വീടുകള്‍ തോറും മുറുക്ക് വിറ്റു നടന്ന പെരിയ കറുപ്പന്‍ കൈമാറിയ രഹസ്യം; അതാണ് ഇളവരശിയുടെ കരുത്ത്

തീയില്‍ കുരുത്ത വിത്താണെങ്കിലും ആ സംഭവങ്ങള്‍ ഇളവരശിയെ തളര്‍ത്തി–ശാരീരികമായും മാനസികമായും.. ഒന്നരക്കോടി രൂപ ചെലവിട്ട് തുടങ്ങിയ സൂപ്പര്‍മാര്‍ക്കെറ്റ് പൂട്ടേണ്ടി വന്നു. വീണിടത്തുനിന്ന് ഇളവരശി എഴുന്നേറ്റു…വീണ്ടും തുടങ്ങി.. ആ ധൈര്യത്തിന്‍റെ കഥ

രാണതിനൊക്കെ പിന്നിലെന്ന് ഇളവരശിക്ക് ഇപ്പോഴും അറിയില്ല. ആരോ കരുതിക്കൂട്ടി ചെയ്യുന്നതുപോലെയായിരുന്നു എല്ലാം.

നിരന്തരമായ കളവുകള്‍…കുറെ സ്വര്‍ണം മോഷണം പോയി… പിന്നെ നാല് ലക്ഷം രൂപ വരുന്ന ബേക്കറി ഉല്‍പന്നങ്ങള്‍… അധികം കഴിയും മുമ്പ് കാര്‍ ആരോ അടിച്ചുതകര്‍ത്തു…

ഇളവരശി

പൊലീസില്‍ പല കേസുകളുമുണ്ടെങ്കിലും ഇതൊക്കെ ചെയ്തവര്‍ ഇന്നും അജ്ഞാതരായി തുടരുന്നു. ഉള്ള സമ്പാദ്യവും ലോണുമൊക്കെയെടുത്ത് ഒരു പുതിയ സ്ഥാപനം തുടങ്ങിയ സ്ത്രീക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളായിരുന്നു ഇതെല്ലാം.


തീയില്‍ കുരുത്ത വിത്താണെങ്കിലും ഇളവരശി തളര്‍ന്നുപോയി


അച്ഛന്‍ ചിപ്‌സും മുറുക്കുമൊക്കെ ഉണ്ടാക്കി തലച്ചുമടായി വിറ്റുനടന്ന കാലംതൊട്ട് ഉറുമ്പ് അരിമണി കൂട്ടിവെയ്ക്കും പോലെ അവര്‍ സമ്പാദിച്ചതൊക്കെയും എടുത്തു. പലയിടത്തുനിന്നായി സംഘടിപ്പിച്ചതും ചേര്‍ത്തു. ഇതിനുംപുറമെ അമ്പത് ലക്ഷം ബാങ്ക് ലോണുമെടുത്താണ് ഇളവരശി തൃശ്ശൂര്‍ പൂങ്കുന്നത്ത് പലഹാരങ്ങളും ചിപ്‌സുമൊക്കെ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഒരു സൂപ്പര്‍മാര്‍ക്കെറ്റ് തുടങ്ങിയത്. 2010ലായിരുന്നു അത്.

Image for representation. Photo: Wikimedia commons

“ഫെഡറല്‍ ബാങ്കില്‍ നിന്നും 50 ലക്ഷം രൂപ ലോണടക്കം ഒന്നര കോടി രൂപ മുടക്കി തുടങ്ങിയതായിരുന്നു… 2,500 സ്‌ക്വയര്‍ ഫീറ്റില്‍,” ഇളവരശി പറയുന്നു. “ഒരു വര്‍ഷം വളരെ നല്ല നിലയില്‍ മുന്നോട്ട് പോയി… പക്ഷേ, എനിക്ക് ഇപ്പോഴും അജ്ഞാതമായ തിരിച്ചടികള്‍ ഉണ്ടായി. നിരന്തരമായ മോഷണങ്ങള്‍… 83 പവന്‍ സ്വര്‍ണ്ണം, 4 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍, കാറ് തകര്‍ക്കപ്പെട്ടു. ആരാണിതിന് പിന്നില്‍ എന്നിനിക്കിപ്പോഴും അറിയില്ല. എട്ടോളം കേസുകള്‍ നെടുപുഴ പോലീസ് സ്റ്റേഷനില്‍ ഇപ്പോഴും ഉണ്ട്.”

തീയില്‍ കുരുത്ത വിത്താണെങ്കിലും തുടരെ മോഷണവും അക്രമവും ഉണ്ടായപ്പോള്‍ ഇളവരശിയും തളര്‍ന്നുപോയി…ആ സ്ഥാപനം പൂട്ടേണ്ടി വന്നു. വലിയ നഷ്ടത്തിലേക്കാണ് വീണത്.

തലച്ചുമടായി മുറുക്കും ചിപ്സുമൊക്കെ വില്‍ക്കുന്ന തമിഴ് സ്ത്രീകള്‍. തിരുവനന്തപുരത്ത് നിന്നൊരു കാഴ്ച

“ഈ പ്രതിസന്ധികള്‍ എന്‍റെ മനസ്സിന്‍റേയും ശരീരത്തിന്‍റേയും ആരോഗ്യത്തെ വല്ലാതെ ഉലച്ചു. ലോപ്രഷറായി, പരസഹായം ഇല്ലാതെ ഒന്നും ചെയ്യാന്‍ ആകാത്ത അവസ്ഥയായി,” ഇളവരശി തുറന്നുപറയുന്നു.


ഗുണമേന്മയുടെ കാര്യത്തില്‍ പെരിയ കറുപ്പന്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല


ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് അച്ഛന്‍ പെരിയ കറുപ്പനില്‍ നിന്നാണ് ഇളവരശി ബേക്കറി പലഹാരങ്ങളുടെ നിര്‍മ്മാണം പഠിക്കുന്നത്.. കൊക്കുവടയും, മുറുക്കും, മിക്‌സ്ചറും ഉണ്ടാക്കി തലച്ചുമടായി നടന്ന് വില്പനയായിരുന്നു അച്ഛന്. തമിഴ്‌നാട്ടിലെ ഉശിലാംപട്ടിയില്‍ നിന്നും ജീവിക്കാന്‍ വഴിതേടി തൃശ്ശൂരിലെ കൂര്‍ക്കഞ്ചേരിയില്‍ എത്തിപ്പെട്ടതാണ് പെരിയ കറുപ്പനും കുടുംബവും, കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ്.

‘മുറുക്കുവേണാ മുറുക്ക്…അമ്മാ ചിപ്‌സ്….മിച്ചര്‍…’ എന്ന് തമിഴും മലയാളവും കലര്‍ത്തി ഈണത്തില്‍ വിളിച്ചുകൊണ്ടുപോകുന്നവര്‍ ഒരുപാടുണ്ടായിരുന്നു കേരളത്തില്‍. അവരില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു.

മുറുക്കും വറവുസാധനങ്ങളും മിക്‌സചറുമൊക്കെ ഉണ്ടാക്കാന്‍ ഭാര്യ പാപ്പാത്തിയമ്മയും പെരിയ കറുപ്പനെ സഹായിച്ചു. തിളയ്ക്കുന്ന എണ്ണച്ചൂടില്‍ നിന്ന് പൊരിയണം. പിന്നെ കൊടുംവെയിലിലും മഴയിലും അത് തലച്ചുമടായി കൊണ്ടുനടന്ന് വില്‍ക്കണം. വീടുകള്‍ തോറും നടന്നുള്ള വില്‍പനയാണ്.


ഇതുകൂടി വായിക്കാം: ഒരു തരി മണ്ണ് സ്വന്തമായില്ലെങ്കിലും ജൈവകൃഷിക്കായി കേരളം മുഴുവന്‍ അലയുന്ന ചെറുപ്പക്കാരന്‍, കൂട്ടായി മഹാരാഷ്ട്രക്കാരി ഷമിക


കഷ്ടപ്പാടാണെങ്കിലും അച്ഛന്‍ ഗുണമേന്മയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ലെന്ന് ഇളവരശി പറയുന്നു. അതുകൊണ്ട് പെരിയ കറുപ്പയുടെ മുറുക്കിനും കൊക്കുവടയ്ക്കുമൊക്കെ സ്ഥിരം ആവശ്യക്കാരുണ്ടായിരുന്നു.

ഗുണമേന്മയുടെ കാര്യത്തില്‍ പെരിയ കറുപ്പന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു. Photo: Wikipedia

ഇളവരശി ജനിച്ചതും വളര്‍ന്നതുമൊക്കെ തൃശ്ശൂരിലായിരുന്നു. ഒളരി സ്‌കൂളില്‍ പത്താം തരം പഠിക്കുമ്പോള്‍ തന്നെ ജോലികളില്‍ അച്ഛനേയും അമ്മയേയും ഇളവരശി സഹായിച്ചുതുടങ്ങി. പതിയെ ഒരു സംരംഭം എന്നനിലയില്‍ ഇളവരശി അതേറ്റെടുത്തു.

അതിന്‍റെ ഉത്തരവാദിത്വങ്ങള്‍ ഏറി വന്നു. രണ്ടായിരത്തോടെ ബിരുദ പഠനം പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ പൂര്‍ണമായും കച്ചവടത്തിലേക്ക് തിരിഞ്ഞു.


ചക്കയുടെ അനന്ത സാധ്യതകള്‍ ബേക്കറി മേഖലയിലും ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു.


“അഞ്ചു വര്‍ഷത്തെ കഠിന പ്രയത്‌നത്താല്‍ ഞാന്‍ സ്വന്തമായി വിടുവെച്ചു. വില്‍പനയ്ക്കായി ഒരു കാറും വാങ്ങി. അച്ഛന്‍ പിന്തുടര്‍ന്ന ഗുണമേന്മയും ഗുണഭോക്താക്കള്‍ നല്‍കിയ സ്വീകരണവും തന്നെയാണ് എന്‍റെ വളര്‍ച്ചക്കു പിന്നിലും,” ഇളവരശി പറഞ്ഞു.

സ്ഥിരം ബേക്കറി ഉല്‍പ്പന്നങ്ങള്‍ മാത്രം പോരാ എന്നൊരു ആലോചന വന്നു. പലതരം സാധനങ്ങളുണ്ടാക്കണം…

“പുതിയ ഉല്‍പ്പന്നങ്ങള്‍ക്കായി ഞാന്‍ അലഞ്ഞു. പല പരിശീലനങ്ങളില്‍ പങ്കെടുത്തു. ഐ.സി.എ.ആര്‍ ന്‍റെ (ദേശീയ കാര്‍ഷിക ഗവേഷണ കേന്ദ്രം) നിരവധി പരിശീലന ക്ലാസുകളില്‍ പങ്കെടുത്തു. എങ്കിലും കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തിലെ പരിശീലനം പ്രത്യേകിച്ച് അവിടത്തെ ജിസ്സി മേഡത്തിന്‍റെ പിന്തുണയും പ്രോത്സാഹനവും എന്നെ കൂടുതല്‍ കരുത്തയാക്കി,” എന്ന് ഇളവരശി.


ഇതുകൂടി വായിക്കാം: കുമ്പളങ്ങ വിറ്റ് പൊന്നുംവിലയ്ക്ക് ഭൂമി വാങ്ങിയ അലവിക്കമാരുടെ നാട്


ചക്കയുടെ അനന്ത സാധ്യതകള്‍ ബേക്കറി മേഖലയിലും ഉപയോഗപ്പെടുത്താമെന്ന ആശയവും അതിനുള്ള പരിശീലനവും അവിടെ നിന്ന് ലഭിച്ചു. “ഞാന്‍ ചക്കയുടെ ചിപ്‌സിനോടൊപ്പം മറ്റുല്പ്പന്നങ്ങളും പരീക്ഷിച്ച് ഉത്പാദിപ്പിക്കാന്‍ തുടങ്ങിയത് കൂടുതല്‍ മാധ്യമ ശ്രദ്ധ നേടാനും അത് വഴി വിപണി കൂടുതല്‍ ശക്തമാക്കാനും സഹായിച്ചു,” ഇളവരശി ഓര്‍ക്കുന്നു.

