കാന്‍സര്‍ എന്നെ ജൈവ കര്‍ഷകനാക്കി: ഒഴിഞ്ഞ പറമ്പുകളില്‍ നാടന്‍ കിഴങ്ങുകളും വിഷമില്ലാത്ത പച്ചക്കറികളും പഴങ്ങളും വിളയിക്കുന്ന ടെക്നീഷ്യന്‍

ഇല്ലാത്ത നേരമുണ്ടാക്കി കൃഷിപ്പണിക്കിറങ്ങേണ്ടി വന്നു. വരുമാനത്തിനല്ല വിഷമില്ലാത്ത നല്ല പച്ചക്കറികള്‍ക്ക് വേണ്ടി.

‘മരണമുഖത്തു നിന്ന് എനിക്ക് തിരികെ നടക്കാനായാല്‍ ഇനിയുള്ള കാലം കൃഷിയ്ക്കൊപ്പമായിരിക്കും.’

ഇതെന്താ ഇങ്ങനെയൊക്കെ. കേട്ടാല്‍ ആര്‍ക്കുമിതൊരു നേര്‍ച്ചയാണെന്നേ തോന്നൂ. ആ വാക്ക് പാലിക്കുകയാണിപ്പോള്‍ ആലപ്പുഴക്കാരന്‍ മനോഹരന്‍.

ചെറുകുടലിനും വന്‍കുടലിനുമിടയില്‍ ഒരു വലിയ മുഴ. അത് കുഴപ്പക്കാരനായിരുന്നു. കാന്‍സര്‍ സുഖപ്പെടാന്‍ സര്‍ജറി, കീമോതെറാപ്പി ..അങ്ങനെ മരുന്നും ആശുപത്രിയുമൊക്കെയായി കുറേക്കാലം കഴിയേണ്ടി വന്നു.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനൊപ്പം നമുക്ക് ഗ്രാമങ്ങളിലെ കരകൗശല നിര്‍മ്മാതാക്കളെ സഹായിക്കുകയും ചെയ്യാം. സന്ദര്‍ശിക്കൂ: karnival.com

ഒരിക്കല്‍ ചികിത്സ കഴിഞ്ഞ് തിരുവനന്തപുരം ആര്‍സിസിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഡോക്റ്റര്‍ മനോഹരനോട് പറഞ്ഞു: ഇനി മത്സ്യവും മാംസവുമൊന്നും അധികം കഴിക്കണ്ട. കൂടുതല്‍ പച്ചക്കറിയും പഴങ്ങളുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

അതിന് വിഷമില്ലാത്ത പച്ചക്കറികള്‍ എവിടെന്നു കിട്ടാനാണെന്നാണ് മനോഹരന്‍ ഡോക്റ്ററോട് ചോദിച്ചത്.

കൃഷിപ്പണിയ്ക്കിടെ മനോഹരന്‍

ആ ചോദ്യത്തിന് മനോഹരന്‍ തന്നെ മറുപടിയും കണ്ടെത്തി. സ്വയം കൃഷി ചെയ്തുണ്ടാക്കുക. ട്രാക്കോ കേബിള്‍സിലെ ടെക്നീഷ്യനായിരുന്നു അദ്ദേഹം. ജോലിത്തിരക്കിനിടയിലും കൃഷിയിലേക്കിറങ്ങി.

കാര്‍ഷിക കുടുംബത്തിലാണ് ജനിച്ചതെങ്കിലും കൃഷിയില്‍ നേരത്തെ സജീവമായിരുന്നില്ല ആലപ്പുഴ ചെങ്ങന്നൂര്‍ ചെറിയനാട് അഞ്ജനം വീട്ടിലെ ഇ.എന്‍. മനോഹരന്‍. വേറെ ജോലിയുള്ളതുകൊണ്ടാകും കൃഷിപ്പണിയോടൊന്നും അത്ര താല്‍പര്യം തോന്നിയില്ല. പക്ഷേ ഇല്ലാത്ത നേരമുണ്ടാക്കി കൃഷിപ്പണിക്കിറങ്ങേണ്ടി വന്നു. വരുമാനത്തിനല്ല, വിഷമില്ലാത്ത നല്ല പച്ചക്കറികള്‍ക്ക് വേണ്ടി.

“തുടക്കത്തില്‍ വീടിനോട് ചേര്‍ന്നുള്ള കുറച്ച് സ്ഥലത്ത് മാത്രമായിരുന്നു കൃഷി. വീട്ടിലേക്കുള്ള പച്ചക്കറികള്‍ മാത്രം.


ജോലിക്കിടയില്‍ കൃഷിപ്പണിയെന്നു പറഞ്ഞിറങ്ങാന്‍ സാധിക്കില്ലായിരുന്നു.


“പക്ഷേ പച്ചക്കറികള്‍ കുറേ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന ഡോക്റ്ററുടെ നിര്‍ദേശമാണ് എന്നെ ഒരു കര്‍ഷകനാക്കുന്നത്,” മനോഹരന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“കാന്‍സറിന് ചികിത്സിച്ചിരുന്ന ഡോക്റ്ററുടെ നിര്‍ദേശമായിരുന്നു. ഭാര്യയും മക്കളും കൂടി പിന്തുണച്ചതോടെ കൃഷി തുടങ്ങി.

“വീട്ടുമുറ്റത്താണ് കൃഷിയുടെ തുടക്കം. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളൊക്കെയാണ് നട്ടത്. ചീര, പയര്‍, പാവല്‍, പച്ചമുളക് തുടങ്ങിയവ. വീട്ടാവശ്യത്തിന് മാത്രം. ഇതിനൊപ്പം സീസണ്‍ അനുസരിച്ച് കാബേജും ക്വാളിഫ്ലവറും കൃഷി ചെയ്തിരുന്നു.

“രാവിലെയും വൈകിട്ടും മാത്രമല്ല ചില ദിവസങ്ങളില്‍ ഷിഫ്റ്റ് ഡ്യൂട്ടി കിട്ടും. നൈറ്റ് ഷിഫ്റ്റൊക്കെയാണെങ്കില്‍ പിറ്റേ ദിവസം പകല്‍ കൃഷിപ്പണിക്ക് സമയമുണ്ടാകും. പിന്നെ ഞായറാഴ്ചകളിലും അവധിദിനങ്ങളിലൊക്കെ കൃഷിയ്ക്കൊപ്പമായിരുന്നു.

“എന്താണ് ചെയ്യേണ്ടതെന്നു കൃത്യമായി ഒരു ഷെഡ്യൂള്‍ മനസില്‍ തന്നെയുണ്ടാക്കി വയ്ക്കുമായിരുന്നു. നാളെ എന്ത് ചെയ്യണം, എത്ര നേരം, എപ്പോ ചെയ്യണമെന്നൊക്കെ ആ ഷെഡ്യൂളിലുണ്ടാകും.” അങ്ങനെ ഒരു നല്ല ടെക്നീഷ്യന്‍റെ കൃത്യതയോടെ അദ്ദേഹം കൃഷിക്കിറങ്ങിയപ്പോള്‍ വിളവ് ഗംഭീരമായി.

വീട്ടാവശ്യത്തിന് മാത്രമല്ല അതില്‍ കൂടുതല്‍ പച്ചക്കറികളാണ് കിട്ടിയത്. കൂടുതലൊക്കെ വരുമ്പോള്‍ കൂട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കുമൊക്കെ കൊടുത്തു.

കോളന്‍ കാന്‍സറായിരുന്നു (Colon Cancer) മനോഹരന്. തിരുവനന്തപുരം ആര്‍സിസിയിലായിരുന്നു ചികിത്സിച്ചിരുന്നത്. ചെറുകുടലിനും വന്‍കുടലിനും ഇടയില്‍ ഒരു രണ്ടര കിലോ ഭാരമുള്ള മുഴയായിരുന്നു. അതൊക്കെ  സര്‍ജറിയിലൂടെ നീക്കം ചെയ്തു. എട്ട് കീമോതെറാപ്പിയാണ് ചെയ്തത്.

“കാന്‍സര്‍ വന്നിട്ടിപ്പോ 14 വര്‍ഷമായി,”  രോഗത്തെക്കുറിച്ച് മനോഹരന്‍. “മത്സ്യവും മാംസവും പൂര്‍ണമായും ഉപേക്ഷിക്കണം, പഴങ്ങളും പച്ചക്കറികളും കുറേ കഴിക്കണം. ഇതാണ് ഡോക്റ്റര്‍ പറഞ്ഞത്.”


ഇതുകൂടി വായിക്കാം:നേട്ടങ്ങളുടെ ക്രെഡിറ്റെല്ലാം കണ്ണൂരിലെ ഈ ഗ്രാമത്തിനും കര്‍ഷകര്‍ക്കും: ഉപ്പുവെള്ളത്തിലും നല്ല വിളവ് തരുന്ന 4 നെല്ലിനങ്ങളും ജൈവകൃഷിക്കായി ‘ജൈവ’ യും വികസിപ്പിച്ച കൃഷിശാസ്ത്രജ്ഞ


ചെറുമീനുകള്‍ വല്ലപ്പോഴും കഴിക്കുമെന്നല്ലാതെ ഇറച്ചിവിഭവങ്ങളൊന്നും കഴിക്കില്ലായിരുന്നുവെന്ന് മനോഹരന്‍. എന്തായാലും നല്ല പച്ചക്കറി കഴിക്കാനായി കൃഷിക്കിറങ്ങിയിട്ട് ഇപ്പോള്‍ പത്തുവര്‍ഷം കഴിഞ്ഞു.

“ആദ്യനാളില്‍ ഓരോ മൂന്നു മാസം കൂടുമ്പോഴുമായിരുന്നു ചെക്ക് അപ്പ്. പിന്നീട് ആറുമാസത്തിലൊരിക്കലായി പരിശോധന. പിന്നെ വര്‍ഷത്തിലൊരിക്കല്‍ ചെക്കപ്പ് നടത്തണമായിരുന്നു.

“ഏതായാലും കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് നടത്തിയ ചെക്കപ്പില്‍ പ്രശ്നമൊന്നുമില്ലായിരുന്നു. ഇത്രയും വര്‍ഷമായിട്ടും കുഴപ്പമൊന്നുമില്ലല്ലോ ഇനി എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ മാത്രം പരിശോധനയ്ക്ക് വന്നാല്‍ മതിയെന്നാണ് ഡോക്റ്റര്‍ പറഞ്ഞത്.

“പക്ഷേ ഇപ്പോഴും വര്‍ഷം തോറുമുള്ള പരിശോധനകളൊന്നും മുടക്കിയിട്ടില്ല. എന്‍ഡോസ്കോപ്പി, കോളിനോസ്കോപ്പി ചെയ്യുന്നുണ്ട്. … പിന്നെ എന്തെങ്കിലുമൊക്കെ ശാരീരിക പ്രശ്നങ്ങളുണ്ടായാല്‍ ഇപ്പോ എനിക്കും മനസിലാകും,” എന്ന് മനോഹരന്‍.

22 വര്‍ഷം തിരുവല്ല ട്രാക്കോ കേബിള്‍സിലെ ടെക്നീഷ്യനായിരുന്നു മനോഹരന്‍. കഴിഞ്ഞ വര്‍ഷമാണ് ജോലിയില്‍ നിന്നു വിരമിക്കുന്നത്. അതോടെ കൃഷിയില്‍ സജീവമാകാമെന്നു തീരുമാനിച്ചു. കൃഷി വിപുലമാക്കി.

“സ്വന്തമായിട്ട് 38 സെന്‍റ് സ്ഥലം മാത്രമേയുള്ളൂ. പിന്നെ പരിചയത്തിലുള്ളവരുടെ വെറുതേ കിടക്കുന്ന പറമ്പിലാണ് കൃഷി ചെയ്യുന്നത്. ഒന്നും ചെയ്യാതെ കിടക്കുന്ന ഭൂമി കൃഷി യോഗ്യമാക്കിയെടുത്ത് പലതും നട്ടുപിടിപ്പിച്ചിട്ടുണ്ട്.” എല്ലാം കൂടി രണ്ട് ഏക്കറിലാണ് കൃഷി ചെയ്തിരിക്കുന്നതെന്നു മനോഹരന്‍ കൂട്ടിച്ചേര്‍ത്തു.

വാഴ, ചേന, കാച്ചില്‍, ചേമ്പ്, കപ്പ, നനകിഴങ്ങ്, ചെറുകിഴങ്ങ് തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്.

“ബാക്കി പാട്ടത്തിനെടുത്തതൊന്നുമല്ല. ആരും ഇതുവരെ പാട്ടമൊന്നും ചോദിച്ചിട്ടുമില്ല. വെറുതേ കിടക്കുന്ന പറമ്പുകള്‍ കൃഷി ചെയ്യാനാകുന്ന തരത്തില്‍ നന്നാക്കിയെടുത്ത് വാഴയും പച്ചക്കറികളും കിഴങ്ങുകളുകളുമൊക്കെ നട്ടുപിടിപ്പിച്ചു. അത്രേയുള്ളൂ. പാട്ടത്തിന് സ്ഥലങ്ങളെടുത്ത് കൃഷി ചെയ്യുന്നതിനെക്കുറിച്ച് തത്ക്കാലം ചിന്തിച്ചിട്ടില്ല.

“കൃഷിസ്ഥലങ്ങള്‍ വീടിനോടു ചേര്‍ന്നുള്ള ഇടങ്ങളില്‍ അല്ല. വീട്ടില്‍ നിന്നു കുറച്ചു നടക്കണമെന്നു മാത്രം. ഒരു നൂറു മീറ്റര്‍- 200 മീറ്റര്‍ അകലമുണ്ടാകും, അത്രേയുള്ളൂ.

ജൈവവളമാണ് മനോഹരന്‍റെ തോട്ടത്തിലുപയോഗിക്കുന്നത്. നടാനുള്ള വിത്തുകള്‍ തമിഴ്നാട്ടില്‍ നിന്നാണ് കൊണ്ടുവരുന്നത്. ആ വിത്തുകള്‍ ജൈവകീടനാശിനിയില്‍ മൂന്നാലു മണിക്കൂര്‍ നേരം ഇട്ടുവച്ചതിനു ശേഷമാണ് നടുന്നത്.

പച്ചക്കറികള്‍ മാത്രമല്ല പ്ലാവും വ്യത്യസ്ത തരം മാവുകളും, പപ്പായയും, പേരയുമൊക്കെ നട്ടിട്ടുണ്ട്. പാളയംകോടന്‍, പൂവന്‍, ഞാലിപ്പൂവന്‍, റോബസ്റ്റ, കണ്ണന്‍, നേന്ത്രന്‍ തുടങ്ങി പലതരത്തിലുള്ള വാഴകളും കൃഷി ചെയ്യുന്നു.

കാച്ചിലും ചേമ്പുമൊക്കെയുണ്ടാകുന്ന നാളില്‍ അതൊക്കെയാകും പ്രധാന ഭക്ഷണം. ചക്ക സീസണ്‍ ആണെങ്കില്‍ പല തരം ചക്കരുചികളുണ്ടാകും ഇദ്ദേഹത്തിന്‍റെ വീട്ടില്‍.

ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് സ്വന്തമായി ഒരു കട തന്നെ തുറന്നു മനോഹരന്‍.  “വീടിന് അടുത്ത് തന്നെയുള്ള ഒരു കെട്ടിടത്തില്‍ കടമുറി സ്വന്തമായുണ്ടായിരുന്നു. ആ കടമുറിയിലാണ് ചേനയും കാച്ചിലും കപ്പയും വാഴക്കുലയുമൊക്കെ സൂക്ഷിച്ചിരുന്നത്. എന്നാല്‍ കുറച്ചുകാലം മുന്‍പ് കുറച്ചു മാറ്റങ്ങള്‍ വരുത്തി. അതൊരു സ്റ്റേഷനറി കടയാക്കി.

“സ്റ്റേഷനറി സാധനങ്ങളും ഒപ്പം കാര്‍ഷികവിളകളും ഈ കടയിലുണ്ട്. ഉച്ചവരെ മാത്രമേ ഈ കട തുറക്കൂ. 12 മണിക്ക് കട അടക്കും. കടയില്‍ നിന്നു വീട്ടിലെത്തിയാല്‍ ഊണൊക്കെ കഴിച്ച ശേഷം കുറച്ചുനേരം വിശ്രമിക്കും.


ഇതുകൂടി വായിക്കാം:അത്രയ്ക്കുണ്ട് ചെറുപ്പത്തിലെ വിശപ്പിന്‍റെ ആഴം, കരഞ്ഞുറങ്ങിയ ഓര്‍മ്മകള്‍’: ദുബായിലെ പട്ടിണിക്കാര്‍ക്ക് ഭക്ഷണമൊരുക്കുന്ന ട്രക്ക് ഡ്രൈവറുടെ ജീവിതം


“പിന്നെ നേരെ കൃഷിപ്പറമ്പിലേക്ക് പോകും. വൈകുന്നേരം നാലു മണി വരെ കൃഷിത്തോട്ടത്തിലായിരിക്കും. കൂലിക്ക് ആളെയൊന്നും നിറുത്തിയിട്ടില്ല. അതിനുള്ള വലിയ ലാഭമൊന്നും കിട്ടുന്നില്ല. ഞാന്‍ തന്നെയാണ് എല്ലാ പണിയും ചെയ്യുന്നത്.

“നേരത്തെ പണിക്ക് ആളെ നിറുത്തിയിരുന്നു. പക്ഷേ അതു നഷ്ടം മാത്രമല്ല വരുന്ന പണിക്കാര്‍ അവര്‍ക്ക് ഇഷ്ടമുള്ളത് പോലെയാണ് ഓരോന്ന് ചെയ്യുന്നത്. അതെനിക്ക് ഇഷ്ടമാകുകയുമില്ല.” മനോഹരന്‍ പറയുന്നു.

എസ് എന്‍ വി യു പി സ്കൂളിലെ ഹെഡ് മിസ്ട്രസ് ആണ് മനോഹരന്‍റെ ഭാര്യ പൊന്നമ്മ. മകള്‍ അഞ്ജു വിവാഹിതയാണ്. ഇളയമകന്‍ വിമല്‍ കാനഡയില്‍ പഠിക്കുന്നു.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം