കോഴിക്കോട് നഗരസഭയിലെ വെങ്ങേരി വാര്‍ഡില്‍ ഒരു സര്‍വ്വേ നടന്നു. 2006ലായിരുന്നു അത്. പ്രോവിഡന്‍സ് വിമന്‍സ് കോളെജിലെ എന്‍ എസ് എസ് പ്രവര്‍ത്തകരാണ് സര്‍വ്വേ നടത്തിയത്. അതിലെ ഒരു കണ്ടെത്തല്‍ അവരെ ഞെട്ടിച്ചുകളഞ്ഞു; വാര്‍ഡിലെ 101 വീടുകളില്‍ മാത്രം എഴ് കാന്‍സര്‍ രോഗികള്‍! അതില്‍ അഞ്ചുപേരും സ്ത്രീകള്‍.
“സിനിമാ തിയ്യേറ്ററിലും റേഡിയോയിലും, ടി വിയിലുമൊക്കെ എപ്പോഴും പരസ്യങ്ങളാണ്, പുകവലിയും മദ്യപാനവുമൊക്കെ കാന്‍സറിന് കാരണമാകുമെന്ന്. എന്നാല്‍ കാന്‍സര്‍ രോഗികളെന്ന് കണ്ടെത്തിയ ഈ സ്ത്രീകളില്‍ ആര്‍ക്കും തന്നെ വലിയോ കുടിയോ ഒന്നുമുണ്ടായിരുന്നില്ല. അന്ന്, കാന്‍സര്‍ രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധധ ഞങ്ങളെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു,” വെങ്ങേരിയിലെ താമസക്കാരിയായ റീമ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.
ആ സര്‍വ്വേ ശരിക്കും കണ്ണുതുറപ്പിക്കുന്നതായിരുന്നു. എന്തെങ്കിലും ചെയ്‌തേ പറ്റൂ. ഇനിയും വൈകിക്കൂടാ.
പ്രദേശത്തെ 101 വീടുകളിലേയും ആളുകള്‍ ഒത്തുകൂടി, ഇതിനൊരു പ്രതിരോധമെന്ത് എന്ന് ചിന്തിച്ചു.
മുറ്റത്തൊരു വെണ്ടയോ പച്ചമുളകോ നട്ടുവെക്കാന്‍ മറന്നിട്ട് പതിറ്റാണ്ടുകളായിരുന്നു
അവര്‍ പല വിദഗ്ധരുടെയും സഹായം തേടി. വിശദമായ പഠനങ്ങള്‍ക്ക് ശേഷം അവര്‍ ചില സാധ്യതകള്‍ മുന്നോട്ടുവെച്ചു. വാര്‍ഡിലെ മിക്ക സ്ത്രീകളും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുകയാണ് പതിവ്. മാരകമായ വിഷപ്പുകയാണ് ഇത് പുറത്തുവിടുന്നത്. പിന്നെ, എല്ലാ വീട്ടിലും കഴിക്കുന്നത് വിപണിയില്‍ നിന്നും ലഭിക്കുന്ന രാസവിഷമാലിന്യങ്ങള്‍ നിറഞ്ഞ പച്ചക്കറികളും പഴങ്ങളും.
വെങ്ങേരിക്കാര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങി. നാട്ടിലെ കൃഷി ഏതാണ്ട് പൂര്‍ണമായും ഇല്ലാതായി കഴിഞ്ഞിരുന്നു. മുറ്റത്തൊരു വെണ്ടയോ പച്ചമുളകോ നട്ടുവെക്കാന്‍ മറന്നിട്ട് പതിറ്റാണ്ടുകളായിരുന്നു. ചെറുപ്പക്കാരൊക്കെ മെച്ചപ്പെട്ട ജോലിയും വിദ്യാഭ്യാസ സൗകര്യങ്ങളും തേടി നാടുവിട്ടുപോയിരുന്നു. പഴയ കൃഷിക്കാരൊക്കെ ഒന്നും ചെയ്യാതെ വീട്ടിലിരിപ്പായിരുന്നു.
വാര്‍ഡിലെ അഞ്ച് പേര്‍ ചേര്‍ന്ന് നിറവ് റെസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു. ബാബുരാജ് പറമ്പത്ത്, പി പി മോഹനന്‍, രാമനാഥന്‍ പി പി, സത്യനാഥന്‍, രാജീവ് ഇ പി ഇവരായിരുന്നു ആ തുടക്കക്കാര്‍.
“നാട്ടിലെ പഴയ കര്‍ഷകരൊക്കെ പറയുമായിരുന്നു, പണ്ട് അവര്‍ക്ക് ഒരു തുണ്ട് പ്ലാസ്റ്റിക്ക് ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്ന്. അവര്‍ സ്വന്തമായി നെല്ലും പഴവും പച്ചക്കറികളും ഉണ്ടാക്കി. മിക്കവാറും എല്ലാ വീടുകളിലും നല്ല അടുക്കളത്തോട്ടങ്ങളുണ്ടായിരുന്നു,” നിറവിലെ അംഗം കൂടിയായ റീമ പറഞ്ഞു.
ഇതുകൂടി വായിക്കാം: നാല് ബന്ധുക്കളെ കാന്‍സര്‍ കൊണ്ടുപോയപ്പോള്‍ 40 വര്‍ഷം ക്യാമറ പിടിച്ച മണി മണ്ണിലേക്കിറങ്ങി; പിന്നീട് സംഭവിച്ചത്
വളരെക്കുറച്ച് വര്‍ഷങ്ങള്‍കൊണ്ടാണ് അടുക്കളത്തോട്ടങ്ങള്‍ അപ്രത്യക്ഷമായത്. പ്ലാസ്റ്റിക്ക് വീടുകളിലെ അവശ്യവസ്തുവുമായി.
കാര്യങ്ങളുടെ പോക്ക് ശരിയല്ലെന്ന് മനസ്സിലായപ്പോള്‍ ഇനിയും വൈകാന്‍ കഴിയില്ലെന്ന് വെങ്ങേരിക്കാര്‍ തീരുമാനിച്ചു.
നിറവിന്‍റെ ആദ്യചുവട് മാലിന്യ സംസ്‌കരണത്തിലായിരുന്നു. ഓരോ വീട്ടിലുമുണ്ടാവുന്ന മാലിന്യങ്ങള്‍ വേര്‍തിരിക്കാന്‍ തുടങ്ങി. പ്ലാസ്റ്റിക്ക് പൂര്‍ണമായും ഒഴിവാക്കാനുള്ള പദ്ധതികള്‍ ഘട്ടംഘട്ടമായി നടപ്പാക്കി.
ഓരോ വീടിന്‍റെയും ചുറ്റുവട്ടം ശുചിയായി സൂക്ഷിക്കാനും പുനരുപയോഗം ചെയ്യാവുന്ന പ്ലാസ്റ്റിക്, ഗ്ലാസ്, ലോഹങ്ങള്‍ എന്നിവ ശേഖരിക്കാനും തുടങ്ങി. ഈ മാലിന്യങ്ങള്‍ റീസൈക്ലിങ്ങ് യൂനിറ്റുകളിലേക്ക് അയച്ചു.
അടുത്ത ഘട്ടം പ്രദേശത്തെ ആവശ്യത്തിനുള്ള ഭക്ഷണം അവിടെ തന്നെ ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയായിരുന്നു.
ജലഉപയോഗത്തിലും പ്രത്യേകം ശ്രദ്ധിക്കുന്നു. തുള്ളി നനയിലൂടെ വെള്ളം പാഴാക്കുന്നത് കുറയ്ക്കുന്നു.
“ആയിടയ്ക്കാണ് മലപ്പുറത്ത് ഒരു അപകടം നടന്നത്,” റീമ ഓര്‍മ്മിക്കുന്നു. “തമിഴ് നാട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് വെണ്ടയ്ക്കയും പച്ചക്കറികളും കയറ്റിവരികയായിരുന്ന ഒരു ലോറി ഒരു ജലാശയത്തിനടുത്ത് മറിഞ്ഞു. വെള്ളത്തിലേക്ക് വീണ പച്ചക്കറികളെല്ലാം വാരിയെടുത്തുവെങ്കിലും പിറ്റേന്ന് നോക്കുമ്പോള്‍ വെള്ളത്തില്‍ മീനുകളും തവളകളുമെല്ലാം ചത്തുപൊന്തിയിരിക്കുന്നു. ഈ സംഭവം പച്ചക്കറികളില്‍ എന്തുമാത്രം മാരക കീടനാശിനികളാണ് തളിക്കുന്നത് എന്ന് തെളിയിക്കുന്നതായിരുന്നു.”
ഈ സംഭവത്തോടെ പ്രദേശത്തെ ആളുകളെ ജൈവകൃഷിയെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നത് കൂടുതല്‍ എളുപ്പമായിത്തീര്‍ന്നു.
ഞങ്ങള്‍ വീടുകളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി.
ഇപ്പോള്‍ വാര്‍ഡിലെ കുടുംബങ്ങളുടെ എണ്ണം 140 ആയി. ഇവിടെ എല്ലാ മുറ്റത്തും ഇന്ന് പച്ചക്കറികൃഷിയുണ്ട്. വെണ്ടയും തക്കാളിയും ചുരയ്ക്കയും, ബീ്ന്‍സും, അമരക്കായും, വഴുതിനയും പച്ചമുളകും ഇലക്കറികളും പഴങ്ങളുമൊക്കെ വിളയിക്കുന്നുണ്ട്, നിറവിന്‍റെ പ്രവര്‍ത്തകര്‍ ആവേശത്തോടെ പറയുന്നു.
അടുക്കളയില്‍ നിന്നുള്ള ജൈവമാലിന്യങ്ങളും ചാണകവുമൊക്കെ മതി, ഒരു വീട്ടില്‍ ആവശ്യമുള്ളതിലധികം പച്ചക്കറിയുണ്ടാക്കാനാവും എന്ന് വെങ്ങേരിക്കാര്‍ തെളിയിച്ചുകഴിഞ്ഞു. ഒരു വീട്ടില്‍ ഹൈടെക് അക്വാപോണിക്‌സും ഉണ്ട്.
ഇതുകൂടി വായിക്കാം: വീടുണ്ടാക്കാന്‍ ബിയര്‍ ബോട്ടില്‍, ചിരട്ട, പ്ലാസ്റ്റിക് : ആക്രി കൊണ്ട് അല്‍ഭുതം തീര്‍ക്കുന്ന ആര്‍കിടെക്റ്റ്
എല്ലാ വീട്ടിലും കമ്പോസ്റ്റ് കുഴിയുണ്ട്. റീമയുടെ വീട്ടില്‍ ഒരു ബയോഗ്യാസ് പ്ലാന്‍റുമുണ്ട്. അതില്‍ നിന്നുള്ള സ്ലറി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പച്ചക്കറികള്‍ക്ക് ഒഴിച്ചുകൊടുക്കുന്നു. പലവീട്ടുകാര്‍ ചേര്‍ന്ന് ഇത്തരത്തില്‍ ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിച്ചിട്ടുമുണ്ട്.
കംപോസ്റ്റു കുഴികളില്‍ നിന്ന് ഓരോ 60 ദിവസം കൂടുന്തോറും മികച്ച ജൈവവളം ലഭിക്കും. ജലഉപയോഗത്തിലും പ്രത്യേകം ശ്രദ്ധിക്കുന്നു. തുള്ളി നനയിലൂടെ വെള്ളം പാഴാക്കുന്നത് കുറയ്ക്കുന്നു. ഗ്രോബാഗിലും ചട്ടികളിലുമായി വളരുന്ന പച്ചക്കറികള്‍ക്കും ശ്രദ്ധയോടെ വെള്ളം നനയ്ക്കുന്നു. ചെടിച്ചട്ടികളിലും ഗ്രോബാഗുകളിലും ചകിരികൊണ്ട് പുതയിട്ട് ബാഷ്പീകരണം മൂലമുളള ജലനഷ്ടം കുറയ്ക്കുന്നുമുണ്ട്.
ഓരോ വീട്ടിലും പലതരം പച്ചക്കറികള്‍ വിളയുന്നു. ആവശ്യത്തിലധികം വരുന്നത് പരസ്പരം കൈമാറുന്നു.
എല്ലാ വീട്ടിലും പച്ചക്കറികൃഷി തഴച്ചപ്പോള്‍ ഉൽപാദനം അധികമായി. അങ്ങനെ അവര്‍ നബാര്‍ഡിന്റെ സഹായത്തോടെ ഒരു ജൈവ ഉല്‍പന്ന ഷോപ്പും തുടങ്ങി.
ഒപ്പം എല്ലാവരും ഒരുമിച്ച് നെല്‍കൃഷിക്കും തുടക്കമിട്ടു. വെങ്ങേരിയിലെ ജനങ്ങളുടെ ആവേശവും ആത്മാര്‍ത്ഥതയും കണ്ട് മുതിര്‍ന്ന കര്‍ഷകര്‍ അവര്‍ പൊന്നുപോലെ സൂക്ഷിച്ചുവെച്ച വിത്തുകളും കൃഷിയറിവുകളും സന്തോഷത്തോടെ കൈമാറി.
നാടന്‍ വിത്തുകള്‍ ശേഖരിക്കുന്നതിലും കൈമാറുന്നതിലും സംരക്ഷിക്കുന്നതിലും അവര്‍ പ്രത്യേകം ശ്രദ്ധ വെച്ചു.
ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരെ രാജ്യത്ത് വ്യാപകമായ പ്രതിഷേധങ്ങളുയര്‍ന്നുവന്നപ്പോള്‍ വെങ്ങേരിയുടെ പ്രതിരോധം വ്യത്യസ്തമായിരുന്നു.
അവര്‍ മറവിയിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു നാടന്‍ വഴുതന വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടായിരുന്നു അത്. ഇന്ന് വെങ്ങേരി വഴുതന എന്ന് പ്രശസ്തമായ നീളന്‍ ഇനമായിരുന്നു അത്. ഒരു ലക്ഷത്തോളം വിത്തുകളാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവര്‍ വിതരണം ചെയ്തത്.
നല്ല രുചിയും മികച്ച വിളവും നല്‍കുന്ന വെങ്ങേരി വഴുതനയുടെ പേരില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല നിറവിന് സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് നല്‍കി അനുമോദിക്കുകയും ചെയ്തു. അടുക്കളത്തോട്ടത്തിന് വളരെ യോജിച്ചതും നല്ല നീളം വെയ്ക്കുന്നതുമായ (44 cm വരെ നീളം വെയ്ക്കുമെന്നാണ് പഠനങ്ങള്‍) ഈ വയലറ്റ് വഴുതനയുടെ ഖ്യാതി കടല്‍ കടക്കുകയും ചെയ്തു. ഒരു വഴുതനച്ചെടിയില്‍ നിന്ന് ശരാശരി 1.75 കിലോഗ്രാം വരെ വിളവ് ലഭിക്കുമെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ പഠനത്തില്‍ പറയുന്നു.
നിറവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് 2008ല്‍ അര്‍ഹിക്കുന്ന അംഗീകാരം തന്നെ തേടിയെത്തി. കേരളത്തിലെ ആദ്യത്തെ ഓര്‍ഗാനിക് വാര്‍ഡായി വെങ്ങേരിയെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2010ല്‍ കേരളത്തിന്‍റെ ജൈവകൃഷി നയം മുഖ്യമന്ത്രി പ്രഖ്യാപിച്ചത് വെങ്ങേരിയില്‍ വെച്ചായിരുന്നു.
പതിയെപ്പതിയെ കൃഷിയുടെ ആവേശം യുവാക്കളിലേക്കും കുട്ടികളിലേക്കും പടര്‍ന്നു. രണ്ട് വര്‍ഷം മുമ്പ് നിറവിന് ഔപചാരികമായ സംഘടനാരൂപമായി. രെജിസ്റ്റര്‍ ചെയ്തു. നിറവ് അവരുടെ വാര്‍ഡിന്‍റെ പരിധിക്ക് പുറത്തേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ തുടങ്ങി. നിറവ് മാതൃക പല ഗ്രാമങ്ങളും വാര്‍ഡുകളും പിന്തുടര്‍ന്നു. അതിനെല്ലാം പിന്തുണയും പരിശീലനവുമായി നിറവിന്‍റെ പ്രവര്‍ത്തകര്‍ എത്തി.
പൊതുകുളങ്ങള്‍ വൃത്തിയാക്കാനും തുള്ളിനന സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും മഴവെള്ളക്കൊയ്ത്തിനും സൗരോര്‍ജ്ജപ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനും ബയോഗ്യാസ് പ്ലാന്‍റുകള്‍ ഉണ്ടാക്കാനുമൊക്കെ നിറവ് പഞ്ചായത്തുകളെയും സംഘടനകളെയും സഹായിക്കാന്‍ തുടങ്ങി. എല്‍ ഇ ഡി ബള്‍ബുകള്‍ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഇതുകൂടി വായിക്കാം: ഈ ‘വനംമന്ത്രി’യുടെ വീട്ടിലെത്തുന്നത് പാമ്പുകള്‍, മയിലുകള്‍, 30 ഇനം പക്ഷികള്‍: ഔദ്യോഗിക വാഹനം വൃക്ഷത്തൈകളുമായി കറങ്ങുന്ന ഓട്ടോറിക്ഷ
ഇപ്പോള്‍ വെങ്ങേരിക്കാരും നിറവും ചേര്‍ന്ന് 63 ഏക്കറില്‍ ജൈവകൃഷി നടത്തുന്നു. എന്നാല്‍ അവര്‍ പകർന്ന ആവേശവും ഊര്‍ജ്ജവും ഇതിനേക്കാളൊക്കെ വളരെ വലുതാണ്. കേരളം മുഴുവനും പ്ലാസ്റ്റിക്കും രാസമാലിന്യങ്ങളും പുറംതള്ളാത്ത പ്രകൃതി ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനും വിഷരഹിത കൃഷി വ്യാപിപ്പിക്കുന്നതിനും അവര്‍ നല്‍കുന്ന സംഭാവനകള്‍ ആ ചെറിയ വാര്‍ഡില്‍ ഒതുങ്ങുന്നതല്ല.
*
നിറവിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ niravuvengerikzd@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം. നിറവിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കാം.