കറന്‍റ് ബില്ല് കണ്ട് കണ്ണുതള്ളിയിരിക്കുമ്പോള്‍ വേറെ എന്തെങ്കിലും വഴിയുണ്ടോന്ന് ആരായാലും ആലോചിച്ചുപോകും.
കൊച്ചി തൃക്കാക്കരയിലെ ഭാരത മാതാ കോളെജിന്‍റെ കാര്യത്തിലും സംഗതി അങ്ങനെത്തന്നെയായിരുന്നു.
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന വലിയ കാമ്പസ്. യുജി, പിജി, പ്രൊഫഷണൽ കോഴ്‌സുകളിലായി 15-ൽ പരം ഡിപ്പാർട്ട്മെന്‍റുകൾ, പൂർണ സജ്ജമായ കമ്പ്യൂട്ടർ ലാബുകൾ, മറ്റ് സൗകര്യങ്ങൾ… എങ്ങനെ പോയാലും ഒരു മാസത്തെ വൈദ്യുതി ബിൽ ഒരു ലക്ഷം രൂപ കടക്കുന്ന അവസ്ഥ. വര്‍ഷം കുറഞ്ഞത് 10 ലക്ഷം രൂപ വൈദ്യുതിക്ക് മാത്രം ചെലവ്.
വീട്ടിലെ വൈദ്യുതിച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ വാങ്ങാം. സന്ദര്‍ശിക്കൂ: Karnival.com
വൈദ്യുതി ഉപയോഗം കുറക്കാന്‍ പല തരത്തിലും ശ്രമിച്ചുവെങ്കിലും ഒന്നും ഫലം കണ്ടില്ലെന്ന് കോളെജ് അധികൃതര്‍ പറയുന്നു. അങ്ങനെയാണ് സൗരോര്‍ജ്ജത്തിലേക്ക് തിരിഞ്ഞാലോ എന്ന് ആലോചിക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പാണ് അത്.
തുടങ്ങിവെയ്ക്കുമ്പോള്‍ കോളെജ് അധികൃതർ അറിഞ്ഞിരുന്നില്ല രാജ്യത്തെ ആദ്യത്തെ സംപൂര്‍ണ്ണ സൗരോർജ കാമ്പസ് എന്ന പ്രശസ്തിയിലേക്കുള്ള യാത്രയാണ് അതെന്ന്.
“കോളെജില്‍ എനർജി ഓഡിറ്റ്, ഗ്രീൻ ഓഡിറ്റ് എന്നിവ നടത്തി എവിടെയാണ് വൈദ്യുതി നഷ്ടം സംഭവിക്കുന്നത് എന്ന് കണ്ടെത്തിയ ശേഷമാണ് സോളാര്‍ പാനൽ സ്ഥാപിക്കാനുള്ള തീരുമാനത്തിലേക്ക് മാനേജ്‌മെന്‍റ് എത്തുന്നത്. വിദ്യാർത്ഥികൾ തന്നെയാണ് ഓഡിറ്റിന് നേതൃത്വം നൽകിയത്,” കോളെജ് ഡയറക്റ്റര്‍ ഫാദർ ജേക്കബ് പാലക്കാപ്പിള്ളി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കോളെജുകളില്‍ സൗരോർജ പദ്ധതികൾ തുടങ്ങിയിട്ടുണ്ടെങ്കിലും അവ ഊര്‍ജ്ജ ആവശ്യത്തിന്‍റെ ഒരു ഭാഗം മാത്രമേ നിറവേറ്റുന്നുള്ളൂ.
“12 കമ്പനികളിൽ നിന്നും കൊട്ടേഷൻ സ്വീകരിച്ച ശേഷമാണ് ഇസ്രായേൽ കമ്പനിയായ സോളാർ എച്ചില്‍ നിന്നും പാനലുകൾ വാങ്ങുന്നത്. റീപ്ളേസ്മെന്‍റ് ഗ്യാരണ്ടിയടക്കം 25 വർഷത്തെ ഈടാണ് പാനലുകൾക്ക് അവർ ഉറപ്പ് നൽകിയിരിക്കുന്നത്. 80 കിലോ വാട്ട് വൈദ്യുതി പ്രതിമാസം ഉൽപ്പാദിപ്പിക്കാം,” ഫാദർ ജേക്കബ് പാലക്കാപ്പിള്ളി വിശദമാക്കുന്നു.
വൈദ്യുതി ആവശ്യത്തിലേറെ
800 സ്ക്വയർ ഫീറ്റ് വരുന്ന സ്ഥലത്താണ് സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. കെട്ടിടങ്ങളുടെ ടെറസില്‍ 248 പാനലുകൾ ഒന്നിനോടൊന്ന് ചേർന്ന രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്.
പദ്ധതിച്ചെലവ് 45 ലക്ഷം രൂപയ്ക്കടുത്തായി. അതായത് നാലരവർഷത്തോളം വൈദ്യുതി ബിൽ അടക്കേണ്ട തുക ഒരുമിച്ച് ചെലവാക്കേണ്ടതായി വന്നു.
എന്നാൽ ഇത് നഷ്ടമാവില്ലെന്ന് തുടക്കത്തില്‍ തന്നെ തെളിഞ്ഞു. ദിവസവും 400 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട് ഇവിടെ. കാമ്പസിലെ മുഴുവൻ പ്രവർത്തനങ്ങള്‍ക്കുമായി 200 യൂണിറ്റ് വൈദ്യുതി മതി.
അധികമായി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെ എസ് ഇ ബിക്ക് വില്‍ക്കുകയാണ് ചെയ്യുന്നത് എന്ന് കോളെജ് ഡയറക്റ്റര്‍ പറഞ്ഞു.
ഇതിനായി വൈദ്യുതി ബോർഡുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. വാങ്ങുന്ന വൈദ്യുതിക്ക് യൂണിറ്റിന് മൂന്നു രൂപ കെഎസ്ഇബി നൽകും.
കോളെജ് ഇപ്പോഴും വികസനത്തിന്‍റെ പാതയിലാണ് . പല ഡിപ്പാർട്ട്മെന്‍റുകളും നവീകരിച്ചു കൊണ്ടിരിക്കുന്നു. കൂടുതൽ ഡിപ്പാർട്ട്മെന്‍റുകള്‍ തുടങ്ങാനുള്ള സാധ്യതയും മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് പാനല്‍ സ്ഥാപിച്ചിരിക്കുന്നത്.
2019 സെപ്റ്റംബറിൽ തുടക്കമിട്ട പദ്ധതിയുടെ ഭാഗമായി ഒരു മൊബൈൽ ആപ്പും വികസിപ്പിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലെയും ദിവസത്തെയും ഓരോ മാസത്തെയും വൈദ്യുതി ഉല്‍പാദനം ഇതിലൂടെ അറിയാൻ സാധിക്കും. ഏതെങ്കിലും ദിവസം ഉൽപ്പാദനം കുറയുകയാണെങ്കിൽ ആപ്പിലൂടെ അതറിയാൻ സാധിക്കും. ഏത് സമയത്താണ് കൂടുതൽ ഉൽപ്പാദനം നടക്കുന്നത്, കുറയുന്നത് എപ്പോഴാണ് തുടങ്ങിയ വിവരങ്ങളുമറിയാം.
കോളെജില്‍ ഇതുവരെ വൈദ്യുതോല്‍പാദനത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
” സോളാറിലേക്ക് മാറുമ്പോള്‍ പലവിധ ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ നാല് മാസമായി വളരെ മികച്ച രീതിയിൽ തന്നെ ഊർജ്ജോൽപ്പാദനം നടക്കുന്നുണ്ട്,” ഫാദർ ജേക്കബ് പാലക്കാപ്പിള്ളി പറയുന്നു.
