളും അടച്ചിടും. അക്കാലത്ത് തെരുവുപട്ടികള്‍ക്ക് ആവശ്യത്തിന് ഭക്ഷണം കിട്ടില്ല. വിശപ്പുകൊണ്ട് അക്ഷമരായ അവര്‍ വളര്‍ത്തുമൃഗങ്ങളേയും മനുഷ്യരേയുമൊക്കെ ആക്രമിക്കുന്നു.”
2014 ഡിസംബറില്‍ സാസ്‌പോള്‍ ഗ്രാമത്തില്‍ ഒരു യുവതിയെ ഒരുകൂട്ടം നായ്ക്കള്‍ കടിച്ചുകൊന്നു. അന്ന് 20 തെരുവുനായ്ക്കളെ കൊല്ലാന്‍ പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു. എന്നാല്‍ ഇതിനെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ എതിര്‍ത്തു.
മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും മാത്രമല്ല, വന്യജീവികള്‍ക്കും ദേശാടനപ്പക്ഷികള്‍ക്കുമൊക്കെ പട്ടികള്‍ ഭീഷണിയായി മാറി. ഹിമപ്പുലി (snow leopard), കൊക്കുകള്‍, ഉറിയാല്‍ (ഹിമാലയന്‍ പര്‍വ്വതദേശങ്ങളില്‍ കാണുന്ന കാട്ടാടുകള്‍), നീലയാട്, കരടി തുടങ്ങിയവയെയൊന്നും നായ്ക്കൂട്ടം വെറുതെ വിട്ടില്ല.
എണ്‍പതുകളിലും തൊണ്ണൂറുകളും ആളുകള്‍ പ്രശ്‌നക്കാരായ പട്ടികളെ കൊന്നൊടുക്കാന്‍ ശ്രമിച്ചു. ചിലപ്പോള്‍ അധികൃതര്‍ തന്നെ കൂട്ടമായി അവയെ വെടിവെച്ചിടുന്നതും, വിഷം കൊടുത്തു കൊല്ലുന്നതും പതിവായിരുന്നു. ജമ്മു-കശ്മീര്‍ പൊലീസിന്‍റെ സഹായത്തോടെയാണ് നായ്ക്കളെ കൂട്ടമായി വെടിവെച്ചുകൊന്നിരുന്നത്.
എന്നാല്‍ അതിക്രൂരമായ ഈ നടപടികള്‍ക്കെതിരെ മൃഗങ്ങളെ സ്‌നേഹിക്കുന്നവര്‍ രംഗത്തെത്തി. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ നിരോധിക്കുന്ന നിയമം 1960 മുതല്‍ നിലവിലുണ്ടെന്ന് സാധാരണ ജനങ്ങള്‍ മനസ്സിലാക്കുന്നതും അക്കാലത്താണ്.
അതിന് ശേഷം അത്തരം കടുത്ത നടപടികള്‍ നിര്‍ത്തിവെച്ചു. സൊസൈറ്റി ഫോര്‍ പ്രിവെന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി എഗെന്‍സ്റ്റ് ആനിമല്‍സ് (SPCA) പോലുള്ള സംഘടനകള്‍ മൃഗങ്ങളെ ഉപദ്രവിക്കാതെയും കരുണയോടെയും പരിഗണിക്കണമെന്നതിനെക്കുറിച്ചൊക്കെ കുട്ടികള്‍ക്കിടയില്‍ പോലും പ്രചാരണം നടത്തി. അരുമകളെ വാങ്ങുന്നതല്ല ദത്തെടുക്കുന്നതാണ് നല്ലതെന്ന് അവര്‍ പ്രചരിപ്പിച്ചു…അങ്ങനെ ചെറുതും വലുതുമായ പ്രചാരണ പരിപാടികള്‍ നടത്തി.
ഒപ്പം ഭരണകൂടവും ചില മാതൃകാപരമായ നടപടികള്‍ സ്വീകരിച്ചു. നായ്ക്കളുടെ എണ്ണം കുറയ്ക്കാനുള്ള ജനനനിയന്ത്രണ (Animal Birth Control-ABC) പദ്ധതിയായിരുന്നു ഇതില്‍ പ്രധാനം. അത്തരമൊരു പൈലറ്റ് പ്രോജക്ട് ജില്ലാ ഭരണകൂടം 2013-ല്‍ തുടങ്ങിവെച്ചു.
തുടക്കത്തില്‍ അതിന് വേണ്ട ഫണ്ടൊക്കെ കുറവായിരുന്നുവെന്ന് ഡോ. റബ്ഗീസ് പറയുന്നു. 64-ലക്ഷം രൂപയുടെ ഒരു പദ്ധതി രൂപരേഖയാണ് സമര്‍പ്പിച്ചത്. അതില്‍ നായ്ക്കളുടെ വന്ധ്യംകരണം ആയിരുന്നു പ്രധാനം. അതിനായി പട്ടിപിടുത്തത്തില്‍ വിദഗ്ദരായവരെ കണ്ടെത്തി. ലേയ്ക്ക് പുറത്തുനിന്ന് രണ്ട് മൃഗഡോക്ടര്‍മാരെയും കൊണ്ടുവന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 4,019 പട്ടികളെ വന്ധ്യംകരിച്ചുകഴിഞ്ഞുവെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ മൂന്നരമാസത്തിനുള്ളില്‍ മാത്രം 790 ശസ്ത്രക്രിയ നടത്തി. ബ്ലൂ ക്രോസ് എന്ന സംഘടനയും കൂടും വലയുമൊക്കെ നല്‍കി ഇതിനോട് സഹകരിക്കുന്നു.
മറ്റ് ചില സംഘടനകളും രംഗത്തെത്തി. ലഢാക്ക് ആനിമല്‍ കെയര്‍ സൊസൈറ്റി, വെറ്റ്‌സ് ബിയോണ്ട് ബോഡേഴ്‌സ് തുടങ്ങിയവ എ.ബി.സി പദ്ധതികളില്‍ സഹായവുമായെത്തി. യങ് ദ്രുക്പ അസോസിയേഷന്‍ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് ലേയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ തെരുവുനായ്ക്കള്‍ക്കായി ഒരു കേന്ദ്രം ആരംഭിച്ചു.
ഇതുകൂടി വായിക്കാം: കയറില്ല, കറവയുമില്ല: 44 നാടന്‍ പശുക്കള്‍ക്കും 20 പട്ടികള്‍ക്കും 60 സെന്‍റില്‍ സ്വസ്ഥമായ താവളമൊരുക്കി, അവര്‍ക്കൊപ്പം ജീവിക്കുന്ന മുന്‍ നേവല്‍ എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍
എ.ബി.സി അടക്കമുള്ള പദ്ധതികള്‍ പലതും നടത്തിയിട്ടും തെരുവുനായ്ക്കളുടെ എണ്ണത്തില്‍ കാര്യമായ കുറവൊന്നും ഉണ്ടായിട്ടില്ല. അഞ്ചോ ആറോ വര്‍ഷമെടുക്കും ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലം കാണാന്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഭാഗ്യവശാല്‍ പട്ടികടിയേറ്റ് പേബാധ ഉണ്ടാകുന്ന കേസുകള്‍ ഇവിടെ ഇല്ലെന്ന് തന്നെ പറയാം.
“ഞാന്‍ 2001-ല്‍ ചാര്‍ജ്ജ് എടുത്തതിന് ശേഷം ഇതുവരെ പട്ടികടിയേറ്റ് പേബാധിച്ച ഒരു കേസ് പോലും വന്നിട്ടില്ല. 2010-ല്‍ ചുഷൂല്‍ ഗ്രാമത്തില്‍ പേബാധയേറ്റ കന്നുകാലികളെക്കുറിച്ച് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ അത് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയില്ല,” ഡോ. റബ്ഗീസ് പറയുന്നു.
മറ്റ് നഗരങ്ങളെപ്പോലെയല്ല, ലേയില്‍ തെരുവുനായ്ക്കളെ പിടിക്കുന്നത് അത്ര എളുപ്പമല്ല. വിശാലമായ മലഞ്ചെരിവുകളും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും ഒരുപാടുണ്ട്. പ്രാദേശിക ഭരണകൂടം പട്ടിയെപ്പിടിക്കാനുള്ള ടീമിന് പരിശീലനം ഒക്കെ കൊടുക്കുന്നുണ്ട്. എങ്കിലും ആ ജോലി അത്ര എളുപ്പമല്ലെന്ന് അധികൃതരും മനസ്സിലാക്കുന്നുണ്ട്.
ഒരു പ്രധാനപ്പെട്ട നിര്‍ദ്ദേശം വന്നത് ഭക്ഷണാവശിഷ്ടങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സംസ്‌കരിക്കുകയെന്നതാണ്. ഹോട്ടലുകളില്‍ നിന്നും പട്ടാളക്യാമ്പുകളില്‍ നിന്നും പുറംതള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളാണ് ഈ പട്ടികളുടെ പ്രധാന ഭക്ഷണം.
“ഞങ്ങള്‍ ഈയിടെ പട്ടാളക്യാമ്പുകളുടെ അധികൃതരുമായി സംസാരിച്ചിരുന്നു. അവിടെയുണ്ടാവുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ വേര്‍തിരിച്ചെടുത്ത് സ്റ്റെറിലൈസ് ചെയ്യപ്പെട്ട പട്ടികള്‍ക്ക് പ്രത്യേക സ്ഥലങ്ങളില്‍ വെച്ച് നല്‍കാനുള്ള ഒരു പരിപാടി ആലോചിക്കുന്നുണ്ട്,” ഡോ. റബ്ഗീസ് പറഞ്ഞു.
“എല്ലാ തെരുവുപട്ടികളും അക്രമകാരികളല്ല,” ലേ സ്വദേശിയായ സോനം വാങ്ചുക് പറയുന്നു. “അക്രമം കാണിക്കുന്നവയെ പ്രത്യേകം ഷെല്‍റ്ററിലേക്കോ സങ്കേതങ്ങളിലേക്കോ മാറ്റുകയും അവയ്ക്ക് വൃത്തിയോടെ കഴിയാനുള്ള സാഹചര്യമൊരുക്കുകയുമാണ് വേണ്ടത്.”
എന്നാല്‍ ഡോ. തക്‌ചോസിന് പറയാനുള്ളത് മറ്റൊന്നാണ്. “സ്റ്റെറിലൈസ് ചെയ്ത പട്ടികളെ അവയെ പിടിച്ച പ്രദേശത്തുതന്നെ തിരികെ വിടുകയാണ് സാധാരണ ചെയ്യുന്നത്. എന്നാല്‍ പ്രദേശവാസികളില്‍ പലരും അവയെ അവിടെ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നില്ല. നായ്ക്കളെ മുഴുവന്‍ ദൂരെ എവിടെയെങ്കിലും പ്രത്യേക സങ്കേതത്തിലേക്ക് മാറ്റണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അത് പ്രായോഗികമല്ല.”
സമൂഹത്തിന്‍റെ കൂടി പിന്തുണയോടെ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാനാവൂ എന്നാണ് അദ്ദേഹം പറയുന്നത്. സിക്കിം സര്‍ക്കാര്‍ 2006 മുതല്‍ ജനങ്ങളെക്കൂടി പങ്കാളികളാക്കിക്കൊണ്ട് നടത്തിയ യജ്ഞത്തെയാണ് അദ്ദേഹം മാതൃകയായി ചൂണ്ടിക്കാണിക്കുന്നത്.
“അവിടെയുള്ള ജനങ്ങള്‍ സന്നദ്ധ സംഘടനയുടെ പിന്തുണയോടെ കാര്യക്ഷമമായി ആ പ്രശ്‌നം പരിഹരിച്ചു. എല്ലാം സര്‍ക്കാരിന്‍റെ തലയില്‍ കെട്ടിവെച്ച് നമുക്ക് മാറിനില്‍ക്കാനാവില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
റിന്‍ചന്‍ വാങ്‌മോ എന്ന മൃഗസ്‌നേഹിക്ക് പറയാനുള്ളത് മറ്റൊന്നാണ്. “ഒരുപാട് പേര്‍ വലിയ വില കൊടുത്ത പലതരം ബ്രീഡുകളെ ഇവിടെ കൊണ്ടുവരുന്നു, ഡെല്‍ഹിയില്‍ നിന്നും ജമ്മുവില്‍ നിന്നും ചണ്ഡീഗഢില്‍ നിന്നുമൊക്കെ. എന്തുകൊണ്ട് നമുക്ക് അതിന് പകരം സ്റ്റെറിലൈസ് ചെയ്ത, കുത്തുവെപ്പ് നടത്തിയ തെരുവുപട്ടികളെ ദത്തെടുത്തുകൂടാ?”
ഇതുകൂടി വായിക്കാം: ഉപേക്ഷിക്കപ്പെട്ട അരുമകള്‍ക്ക് 2.5 ഏക്കറില്‍ അഭയകേന്ദ്രം തീര്‍ത്ത് പ്രീതി; തെരുവില്‍ നിന്നെടുത്ത് പോറ്റുന്നത് 60 നായ്ക്കളെയും 22 കന്നുകാലികളെയും
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.