നെല്ല് മുതല്‍ ഏലം വരെ: ഹാഷിഖിന്‍റെ വീട്ടിലെ ജൈവകൃഷി കാണാന്‍ വിദേശ ടൂറിസ്റ്റുകളുടെ തിരക്ക്

കൃഷി മാത്രമായാല്‍ ശരിയാവില്ല ഒരു പ്രൊഫഷണല്‍ ഡിഗ്രി നേടിയേ പറ്റൂ എന്ന് ഉമ്മയ്ക്ക് നിര്‍ബന്ധം. ഉമ്മയുടെ ആഗ്രഹം നിറവേറ്റാനാണ് ഹാഷിഖ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ സയന്‍സ് പഠിക്കുന്നത്.

ഹാഷിഖിന്‍റെ ഡിഗ്രിയേതാണെന്ന് ചോദിച്ചാല്‍ കംപ്യൂട്ടര്‍ സയന്‍സ് ആണ്. എന്നാല്‍ ഒരു മാനേജുമെന്‍റ് വിദഗ്ധനും നല്ല ‘ബിസിനസുകാരനു’മാണ് ഈ ഇരുപത്തിയെട്ടുകാരന്‍.

വയനാട് പൊഴുതനയിലെ ഈ ചെറുപ്പക്കാരന്‍റെ ബിസിനസ് രഹസ്യം സിംപിളാണ്: “ബിസിനസ് മാത്രമായിരിക്കരുത് നിങ്ങളുടെ ലക്ഷ്യം!”

ഹാഷിഖ്

വളഞ്ഞ് മൂക്കുപിടിക്കാതെ പറഞ്ഞാല്‍ ഹാഷിഖിന്‍റെ മാനേജ്‌മെന്‍റ്  വൈദഗ്ധ്യം കൃഷിയിലാണ്, ജൈവ ഉല്‍പന്നങ്ങളുടെ വില്‍പനയാണ് ബിസിനസ്. കാപ്പിയും ജൈവപച്ചക്കറികളും പഴങ്ങളും പശുക്കളും ആടും മത്സ്യങ്ങളും ഒക്കെയുള്ള ഒരു ഫാമും ഒപ്പം ഫാം ടൂറിസവും എല്ലാം ഒറ്റയ്ക്ക് ഓടിനടന്ന് മാനേജ് ചെയ്യുക എന്നത് അത്ര ചെറിയ കാര്യമൊന്നുമല്ലല്ലോ. കഠിനാധ്വാനിയാണ്.


നമ്മളുണ്ടാക്കുന്നത് മറ്റുള്ളവര്‍ക്ക് വാങ്ങി കഴിക്കാനുള്ളതാണ് എന്ന ഓര്‍മ്മ വേണം.


കാപ്പിയൊഴികെയുള്ള കൃഷിയില്‍ നിന്ന് മാത്രം വര്‍ഷം കുറഞ്ഞത് പത്ത് ലക്ഷം വരുമാനമുണ്ടാക്കുന്നുണ്ട് ഈ കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരി–വയനാട്ടിലെ ഏറ്റവും മികച്ച കര്‍ഷകരിലൊരാള്‍.

കൃഷിയിലെ വിജയമന്ത്രം ഇതാണ്. “ബിസിനസ് ലക്ഷ്യം മാത്രം മുന്നില്‍കണ്ട് കൃഷിയിറക്കുന്നവര്‍ക്കാണ് പരാജയം നേരിടേണ്ടി വരുന്നത്. നമ്മളുണ്ടാക്കുന്നത് മറ്റുള്ളവര്‍ക്ക് വാങ്ങി കഴിക്കാനുള്ളതാണ് എന്ന ഓര്‍മ്മ വേണം.”


ഇതുകൂടി വായിക്കാം: ആനന്ദ ഫാമിങ്, പ്രോജക്ട് എര്‍ത്ത് വേം;15-ാംവയസ്സില്‍ ചെലവില്ലാ പ്രകൃതി കൃഷി തുടങ്ങിയ ‘കുട്ടിക്കര്‍ഷകന്‍റെ’ സ്വപ്നപദ്ധതികള്‍


പൊഴുതനയിലുള്ള ഹാഷിഖിന്‍റെ കാമ്പ്രത്ത് ഫാമില്‍ ഒന്ന് വന്നു നോക്കണം. അവിടെ ഇല്ലാത്തതായി ഒന്നുമില്ല. കാപ്പി, കുരുമുളക്, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി ഒരു വയനാടന്‍ കര്‍ഷകന്‍റെ കൃഷിയിടത്തില്‍ കാണുന്ന എല്ലാമുണ്ട്. ഇതുകൂടാതെ പച്ചക്കറികളും പഴങ്ങളും. പോരാത്തതിന് അലങ്കാരമല്‍സ്യങ്ങള്‍, ആട്, കോഴി, പശുക്കള്‍ തുടങ്ങി ഒരാളെ ഒരു സമ്പൂര്‍ണ കര്‍ഷകനാക്കുന്ന എല്ലാമുണ്ട് ആ ഫാമില്‍.

വളരെ ചെറിയ പ്രായത്തില്‍ തന്നെ ഹാഷിഖ് കൃഷി തുടങ്ങി. ഒരു പഴയ ചിത്രം.

ഹാഷിഖ് കൃഷിയില്‍ സജീവമായിട്ട് 12 വര്‍ഷത്തിലേറെയായി. അതായത് പതിനാറ് വയസ്സുള്ളപ്പോള്‍. സ്‌കൂളില്‍ പഠിക്കുന്ന പ്രായത്തില്‍ തുടങ്ങിയതാണ് ഹാഷിഖിന് മണ്ണിനോടുള്ള പ്രണയം. സ്വന്തം വീട്ടില്‍ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളുമായിരുന്നു പണ്ടേ പഥ്യം. വളരുന്നതിനനുസരിച്ച് കൃഷിയോടുള്ള താല്പര്യവും കൂടി.


മെല്ലെ മെല്ലെ ഹാഷിഖിന്‍റെ അടുക്കളത്തോട്ടം കൂടുതല്‍ വീട്ടുവളപ്പിലെ കൂടുതല്‍ കൂടുതല്‍ സ്ഥലം കയ്യേറാന്‍ തുടങ്ങി.


സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഷഫീഖിന്‍റെ തോട്ടത്തില്‍ കാബേജ്, തക്കാളി, വെണ്ട, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ ധാരാളമായി ഉണ്ടാകുമായിരുന്നു. കളികളിലും ടി വി കാണുന്നതിലുമൊന്നും അവന് അത്ര താല്‍പര്യം ഉണ്ടായിരുന്നില്ല. സ്‌കൂളില്‍ നിന്ന് വന്നാല്‍ നേരെ തോട്ടത്തിലാക്കായിരുന്നു ഓട്ടം. കുഞ്ഞു ഹാഷിഖിന്‍റെ താല്‍പര്യം മനസ്സിലാക്കി ഉമ്മ റുഖിയ കൂടെത്തന്നെ നിന്നു. ഉമ്മിയില്‍ നിന്ന് തന്നെയാണ് ഏത് വളം പ്രയോഗിക്കണം, എപ്പോള്‍ വിത്തുപാകണം തുടങ്ങിയ കാര്യങ്ങളെല്ലാം ഹാഷിഖ് മനസിലാക്കിയതും.


ഇതുകൂടി വായിക്കാം: നീരുറവ തേടി ഭൂമി തുരന്ന് തുരന്ന് 45 കിലോമീറ്റര്‍! ‘ജലശില്‍പി’യുടെ അധ്വാനത്തിന്‍റെ കഥ


മെല്ലെ മെല്ലെ ഹാഷിഖിന്‍റെ അടുക്കളത്തോട്ടം കൂടുതല്‍ വീട്ടുവളപ്പിലെ കൂടുതല്‍ കൂടുതല്‍ സ്ഥലം കയ്യേറാന്‍ തുടങ്ങി. മുതിര്‍ന്ന കര്‍ഷകരില്‍ നിന്നും കാര്‍ഷിക മാസികകളില്‍ നിന്നുമായി ഹാഷിഖ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. രാസ വളപ്രയോഗത്തെക്കുറിച്ചും അതിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കി. അന്നേ മനസ്സില്‍ കുറിച്ചു, തന്‍റെ കൃഷിയിടം നൂറു ശതമാനം ജൈവ ഭൂമി ആക്കണം.

സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍, കൂട്ടുകാരെല്ലാം ഇനിയെന്തുചെയ്യണം, ഭാവിയില്‍ എന്തു ചെയ്യും എന്നൊക്കെ കൂലങ്കഷമായി ആലോചിച്ചുകൊണ്ടിരിക്കുന്ന കാലം. പലരും പതിവുപോലെ എഞ്ചിനീയറിങ്ങിനും മെഡിസിനുമൊക്കെ ലക്ഷ്യമിട്ടു. എന്താവണം എന്ന ചോദ്യത്തിന് ഹാഷിഖിന് സംശയമൊന്നുമില്ലായിരുന്നു–നല്ലൊരു ജൈവകര്‍ഷനാവണം!


കൃഷി തന്നെയാണ് ഹാഷിഖിന്‍റെ ലോകം. അതുതന്നെയാണ് സന്തോഷം.


എന്നാല്‍ ഉമ്മ റുഖിയ സമ്മതിച്ചില്ല. കൃഷി മാത്രമായാല്‍ ശരിയാവില്ല ഒരു പ്രൊഫഷണല്‍ ഡിഗ്രി നേടിയേ പറ്റൂ എന്ന് ഉമ്മയ്ക്ക് നിര്‍ബന്ധം. ഉമ്മയുടെ ആഗ്രഹം നിറവേറ്റാനാണ് ഹാഷിഖ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ സയന്‍സ് പഠിക്കുന്നത്. പഠനകാലത്തും കൃഷി കൈവിടാതിരിക്കാന്‍ കക്ഷി ശ്രദ്ധിച്ചു.

അപ്പോഴേക്കും സീസണല്‍ ആയി കൃഷി ചെയ്യുന്ന പച്ചക്കറികള്‍, കാപ്പി, കൊക്കോ, പലതരം വാഴകള്‍, അരയേക്കര്‍ നെല്ല് എന്നിങ്ങനെ നിരവധി വിളകളിലേക്ക് ഹാഷിഖിന്‍റെ തോട്ടം വികസിച്ചിരുന്നു. മകന് കൃഷി ജീവനാണ് എന്നതിനാല്‍ തന്നെ മകന്‍ പഠനത്തിനായി പോയ കാലത്ത് ഉമ്മ റുഖിയ കാര്യങ്ങള്‍ നോക്കി നടത്തി. ചെറിയൊരിടവേള കിട്ടിയാല്‍ ഹാഷിഖ് കൃഷി നോക്കാനായി ഓടിയെത്തുമായിരുന്നുവെന്ന് റുഖിയ ഓര്‍ക്കുന്നു.


ഇതുകൂടി വായിക്കാം: കാച്ചില്‍ 28 തരം, ചേമ്പ് 22, മഞ്ഞള്‍ 12: കേരളം മറന്ന കാട്ടുകിഴങ്ങുകളും നെല്ലിനങ്ങളുമായി വയനാടന്‍ ജൈവകര്‍ഷകന്‍


പഠനം കഴിഞ്ഞ് പൂര്‍ണമായും കൃഷിയിലേക്കിറങ്ങി. കൃഷി തന്നെയാണ് ഹാഷിഖിന്‍റെ ലോകം. അതുതന്നെയാണ് സന്തോഷം. പണിയെടുക്കുന്നതിന് ഒരു മടിയുമില്ല. താന്‍ ഒരു ജൈവകര്ഷകനാകാനായി ജനിച്ചവനാണ് എന്ന് മട്ടിലായിരുന്നു ഹാഷിഖിന്‍റെ പ്രവര്‍ത്തികള്‍.

കൃഷിയെക്കുറിച്ച് കൂടുതല്‍ വിശദമായി പഠിച്ചപ്പോഴാണ് സമ്മതിശ്രകൃഷിയുടെ സാധ്യതകളെപ്പറ്റി അറിയുന്നത്. പിന്നെ അതിലേക്കായി ശ്രദ്ധ എന്ന് ഹാഷിഖ് പറയുന്നു. തോട്ടം നിറഞ്ഞു നില്‍ക്കുന്ന പച്ചക്കറിക്കൊപ്പം കോഴി, ആട്, പശു, എന്നിവയെയും വളര്‍ത്താന്‍ ആരംഭിച്ചു. വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും കാഷ്ഠം ഉണ്ടെങ്കില്‍ ജൈവകൃഷിക്കായി മറ്റുവളങ്ങള്‍ വേണ്ടി വരില്ലല്ലോ എന്ന ചിന്തയായിരുന്നു അതിന് പിന്നില്‍.


എല്ലാം ചേര്‍ന്ന് ഹാഷിഖിന്‍റെ ഫാമില്‍ ആകെയൊരു ഉത്സവമാണ്.


പയ്യെ പയ്യെ വയനാട് വൈത്തിരിക്കടുത്തായുള്ള ഹാഷിഖിന്‍റെ കാമ്പ്രത്ത് ഫാം നാട്ടുകാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. തൊണ്ണൂറ് ശതമാനം പേരും കൃഷി ചെയ്ത് ജീവിക്കുന്ന ആ നാട്ടിന്‍പുറത്തെ കര്‍ഷകരുടെ വരുമാനം വിളകളിലെ മഞ്ഞളിപ്പൂമൂലവും കീടങ്ങളുടെ ആക്രമണം കൊണ്ടും ഇടിഞ്ഞപ്പോഴും ഹാഷിഖിന്‍റെ തോട്ടത്തിന് ഒരു കുലുക്കവുമില്ലായിരുന്നു. നന്നായി പാല്‍ തരുന്ന എച്ച്.എഫ്. സങ്കരയിനം പശുക്കള്‍, കുറഞ്ഞ കാലം കൊണ്ട് നല്ല തൂക്കം വരുന്ന മലബാരി ആട്, വൈറ്റ് ജയന്റ് സോവിയറ്റ് ജിന്‍ജില ഇനങ്ങളില്‍പെട്ട റഷ്യന്‍ മുയലുകള്‍, പലതരം കോഴികള്‍, അരയന്നങ്ങള്‍, മീനുകള്‍…എല്ലാം ചേര്‍ന്ന് ഹാഷിഖിന്‍റെ ഫാമില്‍ ആകെയൊരു ഉത്സവമാണ്.

ഹാഷിഖിന്‍റെ ഒരു ദിവസം ഇങ്ങനെ..

ഇതൊക്കെ നോക്കിനടത്തുന്നത് പറയുന്നപോലെ അത്ര എളുപ്പമൊന്നുമല്ല. ഒരു മിനിറ്റ് വെറുതെയിരിക്കാനില്ല, ഹാഷിഖിന്. രാവിലെ നാലര മണിക്ക് ഉണര്‍ന്നാല്‍ നേരെ തൊഴുത്തിലേക്ക് ചെല്ലും. പശുക്കളെ കുളിപ്പിച്ച്, വൈക്കോലും പച്ചപ്പുല്ലും കാലിത്തീറ്റയും നല്‍കി തൊഴുത്ത് കഴുകി വൃത്തിയാക്കും. ആറു മണിയോടെ പശുക്കളെ കറക്കും. ഏകദേശം 150 ലിറ്റര്‍ പാലുകിട്ടും ദിവസവും. ഇത് മില്‍മയിലേക്ക് കൊടുക്കും. അടുത്തുള്ള ആളുകള്‍ കുറച്ചു പാല്‍ നേരിട്ട് വാങ്ങുകയും ചെയ്യുന്നുണ്ട്.


ഇതുകൂടി വായിക്കാം: ബി ടെക്കുകാരനും ഹാന്‍ഡ്‌ബോള്‍ താരവും കൂണ്‍ കൃഷിയില്‍ നിന്ന് നേടുന്നത് മാസം 4 ലക്ഷം രൂപ


അതിനുശേഷം ആട്ടിന്‍കൂട് വൃത്തിയാക്കി തീറ്റ നല്‍കിയ ശേഷം പാല്‍ കറക്കും. ഏകദേശം എട്ടുമണിയോടെ മാത്രമേ ഇവിടെ നിന്നും മടങ്ങാനാകൂ. അത് കഴിഞ്ഞാല്‍ വീട്ടില്‍ വന്നു കുളിച്ചു ഭക്ഷണം കഴിച്ച ശേഷം വീണ്ടും കൃഷിയിടത്തിലേക്ക്. വിളവെടുപ്പിനു പാകമായ പച്ചക്കറികളോ പഴങ്ങളോ ഉണ്ടെങ്കില്‍ അത് പറിച്ചെടുക്കും. ശേഷം കോഴി, അരയന്നങ്ങള്‍, അലങ്കാരമല്‍സ്യങ്ങള്‍ എന്നിവക്ക് തീറ്റ നല്‍കും.

Image for representation. Photo source: Pexels.com

രാവിലത്തെ ടൈംടേബിള്‍ തീര്‍ന്നില്ല. ചാണക സ്ലറി, ബയോ ഗ്യാസ് സ്ലറി എന്നിവ കലക്കി കൃഷിയിടത്തില്‍ വളമായി തളിക്കുക എന്നതാണ് അടുത്ത പടി. ദിവസവും രണ്ടു നേരം കൃഷിയിടത്തില്‍ നനയ്ക്കണം. ചുരുക്കി പറഞ്ഞാല്‍ ഒരു ദിവസം പോലും ഫാമില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയില്ല. ജൈവാധിഷ്ടിത തോട്ടകൃഷിയില്‍ തന്‍റെ അറിവ് മറ്റുള്ളവരോട് പങ്കുവെക്കാനും സമപ്രായക്കാരുള്‍പ്പെടേയുള്ള നാട്ടുകാരെ ജൈവകൃഷിയിലേക്ക് കൊണ്ടുവരാനും ഹാഷിഖ് സമയം ചെലവഴിക്കും.

ഒന്നരയേക്കര്‍ കാപ്പിതോട്ടവും ബാക്കി വരുന്ന അരയേക്കര്‍ ഭൂമിയില്‍ പച്ചക്കറികളും മറ്റും. കന്നുകാലികള്‍ക്കായി പുല്ല് വളര്‍ത്തുന്നുണ്ട്. ഈ പച്ചപ്പിന്‍റെയുള്ളിലാണ് വീട്. ഇവയില്‍ കാപ്പി ഒഴികെ മറ്റു കൃഷികളില്‍ നിന്നൂ മാത്രം വര്‍ഷം ഏകദേശം 10 ലക്ഷം രൂപ ആദായം ലഭിക്കുമെന്ന് ഹാഷിഖ് പറയുന്നു.

Image for representation. Photo source: Pexels.com

കൃഷിയുടെ മാനേജ്മെന്‍റ് തന്ത്രങ്ങള്‍ പഠിക്കേണ്ടത് ഈ യുവകര്‍ഷകനില്‍ നിന്നാണ് എന്ന് പറഞ്ഞാല്‍ അതില്‍ അല്‍ഭുതമെന്ത്? കൃഷിയെ ഒരിക്കലും വരുമാനത്തിന് വേണ്ടി മാത്രമുള്ള ഒരു മാര്‍ഗമായി ഹാഷിഖ് കാണുന്നില്ല എന്നതാണ് ഹാഷിഖിന്‍റെ വിജയം.


സര്‍ക്കാര്‍ നല്‍കുന്ന അര്‍ഹതപ്പെട്ട സേവനങ്ങളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ കൃഷിയില്‍ വിജയിക്കുക ബുദ്ധിമുട്ടുണ്ടാവില്ല


“എന്‍റെ അഭിപ്രായത്തില്‍ ബിസിനസ് ലക്ഷ്യം മാത്രം മുന്നില്‍കണ്ട് കൃഷിയിറക്കുന്നവര്‍ക്കാണ് പരാജയം നേരിടേണ്ടി വരുന്നത്. നാം ഉണ്ടാക്കുന്ന വസ്തുക്കള്‍ മറ്റുള്ളവര്‍ക്ക് കഴിക്കാനുള്ളതാണെന്ന ഓര്‍മമ വേണം,” എന്ന് ഹാഷിഖ് പറയുന്നു. “അവരുടെ ആരോഗ്യം നശിക്കുന്ന രീതിയിലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതും അപകടമാണ് എന്ന ഉറച്ച ബോധ്യം വരണം. നല്ല ഗുണമേന്മയുള്ള വസ്തുക്കള്‍ വില്‍ക്കാന്‍ തയ്യാറായാല്‍ ഒരു പേടിയും വേണ്ട നിങ്ങള്‍ വിജയിക്കുക തന്നെ ചെയ്യും,” ഇതാണ് ഹാഷിഖിന്‍റെ അനുഭവം.


ഇതുകൂടി വായിക്കാം: കാസര്‍ഗോഡുകാരന്‍ ഇലക്ട്രീഷ്യന്‍ ബിരിയാണി അരി കൃഷി ചെയ്തപ്പോള്‍ സംഭവിച്ചത്


കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നീ ഏജന്‍സികളുടെ സാമ്പത്തികവും സേവനപരവുമായ സഹായം പരമാവധി പ്രയോജനപ്പെടുത്തിയാണ് ഹാഷിഖിന്‍റെ കൃഷി പുരോഗമിക്കുന്നത്. ഫാമുണ്ടാക്കാനും പാല്‍ കറവ് മെഷീന്‍, ജലസേചനത്തിനുള്ള പമ്പ്‌സെറ്റ്, മറ്റുപകരണങ്ങള്‍ വാങ്ങിക്കുന്നതിനുമെല്ലാം പകുതിയോളവും ചിലതിന് പൂര്‍ണമായും വിവിധ വകുപ്പുകളില്‍ നിന്ന് സബ്‌സിഡി ലഭിച്ചിട്ടുണ്ടെന്ന് ഹാഷിഖ്. ഇതുപോലെ സര്‍ക്കാര്‍ നല്‍കുന്ന അര്‍ഹതപ്പെട്ട സേവനങ്ങളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ കൃഷിയില്‍ വിജയിക്കുക ബുദ്ധിമുട്ടുണ്ടാവില്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍മന്ത്രിയും കര്‍ഷകനുമായ പി.ജെ. ജോസഫ് അധ്യക്ഷനായ ഗാന്ധിജി സ്റ്റഡി സെന്ററിന്‍റെ പത്തു ദിവസത്തെ ന്യൂസിലാന്റ് യാത്രയും രണ്ടു ലക്ഷം രൂപ സമ്മാനത്തുകയുമുള്ള സംസ്ഥാനത്തെ മികച്ച കാര്‍ഷിക പുരസ്‌കാരമായ ‘കര്‍ഷക തിലക് അവാര്‍ഡ് 14 ജില്ലകളില്‍ നിന്നുള്ള ഒട്ടനവധി കര്‍ഷകരെ പിന്തള്ളി 2013ല്‍ ഹാഷിഖ് നേടി. ഇത്ര ചെറുപ്പത്തില്‍ ചാക്രിക (cyclic) രീതിയിലൂടെ പൂര്‍ണമായും ജൈവാധിഷ്ടതമായ സമ്മിശ്ര കൃഷി, മറ്റാരേയും കവച്ചുവെക്കുന്ന ആദായത്തില്‍ വിജയിപ്പിച്ചെടുത്ത അപൂര്‍വ കര്‍ഷകന്‍ എന്നാണ് ഹാഷിഖിനെ അന്ന് ജൂറി വിശേഷിപ്പിച്ചത് .

വിദേശികളുടെ പ്രിയപ്പെട്ട ഫാം

വളരെ ചെറിയ കാലം കൊണ്ട് വലിയ നേട്ടങ്ങളുണ്ടാക്കാന്‍ ഈ വായനാട്ടുകാരന്‍റെ ജൈവകൃഷിക്ക് സാധിച്ചു. വയനാട് കാണുന്നതിനായി ഇവിടെ എത്തുന്ന വിദേശികളായ ടൂറിസ്റ്റുകളിപ്പോള്‍ ഇപ്പോള്‍ കാമ്പ്രത്ത് ഫാമും വയനാട്ടില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഉള്‍പ്പെടുത്തുന്നു. എങ്ങനെ ജൈവ രീതിയില്‍ കൃഷി ചെയ്യാമെന്നും വിളവെടുപ്പുനടത്താം എന്നുമെല്ലാം മനസിലാക്കുന്നതിനായി നിരവധി ടൂറിസ്റ്റുകളാണ് ദിവസവും ഇവിടെ എത്തുന്നത്.


ഇതുകൂടി വായിക്കാം: നാട്ടുകാരെ സിനിമ കാണിക്കാന്‍ കാട്ടരുവിയില്‍ നിന്ന് വൈദ്യുതിയുണ്ടാക്കിയ മലയോര കര്‍ഷകന്‍


കൃഷിയുടെ ഭാഗമാവാനുള്ള അവസരം ഹാഷിഖ് അവര്‍ക്ക് നല്‍കുന്നു. സമ്മിശ്രകൃഷി രീതിയെപ്പറ്റി പറഞ്ഞു മനസിലാക്കുന്നതിനോടൊപ്പം കേരളത്തിലെ തനത് വിളകളുടെ പ്രാധാന്യത്തെപ്പറ്റിയും ഹാഷിഖ് വിവരിക്കുന്നു. വിദേശ വിനോദസഞ്ചാരികളില്‍ നിന്നും ഒരു നിശ്ചിത ഫീസും ഇതിനായി ഈടാക്കും. തന്‍റെ ഫാമില്‍ ഉല്‍പ്പാദിപ്പിച്ച ഫാം ഫ്രഷ് സ്പൈസസ് കാമ്പ്രത്ത് സ്പൈസസ് എന്ന പേരില്‍ വില്‍ക്കുകയും ചെയ്യുന്നു. ഇങ്ങനെയും കൂടുതല്‍ വരുമാനമെത്തുന്നു.

Image for representation. Photo source: Pexels.com

ഇതിനു പുറമെ ജില്ലയിലെ കര്‍ഷകര്‍ക്കും കൃഷിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ക്ളാസുകളും ഹാഷിഖ് നടത്തുന്നുണ്ട്. 300 കര്‍ഷകര്‍ക്ക് ഫാമില്‍ വെച്ചുതന്നെ പ്രായോഗിക പരിശീലനം നല്‍കുകയെന്ന ഉദ്ദേശത്തോടെ വയനാട് ജില്ലാ ലൈവ് സ്റ്റോക്ക് വകുപ്പിനു കീഴില്‍ മൂന്നുവര്‍ഷത്തെ ഫീല്‍ഡ് ലെവല്‍ മിക്‌സഡ് ഫാം സ്‌കൂള്‍ പദ്ധതിയാണ് അതിലൊന്ന്.

ചാക്രിക കൃഷിയുടെ വിജയം

ചാക്രിക കൃഷി രീതിയാണ് ഹാഷിഖ് പിന്തുടരുന്നത്. വൈത്തിരി പുഴയുടെ കരയില്‍ ഉപ്പ മുസ്തഫക്ക് പാരമ്പര്യമായി കിട്ടിയ രണ്ടേക്കര്‍ ഭൂമിയില്‍ കാപ്പി നട്ടിരിക്കുന്നു. ഒപ്പം ഇടവിളയായി തെങ്ങ്, കവുങ്ങ്, കുരുമുളക് എന്നിവയും. ഹാഷിഖിന്‍റെ വല്ല്യുപ്പയായിരുന്നു കൃഷി ചെയ്തിരുന്നത്. എന്നാല്‍ അദ്ദേഹം പെട്ടെന്ന് മരണപ്പെട്ടതോടെ കൃഷി നശിക്കാന്‍ തുടങ്ങി. അപ്പോള്‍ ആ കൃഷി ഹാഷിഖ് ഏറ്റെടുത്തു.


ഇതുകൂടി വായിക്കാം:അരിമി പൊട്ടു ഞൊര്‍ണ്ണി, അനിമ്പു മെറ്റി പൊരുള് മിച്ചി”: ഈ രഹസ്യ ഭാഷക്ക് ലിപിയുണ്ടാക്കിയത് ഇടുക്കിയിലെ 17കാരന്‍


നശിച്ചു തുടങ്ങിയ കൃഷി ലാഭത്തിലാക്കാന്‍ ജൈവവളപ്രയോഗം നടത്താന്‍ ഉപദേശം ലഭിച്ചതോടെ ചാക്രിക കൃഷിയിലേക്ക് തിരിഞ്ഞു. രണ്ടേക്കര്‍ സ്ഥലത്തെ കാപ്പിയുള്‍പ്പെടെ മുഴുവന്‍ കൃഷിക്കും ജൈവവളമായി ബയോഗ്യാസ് പ്‌ളാന്റില്‍ നിന്നുള്ള സ്‌ളറി ആണ് ഉപയോഗിക്കുന്നത്. ഇതേ തോട്ടത്തില്‍ തീറ്റപ്പുല്ല് വളര്‍ത്തി പശുക്കള്‍ക്ക് നല്‍കുന്നു. ആ പശുവിന്‍റെ ചാണകത്തില്‍ നിന്നും സ്ലറിയെടുത്ത് കൃഷി ചെയ്യുന്നു. ഇത്തരത്തില്‍ പരസ്പര സഹവര്‍ത്തിത്വത്തിലാണ് കാമ്പ്രത്ത് ഫാം മുന്നോട്ടുപോവുന്നത്.

‘മൃഗസംരക്ഷണവകുപ്പില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. കൂടു നിര്‍മാണത്തിനും മറ്റുമായി അവര്‍ പണം നല്‍കുന്നുണ്ട്. മല്‍സ്യം വളര്‍ത്താനായി 500 ലിറ്ററിന്‍റെ പത്തോളം ടാങ്കുകള്‍ സ്ഥാപിച്ചത് ഇങ്ങനെയാണ്. മികച്ച രീതിയില്‍ കൃഷി ചെയ്തു ഫലം കൊണ്ട് വരിക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം. എന്‍റെ ഫാമില്‍ ഞാനും ഉമ്മയും തന്നെയാണ് കാര്യങ്ങള്‍ എല്ലാം നോക്കുന്നത്. വല്ലപ്പോഴും അത്യാവശ്യമായി വന്നാല്‍ മാത്രമേ ജോലിക്ക് പുറത്തു നിന്ന് ആളുകളെ വിളിക്കൂ. അതിനാല്‍ ആ പണിക്കൂലിയും ലാഭമാണ്,” ഹാഷിഖ് പറയുന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം