നല്ല ജോലി…മികച്ച വരുമാനം… ഈ സ്വപ്നം സഫലമാക്കാനാണല്ലോ നാടും വീടും വിട്ട് മരുഭൂമിയിലൊക്കെ പോയി വിയര്‍പ്പൊഴുക്കുന്നത്. എന്നാൽ വിദേശത്തൊന്നും പോവണ്ട, നാട്ടില്‍ തന്നെ കൃഷി ചെയ്ത് നല്ല വരുമാനം നേടാമെന്നാണ് ദമ്പതികളായ ഈ ശാസ്ത്രജ്ഞര്‍ പറയുന്നത്.
“കേരളത്തിലോ? കടംകയറി കുത്തുപാളയെടുക്കും!” എന്നല്ലേ ഇപ്പോള്‍ ഉള്ളില്‍ ചിരിച്ചത്?
പക്ഷേ, ഡോ. രോഹിണി അയ്യരും (75) ഭര്‍ത്താവ് രാജ ദുരൈ അയ്യരും (84) പന്ത്രണ്ട് വര്‍ഷമായി കൊല്ലത്ത് ഇതിനുള്ള സൂത്രങ്ങള്‍ നാട്ടിലെ കര്‍ഷകര്‍ക്ക് പറഞ്ഞുകൊടുക്കുന്നു..
ഇതിനോടകം 1,600 കർഷകരെ കൃഷിതന്ത്രങ്ങള്‍ പഠിപ്പിച്ചും വരുമാനം പല മടങ്ങാക്കാനുള്ള സൂത്രങ്ങള്‍ പറഞ്ഞുകൊടുത്തുമാണ് ഇവര്‍ കാർഷിക മുന്നേറ്റത്തിന് തുടക്കമിട്ടിരിക്കുന്നത്.
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com
കൊല്ലത്തെ തഴവ സ്വദേശികളാണിവര്‍. ആദ്യ പാഠങ്ങൾ പഠിപ്പിക്കുന്നതും സ്വന്തം നാട്ടുകാരെയാണ്. കൃഷിയുമായി ബന്ധപ്പെട്ട 80 ലേറെ കോഴ്സുകളാണ് ഇവർ പരിശീലിപ്പിക്കുന്നത്. കൃഷിയില്‍ ഇത്രയേറെ കോഴ്സുകളുണ്ടോയെന്നു തോന്നിയേക്കാം.. ഇത്ര പെരുത്ത് പഠിപ്പിക്കാനെന്തിരിക്കുന്നു?
രോഹിണിയും രാജ ദുരൈയും തന്നെ പറയട്ടെ!
” ഞങ്ങള്‍ രണ്ടാളും ശാസ്ത്രജ്ഞരായിരുന്നു.. ജോലിയിൽ നിന്നൊക്കെ വിരമിച്ചു, ആ വിശ്രമദിനങ്ങളിലാണ് കൃഷി ചെയ്യാനും പഠിപ്പിക്കാനുമൊക്കെയായി ഇറങ്ങുന്നത്,” രോഹിണി പറയുന്നു. “ബൊട്ടാണിക്കൽ ജെനറ്റിക്സിലായിരുന്നു അദ്ദേഹത്തിന് ജോലി. ജോലിയുടെ ഭാഗമായി ഞങ്ങള്‍ ഇന്ത്യയുടെ പല ഭാഗത്തും താമസിച്ചിട്ടുണ്ട്.
ജോലിയിൽ നിന്നു വിരമിച്ചതോടെ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ലാതായി
“എനിക്ക് അമ്മയുടെ വകയായി കുറച്ച് ഭൂമി ഇവിടെ (തഴവ) കിട്ടിയിരുന്നു. ഇവിടെ ഞങ്ങളൊരു കൊച്ചു വീട് പണിതു. മൂന്ന് പെൺമക്കളാണുള്ളത്. മൂവരും ജോലിയൊക്കെ നേടി കുടുംബജീവിതത്തിലേക്ക് കടന്നു. ജോലിയിൽ നിന്നു വിരമിച്ചതോടെ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ലാതായി. വെറുതെ പണിയുമില്ലാതെ മടി പിടിച്ച് ഇരിക്കുമ്പോഴാണ് കൃഷിയിലേക്ക് വരുന്നത്,” രോഹിണി പറയുന്നു.
” നവശക്തി എന്ന പേരിലൊരു ട്രസ്റ്റ് ആരംഭിക്കുന്നത് അങ്ങനെയാണ്. കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് ഈ ട്രസ്റ്റിന്‍റെ ലക്ഷ്യം. കർഷകർക്ക് അവരുടെ സ്വന്തം ഉത്പന്നങ്ങൾ നല്ല വിലയ്ക്ക് വിൽക്കുന്നതിനും ആധുനിക കാർഷിക തന്ത്രങ്ങൾ പഠിപ്പിക്കുക ഇതൊക്കെയാണ് നവശക്തിയിലൂടെ ചെയ്യാൻ തീരുമാനിച്ചത്.”
രോഹിണി തുടരുന്നു: കഴിഞ്ഞ കുറച്ചു വർഷങ്ങളായി കൃഷിപ്പണിക്ക് ചെലവേറെയാണ്. വരുമാനം കുറയുന്നതും ചെലവു കൂടുന്നതുമൊക്കെ കർഷകരെ വല്ലാതെ ബാധിച്ചു. അതോടെ ചെറുകിടക്കാര്‍ക്ക് കൃഷിപ്പണിക്ക് ആളെ നിറുത്താൻ പോലും സാധിക്കാതെ വന്നു.
ഇതുകൂടി വായിക്കാം: ‘മഴവെള്ള കുത്തിവെയ്പ്പി’ലൂടെ 30 വര്‍ഷം കൊണ്ട് ആന്‍റോജി സംഭരിച്ചത് 300 കോടി ലിറ്റര്‍ ശുദ്ധജലം
ആളെ നിറുത്തിയാൽ അവർക്ക് കൂലി കൊടുക്കണ്ടേ.. കൃഷിയില്‍ നിന്ന് കാര്യമായ വരുമാനമൊന്നും കിട്ടാതെ ജോലിക്ക് വരുന്നവർക്ക് എങ്ങനെ കൂലി കൊടുക്കും? കൃഷിയിൽ നിന്നു മികച്ച വരുമാനം കണ്ടെത്തുന്നതിന് അവരെ സഹായിക്കണമെന്ന് ഞങ്ങള്‍ക്ക് തോന്നി.
കർഷകരുടെ പുതിയ തലമുറയിലുള്ളവരെങ്കിലും ജോലി തേടി വിദേശനാടുകളിലേക്ക് പോകാതെ ഇവിടെ മണ്ണിൽ പണിയെടുത്ത് വരുമാനം നേടുന്നവരാക്കി മാറ്റാനായിരുന്നു ഞങ്ങളുടെ ശ്രമം. നവശക്തിയുടെ ലക്ഷ്യവും അതു തന്നെയായിരുന്നു, നാട്ടിൽ തന്നെ മികച്ച ജോലിയും മെച്ചപ്പെട്ട വരുമാനവും”.
കേരളത്തിന്‍റെ ആകെയുള്ള ആഭ്യന്തര ഉത്പാദനത്തില്‍ 13 ശതമാനം കാർഷിക മേഖലയുടെ സംഭാവനയാണ്. ഇതിൽ തന്നെ മുന്നിൽ നിൽക്കുന്നതു നെല്ലാണ്. 600 വ്യത്യസ്ത ഇനം നെല്ലിനങ്ങളാണ് നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്നത്. ഓരോ വർഷവും അരി വില കൂടുന്നുണ്ട്. പക്ഷേ കർഷകർക്ക് അതിന്‍റെ ഗുണം ലഭിക്കുന്നുണ്ടോ..?
ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് അരി നമ്മുടെ നാട്ടിലേക്ക് എത്തുന്നത്. നമ്മളൊക്കെ കഴിക്കുന്നതിന്‍റെ 91 ശതമാനവും അങ്ങനെ തമിഴ് നാട്ടില്‍ നിന്നും ആന്ധ്രയിൽ നിന്നും തെലങ്കാനയിൽ നിന്നൊക്കെ വരുന്നതാണ്.
ഇതുകൂടി വായിക്കാം : ‘മഴവെള്ള കുത്തിവെയ്പ്പി’ലൂടെ 30 വര്‍ഷം കൊണ്ട് ആന്‍റോജി സംഭരിച്ചത് 300 കോടി ലിറ്റര്‍ ശുദ്ധജലം
”പലതരം വിളകൾ ചെയ്യുന്നവരുണ്ട്. എന്നാൽ കുറഞ്ഞ വരുമാനം മാത്രം കിട്ടുന്ന ആ വിളകൾക്ക് വേണ്ടി കൃഷിസ്ഥലം മുഴുവനും ഉപയോഗിക്കേണ്ടി വരുന്നത് കർഷകര്‍ക്ക് നല്ലതല്ല. അതുകൊണ്ടു തന്നെ വർഷം തോറും കർഷകരുടെ ദുരിതം കൂടുന്നതേയുള്ളൂ.
ഗണ്യമായ ലാഭം നേടാൻ കഴിയാത്ത വിളകളിലൊന്നാണ് അരി. മിക്കവാറും സംഭവിക്കുന്നത് ഇതാണ്. ഒരാള്‍ മുഴുവന്‍ അധ്വാനവും ശ്രദ്ധയും ഒരു വിളയിൽ കേന്ദ്രീകരിക്കും. നെല്ലാണെന്ന് വെയ്ക്കൂ. ആ വര്‍ഷത്തില്‍ നെല്ലിന് നല്ലതാണെങ്കിൽ, നല്ല ലാഭം കിട്ടും. എന്നാല്‍ എപ്പോഴും ഇങ്ങനെയാവണമെന്നില്ല. മാര്‍ക്കെറ്റില്‍ വിലയില്ലെങ്കില്‍ വലിയ നഷ്ടവും ഉണ്ടാവും. ഇതിനൊക്കെയൊരു പരിഹാരം വേണമെന്നു തോന്നിയിരുന്നു, രോഹിണി പറയുന്നു.
”സ്ഥലം കുറവാണെന്നു കരുതി കൂടുതൽ കൃഷി ചെയ്യാതെയിരിക്കരുത്. ഉള്ള സ്ഥലത്ത് കൂടുതൽ വിളകൾ നടണം. ഇതുവഴി കൂടുതൽ വരുമാനവും നേടാനാകും. മാർക്കറ്റ് വിലയും മറ്റും ബാധിക്കുകയുമില്ല. ഇതിനൊപ്പം നമ്മുടെ സ്വന്തം സ്ഥിരം കൃഷിയും കൂടെയുണ്ടാകണം.
കപ്പയ്ക്കും ചക്കയ്ക്കുമൊക്കെ ഇന്നു വൻ ഡിമാന്‍റാണ്. കപ്പയും തേങ്ങയും കൃഷി ചെയ്താൽ നഷ്ടം ഉണ്ടാവില്ല. രാജ്യത്തെവിടെയും ഇതിന് ആവശ്യക്കാരുണ്ട്,” രോഹിണി അയ്യർ പറയുന്നു. ഇതിനൊപ്പം ഓരോ വിളയുടെയും മൂല്യവര്‍ദ്ധിത വസ്തുക്കളും ഉണ്ടാക്കണം.
” ഈ ആശയങ്ങളൊക്കെ ചെയ്തു നോക്കി.. അതൊക്കെ വിജയിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ആത്മവിശ്വാസത്തോടെയാണ് ഞങ്ങൾ അതൊക്കെയും നടപ്പാക്കുന്നത്. നവശക്തിയുടെ നേൃത്വത്തിൽ കർഷകർക്ക് ക്ലാസുകളെടുക്കാൻ പോകാറുണ്ട്.. കൂടുതൽ വിളവും വരുമാനവും എങ്ങനെ നേടാമെന്നും ഇടവിള കൃഷിയെക്കുറിച്ചുമൊക്കെയാണ് അവരോട് പറഞ്ഞു കൊടുക്കുന്നത്. ഇടവിള കൃഷിയിലൂടെ നല്ല ലാഭം നേടാനാകും.
ഈ ക്ലാസുകൾ വളരെയേറെ ഗുണം ചെയ്തു. ഇതൊക്കെ പരീക്ഷിച്ചവർക്ക് അവരുടെ വരുമാനത്തിൽ വർധനവുണ്ടാക്കാനും സാധിച്ചു, പത്തു ശതമാനത്തിലേറെ വർധിപ്പിക്കാന്‍ തുടക്കത്തിലേ കഴിഞ്ഞു. കൂൺ കൃഷിയാണ് മറ്റൊന്ന്. വലിയ കഷ്ടപ്പാടുകളൊന്നുമില്ല, ചെലവും കുറവാണ്. ഇഷ്ടംപോലെ ആവശ്യക്കാരുമുണ്ട്..”.
ഇതുകൂടി വായിക്കാം: കൂട്ടിന് പുലിയും കാട്ടുപോത്തും, കെട്ടും മറയുമില്ലാത്ത ഈറ്റപ്പുരയില്‍ മുരളി മാഷ് ഒറ്റയ്ക്കിരുന്ന് എഴുതിത്തീര്‍ത്ത ഗോത്രചരിത്രം
കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും കൂൺ കൃഷിയെക്കുറിച്ച് ക്ലാസെടുക്കുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ കൂൺ കൃഷി ചെയ്യാം. എന്നാൽ കർഷകരെ കൊണ്ട് അങ്ങനെ ചെയ്യിക്കുന്നതിനെക്കാൾ ഞങ്ങൾ പ്രാധാന്യം നൽകുന്നത് മറ്റൊരു കാര്യമാണ്. കൂൺ കൃഷി ചെയ്യുന്ന കുടുംബവും പ്രോട്ടീൻ നിറഞ്ഞ ഭക്ഷണത്തിലൂടെ സുരക്ഷിതമാകുകയാണല്ലോ,രോഹിണി പറയുന്നു.
സ്വന്തം വീട്ടാവശ്യങ്ങൾക്കോ മറ്റോ വേണ്ടി കർഷകർ നിന്ന് മൂല്യവർധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ വിപണിയിലെത്തിക്കുന്നതിന് വേണ്ടി ചെയ്യുന്നവരുടെ എണ്ണം കുറവാണ്. നവശക്തി ട്രസ്റ്റിലൂടെ മൂല്യവർധിത ഉത്പ്പന്നങ്ങൾ നിർമിക്കുന്നതിനു കർഷകരെ പ്രോത്സാഹിപ്പിക്കുന്നു,” അവര്‍ വിശദമാക്കുന്നു.
ഇരുപതിനായിരത്തിലേറെ പേര്‍ താമസിക്കുന്ന തഴവ എന്ന ഗ്രാമത്തിന്‍റെ കാര്‍ഷികച്ഛായ തന്നെ മാറ്റിയതു ഈ ദമ്പതികളുടെ ശ്രമഫലമാണ്.
” 12 വർഷം മുൻപാണ് നവശക്തി എന്ന ട്രസ്റ്റ് ആരംഭിക്കുന്നത്. ഇതിനിടയിൽ കാർഷികമുന്നേറ്റത്തിന് നിരവധി കാര്യങ്ങൾ ചെയ്തു. തഴവയിലെ കാർഷിക വികസനത്തിനായി 80ഓളം കാർഷിക കോഴ്സുകളാണ് ആരംഭിച്ചത്. കൂൺ കൃഷി, മൂല്യവർധിത ഉത്പ്പന്നങ്ങളുടെ നിർമാണം, വിളവെടുപ്പ് രീതികൾ, ഇടവിള കൃഷി.. ഇങ്ങനെ പല കാർഷിക കാര്യങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്.`
ഞങ്ങള്‍ രണ്ടാളും ഇതിനൊക്കെ നേതൃത്വം നൽകുന്നുണ്ട്. കൊല്ലത്തിന്‍റെ വിവിധ ഇടങ്ങളിൽ നിന്നായി ഓരോ കോഴ്സ് പഠിക്കാനും വിദ്യാർഥികളുണ്ട്. കർഷകരാണ് ഏറെയും. 20 മുതൽ 25 വരെ വിദ്യാർഥികൾ ഓരോ കോഴ്സിലുമായി ഇവിടെ പഠിക്കുന്നുണ്ട്. ഞാനും അയ്യരും പിന്നെ രണ്ട് സ്ത്രീകളും മാത്രമേയുള്ളൂവെങ്കിലും 1,600ലേറെ കർഷകർക്ക് ഇവിടെ കൃഷിയുടെ പാഠങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നുണ്ട്.
” ഏതുവിളയും ഇവിടെ നന്നായി വളരും. ഈ അവസരം കർഷകർ പരമാവധി പ്രയോജനപ്പെടുത്തണം. വരുമാനം നേടുന്നതിന് മാത്രമല്ല, വിഷമില്ലാത്ത ആഹാരം കഴിക്കാനും ഈ മണ്ണിൽ കൃഷി ചെയ്യണമല്ലോ. കൃഷി ലാഭകരമാണെന്നു പുതുതലമുറയെ കാണിച്ചു കൊടുക്കണമെന്നതാണ് ഞങ്ങളുടെ ലക്ഷ്യവും ആഗ്രഹവും.
ഇതുകൂടി വായിക്കാം:പെട്ടെന്നാണ് ഊരിലെ എല്ലാവരും വീടൊഴിഞ്ഞുപോയത്, കാരണമറിയാന്‍ മൂന്ന് ദിവസമെടുത്തു: 20 വര്‍ഷം കാട്ടില്‍ താമസിച്ച് പഠിപ്പിച്ച മാഷിന്‍റെ അനുഭവങ്ങള്‍
വിദേശനാടുകളിലേക്ക് ജോലി അന്വേഷിച്ചു പോകുന്ന യുവാക്കളെ തിരികെ കൊണ്ടുവരണം. നാട്ടിൽ കൃഷി ചെയ്താൽ നല്ല വരുമാനം കിട്ടുമെന്നു അവരെ ബോധ്യപ്പെടുത്തണം. മറ്റേത് തൊഴിലും പോലെ തന്നെ മഹത്തായ ജോലി തന്നെയാണ് കൃഷി. പക്ഷേ ഇതിലും റിസ്കുണ്ട്…വലിയൊരു നിക്ഷേപം വേണം, വിജയിക്കുമോ ഇല്ലയോ എന്ന് ഉറപ്പ് പറയാനാകില്ല.. ഇതൊക്കെ ഇതിന്‍റെ കൂടെയുള്ളതാണ്. എന്നാല്‍ പുതിയ വിദ്യകളിലൂടെ കൃഷിയില്‍ വിജയം ഉറപ്പിക്കാം.. മറ്റു തൊഴിലുകളെ പോലെ നല്ല വരുമാനവും കിട്ടും..,” രോഹിണിയും രാജ ദുരൈയും ഉറപ്പിച്ചു പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് navasakti@gmail.com ഈ വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0476 2864048