“ഞങ്ങൾ മുന്നോട്ട് വച്ച മാതൃക സ്വീകരിച്ച് നൈപുണ്യ കോളെജ് അടുത്തിടെ സോളാർ സിസ്റ്റത്തിലേക്ക് തിരിഞ്ഞിരുന്നു. ഇത് ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായി കാണുന്നു.”
ഭീമന്‍ വൈദ്യുതി ബില്ലിനെപ്പറ്റി ഇനി പേടിക്കേണ്ട എന്നുമാത്രമല്ല, വൈദ്യുതി വിറ്റ് ലാഭമുണ്ടാക്കാനും കഴിയും. 45 ലക്ഷം രൂപയുടെ നിക്ഷേപം ആവശ്യമായി വന്നെങ്കിലും ചുരുങ്ങിയ വർഷങ്ങള്‍ക്കുള്ളിൽ നേട്ടമുണ്ടാക്കാമെന്ന് ഫാ. ജേക്കബ് കണക്കുകൂട്ടുന്നു.
പ്രകൃതിയോടിണങ്ങി
വൈദ്യുതി ഇനത്തിലുള്ള ചെലവ് കുറയ്ക്കുക മാത്രമായിരുന്നില്ല സോളാര്‍ പദ്ധതിയുടെ ലക്ഷ്യം.
ഗ്രീൻ കാമ്പസ് പദവിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന കോളെജിന്‍റെ ആ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെയ്പ്പായിരുന്നു അത്.
സീറോ പ്ലാസ്റ്റിക്ക് വേസ്റ്റ് , ബയോഗ്യാസ് പ്ലാന്‍റ്, വെർമി കംപോസ്റ്റ് തുടങ്ങിയ പല പദ്ധതികളും കോളെജില്‍ നടപ്പാക്കിയിട്ടുണ്ട്.
”ഗോ ഗ്രീൻ എന്ന സന്ദേശത്തിൽ അധിഷ്ഠിതമായി ഗ്രീൻ പ്രോട്ടോകോൾ പിന്തുടർന്ന് വരുന്ന ഒരു സ്ഥാപനമാണിത്. സെമിനാറുകൾ, മീറ്റിങ്ങുകൾ എന്നിവയെല്ലാം പ്രകൃതിയോട് ഇണങ്ങിത്തന്നെ നടത്തണമെന്ന് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി കാമ്പസിനെ സീറോ പ്ലാസ്റ്റിക് കാമ്പസ് എന്ന തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനും 80 % പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കാനും കഴിഞ്ഞിട്ടുണ്ട്,” ഫാദര്‍ ജേക്കബ് പറഞ്ഞു.
ഇതുകൂടി വായിക്കാം : 3 മാസം കൊണ്ട് 178 ജലാശയങ്ങള്‍ക്ക് ജീവന്‍ കൊടുത്ത് ഒരു പ്രദേശത്തെ വറുതിയില്‍ നിന്ന് രക്ഷിച്ച കലക്റ്റര്‍
“കാമ്പസിലെ നടപ്പാതകളിൽ നിന്നും ടൈലുകൾ ഇളക്കി മാറ്റി പുല്ല് നട്ട് പിടിപ്പിച്ചു. കൂടാതെ കാമ്പസിനകത്ത് ഔഷധ സസ്യങ്ങൾ ഉൾപ്പെടെ ധാരാളം ചെടികളും നട്ടു. ഗോ ഗ്രീൻ പദ്ധതിയുടെ ഭാഗമായി ഇത്തരം നേട്ടങ്ങൾ കൈവരിച്ചപ്പോഴാണ്, സോളാർ പാനൽ ഘടിപ്പിക്കുന്നതിന്‍റെ ഗുണങ്ങളെപ്പറ്റി ചിന്തിക്കുന്നത്. അന്ന് മാതൃകയായി സ്വീകരിക്കാൻ സമാനമായ ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടായിരുന്നില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിനും കാമ്പസിനും ഒരു പോലെ ഗുണകരമാകുന്ന നിരവധി പ്രവർത്തനങ്ങൾ ഇവിടെ സംഘടിപ്പിക്കുന്നുണ്ട്. മൂവായിരത്തോളം വരുന്ന വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ഇത്തരം പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടാണ്.
കാമ്പസിനകത്ത് അരയേക്കർ സ്ഥലം കാടിന് സമാനമായ രീതിയിൽ മരങ്ങൾ നട്ടുപിടിപ്പിച്ച് വളർത്തിയെടുത്തുന്നുണ്ട്. മരങ്ങൾ വച്ച് പിടിപ്പിക്കാനും സംരക്ഷിക്കാനും വിദ്യാർത്ഥികൾ തന്നെയാണ് മുൻപന്തിയിൽ.
പ്ലാസ്റ്റി
2019-20 അധ്യയന വർഷത്തോടുകൂടി സാധനങ്ങൾ ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന ശീലമില്ലാത്ത, പൂര്‍ണ്ണമായും ‘ഗ്രീൻ പ്രോട്ടോക്കോൾ’ പാലിക്കുന്ന കാമ്പസ് ആക്കി മാറ്റആണാണ് ശ്രമം.
മരങ്ങൾ സംരക്ഷിക്കുക, ഒപ്പം മഴവെള്ളവും സംരക്ഷിക്കുക അതാണ് കോളെജിന്‍റെ പ്രകൃതി സൗഹൃദ പദ്ധതികളിൽ അടുത്തത്. കോളെജിന്‍റെ മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം ശേഖരിച്ച് മുറ്റത്തുള്ള വലിയ കിണര്‍ റീച്ചാർജ് ചെയ്യുന്നു. ഇതുമൂലം വര്ഷം മുഴുവൻ ശുദ്ധമായ കുടിവെള്ളം കാമ്പസിൽ ഉറപ്പുവരുത്തി.
ഭാരത മാതാ കോളെജിന്‍റെ സേവന പ്രവർത്തനങ്ങൾ പുറം ലോകത്തേക്ക് വ്യാപിപ്പിക്കുന്നതിനായുള്ള സംവിധാനമാണ് ‘ഭാരത മാതാ എക്സ്റ്റൻഷൻ ഫോർ’ (‘ബിഫോർ’) ‘ഓർഗാനിക് റിസർച്ച് ആൻഡ് എൻവയൺമെന്‍റ്. ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നതാണിത്. ഇതിന് കീഴില്‍ ‘ക്ലബ്ബ് ബിഫോർ’ ഉൾപ്പെടെ കാമ്പസിനകത്തും പുറത്തും നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ഇതുകൂടി വായിക്കാം: നാട്ടുകാരെ സിനിമ കാണിക്കാന്‍ കാട്ടരുവിയില്‍ നിന്ന് വൈദ്യുതിയുണ്ടാക്കിയ മലയോര കര്‍ഷകന്‍
‘ഗ്രീൻ സോഷ്യൽ വർക്കി’നെ വളർത്തുക എന്നതാണ് ഇത്തരം സംഘടനകളുടെ ലക്ഷ്യം.’2020 കൃഷിവർഷം’ എന്ന പേരിൽ കോളെജിലെ മുഴുവൻ പേരും ജൈവകൃഷിയിൽ ഇടപെടുന്ന തരത്തിൽ ഒരു കാർഷിക പദ്ധതിക്കും രൂപം നൽകിയിട്ടുണ്ട് കോളെജ്. ഇവിടെയുള്ള മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ഈ പദ്ധതിയിലൂടെ ജൈവകൃഷിയുടെ ഭാഗമാകുന്നു.
സ്വന്തം ആവശ്യത്തിനായുള്ള വിളകൾ സ്വന്തം പുരയിടത്തിൽ കൃഷി ചെയ്‌തെടുക്കുന്ന തലത്തിലേക്ക് കോളെജിലെ ഓരോരുത്തരേയും മാറ്റുകയും ആ സന്ദേശം സമൂഹത്തിലേക്ക് പകരുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
”ഭാരത മാതാ കോളെജ് ഒരു കലാലയം എന്നതിൽ ഉപരിയായി പ്രകൃതി സംരക്ഷണത്തിന്‍റ ഒരു വലിയ സന്ദേശം വിദ്യാർത്ഥികൾക്കും സമൂഹത്തിനും നൽകിക്കൊണ്ടാണ് പ്രവർത്തിക്കുന്നത്. കോളെജിൽ സോളാർ പാനൽ ഘടിപ്പിച്ചത് പോലും സമീപത്തെ പല സ്ഥാപനങ്ങളും വീടുകളും മാതൃകയായി സ്വീകരിച്ചു കഴിഞ്ഞു. കഴിയും വിധം പ്രകൃതിക്ക് സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഈ കോളെജില്‍ ഞങ്ങളുടെ മക്കൾ പഠിക്കുന്നതിൽ അഭിമാനം ഏറെയാണ്,” പരിസരവാസിയും കോളെജിലെ പൂർവവിദ്യാർത്ഥിയുമായ ധന്യയുടെ പിതാവ് രാധാകൃഷ്ണന്‍ പറയുന്നു.
വിശപ്പില്ലാത്ത ലോകത്തിനായി
‘വിശപ്പ് രഹിത ലോകം’ എന്ന ഒരു പദ്ധതിക്ക് കോളെജിലെ ‘ബിഫോർ’ മാര്‍ച്ച് 5-ന് തുടക്കമിടുകയാണ്. വിദ്യാർത്ഥികൾക്കും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമൊപ്പം പരിസരവാസികളും ഇതില്‍ പങ്കാളികളാവുന്നു.
കാമ്പസിൽ ഒരു പ്രത്യേക ഗേറ്റ് ഒരുക്കി അവിടെ പൊതിച്ചോറും വസ്ത്രങ്ങളും വയ്ക്കും. ആവശ്യക്കാരായ ആർക്ക് വേണമെങ്കിലും ഇത് ചോദിക്കാതെയും പറയാതെയും എടുത്തോണ്ട് പോകാം. തുടക്കം എന്ന നിലക്ക് പത്ത് പൊതി ചോറാണ് വെയ്ക്കാനുദ്ദേശിക്കുന്നത്. ആവശ്യത്തിനനുസരിച്ച് എണ്ണം വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
”പഠനത്തോടൊപ്പം സമൂഹസേവനം, പ്രകൃതി സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കൂടി മുൻതൂക്കം നൽകിക്കൊണ്ടാണ് കോളെജ് പ്രവർത്തിക്കുന്നത്. ഗോ ഗ്രീൻ, ബീഫോർ തുടങ്ങിയ പ്രവർത്തനങ്ങളിൽ മാനേജ്‌മെന്‍റും അധ്യാപകരും വിദ്യാർത്ഥികളും ഒറ്റക്കെട്ടാണ് എന്നതാണ് ഭാരത മാതായുടെ വിജയം,” കോളെജ് പിആർഒ ജോഷി ടി ബി ഐയോട് പറഞ്ഞു.
ഇതുകൂടി വായിക്കാം: കാന്തല്ലൂരില്‍ കാടിനു നടുവില്‍ 75 ഏക്കര്‍ തോട്ടം, ധാരാളം വെള്ളം, പക്ഷേ, കറന്‍റില്ല! ഈ കര്‍ഷകന്‍ കെ എസ് ഇ ബി-ക്കായി കാത്തുനിന്നില്ല
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.