മലയും പുഴയും നൂറ്റാണ്ടുകളായി കാത്തുപോന്നവര്‍ ‘അടാവി’യും കടന്നുവരുന്നു; കാട്ടില്‍ നിന്നും ആവശ്യത്തിന് മാത്രമെടുത്ത്, പ്രകൃതിയെ നോവിക്കാത്ത ഉല്‍പന്നങ്ങളുമായി

“വാഴച്ചാലിലും പുകലപ്പാറയിലും കരകൗശല വിദഗ്ധരുണ്ട്. ഇവിടുത്തെ സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ഈറ്റയിലും മുളയിലും കരകൗശല ഉത്പന്നങ്ങളുണ്ടാക്കും.

പി റന്നുവീണ മണ്ണിന്‍റെ, കളിച്ചു വളര്‍ന്ന കാടിന്‍റെ, പുഴയോരത്തിന്‍റെ, കാവല്‍ക്കാരാണിവര്‍. കാടിനെയും കാട്ടുചോലകളെയും ആശ്രയിച്ചുകഴിയുന്നവര്‍, കാട്ടുപഴങ്ങളും കിഴങ്ങുകളും വിഭവങ്ങളും ആവശ്യത്തിന് മാത്രം ഉപയോഗിച്ച് ജീവിതം പുലര്‍ത്തുന്ന ഒരു കൂട്ടം മനുഷ്യര്‍.

പ്രകൃതിയോട് ഇണങ്ങനാല്ലാതെ പിണങ്ങാനറിയാത്തവര്‍. അവരാണ് കാടിനെയും പുഴകളെയും നൂറ്റാണ്ടുകളായി സംരക്ഷിച്ചുപോരുന്നവര്‍. അവരില്ലാതെ പരിസ്ഥിതിസംരക്ഷണവുമില്ല.  ഊരിലെ സ്ത്രീകളുണ്ടാക്കുന്ന പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങളിലൂടെ അവര്‍ സാമ്പത്തിക സ്വാതന്ത്ര്യം മാത്രമല്ല നേടുന്നത്. സ്വന്തം ഊരിന്‍റെയും പ്രകൃതിയുടെയും സംരക്ഷകരാകുക കൂടിയാണ്.

ചാലക്കുടി-കരുവന്നൂര്‍ പുഴയോരങ്ങളിലെ നാലു ആദിവാസി ഗ്രാമങ്ങളിലെ സ്ത്രീകളാണ് ജീവിതത്തില്‍ പുതിയ വസന്തം നിറയ്ക്കുന്നത്. വീടും വീട്ടുകാരും മാത്രമായി ചേര്‍ന്നു ജീവിച്ചിരുന്നവര്‍, കാടിന്‍റെ രുചികളിലൂടെയും കരകൗശല ഉത്പന്നങ്ങളിലൂടെയുമൊക്കെയാണ് നഗരങ്ങളിലേക്ക് നടന്നുവരുന്നത്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനൊപ്പം നമുക്ക് ഗ്രാമങ്ങളിലെ കരകൗശല നിര്‍മ്മാതാക്കളെ സഹായിക്കുകയും ചെയ്യാം. സന്ദര്‍ശിക്കൂ: karnival.com

ഇവര്‍ക്ക് വഴികാട്ടിയായി കൂടെയെത്തിയിരിക്കുന്നതും ഒരു സ്ത്രീയാണ്. ചാലക്കുടി പുഴസംരക്ഷണ പ്രവര്‍ത്തകയായിരുന്ന ഡോ.ലതയോട് ചേര്‍ന്നുനിന്നിരുന്ന ഡോ. മഞ്ജു വാസുദേവാണ് ഊരുകളിലെ സ്ത്രീകള്‍ക്കൊപ്പമുള്ളത്.

പല വര്‍ണങ്ങളിലുള്ള തുണിസഞ്ചികളും പേഴ്സുകളും, ആരെയും കൊതിപ്പിക്കുന്ന മാലകളും കൊലുസുകളുമൊക്കെയായി കുറേ ആഭരണങ്ങള്‍, കണ്ണാടി ചില്ലുകള്‍ നിറഞ്ഞിരിക്കുന്ന പോലുള്ള കണ്ണാടി പായ, തേന്‍മെഴുക് സോപ്പ്, ലിപ് ബാം, മുളങ്കുട്ടകള്‍, ചെടിപാത്രങ്ങള്‍, പായകള്‍… ഇങ്ങനെ ഒരുപാട് ഉത്പന്നങ്ങള്‍ ഈ ആദിവാസി സ്ത്രീകളുണ്ടാക്കി വില്‍ക്കുന്നുണ്ട്. പിന്നെ കാട്ടുമുന്തിരി (വള്ളിമാങ്ങ) പോലുള്ള അപൂര്‍വ്വവനവിഭവങ്ങളും മൂല്യവര്‍ദ്ധിത വസ്തുക്കളും.

‘അടാവി കളക്ടീവ്’ എന്ന പേരിലാണ് അവര്‍ ഈ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.

തൃശൂരിലെ വാഴച്ചാല്‍, കാരിക്കടവ്, അടിച്ചില്‍ത്തൊട്ടി, ആനപ്പാന്തം എന്നിവിടങ്ങളിലെ കാടര്‍, മലയര്‍, മുതുവാന്‍ വിഭാഗങ്ങളിലെ സ്ത്രീകളാണ് ഈ കൂട്ടായ്മയിലുള്ളത്. അവര്‍ പരമ്പരാഗതമായി ഉണ്ടാക്കിക്കൊണ്ടിരുന്ന ഉല്പന്നങ്ങള്‍ പുതിയ കാലത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് വിപണിയിലെത്തിക്കുന്നത്. ഡിസൈനിലും മറ്റും വരുത്തേണ്ടി മാറ്റങ്ങള്‍ക്കായുള്ള  പരിശീലനം  പുഴ ഗവേഷണകേന്ദ്രം പ്രവര്‍ത്തകയായ മഞ്ജുവിന്‍റെ നേതൃത്വത്തില്‍ നല്‍കി.

“വനവിഭവങ്ങള്‍ ശേഖരിച്ചാണ് ഈ ഊരുകളിലെ സ്ത്രീകള്‍ക്ക് വരുമാനം കണ്ടെത്തിയിരിക്കുന്നത്. കാട്ടു തേനും തേന്‍മെഴുകും തെളിയും ഈറ്റയുമൊക്കെയാണ് ഈ സ്ത്രീകള്‍ക്ക് വരുമാനം നേടിക്കൊടുക്കുന്നത്,” ഡോ. മ‌ഞ്ജു വാസുദേവ് പറയുന്നു.

പരിശീലനക്ലാസില്‍

“പുഴയും കാടുമൊക്കെ സംരക്ഷിക്കാന്‍ ആദിവാസികളിലൂടെയാണ് സാധിക്കുക,” ഡോ. മഞ്ജു വാസുദേവ് പറഞ്ഞു. കാടിനോട് ചേര്‍ന്നുനിന്നു എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള സാഹചര്യമൊരുക്കുകയാണ് വേണ്ടത്. “കാടിനോട് ചേര്‍ന്ന്, കാടിനെ ആശ്രയിച്ചു ജീവിച്ചാല്‍ അവരില്‍ നിന്നു പുഴയെയും കാടിനെയുമൊന്നും അടര്‍ത്തിമാറ്റാനാവില്ലല്ലോ.”

തേനും തേന്‍മെഴുകും ഔഷധസസ്യങ്ങളുമൊക്കെ കാലങ്ങളായി ആദിവാസികള്‍ ശേഖരിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്.

“കുറേ പൈസയും കിട്ടും. പക്ഷേ അതില്‍ നിന്നൊക്കെയുള്ള വരുമാനം കുടുംബങ്ങളിലെ ആണുങ്ങളിലേക്കാണെത്തുന്നത്. മദ്യപിക്കാനൊക്കെയാകും പലരും ഈ പൈസയൊക്കെ ഉപയോഗിക്കുന്നത്. അതിലൂടെ സ്ത്രീകള്‍ക്ക് ഗുണവുമുണ്ടാകുന്നില്ല,” ഡോ. മഞ്ജു പറഞ്ഞു.

ഫോട്ടോ – അടാവി ഫേസ്ബുക്ക് പേജ്

അങ്ങനെയാണ് സത്രീകള്‍ക്ക് പ്രാധാന്യം നല്‍കുക, അങ്ങനെ കാടിനെ ആശ്രയിച്ചു ജീവിക്കുന്നവരിലൂടെ കാടിനെ സംരക്ഷിക്കുക, ചാലക്കുടി പുഴ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലേക്കെത്തുന്നത്.

“കാട്ടില്‍ ജീവിക്കുന്ന ആദിവാസികള്‍ക്ക് കാട് എന്തൊക്കെയോ നല്‍കുന്നുണ്ടെന്നൊക്കെ തോന്നിയാല്‍ അവരും കാടിനൊപ്പം നില്‍ക്കും. കാടര് കാട്ടില്‍ നിന്ന് പോകാതെയിരുന്നാല്‍ ആരും കാട്ടിലേക്ക് അതിക്രമിച്ചെത്തില്ല.

“വാഴച്ചാല്‍ ഊരില്‍ നിന്നു തന്നെയായിരുന്നു തുടക്കം കുറിക്കുന്നത്. വാഴച്ചാലിലെ കാടര്‍ക്കാണല്ലോ സമൂഹ വനവകാശനിയമം ലഭിച്ചിരിക്കുന്നത്. ഇതിനു വേണ്ടി ഡോ. ലത കുറേ പരിശ്രമിച്ചിരുന്നു.

“ഈ നിയമം അനുസരിച്ച് ആ കാട്ടില്‍ നിന്നു അവരെ ഒഴിപ്പിക്കാനാകില്ല. വികസനത്തിന്‍റെയോ മറ്റെന്തെങ്കിലിന്‍റെയോ പേരില്‍ അവരെ കാട്ടില്‍നിന്നു മാറ്റിപ്പാര്‍പ്പിക്കാനാകില്ല. വനാവകാശ നിയമത്തിന്‍റെ ഗുണമാണത്. ഇതനുസരിച്ച് അങ്ങനെ വല്ലതും ചെയ്യണമെങ്കില്‍ ആ കമ്മ്യൂണിറ്റിക്കാരുടെ സമ്മതം വേണം.

” ഡാം വരുന്നുവെന്നു പറയുമ്പോള്‍ ഗീതയ്ക്കൊക്കെ*  ശക്തമായി നോ പറയാനും ഈ നിയമത്തിലൂടെ സാധിക്കുമിപ്പോള്‍,” അവര്‍ പറഞ്ഞു.

(*വാഴച്ചാല്‍ ഊരിന്‍റെ ആദ്യമൂപ്പത്തിയാണ് ഗീത. വനത്തിനും പുഴയ്ക്കും ആദിവാസികളുടെ നിലനില്‍പിനും വേണ്ടി ശക്തമായി ഉയര്‍ന്ന ശബ്ദം. ഗീതയുടെ  ആവേശമുണര്‍ത്തുന്ന ജീവിതകഥ നേരത്തെ ടി ബി ഐ പ്രസിദ്ധീകരിച്ചിരുന്നു. അതിവിടെ വായിക്കാം.)

“കാടിനെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് കാട് ഉപേക്ഷിച്ച് പോകുന്നത് ബുദ്ധിമുട്ടാണ്. ആര്‍ക്കായാലും സ്വന്തം വീടും നാടും ഉപേക്ഷിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണല്ലോ.

“ഇങ്ങനെയൊക്കെയുള്ള ഒരു സാഹചര്യത്തില്‍ അവിടെയുള്ള സ്ത്രീകള്‍ക്കൊരു വരുമാനമാര്‍ഗം ഒരുക്കുകയെന്നാണ് കരുതിയത്. പദ്ധതി വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്താം. ഇതൊക്കെയാണ് കരുതിയിരുന്നത്. സ്ത്രീകളെ സ്വയം സംരംഭകരാക്കുകയാണ് വേണ്ടതെന്നു നേരത്തെ തിരിച്ചറിഞ്ഞിരുന്നു.” മഞ്ജു പറയുന്നു.

“മലക്കപ്പാറയ്ക്ക് സമീപത്ത്, അടിച്ചില്‍ത്തൊട്ടി ആദിവാസി ഊരിലെ മുതുവാന്‍ സ്ത്രീകള്‍ പാരമ്പര്യമായി കുട്ടയും പായയും വട്ടിയുമൊക്കെ നെയ്യുന്നവരാണ്. ഈറ്റ ഉപയോഗിച്ചാണ് അടിച്ചില്‍ത്തൊട്ടി ഊരിലെ സ്ത്രീകള്‍ ഇതൊക്കെയുണ്ടാക്കുന്നത്. ഇവര്‍ക്കിതൊക്കെ നേരത്തെ അറിയാം.


ഇതുകൂടി വായിക്കാം: ‘വീട്ടില്‍ ബോംബിടുമെന്ന് അവര്‍, അതിനുള്ള ചങ്കൂറ്റം നിങ്ങള്‍ക്കില്ലെന്ന് ഞാനും’: കാടിനും പുഴയ്ക്കും ഊരിനും കാവലായി ഒരു പെണ്ണ്


“ഇവര്‍ക്ക് നേരത്തെ പരിശീലന ക്ലാസ് കിട്ടിയിട്ടുമുണ്ട്. നേരത്തെ എന്‍റെയൊരു സുഹൃത്തിന്‍റെ നേതൃത്വത്തില്‍ വയനാട്ടിലെ ഉറവ് അവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. (പരമ്പരാഗത മുളനിര്‍മ്മാതാക്കളെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിച്ച ഉറവിന്‍റെ വിജയകഥ ഇവിടെ വായിക്കാം)

“അതിനു മുന്‍പു ഒരു ടീം ഈറ്റ ട്രീറ്റ് ചെയ്യുന്നതിനെക്കുറിച്ചൊക്കെ മലക്കപ്പാറയില്‍ വച്ച് പരിശീലനം നല്‍കിയിട്ടുമുണ്ട്. ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി കീസ്റ്റോണ്‍ ഫൗണ്ടേഷനാണ് ഫണ്ട് നല്‍കി സഹായിക്കുന്നത്,” അവര്‍ കൂട്ടിച്ചേര്‍ത്തു.

അടിച്ചില്‍ത്തൊട്ടി ഊരിലെ കുട്ട നെയ്ത്തുകാരി ഫോട്ടോ- ഫേസ്ബുക്ക് അടാവി

അടിച്ചില്‍ത്തൊട്ടിക്കാര്‍ നെയ്യുന്ന കുട്ടയും പായയുമൊക്കെ മലക്കപ്പാറയില്‍ കൊണ്ടുപോയാണ് വില്‍ക്കുന്നത്.

“പായയും കുട്ടയുമൊക്കെയുണ്ടാക്കുന്നത് ഇവര്‍ക്ക് ഒരു ഹോബി പോലെയാണ്. വീട്ടില്‍ വെറുതേ ഇരിക്കുന്ന നേരങ്ങളിലൊക്കെയാണ് അവരിതൊക്കെ ചെയ്യുന്നത്. പാരമ്പര്യമായി ഈറ്റ നെയ്ത്താണിവര്‍ ചെയ്യുന്നത്,” ഡോ. മഞ്ജു തുടരുന്നു.

അവര്‍ പരമ്പരാഗതമായി ഉണ്ടാക്കിയിരുന്ന ഈറ്റ ഉല്‍പന്നങ്ങള്‍ മെച്ചപ്പെടുത്താനുള്ള പരിശീലനം കൊടുക്കുന്നതിനൊപ്പം അടാവി ചില സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. ഈറ്റയില്‍ നിറങ്ങള്‍ നല്‍കി കൂടുതല്‍ ആകര്‍ഷകമാക്കുന്നതായിരുന്നു അതിലൊന്ന്. “അവര്‍ക്ക് അതൊക്കെ അറിയാം. പക്ഷേ നിറങ്ങളൊന്നും കൈയില്‍ ഇല്ലായിരുന്നു. കുറച്ച് ഡിസൈനിങ്ങും പറഞ്ഞു കൊടുത്തു. കൂടെ കുറച്ചു നിര്‍ദേശങ്ങളും നല്‍കി,” ഡോ. മഞ്ജു അതിനെക്കുറിച്ച് പറഞ്ഞു.

