മഴ പെയ്യുകയാണ്.. തോരാതെയുള്ള മഴ കണ്ടാല്‍ ഉള്ളുലയുന്നവരാണിപ്പോള്‍ മലയാളികള്‍. ആ ദുരിതപെയ്ത്ത് കാണുമ്പോള്‍ ഈ കര്‍ഷകനും കണ്ണ് നനയും. നട്ടുനനച്ചുണ്ടാക്കിയതൊക്കെ ഈ പെയ്ത്തില്‍ നഷ്ടപ്പെട്ടേക്കാം. പക്ഷേ ഈ പെയ്യുന്ന വെള്ളത്തെ കരുതലോടെ സംരക്ഷിക്കുകയാണ് ഈ കാസര്‍ഗോഡുകാരന്‍.
മഴ മാറി മാനം തെളിയും. അന്നേരം പൊള്ളുന്ന വെയില്‍ മാത്രമായേക്കാം. പയറും മത്തനുമൊക്കെ കരിഞ്ഞുണങ്ങാതെ കാത്തുസൂക്ഷിക്കാന്‍ ഈ മഴവെള്ളം സംഭരിച്ചുവയ്ക്കുകയാണ് ഇദ്ദേഹം.
മികച്ച കര്‍ഷകനുള്ള അംഗീകാരം സ്വന്തമാക്കിയ പി.വി. രാഘവന്‍ സ്വന്തം വീട്ടുവളപ്പില്‍ രണ്ട് മഴവെള്ള സംഭരണികളാണ് നിര്‍മ്മിച്ചിരിക്കുന്നത്, അതും വളരെ ചെലവുകുറഞ്ഞ രീതിയില്‍.
രാഘവന്‍ മഴവെള്ളം കാത്തുസൂക്ഷിക്കുന്നതു കണ്ടിട്ട് നാട്ടുകാരില്‍ ചിലരും ഈ വഴി പിന്തുടരുന്നുണ്ട്.
കാസര്‍ഗോഡ് ഒടയംചാല്‍ നായ്ക്കയത്താണ് രാഘവന്‍റെ വീട്. കഞ്ഞങ്ങാട് നിന്ന് 23 കിലോമീറ്റര്‍ ദൂരമുണ്ട് നായ്ക്കയത്തേക്ക്. അവിടെ അദ്ദേഹത്തിന് 81 സെന്‍റ് സ്ഥലമുണ്ട്, കുറച്ചു കൃഷിയും. “വേനല്‍ക്കാലത്ത് അതൊക്കെ നനയ്ക്കാനാണ് മഴവെള്ള സംഭരണിയുണ്ടാക്കിയത്. ഈ മഴവെള്ളം മാത്രം മതിയിപ്പോള്‍ കൃഷിപ്പണിക്ക്,” രാഘവന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.
“മൂന്നു കൊല്ലം മുന്‍പാണ് ആദ്യമായി മഴവെള്ള സംഭരണിയുണ്ടാക്കുന്നത്. രണ്ട് സംഭരണിയുണ്ട്. രണ്ടിലൂം കൂടി അമ്പതിനായിരം ലിറ്റര്‍ വെള്ളം സംഭരിക്കാനാകുന്നുണ്ട്.
“കഴിഞ്ഞ വര്‍ഷമാണ് രണ്ടാമത്തെ സംഭരണിയുണ്ടാക്കിയത്. ഈ പ്രദേശത്ത് കുടിവെള്ള ക്ഷാമമുണ്ട്. കൃഷിയ്ക്കും നല്ല വെള്ളം കിട്ടാനില്ല. കിണറ്റിലും കുഴല്‍ക്കിണറുകളിലൊന്നും വെള്ളമുണ്ടാകില്ല,” അദ്ദേഹം പറഞ്ഞു.
നേരത്തെ പരപ്പ എന്ന സ്ഥലത്താണ് രാഘവന്‍ താമസിച്ചിരുന്നത്.
വാഴ വയ്ക്കണമെന്നു തോന്നി. പക്ഷേ വെള്ളമില്ലാത്തത് പ്രശ്നമായിരുന്നു.
