55 പിന്നിട്ടാല്‍ പിന്നെ റിട്ടയര്‍മെന്‍റ് ലൈഫ്… പിന്നെ വിശ്രമദിനങ്ങള്‍.. ഇതാണല്ലോ ഒരു പതിവ്. എന്നാല്‍ പ്രായം 85 ആണെങ്കിലോ.. ചോദിക്കാനുണ്ടോ.. വെറ്റിലയും പാക്കും കൂട്ടി മുറുക്കി വീടിന്‍റെ ഉമ്മറത്തിരുന്ന് പേരകിടാങ്ങള്‍ക്ക് കഥ പറഞ്ഞുകൊടുത്തും ടിവിയൊക്കെ കണ്ടും പ്രാര്‍ഥിച്ചുമൊക്കെ കഴിഞ്ഞു കൂടണം.. ഇതൊക്കെയാണല്ലോ നാട്ടുനടപ്പ്.
ഈ പതിവുകളെയൊക്കെ തെറ്റിച്ച് അടിപൊളിയായി ജീവിക്കുന്ന ചിലരുണ്ട്.. അങ്ങനെയൊരാളാണ് 85-കാരിയായ ഈ മുത്തശ്ശി. പുതിയവിള എന്ന കൊച്ചുഗ്രാമത്തിലെ പഴയ പത്താം ക്ലാസുകാരി കൊല്ലകല്‍ ദേവകിയമ്മ..
ആലപ്പുഴ മുതുകുളം കൊല്ലകല്‍ തറവാടിനോട് ചേര്‍ന്ന് നാലേക്കറിലൊരു വനം തീര്‍ത്ത്, ചെടികളെ നട്ടുനനച്ചും മരങ്ങളോടും കിളികളോടുമൊക്കെ സൊറ പറഞ്ഞും മകള്‍ക്കൊപ്പം ജീവിക്കുകയാണ് ഈ മുത്തശ്ശി. 40 വര്‍ഷം കൊണ്ടുണ്ടാക്കിയ വനത്തിന്‍റെ പേരില്‍ അവാര്‍ഡുകളും കുറേ സ്വന്തമാക്കിയിട്ടുണ്ട് ഇവര്‍. കാടില്ലാത്ത ജില്ലയായ ആലപ്പുഴയില്‍ കാടൊരുക്കിയ ഈ വനമുത്തശ്ശിയുടെയും മകളുടെയും വിശേഷങ്ങളിലേക്ക്.
ചെറിയ തീരുമാനങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമായേക്കാം: പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, ആ നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com
“40 വര്‍ഷത്തിലേറെക്കാലമായി വീട്ടുമുറ്റത്ത് മരങ്ങള്‍ നട്ടുതുടങ്ങിയിട്ട്. ഏതാണ്ട് ആയിരത്തിലേറെ മരങ്ങളുണ്ടിപ്പോള്‍. കൂട്ടത്തില്‍ ഔഷധസസ്യങ്ങളും നല്ല ഭംഗിയുള്ള പൂക്കളുണ്ടാകുന്ന ചെടികളുമെല്ലാം ഇവിടുണ്ട്. ഒരു അപകടം സംഭവിച്ച് വീട്ടില്‍ നിന്നിറങ്ങാനാകാതെ കുറച്ചുകാലം കഴിച്ചു കൂട്ടേണ്ടി വന്നിട്ടുണ്ട്. പക്ഷേ അസുഖമൊക്കെ ഭേദമായിട്ടും വെറുതേ ഇരിക്കുന്നത് കണ്ട് മൂത്തമകള്‍ തങ്കമണിയാണ് വെറുതേ ഇരുന്നാ മതിയോ എന്നു ചോദിക്കുന്നത്. അമ്മ ഇങ്ങനെ വെറുതേ ഇരുന്നാല്‍ ഇരുന്നു പോകത്തില്ല്യോ..എന്തെങ്കിലുമൊക്കെ നട്ട് നനച്ച് ഇരിക്കുവാണേല്‍ നല്ലതല്ലേന്ന്.
ഇതുകൂടി വായിക്കാം: ഈ ‘വനംമന്ത്രി’യുടെ വീട്ടിലെത്തുന്നത് പാമ്പുകള്‍, മയിലുകള്‍, 30 ഇനം പക്ഷികള്‍
“അവളുടെ പ്രചോദനത്തിലാണ് തൈകള്‍ നട്ടു തുടങ്ങുന്നത്. അവളാണ് തൈകളും വിത്തുകളും കൊണ്ടു നല്‍കിയത്. അവള്‍ യാത്രകള്‍ പോകാറുണ്ട്.. ആ യാത്രകളില്‍ നിന്നും നഴ്സറികളില്‍ നിന്നുമൊക്കെയാണ് തൈകളും വിത്തും കൊണ്ടുവന്നതും. വീടിന് അടുത്ത് നിന്ന് ചെടികള്‍ നടാനും വീണ്ടും നടക്കാനും പഠിച്ചു കൊണ്ടാണ് വിശ്രമജീവിതത്തില്‍ നിന്ന് ഇറങ്ങുന്നത്.”
ദേവകിയമ്മ പറയുന്നതിനിടയ്ക്ക് മൂത്തമകള്‍ തങ്കമണി അമ്മയ്ക്കുണ്ടായ ഒരു അപകടത്തെക്കുറിച്ച് പറഞ്ഞു: “കായംകുളത്ത് വച്ച് ഡ്രൈവിങ് സ്‌കൂള്‍ വാഹനത്തിന്‍റെ ടയര്‍ അമ്മയുടെ പാദത്തിലൂടെ കയറിയിറങ്ങി. നടക്കാന്‍ പോലുമാകാതെ കുറേക്കാലം ചികിത്സയും വിശ്രമവുമായിരുന്നു. കുറെക്കഴിഞ്ഞപ്പോഴേക്കും മുറിവൊക്കെ ഉണങ്ങിയെങ്കിലും രണ്ട് കൊല്ലക്കാലം വീടിനു പുറത്തിറങ്ങാതെ, നടക്കാതെ ഇരുന്നതു കൊണ്ട് അമ്മയ്ക്ക് നടക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടായിരുന്നു.. അതുകൊണ്ടാണ് വെറുതേ കിടക്കുന്ന മുറ്റത്തും പറമ്പിലും എന്തെങ്കിലുമൊക്കെ നട്ടുപിടിപ്പിച്ചാലോയെന്നു ചോദിക്കുന്നത്. ഞാന്‍ തന്നെയാണ് കുറച്ചു തൈകളൊക്കെ അമ്മയ്ക്ക് കൊണ്ടുകൊടുക്കുന്നത്. വീടിനോട് ചേര്‍ന്നു തന്നെയാണ് ആദ്യമൊക്കെ അമ്മ തൈകളും ചെടികളും നട്ടു തുടങ്ങിയത്. നടലും നനയ്ക്കലുമൊക്കെയായി അമ്മ മെല്ലെമെല്ലെ നടന്നു തുടങ്ങി.”
ദേവകിയമ്മ വീട്ടുവിശേഷം പറയാന്‍ തുടങ്ങി.
“എന്‍റേത് കര്‍ഷക കുടുംബമായിരുന്നു. ഏഴ് ആങ്ങളമാരുടെ ഏറ്റവും ഇളയ സഹോദരിയായിരുന്നു ഞാന്‍. ആങ്ങളമാര്‍ക്കും ഭര്‍ത്താവിനും ജോലിയുണ്ടായിരുന്നു. അമ്മയും ഞാനും കൂടിയാണ് കൃഷി കാര്യങ്ങള്‍ നോക്കിയിരുന്നേ. ആ സമയങ്ങളിലാണ് കൃഷി ഇല്ലാതായി കൊണ്ടിരിക്കുന്നത്, താനെ കൃഷി നിന്നു പോകുകയായിരുന്നല്ലോ.. കൃഷിക്കു വേണ്ടിയുള്ള കളങ്ങളൊക്കെ വെറുതേ കിടക്കുകയുമായിരുന്നു. എള്ള് ഉണക്കാനും കച്ചി വിരിക്കാനും കറ്റ കൊണ്ടു വയ്ക്കാനും മെതിക്കാനുമൊക്കെയായി വീടിനോട് ചേര്‍ന്നു കുറേ സ്ഥലമുണ്ടായിരുന്നു.
“നെല്‍കൃഷി നിന്നതോടെ ആ സ്ഥലമൊക്കെ വെറുതേ കിടന്നു. തെങ്ങും പ്ലാവും ഇടവിള കൃഷിയുമല്ലാതെ വെറെ മരങ്ങളൊന്നും മുറ്റത്ത് ധാരാളമായി നട്ടിരുന്നില്ല. മരങ്ങള്‍ ഉള്ളതാകട്ടെ അതിരുകളിലായിരുന്നു. നെല്‍കൃഷി നിന്നപ്പോള്‍ വെറുതേ കിടന്ന സ്ഥലത്താണ് മരങ്ങള്‍ നട്ടു തുടങ്ങിയതും പിന്നീട് ഇപ്പോള്‍ വലിയൊരു കാടായി മാറുന്നതും.
“അങ്ങനെ പലതും നട്ടു തുടങ്ങി. നട്ടതൊക്കെ കിളിര്‍ത്തു തുടങ്ങിയപ്പോള്‍ ആവേശം തോന്നി. ആ സന്തോഷത്തിലാണ് വീണ്ടും നടാന്‍ തോന്നുന്നതും തുടങ്ങിയതും. അങ്ങനെ നട്ട് നനച്ച് ഒരു വനമായി. നാലര ഏക്കറിലാണ് ഈ കാട്.. ആയിരത്തിലേറെ മരങ്ങളുണ്ട്. ആ മരങ്ങള്‍ക്കിടയില്‍ കൃഷിയും നടത്തുന്നുണ്ട്. ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ എല്ലാം കൃഷി ചെയ്യുന്നുണ്ട്. സാധാരണ എല്ലാ വീടുകളുടെയും പറമ്പിലൊക്കെയുള്ളതു പോലെ പ്ലാവും, തെങ്ങും മാവും ഒക്കെയുണ്ട്. തെങ്ങില്‍ നിന്നൊക്കെ നല്ല ആദായവും കിട്ടുന്നുണ്ട്.”
“ഈ വനം കാണാനും ആളുകള്‍ എന്നും ഇവിടെ വരുന്നുണ്ട്, വിവിധ സ്ഥാപനങ്ങളില്‍ നിന്നും സ്‌കൂളില്‍ നിന്നും കോളെജുകളില്‍ നിന്നുമൊക്കെ ആളുകള്‍ നിത്യേന ഇവിടെ വരാറുണ്ട്. ഗവേഷകരും എല്ലാം വരുന്നുണ്ട്. പിന്നെ കാടൊന്നും ഇല്ലാത്ത ആലപ്പുഴയിലെ വിശാലമായ കാട് വെറുതേ കാണാനെത്തുന്നവരും കുറേയുണ്ട്. വലിയ മരങ്ങള്‍ മാത്രമല്ല നല്ല പൂക്കളുണ്ടാകുന്ന കൊച്ചു ചെടികളും ഔഷധസസ്യങ്ങളും ഇവിടെ വളര്‍ത്തുന്നുണ്ട്. കൃഷിയൊക്കെയുള്ള ഒരു പഴയ കുടുംബമായിരുന്നു.. പുരാതന കുടുംബമായതു കൊണ്ട് എണ്ണ, വെള്ളിച്ചെണ്ണ, കുഴമ്പ് ഇതൊക്കെ വീട്ടില്‍ തന്നെ കാച്ചുന്ന രീതിയായിരുന്നു. അന്നു തൊട്ടേ അതിനൊക്കെ വേണ്ട ഔഷധസസ്യങ്ങളും കൃഷി ചെയ്തിരുന്നു. എണ്ണയാക്കാന്‍ കൊണ്ടുവരുന്നതൊക്കെ ഇവിടെ നട്ട് തുടങ്ങിയാണ് ഔഷധസസ്യങ്ങള്‍ മുറ്റത്തുണ്ടാകുന്നത് തന്നെ.
ഇതുകൂടി വായിക്കാം: വീടിനു തൊട്ടടുത്തുള്ള ‘ദുരൂഹത’ നിറഞ്ഞ വെള്ളച്ചാട്ടം അവര്‍ ആദ്യമായി കണ്ടു…
“പ്രായത്തിന്‍റെ അവശതകളൊക്കെയുണ്ടെങ്കിലും അതൊന്നും കാര്യമായി ബാധിച്ചിട്ടൊന്നുമില്ല. രാവിലെ അഞ്ച് മണിക്ക് ഉറക്കമുണരും.. പക്ഷേ കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാതെ കിടക്കും.. നാമം ജപിച്ചു കൊണ്ട്.. ഏഴരയൊക്കെ ആകുമ്പോ എഴുന്നേല്‍ക്കും.. കുറച്ചുനാളായിട്ട് ഇങ്ങനെയാണ്.
“പണ്ടൊക്കെ വെളുപ്പിന് മൂന്നര മണിക്കെഴുന്നേല്‍ക്കുമായിരുന്നു. മക്കളും ഭര്‍ത്താവുമൊക്കെ ജോലി ചെയ്തിരുന്ന നാളുകളില്‍. ഇന്ന് അതൊന്നും ഇല്ലല്ലോ..പിന്നെ ഈ പ്രകൃതി നല്‍കുന്നൊരു എനര്‍ജിയുണ്ട്.. സന്തോഷമുണ്ട്.. അതൊന്നും പറയാനറിയില്ല.. കുട്ടിക്കാലം തൊട്ടേ ചെടികള്‍ നടുന്നതിനോടൊക്കെ കമ്പമുണ്ടായിരുന്നു.. ഏഴ് ആങ്ങളമാരുടെ ഒരേയൊരു പെങ്ങളായിരുന്നല്ലോ.. അച്ഛനും ചേട്ടന്‍മാരും കൊണ്ടുവരുന്ന ചെടികളൊക്കെ എന്നെ കൊണ്ട് നടീപ്പിക്കും.. ഇതിലെ പൂവ് നിനക്കാണെന്നൊക്കെ പറയും. അതൊക്കെ വലിയ സന്തോഷമായിരുന്നു.
“മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെയായി നാലു തലമുറയുടെ സ്നേഹമാണിപ്പോള്‍ കൂടെയുള്ളത്. ആ നാലുതലമുറയുടെ പിന്തുണയും എന്‍റെ മരം നടീലിനുണ്ട്. അടൂരും ചെങ്ങന്നൂരും കായംകുളത്തുമൊക്കെയാണ് മക്കള്‍ താമസിക്കുന്നത്. അവരുടെ വീടുകളിലും സാധിക്കുന്ന പോലെ മരങ്ങളും ചെടികളുമൊക്കെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അവര്‍ക്കും ഇഷ്ടമാണ് ഇതൊക്കെ. എല്ലാവരുടെയും പിന്തുണയോടെയാണ് ഇങ്ങനെയൊരു വനം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചത്,” ദേവകിയമ്മ പറയുന്നു.
പേരറിയാത്ത കുറേ മരങ്ങളൊക്കെയുണ്ട്.. പേരും ഗുണവും ഒന്നും നോക്കിയല്ല തൈകള്‍ നട്ടുപിടിപ്പിച്ചത്.
ഇത്രയും വലിയ കാടിന്‍റെ ഉടമയല്ലേ.. മറ്റുള്ളവര്‍ക്ക് തൈയൊക്കെ നല്‍കാറുണ്ടോയെന്നു ചോദ്യത്തിന് ദേവകിയമ്മ ചിരിക്കുകയാണ്.. ചടങ്ങുകള്‍ക്കും മറ്റും പോകുമ്പോള്‍ എനിക്കാണ് പലരും തൈകളും ചെടിയുമൊക്കെ സമ്മാനിക്കുന്നത്. പിറന്നാള്‍ ഒക്കെ വരുമ്പോള്‍ പലരും എനിക്ക് വൃക്ഷതൈകളാണ് സമ്മാനിക്കുന്നതും. മക്കളും വൃക്ഷതൈകളൊക്കെ നല്‍കാറുണ്ട്. മരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പുസ്തകങ്ങള്‍ വായിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.
ആ കാട്ടിലെ മരങ്ങളുടെ പേരു പറയാമോ..? “ദാ തങ്കമണി പറയും പേരൊക്കെ” എന്നു പറഞ്ഞു ദേവകിയമ്മ.
“ആയിരത്തിലേറെ മരങ്ങളുണ്ട്..,” തങ്കമണി ടീച്ചര്‍ മരങ്ങളുടെയും സസ്യങ്ങളുടെയുമൊക്കെ പേരുകള്‍ പറഞ്ഞു തുടങ്ങി: “അത്തി, ഇത്തി, അരയാല്‍, പേരാല്‍, കൃഷ്ണനാല്‍, നക്ഷത്രവൃക്ഷങ്ങള്‍,വെട്ടി മരം, പാല നാലു തരം, വള്ളിപ്പാല, മന്ദാരം ആറു തരം, അംഗോലം, മരുത് പലതരം, കരിങ്ങൊട്ട, കടുക്ക, നെല്ലി, താന്നി, കുളവ്, പലതരം മാവുകള്‍, പ്ലാവ്, ഇരുമ്പറപ്പന്‍, കര്‍പ്പൂരം, രുദ്രാക്ഷം, ഭദ്രാക്ഷം, ഉത്രാക്ഷം, പൊങ്, ഉങ്ങ്, പത്ത് ഇനം മരുന്നുചെടികളുടെ കൂട്ടായ ദശമൂലം, മെഴുകുതിരി മരം, നെന്‍മേനി വാക, ബ്രൗണിയ, ശിംശിപാ, മുളകള്‍ പലതരം, കമണ്ഡലൂമരം, ഊദ്, പാരിജാതം, പവിഴമല്ലി, ഗന്ധരാജന്‍, പുത്രം ജീവ, മരോട്ടി, കാഞ്ഞിരം, കടമ്പ്, കായാംപൂ, പിസ്ത, ആറ്റുവഞ്ചി, ഹിമാലയന്‍ ചെമ്പകം, രക്തചന്ദനം. ചന്ദനം, തേന്‍പ്പാവ്, മുട്ടിപ്പഴം, നാലോ അഞ്ചോ നിറത്തിലുള്ള പൗഡര്‍ പഫ്, പലതരം വള്ളികള്‍, പുല്ലാനി, നാഗവല്ലി പിന്നെ പേരറിയാത്ത കുറേ മരങ്ങളൊക്കെയുണ്ട്.. പേരും ഗുണവും ഒന്നും നോക്കിയല്ല തൈകള്‍ നട്ടുപിടിപ്പിച്ചത്.. വളരുന്നതൊക്കെ വളരട്ടെയെന്നു തോന്നി.”
“പിന്നെ കുറേ ജലസസ്യങ്ങളും പായലുകളുമൊക്കെയുണ്ട്. നെല്‍കൃഷിയ്ക്കിടയെ കളകള്‍ എന്നു പറഞ്ഞു പറിച്ചു കളഞ്ഞിരുന്ന ചില കളകളും നട്ടു വളര്‍ത്തിയിട്ടുണ്ട്. പ്രകൃതി തന്നെയൊരുക്കിയ മഴവെള്ള സംഭരണിയുമുണ്ട് നമ്മുടെ വീട്ടുമുറ്റത്ത്. വീട്ടിലേക്ക് കയറി വരുന്ന ഭാഗത്തിന്‍റെ ഇരുവശത്തുമായി പണ്ട് കൊയ്തൊഴിഞ്ഞ പാടങ്ങളാണ്. അവിടെ മഴവെള്ളം കെട്ടിക്കിടപ്പുണ്ട്. നല്ല മഴ വന്നാല്‍ വെള്ളവും കൂടും. ഈ കുളത്തില്‍ ആമ്പലും താമരയുമൊക്കെ വളരുന്നുണ്ട്. ഇതിനു പുറമേ പറമ്പില്‍ രണ്ട് കുളങ്ങളുണ്ട്. പഴങ്ങളും പൂക്കളുമൊക്കെയുള്ള പറമ്പിലേക്ക് കിളികളും പൂമ്പാറ്റകളുമൊക്കെ വരാറുണ്ട്. കുളക്കോഴി, മരതകപ്രാവ്, എമറാള്‍ഡ്, തേന്‍വണ്ടുകള്‍, കരിവണ്ടുകള്‍, പലതരത്തിലുള്ള ചിത്രശലഭങ്ങള്‍…ഇവരൊക്കെ ഈ കാട്ടിലെ പതിവുകാരാണ്..” ടീച്ചര്‍ സന്തോഷത്തോടെ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.
ഇതുകൂടി വായിക്കാം: 30 വര്‍ഷത്തിനുള്ളില്‍ പല രാജ്യങ്ങളിലായി ലക്ഷത്തിലധികം പ്രകൃതി സൗഹൃദ വീടുകള്‍ നിര്‍മ്മിച്ച പാവങ്ങളുടെ ആര്‍കിടെക്റ്റ്
ഇന്നിപ്പോള്‍ പലരും അത്ഭുതത്തോടെയാണ് ദേവകിയമ്മയെ നോക്കുന്നത്. നിരവധി പുരസ്‌കാരങ്ങളും ദേവകിയമ്മയെ തേടിയെത്തിയിട്ടുണ്ട്.. പുരസ്‌കാരത്തെക്കുറിച്ച് ദേവകിയമ്മ പറയുകയാണ്, “അവാര്‍ഡ് കിട്ടിയതൊക്കെ ഏതാണെന്നൊക്കെ എനിക്ക് നല്ല ഓര്‍മയുണ്ട്. അക്കൂട്ടത്തില്‍ ആദ്യ അവാര്‍ഡിന് ഇത്തിരി മധുരം കൂടുതലുണ്ട്.. അല്ലേ തങ്കമണീ…”
അമ്മയും മകളും ഒരുമിച്ച് ഒരേ വേദിയില്‍ നിന്ന് വൃക്ഷമിത്ര അവാര്‍ഡ് വാങ്ങിയതാണത്. 2003-ല്‍ പ്രഖ്യാപിക്കപ്പെട്ട വൃക്ഷമിത്ര എന്ന അവാര്‍ഡ് 2005-ല്‍ കേന്ദ്രവനം മന്ത്രിയില്‍ നിന്നു സ്വീകരിക്കുമ്പോള്‍ കൂടെ തങ്കമണിയുമുണ്ടായിരുന്നു.
“ഇതിനു പുറമേ സംസ്ഥാന സര്‍ക്കാരിന്‍റെ വനമിത്ര പുരസ്‌കാരം, സ്വദേശി ്പ്രസ്ഥാനത്തിന്റെ ഭൂമിമിത്ര, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ ഹരിതവ്യക്തി, ആലപ്പുഴ ജില്ല സാമൂഹ്യവനവത്ക്കരണ പുരസ്‌കാരം.. ഇതൊക്കെയാണ് കിട്ടിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ കിട്ടിയതാണ് കേന്ദ്രസര്‍ക്കാരിന്‍റെ നാരീശക്തി പുരസ്‌കാരം.. കഴിഞ്ഞ മാര്‍ച്ചില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നാണ് വാങ്ങിയത്. ഞാനും മോളും കൊച്ചുമോനും കൂടെയാണ് അവാര്‍ഡ് വാങ്ങാന്‍ ഡല്‍ഹിക്ക് പോയത്. ഡല്‍ഹിക്ക് പോകുന്നത് രണ്ടാം തവണയാണ്. ഇതിനു മുന്‍പു വൃക്ഷമിത്ര അവാര്‍ഡ് വാങ്ങാനാണ് പോയത്..,” അഭിമാനത്തോടെ ഈ വനമുത്തശ്ശി പറയുന്നു.
അമ്മയുടെ പാതയിലൂടെയാണ് മകള്‍ തങ്കമണി ടീച്ചറുടെയും യാത്ര. തിരുവനന്തപുരം എന്‍ജിനീയറിങ് കോളെജിലെ എന്‍വയോണ്‍മെന്‍റ് എന്‍ജിനീയറിങ് വകുപ്പ് മേധാവിയായിട്ടാണ് വിരമിക്കുന്നത്. സംസ്ഥാന മലിനീകരണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. അകേഷ്യ മാത്രം നിന്നിരുന്ന കോളെജ് വളപ്പില്‍ വനവൃക്ഷങ്ങളും ഫലവൃക്ഷങ്ങളും ചെടികളുമൊക്കെ നട്ടുപിടിപ്പിച്ചു.
ഇതുകൂടി വായിക്കാം: പെട്ടെന്നാണ് ഊരിലെ എല്ലാവരും വീടൊഴിഞ്ഞുപോയത്, കാരണമറിയാന്‍ മൂന്ന് ദിവസമെടുത്തു: 20 വര്‍ഷം കാട്ടില്‍ താമസിച്ച് പഠിപ്പിച്ച മാഷിന്‍റെ അനുഭവങ്ങള്‍
‘ട്രീസ് ഒഫ് എന്‍ജിനീയറിങ് കോളെജ്’ എന്ന പേരില്‍ വൃക്ഷങ്ങളെക്കുറിച്ചും ‘ഫെതേര്‍ഡ് ഫ്രണ്ട്‌സ് ഓഫ് ഔവര്‍ ക്യാംപസ്’ എന്ന പേരില്‍ പക്ഷികളെക്കുറിച്ചും ‘ഫ്‌ലൈയിംഗ് ജ്യൂവല്‍സ് ഓഫ് ഔവര്‍ ക്യാംപസ്’ എന്ന പേരില്‍ പൂമ്പാറ്റകളെക്കുറിച്ചും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കോളെജിലെ പരിസ്ഥിതി ക്ലബിന്‍റെ നേതൃത്വത്തിലാണ് ഇതൊക്കെയും ചെയ്തത്. വൃക്ഷമിത്ര മാത്രമല്ല മറ്റു പല പരിസ്ഥിതി പുരസ്‌കാരങ്ങളും കോളെജിനു നേടിക്കൊടുക്കാനായതിന്റെ ക്രെഡിറ്റും തങ്കമണിക്കു കൂടി അവകാശപ്പെട്ടതാണ്..
“ഇതൊക്കെ ചെയ്യാനും പ്രകൃതിയെ സ്‌നേഹിക്കാനുമൊക്കെ ഞാന്‍ അമ്മയില്‍ നിന്നാണ് പഠിച്ചത്, അമ്മയാണ് എല്ലാത്തിനും പ്രേരണ. സിവില്‍ എന്‍ജിനീയറിങ് കഴിഞ്ഞ എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയറിങ് പഠിക്കാന്‍ കാരണവും അമ്മയാണ്,” തങ്കമണി ടീച്ചര്‍ പറഞ്ഞു.
ദേവകിയമ്മയുടെ ഭര്‍ത്താവ് എം.കെ. ഗോപാലപിള്ള ജീവിച്ചിരിപ്പില്ല. ഇന്ദിരാകുമാരി, ഉഷാകുമാരി, പത്മകുമാര്‍, നന്ദകുമാര്‍ എന്നിവരാണ് മറ്റുമക്കള്‍.