മോന്‍റെ ഒന്നാം പിറന്നാളിന് ഈ അച്ഛന്‍ കുഞ്ഞിന് സമ്മാനിച്ചത് ഒരു വൃക്ഷത്തൈയാണ്.
അതൊരു തുടക്കമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മകന്‍ വളര്‍ന്ന് പതിനൊന്നാം ക്ലാസില്‍ പഠിക്കുന്നു. ഒന്നാം പിറന്നാളിന് വാക മരം നട്ടതിന്‍റെ ഓര്‍മയൊന്നും ഒരു പക്ഷേ കുട്ടിയ്ക്കുണ്ടാകില്ല. എന്നാല്‍ ആ അച്ഛന്‍ ഇന്നും വൃക്ഷത്തൈകള്‍ നട്ടുകൊണ്ടേയിരിക്കുന്നു. വീട്ടുമുറ്റത്ത് നിന്നാരംഭിച്ച് ന്യൂയോര്‍ക്കില്‍ വരെയെത്തിയിരിക്കുകയാണ് ആ അച്ഛന്‍റെ പ്രകൃതി സ്നേഹം.
എറണാകുളത്ത് എരൂര്‍ പിഷാരി ഗോവിന്ദ് റോഡില്‍ താമസിക്കുന്ന അയ്യപ്പന്‍ എന്ന യോഗ അധ്യാപകനാണ് കടലുകള്‍ക്കപ്പുറത്തേക്കും മരം നട്ടു തുടങ്ങിയിരിക്കുന്നത്.
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com
16 വര്‍ഷം കൊണ്ട് 8000- ത്തിലേറെ വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു. മകന്‍റെ പിറന്നാള്‍ മാത്രമല്ല പ്രൊഫ. എം കെ സാനു മാഷിന്‍റെയും യശശ്ശരീരനായ വി ആര്‍ കൃഷ്ണയ്യരുടെയുമൊക്കെ ജന്മദിനങ്ങള്‍ തൈകള്‍ നട്ട് ആഘോഷിക്കുകയാണ് ഇദ്ദേഹം.
“16 വര്‍ഷം മുന്‍പ് ഒരു ഒക്റ്റോബര്‍ 18-നാണ് ആദ്യമായി മരത്തൈകള്‍ നട്ടു തുടങ്ങിയത്.” അന്നാണ് എന്‍റെ മോന്‍റെ ആദ്യ ബര്‍ത്ത് ഡേ. ഇങ്ങനെ പിറന്നാള്‍ ആഘോഷിക്കണമെന്നു നേരത്തെ തീരുമാനിച്ചിരുന്നതാണ്.
“എല്ലാവരും കേക്ക് മുറിച്ചല്ലേ ആഘോഷിക്കുക. നമ്മള്‍ വൃക്ഷ തൈ നട്ട് ആഘോഷിച്ചു.” മരം നട്ടു തുടങ്ങിയതിനെക്കുറിച്ച് അയ്യപ്പന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.
“വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് മോന്‍റെ ജന്മദിനത്തിന് തൈകള്‍ നട്ടത്. അതൊരു തുടക്കമായിരുന്നു. പിന്നെ തുടര്‍ച്ചയായി എല്ലാ പിറന്നാള്‍ ദിനത്തിലും ഓരോ മരം നട്ടുപിടിപ്പിക്കുമായിരുന്നു. മകന്‍റെ മാത്രമല്ല വീട്ടിലെ എല്ലാവരുടെയും പിറന്നാളിനും വിവാഹവാര്‍ഷികത്തിനുമൊക്കെ വൃക്ഷത്തെെ നടുമായിരുന്നു.”
അയ്യപ്പന്‍റേത് ഒരു കൂട്ടുകുടുംബമാണ്. എറണാകുളം ഏലൂരിലെ ആ വീട്ടില്‍ 18 അംഗങ്ങളുണ്ട്. അച്ഛനും അനിയന്‍മാരും അവരുടെ കുടുംബങ്ങളുമൊക്കെയായി. വുമൊക്കെ എരൂരിലെ ഈ വീട്ടിലുണ്ട്. വീട്ടിലെ ഓരോരുത്തരുടെയും വിശേഷദിവസങ്ങളില്‍ ഓരോ മരത്തൈ വീതം അയ്യപ്പന്‍ നട്ടുപിടിപ്പിക്കും.
“ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അനിയന്‍ രാജേന്ദ്രന്‍റെ ഇരട്ടമക്കളുടെ ഒന്നാം പിറന്നാള്‍ 101 വൃക്ഷത്തൈകള്‍ നട്ടാണ് ആഘോഷിച്ചത്. പ്രശസ്തരായ ആളുകളുണ്ടല്ലോ.. വി ആര്‍ കൃഷ്ണയ്യര്‍, സാനു മാഷ് ഇവരുടെ ജന്മദിനങ്ങളും മരം നട്ട് ആഘോഷിച്ചു തുടങ്ങി. പിന്നെ ശിശുദിനം, ഗാന്ധിജയന്തി തുടങ്ങിയ ദിവസങ്ങളിലും തൈകള്‍ നടാന്‍ തുടങ്ങി,” അയ്യപ്പന്‍ പറയുന്നു.
സ്കൂളുകളിലും പാര്‍ക്കുകളിലും വഴിയോരത്തും പരിചയക്കാരുടെ വീടുകളിലുമൊക്കെ അയ്യപ്പന്‍ മരത്തൈകള്‍ നട്ടിട്ടുണ്ട്. എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്, തൃപ്പൂണിത്തുറയിലെ മുനിസിപ്പാലിറ്റി പാര്‍ക്ക്, പള്ളിക്കരയിലെ വീഗാലാന്‍ഡ് ഇവിടെയൊക്കെ അയ്യപ്പന്‍ നട്ട മരങ്ങള്‍ വളര്‍ന്നുനില്‍പ്പുണ്ട്.
“ഇതിന്‍റെയൊക്കെ ചെലവ് ഞാന്‍ തന്നെയാണ് എടുക്കുന്നത്. ഏതെങ്കിലും നഴ്സറിയില്‍ നിന്നു തൈയും വാങ്ങി ഞാന്‍ തന്നെയാണ് കൊണ്ടുപോയി നടുന്നതും.
“ചില സ്ഥലങ്ങളില്‍ പോകുമ്പോള്‍, അതായത് യാത്ര പോകുമ്പോഴോ പാര്‍ക്കില്‍ പോകുമ്പോഴോ അങ്ങനെയൊക്കെ പോകുമ്പോള്‍ തൈയും കൊണ്ടു പോകും. എന്നിട്ട് അവിടെ ഓരോന്ന് നടും.
“ആ സ്ഥലത്തേക്ക് പോകും മുന്‍പ് അവരോട് അതേക്കുറിച്ച് സൂചിപ്പിക്കും. മരം നടുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ പറ്റില്ലല്ലോ… മറ്റുള്ളവരുടെ സ്ഥലത്തല്ലേ ഞാന്‍ തൈകള്‍ നടുന്നത്. ആരും എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിട്ടില്ല ഇതുവരെ,” അയ്യപ്പന്‍ വിശദമാക്കി.
“ഇങ്ങനെ സ്വന്തം കൈയില്‍ നിന്നു കാശു ചെലവാക്കി മരം നടുമ്പോള്‍ വട്ടാണോയെന്നു ആളുകള്‍ക്ക് തോന്നും. പക്ഷേ എനിക്കൊരു സന്തോഷം കിട്ടുന്നു. അത്രമാത്രം. കൂടുതലും തണല്‍ വൃക്ഷങ്ങളാണ് നട്ടത്. ആവശ്യക്കാര്‍ക്ക് അവര്‍ പറയുന്ന സ്ഥലത്തും തൈകള്‍ നട്ടു കൊടുത്തിട്ടുണ്ട്,” അദ്ദേഹം തുടരുന്നു.
“ചിലയിടങ്ങളില്‍ അധികം ഉയരം വയ്ക്കാത്ത മരങ്ങള്‍ വേണം, ഔഷധങ്ങള്‍ വല്ലതും നട്ടു പിടിപ്പിച്ചാല്‍ മതി, ഫലവൃക്ഷങ്ങള്‍ മതീട്ടോ.. എന്നൊക്കെ പലരും പറയും. സ്ഥല ഉടമയുടെ ഇഷ്ടവും താത്പ്പര്യവും കൂടി നോക്കിയാണ് ചെടികളൊക്കെ നട്ടു പിടിപ്പിക്കുന്നത്.
ഇതുകൂടി വായിക്കാം: 91-കാരനായ ‘മരമൗലികവാദി’: ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ്, വയനാട്ടില്‍ നൂറേക്കറില്‍ ജൈവവനം, വഴിയോരത്ത് മരംനടല്‍…
“ചില സ്കൂളുകളില്‍ നക്ഷത്രവനങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. നക്ഷത്രവനത്തിനുള്ള 27 തൈകളും തൃശൂരിലെ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നാണ് കൊണ്ടുവന്നത്.” അയ്യപ്പന്‍ പറയുന്നു.
“സാനു മാഷിന്‍റെ നവതിയാണ് തൈകള്‍ നട്ട് ആഘോഷിച്ചത്.” അദ്ദേഹത്തിന്‍റെ ജന്മദിനത്തില്‍ 90 വൃക്ഷതൈകളാണ് നട്ടതെന്നു പറയുന്നു അയ്യപ്പന്‍. ” എറണാകുളത്ത് ഇരുമ്പനം ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് 90 മരങ്ങള്‍ നട്ടത്. വിദ്യാര്‍ത്ഥികളും അധ്യാപകരുമൊക്കെ ചേര്‍ന്നാണ് തൈകള്‍ നട്ടത്. സാനു മാഷും ആ ചടങ്ങിലുണ്ടായിരുന്നു.
“ആ സ്കൂളില്‍ ഞാന്‍ യോഗ പഠിപ്പിച്ചിട്ടുണ്ട്. ആ സ്കൂളിലാണെങ്കില്‍ മരങ്ങള്‍ നടാനുള്ള സ്ഥലവും കുറേയുണ്ട്. അങ്ങനെയാണ് സ്കൂള്‍ അധികൃതരോട് തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനെക്കുറിച്ച് ചോദിക്കുന്നത്.
“സ്കൂള്‍ മാനെജ്മെൻ്റ് സമ്മതിക്കുകയും ചെയ്തു. സാനു മാഷാണ് എന്‍റെ ആദ്യ കവിതാസമാഹാരത്തിന് അവതാരിക എഴുതി തന്നത്. പിന്നെ മാഷിനെ ഞാന്‍ യോഗയും പഠിപ്പിക്കുന്നുണ്ട്.
“കൃഷ്ണയ്യരുടെ 101-ാം പിറന്നാളിന് 101 വൃക്ഷ തൈ നട്ടു. എറണാകുളം ദര്‍ബാര്‍ ഹാള്‍ പരിസരത്തായിരുന്നു തൈകള്‍ നട്ടത്. ഈ ചെടികളില്‍ കുറേയേറെ സമീപത്തെ സ്കൂളുകളിലും നട്ടുപിടിപ്പിച്ചിട്ടുണ്ട്. അമ്മ മരിച്ചിട്ട് ഒരു വര്‍ഷമായില്ല. അമ്മയുടെ ഓര്‍മയ്ക്കായി തൈകള്‍ നടണമെന്നു തോന്നി. അതും തുടരുന്നുണ്ടിപ്പോള്‍.
ആറു മാസം മുന്‍പാണ് അമ്മയ്ക്ക് വേണ്ടി മരങ്ങള്‍ നടണമെന്നു തോന്നിയത്. അങ്ങനെ തൃപ്പൂണിത്തുറയുടെ വിവിധ ഭാഗങ്ങളില്‍ മരം നട്ടു തുടങ്ങി.
“മുനിസിപ്പല്‍ ചെയര്‍മാന്‍റെ സഹായത്തോടെയാണ് മരങ്ങള്‍ നട്ടു തുടങ്ങിയത്. ഇവിടെയൊരു പാമ്പാടിതാഴം കോളനിയുണ്ട്. അവിടെ 69 മരങ്ങളാണ് നട്ടത്,” അദ്ദേഹം തുടരുന്നു.
“അമ്മ രാജേശ്വരി 69-ാം വയസിലാണ് മരിക്കുന്നത്. അങ്ങനെയാണ് 69 തൈകള്‍ നട്ടു പിടിപ്പിക്കുന്നത്. പ്രദേശവാസികളുടെ സഹായത്തോടെയാണ് തൈകളൊക്കെ നട്ടത്. തണല്‍ കുറവുള്ള പ്രദേശമായിരുന്നു.
“അങ്ങനെയാണ് മരങ്ങള്‍ നടാന്‍ ഈ സ്ഥലം തെരഞ്ഞെടുക്കുന്നത്. ഇതിനൊപ്പം തൃപ്പൂണിത്തുറയുടെ മറ്റു ഭാഗങ്ങളിലും വൃക്ഷ തൈകള്‍ നട്ടു തുടങ്ങിയിട്ടുണ്ട്.” അദ്ദേഹം പറയുന്നു.
“കഴിഞ്ഞ ദിവസം എന്‍റെയൊരു യോഗ വിദ്യാര്‍ഥിയുടെ മകന്‍റെ കല്യാണമായിരുന്നു. എളംകുളം ഫാത്തിമാ ചര്‍ച്ചിലായിരുന്നു കെട്ട്.
“മിന്നുക്കെട്ട് കഴിഞ്ഞയുടന്‍ നവദമ്പതികള്‍ ആദ്യം ചെയ്തത് ഞാന്‍ കൊടുത്ത മരം നട്ടുപിടിപ്പിക്കുകയായിരുന്നു. പള്ളിമുറ്റത്ത് ഇങ്ങനെയൊരു വേറിട്ട ചടങ്ങ് നടത്തുന്നതിന് പള്ളീലെ അച്ചനോടൊക്കെ അഭിപ്രായം ചോദിച്ചിരുന്നു.
“ചെറുക്കന്‍റെ അമ്മയോട് മുന്‍ക്കൂട്ടി പറഞ്ഞിരുന്നു. മിന്നുക്കെട്ട് കഴിഞ്ഞപ്പാടെ അവര്‍ ചെയ്യുന്ന ആദ്യ ചടങ്ങായിരുന്നു ഇത്. ജീവിതകാലം മുഴുവന്‍ അവര്‍ക്ക് ഓര്‍ത്തിരിക്കാവുന്ന ഒരു സമ്മാനമല്ലേയിത്,” അദ്ദേഹം ചോദിക്കുന്നു.
“വീട്ടിലും മരങ്ങളുണ്ട്. പക്ഷേ സ്ഥല പരിമിതിയുള്ളതിനാല്‍ കുറേ മരങ്ങളൊന്നുമില്ല. പിന്നെ ഞങ്ങളുടെ കമ്പനിയുടെ പരിസരത്തൊക്കെ കുറേ മരങ്ങള്‍ നട്ടിട്ടുണ്ട്. ഏതാണ്ട് 200-ഓളം വൃക്ഷങ്ങള്‍ ഇവിടുണ്ട്.
“എസ് ആര്‍ ഫൂഡ്സ് കമ്പനിമുറ്റത്താണിത്. വീടിന് സമീപത്താണ് ഈ കമ്പനിയുള്ളത്. ഇവിടെ കുറേ മരങ്ങളുണ്ട്. വീട്ടിലേക്കും മറ്റുള്ളവര്‍ക്ക് കൊടുക്കാനുമൊക്കെ തൈകള്‍ വാങ്ങുന്നത്, വീടിന് അടുത്തുള്ള നഴ്സറിയില്‍ നിന്നാണ്.”
ഇതുകൂടി വായിക്കാം: 10-ാംക്ലാസില്‍ മൂന്ന് തവണ തോറ്റു, പിന്നെ അര്‍മ്മാദ ജീവിതം; അതു മടുത്തപ്പോള്‍ അശോകന്‍ ശരിക്കും ജീവിക്കാന്‍ തീരുമാനിച്ചു, പ്രകൃതിയെ അറിഞ്ഞ്
നാട്ടില്‍ മാത്രമല്ല ന്യൂയോര്‍ക്കിലും വൃക്ഷം നട്ടിട്ടുണ്ട് അയ്യപ്പന്‍. കുറച്ച് ബുദ്ധിമുട്ടുകളുണ്ടായെങ്കിലും തൈ നട്ടിട്ടേ അയ്യപ്പന്‍ കേരളത്തിലേക്ക് വന്നുള്ളൂ. ഇനിയും വിദേശത്ത് മരം നടണമെന്ന ആഗ്രഹവുമായി വിമാനം കയാറാനിരിക്കുകയാണ് ഇദ്ദേഹം.
ന്യൂയോര്‍ക്ക് വിമാനത്താവളത്തിലുണ്ടായ അനുഭവം അയ്യപ്പന്‍ ഒരിക്കലും മറക്കില്ല. ” കേരളത്തില്‍ നിന്ന് വൃക്ഷത്തൈയുമായി പോയി. നാട്ടിലെ വിമാനത്താവളത്തിലൊന്നും പ്രശ്നമില്ലായിരുന്നു. പക്ഷേ ന്യൂയോര്‍ക്കിലെ എയര്‍പോര്‍ട്ടില്‍ ആകെ പ്രശ്നമായി.
“ഇലകളൊന്നും കൊണ്ടുപോകാന്‍ പാടില്ലത്രേ. അങ്ങനെ നിയമവുമുണ്ട്. ഇതൊന്നും അറിയില്ലായിരുന്നല്ലോ. ഒരു മണിക്കൂര്‍ നേരം അവരിങ്ങനെ പരിശോധനയും ചോദ്യം ചെയ്യലുമൊക്കെയായിരുന്നു.
“വൃക്ഷത്തൈയാണ്. നടാന്‍ കൊണ്ടുവന്നതാണ്. എന്നൊക്കെ പറ്റുന്ന പോലെയൊക്കെ പറഞ്ഞു നോക്കി. ഞാന്‍ തനിച്ചല്ല. കൂടെ അമ്മയും അച്ഛനും അനിയനുമുണ്ട്. പിന്നെ അവര്‍ക്ക് മനസിലായി. പ്രശ്നക്കാരൊന്നും അല്ലെന്ന്. അതോടെ ഞങ്ങള് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങി.
“അമെരിക്കന്‍ മലയാളികളെ യോഗ പഠിപ്പിക്കാന്‍ പോയതായിരുന്നു. എന്തായാലും പോകുന്നതല്ലേ രണ്ട് തൈകളും നട്ടേക്കാം. എന്നു കരുതിയാണ് ഇതൊക്കെ കൊണ്ടുപോയത്.
പക്ഷേ നടാന്‍ കൊണ്ടുപോയ ആര്യവേപ്പും ഇലഞ്ഞിയും ഉങ്ങുമൊക്കെയടങ്ങുന്ന 15 തൈകളും അവരു നശിപ്പിച്ചു കളഞ്ഞു.
“തൈ നടണമെന്ന ആഗ്രഹത്തില്‍ പോയതല്ലേ.. അത് നടാതെ വരാന്‍ പറ്റോ. ഒടുവില്‍ അവിടെ ഒരു നഴ്സറിയില്‍ നിന്നും തൈ വാങ്ങി. 750 രൂപയ്ക്കാണ് ഒരു അത്തിതൈ വാങ്ങിയത്.
“ന്യൂജഴ്സിയിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രമുറ്റത്ത് അത് നട്ടു പിടിപ്പിക്കുകയും ചെയ്തു. വീണ്ടും വിദേശത്തേക്ക് പോകുകയാണ്. ഇത്തവണയും വൃക്ഷ തൈ നടുന്നുണ്ട്. പക്ഷേ തൈ ഇവിടെ നിന്നു കൊണ്ടുപോകുന്നില്ല,” പഴയ അനുഭവത്തിന്‍റെ ഓര്‍മ്മയില്‍ അയ്യപ്പന്‍ പറഞ്ഞു.
“തൈകളൊക്കെ നട്ടു തുടങ്ങിയ നാളില്‍ ഞാന്‍ എല്ലാവരോടും ചോദിക്കും.. ഒരു ചെടി നട്ടോട്ടെ.. വൃക്ഷ തൈയുണ്ട് നട്ട് പിടിപ്പിക്കട്ടെയെന്നൊക്കെ. കാലം കുറേയായില്ലേ. ഇപ്പോ പലരും എന്നെ വിളിച്ചു പറഞ്ഞു തുടങ്ങി,” സന്തോഷത്തോടെ അയ്യപ്പന്‍ പറയുന്നു.
സ്കൂളുകളിലാണ് അയ്യപ്പന്‍ ഏറ്റവും കൂടുതല്‍ മരം നട്ടിരിക്കുന്നത്. എറണാകുളത്ത് മാത്രം 150 – ഓളം സ്കൂളുകളില്‍ കുട്ടികളെ കൊണ്ട് തൈ നടുവിച്ചിട്ടുണ്ട്. പൊള്ളാച്ചിയിലെ സ്കൂളുകളിലും മരങ്ങള്‍ നട്ടിട്ടുണ്ട്.
“ശരിക്കും ഞങ്ങള്‍ തെലുങ്കരാണ്. വിവാഹ ശേഷം അച്ഛനും അമ്മയും പൊള്ളാച്ചിയില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്നു.
“ഈയൊരു പ്രദേശത്ത് ഇങ്ങനെ പൊള്ളാച്ചിയില്‍ നിന്നു വന്നു താമസിക്കുന്നവര്‍ കുറേയുണ്ട്. തെലുങ്കിലാണ് ഞങ്ങള്‍ പരസ്പരം സംസാരിക്കുന്നതുമൊക്കെ. പക്ഷേ പഠിച്ചതൊക്കെ ഇവിടെയുള്ള സ്കൂളില്‍ തന്നെയാണ്. എസ് ആര്‍വിയിലും കൊച്ചിന്‍ കോളെജിലുമാണ് പഠിച്ചത്. നന്നായി മലയാളവും അറിയാം,” അയ്യപ്പന്‍ ചിരിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളത്തെത്തിയവരാണ് അയ്യപ്പന്‍റെ കുടുംബം. കുടുംബത്തില്‍ എല്ലാവരും യോഗ ഇന്‍സ്ട്രക്റ്റര്‍മാരാണ്. 25 വര്‍ഷമായി ഇദ്ദേഹം യോഗ പഠിപ്പിക്കുന്നുണ്ട്. കുടുംബത്തില്‍ എല്ലാവരും യോഗ ഇന്‍സ്ട്രക്റ്റര്‍മാരായതു കൊണ്ട് കുടുംബയോഗ എന്നാണ് അറിയപ്പെടുന്നത് തന്നെ.
സഹോദരങ്ങളായ എസ്. രാജേന്ദ്രനും, എസ്. ശ്രീകാന്തും, ഇന്ദിരയും യോഗ പഠിപ്പിക്കുന്നുണ്ട്. എസ് ആര്‍ ഫൂഡ്സ് ഉടമ ജി.സുബ്രഹ്മണ്യമാണ് അച്ഛന്‍. ശോഭന വര്‍ത്തിനിയാണ് ഭാര്യ. മകന്‍ കല്യാണ്‍ കൃഷ്ണ എരൂര്‍ ഭവന്‍സില്‍ 11-ാം ക്ലാസില്‍ പഠിക്കുന്നു.
ഇതുകൂടി വായിക്കാം: ഇവിടേക്ക് ആര്‍ക്കും ക്ഷണമില്ല: ഭാരതപ്പുഴയോരത്ത് ഒരു ജൈവഗ്രാമം, കൈകൊണ്ടു മെനഞ്ഞ ജീവനുള്ളൊരു വീട്, കിളികള്‍ക്കായൊരു പഴക്കാട്
പ്രകൃതി സ്നേഹവും യോഗയും മാത്രമല്ല കവി കൂടിയാണ് അയ്യപ്പന്‍. ” കവി കുഞ്ഞുണ്ണി മാഷാണ് എന്‍റെ പ്രചോദനം. കുട്ടികള്‍ക്ക് വേണ്ടിയാണ് കവിതയെഴുതുന്നത്. മൂന്നു കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
“അമ്മയ്ക്കൊരുമ്മ, എന്‍റെ അച്ഛന്‍, മരങ്ങള്‍ ദൈവങ്ങള്‍ എന്നാണ് പുസ്തകങ്ങളുടെ പേര്. ആഞ്ജേയന മരങ്ങള്‍ കുട്ടിക്കഥ പുസ്തകം പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. ആദ്യത്തെ മൂന്നു പുസ്തകങ്ങളും കുട്ടിക്കവിതകളായിരുന്നു.” അയ്യപ്പന്‍ പറഞ്ഞു.
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.