“ഒരു കുഴിയെടുത്ത് മഴവെള്ളം സൂക്ഷിച്ചുവെച്ചു ഉപയോഗിച്ചാലോയെന്നു തോന്നി. പിന്നീട് നായ്ക്കയത്തെത്തിയപ്പോള്‍ അതു പരീക്ഷിച്ചു, ആവശ്യത്തിന് വെള്ളം കിട്ടി.
“ഇവിടെ കുംഭമാസത്തില്‍ മഴ കുറവായിരിക്കും. അതുകൊണ്ട് ആ സമയത്ത് ഒന്നും നടാനും പറ്റില്ല. മഴവെള്ളം സംഭരിച്ചു തുടങ്ങിയതോടെ ജലക്ഷാമത്തിന് പരിഹാരമായി,” രാഘവന്‍ പറയുന്നു.
“1,500 രൂപ ചെലവില്‍ ഒരു മഴവെള്ള സംഭരണി. രണ്ടു സംഭരണികളില്‍ നിന്നായി അമ്പതിനായിരം ലിറ്റര്‍ വെള്ളവും കിട്ടുന്നുണ്ട്. എന്നെപ്പോലൊരു കര്‍ഷകന് ഈ വെള്ളം ധാരാളം. കുറേ പച്ചക്കറികളൊന്നും ഇല്ലല്ലോ. എനിക്ക് 81 സെന്‍റ് സ്ഥലം മാത്രമേയുള്ളൂ. അതില്‍ കുറച്ച് കൃഷി.
“ഇത്രയും കുറഞ്ഞ ചെലവില്‍ വേനലില്‍ വെള്ളം കിട്ടുന്നത് വലിയ കാര്യമാണ്,” എന്ന് രാഘവന്‍. നേരത്തെ റബര്‍ കൃഷിയാണ് രാഘവന്‍ ചെയ്തിരുന്നത്. പിന്നീട് ആ റബറൊക്കെ വെട്ടി കുരുമുളക് നട്ടു.
“കുരുമുളക് തൈ നട്ടുപിടിപ്പിച്ചു. ഇതിനിടയില്‍ കപ്പ, ചേന, ചേമ്പ്, മഞ്ഞള്‍, വാഴ, തെങ്ങ്.. ഇങ്ങനെ പലതും നട്ടു. ഇഞ്ചി മാത്രം പത്ത് സെന്‍റ് സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്,” രാഘവന്‍ തുടരുന്നു.
“പൊതുവേ വെള്ളം കുറവുള്ള മേഖലയാണിത്. ഇക്കുറി ഇവിടെയെല്ലാം വൈകിയാണ് മഴ പെയ്തു തുടങ്ങുന്നത്. മഴവെള്ള സംഭരണിയിലെ വെള്ളമെടുത്താണ് ഞാന്‍ കപ്പ നട്ടത്.” ജലക്ഷാമമുള്ള നേരത്ത് കപ്പകൃഷി ചെയ്തതിനെക്കുറിച്ച് രാഘവന്‍ പറയുന്നു.
“അതിപ്പോ ഒരാള്‍പ്പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്നുണ്ട്. പക്ഷേ അയല്‍പ്പക്കത്തെ കൃഷിയിടങ്ങളിലെ കപ്പയ്ക്ക് ഒന്നര- രണ്ട് അടിയൊക്കെ ഉയരമേ വെച്ചിട്ടുള്ളൂ.
ഇതുകൂടി വായിക്കാം: ‘ഞാനിപ്പോ ഇറങ്ങിട്ടുണ്ട്, നമ്മുടെ ആളുകളെ ഒന്നാക്കാന്‍’: കൊറഗരിലെ ആദ്യ എം.ഫില്‍ ബിരുദധാരി ഇനി വംശമറ്റുകൊണ്ടിരിക്കുന്ന പ്രാക്തനഗോത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കും
“അതേപോലെ കഴിഞ്ഞ മേയ് മാസത്തിലാണ് ഇഞ്ചി നട്ടത്. പിന്നെ മഴ കിട്ടിയില്ല. പക്ഷേ ഈ സംഭരണിയിലെ മഴവെള്ളമാണ് ഇഞ്ചിയ്ക്കും ഉപയോഗിച്ചത്. മഴവെള്ള സംഭരണിയുള്ളത് കൊണ്ട് വെള്ളം കിട്ടാതെ ഇതൊന്നും നശിച്ചില്ല.”
“ഇഞ്ചി നട്ടിരിക്കുന്നതിനോട് ചേര്‍ന്ന് കുറച്ച് പച്ചക്കറിയും നട്ടിട്ടുണ്ട്. പച്ചക്കറി വീട്ടാവശ്യത്തിന് മാത്രമേയുള്ളൂ. മത്തനും കുകുംബറും കുറേ ഉണ്ടായിട്ടുണ്ട്. ചേന, ചേമ്പ്, കാച്ചിലുകള്‍ ഇങ്ങനെ കുറച്ച് കിഴങ്ങ് വര്‍ഗങ്ങളുമുണ്ട്. ഇതൊന്നും കുറേയൊന്നുമില്ല.
” കപ്പയും ചേനയും വാഴയും ഇഞ്ചിയും ചേമ്പുമൊക്കെ വില്‍ക്കാറുണ്ട്. കുറച്ചധികം ഫലവൃക്ഷങ്ങളും നട്ടിട്ടുണ്ട്.
റംമ്പൂട്ടാന്‍, ഉറുമാമ്പഴം, മൂട്ടിപ്പഴം, പാഷന്‍ ഫ്രൂട്ട്, പേരയ്ക്ക, മുന്തിരി ഇതൊക്കെ ഇവിടുണ്ട്.
“പേരയ്ക്ക മൂന്നു തരമുണ്ട്. മുന്തിരി ഇക്കൊല്ലം കായ്ച്ചിരുന്നു. ഫലവൃക്ഷങ്ങള്‍ നട്ടു തുടങ്ങിയിട്ട് രണ്ട് വര്‍ഷമായതേയുള്ളൂ. പാഷന്‍ ഫ്രൂട്ട് കുറേ കായ്ച്ചിട്ടുണ്ട്. പക്ഷേ മഴയില്‍ കൊഴിഞ്ഞുവീഴുകയാണിപ്പോള്‍. ഇതൊക്കെ തൈ വാങ്ങിയാണ് നട്ടത്,” നാട്ടിലെ മികച്ച കര്‍ഷകനായി തെരഞ്ഞടുക്കപ്പെട്ട രാഘവന്‍ പറഞ്ഞു.
മഴ ഒന്നു കുറഞ്ഞിട്ട് വേണം പച്ചക്കറികള്‍ നട്ടു തുടങ്ങാന്‍ എന്ന ചിന്തയിലാണിപ്പോള്‍ രാഘവന്‍. വീട്ടാവശ്യത്തിനുള്ള പയറും ചീരയുമൊക്കെ നടണം എന്നാണ് പദ്ധതി.
മൂന്നു കൊല്ലം മുന്‍പാണ് രാഘവന്‍ കുരുമുളക് കൃഷി തുടങ്ങുന്നത്. “ഇതിനിടയ്ക്ക് നല്ല വെയില്‍ കിട്ടിയിരുന്നു. ഇതൊക്കെ ഉണങ്ങി പോകേണ്ടതായിരുന്നു. പക്ഷേ മഴവെള്ളസംഭരണിയിലെ വെള്ളമുള്ളതു കൊണ്ട് നനച്ച് കൊടുത്തു.”
“ഇക്കൊല്ലം എന്തൊരു മഴയാണ്,” എന്ന് എല്ലാവരെയും പോലെ രാഘവനും ആശ്ചര്യപ്പെടുന്നു. വൈകിയാണ് വന്നതെങ്കിലും മഴ തകര്‍ത്തുപെയ്യുകയാണ്. കൃഷിയ്ക്കും അതു ദോഷം ചെയ്യുന്നുണ്ട്. രാഘവന്‍റെ സ്ഥലം ഒരു കുന്നിന്‍ പ്രദേശമാണ്. പക്ഷേ ഇവിടെ മഴവെള്ളം കെട്ടിനില്‍ക്കില്ല. അതുകൊണ്ട് അത്ര വലിയ പ്രശ്നമില്ലായിരുന്നുവെന്നും അദ്ദേഹം.
“പക്ഷേ മഴ ഭയങ്കര പെയ്ത്തല്ലേ.” ഒരു തുള്ളിക്ക് ഒരു കുടം വെള്ളമല്ലേ വീഴുന്നതെന്നു രാഘവന്‍ പറയുന്നു. “മഴവെള്ള സംഭരണിയുള്ളത് വലിയൊരു സഹായമാണ്. വീട്ടില്‍ നിന്നു കുറച്ചു ദൂരത്തിലാണ് മഴവെള്ള സംഭരണികളുള്ളത്.
“ചരിവുള്ള ഒരു കുന്നിന്‍ പ്രദേശമാണിവിടം.ഒരു മഴവെള്ള സംഭരണി ഏറ്റവും മുകളിലാണ് നിര്‍മിച്ചിരിക്കുന്നത്. മുകള്‍ ഭാഗത്ത് നനയ്ക്കുന്നതിന് ഇതിലെ വെള്ളമാണെടുക്കുന്നത്.
“ഈ രണ്ട് സംഭരണികളിലെ വെള്ളം എനിക്ക് ധാരാളമാണ്. ഏക്കറുക്കണക്കിന് സ്ഥലത്ത് കുറേയേറെ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഒരു 10 ലക്ഷം ലിറ്റര്‍ വെള്ളം വരെ കൊള്ളുന്ന ടാങ്കൊക്കെ നിര്‍മിക്കാവുന്നതാണ്,” അദ്ദേഹം പറയുന്നു.
“ആര്‍ക്ക് വേണമെങ്കിലും വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ് ഈ സംഭരണികള്‍. ഞാനിത് സ്വയം നിര്‍മിച്ചതാണ്. ചെലവും കുറവാണ്.
അത്ര വലിയ മിനക്കെട്ട പണിയും ഇതുണ്ടാക്കുന്നതിനില്ല. എന്നാല്‍ ഗുണമേറെയുണ്ടുതാനും.
“വലിയൊരു കുഴിയെടുക്കുക. അതില്‍ നിറയെ പ്ലാസ്റ്റിക് ചാക്കുകള്‍ വിരിച്ചിടുക. മണ്ണ് പുറമേക്ക് കാണാത്ത തരത്തില്‍ എല്ലാ വശത്തും നിലത്തുമൊക്കെയായി പ്ലാസ്റ്റിക് ചാക്ക് വിരിച്ചിടണം,” രാഘവന്‍ വിശദീകരിക്കുന്നു.
“അതിന് മുകളില്‍ ടാര്‍പോളിന്‍ വൃത്തിയായി വിരിക്കുക. താഴെയുള്ള മണ്ണും കല്ലും ഒന്നും ഈ ടര്‍പോളിന് മുകളിലേക്ക് വരില്ല. സിലിക്കോണിന്‍റെ ടാര്‍പോളിന്‍ ഇട്ടിട്ടാണ് ഇവിടെ ഉണ്ടാക്കിയിരിക്കുന്നത്. ഇതിപ്പോള്‍ വലിയ കാശുമുടക്കില്ലാതെ ഞാന്‍ തന്നെയാണ് ചെയ്തത്.
“രണ്ട് മൂന്നു കൊല്ലത്തേക്ക് ഈ ടര്‍പോളിന്‍ മതിയാകും. അതുകഴിയുമ്പോള്‍ പുതിയത് ഒരെണ്ണം വാങ്ങി അതിന് മുകളിലേക്ക് ഇട്ടു കൊടുത്താല്‍ മതി. മഴ പെയ്യുന്ന വെള്ളം നേരെ ഈ സംഭരണിയിലേക്കാണ് വീഴുന്നത്.
“സംഭരണി മൂടിയിട്ടിട്ടില്ല. കൃഷിക്ക് മാത്രം ഉപയോഗിക്കുന്ന വെള്ളമല്ലേ… മൂടിയിട്ടാല്‍ ഈ വെള്ളത്തില്‍ പായലൊന്നും വരില്ല. സൂര്യപ്രകാശമൊന്നും അടിക്കാതിരുന്നാല്‍ പായലുണ്ടാകില്ല,” അദ്ദേഹം പറഞ്ഞുതന്നു.
“മോട്ടോര്‍ വച്ചിട്ടല്ല വെള്ളം സംഭരണിയില്‍ നിന്നു പറമ്പിലേക്കെത്തിക്കുന്നത്. മുകളിലായതു കൊണ്ടു ഹോസിട്ടേക്കുകയാണ്. നിരന്ന ഭൂമിയിലാണെങ്കില്‍ മോട്ടോര്‍ വയ്ക്കേണ്ടി വരും. അല്‍പ്പം ചരിവുള്ള ഭൂമിയാണേല്‍ ഹോസ് മതിയാകും നനയ്ക്കാന്‍.
ഇതുകൂടി വായിക്കാം: 10 മിനിറ്റുകൊണ്ട് 225 ലിറ്റര്‍ വെള്ളം, ചെലവ് വെറും 250 രൂപ: ആര്‍ക്കും എളുപ്പം ഉണ്ടാക്കാവുന്ന മഴവെള്ള ശേഖരണ സംവിധാനം
“കുറച്ച് ദിവസം മുന്‍പ് മഴ ശക്തമല്ലായിരുന്നോ… അന്ന് ഇവിടെ കറന്‍റും ഇല്ലായിരുന്നു. ആ ദിവസങ്ങളില്‍ മഴവെള്ള സംഭരണിയിലെ വെള്ളമാണ് വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത്. കുളിക്കാനും തുണി നനയ്ക്കാനുമൊക്കെ ഈ വെള്ളമാണ് എല്ലാവരും ഉപയോഗിച്ചത്.
“നല്ല വെള്ളം തന്നെയാണിത്. പാചകത്തിനൊക്കെ ഉപയോഗിക്കണമെങ്കില്‍ മൂടിയിട്ടാല്‍ മതി. വലിയ ടാങ്കിലേക്ക് വെള്ളം സംഭരിക്കുന്ന തരത്തിലും മഴവെള്ള സംഭരണിയുണ്ടാക്കാം.” പക്ഷേ അതിനു ചെലവ് കൂടുതലാണെന്നാണ് രാഘവന്‍റെ അഭിപ്രായം.
വീട്ടിലെ മഴവെള്ള സംഭരണി കണ്ടിട്ട് അയല്‍ക്കാരും ഇതു ചെയ്തിട്ടുണ്ടെന്നു രാഘവന്‍. “ഒരാളെന്‍റെ അയല്‍വീട്ടുകാരനാണ്. അദ്ദേഹം കഴിഞ്ഞവര്‍ഷമാണ് ഇതുപോലൊരു മഴവെള്ള സംഭരണിയുണ്ടാക്കിയത്. പിന്നെയൊരാള്‍ എന്‍റെ കൂട്ടുകാരനാണ്. അവിടെ പണി നടന്നുകൊണ്ടിരിക്കുന്നു.
“കര്‍ഷകകുടുംബമാണ് എന്‍റേത്. ഇപ്പോ കുറച്ചു കൃഷിയേയുള്ളൂ… പത്ത് പതിനഞ്ച് കൊല്ലം മുന്‍പ് ടണ്‍ കണക്കിന് പച്ചക്കറിയൊക്കെ കൃഷി ചെയ്തിരുന്നു. അന്നിവിടെയായിരുന്നില്ല താമസം.
“അന്ന് 1,000 കണ്ണ് ഇഞ്ചി, 500 വാഴ, പലതരം പച്ചക്കറികള്‍, പശും ആടും മുയലും പന്നിയുമൊക്കെയായി സംയോജിത കൃഷിയായിരുന്നു. പിന്നീട് ഇതൊക്കെ അവസാനിപ്പിച്ച് ബിസിനസിലേക്ക് കടന്നു,” രാഘവന്‍ അക്കാലം ഓര്‍ക്കുന്നു.
“ഹോട്ടല്‍ ബിസിനസ് ആയിരുന്നു ചെയ്തത്. അന്ന് കൃഷിയൊന്നും ചെയ്തിരുന്നില്ല. പിന്നെ വീണ്ടും കൃഷിയിലേക്കെത്തിയിരിക്കുകയാണിപ്പോള്‍. കൃഷിയോടുള്ള ഇഷ്ടം കൊണ്ടാണ് വീണ്ടും ഇതിലേക്ക് തന്നെയെത്തിയത്.
“66 വയസുണ്ട്. പ്രായം ഇത്രയൊക്കെ ആയില്ലേ.. അതുകൊണ്ട് കൃഷിയൊക്കെ കുറച്ചു. പാരമ്പര്യമായി ചെയ്തുകൊണ്ടിരുന്ന ജോലിയോടുള്ള സ്നേഹം കൊണ്ടു വീണ്ടും കൃഷി ചെയ്യുന്നു അത്രേയുള്ളൂ,” അദ്ദേഹം പറയുന്നു.
പേരാമ്പ്ര തിരുവണ്ണാംമൂഴിയാണ് രാഘവന്‍റെ നാട്. പാരമ്പര്യമായി കര്‍ഷകകുടുംബമാണ്. ഇവിടെ സ്ഥലം വാങ്ങി വീട് വയ്ക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്തിന്‍റെ മികച്ച കര്‍ഷകനുള്ള പുരസ്കാരം രണ്ടു തവണ കിട്ടിയിട്ടുണ്ട്.
1993-ലാണ് ആദ്യമായി മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞവര്‍ഷം രണ്ടാമതും പുരസ്കാരം തേടിയെത്തി.
ഇന്ദിരയാണ് രാഘവന്‍റെ ഭാര്യ. രണ്ട് മക്കള്‍–നിഖിതും മണിയും. നിമിഷയും ശ്രീഷയുമാണ് മരുമക്കള്‍. “പറമ്പിലെ പണിയൊക്കെ ഞാന്‍ തന്നെയാണ് ചെയ്യുന്നത്. പിന്നെ എല്ലാത്തിനും ഇവരുടെ പിന്തുണയുണ്ട്,”രാഘവന്‍ കൂട്ടിച്ചേര്‍ക്കുന്നു.
പണവും ഭൂമിയുമുള്ളവര്‍ക്ക് ഈ മഴവെള്ള സംഭരണി പോലെ ഒരെണ്ണമെങ്കിലും ചെയ്യാവുന്നതാണ്. മഴവെള്ള സംഭരണിയുണ്ടെങ്കില്‍ കൃഷിയ്ക്ക് ആവശ്യത്തിലേറെ വെള്ളം കിട്ടുമെന്നു രാഘവന്‍.
ഇതുകൂടി വായിക്കാം: ഉപ്പും ഓരും നിറഞ്ഞ കടലോരം, എന്നിട്ടും രണാങ്കന്‍റെ കിണറ്റില്‍ നിറയെ തെളിനീര്: കുറച്ച് പൈപ്പും വലയും ചരല്‍ക്കല്ലും കൊണ്ട് ശുദ്ധജലം സംഭരിക്കുന്ന വിധം
“ഇത്രയും വെള്ളം കൊണ്ട് എന്ത് ചെയ്യാനാ.. കൃഷിയ്ക്ക് ഇതു തികയുമോ എന്നൊക്കെ ചോദിച്ചവരുമുണ്ട്. പക്ഷേ എനിക്ക് കുറച്ചു സ്ഥലവും കൃഷിയുമേയുള്ളൂ. അതിന് ഈ വെള്ളം ധാരാളമാണ്. കൂടുതല്‍ കൃഷിഭൂമിയും കൃഷിയുമൊക്കെയുണ്ടെങ്കില്‍ വലിയ സംഭരണിയുണ്ടാക്കാവുന്നതേയുള്ളൂ.” രാഘവന്‍ പറയുന്നു.
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.