‘ശ്ശെടാ, ഈ കൊച്ചിതെന്നാ ഭാവിച്ചാ, നമ്മുടെ മലയാളത്തേയങ്ങ് ഇന്‍റര്‍നാഷണലാക്കി കളഞ്ഞല്ലോ!’
പറഞ്ഞുവരുന്നത് മലയാളം അറിയാത്ത മറുനാടന്‍ മലയാളികളെപ്പോലും ഭാഷപഠിപ്പിച്ച് സോഷ്യല്‍ മീഡിയയിലൂടെ നാട്ടിലെങ്ങും സ്റ്റാറായ അമേരിക്കക്കാരി എലൈസ എന്ന എലിസബത്ത് മേരി കെയ്റ്റനെക്കുറിച്ചാണ്.
”ഞാന്‍ ജനിച്ചത് അമേരിക്കയിലെ അലാസ്‌കയിലാണ്. പിന്നീട് എന്‍റെ കുടുംബം ജോര്‍ജ്ജിയയിലേക്ക് കുടിയേറി. അവിടെയായിരുന്നു എന്‍റെ സ്‌കൂള്‍ വിദ്യാഭ്യാസം. ഇന്‍ഡ്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും മലയാളത്തേയും തമിഴിനേയുമൊക്കെ കുറിച്ച് അന്നാണ് കേട്ടു തുടങ്ങുന്നത്,” നല്ല മലയാളത്തില്‍ തന്നെ എലൈസ ദ് ബെറ്റര്‍ ഇന്‍ഡ്യ (ടി ബി ഐ) യോട് വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങി.
“അന്ന് കുറച്ച് മലയാളി സുഹൃത്തുക്കളെ ലഭിച്ചിരുന്നു.’അതെ ‘എന്ന വാക്കാണ് ഞാന്‍ ആദ്യം പഠിക്കുന്നത്. തുടര്‍ന്ന് മലയാളത്തോടുള്ള എന്‍റെ പ്രണയം ആരംഭിച്ചു. ചില വാക്കുകളൊക്കെ ഏറെ കഷ്ടപ്പെട്ടാണ് ഞാന്‍ പഠിച്ചത്. (കൂടെയുള്ള) മലയാളികള്‍ക്ക് പോലും മലയാളം കൃത്യമായി ഉച്ഛരിക്കാന്‍ പ്രയാസമുള്ളപ്പോഴാണ് വെള്ളം പോലെ ഞാനതങ്ങ് പറഞ്ഞു തുടങ്ങിയത്. പഠന ശേഷം ജോലിക്കായി യു എ ഇയില്‍ എത്തിയപ്പോള്‍ അവിടെയും ധാരാളം മലയാളികളെയും തമിഴരെയും സുഹൃത്തുക്കളായി ലഭിച്ചു.”
അതൊക്കെ ഒരു കൗതുകത്തിന് പഠിച്ചെടുത്തതായിരുന്നു. പക്ഷേ, മലയാളത്തോട് പ്രേമം കലശലായത് എലൈസയുടെ പ്രണയകാലത്താണ്.
“സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട അര്‍ജ്ജുന്‍ അശോകനോട് പ്രണയം തുടങ്ങിയ കാലത്താണ് മലയാളം കൂടുതല്‍ പഠിക്കണമെന്ന് ആഗ്രഹം തുടങ്ങിയത്,”എലൈസ ചിരിക്കുന്നു.
രണ്ട് ഇഷ്ടങ്ങളും ഒരുപോലെ ആഴത്തില്‍ ഹൃദയത്തില്‍ വേരുപടര്‍ത്തി. മലയാളത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് എലൈസ ഒരുപാട് ആഗ്രഹിച്ചു.
ആഗ്രഹിച്ചു പഠിച്ചതുകൊണ്ടാകാം അതു വെറുതെയങ്ങ് വഴിയില്‍ കളയണമെന്ന് തോന്നിയില്ല. എലിസബത്ത് മലയാളം പറയുന്നതു കേട്ടാല്‍ നമ്മളൊന്നു ഞെട്ടും. ഷ-യും റ-യും ഴ-യുമൊക്കെ എലൈസയുടെ നാവിന് നന്നായി വഴങ്ങും.
എലിക്കുട്ടിയുടെ മലയാളപ്രേമം കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ മലയാളികള്‍.
”എന്‍റെ മാതൃഭാഷയല്ലാത്ത ഒരു ഭാഷ ഞാന്‍ തെരഞ്ഞെടുത്ത് പഠിപ്പിക്കുമ്പോള്‍ അതിന്‍റേതായ പ്രശ്നങ്ങളുണ്ടാകും എന്ന് ഞാന്‍ മനസിലാക്കി. അങ്ങനെ കുറച്ച് മാസങ്ങള്‍ക്കു മുന്‍പാണ് മലയാളത്തെ ഞാന്‍ ഗൗരവമായി പഠിക്കാന്‍ തുടങ്ങിയത്, അര്‍ജ്ജുനെ കൂട്ടുകാരനായി കിട്ടിയ ശേഷം.
“അന്നു മുതല്‍ മലയാള ഭാഷയ്ക്കും കേരളത്തിനും വലിയ നീണ്ട സംസ്‌കാരമുണ്ടെന്ന് മനസിലാക്കി. മലയാളം പഠിക്കുന്നത് വലിയൊരു വെല്ലുവിളിയായി ഏറ്റെടുത്തു. അതിനായി ഓണ്‍ലൈനില്‍ ഒരുപാട് അന്വേഷണങ്ങള്‍ നടത്തി. പക്ഷെ ഞാന്‍ ആഗ്രഹിച്ചതുപോലെയുള്ള പഠനസാമഗ്രികളൊന്നും കിട്ടിയില്ല.
“അങ്ങനെ പ്രത്യേകിച്ചൊരു പഠന സഹായി മലയാളത്തിനില്ലെന്ന് മനസിലാക്കിയത് അന്നാണ്. അവസാനം മലയാള പഠനത്തിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.രവി ശങ്കര്‍ പ്രസിദ്ധീകരിച്ച ചില പുസ്‌തകങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കിട്ടി. അദ്ദേഹവുമായി ബന്ധപ്പെട്ടതോടെ ഭാഷാ പഠനം കുറച്ചുകൂടി എളുപ്പവും രസകരവുമായി.
“അങ്ങനെ ഞാന്‍ ‘അ’ മുതല്‍ പഠിച്ചു തുടങ്ങി. മലയാള സംസാരം കൂടുതല്‍ സ്ഫുടമാകാന്‍ ധാരാളം സിനിമകള്‍ കണ്ടു. പുസ്തകങ്ങള്‍ വായിച്ചു. അങ്ങനെ ഭാഷയുടെ അടിത്തട്ടിലേക്ക് ഞാനിറങ്ങിച്ചെന്നു,” വളരെ ഗൗരവമായി ഭാഷ പഠിക്കാന്‍ തുടങ്ങിയതിനെ പറ്റി എലൈസ പറയുന്നു.
”മലയാളം പഠിക്കുന്ന കാലത്ത് ഞാന്‍ യു എ ഇ-യിലായിരുന്നു. കോഴിക്കോടുള്ള ഒരു ഓണ്‍ലൈന്‍ അധ്യാപികയുടെ സഹായത്തോടെയായിരുന്നു പഠനം, സ്‌കൈപ്പ് വഴി. പക്ഷെ യു എ ഇ-യില്‍ സ്‌കൈപ്പ് ബാന്‍ ചെയ്തതോടെ ക്ലാസുകള്‍ എനിക്ക് നഷ്ടപ്പെടാന്‍ തുടങ്ങി. ശരിക്കും നിരാശയായി.”
അങ്ങനെയാണ് അവര്‍ ഡോ.രവിശങ്കറിനെ കണ്ടെത്തുന്നതും പഠനം വീണ്ടും തുടങ്ങുന്നതും. മാത്രമല്ല ഇന്‍സ്റ്റാഗ്രാമിലൂടെയും മറ്റും കുറച്ച് മലയാളികളെ കണ്ടുപിടിച്ച് സ്ഥിരമായി മലയാളത്തില്‍ ചാറ്റ് ചെയ്യാനും തുടങ്ങി.
മലയാള പഠനം വിത്ത് എലിക്കുട്ടി
പഠിച്ച ഭാഷ മറ്റുള്ളവരിലേക്ക് കൂടി പങ്കുവെയ്ക്കാന്‍ ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ് തുടങ്ങി. (എലിക്കുട്ടിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാം: @eli.kutty )
പെട്ടെന്നു തന്നെ ഇന്‍സ്റ്റാഗ്രാമില്‍ എലൈസ പ്രശസ്തയായി. നിരവധി മലയാളികള്‍ മലയാള പഠനത്തിനായി ഇന്‍സ്റ്റാഗ്രാമില്‍ എത്തുന്നു. മലയാളം പഠിപ്പിച്ചു പഠിപ്പിച്ച് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമല്ല കേട്ടോ എലിക്കുട്ടി താരമായത്. യൂട്യൂബിലും ഫേസ്ബുക്കിലുമൊക്കെ എലിക്കുട്ടിക്ക് ആരാധകരുമുണ്ട്.
കേരളത്തോടും മലയാളത്തോടുമുള്ള എലിക്കുട്ടിയുടെ സ്നേഹമാണ് അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിറയെ.
”മലയാളം ഉച്ഛാരണം കടുകട്ടിയാണ് കേട്ടോ. ഇംഗ്ലീഷ് വളരെ ഈസിയായി സംസാരിക്കാന്‍ കഴിയുന്ന ഭാഷയല്ലേ. വാ ഒതുക്കി പിടിച്ചു പറയാന്‍ കഴിയുന്ന ഭാഷ. പക്ഷെ മലയാളം പറയുമ്പോള്‍ വായില്‍ക്കൂടി നാക്കു വളച്ചും തിരിച്ചും…ശരിക്കും ബുദ്ധിമുട്ടാണ്. ചില വാക്കൊക്കെ പറയുമ്പോള്‍ നാക്കുളുക്കുന്നതു പോലെ തോന്നും,” അവര്‍ പൊട്ടിച്ചിരിച്ചു.
“അതുകൊണ്ട് തന്നെ ഭാഷ പഠിപ്പിക്കുമ്പോള്‍ ഉച്ഛാരണം ശരിയാകാന്‍ തൊണ്ടയുടേയും ചുണ്ടിന്‍റെയും ചിത്രങ്ങള്‍ അക്ഷരത്തോടൊപ്പം നല്‍കുന്നു. ചിത്രങ്ങള്‍ വരച്ചുപോലും കുറിപ്പികള്‍ തയ്യാറാക്കുന്നുണ്ട്. ഉച്ചാരണം ശരിയാക്കാന്‍ ഇതിനപ്പുറം മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ല,”എലൈസ തുടരുന്നു.
സംവിധാനങ്ങളുടെ കുറവാണ് മലയാളം ശുഷ്‌ക്കിച്ചു പോകാനുള്ള പ്രധാനകാരണം എന്നാണ് എലൈസയുടെ തോന്നല്‍. അതിനുള്ള ഒരു ബദല്‍ മാര്‍ഗ്ഗമാണ് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിക്കുന്നത്.
”ഇന്‍സ്റ്റാഗ്രാമില്‍ എനിക്ക് ധാരാളം മലയാളി വിദ്യാര്‍ത്ഥികളുണ്ട്. അവര്‍ക്ക് ചിലര്‍ക്ക് ഭാഷ അത്യാവശ്യം നന്നായി അറിയാം. എന്നിരുന്നാലും, എന്‍റെ അധ്യാപന ജീവിതത്തില്‍ ഞാനവര്‍ക്ക് നല്ലൊരു ഗൈഡാകാന്‍ ശ്രമിക്കുന്നു. പ്രധാനമായും മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഇവരെ പഠിപ്പിക്കുന്നത്. ഒന്ന് മലയാളികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മറ്റു ഭാഷക്കാര്‍ (പ്രത്യേകിച്ച് മലയാളികളെ വിവാഹം കഴിച്ച വിദേശികള്‍), രണ്ട് മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ (വിദേശത്തേക്ക് കുടിയേറിയ മലയാളികള്‍) മൂന്ന്, മലയാളം പഠിക്കാന്‍ ആഗ്രഹിക്കാത്ത രണ്ടാം തലമുറ മലയാളി പ്രവാസികള്‍.(മലയാളം അറിയാത്ത കുട്ടികളുടെ മാതാപിതാക്കള്‍) ഇവരാണ് ഏന്നെ പ്രധാനമായും ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നത്.
“എന്‍റെ എല്ലാ ശ്രമങ്ങളും വളരെ നല്ല രീതിയില്‍ അവര്‍ സ്വീകരിക്കുന്നു എന്നു പറയുന്നതാണ് എന്‍റെ ഏറ്റവും വലിയ സന്തോഷം. എന്നെ ഇവര്‍ അംഗീകരിക്കുന്നു എന്നറിയുന്നതു തന്നെ വലിയ കാര്യമല്ലേ,”എലൈസ ചോദിക്കുന്നു.
മലയാളം മാത്രമല്ല, ഭാഷകള്‍ പഠിക്കാന്‍ എലൈസയ്ക്ക് പൊതുവെ വലിയ താല്‍പര്യമാണ്. ദക്ഷിണ കൊറിയയില്‍ ജോലി ചെയ്തിരുന്ന കാലത്ത് കൊറിയന്‍ ഭാഷ പഠിച്ചു. പിന്നെ ജാപ്പനീസ്, സ്പാനിഷ് ഭാഷകള്‍ മലയാളം പഠിക്കുന്നതിന് മുന്‍പ് തന്നേ പഠിച്ചു.
”എനിക്ക് തമിഴ് ഉള്‍പ്പടെയുള്ള ചില ഭാഷകള്‍ കൂടി ഇനി പഠിക്കണമെന്ന് ആഗ്രഹമുണ്ട്. മാത്രമല്ല ഇവിടുത്തെ ചില ഭാഷകളും മറ്റ് ചില രാജ്യങ്ങളിലെ ഭാഷകളുമായി ഒരു താരതമ്യ പഠനം കൂടി ഞാന്‍ ആഗ്രഹിക്കുന്നുണ്ട്,”എലൈസ ആഗ്രഹം വെളിപ്പെടുത്തുന്നു.
ഈ താരതമ്യ പഠനം നടത്തുന്നതിന് എലൈസയെ പ്രേരിപ്പിച്ച ചില ഘടകങ്ങളുണ്ട്. ദക്ഷിണ കൊറിയന്‍ ഭാഷയ്ക്ക് മലയാള ഭാഷയുമായി നല്ല സാമ്യമുണ്ടെന്ന് എലൈസ പറയുന്നു. ക്രിയ അവസാനം വരുന്ന രീതിയിലാണ് കൊറിയന്‍ ഭാഷയും. പിന്നെ കേരളത്തിലെ നാലുകെട്ടിനു സമാനമായ ചില വാസ്തുരീതികളും ദക്ഷിണകൊറിയയിലിപ്പോഴുമുണ്ട്, എലൈസ വ്യക്തമാക്കുന്നു.
എലിക്കുട്ടി ആയ കഥ
സ്‌കൂള്‍ കാലത്ത് എലിസബത്തെന്ന പേര് ചുരുക്കി ‘എലി’ എന്നായിരുന്നു സുഹൃത്തുക്കള്‍ വിളിച്ചിരുന്നത്. മലയാളത്തിലെ എലി എന്താണെന്ന് എലിസബത്ത് പിന്നീട് മനസിലാക്കി. അങ്ങനെ എലിയുടെ കൂടെ കുട്ടി എന്നു കൂടി ചേര്‍ത്ത് എലിക്കുട്ടി എന്നാക്കിയത്. അതോടെ ആരാധകരുടെയെണ്ണം കൂടിയെന്ന് എലൈസ.
ജോര്‍ജ്ജിയയിലായിരുന്നു എലിസബത്തിന്‍റെ ഹൈസ്‌ക്കൂള്‍ പഠനം. ആദ്യം ജോലി നോക്കിയത് കൊറിയയിലായിരുന്നു. കൊറിയയിലും ടെക്സാസിലും ജോലി ചെയ്തിരുന്ന കാലത്ത് മാസ്റ്റേഴ്സ് ബിരുദമെടുത്തു. തുടര്‍ന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് അധ്യാപന കോഴ്സായ ‘സെല്‍റ്റ’, ‘ഡെല്‍റ്റ’തുടങ്ങിയവ വിജയിച്ചു.
”ബിരുദാനന്തര പഠനത്തിനു ശേഷം ഇംഗ്ലീഷ് അധ്യാപനത്തില്‍ സര്‍ട്ടിഫിക്കറ്റ് നേടിയ ഞാന്‍ കഴിഞ്ഞ നാലുവര്‍ഷമായി യു എ ഇ-യിലെ അജ്മാനില്‍ അപ്ലൈഡ് ടെക്നോളജി ഹൈസ്‌ക്കൂളില്‍ ഇംഗ്ലീഷ് അധ്യാപികയാണ്. ഇക്കാലത്താണ് ഞാന്‍ മലയാളിയായ അര്‍ജ്ജുനെ സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. അര്‍ജ്ജുന്‍റെ വീട് കൊച്ചിയിലാണ് എന്നറിഞ്ഞതോടെ എനിക്ക് ഭയങ്കര സന്തോഷമായി. പിന്നെ ഇരുവീട്ടുകാരുടേയും ആശിര്‍വ്വാദത്തോടെ ഞങ്ങള്‍ വിവാഹിതരായി,”എലൈസ പറഞ്ഞു.
യു എ ഇ-യിലെ സൈബര്‍ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ് അര്‍ജ്ജുന്‍. ജനിച്ചത് കേരളത്തിലാണെങ്കിലും വളര്‍ന്നത് സൗദിയിലാണ്. പക്ഷെ അര്‍ജ്ജുന് മലയാളം നന്നായി അറിയാം. മലയാളം പഠിക്കണമെന്ന് വീട്ടുകാര്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു.
”മലയാളം പഠിക്കാനായി അര്‍ജ്ജുന്‍ എന്നേ നിര്‍ബ്ബന്ധിക്കാറേയില്ല. ചില മലയാള സിനിമകളൊക്കെ കാണണമെന്ന് പറയും. എന്നാല്‍ എന്‍റെ നിര്‍ബ്ബന്ധം മൂലം ചില ദിവസങ്ങളില്‍ വീട്ടില്‍ മലയാളം മാത്രമേ സംസാരിക്കാറുള്ളു. ഞാന്‍ സംസാരിക്കുന്നതിലെ തെറ്റുകള്‍ അര്‍ജ്ജുന്‍ തിരുത്തിത്തരും. കൂടുതല്‍ ക്ലാസ് റൂം അനുഭവങ്ങള്‍ക്കും മലയാളം പഠിക്കുന്ന വിദ്യാര്‍ത്ഥികളുമായി കൂടുതല്‍ ഇടപെടുന്നതിനുമായി ഞാന്‍ അടുത്തകാലത്ത് ദുബായില്‍ നടന്നു വരുന്ന മലയാളം മിഷനില്‍ പങ്കെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്,”എലൈസ പറയുന്നു.
മലയാളത്തോടു മാത്രമല്ല കേരള സ്‌റ്റൈല്‍ ഭക്ഷണത്തോടും വസ്ത്രങ്ങളോടുമൊക്കെ എലൈസയ്ക്ക് വലിയ പ്രിയമാണ്. നമ്മുടെ സ്വന്തം പെറോട്ടയും ബീഫും ഇഷ്ടവിഭവങ്ങളുടെ പട്ടികയില്‍ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.
മലയാളി വധുവായി എലൈസ
”കൊച്ചിയില്‍ വെച്ചായിരുന്നു ഞങ്ങളുടെ വിവാഹം. കസവുസാരിയൊക്കെ ഉടുത്ത് ആഭരണങ്ങളണിഞ്ഞായിരുന്നു വിവാഹം. എന്‍റെ സ്വപ്നത്തിനപ്പുറം എന്നു തന്നെ പറയാം,”എലൈസ വിവാഹ ദിനത്തെക്കുറിച്ചുള്ള സുന്ദരമായ ഓര്‍മ്മകള്‍ തന്‍റെ ബ്ലോഗില്‍ വിശദമായി കുറിച്ചിരിക്കുന്നു.
”മെട്രോ നഗരമായ കൊച്ചിയില്‍ കുടിയേറ്റക്കാരും വിദേശികളും ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. അതുകൊണ്ടു തന്നെ പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടൊരു വിദേശ റോഡിലൂടെ നടക്കുന്നത് ആര്‍ക്കും അപരിചിതമല്ല. എന്നാല്‍ എന്‍റെ വിവാഹദിനത്തില്‍ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തിലെ അതിഥികളില്‍ കേരള വധുവിന്‍റെ വസ്ത്രം ധരിച്ച ഒരാളെ കാണുന്നത് തീര്‍ച്ചയായും ഒരു അപൂര്‍വ്വ കാഴ്ചയായിരിക്കും,”എലൈസ വിവാഹ ദിന ബ്ലോഗ് ആരംഭിക്കുന്നത് ഇങ്ങനെയാണ്.
”എന്‍റെ അമ്മയും സഹോദരനും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ കേരളാ ഡ്രസില്‍. അവര്‍ക്കൊക്കെ ഇതൊരു പുതിയ അനുഭവമായിരുന്നു. എല്ലാവരും വലിയ ത്രില്ലിലാണ്.
ഇതുകൂടി വായിക്കാം: 9 കുട്ടികളില്‍ നിന്ന് 48-ലേക്ക്! വിശുദ്ധ അല്‍ഫോണ്‍സാമ്മ പഠിച്ച ഗവ. സ്കൂളിനെ 3 വര്‍ഷംകൊണ്ട് പച്ചപിടിപ്പിച്ച പ്രകാശന്‍ മാഷും സംഘവും
”ഞാന്‍ വേദിയേല്ക്ക് പോകുകയാണ്. സാരിയൊക്കെ അണിഞ്ഞ് അമ്മയും എനിക്കൊപ്പമുണ്ട്. കേരളാ ട്രഡീഷനേ കുറിച്ച് നേരത്തേ അറിവില്ല. മണ്ഡപത്തില്‍ ചെരുപ്പ് ധരിച്ച് കയറാന്‍ പാടില്ലെന്നൊന്നും അറിയില്ലായിരുന്നു. പക്ഷെ ചെരുപ്പ് അഴിച്ച് വെയ്ക്കണമെന്ന് മുന്‍പെന്നോടു പറഞ്ഞിരുന്നു. പക്ഷെ അമ്മയ്ക്ക് അറിയില്ലായിരുന്നു. ഞാന്‍ ചെരുപ്പ് അഴിക്കുന്നതു കണ്ട് അമ്മയ്ക്കാകെ പരിഭ്രമം.വളരെ കഷ്ടപ്പെട്ട് അമ്മ ചെരുപ്പഴിക്കുന്നതു കണ്ടു,”ഇപ്പോള്‍ ഓര്‍ക്കാന്‍ രസമുള്ളവ എന്നാണ് എലൈസ ബ്ലോഗില്‍ കുറിച്ചിരിക്കുന്നത്.
”മാത്രമല്ല വേദിയിലേക്ക് കയറുമ്പോള്‍ കുട്ടിയുടെ കൈപിടിക്കൂ. വലതുകൈപിടിക്കൂ. അമ്മയുടെ വലതുകൈ.അങ്ങനെ കുറെ നിര്‍ദ്ദേശങ്ങളും. ആകെ കണ്‍ഫ്യൂഷനിലായി അമ്മ. ക്ഷെ എല്ലാം ഒരുവിധം മാനേജ് ചെയ്തു,”എലൈസ തുടരുന്നു.
വിവാഹത്തിനടക്കം മൂന്നു തവണയാണ് കേരളത്തില്‍ എത്തിയിരിക്കുന്നത്.
”ആദ്യം അര്‍ജ്ജുന്‍റെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനാണ് ഞാന്‍ കേരളത്തിലെത്തിയത്. പിന്നെ വിവാഹത്തിനും. പിന്നെ കേരളത്തിലെത്തുന്നത് ദുബായിലെ മലയാളം മിഷന്‍റെ അതിഥിയായി ആയിരുന്നു. അന്ന് കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ സന്ദര്‍ശിച്ചു. മലയാള ഭാഷയിലെ പ്രയോഗ രീതികളുടെ വ്യത്യാസങ്ങളെ കുറിച്ച് പഠിക്കുന്നതിനായിരുന്നു സന്ദര്‍ശനം,” എലൈസ കേരള സന്ദര്‍ശനത്തേക്കുറിച്ച് വിവരിക്കുന്നു.
എലൈസയുടെ കൂട്ടുകാര്‍
”ലോകം മുഴുവന്‍ എനിക്ക് സുഹൃത്തുക്കളുണ്ട്. ഞാന്‍ ജോലി ചെയ്ത കൊറിയയിലും, ടെക്സാസിലും, ന്യൂയോര്‍ക്കിലും, ഇപ്പോള്‍ ജോലി ചെയ്യുന്ന യു എ ഇയിലുമൊക്കെ ധാരാളം സുഹൃത്തക്കളുണ്ട്. പക്ഷെ എന്‍റെ ബെസ്റ്റ് ഫ്രണ്ടൊരു തമിഴ്നാട് സ്വദേശിനിയാണ്–അര്‍ച്ചന. അവളുടെ ഭര്‍ത്താവും ഒരു മലയാളിയാണ്. അവരുടെ ഇരുപതു മാസം മാത്രം പ്രായമുള്ള മകളെ കൊഞ്ചിക്കലാണ് ഇപ്പോഴത്തെ എന്‍റെ പ്രധാന ഹോബി. അവള്‍ക്കായി ഞാന്‍ ചിത്രങ്ങളൊക്കെ വരയ്ക്കാറുണ്ട്,”വാല്‍സ്യലമോ, കുസൃതിയോ ഒക്കെ നിറഞ്ഞ വാക്കുകളിലൂടെ എലൈസ തന്‍റെ സൗഹൃദങ്ങളേക്കുറിച്ച് ടി ബി ഐ-യോട് പങ്കുവെച്ചു.
അര്‍ച്ചനയോടുള്ള സൗഹൃദം മൂലം തമിഴ് കൂടി പഠിച്ചാലെന്താണെന്നാണ് ഇപ്പോള്‍ എലൈസയുടെ ചിന്ത മുഴുവന്‍. തമിഴ് മാത്രമല്ല കേട്ടോ ഫ്രഞ്ചും.
രാഷ്ട്രീയം സിനിമ, കുറച്ച് സാഹിത്യവും
മലയാളത്തോടും കേരള വിഭവങ്ങളോടുമുള്ള ഇഷ്ടത്തിനൊപ്പം രാഷ്ട്രീയത്തെ കുറിച്ചും സിനിമയേക്കുറിച്ചുമൊക്കെ എലൈസ മനസിലാക്കിയിട്ടുണ്ട്.
മലയാളികള്‍ എല്ലാം രാഷ്ട്രീയമായാണ് കാണുന്നതെന്നും ചിന്തിക്കുന്നതെന്നുമാണ് എലൈസയുടെ വിലയിരുത്തല്‍.
സിനിമയിലാകട്ടെ മോഹന്‍ലാലിനേയും മമ്മൂട്ടിയേയുമൊക്കെ എലൈസയ്ക്കറിയാം. അങ്ങനെ വെറുതേ അറിയാമെന്നല്ല, നല്ല മലയാള സിനിമകള്‍ കണ്ടുള്ള പരിചയം തന്നെ. മലയാളത്തിലിറങ്ങുന്ന നല്ല സിനിമകളൊക്കെ കാണാറുണ്ട്.
മലയാളത്തിലെ ചില മികച്ച പുസ്തകങ്ങളുടെ ഇംഗ്ലീഷ് തര്‍ജ്ജമയും എലിസബത്ത് വായിച്ചു കഴിഞ്ഞിരിക്കുന്നു. എം ടിയുടെ നാലുകെട്ടും, ചന്തു മേനോന്‍റെ ഇന്ദുലേഖയും തകഴിയുടെ ചെമ്മീനും ബെന്യാമിന്‍റെ ആടു ജീവിതവും ഇതിനോടകം വായിച്ചു കഴിഞ്ഞിരിക്കുന്നു.
ചുറ്റിക്കറങ്ങിയത് 20 രാജ്യങ്ങള്‍
ഞാന്‍ ടി ബി ഐ-ക്ക് വേണ്ടി വിളിക്കുമ്പോള്‍ എലൈസ ഒരു യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ സംസാരിക്കാമെന്നു പറഞ്ഞു. അങ്ങനെയാണ് യാത്രയേക്കുറിച്ചുള്ള വിശേഷങ്ങള്‍ കൂടി എലൈസയോട് ചോദിക്കുന്നത്.
”അമേരിക്കയില്‍ നിന്ന് പോരും മുന്‍പ് രാജ്യത്തെ 36 സംസ്ഥാനങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. പിന്നെ ജപ്പാനും, ആസ്‌ത്രേലിയയും കൊറിയയും. പിന്നെ, യൂറോപ്പിലേയും ആഫ്രിക്കയിലേയും രാജ്യങ്ങള്‍ ഉള്‍പ്പടെ 20 രാജ്യങ്ങള്‍. എനിക്കും അര്‍ജ്ജുനും യാത്രകള്‍ വലിയ ഇഷ്ടമാണ്. ഇനിയും ധാരാളം യാത്ര ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,” ഇഷ്ടങ്ങളെപ്പറ്റി എലൈസ പറയുന്നു.
ഇഷ്ടങ്ങള്‍ ഇഷ്ടക്കേടുകള്‍
”സംഗീതവും എഴുത്തും വായനയും ഞാനേറെ ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ ചിലതാണ്. സ്ത്രീകള്‍ക്കെതിരെയുള്ള സാമുഹ്യപ്രശ്നങ്ങളില്‍ ഞാന്‍ ഇടപെടാറുണ്ട്. കൂടാതെ പഠിക്കാനും പഠിപ്പിക്കാനും ഏറെ ഇഷ്ടപ്പെടുന്നു. ഇതിനെല്ലാം പുറമേ ഞാനൊരു ഫൂഡിയാണ്. ഭക്ഷണം ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. പ്രത്യേകിച്ച്, കേരളത്തിലേയും ദക്ഷിണ കൊറിയയിലേയും എത്യോപ്യയിലേയും. പുതിയ കാര്യങ്ങള്‍ അറിയാനും അത് മറ്റുള്ളവരുമായി പങ്കുവെയ്ക്കാനും ഏറെ ഇഷ്ടമുള്ളയാളാണ് ഞാന്‍,” മറ്റ് ഇഷ്ടങ്ങളേക്കുറിച്ച് എലൈസ വാചാലയായി, ഒപ്പം ഇഷ്ടക്കേടുകളെക്കുറിച്ചും.
”ഇടുങ്ങിയ മനോഭാവത്തേയും അത്തരം ആളുകളേയും എനിക്ക് ഇഷ്ടമല്ല. മറ്റുള്ളവരെ പരിഹസിക്കുന്നവരെ ഞാന്‍ പൂര്‍ണമായും വെറുക്കുന്നു. ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നേടാതിരിക്കുമ്പോള്‍ ഞാന്‍ അക്ഷമയാകാറുണ്ട്,” എലൈസ മനസ്സുതുറന്നു.
എന്തായാലും എലൈസയേ കുറിച്ച് പറഞ്ഞവസാനിപ്പിക്കുമ്പോള്‍ ഒന്ന് പറയാതിരിക്കാന്‍ കഴിയില്ല. മലയാളികളില്‍ പലരും ഈ ഭാഷയെ മറന്നുപോകുന്ന കാലത്ത് ഈ മദാമ്മക്കൊച്ച് മലയാളത്തെ പൊന്നുപോലെ കാക്കുന്നു. അത് മറ്റുള്ളവര്‍ക്ക് പകരുന്നു.
എലിക്കുട്ടിയുടെ യുട്യൂബ് ചാനലില്‍ ഒരു യൂസര്‍ തനികേരള സ്‌റ്റൈലില്‍ ഇട്ട കമന്‍റ് ഇങ്ങനെ:
‘ഏലികുട്ടി പുലികുട്ടി…
ധീരതയോടെ നയിച്ചോളു…
ലക്ഷം ലക്ഷം പിന്നാലെ…’
ഫോട്ടോകള്‍ക്ക് കടപ്പാട്:
എലിസബത്ത് മേരി കെയ്റ്റണ്‍
Facebook/
Instagram/
Youtube
ഇതുകൂടി വായിക്കാം: മലയാളം മീഡിയത്തില്‍ പഠിച്ച് പാരീസില്‍ സ്കോളര്‍ഷിപ്പോടെ ശാസ്ത്രഗവേഷണം: മാതൃഭാഷയെയും പൊതുവിദ്യാലയങ്ങളെയും കുറിച്ച് തേജസ്വിനി