സംസ്ഥാന ഫലമായ ചക്കയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ രൂപം നല്‍കി ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ കണ്‍സോഷ്യം, അസോസിയേഷന്‍ ഓഫ് ജാക്ക് ഫ്രൂട്ട് എന്‍റെര്‍പ്രനേഴ്‌സ് എന്നീ സാമൂഹൃ കൂട്ടായ്മകള്‍ക്കൊപ്പം, ബേക്കറി അസോസിയേഷന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നത് തന്‍റെ സംരംഭകത്വത്തിന് സാമൂഹ്യമാനം കൂടി നല്‍കാല്‍ പ്രയോജനപ്പെട്ടുവെന്ന് ഇളവരശി പറഞ്ഞു.

പ്രതിസന്ധിയുടെ വേനല്‍

ഇളവരശിയുടെ ജീവിതത്തില്‍ പ്രതിസന്ധിയുടെ വേനല്‍ തുടങ്ങിയത് 2010ലാണ്. ആ വര്‍ഷമാണ് പൂങ്കുന്നത്ത് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയത്.

അശ്വതി ചിപ്സിന്‍റെ ഒരു ശാഖ മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഒരുവര്‍ഷം കഴിയുമ്പോഴേക്കും പല തവണ കവര്‍ച്ച, കാറിന് നേരെ ആക്രമണം… നേരത്തെ പറഞ്ഞതുപോലെ അത് ഇളവരശയിലെ വല്ലാതെ ബാധിച്ചു. ശരീരവും മനസ്സും തളര്‍ന്നുപോയി. ആര് എന്തിന് അതൊക്കെ ചെയ്തു എന്ന് ഇപ്പോഴും അറിയില്ല…


അതൊരു മാസ് എന്‍ട്രി തന്നെയായിരുന്നു


തുടക്കത്തില്‍ എല്ലാ ഊര്‍ജ്ജവും നഷ്ടപ്പെടുന്നുവെന്ന് തോന്നിയെങ്കിലും പ്രതിസന്ധികളില്‍ തളര്‍ന്നിരിക്കാനല്ല, വീണ്ടും പൊരുതി മുന്നേറാനായിരുന്നു ഇളവരശിയുടെ തീരുമാനം. ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ഇളവരശി തിരിച്ചുവന്നു–അതൊരു മാസ് എന്‍ട്രി തന്നെയായിരുന്നു.

“അശ്വതി ചിപ്‌സ് എന്ന ബ്രാന്‍റില്‍ ബേക്കറി ഉത്പാദനവും വിപണന ശാലകളും തുടങ്ങി. ഗുണമേന്മക്ക് മുഖ്യ പരിഗണന ഞാന്‍ നല്‍കി,” ഇളവരശി പറയുന്നു.

“നമ്മള്‍ കഴിക്കുന്ന ജങ്ക് ഫുഡ് ആണ് എല്ലാ ജീവിത ശൈലി രോഗങ്ങള്‍ക്കും കാരണം. അതിനാല്‍ കൃതിമ നിറങ്ങളൊ രാസവസ്തുക്കളോ അശ്വതി ചിപ്‌സിന്‍റെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കില്ല എന്ന് ഞങ്ങള്‍ തീരുമാനമെടുത്തു. ഇത് മനസ്സിലാക്കിയ ജനങ്ങള്‍ ഞങ്ങളുടെ സ്ഥിരം ഗുണഭോക്താക്കളായി,” എന്ന് ഇളവരശി.


ഇതുകൂടി വായിക്കാം: തേങ്ങാപ്പാല്‍ സംഭാരം, തവിട് ചായ, ചക്കയില്‍ നിന്ന് തേന്‍ : അതിശയിപ്പിക്കുന്ന ജൈവ വിഭവങ്ങളുമായി ഉഷ


“ഒപ്പം അവരുടെ വീടുകളിലെ ചടങ്ങുകള്‍ക്ക് ഉള്ള ഭക്ഷണത്തിലും അശ്വതി ഉല്പന്നങ്ങള്‍ ചേര്‍ക്കപ്പെട്ടു.”

ഇന്ന് നാല് വില്‍പനശാലകളുണ്ട് ഇളവരശിക്ക്. ഇതെല്ലാം ഉല്‍പാദന കേന്ദ്രങ്ങള്‍ കൂടിയാണ്. ആളുകള്‍ക്ക് അപ്പപ്പോള്‍ ഉണ്ടാക്കുന്ന സാധനങ്ങള്‍ നേരില്‍ക്കണ്ട് വാങ്ങിക്കൊണ്ടുപോകാം.

“ലൈവ് ആയി ഉണ്ടാക്കുന്ന ബേക്കറി ഉല്‍പ്പന്നങ്ങളും കേക്കുകളും നന്നായി വിറ്റുപോവുന്നുണ്ട്,” എന്ന് ഇളവരശി.

മറ്റിടങ്ങളില്‍ ലഭിക്കാത്ത പ്രത്യേക വിഭവങ്ങള്‍ക്കായി ഏറെ ആവശ്യക്കാര്‍ അശ്വതിയില്‍ എത്തും.

“അരിമുറുക്കൊക്കെ ഇപ്പോഴും ഞങ്ങള്‍ പഴയ നാടന്‍ സ്റ്റൈലില്‍ തന്നെയാണ് ഉണ്ടാക്കുന്നത്…ഒന്നിലും പ്രിസര്‍വേറ്റീവ്‌സ് ഉപയോഗിക്കാറില്ല,” ഇളവരശി പറഞ്ഞു.


ഹല്‍വയിലുമുണ്ട് അശ്വതിയുടെ അധികമാരും കേള്‍ക്കാത്ത രുചികള്‍


ചക്കയുടെ വിവിധ ഉല്പ്പന്നങ്ങള്‍, കടച്ചക്ക ചിപ്‌സ്, ഇടിയന്‍ ചക്ക വറുത്തത്, ചേമ്പ്, ചേനയില്‍ നിന്നും നാല് തരം ചിപ്‌സുകള്‍, ഉരുള കിഴങ്ങില്‍ നിന്നും നാല് തരം ചിപ്‌സുകള്‍, പഴം വറുത്തത്, വിവിധ രുചിയില്‍ കപ്പ വറുത്തത്, വിവിധ രുചികളില്‍ മികസ്ചറുകള്‍…. ഇതിന് പുറമെ പതിനെട്ട് തരം നാടന്‍ അച്ചാറുകളും അശ്വതിയില്‍ ചൂടപ്പം പോലെ വിറ്റുപോവുന്നു.

നിരവധി പുരസ്കാരങ്ങള്‍ അവരെത്തേടി എത്തി.

“കൂര്‍ക്ക, ഇരുമ്പന്‍ പുളി, വാഴപ്പിണ്ടി, വാഴക്കല്ല, വെള്ളരിക്ക, ഇളനീര്‍, മാങ്ങ, നാരങ്ങാ, നെല്ലിക്ക, കടുമാങ്ങ എല്ലാം അച്ചാറുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പിന്നെയൊരു സ്‌പെഷ്യല്‍ ഐറ്റം ആണ് പ്രിസര്‍വേറ്റീവ്‌സ് ചേര്‍ക്കാത്ത പച്ചക്കുരുമുളകും പച്ചത്തൈരും ചേരുന്ന അച്ചാര്‍.


ഇതുകൂടി വായിക്കാം: കടലാമക്കുഞ്ഞുങ്ങള്‍ക്ക് കൂട്ടിരിക്കുന്ന ഒരു ഗ്രാമം


“കേക്കിന്‍റെ ഒരു സ്‌പെഷ്യല്‍ കടയുണ്ട്….അവിടെയുണ്ടാക്കുന്ന കേക്കുകളിലൊന്നും നമ്മളായിട്ട് പ്രിസര്‍വേറ്റീവ്‌സ് ഒന്നും ഉപയോഗിക്കാറില്ല. വേറൊരു കടയില്‍ അലുവ (ഹല്‍വ)യും ഇടിച്ചക്ക ഉല്‍പന്നങ്ങളുമാണ്, അവര്‍ വിശദീകരിക്കുന്നു.
ഹല്‍വയിലുമുണ്ട് അശ്വതിയുടെ അധികമാരും കേള്‍ക്കാത്ത രുചികള്‍…

“ചൂന്യമുളകും (കാന്താരിക്ക് തൃശ്ശൂര്‍ ഭാഗത്ത് പറയുന്ന പേര്) പനംകല്‍ക്കണ്ടവും കൊണ്ടുണ്ടാക്കുന്ന ഹല്‍വ…അതുപോലെ പൈനാപ്പിള്‍ ഫ്രൂട്ട് കൊണ്ടുമാത്രം…കളേഴ്‌സ് ഒന്നും ഉപയോഗിക്കാതെ വെളിച്ചെണ്ണയും നെയ്യും ചേര്‍ത്ത്ുണ്ടാക്കുന്ന ഹല്‍വ, തേങ്ങാപ്പാലും ഗോതമ്പുമുപയോഗിച്ചുണ്ടാക്കുന്ന തമിഴ്‌നാട് സ്‌റ്റൈല്‍ ഹല്‍വ. ”


അമേരിക്കയിലേക്ക്  പോവുന്നതിനുളള മുന്നൊരുക്കങ്ങളിലായിരുന്നു ഇളവരശി


നാല് ഉത്പാദന വിപണന ശാലകളിലായി 38 തൊഴിലാളികളുണ്ടിന്ന് എന്ന് ഇളവരശി അറിയിച്ചു. അതിലധികവും സ്ത്രീകളാണ്.

ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുമ്പോള്‍ അമേരിക്കയിലേക്ക് യാത്ര പോവുന്നതിനുളള മുന്നൊരുക്കങ്ങളിലായിരുന്നു ഇളവരശി. ഇന്‍റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ യു എസ് എ എന്ന സംഘടനയുടെ വനിതാ സംരംഭകര്‍ക്കുള്ള അവാര്‍ഡ് സ്വീകരിക്കാനാണ് അമേരിക്കന്‍ യാത്ര. ഇന്‍ഡ്യയില്‍ നിന്ന് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട ഏക വനിതയാണ് ഇളവരശി.

“എന്‍റെ ഉല്പ്പന്നങ്ങള്‍ ലോക വിപണിയിലും കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഈ സന്ദര്‍ഭത്തില്‍ എനിക്കിത് അഭിമാനത്തോടൊപ്പംം ഇരട്ടനേട്ടം കൂടിയാണ്,” ഇളവരശി പറഞ്ഞു.

“ഞങ്ങളുടെ ടീമിന്‍റെ കരുത്തും കുടുംബത്തിലെ പിന്തുണയുമാണിതിന് പിന്നില്‍. ഭര്‍ത്താവ് ജയകാന്ത് ആണ് ഉത്പാദനത്തിന്‍റെ മേല്‍നോട്ടം നടത്തുന്നത്.”


ഇതുകൂടി വായിക്കാം: സര്‍ജുവിനും കൂട്ടുകാര്‍ക്കും അറിയാം വിശന്ന വയറോടെ രാവുറങ്ങുന്നവരുടെ വേവ്


അമേരിക്കന്‍ പുരസ്‌കാരത്തിന് പുറമേ ഫലോത്സവ പുരസ്‌കാരം, എമര്‍ജിങ്ങ് കേരള 2018, മലമ്പാര്‍ ബിസിനസ്സ് കേരള, വനിതാ ശ്രഷ്ഠാ ,വനിതാ രത്‌നം, ബിസിനസ്സ് നെറ്റ് വര്‍ക്ക് ഇന്ത്യ അവാര്‍ഡ്, പാചക റാണി ,വനിതാ സംരംഭക, ബിസ് ഗേറ്റ് അവാര്‍ഡ്, അര്‍ച്ചന വുമന്‍സ് സെന്‍റര്‍ അവാര്‍ഡ്, ജെ.സി.ഐ. അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഒരുപിടി കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ശ്രദ്ധിക്കുന്നുണ്ട് ഇളവരശി. ഈ പുരസ്‌കാരങ്ങളെല്ലാം ആ പിടിവാശിക്കുള്ള അംഗീകാരങ്ങള്‍ കൂടിയാണ്.
ഗുണമേന്മയില്‍ വിട്ടുവീഴ്ച ഇല്ല, അതുതന്നെ ആകര്‍ഷകമായ പാക്കിങ്ങിന്‍റെ കാര്യത്തിലും. മറ്റൊന്ന് നമ്മുടെ മക്കള്‍ക്ക് കഴിക്കാനുള്ളതാണെന്നോര്‍ത്ത് എല്ലാ വിഭവങ്ങളും തയ്യാറാക്കുക എന്നതാണ്. പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുക. പിന്നെ, ചെയ്യുന്ന കാര്യം ഈശ്വരതുല്യം കണക്കാക്കുക.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം