ക്ലാസ് കഴിയും മുന്‍പേ പൂനെയില്‍ ജോലി, 20-ാം ദിവസം രാജിവെച്ച് നാട്ടിലെത്തിയ ഈ എം.ബി.എക്കാരന്‍ ജൈവകൃഷിയിലൂടെ നേടുന്നത് മാസം ഒരു ലക്ഷം രൂപ, അതിലേറെ സന്തോഷവും

പൂനെയില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിയില്‍ ക്വാളിറ്റി ഓഫീസറായി ജോലിക്ക് കയറിയതിന്‍റെ 20-ാം ദിവസമായിരുന്നു ആ സംഭവം. ഭാഗ്യരാജിന്‍റെ ഭാഗ്യം തെളിഞ്ഞ ദിവസം.

 ഠിക്കാന്‍ മിടുക്കനായിരുന്നു ഭാഗ്യരാജ്. ചേര്‍ത്തല എസ് എന്‍ കോളെജിലാണ് ഡിഗ്രിക്ക് ചേരുന്നത്. ബികോം പൂര്‍ത്തിയാക്കി നേരെ സെന്‍റ്. മൈക്കിള്‍സിലേക്ക്. എംബിഎയ്ക്ക്. ഫിനാന്‍സ് ആന്‍ഡ് എച്ച് ആറില്‍ എം ബി എ പഠിച്ചുകൊണ്ടിരിക്കുന്ന നാളില്‍ ജോലി കിട്ടി. ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ പൂനെ ഓഫിസില്‍ ക്വാളിറ്റി ഓഫിസറായിട്ട്.

നല്ലൊരു ജോലിയൊക്കെ സ്വന്തമാക്കിയതിന്‍റെ സന്തോഷത്തിലാണ് പൂനെയ്ക്ക് പോകുന്നത്.

ജോലിക്ക് കയറിയതിന്‍റെ 20-ാം ദിവസമായിരുന്നു ആ സംഭവം. ഭാഗ്യരാജിന്‍റെ ഭാഗ്യം തെളിഞ്ഞ ദിവസം. പക്ഷേ പലരും പറഞ്ഞു അത് ഭാഗ്യമല്ല നിര്‍ഭാഗ്യമാണെന്നാണ്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com

ജോലിക്ക് കയറി 20-ാം ദിവസം രാജിവെച്ചു. അതിനു കാരണക്കാരന്‍ ഒരു അസുഖമാണ്. ഹോം സിക്നെസ് എന്നാണ് ആ രോഗത്തിന്‍റെ പേര്.

കര്‍ഷകന്‍ ഭാഗ്യരാജ്

കാരണം കേട്ട് പലരും ചിരിച്ചു. അമ്മേനേം അച്ഛനേം കാണാതെ, കൂട്ടുകാരെ കാണാതെ ഭാഗ്യരാജിന് ജീവിക്കാനാകില്ലത്രേ. ഇവനെന്താ കൊച്ചു കുട്ടിയാണോ. പലരും പരസ്പരം ചോദിച്ചു.

അതൊക്കെ പഴങ്കഥയാണിപ്പോള്‍. ജോലി കളഞ്ഞെങ്കിലെന്താ.., മാസം ഒരു ലക്ഷം രൂപ വരുമാനമുള്ള ജൈവകര്‍ഷകനാണ് ഭാഗ്യരാജ്

ആലപ്പുഴ പുത്തനമ്പലത്തുകാരന്‍ ഭാഗ്യരാജ്. പ്രവാസിയായിരുന്ന ബാലസുന്ദറിന്‍റെയും പുഷ്പയുടെയും മകന്‍. ” കാര്‍ഷിക കുടുംബമൊന്നുമല്ല പക്ഷേ കുട്ടിക്കാലം തൊട്ടേ കൃഷിയോട് ഇഷ്ടമുണ്ടായിരുന്നു,” കൃഷിയിലേക്ക് വന്നതിനെക്കുറിച്ച് ഭാഗ്യരാജ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“എന്‍റെ ഒരു ചങ്ക് ബ്രോയാണ് സുജിത്ത്. ഒരുമിച്ച് പഠിച്ചവരല്ല, ഒരമ്മ പെറ്റ മക്കളുമല്ല. പക്ഷേ കൂട്ടുകാരനും സഹോദരനുമൊക്കെയാണ് സുജിത്ത്. അവനും ഒരു കര്‍ഷകനാണ്. അവനെ കണ്ടാണ് ഞാനും തൂമ്പായുമെടുത്ത് കൃഷിപ്പണിക്ക് ഇറങ്ങുന്നത്.

“അവന്‍റെ കൃഷിപ്പറമ്പില്‍ പോകും. ഓരോ പണികളും ചെയ്യും. അവനൊരു സഹായവുമാകും. പിന്നെ ഇതിനോടൊക്കെ എനിക്കിഷ്ടവുമാണ്. ഞങ്ങള്‍ ഒരുമിച്ച് ഇന്നും കൃഷി ചെയ്യുന്നുണ്ട്. കൃഷി മാത്രമല്ല വിപണനവും ഒരുമിച്ച് ചെയ്യാറുണ്ട്.

“ഉത്പന്നങ്ങളുടെ വിപണനത്തിനായി കട നടത്തുന്നതും വാട്ട്സ് ആപ്പ് ഗ്രൂപ്പിന് ആരംഭിച്ചതുമൊക്കെ ഒരുമിച്ച് തന്നെയാണ്. മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡൊക്കെ നേടിയിട്ടുണ്ട് സുജിത്ത്.


ഞങ്ങള്‍ക്ക് വേറെയും ചില സാമ്യങ്ങളുണ്ട്. രണ്ടാളും ജോലി ഉപേക്ഷിച്ചാണ് കൃഷിപ്പണിയില്‍ സജീവമാകുന്നത്.


കുട്ടിക്കാലം തൊട്ടേ കൃഷിയൊക്കെ ചെയ്യുന്ന ആളാണ് സുജിത്ത്. പക്ഷേ, കൂട്ടുകാരന്‍റെ വഴി പിന്തുടര്‍ന്ന് ഭാഗ്യരാജ് കൃഷിയില്‍ സജീവമായിട്ട് അഞ്ച് വര്‍ഷമായിട്ടുള്ളൂ. രണ്ടാളുടെയും കാര്‍ഷിക കുടുംബമൊന്നുമല്ല. പക്ഷേ കൃഷിയോട് ഇഷ്ടമുണ്ട്. ആ സൗഹൃദത്തിന് പിന്നില്‍ ഒരു കഥയുണ്ട്.

സുഹൃത്തും കര്‍ഷകനുമായ സുജിത്തിനൊപ്പം ഭാഗ്യരാജ്

“പണ്ട് സ്കൂളിലേക്ക് പോകുന്ന വഴിക്ക് എന്‍റെ സൈക്കിളിന്‍റെ ചെയ്ന്‍ തെറ്റി… അതുവഴി സ്കൂളിലേക്ക് പോകുകയായിരുന്ന സുജിത്ത് അതു കണ്ടു. എന്‍റെ അടുത്ത് വന്ന് സൈക്കിള്‍ വാങ്ങി, ചെയ്ന്‍ നന്നാക്കിയിട്ടു തന്നു. അങ്ങനെയാണ് ഫ്രണ്ട്സാകുന്നത്. അന്നു ഞാന്‍ ഏഴാം ക്ലാസിലും സുജിത്ത് പ്ലസ് ടുവിനുമാണ് പഠിക്കുന്നത്,” ഭാഗ്യരാജ് ആ കഥ പറയുന്നു.

“അന്നു തൊട്ടേ ഞങ്ങള്‍ അടുത്ത കൂട്ടുകാരാണ്. മലബാര്‍ ഗോള്‍ഡിലെ സെയില്‍ മാന്‍ ആയിരുന്നു സുജിത്ത്. ജോലിയുടെ പ്രഷര്‍ കാരണം നിറുത്തി പോകുകയായിരുന്നു. അതോടെ അവന്‍ പൂര്‍ണമായും കൃഷിയിലേക്ക് കടന്നു.

കയര്‍ ബിസിനസ് ഒക്കെയുള്ള ആളായിരുന്നു സുജിത്ത്. ഇപ്പോ ആ ബിസിനസ് ഇല്ല, കൃഷി മാത്രമേയുള്ളൂ,” ഭാഗ്യരാജ് കൂട്ടിച്ചേര്‍ത്തു.

കൂട്ടുകാരനെപ്പോലെ തന്നെ ഓഫീസിലെ പ്രഷര്‍ താങ്ങാനാവാതെയാണ് ജോലി രാജിവെച്ചതെന്ന് ഭാഗ്യരാജ്: “പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ നല്ല ജോലി കിട്ടിയതിന്‍റെ ആവേശമൊക്കെയുണ്ടായിരുന്നു. പക്ഷേ അവിടെ ഭയങ്കര പ്രഷറായിരുന്നു. പിന്നെ വീട്ടുകാരെയും കൂട്ടുകാരെയുമൊക്കെ കാണാതിരിക്കുന്നതിന്‍റെ സങ്കടവും.


ഇതുകൂടി വായിക്കാം: ആരുമില്ലാത്തവര്‍ക്ക്, മനസ് കൈവിട്ടവര്‍ക്ക് അഭയമായി കൃഷ്ണേട്ടന്‍; അവര്‍ക്ക് നല്ല ഭക്ഷണം കൊടുക്കാന്‍ 30 ഏക്കറില്‍ ജൈവകൃഷി


“ജോലിയിലുള്ള ബുദ്ധിമുട്ടും പ്രിയപ്പെട്ടവരെ മിസ് ചെയ്യുന്നതുമൊക്കെ കാരണമാണ് ജോലി നിറുത്തുന്നത്. ചിലരൊക്കെ വേണ്ടിയിരുന്നില്ല, മണ്ടത്തരമാണ് കാണിച്ചതെന്നൊക്കെ പറഞ്ഞു.

“അച്ഛനും അമ്മയും വഴക്കൊന്നും പറഞ്ഞില്ല. നമുക്ക് വീട് വിട്ട് നില്‍ക്കാന്‍ പറ്റില്ലേ..,” ഭാഗ്യരാജ് ചിരിക്കുന്നു. “ഇനി കൃഷി ചെയ്യാനിറങ്ങുകയാണെന്നു പറഞ്ഞപ്പോഴും അവരെതിര്‍ത്തില്ല.”

വെണ്ടയ്ക്ക വിളവെടുപ്പ്

കുറേക്കാലം മസ്കറ്റില്‍ ജോലി ചെയ്തിരുന്ന ഭാഗ്യരാജിന്‍റെ അച്ഛന്‍ കുറെക്കാലമായി നാട്ടിലെത്തിയിട്ട്. അച്ഛനും അമ്മയും ഭാഗ്യരാജിന്‍റെ തീരുമാനത്തെ എതിര്‍ത്തില്ലെന്ന് മാത്രമല്ല, കൃഷിയില്‍ കൂടെ നില്‍ക്കുകയും ചെയ്തു.

“ഭാര്യ ആതിരയും പിന്തുണയോടെ കൂടെയുണ്ട്.  കെവിഎം ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളെജിലെ അസിസ്റ്റന്‍റ് പ്രൊഫസറാണ്. ഒമ്പത് മാസം പ്രായമുള്ളൊരു മകളുണ്ട്. ഐറ എന്നാണ് പേര്,” ഭാഗ്യരാജ് പറഞ്ഞു.

“പ്ലാന്‍ അനുസരിച്ചൊന്നുമല്ല കൃഷിയിലേക്ക് വരുന്നത്. തുടക്കത്തില്‍ 80 സെന്‍റിലാണ് കൃഷി ആരംഭിച്ചത്. ചീരയും മത്തനും പച്ചമുളകും കുക്കുമ്പറുമൊക്കെയാണ് ആദ്യകാലത്തെ കൃഷികള്‍.” നേരിട്ട് വാങ്ങാന്‍ ആളുണ്ടായിരുന്നുവെന്നും ആ കര്‍ഷകന്‍ പറയുന്നു.

