ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളിയായിരുന്നു മലപ്പുറത്തെ മക്കരപ്പറമ്പ് കരിഞ്ചാപടിയിലെ അമീര്‍ ബാബു. മൊബൈല്‍ ഫോണുകള്‍ ലാന്‍ഡ് ഫോണുകളെ മ്യൂസിയത്തിലേക്ക് പറഞ്ഞുവിട്ടപ്പോള്‍ അമീര്‍ ബാബുവടക്കം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.
അങ്ങിനെയാണ് ക്യഷിയിലേക്ക് ഇറങ്ങുന്നത്. ആദ്യം വീട്ടാവശ്യത്തിന് മാത്രമുള്ള കൃഷിയായിരുന്നു. പിന്നെ കൃഷി തന്നെയായി. ശരിക്കും അധ്വാനിച്ചാല്‍ മണ്ണ് ചതിക്കില്ലെന്നൊരു തോന്നലില്‍ കൃഷിയിലേക്ക് പൂര്‍ണമായും ഇറങ്ങുന്നത് പത്തുവര്‍ഷം മുമ്പാണ്.
ഗള്‍ഫില്‍ നിന്ന് പല കാരണങ്ങള്‍ കൊണ്ട് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയവരെ സംഘടിപ്പിച്ച് 18 അംഗങ്ങള്‍ ഉള്ള സംഘം രൂപീകരിച്ച് കൂട്ടുകൃഷി തുടങ്ങി–കരിഞ്ചാപടി ഏ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റര്‍. അതിന്‍റെ സെക്രട്ടറി എന്ന നിലിയില്‍ എല്ലാരെയും ഒരുമിച്ചുകൊണ്ടുപോവുന്നതും ആ 41-കാരന്‍ തന്നെ. പടപറമ്പ് കാര്‍ഷിക സഹകരണ സംഘം പ്രസിഡണ്ട് കൂടിയാണ് അമീര്‍ ബാബു.
ആദ്യം വിഷു വിപണി ലക്ഷ്യം വച്ച് വെള്ളരി കൃഷിയിലായിരുന്നു തുടക്കം. പിന്നെ നെല്ല്, തക്കാളി, വലിയ ഉള്ളി, ചെറിയ ഉള്ളി, കാരറ്റ്, ബീറ്റ്‌റൂട്ട്, സൂര്യകാന്തി തുടങ്ങി പലതരം വിളകളിലേക്ക് കടന്നു. അതിലെല്ലാം വിജയം കൊയ്തു. വ്യത്യസ്തമായ പല പച്ചക്കറികളും ഇവര്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതോടെ അന്യസംസ്ഥാന ലോബിക്ക് പ്രാദേശിക വിപണിയില്‍ വിലയില്‍ വന്‍കുറവ് വരുത്തേണ്ടി വന്നിട്ടുണ്ടെന്ന് നാട്ടുകാരുടെ അനുഭവം.
വേനല്‍ കനക്കുന്നതോടെ പഴവിപണി സജീവമാവും. എക്കാലത്തേയും പോലെ മറുനാടനും മരുന്നടിച്ചതുമായ പഴങ്ങള്‍ വിപണി കയ്യടക്കും. വത്തയ്ക്ക(തണ്ണിമത്തന്‍)യെക്കുറിച്ചാണ് ആശങ്കയേറെയും.
ഗള്‍ഫില്‍ നിന്നും വിളിക്കുന്ന മലപ്പുറത്തുകാര്‍ പലരും വീട്ടുകാരോട് പറയും: ബത്തക്ക മേടിച്ച് എടങ്ങേറാവണ്ട. ഒക്കെ മരുന്നടിച്ചതാ.
ആദ്യമൊക്കെ പരാജയമായിരുന്നു ഫലം. എല്ലാ മണ്ണും യോജിക്കില്ലെന്ന് അങ്ങിനെ തിരിച്ചറിഞ്ഞു
വത്തയ്ക്ക കുറെക്കാലം കേടുവരാതെ ഇരിക്കാന്‍ മറുനാടന്‍ വത്തയ്ക്കയില്‍ പലതരം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്നും ഉള്‍ക്കാമ്പിന് നല്ല നിറം കിട്ടുന്നത് എന്തോ മരുന്ന് കുത്തിവെച്ചിട്ടാണെന്നുമൊക്കെയുള്ള ഭീതി വ്യാപകമാണല്ലോ. ഈ ഫേസ്ബുക്കിലും വാട്‌സാപ്പിലും വരുന്ന ഫോര്‍വേഡുകളില്‍ നിന്ന് കിട്ടുന്ന അറിവുവെച്ച് ആളുകള്‍ പരസ്പരം വിലക്കും. “വെറുതെ എന്തിനാ പുലിവാല് പിടിക്കുന്നേ…”
വത്തയ്ക്ക കഴിച്ച് വയറുകേടാക്കണോ എന്ന്. മൊത്തം മരുന്നാ.. ഇതില്‍ എത്ര സത്യം ഉണ്ടെന്ന് അധികമാര്‍ക്കും അറിയില്ല.
പക്ഷേ, വെറുതെ റിസ്‌ക് എടുക്കുന്നതെന്തിന്?
നാട്ടുകാരുടെ വത്തയ്ക്കാപ്പേടി മാറ്റാന്‍ തന്നെ അമീര്‍ബാബുവും കൂട്ടുകാരും തീരുമാനിച്ചു. വേറൊന്നുമല്ല. മരുന്നും വിഷവും ചേര്‍ക്കാത്ത വത്തയ്ക്ക കൃഷി ചെയ്ത് വേനല്‍ക്കാലത്ത് വിപണിയിലെത്തിക്കാന്‍ അവര്‍ തയ്യാറെടുത്തു.
“അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തണ്ണിമത്തന്‍ പലപ്പോഴും ഭക്ഷ്യവിഷബാധക്ക് കാരണമാകുന്നത് പത്രങ്ങളില്‍ വാര്‍ത്തയായപ്പോഴാണ് ജൈവവത്തക്ക കൃഷിയെ കുറിച്ച് ആലോചന തുടങ്ങിയത്,” അമീര്‍ ബാബു ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. “പഠനം നടത്തിയപ്പോള്‍ കാഴ്ച്ചയിലും രുചിയിലും വ്യത്യസ്തത പുലര്‍ത്തിയെങ്കില്‍ മാത്രമേ ഈ രംഗത്ത് വിജയം കൈവരിക്കാനാവൂവെന്ന് മനസ്സിലാക്കി.”
“കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് കൃഷി പഠിച്ചു. അവിടത്തെ കര്‍ഷകരില്‍ നിന്ന് വിത്ത് വാങ്ങി നാട്ടില്‍ പരീക്ഷിച്ചു. ആദ്യമൊക്കെ പരാജയമായിരുന്നു ഫലം. എല്ലാ മണ്ണും യോജിക്കില്ലെന്ന് അങ്ങിനെ തിരിച്ചറിഞ്ഞു,” ആ യുവകര്‍ഷകന്‍ പറയുന്നു.
ഒരു കാലത്ത് മലപ്പുറം തണ്ണിമത്തന്‍ കൃഷിയുടെ കേന്ദ്രമായിരുന്നു. എന്നാല്‍ പതിയെപ്പതിയെ ആ കൃഷി ഇവിടെ കുറ്റിയറ്റുപോയതാണ്. അതുകൊണ്ട് തണ്ണിമത്തന്‍ ഇവിടെ പിടിക്കുമെന്ന കാര്യത്തില്‍ ആ കര്‍ഷകക്കൂട്ടായ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു. പിന്നെ യോജിച്ച വിത്തിനായുള്ള ശ്രമമായിരുന്നു.
“പണ്ട് നാടന്‍ വിത്തുകള്‍ ഉപയോഗിച്ച് മലപ്പറത്ത് വത്തക്ക കൃഷി ഉണ്ടായിരുന്നു,” അമീര്‍ ബാബു തുടരുന്നു. “പിന്നീട് വള്ളി നശിക്കുന്ന രോഗം കാരണം നിര്‍ത്തുകയായിരുന്നു.”
ഇതുകൂടി വായിക്കാം: ‘അതുവരെ ചെരിപ്പിടില്ല!’: പൊറോട്ടയടിച്ചും പോത്തിനെ വളര്‍ത്തിയും പാവങ്ങളെ ഊട്ടുന്ന യുവാവിന്‍റെ പ്രതിജ്ഞ
യോജിച്ച വിത്തുതേടിയുള്ള അവരുടെ അന്വേഷണം ഒടുവില്‍ ബാംഗ്ലൂരില്‍ ചെന്നുനിന്നു. “തായ്‌ലാന്‍റിലെ നോ (know) കമ്പനിയുടെ വിത്തുകള്‍ നാട്ടിലെ മണ്ണിനോട് ചേരുന്നതാണെന്ന് മനസ്സിലായതോടെ ബാംഗ്ലൂരില്‍ പോയി വിത്ത് സംഭരിച്ചു.” പച്ചയില്‍ വെള്ള വര ഉള്ളത്, പുറം മഞ്ഞയും അകക്കാമ്പ് ചുവപ്പുമായത്, അകം മഞ്ഞ കാമ്പുള്ളത്, പുറമേപച്ചവരയും അകത്ത് ചുവപ്പ് കാമ്പുള്ളത് എന്നീ വ്യത്യസ്തമായ നാലിനങ്ങളാണ് കരിഞ്ചാപടി ഗ്രാമത്തെ പ്രശസ്തമാക്കിയത്.
മലപ്പുറത്തിന് നഷ്ടമായ തണ്ണിമത്തന്‍ കൃഷിയുടെ പെരുമ തിരിച്ചുകൊണ്ടുവരികയാണ് അമീര്‍ ബാബുവും കൂട്ടുകാരും. അവരുടെ കരിഞ്ചാപടി വത്തയ്ക്ക പ്രദേശിക വിപണി ഏതാണ്ട് പൂര്‍ണ്ണമായി പിടിച്ചടക്കിയിരിക്കുന്നു. നോമ്പ് പഴ വിപണിയില്‍ കരിഞ്ചാപടി വത്തക്കയാണ് ഇപ്പോള്‍ താരം.
ചെലവ് കഴിച്ച് ഒന്നര ലക്ഷം രൂപയോളം ലാഭമായി കിട്ടി
“വത്തക്കയില്‍ അമിത രാസവളം പ്രയോഗിക്കുന്നുവെന്നും സിറിഞ്ച് ഉപയോഗിച്ച് നിറം കുത്തിവെക്കുന്നുമെന്നുമുള്ള ആരോപണം നാട്ടില്‍ ശക്തമായിരുന്നതുകൊണ്ട് ജൈവരീതിയിലാണ് കൃഷി ചെയ്തത്. കോഴിക്കാഷ്ഠവും ചാണകവുമാണ് വളമായി ഉപയോഗിച്ചത്. കൃഷി ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം അല്‍പ്പം പൊട്ടാഷും ചേര്‍ത്തുകൊടുത്തു,” അദ്ദേഹം വിശദീകരിക്കുന്നു.
നാട്ടിലെ കോഴി കാഷ്ഠത്തില്‍ ചകിരി കൂടുതലായതിനാല്‍ തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നാണ് വളം എത്തിച്ചത്. ശുദ്ധജലം നന്നായി കൊടുക്കുക എന്നതായിരുന്നു അടുത്ത പടി. കൃഷി വന്‍വിജയമായി, ഇത് പറയുമ്പോള്‍ അമീര്‍ബാബുവിന്‍റെയും കൂട്ടുകാരുടെയും മുഖത്ത് വലിയ അഭിമാനം.
“കേരളത്തിലെ കാലാവസ്ഥ തണ്ണിമത്തന്‍ കൃഷിക്ക് അനുയോജ്യമാണെന്നും ഇവിടെയുണ്ടാകുന്ന വത്തക്ക നിറത്തിലും രുചിയിലും ഒന്നാം നമ്പറാണെന്നും കാണിച്ചു കൊടുക്കാനായി. കരിഞ്ചാപടി പാടശേഖരങ്ങളിലുള്ള തോട്ടിലെ ജലസമൃദ്ധിയും തുണയായി…ജലസേചനത്തിന്‍റെ കാര്യത്തില്‍ വേവലാതിപ്പെടേണ്ടി വന്നില്ല,” അമീര്‍ ബാബു പറയുന്നു.
പൈപ്പ്, പുതയിടാനുള്ള മള്‍ച്ചിങ് ഷീറ്റ് എന്നിവക്ക് 75 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി ലഭിച്ചു. കുറുവ കൃഷി ഓഫീസര്‍ ഷുഹൈബ് തൊട്ടിയന്‍റെ ഉപദേശങ്ങളും കൂടിയായപ്പോള്‍ ആ കര്‍ഷകക്കൂട്ടായ്മ വത്തയ്ക്ക കൃഷിയില്‍ വിജയക്കൊടി പാറിച്ചു. പച്ചക്കറി ക്ലസ്റ്ററുകള്‍ക്ക് വര്‍ഷത്തില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന 75,000 രൂപയും ഉപയോഗപ്പെടുത്തി കൃഷി വിപുലീകരിച്ചു.
“പതിനഞ്ച് ഏക്കറിലാണ് തണ്ണിമത്തന്‍ കൃഷി ചെയ്തത്. ഇത്തവണ നല്ല വിളവാണ് ലഭിച്ചത്. 30 ടണ്‍ വത്തക്ക ഇതുവരെ വിളവെടുത്തു. മൂന്നര ലക്ഷം രൂപ വരുമാനം ലഭിച്ചതില്‍ ചെലവ് കഴിച്ച് ഒന്നര ലക്ഷം രൂപയോളം ലാഭമായി കിട്ടി. റമദാനിലെ നോമ്പുതുറയിലെ പ്രധാന വിഭവമാണെന്നതിനാല്‍ പ്രാദേശിക വിപണിയില്‍ തന്നെ മുഴുവനും വിറ്റഴിക്കാനായി.”
മറ്റു പച്ചക്കറികള്‍ പോലെയല്ല വത്തക്ക, റോഡ് സൈഡില്‍ കൂട്ടിയിട്ട് കര്‍ഷകര്‍ക്ക് നേരിട്ട് തന്നെ വില്‍ക്കാനാകും, അമീര്‍ ബാബു ചൂണ്ടിക്കാട്ടുന്നു. ഇതു മൂലം ഇടത്തട്ടുക്കാരുടെ ചൂഷണവുമുണ്ടാകില്ല. “12 മുതല്‍ 14 രൂപ വരെയാണ് കിലോ ഒന്നിന് വില ലഭിച്ചത്. 18 – 23 രൂപയായിരുന്നു ഇത്തവണത്തെ ചില്ലറ വില.”
ആഗസ്റ്റ് മുതല്‍ ജൂണ്‍ വരെയാണ് തണ്ണിമത്തന്‍ സീസണ്‍. ഇത്തവണത്തെ അവസാനഘട്ട വിളവെടുപ്പിലാണിപ്പോള്‍ അമീര്‍ ബാബുവും സംഘവും.
സ്വന്തം അനുഭവത്തില്‍ നിന്നും ചില ഉപദേശങ്ങള്‍ അമീര്‍ നല്‍കുന്നു: കീടബാധ താരതമ്യേന കുറവാണ്. തൈപ്പരുവത്തില്‍ പുഴുക്കേട് ശ്രദ്ധിച്ചാല്‍ മതി. മണ്ണ് പാകമല്ലെങ്കില്‍ ഇല ചുരുളിച്ച രോഗവും വരും. പരീക്ഷണാര്‍ത്ഥം കൃഷി ചെയ്ത് മണ്ണ് പാകമാണോയെന്ന് ആദ്യം തിരിച്ചറിയണം. പല സ്ഥലത്ത് പരീക്ഷിച്ച് ഒടുവില്‍ കരിഞ്ചാപടിയിലെ മണ്ണ് അനുയോജ്യമാണെന്ന് കണ്ട് തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് അമീര്‍ ബാബു പറഞ്ഞു.
“കൃഷിഭവനുകളില്‍ നിന്നുള്ള നിര്‍ദ്ദേശം എപ്പോഴും പാലിക്കണം. രോഗബാധ കണ്ടാല്‍ കൃഷി ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം നടപടി സ്വീകരിക്കണം. അങ്ങനെയെങ്കില്‍ നല്ല വിളവ് നേടാനാകും. മറ്റ് സംസ്ഥാനങ്ങളില്‍ അഗ്രി ക്ലിനിക്ക് മരുന്ന് കമ്പനികള്‍ നേരിട്ട് കൃഷിയിടം സന്ദര്‍ശിച്ചാണ് മരുന്ന് നിര്‍ദ്ദേശിക്കുന്നത്. ഇതാണ് ഇത്തരം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നവരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കും. എന്നാല്‍ ഇവിടെ ആ ഏര്‍പ്പാട് ഇല്ല.
ഇതുകൂടി വായിക്കാം: ‘ഞാനാരാ മോള്, എന്നെത്തോല്‍പിക്കാന്‍ ഇവന്മാരെക്കൊണ്ടൊന്നും പറ്റൂല’: മറയൂരിലെ കരിമ്പുകര്‍ഷക ഇടനിലക്കാരെ തോല്‍പിച്ചതിങ്ങനെ
“ഹോര്‍മോണ്‍ മരുന്നുകളടക്കം കുത്തക മരുന്ന് കമ്പനികള്‍ ഉല്‍പ്പന്നം വിറ്റഴിക്കുന്നതിന്‍റെ ഭാഗമായി നല്‍കുന്നുണ്ട്. ആദ്യം സൗജന്യമായി നല്‍കും. പിന്നീട് അത് ഉപയോഗിക്കാതെ നിവൃത്തിയില്ലാത്ത സ്ഥിതി വരും. കര്‍ഷകര്‍ക്കിത് വാങ്ങേണ്ടി വരും,” അനുഭവങ്ങളില്‍ നിന്നുള്ള തിരിച്ചറിവ് അമീര്‍ ബാബു പങ്കുവെയ്ക്കുന്നു.
“നല്ലത് കൊടുത്താല്‍ ആളുകള്‍ വീണ്ടും തേടിവരും, മറ്റേത് താല്‍ക്കാലിക ലാഭമേയുണ്ടാക്കൂ,” എന്ന് യഥാര്‍ത്ഥ കര്‍ഷകന്‍റെ അനുഭവസാക്ഷ്യം.
എത്ര ചെറുതാണെങ്കില്‍ പോലും നല്ല മധുരവും നിറവും ഉള്ള കരിഞ്ചാപടി തണ്ണിമത്തന്‍ വളരെപ്പെട്ടെന്ന് പ്രശസ്തമായതും മറ്റൊന്നും കൊണ്ടല്ല. നേരത്തെ കച്ചവടക്കാര്‍ക്ക് നാടന്‍ ഇനങ്ങളോട് പുച്ഛമായിരുന്നു. കരിഞ്ചാപടിയിലെ ഹരിത വിപ്ലവത്തോടെ ഈ ധാരണ മാറി. നേരത്തെ വേണ്ട എന്ന് പറഞ്ഞവരെ പോലും അങ്ങിനെ ഈ കൊച്ചുഗ്രാമം ആവശ്യക്കാരായി വരിയില്‍ നിര്‍ത്തിച്ചു.
മഴ കനക്കുന്നതോടെ ഈ വര്‍ഷത്തെ തണ്ണിമത്തന്‍ കൃഷി അവസാനിക്കും. ഈ മധുര വിപ്ലവം തീര്‍ത്ത ആഹ്ളാദത്തില്‍ ഗ്രാമത്തിന് വഴങ്ങാത്ത മറ്റൊരു കാര്‍ഷിക വിപ്ലവത്തിന് തുടക്കമിടുന്ന ആലോചനയിലാണ് അമീര്‍ ബാബുവും സംഘവും.
ഇതുകൂടി വായിക്കാം: ഈ ‘വനംമന്ത്രി’യുടെ വീട്ടിലെത്തുന്നത് പാമ്പുകള്‍, മയിലുകള്‍, 30 ഇനം പക്ഷികള്‍
നേരത്തേ ചെങ്കല്‍ പാറ പ്രദേശത്ത് ഏഴ് ഏക്കറില്‍ ശീതകാല പച്ചക്കറികള്‍ വിളയിച്ച് ഈ ചെറുപ്പക്കാര്‍ അല്‍ഭുതം സൃഷ്ടിച്ചിരുന്നു. കാബേജ്, കോളിഫ്ലവര്‍, കാരറ്റ് എന്നിവയാണ് കൃഷിയിറക്കിയത്. വളമായി ആട്ടിന്‍കാഷ്ഠം. തുള്ളിനനയിലൂടെ വെള്ളത്തിന്‍റെ പ്രശ്നവും മറികടന്നു.
അമീര്‍ ബാബുവിനും കൂട്ടുകാര്‍ക്കും ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ വിജയാശംസകള്‍.