“ഒരു കുഴിക്ക് അന്‍പത് ഗ്രാം കുമ്മായപ്പൊടി എന്ന കണക്കില്‍ ചേര്‍ത്തുകൊടുത്താണ് തൈകള്‍ നടാനായി മണ്ണ് പാകപ്പെടുത്തിയിരിക്കുന്നത്. കുമ്മായപ്പൊടി നമുക്കറിയാലോ കാല്‍ഷ്യത്തിനു സൂപ്പറാണ്. ഞങ്ങള്‍ അത് പഠിച്ചിട്ടുണ്ട്,” പറയുന്നത് മലപ്പുറം കല്‍പകഞ്ചേരി സ്വദേശി സയ്യിദ് ഷാദില്‍.
“ചേര്‍ക്കേണ്ട അളവൊക്കെ ഉപ്പ പറഞ്ഞു തരും,” ആ പതിനഞ്ചുകാരന്‍ കൂട്ടിച്ചേര്‍ക്കുന്നു.
നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com
ചോദിച്ചറിഞ്ഞും പരീക്ഷിച്ചും ഷാദില്‍ വളരെ താല്‍പര്യത്തോടെയാണ് കൃഷിയിറക്കുന്നത്. മറ്റ് കുട്ടികള്‍ കളിക്കാനിറങ്ങുമ്പോള്‍ ഷാദില്‍ തൂമ്പായുമെടുത്ത് മണ്ണിലിറങ്ങും. ഇന്ന് അരയേക്കറില്‍ നിറയെ പലതരം പച്ചക്കറികള്‍, പഴങ്ങള്‍, മഴമറക്കൃഷി, തേനീച്ചവളര്‍ത്തല്‍…അങ്ങനെ ഒരു ഗംഭീര തോട്ടം തന്നെയുണ്ടാക്കി ഈ കുട്ടി.
ഏഴാംക്ലാസ്സില്‍ തുടങ്ങിയതാണ് കൃഷി. മാതാപിതാക്കള്‍ പ്രോത്സാഹിപ്പിച്ചതോടെ കൃഷി ശരിക്കും പച്ച പിടിച്ചു.
മലപ്പുറം എടരിക്കോട് പി കെ എം സ്‌കൂളില്‍ പത്താംക്ലാസ്സിലാണിപ്പോള്‍ ഷാദില്‍ പഠിക്കുന്നത്. “ഏഴാം ക്ലാസ് പഠിച്ചത് നജാത് പബ്ലിക് സ്‌കൂള്‍, കിഴക്കെപുറം ആണ്. അവിടെ വച്ചാണ് കൃഷിയെക്കുറിച്ചും കൂടുതല്‍ അറിയുന്നതും അത് തുടങ്ങുന്നതിനു വേണ്ടിയുമുള്ള പ്രോത്സാഹനവും കാര്യമായി കിട്ടിയത്,” ഷാദില്‍ പറയുന്നു.
വിദ്യാര്‍ത്ഥികളില്‍ കൃഷിയോടുള്ള താല്പര്യം വളര്‍ത്താനായി കല്‍പകഞ്ചേരി കൃഷി ഓഫീസര്‍ രമേശ് ഒരിക്കല്‍ ഒരു ബോധവല്‍ക്കരണ ക്ലാസ് എടുത്തിരുന്നു. അവിടെയായിരുന്നു തുടക്കം.
“ആ ക്ലാസ്സില്‍ പങ്കെടുത്തതിന് ശേഷമാണു എനിക്കും കൃഷി ചെയ്യണമെന്ന ആഗ്രഹം വന്നത്. ജൈവ കൃഷിയെക്കുറിച്ചൊക്കെയാണ് സാര്‍ ക്ലാസ്സെടുത്തത്. വിഷമില്ലാത്ത പച്ചക്കറി ഉത്പാദിപ്പിച്ചു കഴിക്കുന്നതിന്‍റെ ത്രില്ല് എന്‍റെ മനസില്‍ കേറി. ഞാന്‍ ഉടന്‍ തന്നെ എന്‍റെ ഉപ്പയോട് എന്‍റെ ആഗ്രഹം പറഞ്ഞു. ഉപ്പ പൂര്‍ണപിന്തുണ കൂടി തന്നപ്പോള്‍ കാര്യങ്ങളെല്ലാം നല്ല ഉഷാറായി,” കൃഷിയിലേക്ക് എത്തിപ്പെട്ട വഴികളെ കുറിച്ച് സയ്യിദ് ഷാദില്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
വെറും കുട്ടിക്കളി ആയിട്ടല്ല ഷാദില്‍ കൃഷിയെ കണ്ടത്. ചെടികളെയും മരങ്ങളെയും പച്ചപ്പിനെയും എല്ലാം ബാല്യത്തിലെ തന്നെ ഷാദിലിനു ഏറെ ഇഷ്ടമായിരുന്നു.
“എന്‍റെ ഉപ്പാന്‍റെ പെരയില്‍ വെറ്റില കൃഷിയും വാഴക്കൃഷിയും ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്‌ട്ടോ. തോട്ടത്തിന്‍റെ ഇടയിലൊക്കെ ആയിരുന്നു ഞങ്ങടെ കളി. അതൊക്കെ എനിക്ക് സന്തോഷം തരുന്ന ഓര്‍മ്മകളാണ്. പച്ചപ്പ് കണ്ടു വളര്‍ന്നതുകൊണ്ടാകാം രമേശ് സാറിന്‍റെ ക്ലാസ് എന്നെ വല്ലാതെ സ്വാധീനിച്ചത്,” ഷാദിലിന്‍റെ വാക്കുകളില്‍ പ്രകൃതിയോടുള്ള ഇഷ്ടം.
മലപ്പുറം കിഴക്കേപ്പുറത്തെ ഷാദിലിന്‍റെ വീട്ടിലെ കൃഷിയിടത്തില്‍ ചെന്നാല്‍ ഈ പതിനഞ്ചുകാരനാണോ ഈ കാണുന്ന പച്ചക്കറിയെല്ലാം വച്ചുപിടിപ്പിച്ചിരിക്കുന്നത് എന്ന് തോന്നിപ്പോകും. അത്രക്കും ഇനങ്ങള്‍ ആ തോട്ടത്തില്‍ ഉണ്ട്.
“മോന്‍ ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ഈ കാണുന്നതെല്ലാം വച്ച് പിടിപ്പിച്ചത്. ആദ്യം ഷാദില്‍ വീട്ടില്‍ വന്നു ആഗ്രഹം പറഞ്ഞപ്പോള്‍ രമേശ് സാറിന്‍റെ ക്ലാസ് കേട്ടപ്പോള്‍ പെട്ടെന്നുള്ള ആവേശത്തില്‍ പറയുന്നതാകും എന്നാണ് കരുതിയത്. എന്നാല്‍ മോന്‍ തന്നെ പറമ്പിലിറങ്ങി കിളക്കാനും പുല്ലു പറിച്ചു പറമ്പു വൃത്തിയാക്കി കൃഷിക്കായി ഒരുക്കാനും തുടങ്ങിയപ്പോള്‍ എനിക്ക് മനസിലായി കുട്ടി സീരിയസാണ്ന്ന്,” ഷാദിലിന്‍റെ പിതാവ് സയ്യിദ് കരീം കോയ തങ്ങള്‍ പറയുന്നു.
“പിന്നെ ഒന്നും നോക്കിയില്ല അവനു വേണ്ട എല്ലാ പിന്തുണയും നല്‍കി ഞങ്ങളെല്ലാവരും കൂടെ നിന്നു. മക്കളെ നിരാശപ്പെടുത്തരുതല്ലോ. അവര്‍ കൃഷിയില്‍ സന്തോഷം കണ്ടെത്താന്ന് വച്ചാ അതില്പരം സന്തോഷമില്ലലോ,” പിതാവിന്‍റെ വാക്കുകളില്‍ അഭിമാനം.
“അങ്ങനെ മോന്‍ സ്‌കൂളില്‍ നിന്ന് തന്നെ വിത്ത് കൊണ്ട് വന്നു. തുടര്‍ന്ന് രമേശ് സാറിന്‍റെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചു വിത്ത് പാകി, നനച്ചു, കിളിര്‍ത്തു വന്നു. മറ്റുള്ള കുട്ടികളെല്ലാം കളിക്കാന്‍ പോകുന്ന നേരം ഷാദില്‍ തൈകള്‍ നനച്ചും അവയെ താലോലിച്ചും പരിപാലിച്ചും പോന്നു. അവനു ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ക്ക് ഞാനും എന്‍റെ ഭാര്യ ആരിഫയും സഹായിച്ചു കൊടുക്കും.
“ഓരോ വിത്തും മുളക്കുമ്പോഴും അവ ഇലയിട്ട് പൂത്തു കായ്ക്കുമ്പോഴും ഷാദില്‍ സന്തോഷിക്കുന്നത് കാണുമ്പോള്‍ നമുക്കും ഒരു പ്രചോദനമാണ്. സ്‌കൂള്‍ വിട്ട് വന്നാല്‍ ഷാദില്‍ കൂടുതല്‍ സമയവും പറമ്പിലാണ് ചിലവിടുക. സഹോദരി ലബീബയും ഇകാക്കാന്‍റെ കൂടെ കൂടും. അവള്‍ ഓരോ സംശയങ്ങള്‍ ചോദിച്ചും ഷാദില്‍ അത് പറഞ്ഞു മനസിലാക്കി കൊടുക്കുന്നതും കാണുന്നത് തന്നെ കണ്ണിനു നല്ല ഇമ്പമാണ്,” സയ്യിദ് കരീം കൂട്ടിച്ചേര്‍ത്തു.
“കൃഷിയോടുള്ള എന്‍റെ ഇഷ്ടം മനസിലാക്കിയ രമേശ് സാര്‍ ഏതു സംശയത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശം തന്നു സഹായത്തിനുണ്ട്. പിന്നെ ഉപ്പയും ഉമ്മയും നല്ലോണം സഹായിക്കും. നജാത് സ്‌കൂളിലെ വേറെയും കുറച്ചു കുട്ടികള്‍ ഇതുപോലെ സാറിന്‍റെ ക്ലാസ് കേട്ട് കൃഷി ആരംഭിച്ചിരുന്നു,” കുട്ടിക്കര്‍ഷകന്‍ വിശദമാക്കുന്നു.
വീടിനോട് ചേര്‍ന്ന അമ്പതു സെന്‍റ് സ്ഥലമാണ് കൃഷിക്കായി മാറ്റിയിട്ടുള്ളത്. പറമ്പില്‍ കൂടുതലും തെങ്ങുകളാണ്. അതിന്‍റെ ഇടയിലുള്ള സ്ഥലം കിളച്ചിളക്കിയാണ് കൃഷിക്കായി ഒരുക്കിയത്.
തുടക്കത്തില്‍ പതിനെട്ടു ഇനം പച്ചക്കറികളും ഇരുപത്തേഴ് ഇനം പഴവര്‍ഗങ്ങളും ഉണ്ടായിരുന്നു ഷാദിലിന്‍റെ കൃഷിയിടത്തില്‍. ഈ വര്‍ഷം പച്ചക്കറി കൃഷിയില്‍ സയ്യിദ് കരീം കോയ തങ്ങള്‍ മകന് ചില നിയന്ത്രണങ്ങള്‍ വെച്ചിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല, ഷാദില്‍ ഇന്ന് ഒരു എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിയാണ്.
ഇതുകൂടി വായിക്കാം: അഞ്ചര ദിവസത്തെ കയറ്റം, ഒന്നര ദിവസം ഇറക്കം, ഐസ് വഴുക്കുന്ന പാറകളില്‍ അള്ളിപ്പിടിച്ച് രാത്രി കൊടുമുടിയിലേക്ക്; ക്രച്ചസില്‍ കിളിമഞ്ജാരോ കീഴടക്കിയ നീരജിന്‍റെ അനുഭവങ്ങള്‍
“കൃഷി തുടങ്ങിയപ്പോള്‍ ഷാദിലിനു പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളു. കൃഷി ഓഫിസറും ഞാനും പറഞ്ഞുകൊടുക്കുന്നതിനനുസരിച്ചു എല്ലാം ചെയ്യും. തൈകള്‍ നടാനും നനക്കാനും വളമിട്ട് പരിപാലിക്കാനും നല്ല ഉത്സാഹമാണ് മോന്. എല്ലാം സ്വയം ചെയ്യാനാണ് അവനു താല്പര്യവും. … ഇപ്പോള്‍ പത്താം ക്ലാസ്സായതുകൊണ്ടു ഞാന്‍ തന്നെ മോനെ കുറച്ചു വിലക്കിയിരിക്കുകയാണ്. പഠനത്തില്‍ ശ്രദ്ധിക്കാന്‍,” സയ്യിദ് കരീംകോയ തങ്ങള്‍ പറയുന്നു.
എന്നാല്‍ സമ്പൂര്‍ണ വിലക്കൊന്നുമില്ല. “പൂര്‍ണമായി കൃഷി ഒഴിവാക്കാന്‍ ഞാന്‍ ഒരിക്കലും പറയില്ല. കാരണം നമ്മുടെ മക്കള്‍ക്ക് ഇത്തരമൊരു താല്പര്യം ഉണ്ടാകുന്നത് തന്നെ ഭാഗ്യമല്ലേ. ചെടികളെയും മരങ്ങളെയും പരിപാലിക്കുന്നതിലൂടെ നന്മ ഉള്ള മനസ്സ് കൂടിയാണ് മക്കള്‍ വാര്‍ത്തെടുക്കുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് കുറച്ചു പച്ചക്കറികള്‍ ഇപ്പോഴും ഉണ്ട്. ഫലവൃക്ഷങ്ങളും ഉണ്ട്.
“വ്യാപകമായ കൃഷി ഈ പത്താംതരം ഒന്ന് കഴിയുന്നത് വരെ ഒന്ന് നിയന്ത്രിച്ചു എന്ന് മാത്രം. മുളകും ചീരയും തക്കാളിയും പയറുമൊക്കെ ഇപ്പോഴും വേണ്ടുവോളം ഉണ്ട്. കുടുംബത്തിലേക്കാവശ്യമായതും അതിലധികവും അതില്‍ നിന്നും കിട്ടുന്നുമുണ്ട്. ഒരുപാട് തൈകള്‍ ആയപ്പോള്‍ മോന് വെള്ളമൊഴിച്ചും പരിപാലിച്ചും പോരാന്‍ ബുദ്ധിമുട്ടാകണ്ട എന്ന് കരുതി,” സയ്യിദ് കരീം കൂട്ടിച്ചേര്‍ത്തു.
“കൃഷിയില്‍ ശ്രദ്ധിക്കുന്ന പോലെ പഠനത്തിലും ശ്രദ്ധിക്കാന്‍ ഉപ്പ ഉപദേശിക്കാറുണ്ട്. ഇപ്പോള്‍ രണ്ടും ഒരുമിച്ചു കൊണ്ട് പോകുന്നുണ്ട്. ഇനി പരീക്ഷ കഴിഞ്ഞു കുറച്ചു കൂടി നല്ല രീതിയില്‍ തന്നെ കൃഷിയിലേക്ക് ഇറങ്ങാനാണ് തീരുമാനം. ഞാന്‍ എത്ര വളര്‍ന്നാലും ആരായാലും കൃഷിയെ എന്‍റെ കൂടെ തന്നെ കൊണ്ടുപോകും. വല്ലാത്തൊരു റിലാക്സേഷന്‍ പവര്‍ ഉണ്ട് കൃഷിക്ക്. അതുകൊണ്ട് കൃഷി നോക്കീന്ന് വച്ച് എന്‍റെ മാര്‍ക്കൊന്നും കുറയില്ല, പഠിക്കാന്‍ ഉന്മേഷം കൂടുകയേ ഉള്ളു,” ഷാദില്‍ ഉപ്പയെ നോക്കി കുസൃതിയോടെ ചിരിച്ചു.
“ഇപ്പോള്‍ വിവിധയിനം മുളകുകള്‍, വെണ്ട, വഴുതന, അഞ്ചു ഇനം ചീര, പയര്‍, തക്കാളി, പാവല്‍, കാബ്ബജ്, റാഡിഷ് തുടങ്ങിയ പച്ചക്കറികള്‍ ഉണ്ട്. ഓണം വിഷു ഒക്കെ വന്നാല്‍ കൃഷി വകുപ്പിന്‍റെ ചന്തകളില്‍ കൊണ്ട് പോയി വില്‍ക്കും പച്ചക്കറികളും പഴങ്ങളുമൊക്കെ. അല്ലാത്തപ്പോഴൊക്കെ കുടുംബത്തിനും കൂട്ടുകാര്‍ക്കുമായി പങ്കുവെക്കും. ആര് ചോദിച്ചു വന്നാലും കൊടുക്കാറുണ്ട്. രാസവളം ഒട്ടും തന്നെ ചേര്‍ക്കാറില്ലാത്തതു കൊണ്ട് തന്നെ ആവശ്യക്കാര്‍ ഒരുപാടുണ്ട്.
“കോഴിവളവും ചാണകവും ആണ് അടിവളമായി നല്‍കുന്നത്. അത് പുറത്തു നിന്നും വാങ്ങിക്കും. പിന്നെ മണ്ണിര കംപോസ്റ്റിന്‍റെ പ്ലാന്‍റ് കൃഷി വകുപ്പില്‍ നിന്നും കൊണ്ട് വന്നു സ്ഥാപിച്ചിട്ടിട്ടുണ്ട്. അത് തയ്യാറാക്കാനായി വാഴയുടേം മറ്റും കയ്യും ഇലകളും കുറച്ചു ചാണകവും ചേര്‍ത്ത് അറുപതു ദിവസം സൂക്ഷിച്ചാല്‍ നല്ല മണ്ണിര കമ്പോസ്റ്റ് കിട്ടും,” ബാല്യത്തിലും കൃഷിയെക്കുറിച്ചുള്ള അറിവും പക്വമായ വിവരണവും കേട്ട് ഞാന്‍ പൊടിക്ക് അന്തം വിട്ടു.
“ബെഡ് ഒരുക്കി അതിലാണ് കൃഷി ചെയ്യുന്നത്. മിശ്രകൃഷിയുടെ ഗുണങ്ങള്‍ അറിഞ്ഞപ്പോള്‍ ആ രീതിയില്‍ പച്ചക്കറികള്‍ ഇടകലര്‍ത്തിയാണ് കൃഷി ചെയ്യുന്നത്. കീടനാശിനികള്‍ അധികം ഉപയോഗിക്കാറില്ല. മിത്രകീടങ്ങള്‍ വളരുന്നതിന് വേണ്ടി ചെടികള്‍ക്കിടയില്‍ വന്തിയും വാടാമല്ലിയും നട്ടു വളര്‍ത്തുന്നുണ്ട്. പിന്നെ സ്വദേശിയും വിദേശിയുമടക്കം ഒട്ടനവധി പഴവര്‍ഗങ്ങളും ഉണ്ട്.
“പലതും പൂത്തു തുടങ്ങി. ഡിസംബറോടു കൂടി എല്ലാം പാകമാകും. മാവ്, നെല്ലി, റംബുട്ടാന്‍, പ്ലംസ്, കിലോപാര, മാങ്കോസ്റ്റിന്‍, മിറക്കിള്‍ ഫ്രൂട്ട്, സബര്‍ജില്ലി, ദുരിയാന്‍, പീനട്ട് ബട്ടര്‍, ജബോട്ടിക്കാബ, സാലക്ക, മില്‍ക്ക് ഫ്രൂട്ട്, സ്‌ട്രോബെറി, സപ്പോട്ട, മൂന്നു ഇനം ചാമ്പ തുടങ്ങി ഒരുപാടുണ്ട്. എല്ലാം മോന്‍ നട്ടു വളര്‍ത്തീതാണ്. ഞാനും സഹായിക്കും,” എന്ന് സയ്യിദ് കരീം
കൃഷിവകുപ്പില്‍ നിന്നും പൂര്‍ണപിന്തുണയാണ് ഈ കുട്ടികര്‍ഷകന് ലഭിക്കുന്നത്. മണ്ണിര കംപോസ്‌റ്റ് പ്ലാന്‍റ് മാത്രമല്ല മഴക്കാലത്തും കൃഷി നന്നായി തന്നെ മുന്നോട്ട് കൊണ്ട് പോകാന്‍ ഒരു മഴമറ കൃഷി സംവിധാനവും ഒരുക്കി കൊടുത്തിട്ടുണ്ട്. മാത്രമല്ല വളപ്രയോഗവും അതിന്‍റെ അളവും മറ്റു ശാസ്ത്രീയ നിര്‍ദേശങ്ങളും കൃഷി വകുപ്പില്‍ നിന്നും ലഭിക്കാറുണ്ട് എന്നത് മറ്റൊരു സന്തോഷമെന്ന് സയ്യിദ് ഷാദില്‍ പറയുന്നു.
“തുള്ളി നന സംവിധാനത്തിലൂടെയും മറ്റു കുറച്ചു പച്ചക്കറികള്‍ക്ക് തിരിനന വഴിയുമാണ് വെള്ളമെത്തിക്കുന്നത്. മൈക്രോ സ്പ്രിങ്ക്‌ലെര്‍ എന്ന പുതു രീതി കൃഷിയിടത്തില്‍ ആകെ ഉപയോഗിക്കുന്നുണ്ട്. മഴമറക്കുള്ളിലും ഇത് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതെല്ലാം കൂടി ചെടികള്‍ക്കെല്ലാം കൃത്യമായി വെള്ളമെത്തിക്കാന്‍ സഹായിക്കുന്നു. നല്ല പച്ചക്കറികള്‍ കിട്ടാന്‍ ഇത് മതി. ചെടികളുടെ കടഭാഗവും ഇലകളും എപ്പോഴും നനഞ്ഞു ഈറനണിഞ്ഞു നിക്കുന്നത് കാണാന്‍ തന്നെ എന്തൊരു ചന്തമാണല്ലേ..,” ആ കൊച്ചു കര്‍ഷകന് നിറഞ്ഞ സംതൃപ്തി.
പച്ചക്കറികൃഷിയോടൊപ്പം ചെറുതേനീച്ചവളര്‍ത്തലും ഉണ്ട് ഷാദിലിന്. എട്ടു പെട്ടി തേനീച്ചകൂട് ഉണ്ട്. തറയില്‍നിന്നും ഉയര്‍ത്തിയ കാലുകളില്‍ സ്ഥാപിച്ച കൂടുകളിലായി ആണ് തേനീച്ചയെ വളര്‍ത്തുന്നത്.
“കൃഷിയിടത്തോട് ചേര്‍ന്ന് തന്നെയാണ് മണ്ണിര കമ്പോസ്റ്റ് പ്ലാന്‍റ് നിര്‍മിച്ചിട്ടുള്ളത്. ഇടവളമായി ഇത് ധാരാളമാണ്. ജീവാമൃതവും നല്‍കാറുണ്ട് വളമായി. അസോള കൃഷിയും വളത്തിനായി ചെയുന്നുണ്ട്. മുട്ട അമീനോ അമ്ലവും മത്തി അമീനോ അമ്ലവും ഇടക്കിടക്ക് ചെടികള്‍ക്ക് തളിച്ച് കൊടുത്താല്‍ കീടശല്യം ഉണ്ടാകില്ല. കൂടാതെ മഞ്ഞക്കെണിയും ഫിറമോണ്‍ കെണിയും കീടങ്ങളെ പ്രതിരോധിക്കാന്‍ സ്ഥാപിച്ചിട്ടുണ്ട്. കോഴിയമ്മയും കുഞ്ഞുങ്ങളും ചിക്കിച്ചികഞ്ഞ് ചെടികള്‍ക്ക് കേടുണ്ടാക്കാതിരിക്കാന്‍ നെറ്റ് ഉപയോഗിച്ച് മറച്ചിട്ടുണ്ട് എല്ലായിടവും.
“സ്‌കൂളില്‍ പോകുന്നതിനു മുമ്പ് ഒരു മണിക്കൂറോളം ഞാന്‍ കൃഷിയിടത്തില്‍ ചിലവഴിക്കാറുണ്ട്. വൈകുന്നേരം തിരിച്ചെത്തിയാല്‍ ചെടികളില്‍ പുഴുക്കളുണ്ടോ ചെടികള്‍ എല്ലാം നന്നായി ഇരിക്കുന്നോ എന്നൊക്കെ നോക്കി ആവശ്യമുണ്ടെങ്കില്‍ വളം ഒക്കെ ഇട്ട് വീണ്ടും കൃഷിയിടത്തില്‍ തന്നെ. കൂട്ടുകാര്‍ കളിക്കാന്‍ പോകുമ്പോള്‍ എനിക്കിവിടെ ചിലവിടുന്നതാണ് ഏറ്റവും സന്തോഷം. അതാണ് താല്പര്യവും,” ഷാദിലിന് കൃഷിവിശേഷങ്ങള്‍ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല.
ഇതുകൂടി വായിക്കാം: എത്യോപ്യന്‍ ഗ്രാമത്തിലിരുന്ന് കേട്ട മലയാള കവിത മാഷിനെ ‘മാവിസ്റ്റാ’ക്കി; പിന്നെ മരത്തില്‍ നിന്ന് സമരത്തിലേക്ക്…
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.