നാലുമാസം കൊണ്ട് 800 കിലോ ജൈവപച്ചക്കറി വിളയിച്ച് നൂറുകണക്കിന് രോഗികളെ ഊട്ടിയ കോളെജ് വിദ്യാര്‍ത്ഥികള്‍

ആദിവാസി ഊരുകളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുസ്തകങ്ങള്‍ വാങ്ങി നല്‍കാന്‍ പണം സ്വരൂപിക്കുകയാണ് ഇപ്പോള്‍ ഈ കുട്ടികള്‍. അതിനായി അവര്‍ ഈറ്റകൊണ്ട് പ്രകൃതി സൗഹൃദ ക്രിസ്മസ് വിളക്കുകള്‍ ഉണ്ടാക്കുന്ന തിരക്കിലാണ്. 

പ്പോള്‍ കേരളത്തിലെ ഒട്ടുമിക്ക സ്‌കൂളുകളിലും കോളെജുകളിലും ഒരു കുഞ്ഞ് പച്ചക്കറിത്തോട്ടമെങ്കിലും കാണും.  പച്ചക്കറി മാത്രമല്ല, നെല്ലും മീനുമൊക്കെ വിളവെടുത്ത് ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കുന്ന സ്‌കൂളുകള്‍ ഏറെയാണ്.

ആലുവ എടത്തല അല്‍ അമീന്‍ കോളെജിലും വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികളുടെ പച്ചക്കറികൃഷിയുണ്ട്. എന്നാല്‍ ഈ വര്‍ഷം അവിടെ പാവലും തക്കാളിയും വെണ്ടയ്ക്കയുമൊക്കെ ആവേശത്തോടെ വിളഞ്ഞത് മറ്റൊരു കാരണം കൂടിയാകാം–ഇത്തവണ കൂടുതല്‍ സ്‌നേഹവും കരുണയും നല്‍കിയാണ് കുട്ടികള്‍ അതൊക്കെ വളര്‍ത്തിയെടുത്തത്. കാരണം ആ കായ്കനികളെല്ലാം എറണാകുളം ഗവ. ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കായുള്ള ഊട്ടുപുരയിലേക്ക് ഉള്ളതായിരുന്നു!

“വര്‍ഷങ്ങളായി ഈ കാംപസില്‍ ജൈവകൃഷി ചെയ്തുപോരുന്നു. ഇതിലൂടെ കുട്ടികളുടെ എനര്‍ജി നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുക മാത്രമല്ല പാഠ്യപദ്ധതിയോടുള്ള താല്‍പര്യവും വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധിക്കും,” കോളെജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എം ബി ശശിധരന്‍ പറയുന്നു.

അല്‍ അമീന്‍ കോളെജിലെ വിദ്യാര്‍ത്ഥികള്‍ കൃഷിപ്പണികള്‍ക്കിടയില്‍

“കോളെജിന്‍റെ തന്നെ കാട് പിടിച്ചു കിടക്കുന്ന സ്ഥലം എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചിന്തയാണ് ‘ആരോഗ്യപ്പച്ച’ എന്ന പദ്ധതിയിലേക്ക് ഞങ്ങളെ ആകര്‍ഷിച്ചത്. പിന്നീട് കാടൊക്കെ തെളിച്ച് കൃഷി ഭൂമിയാക്കാനുള്ള പരിശ്രമങ്ങളായിരുന്നു,” അദ്ദേഹം വിശദമാക്കുന്നു.

കോളെജിലെ കമ്മ്യൂണിറ്റി എക്സ്റ്റന്‍ഷന്‍ ക്ലബ് ആണ് ആരോഗ്യപ്പച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. “ഈ ക്ലബ്ബില്‍ മുപ്പത്തിരണ്ടോളം വിദ്യാര്‍ത്ഥികള്‍ അംഗങ്ങളായിട്ടുണ്ട്. എല്ലാവരുടെയും ഒരുമിച്ചുള്ള പരിശ്രമത്തിന്‍റെ ഫലമായാണ് കൃഷി വിജയകരമായി മുമ്പോട്ട് കൊണ്ട് പോകാന്‍ സാധി്ക്കുന്നത്,” മലയാളം അധ്യാപകന്‍ അബ്ദുല്‍ സലാം ദ് ബെറ്റര്‍ ഇന്‍ഡ്യ-യോട് പറയുന്നു.

“കുട്ടികള്‍ കൃഷി കാര്യങ്ങളില്‍ അങ്ങേയറ്റം തല്പരരാണ്. അതാണ് ഏറ്റവും സന്തോഷമുള്ള കാര്യം. നമ്മള്‍ പറയാറുണ്ട്, പുതുതലമുറയ്ക്ക് കൃഷി അറിയില്ല അല്ലെങ്കില്‍ കൃഷിയില്‍ നിന്ന് അകന്നു നില്‍ക്കുന്നു എന്നൊക്കെ എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്ക് കൃഷിയെക്കുറിച്ചു ശരിയായ അറിവ് പകര്‍ന്നു കൊടുത്താല്‍ അവര്‍ അത്യധികം ആവേശത്തോടെ എല്ലാം ചെയ്യുമെന്നാണ് മനസിലാക്കാന്‍ സാധിച്ചത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൈവപച്ചക്കറി കൃഷി കോളെജില്‍ വരാനും പുതിയൊരുണര്‍വാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.

“ജനറല്‍ ആശുപത്രിയിലേക്ക് കഴിഞ്ഞ നാല് മാസത്തിനിടയില്‍ എണ്ണൂറു കിലോഗ്രാം പച്ചക്കറി നല്‍കാനായി സാധിച്ചു എന്നത് ഏറെ സന്തോഷവും അഭിമാനവും നിറഞ്ഞൊരു കാര്യമാണ്. അതിലൂടെ രോഗികള്‍ക്കും കാത്തിരുപ്പുകാര്‍ക്കും വിഷവിമുക്തമായ ആരോഗ്യകരമായ പച്ചക്കറി നല്‍കി. വിശക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്നതിന്‍റെ ആനന്ദം കുട്ടികള്‍ ഈ പ്രവര്‍ത്തികളിലൂടെ അനുഭവിച്ചു അറിയുന്നു. അതാണ് വേണ്ടതും,” പ്രിന്‍സിപ്പല്‍ ശശിധരന്‍ പറഞ്ഞു.

“ജനറല്‍ ആശുപത്രിയിലേക്ക് ആശ്യമുള്ളതിനേക്കാള്‍ അധികം പച്ചക്കറി കുട്ടികള്‍ ഇവിടെ ഉല്‍പാദിപ്പിച്ചു. ബാക്കി വന്ന പച്ചക്കറി കോളെജിലെ തന്നെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വിറ്റു. അതില്‍ നിന്നും കിട്ടിയ വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗപ്പെടുത്തിയത്,” കമ്മ്യൂണിറ്റി എക്‌സ്റ്റെന്‍ഷന്‍ ക്ലബിന്‍റെ മാര്‍ഗദര്‍ശി കൂടിയായ കോളെജിലെ ഇംഗ്ലീഷ് അധ്യാപകന്‍ വിജു വിശദീകരിക്കുന്നു.

“പച്ചക്കറി വിറ്റു ലഭിക്കുന്ന വരുമാനം എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. കുട്ടികള്‍ തന്നെയാണ് അത് ചാരിറ്റിക്ക് വേണ്ടി ഉപയോഗിക്കാമെന്ന ആശയം മുന്നോട്ടുവെച്ചത്. നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ ഏറെ മുമ്പില്‍ ആണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ എന്നത് അഭിമാനം തന്നെയാണ്,” വിജു എല്ലാ ക്രെഡിറ്റും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു.

പൂര്‍ണമായും ജൈവരീതിയിലാണ് കോളെജിലെ കൃഷി

”പ്രകൃതിയുടെ നിലനില്പിലാണ് സര്‍വ്വചരാചരങ്ങളുടെയും അതിജീവനം. മാത്രമല്ല കൃഷി നമ്മുടെ സംസ്‌കാരം കൂടിയാണ്. അത് പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തേണ്ടത് അത്യാവശ്യമാണ്. പഠനമെന്ന പോലെ ആരോഗ്യകരമായ ശീലങ്ങളും കുട്ടികളെ അഭ്യസിപ്പിക്കാന്‍ കഴിയുന്നത് സന്തോഷമല്ലേ ,” ജൈവകൃഷി പ്രചാരകന്‍ കൂടിയായ പ്രിന്‍സിപ്പല്‍ എം ബി ശശിധരന്‍ ഈ കൃഷിക്കു പിന്നിലെ മറ്റ് ലക്ഷ്യങ്ങള്‍ കൂടി പറഞ്ഞുതന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയുടെ നാട്ടറിവുകളും ജൈവവളങ്ങള്‍ തയ്യാറക്കുന്ന വിധവും ഉപയോഗക്രമവുമെല്ലാം പറഞ്ഞുതന്ന് ശശിധരന്‍ സാര്‍ ഒപ്പം നില്‍ക്കാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒപ്പം എടത്തല ഗ്രാമ പഞ്ചായത്തിന്‍റേയും കൃഷി വകുപ്പിന്‍റേയും കോളെജ് മാനേജ്‌മെന്‍റിന്‍റേയും പൂര്‍ണ പിന്തുണ കൂടിയായപ്പോള്‍ ആരോഗ്യപ്പച്ച വലിയ വിജയമായി എന്ന് ക്ലബ് അംഗങ്ങള്‍ തുടരുന്നു.

വിളവെടുപ്പ്.

“കൃഷിയെക്കുറിച്ചു വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല ഞങ്ങള്‍ക്ക്. എന്നാല്‍ അധ്യാപകരുടെ പിന്തുണയും കൃഷി വകുപ്പിന്‍റെയും മറ്റും കൃത്യമായ ഇടപെടലും ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. എനിക്ക് കൃഷി ചെയ്തു തുടങ്ങിയപ്പോള്‍ വല്ലാത്തൊരു ആവേശമായിരുന്നു. നമ്മള്‍ നട്ട വിത്ത് മുളച്ചു വരിക, ഇലകള്‍ കിളിര്‍ത്തു വളര്‍ന്നു കായ ഉണ്ടായി … വല്ലാത്തൊരു സന്തോഷമായിരുന്നു. ആ ആനന്ദം ആദ്യ വിളവെടുപ്പില്‍ അവസാനിക്കുന്നില്ല. വീണ്ടും നട്ടുനനച്ചു വരുമ്പോള്‍ ആ സന്തോഷം അതേപടി ഉണ്ട്,” ക്ലബ് സെക്രട്ടറിയായ മുനീര്‍ നല്ല ആവേശത്തിലായിരുന്നു.

”എന്തുകൊണ്ട് കാംപസില്‍ പച്ചക്കറി കൃഷി എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു. മാറ്റങ്ങള്‍ തുടങ്ങേണ്ടത് യുവ തലമുറയില്‍ നിന്നുമാണ്. എണ്‍പതു കാലഘട്ടങ്ങളില്‍ എല്ലാ വീട്ടിലും ചെറിയൊരു അടുക്കളത്തോട്ടം എങ്കിലും ഉണ്ടായിരുന്നു. അല്ലെങ്കില്‍ ജൈവ കൃഷിയുണ്ടായിരുന്നു. ഇന്ന് അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിഷമടിച്ച പച്ചക്കറി കഴിച്ചു രോഗങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. ആരോഗ്യകരമായ ജീവിതത്തിനു നമുക്ക് കഴിയുന്നത് ചെയ്യുക എന്ന ഉദ്ദേശത്തിലാണ് ‘ആരോഗ്യപ്പച്ച’ എന്ന പദ്ധതി നടപ്പാക്കിയത്,” അധ്യാപകനായ വിജു തുടര്‍ന്നു.

പുല്ലും കളകളും ഒഴിവാക്കാന്‍ മള്‍ച്ചിങ് ഷീറ്റിറ്റും കൃഷി നടത്തുന്നു.

പ്രിന്‍സിപ്പല്‍ ശശിധരന്‍ കൂട്ടിച്ചേര്‍ക്കുന്നു: “പൂര്‍ണമായും വിഷവിമുക്തമായ പച്ചക്കറിയാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. നമ്മുടെ നാട്ടിന്പുറത്തു ഉപയോഗിക്കുന്ന ചാണകവും ഗോമൂത്രവും കപ്പലണ്ടി കൊപ്രയും വേപ്പിന്‍പിണ്ണാക്കും വെള്ളവും ചേര്‍ത്ത് പുളിപ്പിച്ചു ആണ് വളമായി ഉപയോഗിക്കുന്നത്. ഈ രീതിയില്‍ പുളിപ്പിച്ചെടുക്കുന്ന മിശ്രിതം 20-30 ദിവസങ്ങള്‍ കഴിഞ്ഞു നാല് ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു ചെടികളുടെ കടക്ക് ഒഴിച്ച് കൊടുക്കും.

“കായ്ഫലം ഉണ്ടാകാന്‍ മറ്റെന്താണ് വേണ്ടത്? ഇത് ഒരുപാട് നാള്‍ ഉപയോഗിക്കാം. കുറഞ്ഞ ചിലവ് എന്നത് മറ്റൊരു പ്രത്യേകത. അതുകൊണ്ട് കൃഷി ഒരു നഷ്ടം ഉണ്ടാക്കുമെന്ന പൊതുവെയുള്ള വയ്പ്പ് തെറ്റാണ്. കൃഷി ലാഭകരമാണ്, ആരോഗ്യകരമാണ്, സമാധാനപരമാണ്,” പ്രൊഫ: ശശിധരന്‍റെ വാക്കുകളില്‍ പയറ്റിത്തെളിഞ്ഞ കര്‍ഷകന്‍റെ ഉറപ്പ്.

കീടങ്ങളെ തുരത്താന്‍ വേപ്പെണ്ണയും പുകയില കഷായവും ധാരാളമാണ് എന്നാണ് അദ്ദേഹം പറയുന്നത്. കീടങ്ങള്‍ വരാന്‍ കാത്തുനില്‍ക്കാതെ എല്ലാ ആഴ്ചയും കുട്ടികള്‍ പുകയില കഷായവും വേപ്പെണ്ണ പ്രയോഗവും നടത്തും. എല്ലാം കുട്ടികള്‍ തന്നെയാണ് ചെയുന്നത്. വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അത്യാവശ്യം വരുമ്പോള്‍ മണ്ണിലേക്കിറങ്ങാനും അധ്യാപകര്‍ എപ്പോഴും റെഡി.

അറിവും നിറവും എന്നത് രുചിയറിവുകള്‍ പങ്കുവെയ്ക്കാനും പരീക്ഷിക്കാനും മാത്രം ഉള്ള ഒരു പരിപാടിയല്ല
അറിവും നിറവും പരിപാടിയുടെ ഭാഗമായി വിദ്യാര‍്ത്ഥികള്‍ തയ്യാറാക്കിയ വിഭവങ്ങള്‍

കൃഷിയെ പരിപോഷിപ്പിക്കുക മാത്രമല്ല കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണ ശീലം വളര്‍ത്തിയെടുക്കാനും അല്‍ അമീന്‍ കോളെജ് മുമ്പിലാണ്. എല്ലാ വര്‍ഷവും കര്‍ക്കിടകം ഒന്നിന് ‘അറിവും നിറവും’ എന്ന പരിപാടി സംഘടിപ്പിക്കുന്നത് ഫോക്ലോര്‍ ക്ലബ് ആണ്.

“അറിവും നിറവും എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കേരളത്തിലെ തനതായ നാടന്‍ വിഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ പാകം ചെയ്തു ഓല മേഞ്ഞ സ്റ്റാളുകളായി തിരിച്ചു ഇലയിലും മണ്‍പാത്രങ്ങളിലുമായി പ്രദര്‍ശനത്തിന് വക്കും. അതില്‍ വാഴക്കൂമ്പ് തോരന്‍, കപ്പപ്പുഴുക്ക്, ചുട്ടരച്ച ചമ്മന്തി, ചക്കക്കുരു ചീര തോരന്‍, മുളകിട്ട മീന്‍, മത്തന്‍ കറി എന്നിങ്ങനെ ഒരുപാട് വിഭവങ്ങള്‍ ഉണ്ടാകും. അത് കാണാനും രുചിക്കാനുമായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എത്തുകയും, മികച്ച വിഭവത്തിനു സമ്മാനം നല്‍കുകയും ചെയ്യും,” അബ്ദുല്‍ സലാം അതിനെപ്പറ്റി വശദമായി പറഞ്ഞതന്നു.

“അറിവും നിറവും സംഘടിപ്പിച്ചത് കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണ ശീലം വളര്‍ത്താനും അത് വഴി മെച്ചപ്പെട്ട ജീവിതശൈലി തന്നെ ഉണ്ടാക്കിയെടുക്കാനാണ്. കുട്ടികള്‍ തന്നെ പാചകം ചെയ്യുന്നതിനാല്‍ രക്ഷിതാക്കള്‍ പാകം ചെയ്തു തരുന്ന ഭക്ഷണത്തിന്‍റെ മൂല്യവും അവര്‍ മനസിലാക്കുന്നു. അമ്മയുണ്ടാക്കി തരുന്ന ഭക്ഷണത്തിന്‍റെ ഉപ്പും മുളകും വിലയിരുത്തുന്ന കുട്ടികള്‍ക്ക് അതുണ്ടാക്കുന്ന ബുദ്ധിമുട്ടും അറിയാനുള്ള അവസരമാണിത്,” പ്രൊഫ ശശിധരന്‍ കണ്ണട നേരെ വച്ച് ചിരിച്ചു.


ഇതുകൂടി വായിക്കാം:“അതുങ്ങളാണെന്‍റെ എല്ലാം”: രോഗിയായ അമ്മയെ നോക്കാന്‍, അനിയത്തിയെ പഠിപ്പിക്കാന്‍ ഒരു ട്രാന്‍സ് വനിതയുടെ ഒറ്റയവള്‍പ്പോരാട്ടം


കോളെജിലെ വിദ്യാര്‍ത്ഥികള്‍ കോതമംഗലം കുട്ടമ്പുഴയിലെ ആദിവാസി ഊരിലേക്ക് ചെറിയ ലൈബ്രറിയും സംഭാവന ചെയ്തിട്ടുണ്ട്. ചെറുതെങ്കിലും അവരെക്കൊണ്ട് സാധിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ എപ്പോഴും തയ്യാറാണെന്ന് അബ്ദുല്‍ സലാം പറയുന്നു.

കുട്ടമ്പുഴ ഊരിലേക്ക്

കുട്ടമ്പുഴയിലെ ഊരിലേക്ക് ഏകദേശം 250 പുസ്തകങ്ങളും അത് വെക്കാനുള്ള സ്റ്റാന്‍റും നല്‍കി. ഞങ്ങള്‍ നേരിട്ടെത്തി പുസ്തകങ്ങള്‍ കൈമാറണം എന്ന ആഗ്രഹത്താല്‍ കുറച്ചു വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് പോയത്. എന്നാല്‍ ഊരിലേക്ക് കടക്കണമെങ്കില്‍ നേരത്തെ പ്രവേശന അനുമതി വാങ്ങണമായിരുന്നു. അതില്ലാത്തതു കൊണ്ട് ഞങ്ങള്‍ പുസ്തകങ്ങള്‍ പഞ്ചായത്തിനെ ഏല്പിച്ചു തിരിച്ചു പോന്നു. പഞ്ചായത്ത് അധികാരികള്‍ അത് ഊരിലെത്തിച്ചു എന്ന് അറിയാന്‍ കഴിഞ്ഞു,” ക്ലബ് സെക്രട്ടറി മുനീര്‍ പറഞ്ഞു.

കുട്ടമ്പുഴയിലെ തന്നെ മറ്റൊരു ഊരിലേക്ക് പുസ്തകങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ക്ലബ് അംഗങ്ങള്‍.

“ഇനിയും കൂടുതല്‍ ഊരുകളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പുസ്തകങ്ങള്‍ നല്‍കണം. അതിനുള്ള തുക കണ്ടെത്താനായി ക്രിസ്തുമസിന് ഈറ്റ കൊണ്ട് ഉള്ള നക്ഷത്രങ്ങള്‍ നിര്‍മിച്ചു വില്‍ക്കാനാണ് പദ്ധതി. ഈറ്റ കൊണ്ടുള്ള നക്ഷത്രം നിര്‍മിക്കാന്‍ ഞങ്ങള്‍ക്ക് അറിയില്ലല്ലോ. അതിനാല്‍ കുട്ടമ്പുഴയില്‍ നിന്നും തന്നെ മൂന്നു പേരെ കോളെജിലേക്ക് കൊണ്ടുവന്നിരുന്നു.

“അവര്‍ ഞങ്ങള്‍ക്ക് നക്ഷത്രം ഉണ്ടാക്കാന്‍ പഠിപ്പിച്ചു തരികയും ഞങ്ങള്‍ അവരോടൊത്തു നക്ഷത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. മൂന്ന് ദിവസം അവര്‍ക്ക് താമസസൗകര്യം ഒരുക്കി ഞങ്ങളുടെ കൂടെ നിര്‍ത്തി. അവര്‍ക്കു ലേബര്‍ ചാര്‍ജും കൊടുത്തു. ഇപ്പോള്‍ ഞങ്ങള്‍ ഒറ്റക്കാണ് ബാക്കി ഉള്ള നക്ഷത്രങ്ങള്‍ നിര്‍മ്മിക്കുന്നത്,” ക്ലബ്ബിലെ മറ്റൊരു അംഗമായ മുഹമ്മദ് റാഫി പറഞ്ഞു.

ഈറ്റകൊണ്ട് ക്രിസ്മസ് വിളക്കുകളുണ്ടാക്കുന്നതിന് പിന്നിലുമുണ്ട് നന്മ നിറഞ്ഞ ഒരു തീരുമാനം

കമ്മ്യൂണിറ്റി എക്സ്റ്റെന്‍ഷന്‍ ക്ലബ് അംഗം അബ്ദുല്‍ റൗഫ് ആണ് ബാക്കി സംസാരിച്ചത. “ഇനി ഈ നക്ഷത്രങ്ങള്‍ കോളെജിലെ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും വിറ്റിട്ട് ബാക്കി വരുന്നത് പുറത്തു സ്റ്റാള്‍ ഒരുക്കി വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. ഇനി അധികം ദിവസങ്ങളില്ല. ഉടനെ എല്ലാ കാര്യങ്ങളും നീക്കണം,”

കുട്ടമ്പുഴയിലെ അടുത്ത ഊരിലേക്ക് വേണ്ട പുസ്തകങ്ങള്‍ സ്വരൂപിക്കുന്ന തിരക്കിലാണ് വിദ്യാര്‍ത്ഥികള്‍.

“ഇപ്പോള്‍ കോളെജിലേക്ക് വരാനും പഠിക്കാനും നല്ല ഉത്സാഹമാണ്. ക്ലാസ്സുകളെ ബാധിക്കാതെ ഒഴിവു സമയങ്ങളിലും ക്ലാസ് കഴിഞ്ഞുള്ള വൈകുന്നേരം സമയങ്ങളിലുമാണ് കൃഷിയിടത്തില്‍ ചിലവഴിക്കുന്നത്. നഗരത്തിലാണ് ഞാന്‍ താമസിക്കുന്നത്. വീട്ടില്‍ കടയില്‍ നിന്നുമുള്ള പച്ചക്കറിയാണ് ഉപയോഗിക്കുന്നത്. എല്ലാം വിഷമാണെന്ന് അറിഞ്ഞിട്ടും കഴിക്കുന്നു,” ക്ലബ് അംഗം ഗ്രീഷ്മ അജിത് പറയുന്നു.

കുട്ടമ്പുഴ ഊരിലേക്കുള്ള പുസ്തകം പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറുന്നു

“എന്നാല്‍ ഞങ്ങള്‍ ജൈവ മാര്‍ഗത്തില്‍ ഉല്പാദിപ്പിച്ചെടുത്ത പച്ചക്കറികള്‍ വീട്ടില്‍ കൊണ്ട് ചെന്നപ്പോള്‍ വീട്ടുകാര്‍ക്ക് നല്ല സന്തോഷമായിരുന്നു. അവരും നല്ല പിന്തുണ നല്‍കുന്നുണ്ട്. മാത്രമല്ല ഇതിലേക്കിറങ്ങിയപ്പോഴാണ് കര്‍ഷകരുടെ കഷ്ടപ്പാട് ശെരിക്കും മനസിലായി. അവരെ മാറ്റി നിര്‍ത്താതെ നമ്മിലൊരാളായി കരുതണം.”

“കുട്ടികളില്‍ കൃഷിയോടുള്ള താല്പര്യം വളര്‍ത്തുന്നത് വഴി ക്ഷമാശീലം കൂടിയാണ് നാം വളര്‍ത്തുന്നത്,” പ്രൊഫ ശശിധരന്‍ തുടരുന്നു. “ഒരു വിത്ത് പാകി അത് മുളക്കുന്നത് വരെയും പിന്നീട് അതില്‍ കായ ഉണ്ടാകുന്നത് വരെയുമുള്ള ക്ഷമയോടുള്ള കാത്തിരുപ്പ്അ വരുടെ ജീവിതത്തിലേക്കും ഒരുപാട് ഗുണം ചെയ്യും. മക്കള്‍ രക്ഷിതാക്കള്‍ക്ക് മാതൃകയാവുന്ന സാഹചര്യമുണ്ടാകുന്നു.”

എടത്തല അല്‍ അമീന്‍ കോളെജ് കാംപസിനു ഒരു വല്ലാത്ത സുഖമുണ്ട്. കാംപസിന്‍റെ ഊര്‍ജ്ജവും ചങ്ങാതിമാരെപ്പോലെ കട്ടക്ക് സപ്പോര്‍ട്ട് നല്‍കുന്ന അധ്യാപകരും പിന്നെ കുറെയേറെ ചുണക്കുട്ടികളും ചേരുമ്പോഴുണ്ടാകുന്ന ത്രില്ല് എല്ലായിടത്തും.


ഇതുകൂടി വായിക്കാം: പൗരത്വ രെജിസ്റ്ററില്‍ നിന്ന് പുറത്തായ അപരിചിതയായ ആസ്സാം വനിതയെ രക്ഷിച്ച ത്രിപുരയിലെ സ്കൂള്‍ അധ്യാപകന്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം