40-വര്‍ഷമായി വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ അന്നം, ആരോരുമില്ലാത്തവര്‍ക്ക് സൗജന്യ ട്യൂഷന്‍; ഈ കോളെജിലെ കുട്ടികള്‍ എന്നും ‘ന്യൂജെന്‍’

വെള്ളിയാഴ്ചകളില്‍ രാവിലെ ഞങ്ങള്‍ കുറച്ചാളുകള്‍ കോളേജിന്‍റെ ഗേറ്റിന് മുന്നില്‍ കാത്തുനില്‍ക്കും. കുട്ടികള്‍ വരുന്ന വഴിക്ക് തന്നെ ബാഗില്‍ നിന്നു പൊതിച്ചോറ് എടുത്ത് തരും.

ഫെ യ്സ്ബുക്കും വാട്ട്സ്ആപ്പുമൊക്കെയായി അടിപൊളിച്ചു നടക്കുന്ന യൂത്ത്. എത്രയൊക്കെ ഇന്‍സ്റ്റാഗ്രാമിലലും ട്വിറ്ററിലും നിറഞ്ഞുനില്‍ക്കുകയാണെങ്കിലും സമൂഹത്തിനോട് ചേര്‍ന്നുനില്‍ക്കുന്നവരാണ് ന്യൂജെന്‍ പിള്ളേര്‍. പ്രളയക്കെടുതിയില്‍ ഈ പുതിയ തലമുറയുടെ ഇടപെടല്‍ കേരളം കണ്ടതാണ്.

സമൂഹത്തില്‍ സജീവ ഇടപെടലുകള്‍ നടത്തുന്നവര്‍. ആണ്‍പെണ്‍ വേര്‍തിരിവുകളില്ലാത്ത സൗഹൃദത്തിനിടയ്ക്ക് മറ്റുള്ളവരുടെ സങ്കടങ്ങളും ആവശ്യങ്ങളും തിരിച്ചറിയുന്നവര്‍… അതിന് മറ്റൊരു ഉദാഹരണം കൂടി.

വിശക്കുന്നവര്‍ക്കു അന്നം നല്‍കിയും ആരോരുമില്ലാത്തവര്‍ക്ക് അറിവ് പകര്‍ന്നും സ്നേഹം സ്വന്തമാക്കുന്ന ഒരു കൂട്ടം വിദ്യാര്‍ഥികള്‍. എറണാകുളം ആലുവ യു.സി കോളെജിലെ കുട്ടികളാണ് മുന്‍പ് പഠിച്ചിറങ്ങിയവര്‍ കാണിച്ചുകൊടുത്ത വഴിയിലൂടെ സഞ്ചരിക്കുന്നത്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com

ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ (യൂ സി) കോളെജിലെ വലിയൊരു കൂട്ടം കുട്ടികളാണ് അന്നവും അറിവും സമ്മാനിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചതാണിത്. കോളെജിലെ മുന്‍വിദ്യാര്‍ത്ഥികള്‍ തുടക്കമിട്ട പൊതിച്ചോറ് തലമുറകള്‍ കൈമാറി വന്ന് ഇന്നും തുടരുകയാണ്.

കോളെജിലെ കുട്ടികള്‍ മാത്രമല്ല അധ്യാപകരും പങ്കാളികളാണിതില്‍.

“പാഥേയം – വിശക്കുന്നവര്‍ക്ക് ഒരു പൊതിച്ചോറ് എന്നാണ് ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയുടെ പേര്. പൊതിച്ചോറ് വിതരണം ചെയ്യാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഏതാണ്ട് നാല്‍പത് വര്‍ഷത്തിലേറെയായി കാണും,”  തലമുറകള്‍ കൈമാറി വന്ന യൂസിയന്‍മാരുടെ സ്നേഹത്തെക്കുറിച്ച് പുതുതലമുറക്കാരി ആന്‍ സെബാസ്റ്റ്യന്‍  ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“കുട്ടികള്‍ വീട്ടില്‍ നിന്നു കൊണ്ടുവരുന്ന ചോറുപൊതികളാണ് ആലുവ നഗരത്തില്‍ വിശന്നുവലയുന്നവരുടെ വിശപ്പകറ്റുന്നത്. “പല കോളെജുകളിലും പല പേരുകളിലും ഇതു പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ തുടര്‍ച്ചയായി ഇത്രയും വര്‍ഷം ചെയ്യാനാകുന്നത് വലിയ കാര്യമല്ലേ. ആരോടും നിര്‍ബന്ധിച്ച് പൊതിച്ചോറ് കൊണ്ടുവരണമെന്നൊന്നും പറയില്ല. പക്ഷേ എല്ലാവരും ഭക്ഷണം കൊണ്ടുവരാന്‍ മനസുള്ളവരാണ്.”

പൊതിച്ചോറ് വിതരണത്തിന് പോകുന്ന വിദ്യാര്‍ഥികള്‍

“കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ യൂ സി കോളെജിലുണ്ട്. ഈ പദ്ധതികള്‍ക്കൊപ്പവും. ” കോളെജിലെ രണ്ടാം വര്‍ഷ എംഎ ഹിസ്റ്ററി വിദ്യാര്‍ഥിനിയായ ആന്‍ പറഞ്ഞു.

ഡിഗ്രിയും ഇവിടെ തന്നെയാണ് പഠിച്ചത്. ഇപ്പോ പിജിയും. അഞ്ച് വര്‍ഷം മുന്‍പ് ഇവിടെ പഠിക്കാനെത്തിയ നാള്‍ തൊട്ട് കേള്‍ക്കുന്നതാണ്. അന്ന് മുതല്‍ പാഥേയം ഇവിടുണ്ട്.


 എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികള്‍ കൊണ്ടുവരുന്ന പൊതിച്ചോറ് ശേഖരിച്ച് ആലുവ നഗരത്തിന്‍റെ വിവിധ ഇടങ്ങളിലെ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതാണ് പാഥേയം.


“വ്യാഴാഴ്ചകളില്‍ ക്ലാസുകളില്‍ കയറി ഞങ്ങള്‍ കുട്ടികളെ ഓര്‍മിപ്പിക്കും. നാളെ വെള്ളിയാഴ്ചയാണ് പൊതിച്ചോറ് കൊണ്ടുവരാന്‍ മറക്കല്ലേയെന്ന്.  ക്ലാസൊക്കെ ആരംഭിക്കുന്ന നാളുകളില്‍ മാത്രം.

“പിന്നീട് ഇതേക്കുറിച്ച് പ്രചരണമൊന്നും നടത്തേണ്ടി വന്നിട്ടില്ല. എല്ലാവര്‍ക്കും അറിയാല്ലോ. ആദ്യവര്‍ഷത്തെ കുട്ടികള്‍ വരുമ്പോള്‍ എല്ലാ ക്ലാസുകളിലും കയറും. ഇതൊരു പ്രചരണം പോലെ നടത്തുകയും ചെയ്യുമായിരുന്നു. ഇതിനൊപ്പം സോഷ്യല്‍ മീഡിയകളിലൂടെയും കുട്ടികളോട് പറയുമായിരുന്നു.

“പറഞ്ഞില്ലെങ്കിലും കുട്ടികളെല്ലാവരും വെള്ളിയാഴ്ചകളില്‍ പൊതിച്ചോറു കൊണ്ടുവരും. പതിവായി കൊണ്ടുവരുന്നവരും ഇടയ്ക്കിടെ കൊണ്ടുവരുന്നവരുമൊക്കെയുണ്ട്.

വെള്ളിയാഴ്ചകളില്‍ രാവിലെ ഞങ്ങള്‍ കുറച്ചാളുകള്‍ കോളെജിന്‍റെ ഗേറ്റിന് മുന്നില്‍ കാത്തുനില്‍ക്കും. കുട്ടികള്‍ വരുന്ന വഴിക്ക് തന്നെ ബാഗില്‍ നിന്നു പൊതിച്ചോറ് എടുത്ത് തരും.

“ക്ലാസുകളില്‍ പോയി ഓരോ വിദ്യാര്‍ഥിയില്‍ നിന്നു വാങ്ങുന്നതിലും എളുപ്പമാണിത്. ആരും പൊതിച്ചോറ് നല്‍കാന്‍ മറക്കുകയുമില്ല. ഒരിക്കലും മുടങ്ങാതെ തുടര്‍ച്ചയായി തരുന്ന കുട്ടികളുമുണ്ട്.


ഇതുകൂടി വായിക്കാം: ഒന്നര ലക്ഷം രൂപയ്ക്ക് വീട്, നിര്‍മ്മിക്കാന്‍ 12 ദിവസം: വീടില്ലാത്തവര്‍ക്ക് സൗജന്യ കാബിന്‍ ഹൗസുകളുമായി കൂട്ടായ്മ


“അധ്യാപകരുടെ പിന്തുണയുമുണ്ടിതിന്. ഇടയ്ക്ക് അധ്യാപകരും ഓഫിസ് സ്റ്റാഫുമൊക്കെ പൊതിച്ചോറ് നല്‍കും. കുട്ടികളുടെ പൊതിച്ചോറിന്‍റെ കൂട്ടത്തില്‍ ഇവരുടെ ഊണുപൊതികളുമുണ്ടാകും,”  ആന്‍ പറയുന്നു.

ചില ടീച്ചര്‍മാര്‍ പൈസയായിട്ട് നല്‍കാമെന്നു പറയുമ്പോള്‍ നിരസിക്കുകയാണ് പതിവെന്നു പാഥേയത്തിന്‍റെ പ്രവര്‍ത്തകര്‍ പറയുന്നു. പൈസയൊന്നും ആരില്‍ നിന്നും വാങ്ങാറില്ല. ഓരോ ആഴ്ചയില്‍ 200 പൊതികളൊക്കെ ഉറപ്പായും കിട്ടുമെന്ന് അവര്‍ പറയുന്നു.

“എട്ടര മുതല്‍ ഒമ്പതര വരെയാണ് പൊതിച്ചോറുകള്‍ കുട്ടികളില്‍ നിന്നു വാങ്ങുന്നത്.


കൃത്യം ഒമ്പതരയ്ക്ക് ക്ലാസില്‍ കയറാനുള്ള ബെല്ലടിക്കും. അതിനു മുന്‍പേ വാങ്ങണമല്ലോ..


“ഓരോരുത്തരില്‍ നിന്നും പൊതിച്ചോറുകള്‍ വാങ്ങിച്ച് വലിയ കാര്‍ഡ് ബോര്‍ഡുകളിലും കവറുകളിലുമാക്കും. ഉച്ചവരെ കാത്തിരിക്കില്ല, കിട്ടിയാലുടന്‍ വിതരണത്തിന് കൊണ്ടുപോകും.

യു സി കോളേജ് ആലുവ ഫോട്ടോ – ഫേസ്ബുക്ക്

“കോളേജിലെ കുട്ടികളുടെ ബൈക്കിലും സ്കൂട്ടറിലുമൊക്കെയായി വിതരണത്തിന് കൊണ്ടുപോകും. ഏതാണ്ട് പത്തരയൊക്കെയാകുമ്പോള്‍ ഈ പൊതിച്ചോറുകള്‍ ആവശ്യക്കാരുടെ കൈകളിലെത്തിയിരിക്കും.

“കോളേജിന് മുന്നിലുള്ള ഒരു ചെരുപ്പ് നന്നാക്കുന്ന ആളുണ്ട്. അദ്ദേഹത്തിന് പൊതിച്ചോറ് കൊടുക്കും… പതിവായി കൊടുക്കുന്നവരില്‍ ഒരാളാണ് അദ്ദേഹം. കോളെജിന് അടുത്ത് തന്നെയുള്ള ശിശുഭവനിലും കൊടുക്കും,” ആന്‍ പറഞ്ഞു.

റെയില്‍വേ സ്റ്റേഷനുകളിലും നഗരത്തിലെ വഴിയോരങ്ങളില്‍ ഭക്ഷണം വാങ്ങി കഴിക്കാന‍് സാധിക്കാത്തവര്‍ക്കുമൊക്കെയാണ് ഊണ് നല്‍കുന്നത്. രണ്ടാം വര്‍ഷത്തിലെ ആണ്‍കുട്ടികള്‍ക്കാണ് വിതരണത്തിന്‍റെ ചുമതല.

“ഹോസ്പിറ്റലുകളില്‍ കൊടുത്തിരുന്നു, പക്ഷേ ഇപ്പോ അതില്ല. പല പല അസുഖങ്ങളുള്ളവരല്ലേ… ഉപ്പും മധുരവും എരിവുമൊക്കെ ഒഴിവാക്കേണ്ടവരുണ്ടാകുമല്ലോ.. പല വീടുകളില്‍ നിന്നുള്ള ഭക്ഷണമല്ലേ.. രുചികളൊന്നും മുന്‍ക്കൂട്ടി പറയാനാകില്ലല്ലോ.. അതുകൊണ്ട് ആശുപത്രികളില്‍ കൊടുക്കുന്നത് ഒഴിവാക്കി,” ആ വിദ്യാര്‍ത്ഥിനി വിശദമാക്കുന്നു.

ശിശുഭവനില്‍ ട്യൂഷനെടുക്കുന്ന ആന്‍.

പൊതിച്ചോറിനൊപ്പം ശിശുഭവനിലെ കുട്ടികള്‍ക്ക് സൗജന്യ ട്യൂഷനും ഇവര്‍ നല്‍കുന്നു.  ശനിയാഴ്ചകളിലാണ് ഓര്‍ഫനേജിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷനെടുക്കുന്നത്.

“ശനിയാഴ്ച രാവിലെ ഒമ്പതര മണിയൊക്കെയാകുമ്പോള്‍ ഞങ്ങള്‍ കുറച്ചു പെണ്‍കുട്ടികള്‍ കോളെജിലെത്തും. കോളെജിന് തൊട്ടടുത്ത് തന്നെയാണ് ശിശുഭവന്‍. രണ്ട് മൂന്ന് മിനിറ്റ് നടക്കാനേയുള്ളൂ… അവിടെയുള്ള പെണ്‍കുട്ടികള്‍ക്കാണ് സൗജന്യ ട്യൂഷന്‍ നല്‍കുന്നത്,” ആന്‍ പറഞ്ഞു.


എല്‍ പി ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ മുതല്‍ പ്ലസ് ടുവിന് പഠിക്കുന്നവര്‍ക്ക് വരെയാണ് സൗജന്യ ട്യൂഷന്‍.


ശനിയാഴ്ചകളില്‍ രാവിലെ മൂന്നര മണിക്കൂര്‍ നേരമാണ് ഇവരെ പഠിപ്പിക്കുന്നത്. നാളെയുടെ നന്മയ്ക്കായി യൂസിയുടെ കരുതല്‍.. നല്ല പാഠം എന്നാണിതിന്‍റെ പേര്.

“ട്യൂഷനെടുക്കാന്‍ തുടങ്ങിയിട്ടിപ്പോ കുറേ വര്‍ഷമായി. പഠിപ്പിക്കേണ്ട വിഷയങ്ങള്‍ കുട്ടികള്‍ തന്നെ പറയും. ആ വിഷയങ്ങള്‍ക്കാണ് ട്യൂഷന്‍ നല്‍കുന്നത്. ബികോം വിദ്യാര്‍ഥികള്‍ കൊമേഴ്സും ബിഎസ്‍സിക്കാര്‍ സയന്‍സുമൊക്കെയാണ് പഠിപ്പിക്കുന്നത്.

“സ്ഥിരമായി പഠിപ്പിക്കാന്‍ വരുന്ന കുട്ടികളുമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാനും പഠിപ്പിക്കാനും പൊതിച്ചോറ് വിതരണത്തിലുമൊക്കെയുണ്ട്.” ഇത് പറയുമ്പോള്‍ ആന്‍റെ മുഖത്ത് വലിയ സന്തോഷം.

കണക്കും ഫിസിക്സുമൊക്കെ പഠിക്കാന്‍ ബുദ്ധിമുട്ടുന്ന ശിശുഭവനിലെ കുട്ടികള്‍ ശനിയാഴ്ചയാകാന്‍ കാത്തിരിക്കുകയാകും. പരീക്ഷാസമയങ്ങളില്‍ ചില ദിവസങ്ങളൊഴിച്ചുനിര്‍ത്തിയാല്‍ ട്യൂഷനും പാഥേയവും ഇതുവരെ മുടങ്ങിയിട്ടില്ല.


ഇതുകൂടി വായിക്കാം: സ്വാതന്ത്ര്യ സമരക്കാലത്തെ വിദ്യാര്‍ത്ഥി നേതാവ്, അലിഗഡില്‍ നിന്ന് എം എ നേടി സര്‍ക്കാര്‍ ജോലിയില്‍, അതുവിട്ട് കൃഷി: 6 ഏക്കറില്‍ കാട് വളര്‍ത്തി അതിനുള്ളില്‍ ഈ വൃദ്ധന്‍റെ അസാധാരണ ജീവിതം


“ശിശുഭവനിലെ കുട്ടികള്‍ക്ക് മിഠായികള്‍ നല്‍കാനും പാട്ടും ഡാന്‍സുമൊക്കെ പഠിപ്പിക്കാനൊക്കെ കോളെജില്‍ നിന്നു കുട്ടികള്‍ പോകാറുണ്ടായിരുന്നു. എന്നാല്‍ പിന്നെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്താലോയെന്നു ആലോചിക്കുന്നത് നാലഞ്ച് വര്‍ഷം മുന്‍പാണ്.” കുട്ടികളെ പഠിപ്പിക്കലും പൊതിച്ചോറു വിതരണവുമൊക്കെ നല്ല ഉഷാറായിട്ട് തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും ആന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം