എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച കാസര്‍ഗോഡന്‍ ഗ്രാമങ്ങളെ പ്രമുഖ മാധ്യമങ്ങളും ലോകവും ശ്രദ്ധിക്കാന്‍ തുടങ്ങുന്നതിന് വളരെ മുമ്പുതന്നെ ജില്ലയിലെ ഒരുകൂട്ടം കോളെജ് വിദ്യാര്‍ത്ഥികള്‍ ദുരിതബാധിതരെത്തേടി ചെല്ലുമായിരുന്നു.
അവരെക്കൊണ്ടാവുന്നത്ര പണം പിരിച്ച് കീടനാശിനിപ്രയോഗം ഏറ്റവുമധികം ബാധിച്ച കുടുംബങ്ങള്‍ക്ക് വീതിച്ചുനല്‍കും. അഞ്ഞൂറുരൂപ മാസം ഓരോ വീട്ടിലും എത്തിക്കാനായിരുന്നു ശ്രമം. ചിലപ്പോള്‍ അതിലധികവും നല്‍കാന്‍ കഴിഞ്ഞു.
കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍റ് സയന്‍സ് കോളെജിലെ സാഹിത്യവേദിയുടെ പ്രവര്‍ത്തകരാണവര്‍. അങ്ങനെയൊരിക്കല്‍ ബോവിക്കാനത്തെ ഉണ്ണികൃഷ്ണന്‍ ബേവിഞ്ച എന്ന എന്‍ഡോസള്‍ഫാന്‍ ഇരയുടെ വീട്ടിലെത്തിയതായിരുന്നു അവര്‍.
ഇതുകൂടി വായിക്കാം: സ്കൂളില്‍ പോണോ, വീട്ടിലെ പട്ടിണി മാറ്റണോ? മുന്നില്‍ ഒറ്റവഴി മാത്രം! വഴിയോരക്കടയിലെ നോവലിസ്റ്റിന്‍റെ കഥ
വീട് എന്നൊന്നും പറയാനില്ല. പൊടിമണ്ണു നിറഞ്ഞ നിലം. പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടിയ ഒരു കൂര. ഉണ്ണികൃഷ്ണനും അച്ഛനും അമ്മയും അഞ്ചുവയസുകാരി അനുജത്തിയും അവിടെയാണ് താമസം. ഉണ്ണികൃഷ്ണന് അന്ന് 11 വയസ്സ്. ഹൈപ്പര്‍ ആക്ടീവാണ് ആ കുട്ടി… ഒരുനിമിഷംപോലും അടങ്ങിയിരിക്കാന്‍ കഴിയാതെ വീടിന് ചുറ്റും നിര്‍ത്താതെ ഓടിക്കൊണ്ടേയിരിക്കുന്ന ഉണ്ണികൃഷ്ണനെയാണ് ആ വിദ്യാര്‍ത്ഥികള്‍ അവിടെ കണ്ടത്. വീടിന് തൊട്ടടുത്തായി മൂന്ന് പൊട്ടക്കിണറുകള്‍ ഉണ്ടായിരുന്നു. ഏതുസമയത്തും അപകടം സംഭവിക്കാവുന്ന അവസ്ഥ.
വീട് എന്നൊന്നും പറയാനില്ല. പൊടിമണ്ണു നിറഞ്ഞ നിലം. പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടിയ ഒരു കൂര. ഉണ്ണികൃഷ്ണനും അച്ഛനും അമ്മയും അഞ്ചുവയസുകാരി അനുജത്തിയും അവിടെയാണ് താമസം.
കോളെജിലെ സാഹിത്യവേദിയുടെ നെടുംതൂണായ അധ്യാപകന്‍ അംബികാസുതന്‍ മാങ്ങാടിന്‍റെ എന്‍മകജെ എന്ന നോവലിന് ലഭിച്ച റോയല്‍റ്റി തുകയില്‍ നിന്ന് 30,000 രൂപ ഉണ്ണികൃഷ്ണന് നല്‍കാനാണ് സാഹിത്യവേദി പ്രവര്‍ത്തകര്‍ അവിടേക്ക് ചെന്നത്. എന്നാല്‍ ആ ദയനീയമായ കാഴ്ച കണ്ടപ്പോള്‍ അവര്‍ക്ക് തോന്നി, ധനസഹായം നല്‍കിയാല്‍ മാത്രം പോര എന്ന്. ഉണ്ണികൃഷ്ണനും കുടുംബത്തിനും വീടുവെച്ചുനല്‍കാന്‍ അവര്‍ തീരുമാനിച്ചു.
രണ്ടരക്ഷം രൂപയിലധികം രൂപ അവര്‍ സ്വരൂപിച്ചു. നാട്ടുകാരോടൊപ്പം കൈകോര്‍ത്ത് വീടുപണിക്ക് വിദ്യാര്‍ത്ഥികളും കൂടെനിന്നു. കല്ലുചെത്താനും, മണ്ണുചുമക്കാനും സിമന്‍റ് കുഴയ്ക്കാനുമെല്ലാം ആ കുട്ടികള്‍ കൈമെയ് മറന്ന് അധ്വാനിച്ചു. അങ്ങനെ 2011ല്‍ ഉണ്ണികൃഷ്ണന് ഒരു വീടായി.
അവിടെ അവസാനിച്ചില്ല നെഹ്‌റുകോളെജിലെ സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി ഇതിനകം ഏഴ് വീടുകള്‍ അവര്‍ നിര്‍മ്മിച്ചുനല്‍കി. ദുരന്തഭൂമിയില്‍ ഒരു ബഡ്‌സ് സ്‌കൂള്‍ കെട്ടിടവും അവര്‍ പണിതുകൊടുത്തു. എട്ടാമത്തെ വീടിന്‍റെ പണി പൂരോഗമിക്കുകയാണ്.
അധികമാരെയും അറിയിക്കാതെ സാഹിത്യസ്‌നേഹികളായ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് അവരെക്കൊണ്ടാവുന്ന വിധത്തില്‍ ഈ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതിന് നാട്ടുകാരൊന്നടങ്കം കൂടെ നില്‍ക്കുന്നു.
മാരകമായ എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ പൊള്ളി മുരടിച്ചുപോയ കാസര്‍ഗോഡന്‍ ഗ്രാമങ്ങളില്‍ കനിവിന്‍റെ നീരുറവയായി മാറുകയാണ് ഈ കലാലയം. പഠിക്കുന്നതിനൊപ്പം തന്നെ സമൂഹത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന നെഹറു ആര്‍ട്സ് ആന്‍റ് സയന്‍സ് കോളെജ് സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാനാണ് കഴിഞ്ഞ ചൊവ്വാഴ്ച കാഞ്ഞങ്ങാടെത്തിയത്. സാഹിത്യവേദിയുടെ അമരക്കാരനും എഴുത്തുകാരനുമായ അംബികാസുതന്‍ മാങ്ങാടിനെ തേടിയപ്പോള്‍ അദ്ദേഹം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ നീലേശ്വരത്തെ അഫ്സലിന്‍റെ വീട്ടിലാണ്. സാഹിത്യവേദി നിര്‍മ്മിച്ചുനല്‍കിയ വീടുകളിലൊന്നാണത്.
ഇതുകൂടി വായിക്കാം: തെരുവിലെ ജീവന് കനിവായി ഒരു പൊലീസുകാരി
തല അമിതമായി വളര്‍ന്ന് കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ സാധിക്കാതെ കിടക്കുന്ന 15 കാരനായ അഫ്സലിന്‍റെ കൈപിടിച്ച് ആ അധ്യാപകന്‍ കുശലം പറയുകയായിരുന്നു. .
അഫ്സലിന്‍റെ വീട്ടിലേക്ക് നീലേശ്വരം നഗരസഭ നിര്‍മ്മിച്ചുകൊടുത്ത റോഡ് ഉദ്ഘാടനം ചെയ്യാന്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജനൊപ്പം എത്തിയതായിരുന്നു അംബികാസുതന്‍.
എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ പൊള്ളി മുരടിച്ചുപോയ കാസര്‍ഗോഡന്‍ ഗ്രാമങ്ങളില്‍ കനിവിന്‍റെ നീരുറവയായി മാറുകയാണ് ഈ കലാലയം.
“ഒരു ഫാന്‍സികടയില്‍ പണിയെടുത്താണ് ഞാന്‍ എന്‍റെ മോനെ പോറ്റുന്നത്,” രാവിലെ കടയില്‍ പോകാനുള്ള ഒരുക്കത്തിനിടെ അഫ്‌സലിന്‍റെ ഉമ്മ മിസ്‌റിയ പറഞ്ഞു. “ചെക്കന്‍ കിടന്ന കിടപ്പില്‍ നിന്നും എണിക്കാതായതോടെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി. ഉപ്പ ഇബ്രാഹിയും ഉമ്മ കദീജയുമാണ് തുണ. ഉപ്പക്ക് പണിയൊന്നും എടുക്കാനാവില്ല.”
സാഹിത്യവേദി വീട് സമ്മാനിക്കുന്നതിന് മുമ്പ് കൊട്രച്ചാലില്‍ വാടകയ്ക്കാണ് മിസ്‌റിയയും കുടുംബവും താമസിച്ചിരുന്നത്.
“വാടകയ്ക്ക് താമസിച്ചിരുന്ന ഞങ്ങള്‍ക്ക് സ്വന്തമായൊരു വീടുണ്ടാവുമെന്ന് ഒരിക്കലും നെനച്ചിരുന്നില്ല,” മിസ്‌റിയ പറയുന്നു.
പക്ഷേ വീടുലഭിച്ചിട്ടും അവരുടെ പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. അഫ്‌സലിനെ ഇടയ്ക്കിടെ ആശുപത്രിയില്‍ കൊണ്ടുപോകണം. പക്ഷേ, വീട്ടിലേക്ക് നല്ല വഴിയില്ല. വെള്ളംകയറുന്ന പ്രദേശമാണ്.”വെള്ളംകയറുന്ന ഈ പൊയിലീന്ന് മോനെ ആശുപത്രികൊണ്ടുപോകാന്‍ പോലും ഏറെ ബുദ്ധിമുട്ടായിരുന്നു,”എന്ന് മിസ്‌റിയ. അങ്ങനെയാണ് റോഡ് ആവശ്യമായി വന്നത്.
ഇതുകൂടി വായിക്കാം: കാച്ചില്‍ 28 തരം, ചേമ്പ് 22, മഞ്ഞള്‍ 12: കേരളം മറന്ന കാട്ടുകിഴങ്ങുകളും നെല്ലിനങ്ങളുമായി വയനാടന്‍ ജൈവകര്‍ഷകന്‍
“അയല്‍വക്കത്തെ ദേവകിയും മറിയുമ്മയും സ്ഥലം നഗരസഭയ്ക്ക് വിട്ടുകൊടുത്തു. അതോടെ (നഗരസഭ) റോഡ് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. അംബികാ സുതന്‍മാഷും കുട്ടികളുമാണ് ഞങ്ങക്ക് എന്നും തുണ,”
ഇതു പറയുമ്പോള്‍ മിസ്റിയയുടെ കണ്ണുകള്‍ നനഞ്ഞു. ആര്‍ഭാടങ്ങളൊന്നുമില്ലാതെ നാലഞ്ച് ആളുകള്‍ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു റോഡ് ഉദ്ഘാടനം.
റോഡിന്‍റെ ഉദ്ഘാടനത്തിന് ശേഷം അംബികാസുതന്‍ മാങ്ങാടിനൊപ്പം നെഹ്റു കോളേജില്‍ എത്തിയപ്പോള്‍ സാഹിത്യവേദിയുടെ കുട്ടികള്‍ മാഷിന്‍റെ ചുറ്റുംകൂടി. അല്‍പ സമയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മാറി നിന്ന അംബികാ സുതന്‍ സാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയാന്‍ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ ഫോണ്‍ എടുക്കാതിരിന്നതില്‍ ക്ഷമാപണത്തോടെയായിരുന്നു തുടക്കം.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി ഏഴ് വീടുകളും സ്നേഹ വീടെന്ന ഒരു ബഡ്സ് സ്‌കൂളും നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. എട്ടാമത്തെ വീടിന്‍റെ പണി നടന്നു വരികയാണ്
തിരുവനന്തപുരത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലായിരുന്നുവെന്നും അതുകൊണ്ടാണ് ഫോണെടുക്കാന്‍ സാധിക്കാത്തതെന്നും അദ്ദേഹം വിശദീകരിച്ചു. ”കേരളത്തിലെ മറ്റൊരു ക്യാമ്പസും ചെയ്യാത്ത സാമൂഹ്യസേവനമാണ് നെഹ്റു കോളേജ് സാഹിത്യവേദി ചെയ്യുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി ഏഴ് വീടുകളും സ്നേഹ വീടെന്ന ഒരു ബഡ്സ് സ്‌കൂളും നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. എട്ടാമത്തെ വീടിന്‍റെ പണി നടന്നു വരികയാണ്,” അദ്ദേഹം പറഞ്ഞു.
ഇതുകൂടി വായിക്കാം: ഉമ്മ മരിച്ചതോടെ 4-ാംക്ലാസില്‍ പഠനം നിര്‍ത്തിയ വാട്ടീസ് റാഫി പാവങ്ങള്‍ക്കായി നിര്‍മ്മിക്കുന്നത് സ്വന്തം വീടിനേക്കാള്‍ മനോഹരമായ വീടുകള്‍
“നാട്ടുകാരുടെ കൂട്ടായ്മ ഉണ്ടാക്കി ദുരിത ബാധിതരുടെ സങ്കടങ്ങള്‍ അവരുടെയും പ്രശ്നമാക്കി മാറ്റി സാമൂഹ്യ പ്രതിബദ്ധതോടെയാണ് ഓരോ വീടും നിര്‍മ്മിച്ചത്. എന്‍റെ എന്‍മകജെ നോവലിന് റോയല്‍റ്റി കിട്ടിയപ്പോള്‍ ലഭിച്ച ഒരു ലക്ഷം രൂപ ദുരിത ബാധിതര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചിരുന്നു,” അദ്ദേഹം ആ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നു.
“നോവലിലെ കഥാപാത്രമായിരുന്ന ഷാഹിനക്കും മറ്റ് കഥാപാത്രങ്ങള്‍ക്കുമെല്ലാം സഹായങ്ങള്‍ നല്‍കി. മൂന്നാമത്തെ റോയലിറ്റി 30,000 രൂപ നല്‍കാന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ഉണ്ണികൃഷ്ണന്‍റെ വീട്ടിലെത്തിയപ്പോള്‍ വളരെ വേദന തോന്നി. പ്ലാസ്റ്റിക്ക് കൊണ്ട് മറച്ച കൊച്ചു കൂരയിലാണ് താമസം.”
ഉണ്ണികൃഷ്ണന് വീടുവെച്ചുനല്‍കണം എന്ന തീരുമാനം ആ കാഴ്ചയില്‍ നിന്നാണ് ഉണ്ടാവുന്നത്. സാഹിത്യവേദിയിലെ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ ഒപ്പം നിന്നു.
കാസര്‍ഗോഡിന്‍റെ വേദന ഞങ്ങളുടേതുമാണ്
“സാഹിത്യ വേദിക്ക് കിട്ടുന്ന അപേക്ഷകളില്‍ ഏറ്റവും അര്‍ഹരെ തിരഞ്ഞെടുത്താണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. സ്വന്തമായി സ്ഥലവും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള ബയോമെട്രിക്ക് കാര്‍ഡും ഉള്ളവരെയാണ് പരിഗണിക്കുന്നത്,”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചരിത്രം രേഖപ്പെടുത്തുന്ന പത്ര വാര്‍ത്തകളെല്ലാം ശേഖരിച്ച് ഒമ്പത് വാള്യങ്ങളുള്ള പുസ്തകം സാഹിത്യ വേദിയുണ്ടാക്കിയിട്ടുണ്ട്. കാസര്‍ഗോഡിന്‍റെ വേദന ഞങ്ങളുടേതുമാണ്,” അംബികാസുതന്‍ പറഞ്ഞു.
ഇതുകൂടി വായിക്കാം: കടലാമക്കുഞ്ഞുങ്ങള്‍ക്ക് കൂട്ടിരിക്കുന്ന ഒരു ഗ്രാമം
സാഹിത്യ വേദി സെക്രട്ടറിയായ ശരത് പറയുന്നതിങ്ങനെ: “അംബികാ സുതന്‍ മാങ്ങാടിനെ പോലുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള മാഷും കേരളത്തിലെ സമൂഹ മനസാക്ഷിയുമാണ് ഞങ്ങള്‍ക്ക് എല്ലാത്തിനും പ്രചോദനമാകുന്നത്.”
അംബികാസുതന്‍ നെഹ്റു കോളേജ് അധ്യാപകനായി ചേരുന്നതോടെയാണ് സാഹിത്യ വേദിയുടെ തുടക്കം. 1987 ല്‍ എട്ട് കുട്ടികളുമായി ആരംഭിച്ച വേദിയില്‍ ഇന്ന് 242 ഓളം അംഗങ്ങളുണ്ട്.
2003-04ല്‍ ‘മുട്ടറ്റമേയുള്ളൂ ഭൂതകാലക്കുളിര്‍’ എന്ന പേരില്‍ പ്ര്‌സിദ്ധീകരിച്ച കോളജ് മാഗസിനില്‍ പ്രധാനമായും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങളാണ് അവതരിപ്പിച്ചത്. അതുവരെ സാഹിത്യ മേഖലയില്‍ മാത്രം ഒതുങ്ങിയിരുന്ന വേദി അതോടെ നാട്ടുകാര്‍ക്കിടയിലേക്ക് ഇറങ്ങുകയായിരുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖലയിലെ പ്രശ്നങ്ങള്‍ മുഖ്യാധാര മാധ്യമങ്ങളില്‍ വരുന്നതിനും മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സാഹിത്യവേദിയുടെ ഈ പ്രവര്‍ത്തനമെന്ന് ഓര്‍ക്കണം
സാഹിത്യവേദി പ്രവര്‍ത്തകര്‍ ദുരിത ബാധിത മേഖലയിലെ ഓരോ വീട്ടിലും പോയി 500 രൂപ വീതം നല്‍കിയാണ് സേവന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ദുരിതജന്മങ്ങള്‍ പ്രദര്‍ശന വസ്തുവാക്കരുത് എന്ന ആഗ്രഹമുള്ളതിനാല്‍ ഫോട്ടോ എടുക്കാനോ ഇത് ആഘോഷമാക്കാനോ ശ്രമിച്ചിരുന്നില്ലെന്ന് ഇപ്പോഴത്തെ സാഹിത്യവേദി പ്രസിഡണ്ട് ശരത് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ മേഖലയിലെ പ്രശ്നങ്ങള്‍ മുഖ്യാധാര മാധ്യമങ്ങളില്‍ വരുന്നതിനും മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സാഹിത്യവേദിയുടെ ഈ പ്രവര്‍ത്തനമെന്ന് ഓര്‍ക്കണം.
ദുരിതബാധിതമേഖലയില്‍ മുഴുവന്‍ ഈ വിദ്യാര്‍ത്ഥികള്‍ നടത്തിയ സര്‍വേയാണ് ദുരന്തത്തിന്‍റെ ആഴം വ്യക്തമാക്കുന്ന ആദ്യത്തെ പഠന റിപ്പോര്‍ട്ടുകളിലൊന്ന്. ദുരന്തത്തിന്‍റെ ദൈന്യത നേരില്‍ മനസ്സിലാക്കിയ സാഹിത്യവേദി പ്രവര്‍ത്തകന്‍ ‘വിഷമഴയില്‍ മരണം നനഞ്ഞവര്‍’ എന്ന പേരില്‍ ഒരു തെരുവ് നാടകം തയ്യാറാക്കി. കേരളത്തിലങ്ങളോമിങ്ങോളമുള്ള തെരുവുകളില്‍ ഈ നാടകം കളിച്ച് എന്‍ഡോസള്‍ഫാനെക്കുറിച്ച് ഒരു അവബോധമുണ്ടാക്കുകയായിരുന്നു വേദിയുടെ പ്രവര്‍ത്തകര്‍. കെ.ജി.ശങ്കരപ്പിള്ളയും ചെമ്മനം ചാക്കോയും അടക്കമുള്ള 76 കവികളുടെ സൃഷ്ടികള്‍ ഉള്‍ക്കൊള്ളിച്ച് ഇരുളില്‍ തനിച്ച് എന്ന കവിതാസമാഹാരവും പുറത്തിറക്കി.
ഇതുകൂടി വായിക്കാം: പ്രകാശം പരത്തുന്ന ഒരു മനുഷ്യന്‍
ഏപ്രില്‍ 2011. എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിക്കണമെന്നും ജെനീവ കണ്‍വെന്‍ഷനില്‍ ഇന്‍ഡ്യ ഈ കീടനാശിനിക്കെതിരായ ശക്തമായ നിലപാട് എടുക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് സത്യാഗ്രഹം നടത്തി. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തെ ആഗോളതലത്തില്‍ പോലും ശ്രദ്ധേയമാക്കിയ പ്രതിഷേധമായിരുന്നു അത്. ആ സത്യാഗ്രഹപ്പന്തലില്‍ വെച്ചാണ് നടന്‍ സുരേഷ് ഗോപി നെഹ്‌റു കോളെജിലെ സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിഞ്ഞതും കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതെന്നും അംബികാസുതന്‍ മാങ്ങാട് ഓര്‍ക്കുന്നു.
സാഹിത്യവേദി ഉണ്ണികൃഷ്ണനുവേണ്ടി നിര്‍മ്മിച്ച വീട് പൂര്‍ത്തിയായപ്പോള്‍ സുരേഷ് ഗോപിയാണ് അന്ന് താക്കോല്‍ ദാനം നടത്തിയത്. പിന്നീട് എല്ലാ പ്രവര്‍ത്തനങ്ങളിലും താരത്തിന്‍റെ പിന്തുണയുണ്ടായിരുന്നുവെന്ന് വേദി പ്രവര്‍ത്തകര്‍ പറയുന്നു.
ഉണ്ണികൃഷ്ണന്‍റെ വീടുനിര്‍മ്മാണത്തിനായി സമാഹരിച്ച തുകയില്‍ 20,000 രൂപ ബാക്കി വന്നു. അത് ദുരിതബാധിതരായ നാല് കുടുംബങ്ങള്‍ക്ക് വീതിച്ചുനല്‍കി.
ഉണ്ണികൃഷ്ണന്‍റെ വീടുനിര്‍മ്മാണത്തിനായി സമാഹരിച്ച തുകയില്‍ 20,000 രൂപ ബാക്കി വന്നു. അത് ദുരിതബാധിതരായ നാല് കുടുംബങ്ങള്‍ക്ക് വീതിച്ചുനല്‍കി. രണ്ടാമത്തെ വീടിന് പത്തുലക്ഷം രൂപ ചെലവായി. ഇതില്‍ മൂന്ന് ലക്ഷം രൂപ സുരേഷ് ഗോപി നല്‍കിയതാണ്. നാട്ടുകാരുടെ കമ്മിറ്റി രുപീകരിച്ചാണ് ബാക്കി പണം സ്വരൂപിച്ചത്. നിര്‍മ്മാണ ജോലികള്‍ക്ക് നാട്ടുകാര്‍ക്കൊപ്പം സാഹിത്യവേദി പ്രവര്‍ത്തകരും അണിനിരന്നു, വേദിയുടെ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഇതുകൂടി വായിക്കാം: ഹൃദയത്തിൽ തൊടുന്ന ഒരുപാടുണ്ട് ആലപ്പുഴയിലെ ഈ സര്‍ക്കാര്‍ സ്കൂളിന് പറയാന്‍
പിന്നീട് മയ്യിച്ചയിലെ അങ്കിതയ്ക്കും അതിയാമ്പൂരിലെ ധന്യയ്ക്കും കാസര്‍കോട് കല്ലക്കട്ടയിലെ ഹസീനക്കും കയ്യൂരിലെ പവിത്രക്കും ചീമേനിയിലെ ആശയ്ക്കും വീട് നിര്‍മ്മിച്ച് നല്‍കി. അമ്പലത്തറയില്‍ ദുരിതബാധിതരായ കുട്ടികളുടെ പഠനത്തിന് സ്നേഹവീടുമൊരുക്കി. വീടിനുള്ള ചിലവ് 12 ലക്ഷം വരെ ആയപ്പോള്‍ സുരേഷ് ഗോപിയുടെ സംഭാവന മൂന്നില്‍ നിന്ന് നാലര ലക്ഷംവരെയാക്കിയിരുന്നു.
എല്ലാ സ്ഥലങ്ങളിലും ജനകീയ കമ്മറ്റി രുപീകരിച്ചായിരുന്നു വീടുകളുടെ നിര്‍മ്മാണം. ബയോ മെട്രിക്ക് കാര്‍ഡുള്ള ദുരന്ത ബാധിതരുടെ അര്‍ഹത പൂര്‍ണമായും പരിശോധിച്ചായിരുന്നു വീട് നിര്‍മ്മിച്ച് നല്‍കിയത്. അമ്പലത്തറയില്‍ നിര്‍മ്മിച്ച സ്നേഹവീടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംവിധായകന്‍ ഡോ.ബിജുവും നടന്‍ കുഞ്ചാക്കോ ബോബനും സഹായിച്ചിട്ടുണ്ട്, അവര്‍ വിശദീകരിക്കുന്നു.
ഒരുപാടുണ്ട്, ഈ കോളെജിലെ ഈ വിദ്യാര്‍ത്ഥിക്കൂട്ടത്തെക്കുറിച്ച് പറയാന്‍. സാഹിത്യവേദി നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ചിലതുകൂടി പറയാം, അധികം സമയം കളയാതെ.
സന്തോഷ് ഏച്ചിക്കാനം, പി.വി.ഷാജികുമാര്‍, ബിജു കാഞ്ഞങ്ങാട്, സി.ആര്‍.പ്രവീണ്‍ എന്നിവര്‍ സാഹിത്യവേദിയുടെ പ്രവര്‍ത്തകരായിരുന്നു
സാഹിത്യവേദിയുടെ ആദ്യ ബാച്ചില്‍ എഴുത്തുകാരനായ മുരളി മീങ്ങോത്തായിരുന്നു സെക്രട്ടറി. സാഹിത്യ ചര്‍ച്ചകളും സിമ്പോസിയങ്ങളുമൊക്കെയായിരുന്നു അന്നത്തെ പ്രവര്‍ത്തനങ്ങള്‍. എഴുത്തുകാരായ സന്തോഷ് ഏച്ചിക്കാനം, പി.വി.ഷാജികുമാര്‍, ബിജു കാഞ്ഞങ്ങാട്, സി.ആര്‍.പ്രവീണ്‍ എന്നിവര്‍ സാഹിത്യവേദിയുടെ പ്രവര്‍ത്തകരായിരുന്നു. 1996ല്‍ ഒരു കൈയ്യെഴുത്ത് മാസിക ആരംഭിച്ചു. ഞാറ്റുവേല എന്ന ഈ മാസിക സുകുമാര്‍ അഴിക്കോടാണ് പ്രകാശനം ചെയ്തത്. ഇതിനകം 30 ലക്കം പ്രസിദ്ധീകരിച്ചു.
ഭാഷകളുടെ സംഗമഭൂമി എന്നറിയപ്പെടുന്ന കാസര്‍ഗോഡിന്‍റെ സാംസ്‌കാരിക വൈവിധ്യം തൊട്ടറിയുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് സാഹിത്യവേദി നടത്തുന്നത്. വടക്കിന്‍റെ നാട്ടു ഭാഷാ പ്രയോഗങ്ങള്‍ സമാഹരിച്ച് പൊഞ്ഞാറ് എന്ന പേരില്‍ ഒരു നാട്ടുഭാഷാ നിഘണ്ടു പുറത്തിറക്കിയിരുന്നു. നൊസ്റ്റാള്‍ജിയ ഇംഗ്ലീഷ് വാക്കിന്‍റെ നാടന്‍ മലയാളമാണ് പൊഞ്ഞാറ്.
“ആ ദുരിതക്കാഴ്ചകളിലൂടെ സമൂഹത്തിന്‍റെ മനസ്സ് അറിഞ്ഞ ഞങ്ങള്‍ ഒരിക്കലും അച്ഛനമ്മമാരെ വൃദ്ധസദനത്തില്‍ അയക്കില്ല.”
മലയാളികള്‍ അറിയുന്ന ഒരു ഓണത്തിന് അപ്പുറം മാവേലിയുടെ വരവേല്‍പ്പ് ആഘോഷിക്കുന്ന പൊലിയന്ത്ര ഉത്സവവും സാഹിത്യവേദി ആഘോഷിക്കാറുണ്ട്. ഓണത്തിന് 36 വിഭവങ്ങളോടുകൂടിയുള്ള ഉഗ്രന്‍ സദ്യയാണെങ്കില്‍ പൊലിയന്ത്ര ഉത്സവത്തിന് പാലക്കൊമ്പില്‍ ദീപം തെളിയിച്ച് അരിയിട്ട് മഹാബലിയെ വരവേല്‍ക്കുന്ന ചടങ്ങും ഇവിടെ ആഘോഷിക്കാറുണ്ട്. ഓണത്തെക്കുറിച്ച് നൂറ് എഴുത്തുകാരുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു സമാഹാരവും പുറത്തിറക്കിയിരുന്നു.
ഇതുകൂടി വായിക്കാം: ഈ 81 കാരിയുടെ ആത്മകഥയ്ക്കായി ഫേസ്ബുക്കില്‍ ആരാധകര്‍ കാത്തിരുന്നത് എന്തിനായിരുന്നു?
സാഹിത്യവേദി ഇതിനകം 17 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഓര്‍മകള്‍ പങ്കുവെച്ച് അദ്ദേഹത്തിന്‍റെ ജന്മശതാബ്ദിയോടനുബന്ധിച്ച നൂറ് എഴുത്തുകാര്‍ എഴുതിയ ‘നൂറു ബഷീര്‍’ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. 12 കുട്ടികള്‍ ചേര്‍ന്നെഴുതിയ അഭയാര്‍ഥികളുടെ ലോകം എന്നത് കേരളത്തിലെ രണ്ടാമത്തെ കാമ്പസ് നോവലായിരുന്നു. 2001 മുതല്‍ 2017 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച എന്‍ഡോസള്‍ഫാന്‍ റിപ്പോര്‍ട്ടുകളുടെ വിപുലമായ ശേഖരം ഇവര്‍ അഞ്ചു വാല്യങ്ങളായി സമാഹരിച്ചുവെച്ചു. ഇതിലൂടെ കണ്ണോടിച്ചാല്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്‍റെ നാള്‍വഴികള്‍ മനസിലാക്കാം.
സാഹിത്യവേദി ചെയര്‍മാന്‍ കൂടിയായ അംബികാസുതന്‍ മാങ്ങാട് രചിച്ച എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചയായ എന്‍മകജെ എന്ന നോവല്‍ ഇതിനകം 17 പതിപ്പ് പുറത്തിറങ്ങി. ഇതില്‍ നിന്നും കിട്ടിയ വരുമാനം സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തബാധിതരെ സഹായിക്കാനുമാണ് വിനിയോഗിച്ചത്. കേരളത്തിനകത്തും പുറത്തുമായുള്ള എട്ടു സര്‍വകലാശാലകളില്‍ എന്‍മകജെ ഇന്നു പാഠപുസ്തകം കൂടിയാണ്.
കവിയരങ്ങുകള്‍, ചെറുകഥാ ക്യാമ്പുകള്‍, ചരിത്രസെമിനാറുകള്‍…അങ്ങനെയുള്ള സ്ഥിരം പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമാണിതെല്ലാം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടു ദിവസങ്ങളിലായി അഞ്ചു സ്റ്റേജുകളില്‍ സംഘടിപ്പിച്ച കാവ്യോത്സവം കാമ്പസ് ചരിത്രത്തിലെ ആദ്യ സംരഭമാണ്. എഴുതിത്തുടങ്ങുന്നവരും പ്രശസ്തരായവരും ഉള്‍പ്പെടെ 163 കവികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.
ഇതുകൂടി വായിക്കാം: തളര്‍ത്താനാവില്ല, തോല്‍പിക്കാനും: പോളിയോ അതിജീവിച്ച് മംഗള്‍യാനില്‍ കൈയ്യൊപ്പിട്ട വനിത
പുസ്തകത്തിന് അപ്പുറമുള്ള ഒരുപാഠമാണ് സാഹിത്യവേദി നല്‍കുന്നതെന്ന് വേദിയുടെ മുന്‍ സെക്രട്ടറി മഞ്ജിമ പറയുന്നു. “അവധി ദിവസം ദുരിതബാധിതര്‍ക്ക് വീടൊരുക്കാന്‍ പോകുന്നതിനിടയില്‍ കണ്ടുമുട്ടിയ ഒരധ്യാപകന്‍ എന്നോട് ചോദിച്ചു ഇതിനൊക്കെ പോയിട്ട് എന്ത് കിട്ടാനാണ്. ഞാന്‍ പറഞ്ഞത് ഇത് ഞങ്ങള്‍ക്ക് നല്‍കുന്ന സംതൃപ്തി വലുതാണെന്നാണ്. ജീവിതത്തോട് പോരടിക്കുന്ന ദുരിത ബാധിതര്‍ക്ക് നമ്മള്‍ ഒരു കൈത്താങ്ങായി നില്‍ക്കുമ്പോള്‍ അവരില്‍ നിന്ന് ലഭിക്കുന്ന നിറഞ്ഞ പുഞ്ചിരി… ഇതിനപ്പുറം എന്ത് പ്രതിഫലമാണ് വേണ്ടത്?”
മഞ്ജിമ കൂട്ടിച്ചേര്‍ക്കുന്നു: “ആ ദുരിതക്കാഴ്ചകളിലൂടെ സമൂഹത്തിന്‍റെ മനസ്സ് അറിഞ്ഞ ഞങ്ങള്‍ ഒരിക്കലും അച്ഛനമ്മമാരെ വൃദ്ധസദനത്തില്‍ അയക്കില്ല.”