എ എം ആരിഫ് എംപി ഭാഗ്യരാജിന്‍റെ കൃഷിത്തോട്ടത്തില്‍

“പക്ഷേ നൂറു കിലോയൊക്കെ ഒരുമിച്ചെടുക്കാന്‍ ആളില്ലായിരുന്നു. കടക്കാര്‍ക്കൊക്കെ 50 കിലോയൊക്കെ തന്നെ ധാരാളമായിരുന്നു. പിന്നെപ്പിന്നെ കൃഷിയുടെ അളവും ഉത്പന്നങ്ങളുടെ എണ്ണവും കൂടി. അതോടെ വിപണനത്തിന് സ്വന്തമായൊരു കട ആരംഭിച്ചു,” ഇക്കോ ഷോപ്പിനെക്കുറിച്ച് ഭാഗ്യരാജ് പറയുന്നു.

സുജിത്തും ഭാഗ്യരാജും ചേര്‍ന്നാണ് സെന്‍റ് മൈക്കിള്‍സ് കോളെജിന് അടുത്ത് മൂന്ന് വര്‍ഷം മുമ്പാണ് ഇക്കോ ഷോപ്പ് ആരംഭിച്ചത്. കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനാരംഭിച്ച വാട്ട്സ് ആപ്പ് ഗ്രൂപ്പും അവരൊരുമിച്ചാണ് കൈകാര്യം ചെയ്യുന്നത്.


വെജ് 2 ഹോം എന്നാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പിന്‍റെ പേര്. ഈ ഗ്രൂപ്പിലൂടെ പച്ചക്കറികള്‍ ആവശ്യക്കാരുടെ അരികിലെത്തും.


“തുടക്കത്തില്‍ വെറും 40 പേര്‍ മാത്രമേ ഈ ഗ്രൂപ്പിലുണ്ടായിരുന്നുള്ളൂ. ഇപ്പോ രണ്ടായിരത്തിലേറെ അംഗങ്ങളുണ്ട്. ആലപ്പുഴയില്‍ മാത്രമുള്ളവരാണിതില്‍. ജില്ല പൂര്‍ണമായും കവര്‍ ചെയ്യുന്നുണ്ട്. നാലു മാസം മുന്‍പാണ് ഗ്രൂപ്പ് ആരംഭിച്ചത്,”  അദ്ദേഹം തുടരുന്നു.

മന്ത്രി ജി.സുധാകരന്‍ ഭാഗ്യരാജിന് പുരസ്കാരം നല്‍കുന്നു

“വെജ് 2 ഹോം ഗ്രൂപ്പിന് ഓര്‍ഡര്‍ കിട്ടിയാല്‍, ഒരു മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ ആവശ്യക്കാരിലെത്തിക്കും. രാവിലെ പത്ത് മണി മുതല്‍ ഏഴു മണി വരെ എപ്പോ വിളിച്ചും ഓര്‍ഡര്‍ നല്‍കാം.

“മിനിമം ഇത്ര ഐറ്റം ഓര്‍ഡര്‍ ചെയ്യണമെന്നൊന്നും ഇല്ല. പത്ത് രൂപയുടെ മാത്രം ഐറ്റമേ ഓര്‍ഡര്‍ ചെയ്തിട്ടുള്ളതെങ്കിലും വീട്ടിലെത്തിച്ചു കൊടുക്കും.”

പച്ചക്കറികള്‍ മാത്രമല്ല, മുട്ട, നാടന്‍ കോഴി, കാട, താറാവ് ഇതൊക്കെയും  വാട്സാപ്പ് ഗ്രൂപ്പിലുടെ ഓഡര്‍ ചെയ്യാം. മത്സ്യം ഡ്രസ് ചെയ്താണ് ആളുകളിലേക്കെത്തിക്കുന്നത്.വാട്ട്സ് ആപ്പ് ഗ്രൂപ്പ് വില്‍പനയ്ക്ക് നല്ല സ്വീകരണമാണ് ലഭിക്കുന്നതെന്ന് ആ കൂട്ടുകാര്‍ പറഞ്ഞു.

കൃഷിയിടം

“ഫോണ്‍ ചെയ്തു പറഞ്ഞാലും ഓര്‍ഡര്‍ സ്വീകരിക്കും. വാട്ട്സ് ആപ്പ് ഗ്രൂപ്പിലുള്ള പലരും അവരുടെ പരിചയക്കാരോടും സുഹൃത്തുക്കളോടുമൊക്കെ പറഞ്ഞ് പറഞ്ഞാണ് ഇത്രയും മെമ്പര്‍മാരെ കിട്ടിയത്.

“വീട്ടില്‍ കൊണ്ടുപോയി കൊടുക്കുന്നതിന് പ്രത്യേക ചാര്‍ജ് ഒന്നുമില്ല. ഉത്പന്നത്തിന്‍റെ വില മാത്രമേ കസ്റ്റമറില്‍ നിന്നു ഈടാക്കുന്നുള്ളൂ.  ആലപ്പുഴയില്‍ ഒരു റൂട്ടില്‍ മാത്രം പോയാല്‍ തന്നെ ഇരുപതിനായിരം രൂപയുടെ കച്ചവടം നടക്കും. നിത്യേന വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ അമ്പതിലേറെ പേര്‍ ഓര്‍ഡര്‍ നല്‍കാറുണ്ട്,” ഭാഗ്യരാജ് വിശദീകരിക്കുന്നു.

വെണ്ടയ്ക്ക വിളവെടുപ്പിന് ശേഷം”കടയിലൂടെയും വാട്ട്സ് ഗ്രൂപ്പിലൂടെയും ഞങ്ങള് രണ്ടാളുടെ കൃഷിയിടത്തില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ മാത്രമല്ല മറ്റു കര്‍ഷകരില്‍ നിന്നും എടുക്കുന്നുണ്ട്. ഇരുന്നൂറോളം കര്‍ഷകരില്‍ നിന്നായി പല തരത്തിലുള്ള ഉത്പന്നങ്ങള്‍ കിട്ടുന്നുണ്ട്.

“ഒറ്റയ്ക്ക് ഇത്രയും അളവില്‍ പച്ചക്കറിയൊന്നും കൊടുക്കാന്‍ പറ്റില്ലല്ലോ. മറ്റു കര്‍ഷകര്‍ ഷോപ്പിലെത്തിക്കുകയാണ് ചെയ്യുന്നത്. പാവല്‍, പടവലം, വഴുതനങ്ങ, വെണ്ട, മത്തന്‍, പച്ചമുളക് തുടങ്ങിയവ എന്‍റെ പറമ്പില്‍ നിന്നും വെജ് 2 ഹോമിലൂടെ ആളുകളിലെത്തുന്നുണ്ട്.

“ഇതിനൊപ്പം മത്സ്യവും മുട്ടയും വില്‍ക്കുന്നുണ്ട്. നാടന്‍ കോഴിയും താറാവും കാടയും വീട്ടില്‍ തന്നെ വളര്‍ത്തുന്നതാണ്. 300 നാടന്‍ കോഴികളെ വീട്ടില്‍ വളര്‍ത്തുന്നുണ്ട്.”


ഇതുകൂടി വായിക്കാം: മടുപ്പിക്കുന്ന ജോലി വിട്ട് ഈ കൂട്ടുകാര്‍ കൃഷി തുടങ്ങി; പാട്ടഭൂമിയില്‍ പയര്‍ നട്ട് ലക്ഷങ്ങള്‍ നേടുന്ന ചെറുപ്പക്കാര്‍


ഇക്കോ ഷോപ്പിലൂടെയും ഓണ്‍ലൈന്‍ ആയും മാത്രമല്ല പറമ്പില്‍ നിന്നു നേരിട്ടും വില്‍പനയുണ്ട്. ചിലരൊക്കെ നേരിട്ട് വരും. ദിവസവും കുറഞ്ഞത് നാലു ടീമെങ്കിലും കൃഷിയിടത്തില്‍ നേരിട്ട് വന്നു പച്ചക്കറി വാങ്ങാറുണ്ട്. കൃഷി കാണാന്‍ ചില വിദേശികളുമൊക്കെ ഇവിടെ വന്നിട്ടുണ്ടെന്നും ഭാഗ്യരാജ് പറയുന്നു.

പച്ചക്കറിയും കോഴികളും താറാവും മാത്രമല്ല മീനും പോത്തുമൊക്കെയുണ്ടെന്ന് ഭാഗ്യരാജ്. “ഒന്നര ഏക്കറില്‍ പല കുളങ്ങളിലായിട്ടാണ് മീന്‍ വളര്‍ത്തുന്നത്. പറമ്പുകളില്‍ നേരത്തെയുണ്ടായിരുന്ന കുളം നന്നാക്കിയെടുത്ത് മീനുകളെ നിക്ഷേപിച്ചു. പച്ചക്കറി കൃഷി പോലെ തന്നെ പലയിടങ്ങളിലായിട്ടാണ് ഈ കുളങ്ങള്‍.

“സ്ഥലലഭ്യത വളരെ കുറവായതുകൊണ്ടാണ് പല സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നത്. കാരി, തിലോപ്പിയ, ഗിഫ്റ്റ് തിലോപ്പിയ ഇതൊക്കെയാണ് മീന്‍ കുളത്തിലുള്ളത്. മീന്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നുമുണ്ട്.

“വെജ് 2 ഹോം വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ മീന്‍ വില്‍പ്പനയില്ല. മീന്‍ എല്ലാ ദിവസവും വിളവെടുക്കുന്നില്ലല്ലോ. സീസണ്‍ നോക്കിയാണ് മീന്‍ പിടിക്കുന്നത്. ഓണം, വിഷു, പിന്നെ ഞങ്ങളുടെ ഇവിടുത്തെ ഉത്സവം ഇതൊക്കെ നോക്കിയാണ് മീന്‍ പിടിക്കുന്നത്. മത്സ്യകൃഷിയും നല്ല ലാഭം തന്നെയാണ്,”  ആ എം ബി എക്കാരന്‍റെ മുഖത്ത് വിജയത്തിന്‍റെ സന്തോഷം.

“സ്ഥലപരിമിതിയുള്ളതുകൊണ്ടാണ് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നത്. വീട്ടില്‍ നിന്നു ആറേഴ് കിലോമീറ്റര്‍ ദൂരത്തിലാണ് ഈ കൃഷിയിടങ്ങള്‍. എല്ലാംകൂടി 12 ഏക്കറുണ്ടാകും.

“നെല്‍കൃഷിയും ചെയ്യുന്നുണ്ട്. നാലേക്കറിലാണ് നെല്‍ക‍ൃഷി. പക്ഷേ വല്ലപ്പോഴും മാത്രമേ നെല്ല് കൃഷി ചെയ്യുന്നുള്ളൂ.

“പറമ്പിലെ പണികള്‍ക്ക് ആറു ജോലിക്കാരുണ്ട്. കടയില്‍ മൂന്നു പേരും. വെജ് 2 ഹോമിന്‍റെ ഡെലിവറിക്ക് ഒരാളുമുണ്ട്. പിന്നെ ഇതിനൊപ്പം അച്ഛനും അമ്മയും ഭാര്യയുമൊക്കെ സഹായത്തിനുമുണ്ട്,” ഭാഗ്യരാജ് പറഞ്ഞു.

ഭാഗ്യരാജിന്‍റെ വിവാഹദിവസം ഭാര്യ ആതിരയ്ക്ക് ചീരക്കെട്ട് സമ്മാനിക്കുന്നു

കോഴികൂവുമ്പോഴേക്കും ഉറക്കമുണര്‍ന്ന് പറമ്പിലേക്കിറങ്ങുന്ന ശീലമൊന്നുമില്ല ഈ ന്യൂജെന്‍ കര്‍ഷകന്. “…വൈകിയുണരാന്‍ ഇഷ്ടപ്പെടുന്നയാളാണ്. വിത്ത് പാകി, മുളച്ചു വരുന്ന സമയത്ത് മാത്രം ഏതുനേരവും കൃഷിയ്ക്കൊപ്പമുണ്ടാകണം. അല്ലാതെയുള്ള നേരങ്ങളില്‍ രാവിലെ മുതല്‍ നമ്മളും കൂടെ വേണമെന്നില്ല,” എന്നാണ് ഈ ചെറുപ്പക്കാരന്‍ പറയുന്നത്.

“തടം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മൂടുന്ന മള്‍ച്ചിങ് ഷീറ്റ് കൃഷിയാണ് ഇവിടെ ചെയ്യുന്നത്. ജൈവവളങ്ങള്‍ ചേര്‍ത്ത് തടമുണ്ടാക്കി ജലസേചനത്തിന് ഡ്രിപ്പും ഇട്ടു കഴിഞ്ഞാല്‍ പിന്നെ ടെന്‍ഷന്‍ വേണ്ട. ഇടയ്ക്കിടെ വളമിടേണ്ട. തടത്തില്‍ പ്ലാസ്റ്റിക് ഉള്ളതിനാല്‍ കളകള്‍ വരുമെന്നും പേടിക്കണ്ട. ഡ്രിപ് ഇറിഗേഷനിലൂടെ ആവശ്യമുള്ള വെള്ളം നനച്ചാല്‍ മതിയല്ലോ.


ഇടയ്ക്കിടെ ഡ്രിപ് ഇറിഗേഷനിലൂടെ വെള്ളത്തിന് പകരം ഗോമൂത്രം കയറ്റിവിടും. നല്ല കരുത്തുള്ള വിളകള്‍ കിട്ടാന്‍ ഗോമൂത്രം നല്ലതാണ്.


കോഴിക്കാഷ്ടം, ഗോമൂത്രം, ചാണകം ഇതൊക്കെയാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്. 500 ചാക്ക് കോഴിവളമൊക്കെ വേണ്ടി വരും.” അതൊക്കെ പുറത്തുനിന്നാണ് വാങ്ങുന്നതെന്ന് ഭാഗ്യരാജ്.

പുത്തനമ്പലം, ചേര്‍ത്തല സൗത്ത്, അരീപ്പറമ്പ് ഇവിടൊക്കെയാണ് പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുന്നത്. പാട്ടക്കൃഷി ലാഭകരം തന്നെ എന്നാണ് ഭാഗ്യരാജിന്‍റെ അനുഭവം.

“സ്വന്തം ഭൂമി എന്നു പറയാന്‍ രണ്ടര ഏക്കര്‍ മാത്രമുള്ളൂ. ബാക്കിയെല്ലാം പാട്ടഭൂമിയാണ്. ഈ രണ്ടര ഏക്കറും വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ്.

“വീട്ടിലും കൃഷിയുണ്ട്. ഗ്രോ ബാഗിലാണ് പച്ചക്കറി നട്ടിരിക്കുന്നത്. വഴുതനങ്ങ, കുക്കുംമ്പര്‍ ഇതൊക്കെയുണ്ട് വീട്ടില്‍. പാഷന്‍ ഫ്രൂട്ട് മുറ്റം നിറയെയുണ്ട്. ഇതു വില്‍ക്കുന്നില്ല. വീട്ടിലേക്ക് എടുക്കുകയാണ് പതിവ്.


350- ലേറെ പപ്പായ നട്ടിരിക്കുന്നത് വീട്ടുമുറ്റത്താണ്. കപ്പ, ചേന, ഇതൊക്കെയും വീട്ടില്‍ കൃഷി ചെയ്യുന്നുണ്ട്.


“പോത്ത് കൃഷിയുണ്ടായിരുന്നു. 22 പോത്തുകളെ വളര്‍ത്തിയിരുന്നു. കഴിഞ്ഞ ബക്രീദിന് പോത്തുകളെ എല്ലാം വിറ്റു. ഇനി അടുത്തമാസം കുറച്ചെണ്ണം പോത്തുകളെ വാങ്ങാനിരിക്കുകയാണ്,” ഭാഗ്യരാജ് പറയുന്നു.

മത്സ്യകൃഷി വിളവെടുപ്പിന് ശേഷം

കൃഷി പോലെ ഭാഗ്യരാജിന്‍റെ മറ്റൊരു ഇഷ്ടമാണ് ബാഡ്മിന്‍റണ്‍. രാവിലെ ഷട്ടില്‍ കളിക്കാന്‍ പോകും… അതാണ് രാവിലത്തെ പ്രധാന പരിപാടി. ബാഡ്മിന്‍റനില്‍ കേരള യൂണിവേഴ്സിറ്റി വിജയിയായിരുന്നു.

ഡിഗ്രിക്കാലത്ത് മൂന്നു വര്‍ഷവും ഭാഗ്യരാജ് ബാഡ്മിന്‍റനില്‍ പങ്കെടുത്തിട്ടുണ്ട്. ഒരു തവണ വിന്നറും രണ്ട് തവണ ഫസ്റ്റ് റണ്ണര്‍അപ്പുമായിരുന്നു. 2009, 2010, 2011 വര്‍ഷങ്ങളിലായിരുന്നു ഡിഗ്രി പഠനക്കാലം.

കൃഷിയിടം സന്ദര്‍ശിക്കാനെത്തിയ വിദേശികള്‍

കൃഷിയില്‍ നിന്നു കിട്ടുന്ന ലാഭത്തില്‍ നിന്ന് ചെറിയൊരു ഭാഗം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെയ്ക്കുന്നുണ്ട് ഈ കര്‍ഷകന്‍.

“നാട്ടില്‍ തന്നെയുള്ള ഓള്‍ഡേജ് ഹോമിലെ താമസക്കാര്‍ക്ക് ഓരോ മാസവും ഭക്ഷണവും നല്‍കാറുണ്ട്.  വിഷു, ക്രിസ്മസ്, ഈസ്റ്റര്‍ പോലുള്ള വിശേഷദിവസങ്ങളില്‍ വഴിയോരങ്ങളിലിരിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്.

“ഇതൊക്കെ കൃഷിയിലേക്കെത്തും മുന്‍പേ ചെയ്തു തുടങ്ങിയതാണ്. ഇതിനൊക്കെ സഹായവുമായി വീട്ടുകാര്‍ മാത്രമല്ല കൂട്ടുകാരും കൂടെയുണ്ടാകും,”  ഭാഗ്യരാജ് പറഞ്ഞു.

മത്സ്യവിളവെടുപ്പ്

“നല്ലൊരു ജോലിയാണ് കളഞ്ഞതെന്ന വിഷമമൊന്നും ഇല്ല. നല്ല വരുമാനം കൃഷിയിലൂടെ നേടുന്നുണ്ട്. ഒരു മാസം ഒരു ലക്ഷം രൂപ വരുമാനം കിട്ടുന്നത് അത്ര കുറവല്ലല്ലോ.


ഇതുകൂടി വായിക്കാം: മാത്തുക്കുട്ടി എന്ന അല്‍ഭുതക്കുട്ടി: ബി എം ഡബ്ല്യുവിലെ ലക്ഷങ്ങളുടെ ജോലി വലിച്ചെറിഞ്ഞ് മണ്ണിലേക്കിറങ്ങിയ എം ബി എക്കാരന്‍


ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ നല്ല രീതിയില്‍ തന്നെ കൃഷി മാത്രമായി ജീവിച്ചു പോകാന്‍ പറ്റും. എനിക്ക് മാത്രമല്ല കഷ്ടപ്പെടാന്‍ മനസുണ്ടെങ്കില്‍ ആര്‍ക്കും കൃഷിയില്‍ വിജയിക്കാം,” ഭാഗ്യരാജ് ആത്മവിശ്വാസത്തോടെ പറയുന്നു.

കഞ്ഞിക്കുഴി പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡും കിട്ടിയിട്ടുണ്ട് ഈ കര്‍ഷകന്.

***
ഫോട്ടോകള്‍ക്ക് കടപ്പാട്:  ഭാഗ്യരാജ്

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം