ആലപ്പുഴ സ്വദേശിയായ വി പി സുനിലിന് കയര്‍ മേഖലയിലായിരുന്നു ജോലി, പ്രദേശത്തെ മറ്റുപലരേയും പോലെ. എന്നാല്‍ കയര്‍ വ്യവസായം പ്രതിസന്ധിയിലായപ്പോള്‍ മറ്റുവഴികള്‍ തേടാതെ നിവൃത്തിയില്ലെന്നായി.
അതിനിടയില്‍ ഹൃദയസംബന്ധമായ അസുഖവും ബാധിച്ചു. ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നു. ജീവിതം പ്രതിസന്ധിയിലായ കാലം. എന്തു ചെയ്യുമെന്ന ചിന്ത അലട്ടി.
സ്വന്തമായി കുറച്ച് ഭൂമിയുണ്ട്. കൃഷി ചെയ്താലോ എന്ന ആലോചന വന്നു. ഭാര്യ റോഷ്നിക്കും സമ്മതം.
കൃഷിയില്‍ പുതിയ തരംഗം സൃഷ്ടിച്ച കഞ്ഞിക്കുഴി മോഡല്‍ സുനിലിനും റോഷ്‌നിക്കും ആവേശവും പ്രതീക്ഷയുമായി ഉണ്ടായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍ കൂടിയാണ് സുനില്‍. പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പലയിടത്തേയും കൃഷി നേരിട്ട് കണ്ടും ഏറെ പഠിച്ചു.
ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം വീട്ടില്‍ വെറുതെയിരിക്കാന്‍ തുടങ്ങിയപ്പോള്‍ കൃഷി കുറേശ്ശേ തുടങ്ങി.
കൃഷിയിലേക്കിറങ്ങാനുള്ള ആത്മവിശ്വാസം അതില്‍ നിന്നുണ്ടായി. മണ്ണില്‍ പണിയെടുക്കാനുള്ള മനസ്സുണ്ടെങ്കില്‍ വിജയം കൂടെയുണ്ടാകുമെന്ന വിശ്വാസം ഉള്ളില്‍ കൂടുതല്‍ ആഴത്തിലിറങ്ങി.
“കയര്‍ മേഖലയിലുണ്ടായ പ്രതിസന്ധി മൂലമാണ് ഞാന്‍ കൃഷിയിലേക്കിറങ്ങിയത്. അത് കൂടാണ്ട് 2013-ല്‍ എനിക്ക് ഒരു നെഞ്ചുവേദനയുണ്ടാവുകയും അതിനെത്തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടി വരികയും ചെയ്തു,” സുനില്‍ കൃഷിയിലേക്കുള്ള വഴി വിശദമാക്കുന്നു.
ഇതുകൂടി വായിക്കാം: തേങ്ങാപ്പാല്‍ സംഭാരം, തവിട് ചായ, ചക്കയില്‍ നിന്ന് തേന്‍ : അതിശയിപ്പിക്കുന്ന ജൈവ വിഭവങ്ങളുമായി ഉഷ
“തുടര്‍ന്ന് വീട്ടില്‍ വിശ്രമിച്ചപ്പോള്‍ കുറേശ്ശേ കൃഷി ചെയ്തു തുടങ്ങി. പിന്നെ അത് വ്യാപകമാക്കി…”
ആദ്യം വീടിനോട് ചേര്‍ന്ന പറമ്പില്‍ വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികള്‍ മാത്രം കൃഷി ചെയ്തു. കഞ്ഞിക്കുഴിയിലെ മിക്കവാറും എല്ലാ വീട്ടിലും പച്ചക്കറികൃഷിയുണ്ടല്ലോ. വീട്ടില്‍ തോരന്‍ വെയ്ക്കാന്‍ ഒരു പിടി ചീര. മെഴുക്കുവരട്ടിയുണ്ടാക്കാന്‍ പാവല്‍, സാമ്പാറിനുള്ള കുറച്ച് വെണ്ട…അങ്ങനെ വിഷം തളിക്കാത്ത പച്ചക്കറി ഒരുമുറം ഉണ്ടാക്കണം എന്ന ചെറിയ ആഗ്രഹമേ ആദ്യം ഉണ്ടായിരുന്നുള്ളൂ. രാസവളങ്ങള്‍ ഒന്നും ചേര്‍ത്തില്ല, രാസകീടനാശിനികളും പറമ്പില്‍ കടത്തിയില്ല.
നിറയെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് വില്ലനായി ചാഴികളുടെ ആക്രമണം
പക്ഷേ, കഞ്ഞിക്കുഴിയിലെ വിളറിവെളുത്ത മണല്‍പ്പറമ്പ് പ്രതീക്ഷകളെല്ലാം തെറ്റിച്ച് ഗംഭീര വിളവുതന്നെ തിരിച്ചുനല്‍കി. തുനിഞ്ഞിറങ്ങിയാല്‍ കൃഷികൊണ്ട് നല്ല വരുമാനമുണ്ടാക്കാമെന്ന് സുനിലും റോഷ്‌നിയും മനസ്സിലുറപ്പിച്ചത് അപ്പോഴാണ്.
പിന്നീടൊട്ടും സമയം കളഞ്ഞില്ല. കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു. 2013ലായിരുന്നു അത്. സ്വന്തം വളപ്പിന് പുറമെ കൂടുതല്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു.
ഇത്തവണ, പയര്‍, വഴുതന, പാവയ്ക്കാ, പടവലങ്ങ, മുളക് തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും നട്ടു. ഇതില്‍ പയര്‍ (ആച്ചിങ്ങ) ആയിരുന്നു അധികം. പക്ഷേ, പ്രശ്നങ്ങള്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.
അങ്ങനെ ഒരു മുഴുവന്‍സമയ കര്‍ഷകനായി നിറയെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് വില്ലനായി ചാഴികളുടെ ആക്രമണം. പയര്‍ പൂവിടുമ്പോഴേക്കും മുട്ടകളിട്ട് പെരുകുന്ന കീടങ്ങള്‍. പൊടിച്ചു വരുന്ന പയറെല്ലാം കീടങ്ങളുടെ ആക്രമണത്തില്‍ നശിക്കാന്‍ തുടങ്ങി. കായ്കളില്‍ തുരന്നുകയറി അകം കരണ്ടുതിന്നു. തണ്ടുകളില്‍ നുഴഞ്ഞുകയറി നീരൂറ്റിക്കുടിച്ചു. പലതരം കീടങ്ങള്‍ പല ഭാഗത്തുനിന്നും ആക്രമണം കടുപ്പിച്ചു. ഇതോടെ തൈകള്‍ കൂട്ടമായി ഉണങ്ങാന്‍ തുടങ്ങി.
പ്രതീക്ഷയുടെ നാമ്പുകള്‍ ഓരോ ദിവസവും വാടിക്കരിയാന്‍ തുടങ്ങി. അധ്വാനമെല്ലാം പാഴാകുന്ന സ്ഥിതി. റോഷ്‌നിയുടെയും സുനിലിന്‍റെയും കണ്ണുനിറയ്ക്കുന്നതായിരുന്നു ആ കാഴ്ച. എന്നിട്ടും അവര്‍ രാസകീടനാശിനികളെ ആശ്രയിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു; വിഷം തളിച്ച പച്ചക്കറികള്‍ വിറ്റുണ്ടാക്കുന്ന പണം കൊണ്ട് ജീവിക്കേണ്ട.
ഇതുകൂടി വായിക്കാം:ആവേശം പകരുന്ന സ്ത്രീ ജീവിതങ്ങള്‍: കനിവിന്‍റെയും പ്രത്യാശയുടെയും ധീരതയുടെയും കഥകള്‍
ജൈവ വിധിപ്രകാരം ആദ്യം ആര്യവേപ്പിന്‍റെ ഇല ചതച്ചിട്ട വെള്ളം തളിച്ച് നോക്കി. എന്നാല്‍ പ്രത്യേകിച്ച് ഫലമൊന്നും കണ്ടില്ല. ഓരോ ദിവസം നഷ്ടപ്പെടുന്തോറും കീടങ്ങള്‍ കൂടിയ വീര്യത്തോടെ ആക്രമണം തുടര്‍ന്നു. അടിയന്തരമായി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ മൊത്തം നഷ്ടത്തിലാവും. കീടങ്ങളെ ഉടന്‍ തുരത്തണം. തീരെ നിവൃത്തിയില്ലാത്ത അവസ്ഥയില്‍ അധികമാരും ചെയ്യാത്ത ഒരു മാര്‍ഗം പരീക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചു, ഒരു ഭാഗ്യപരീക്ഷണം.
ഉണക്കമീനും വേപ്പെണ്ണയും
ഉണക്കമീനും വേപ്പെണ്ണയും ചേര്‍ത്ത മിശ്രിതമാണ് അവര്‍ പരീക്ഷിച്ചത്. അതേറ്റു.
അതാണ് അതിന്‍റെ പ്രധാന പോരായ്മ; അതുതന്നെയാണ് വിജയവും.
വിളവ് നല്ലപോലെ കുറഞ്ഞപ്പോള്‍ സഹായം തേടി സുനില്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. “അപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞ നിര്‍ദ്ദേശം അനുസരിച്ച് ഞാനൊരു മിശ്രിതം തയ്യാറാക്കി. ഒന്നിടവിട്ട ദിവസങ്ങളില്‍ അത് പയറില്‍ തളിച്ചു.” അത് വളരെ ഫലപ്രദമായിരുന്നു.
“… ഉണക്കമീന്‍ നന്നായി പൊടിച്ചെടുക്കുന്നു. ശേഷം ആ പൊടിയിലേക്ക് വേപ്പെണ്ണ കലര്‍ത്തുന്നു. മീനും എണ്ണയും തുല്യ അനുപാതത്തില്‍ വേണം എടുക്കാന്‍. ഇത്തരത്തില്‍ നിര്‍മിച്ച മിശ്രിതം ഒന്ന് സെറ്റാവാന്‍ വയ്ക്കുന്നു. അതിനു ശേഷം ഒരു കപ്പു മിശ്രിതത്തില്‍ നാല് ലിറ്റര്‍ വെള്ളം എന്ന കണക്കില്‍ കലക്കി കൃഷിയിടങ്ങളില്‍ അടിക്കുന്നു,” സുനില്‍ പറഞ്ഞുതന്നു.
സഹിക്കാനാവാത്ത ഗന്ധമാണ് ഈ മിശ്രിതത്തിനുള്ളത് എന്നതാണ് പ്രധാന പോരായ്മ; അതുതന്നെയാണ് അതിന്‍റെ വിജയവും.
“ഉണക്ക മീനിന്‍റെയും വേപ്പെണ്ണയുടെയും രൂക്ഷഗന്ധമാണ് പ്രധാനമായും കീടങ്ങളെ അകറ്റി നിര്‍ത്തുന്നത്.
“ഉണക്ക മീന്‍ ലഭിക്കാന്‍ ഏറെ എളുപ്പമുള്ള പ്രദേശമാണ് ഞങ്ങളുടേത്. അതിനാല്‍ മിശ്രിതം നിര്‍മിക്കുന്ന ദിവസം രാവിലെ തന്നെ നേരിട്ട് ബീച്ചില്‍ പോയി മീന്‍ വാങ്ങിക്കുന്നു. വേപ്പണ്ണ ചേര്‍ത്ത് മിശ്രിതം നിര്‍മിക്കുന്നതിനായി റോഷ്നി സഹായിക്കും. ആദ്യം ഒരു പരീക്ഷണം എന്ന നിലക്കാണ് ഞാന്‍ ഇത് തോട്ടത്തില്‍ ഉപയോഗിച്ചത്. എന്നാല്‍ അത് വിജയമായിരുന്നു. ഇപ്പോള്‍ കീടങ്ങളുടെ ആക്രമണത്തില്‍ നല്ല കുറവുണ്ട്,” അദ്ദേഹം പറഞ്ഞു.
“ആദ്യം പയര്‍ തോട്ടത്തില്‍ മാത്രമാണ് പരീക്ഷിച്ചത്. ഇപ്പോള്‍ മറ്റു വിളകള്‍ക്കും പ്രയോഗിക്കുന്നുണ്ട്” സുനില്‍ കൂട്ടിച്ചേര്‍ത്തു.
“ആഗ്രഹിച്ച് 1,000 ചുവട് പയറ് നട്ടപ്പോഴാണ് അപ്രതീക്ഷിതമായി കീടങ്ങളുടെ ആക്രമണം ഉണ്ടായത്. ഈ കീടനിയന്ത്രണരീതി പരീക്ഷിച്ചതോടെ കീടങ്ങള്‍ ഒഴിഞ്ഞു എന്ന് മാത്രമല്ല, അഞ്ഞൂറ് കിലോ പയര്‍ വിളവെടുക്കാനും കഴിഞ്ഞു,” സുനില്‍കുമാറിന്‍റെ മുഖത്ത് വലിയൊരു വിജയം നേടിയതിന്‍റെ സന്തോഷം.
കീടങ്ങളോട് മല്ലിടുന്നത് മിക്ക ജൈവകര്‍ഷകര്‍ക്കും വലിയ തലവേദനയാണ്. പലര്‍ക്കും ഒരുപാട് പണം ചെലവഴിക്കേണ്ടി വരുന്നുണ്ട്. പലപ്പോഴും പണം ചെലവാക്കുന്നതുമാത്രമായിരിക്കും മെച്ചം. എന്നാല്‍ ഉണക്കമീന്‍ (ഉണക്കമീന്‍റെ വേസ്റ്റ് ആയാലും മതി)-വേപ്പെണ്ണ മിശ്രിതത്തിന് കുറഞ്ഞ ചെലവേ വരൂ എന്ന് സുനിലും റോഷ്‌നിയും ഉറപ്പിച്ചുപറയുന്നു.
ഇതുകൂടി വായിക്കാം:അഞ്ച് വര്‍ഷം, 16 സംസ്ഥാന-ദേശീയ താരങ്ങള്‍! മലപ്പുറത്തെ ഈ സൗജന്യ ഗ്രാമീണ ഫുട്ബോള്‍ അക്കാദമി വേറെ ലെവലാ
“അഞ്ച് ലിറ്ററിനു 200 രൂപ മാത്രമേ ചെലവ് വരൂ. ഇത് 25 സെന്‍റ് സ്ഥലത്ത് ഉപയോഗിക്കാം. ഒരു മാസത്തേക്ക് 1,000 രൂപ ധാരാളമാണ്,” എന്ന് സുനില്‍
അതിരാവിലെ അഞ്ചു മണിക്ക് ഉറക്കം ഉണര്‍ന്നാല്‍ സുനില്‍ ആദ്യം പോകുക തന്‍റെ പത്തേക്കറോളം വരുന്ന ഭൂമിയിലേക്കാണ്. അവിടെ എല്ലാവിധ പച്ചക്കറികളുമുണ്ട്. പാവല്‍, പടവലം, കോവല്‍, തക്കാളി, വെണ്ട, മത്തന്‍ , ഇലവന്‍, വെള്ളരി, തണ്ണിമത്തന്‍… അങ്ങനെ ആ ചൊരിമണലില്‍ വിളയാത്തതൊന്നുമില്ല.
“വളമായി ചാണകം, ഗോമൂത്രം കോഴിക്കാഷ്ഠം, ആട്ടിന്കാഷ്ഠം എന്നിവ മാത്രമേ ഉപയോഗിക്കാറുള്ളൂ. ഇടക്ക് കടലപ്പിണ്ണാക്കും ചേര്‍ത്തുകൊടുക്കും. ഇതെല്ലം കൃത്യം ഇടവേളകളിലാണ് പ്രയോഗിക്കുന്നത്.”
കൃഷിയിലെ ചിട്ടയും കൃത്യതയുമാണ് സുനിലിന്‍റെയും റോഷ്‌നിയുടെയും വിജയത്തിനു പിന്നിലെ മറ്റൊരു രഹസ്യം. കൃഷിയിടത്തില്‍ ചെയ്യുന്ന ഓരോ കാര്യത്തിനും കൃത്യമായ കണക്കുണ്ട് സുനില്‍ കുമാറിന്.
മിണ്ടിയും പറഞ്ഞും പണിയെടുക്കുമ്പോള്‍ അവര്‍ മീനമാസത്തിലെ ചൂടും അധ്വാനത്തിന്‍റെ ഭാരവും മറക്കും.
രാവിലെ കൃഷിയിടത്തിലെത്തിയാല്‍ ഉച്ചയാകുന്നത് വരെ അവിടെ തന്നെയുണ്ടാകും. വീട്ടുപണികള്‍ കഴിഞ്ഞശേഷം റോഷ്‌നിയും എത്തുന്നതോടെ രണ്ടുപേരും കൂടുതല്‍ ഉത്സാഹത്തോടെ കൃഷിയില്‍ പൂര്‍ണമായും മുഴുകും. വിത്തുപാകലും തടം കോരലും നനയ്ക്കലും വളം ചേര്‍ക്കലും രണ്ടുപേരും ചേര്‍ന്നുചെയ്യും. തോളോടുതോള്‍ ചേര്‍ന്ന് മിണ്ടിയും പറഞ്ഞും പണിയെടുക്കുമ്പോള്‍ അവര്‍ മീനമാസത്തിലെ ചൂടും അധ്വാനത്തിന്‍റെ ഭാരവും മറക്കും.
ഉച്ചമുതല്‍ വിശ്രമമാണ്. അതിനുശേഷം വൈകിട്ട് വെയില്‍ താഴ്ന്നാല്‍ വീണ്ടും ചെടികള്‍ക്കിടയിലേക്ക്… “ജൈവ പച്ചക്കറികള്‍ക്ക് മികച്ച വിപണിയുള്ളതിനാല്‍ ഇതുവരെ നഷ്ടം വന്നിട്ടില്ല,” എന്ന് സുനില്‍.
പച്ചക്കറിയുടെ ഭൂരിഭാഗവും ചുറ്റുവട്ടത്തു തന്നെയാണ് വിറ്റഴിക്കുന്നത്. ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് വീടുകളില്‍ എത്തിച്ച് കൊടുക്കുകയും ചെയ്യുന്നു.
“ഇപ്പോള്‍ ഏഴേക്കര്‍ കൃഷി ചെയ്യുന്നുണ്ട്,” അദ്ദേഹം പറയുന്നു. കൃഷി മാത്രമാണ് ഇപ്പോള്‍ വരുമാനമാര്‍ഗ്ഗം.
ഇതുകൂടി വായിക്കാം: കാട്ടുതേന്‍ മുതല്‍ കരിങ്കോഴി മുട്ടവരെ: ആഴ്ചയില്‍ 3 മണിക്കൂര്‍ മാത്രം തുറക്കുന്ന ഈ നാട്ടുചന്തയിലേക്കെത്തുന്നത് 5 ജില്ലകളിലെ ജൈവകര്‍ഷകര്‍
“ഒരു മാസത്തില്‍ കുറഞ്ഞത് 60,000 രൂപയുടെ പച്ചക്കറികള്‍ ഉല്‍പാദിപ്പിച്ച് വിപണനം നടത്തുന്നുണ്ട്.” സീസണില്‍ ഒരു ലക്ഷം രൂപക്കുള്ള പച്ചക്കറി വില്‍ക്കാന്‍ കഴിയുമെന്ന് സുനില്‍ കൂട്ടിച്ചേര്‍ക്കുന്നു.
” ഒരു കര്‍ഷകന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ കഴിഞ്ഞതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ആവുന്ന കാലമത്രയും മണ്ണില്‍ പണിയെടുത്ത് ജീവിക്കണം എന്നതാണ് ആഗ്രഹം. ജൈവ പച്ചക്കറികളുടെ ഉല്‍പാദനത്തിലൂടെ മികച്ച ഒരു കാര്‍ഷിക സംസ്‌കാരത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട് ” സുനില്‍ പറയുന്നു.
സുനിലിന്‍റെ ഫോണ്‍ നമ്പര്‍: 9249333743