ശതാവരി അച്ചാറുണ്ടാക്കുകയാണ് ചാലക്കുടി പുഴയുടെ തീരത്തെ ഊരിലെ സ്ത്രീകള്‍ ഫോട്ടോ – ഫേസ്ബുക്ക് അടാവി

“വലിയ പായ നെയ്യുന്നതിന് പകരം ചെറിയ ടേബിള്‍ മാറ്റ്, നിലത്ത് വിരിക്കാവുന്ന കൊച്ചു പായകള്‍, ചെറിയ കസേരകള്‍ അങ്ങനെ ചിലതൊക്കെ നെയ്യാന്‍ പറഞ്ഞു. പിന്നെ ഇവരുടെ മാസ്റ്റര്‍പീസ് ആണ് കണ്ണാടിപ്പായ. കണ്ടാല്‍ അതില്‍ നിറയെ കണ്ണാടികളുള്ള പോലെ തോന്നും. നല്ല ഭംഗിയാണിത്. അതുണ്ടാക്കാനും പറഞ്ഞു.

“ഇതൊന്നും അവര്‍ക്ക് പഠിപ്പിച്ചു കൊടുക്കേണ്ട… അതൊക്കെ നെയ്യാന്‍ അവര്‍ക്ക് അറിയാം. പക്ഷേ കൂടുതല്‍ ആളുകള്‍ വാങ്ങുന്ന തരത്തിലേക്ക് ഡിസൈനിങ്ങില്‍ അല്‍പ്പം മാറ്റം വരുത്തണമെന്നു മാത്രം പറഞ്ഞു.

“അതിപ്പോ വലിയ നീളമുള്ള കണ്ണാടിപ്പായകള്‍ വേണ്ട, വലിയ കുട്ടകള്‍ വേണ്ട എന്നൊക്കെ. പകരം ചെറുതാണെങ്കില്‍ കൂടുതല്‍പ്പേരിലേക്കെത്തിക്കാം. കമ്മലും കുഞ്ഞു മുത്തുകളുമൊക്കെ ഇടാന്‍ പറ്റുന്ന കുഞ്ഞു കുട്ടകളൊക്കെ നിര്‍മിച്ചാല്‍ കൂടുതല്‍ ആളുകള്‍ വാങ്ങും. ഇങ്ങനെ ചില നിര്‍ദേശങ്ങള്‍ മാത്രമേ നമ്മള്‍ നല്‍കിയുള്ളൂ,” മഞ്ജു കൂട്ടിച്ചേര്‍ത്തു.

കണ്ണാടിപ്പായ

മുതുവാന്‍ ഗോത്രക്കാരാണ് കുട്ടയും പായയും നെയ്യുന്നതില്‍ അസാമാന്യ പ്രതിഭയുള്ളവര്‍ എന്ന് മഞ്ജു പറയുന്നു.മുതുവാന്‍മാരില്‍ ഭൂരിഭാഗം പേരും മനോഹരമായി കുട്ടയും പായയുമൊക്കെ നെയ്തുണ്ടാക്കും. അടാവി ഗ്രൂപ്പില്‍ അവരുടെ കൂട്ടത്തില്‍ നിന്നും ഏഴു പേരുണ്ട്.


അവര്‍ക്ക് തോന്നുമ്പോള്‍ അവര് മെടയും.. അല്ലാതെ കൃത്യമായി ഓരോ ദിവസവും ഇത്രയെണ്ണം പായയും കുട്ടയുമൊന്നും അവരുണ്ടാക്കില്ല.


‍”ഞാന്‍ ചെല്ലുമ്പോള്‍ ചിലപ്പോഴെനിക്ക് ഒരാള് പത്ത് പായ നല്‍കും. മറ്റൊരാള്‍ ഒരു കുട്ട മാത്രം നല്‍കിയെന്നും വരും. പായയും കുട്ടയുമൊക്കെ നെയ്യുന്നത് ഇവര്‍ക്ക് ഒരു ഹോബി പോലെയാണ്.

“അടിച്ചില്‍ത്തൊട്ടി ബാംബൂ വിവേഴ്സ് ഗ്രൂപ്പ്–ഇങ്ങനെയാണിവരെ പറയുന്നത്. അല്ലാതെ ഇവരുടെ ഗ്രൂപ്പിന് പേരൊന്നും ഇട്ടിട്ടില്ല. ഈ സംഘത്തില്‍ ചെറുപ്പക്കാര്‍ ഒന്നോ രണ്ടോ ഉണ്ടാകൂ. കൂടുതല്‍ 45 വയസിന് മുകളിലുള്ളവരാണ്,” ഡോ. മഞ്ജു പറഞ്ഞു.

കരകൗശല ഉത്പന്നങ്ങള്‍ മാത്രമല്ല കൃഷിയും ചെയ്യുന്നുണ്ട്. കുരുമുളകും കാപ്പിയും മഞ്ഞക്കൂവയുമാണിവരുടെ പ്രധാന കൃഷി. ഇതൊക്കെ മലക്കപ്പാറയില്‍ കൊണ്ടുപോയി വില്‍ക്കുകയാണ് പതിവ്.

“ഈ ഊരിലെ സ്ത്രീകളില്‍ ചിലര്‍ ചാലക്കുടി വരെ വരും. എന്നാല്‍ ഇത്രയും സാധനങ്ങളുമൊക്കെയായി പോകുന്നതും അതിന്‍റെ കണക്ക് നോക്കുന്നതും ബില്‍ അടക്കുന്നതുമൊക്കെ അല്‍പ്പം ബുദ്ധിമുട്ടാണവര്‍ക്ക്.

“അവര്‍ക്ക് ബാങ്ക് അക്കൗണ്ട് ഒന്നുമില്ല. അതൊന്നും വേണ്ട.. അതിനൊന്നും പറ്റില്ലെന്ന് അവര്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. കൈയില്‍ കാശ് വെച്ച് കാര്യങ്ങളൊക്കെ നടത്തുകയാണ് അവരുടെ പതിവും ശീലവും. അവര്‍ക്കുള്ള വരുമാനം മുന്‍ക്കൂട്ടി കൊടുക്കുകയാണ് പതിവ്.”

പ്രദര്‍ശനങ്ങളിലൂടെയാണ് അടാവി ഈ ഊരുകളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ കൂടുതലായി വില്‍ക്കുന്നത്. ഇതിന് പുറമെ, തൃശൂരിലെ അഗ്രോ ഹൈപ്പര്‍ ബസാര്‍ എന്ന സര്‍ക്കാര്‍ സംവിധാനത്തിലൂടെയും വില്‍പന നടക്കുന്നുണ്ട്.

ഫോട്ടോ – ഫേസ്ബുക്ക് അടാവി

ആദിവാസി ഊരുകളില്‍ നിന്നു ഉത്പന്നങ്ങളെടുക്കാന്‍ അഗ്രോ ബസാര്‍ താത്പ്പര്യം പ്രകടിപ്പിച്ചതിനൊരു കാരണമുണ്ട്. അക്കാര്യത്തെക്കുറിച്ച് മഞ്ജു പറയുന്നു. “സാധാരണ വയനാട്ടില്‍ നിന്നാണ് അഗ്രോ ബസാറിലേക്കുള്ള ഉത്പന്നങ്ങള്‍ വാങ്ങിയിരുന്നത്.

“തൃശൂര്‍ ജില്ലയില്‍ നിന്നു തന്നെ കിട്ടുകയാണെങ്കില്‍ നല്ലതല്ലേയെന്നാണ് അവര്‍ ചോദിക്കുന്നത്. ഇവിടെയുണ്ടാക്കിയ കുട്ടകളൊക്കെ അവര്‍ക്ക് കൊടുത്തു. മുഴുവനും അവര് വാങ്ങുകയും ചെയ്തു.

“വാഴച്ചാലിലും പുകലപ്പാറയിലും കരകൗശല വിദഗ്ധരുണ്ട്. ഇവിടുത്തെ സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ഈറ്റയിലും മുളയിലും കരകൗശല ഉത്പന്നങ്ങളുണ്ടാക്കും.

“ചെടി തൂക്കിയിടാവുന്ന വസ്തുക്കള്‍, മഴത്തുള്ളി കിലുക്കം എന്നൊക്കെ വിളിക്കുന്ന ചില ഉത്പന്നങ്ങളൊക്കെയാണ് ഇവരുണ്ടാക്കുന്നത്…

കരകൗശല നിര്‍മാണത്തിനിടെ

“ഊരുകളിലുള്ളവരുടെ സഹകരണത്തോടെ ഞാവല്‍ ഫെസ്റ്റും റോ മാംഗോ ഫെസ്റ്റും നടത്തിയിട്ടുണ്ട്. ഏറെ ശ്രദ്ധ കിട്ടിയ പരിപാടികളായിരുന്നു ഇതുരണ്ടും.

“രണ്ട് വര്‍ഷം ഞാവല്‍ ഫെസ്റ്റ് നടത്തിയിട്ടുണ്ട്. നാരങ്ങയും പഞ്ചസാരയും മാത്രം അവര്‍ക്ക് കൊടുത്തു. അവരുത്പന്നങ്ങളുണ്ടാക്കി. ആ പരിപാടി വലിയ വിജയമായിരുന്നു. കാട്ടില്‍ നിന്ന് എടുത്ത ഞാവലിലാണ് ഉത്പന്നങ്ങളുണ്ടാക്കിയത്. ഊരിലുള്ളവര്‍ക്കും ഇതൊരു പുതിയ അനുഭവമായിരുന്നു.

“റോ മാംഗോ ഫെസ്റ്റില്‍ ജീരകപ്പൊടിയും പഞ്ചസാരയുമൊക്കെയിട്ട് പച്ചമാങ്ങ ജ്യൂസ് തയാറാക്കി വിറ്റിരുന്നു. ഇതിനൊക്കെ എല്ലാവരും സഹകരിക്കും. നമ്മള് കൂടെ നിന്നാല്‍ മാത്രം മതിയായിരുന്നു,” മഞ്ജു കൂട്ടിച്ചേര്‍ത്തു.

കാരിക്കടവ്, കരിവണ്ണൂര്‍ പുഴ തീരത്തുള്ളവരാണ് ആനപാന്തം ഊരുകാര്‍. കാടര്‍ സ്ത്രീകളാണിവിടെയുള്ളത്.അവിടെയുള്ള അഞ്ചാറ് യുവതികള്‍ക്ക് നേരത്തെ തയ്യല്‍ പരിശീലനം കിട്ടിയിട്ടുണ്ട്. “ട്രെന്‍ഡി ആയിട്ടുള്ള ഡിസൈനര്‍ ഉത്പന്നങ്ങള്‍, ബാഗുകള്‍, പൗച്ചുകള്‍, ആഭരണങ്ങള്‍ ഇതൊക്കെ ഇവരുണ്ടാക്കും,” മഞ്ജു പറയുന്നു.

“… ഇവരുണ്ടാക്കുന്ന ആഭരണങ്ങള്‍ നല്ല ഭംഗിയുള്ളതാണ്. അത് ശ്രദ്ധിക്കപ്പെടുകയാണെങ്കില്‍ ഇവര്‍ക്ക് നല്ല വരുമാനം കിട്ടും…ഈ ആഭരണങ്ങളുടെ നൂലും മറ്റുമൊക്കെ വാങ്ങാന്‍ നല്ല കാശ് ചെലവാണ്. ഇപ്പോ നമ്മളാണ് റോ മെറ്റീരിയല്‍സ് കൊടുക്കുന്നത്,” അവര്‍ വിശദമാക്കി.

ഫോട്ടോ – ഫേസ്ബുക്ക് അടാവി

അടാവിയുടെ കൂട്ടത്തില്‍ കാരിക്കടവ് ഊരിലുള്ളവരാണ് തേന്‍ മെഴുക് ഉണ്ടാക്കുന്നത്. തേന്‍ സോപ്പുകള്‍, മോയിസ്ച്ചുറൈസിങ് ക്രീമുകള്‍, ജാമുകള്‍, ഈന്ത് പൊടി, പലതരം അച്ചാറുകള്‍… ഇതൊക്കെയാണ് ഇവര്‍ ചെയ്യുന്നത്.

“നെല്ലിക്ക, വടുകപ്പുള്ളി അച്ചാറുകളാണ് നാടന്‍ ശൈലിയില്‍ തയാറാക്കുന്നത്. വയനാട്ടിലും നിലമ്പൂരിലുമൊക്കെയുള്ള ഈന്തിന്‍റെ പൊടിയും വില്‍ക്കുന്നുണ്ട്.

“ഇതിന്‍റെ തൊണ്ട് കളഞ്ഞ്, ഏഴു ദിവസം ഒഴുകുന്ന വെള്ളത്തില്‍ കെട്ടിയിടും. പിന്നീട് അതെടുത്ത് ഉണക്കിപ്പൊടിച്ചാണ് ഈന്ത്പ്പൊടിയുണ്ടാക്കുന്നത്. നല്ല വിലയാണിതിന്. 250 ഗ്രാമിന് 280 രൂപ. കാട്ടില്‍ നിന്ന് അധികമൊന്നും ഈന്ത് കിട്ടില്ല. ഇതുകൊണ്ട് പുട്ടൊക്കെയുണ്ടാക്കും. ആദിവാസികളുടെ ഇഷ്ട ഭക്ഷണമാണിത്.” കോഴിക്കോടെ എലമെന്‍റ്സ് ഗ്രൂപ്പ് ഇതു വാങ്ങാമെന്നു പറഞ്ഞിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

ഫോട്ടോ- ഫേസ്ബുക്ക്

തുടക്കത്തില്‍ വീട്ടുമുറ്റങ്ങളില്‍ അടുപ്പ് കൂട്ടിയാണ് ഇതൊക്കെയുണ്ടാക്കിയിരുന്നത്. സാധാരണ വിറകടുപ്പാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വലിയ ഗ്യാസ് സ്റ്റൗവുമൊക്കെ വാങ്ങിയിട്ടുണ്ട്, എന്ന് അടാവിയുടെ പ്രവര്‍ത്തകര്‍ പറയുന്നു.

“സ്ഥലപരിമിതി ഇവിടെ വലിയൊരു പ്രശ്നം തന്നെയാണ്. കാടര്‍ക്ക് സ്ഥലം ഒരു പ്രശ്നമല്ല. അവര്‍ക്ക് വീടുകളില്‍ തന്നെ ഉത്പന്നങ്ങളുണ്ടാക്കാനുള്ള പറമ്പൊക്കെയുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. അതുകൊണ്ട് വീടിന്‍റെ മുറ്റമൊന്നും ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കില്ല.” ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അടാവിയുടെ പ്രവര്‍ത്തകര്‍.

“ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഒരു വീട് വെറുതേ കിടക്കുന്നുണ്ട്. അതു കിട്ടാനുള്ള ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നു മാത്രം. സ്ഥലമില്ലെന്ന പ്രശ്നം കൂടി പരിഹരിക്കാനുണ്ട്.


ഇതുകൂടി വായിക്കാം: “അരിമി പൊട്ടു ഞൊര്‍ണ്ണി, അനിമ്പു മെറ്റി പൊരുള് മിച്ചി”: ഈ രഹസ്യ ഭാഷക്ക് ലിപിയുണ്ടാക്കിയത് ഇടുക്കിയിലെ 17കാരന്‍


“ഊരുകളിലെ സ്ത്രീകള്‍ക്ക് നിര്‍മാണവും വിപണനവുമൊക്കെ സ്വയം ചെയ്യാനാകുന്ന സാഹചര്യമുണ്ടാകണമെന്നാണ് ആഗ്രഹം. ആഗ്രഹം മാത്രമല്ല ലക്ഷ്യവും. അവരെ മികച്ച സംരംഭകരാക്കണം.

“ഞങ്ങളുടെ പിന്തുണ ഇല്ലെങ്കിലും ആ സ്ത്രീകള്‍ക്ക് ഉത്പന്നങ്ങളുണ്ടാക്കി വിപണനം ചെയ്യാനാകണം. ഇതിനു വേണ്ടിയാണ് ഈ ശ്രമങ്ങള്‍,” മഞ്ജു വാസുദേവും അടാവിയും ആ ലക്ഷ്യത്തിലേക്കുള്ള പരിശ്രമങ്ങളിലാണ്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം