അഞ്ചേക്കറില്‍ വിളഞ്ഞുനില്‍ക്കുന്ന നെല്ല്, ഒരേക്കറില്‍ തെങ്ങിന്‍ തോട്ടം, പിന്നെ കവുങ്ങും കുരുമുളകും പാവലുമൊക്കെ. കണ്ണൂര്‍ കോട്ടക്കുന്ന് സ്വദേശിയായ സദാനന്ദന്‍റെ വീട്ടില്‍ ഇതിനൊപ്പം കോഴിയും താറാവും അരയന്നങ്ങളും എമുവും പശുവുമൊക്കെയുണ്ട്.
നിത്യേന ഇവിടെ ആളുണ്ടാകും, ഇതൊക്കെ കാണാന്‍. കൃഷി ചെയ്യണമെന്നാഗ്രഹമുള്ളവര്‍ക്ക് ഈ കാഴ്ചകളൊക്കെ കണ്ട് പഠിക്കാം. എന്നാല്‍ അവിടെ തീരുന്നില്ല ഈ കര്‍ഷകന്‍റെ വിശേഷങ്ങള്‍.
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം: Karnival.com
കര്‍ഷകര്‍ക്കിടയിലെ ഒരു നാട്ടുശാസ്ത്രജ്ഞനാണ് സദാനന്ദന്‍. പത്താംക്ലാസ്സ് വരെയേ അദ്ദേഹം പഠിച്ചിട്ടുള്ളൂ. കൃഷിയോടുള്ള സ്നേഹം, സൂക്ഷ്മമായ നിരീക്ഷണം, പിന്നെ നല്ല പ്രായോഗിക ബുദ്ധിയും സംഘാടനശേഷിയും…അദ്ദേഹം നാട്ടിലെ തരിശ് ഭൂമിയില്‍ കൃഷിയിറക്കി, പണിയെളുപ്പമാക്കുന്നതിന് പലതരം ഉപകരണങ്ങള്‍ കണ്ടുപിടിച്ചു.
കുട്ടിക്കാലം തൊട്ടേ പറമ്പില്‍ പണിയെടുക്കുന്ന സദാനന്ദന്‍ കണ്ടുപിടിച്ച കൃഷി യന്ത്രങ്ങള്‍ കാണാനും അറിയാനും ഒത്തിരിയാളുകളാണ് ഇവിടേക്ക് വരുന്നത്.
“ഞങ്ങളുടേത് കാര്‍ഷിക കുടുംബമാണ്. കൃഷിയൊക്കെ കുട്ടിക്കാലം തൊട്ടേ കാണുന്നതല്ലേ. അച്ഛനും അമ്മയുമൊക്കെ കൃഷി ചെയ്യുന്നത് കണ്ടല്ലേ ഞാനും വളരുന്നത്. എനിക്കും കൃഷിയോട് തന്നെയായിരുന്നു ചെറുപ്പം മുതല്‍ ഇഷ്ടം” സദാനന്ദന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞുതുടങ്ങുന്നു.
“പത്താം ക്ലാസ് വരെ പഠിച്ചു. കൃഷിയോടുള്ള ഇഷ്ടം കൊണ്ട് ഇതുവരെ വേറൊരു പണിക്കും പോയുമില്ല. കൃഷി തന്നെയായിരുന്നു എല്ലാം. നെല്‍കൃഷിയാണ് കൂടുതലും ചെയ്തിരുന്നത്. പിലാത്തറയിലാണ് നെല്‍കൃഷി ചെയ്യുന്നത്.
“വീട്ടില്‍ നിന്നു വലിയ ദൂരമൊന്നുമില്ല. അരകിലോമീറ്റര്‍ ദൂരം പോലുമില്ല.
150 ഏക്കറിലാണ് നെല്‍കൃഷി ചെയ്യുന്നത്. ഇതില്‍ ആറേക്കറാണ് എന്‍റേത്. ആറേക്കറും സ്വന്തമല്ല.
“ഈ ആറേക്കറില്‍ സ്വന്തം ഭൂമിയും അതിനൊപ്പം ബന്ധുക്കളുടെ കുറച്ചു സ്ഥലവും പാട്ടത്തിനെടുത്ത ഭൂമിയിലുമായി നാടന്‍ വിത്തിനങ്ങളാണ് കൃഷി ചെയ്യുന്നത്. നെല്‍കൃഷിയ്ക്കൊപ്പം നാടന്‍ വിത്തിനങ്ങള്‍ സംരക്ഷിക്കുകയും ആവശ്യക്കാര്‍ക്ക് ഇടയ്ക്കൊക്കെ കൊടുക്കാറുമുണ്ട്.”
നെല്‍കൃഷി ചെയ്യുന്ന അത്രയും വിപുലമായിട്ടൊന്നുമല്ലെങ്കിലും കുറച്ച് പച്ചക്കറിയും സദാനന്ദന്‍ കൃഷി ചെയ്യുന്നുണ്ട്.
“പക്ഷേ പച്ചക്കറികള്‍ക്കൊന്നും വലിയ വിപണി കിട്ടാതെ വന്നതോടെയാണ് പച്ചക്കറി കൃഷി ചെയ്യുന്നത് കുറച്ചത്. നേരത്തെ നല്ല ലാഭം കിട്ടിയിരുന്നതാണിത്.
“സംയോജിത കൃഷിയായതു കൊണ്ടു വളത്തിനുള്ള ചാണകമൊക്കെ വീട്ടില്‍ നിന്നു കിട്ടുന്നുണ്ട്. പശുവും എരുമയും കോഴി, താറാവും എമുവും അരയന്നവുമൊക്കെ ഇവിടെ വളര്‍ത്തുന്നുണ്ട്.
“അരയന്നത്തിന്‍റെ മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ വില്‍ക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് അരയന്നത്തിനെ വിറ്റത്. ഇപ്പോ മൂന്നെണ്ണം മാത്രമേയുള്ളൂ. രണ്ട് എമുവിനെയാണ് വളര്‍ത്തുന്നത്.” എമുവിന്‍റെ മുട്ടകളും വില്‍ക്കാറുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃഷിപ്പണി എളുപ്പമാക്കുന്ന പലതരം ഉപകരണങ്ങള്‍ ഈ കര്‍ഷകന്‍റെ പ്രായോഗിക ബുദ്ധിയില്‍ ഉണ്ടായിട്ടുണ്ട്. പാടത്തുനിന്ന് കീടങ്ങളെ തുരത്താന്‍ പാഡി പെസ്റ്റ് പിക്കറും അഡ്ജസ്റ്റ് ലെവലറും സോയില്‍ ഫില്ലിങ്ങ് ഡിവൈസുമൊക്കെയാണ് സദാനന്ദന്‍റെ ക്രെഡിറ്റിലുള്ളത്.
ഇതുകൂടി വായിക്കാം:കാലിഫോര്‍ണിയയില്‍ നിന്ന് കൊല്ലങ്കോട്ടേക്ക്: കേരളത്തിലെ അരലക്ഷത്തിലധികം ഗ്രാമീണസ്ത്രീകളുടെ ജീവിതവഴി മാറ്റിവരച്ച കണ്ണൂരുകാരന്‍
“നാലു വര്‍ഷം മുന്‍പാണ് ആദ്യത്തെ കൃഷിയന്ത്രമുണ്ടാക്കുന്നത്. അഡ്ജസ്റ്റ് ലെവലര്‍… ഞാറ്റടിയിലും വിതച്ച് മൂന്നാഴ്ചയ്ക്ക് ശേഷം ചിനപ്പ് പൊട്ടുന്ന സമയത്തും ഈ മെഷീന്‍ ഉപയോഗിക്കാവുന്നതാണ്. ട്രാക്റ്ററിന്‍റെ പുറകില്‍ പ്രത്യേകം ഘടിപ്പിക്കാവുന്നതാണ് ഈ അഡ്ജസ്റ്റ് ലെവലര്‍. 2015-ലാണിത് നിര്‍മിക്കുന്നത്.
“സാധാരണ ട്രാക്റ്ററുകളില്‍ ഘടിപ്പിക്കുന്ന ലെവലറിനെക്കാളും ചരിവ് കൂട്ടാനും കുറയ്ക്കാനും ഈ യന്ത്രത്തിനാകും. ഈ യന്ത്രത്തിനൊരു കൊഴു പ്രത്യേകം പിടിപ്പിച്ചിട്ടുണ്ട്.
“ഒന്നാം ചാല്‍ നിലമുഴുത് വരമ്പ് വെച്ച ശേഷം നാട്ടിക്കും വിതയ്ക്കും വയല്‍ രൂപപ്പെടുത്തിയെടുക്കുന്നതിന് ഈ യന്ത്രം നല്ലതാണ്. ചളി ഇളക്കി കലക്കി എളുപ്പത്തില്‍ നിരപ്പാക്കാം. കേജ് വീലുകള്‍ തമ്മിലുള്ള വിടവും ഇല്ലാതാക്കാന്‍ അഡ്ജസ്റ്റ് ലെവലറിനാകും.
“കീടങ്ങളെ അകറ്റുന്നതിനുള്ള യന്ത്രമാണ് പിന്നീട് കണ്ടുപിടിച്ചത്. അതിന്‍റെ പേര് പാഡി പെസ്റ്റ് പിക്കര്‍ എന്നാണ്. ഓലചുരുട്ടിപ്പുഴവും തണ്ടുതുരപ്പന്‍ പുഴുവുമൊക്കെയാണല്ലോ നെല്ലില്ലെ പ്രധാന കീടങ്ങള്‍.
“ഇതിനെയൊക്കെ കളയുന്ന പാഡി പെസ്റ്റ് പിക്കര്‍ എന്ന യന്ത്ര
മാണത്. കൈ ഉപയോഗിച്ച് തള്ളി പ്രവര്‍ത്തിപ്പിക്കാവുന്ന യന്ത്രമാണിത്. ഫാന്‍ പോലൊരു സമ്പ്രദായത്തിലൂടെ കീടങ്ങളെ യന്ത്രത്തിന്‍റെ പിന്‍ഭാഗത്ത് ഘടിപ്പിച്ച പെട്ടിയിലേക്ക് സംഭരിക്കുന്ന രീതിയിലാണ് ഈ പെസ്റ്റ് പിക്കര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
“നെറ്റ് ഉപയോഗിച്ചാണ് പെട്ടി നിര്‍മിച്ചിരിക്കുന്നത്. ഇതിനു ഇന്ധനമൊന്നും ആവശ്യമില്ല. പണ്ടൊക്കെ ആനക്കൊട്ട, വാലന്‍ക്കൊട്ട പോലുള്ള കീടങ്ങളെ വീശിയാണ് അകറ്റിയിരുന്നത്. ആ രീതി തന്നെയാണ് ഇവിടെയും പരീക്ഷിച്ചത്.
ഫാന്‍ കറങ്ങുന്ന പോലെ, കൈ കൊണ്ട് ലിവര്‍ തിരിച്ച് കറക്കും. ആ കാറ്റില്‍ കീടങ്ങള്‍ ആ പെട്ടിയിലേക്ക് വീഴും. പിന്നീട് ആ കീടങ്ങളെ ഇല്ലാതാക്കും. രാസവളമടിച്ചൊന്നുമല്ല, ജൈവികരീതിയിലാണിവയെ നശിപ്പിക്കുന്നത്.
വളരെ ലളിതമെങ്കിലും കൃഷിക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഉപകരണങ്ങളാണ് സദാനന്ദന്‍ വികസിപ്പിക്കുന്നത്. അതിനൊരുദാഹരണമാണ് മണ്ണ് നിറയ്കക്കാനുള്ള സംവിധാനം. ചട്ടികളിലും കൂടകളിലുമൊക്കെ എളുപ്പത്തില്‍ മണ്ണ് നിറയ്ക്കുന്നതിനാണ് ഈ ഉപകരണം.
പോട്ടിങ് മിശ്രിതം എളുപ്പത്തില്‍ കൂടകളില്‍ നിറക്കുന്നതിന് പല യന്ത്രങ്ങളുണ്ട്. അതുപോലൊന്നാണ് സോയില്‍ ഫില്ലിങ് ഡിവൈസ്. ഈ ഉപകരണത്തിന്‍റെ ഒരു വശത്തെ ലിവര്‍ കൈ കൊണ്ട് തിരിക്കുമ്പോള്‍ മറുവശത്തു കൂടി മിശ്രിതം കൃത്യമായ അളവില്‍ കൂടയിലേക്ക് വീഴും.
ഇതുകൂടി വായിക്കാം: ഏലത്തോട്ടത്തില്‍ പണിയില്ലാതായപ്പോള്‍ നാടുവിട്ടു, വാടകപ്പുരയിടത്തിലെ കൃഷി പ്രളയം കൊണ്ടുപോയി, പട്ടിണി കിടന്നു: എന്നിട്ടും തോല്‍ക്കാതെ ബിന്‍സിയുടെ അധ്വാനം
“ഈ യന്ത്രങ്ങളുണ്ടാക്കുന്നതിന്‍റെ ഐഡിയയാണ് എന്‍റേത്. ഇങ്ങനെയുണ്ടാക്കണമെന്നു പറഞ്ഞു ചെയ്യിക്കുകയായിരുന്നു. ഈ യന്ത്രങ്ങള്‍ പലര്‍ക്കും കൊടുക്കാറുണ്ട്, അവരുടെ തോട്ടത്തിലെ കീടബാധയകറ്റാനും നിലമുഴുവാനും വരമ്പ് കെട്ടാനുമൊക്കെ വേണമെന്നു പറഞ്ഞുവരുന്നവര്‍ക്കാണ് കൊടുക്കുന്നത്. വാടകയ്ക്കാണ് യന്ത്രങ്ങള്‍ കൊടുക്കുന്നത്.
“ഇതുപോലെ ഒരെണ്ണം ഉണ്ടാക്കി തരുമോയെന്നും പലരും ചോദിക്കുന്നുണ്ട്. പക്ഷേ ആരോടും ചെയ്തു തരാമെന്നു പറഞ്ഞിട്ടില്ല. തത്ക്കാലം വേറെ ചില യന്ത്രങ്ങളുണ്ടാക്കുന്നതിന്‍റെ തിരക്കിലാണ്.” അതെന്തെക്കൊയാണെന്നു ചോദിച്ചു തീരും മുന്‍പേ അതേക്കുറിച്ച് ഇപ്പോ പറയില്ലാട്ടോയെന്നു പറഞ്ഞു സദാനന്ദന്‍.,
അത്ര നിസ്സാരക്കാരനല്ല സദാനന്ദനെന്നാണ് അദ്ദേഹത്തെ നന്നായി അറിയാവുന്ന കൃഷി ഓഫിസര്‍മാര്‍ പറയുന്നത്. കഠിനാധ്വാനിയായ സദാനനന്ദന്‍ മറ്റു കര്‍ഷകര്‍ക്ക് വേണ്ടിയും പണിയെടുക്കാറുണ്ടെന്നു പെരിങ്ങോം വയക്കര കൃഷി ഓഫിസര്‍ നിഷ. ജിയും അസിസ്റ്റന്‍റ് കൃഷി ഓഫിസര്‍ രമേശന്‍ പേരൂലും പറയുന്നു.
“കുറച്ചുകാലം ചെറുപുഴ പഞ്ചായത്തിലെ കൃഷി ഓഫീസറായിരുന്നു ഞാന്‍. അക്കാലം തൊട്ടേ സദാനന്ദനെ അറിയാം. സ്വന്തം കൃഷി മാത്രമല്ല മറ്റുള്ളവര്‍ക്ക് കൃഷി ചെയ്തുകൊടുക്കുമെന്നതാണ് അദ്ദേഹത്തിന്‍റെ വലിയൊരു പ്രത്യേകത.
“യന്ത്രങ്ങള്‍ ഉപയോഗിക്കാനറിയാവുന്ന കര്‍ഷകനാണല്ലോ സദാനന്ദന്‍. ആ യന്ത്രങ്ങള്‍ സ്വന്തം കൃഷിക്ക് മാത്രമല്ല മറ്റുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ കൊടുക്കുകയും അതുപയോഗിച്ച് അവരെ നെല്‍ കൃഷിയില്‍ സഹായിക്കുകയും ചെയ്യാറുണ്ട് ഇദ്ദേഹം.
“പുതിയ യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ മാത്രമല്ല പഴയകാലത്തെ കാളപൂട്ടലില്ലേ.. അതും സദാനന്ദന് അറിയാം. കാളയെ ഉപയോഗിച്ച് ഇന്നും സദാനന്ദന്‍ നിലം ഉഴാറുണ്ട്.
“സ്വന്തമായി കാളയുണ്ട്. അവയെയാണ് നിലം ഉഴുതുന്നതിന് ഉപയോഗിക്കുന്നത്. ഇതിനൊപ്പമാണ് കൃഷിയ്ക്ക് സഹായകമാകുന്ന ഉപകരണങ്ങള്‍ കണ്ടുപിടിച്ചതെന്നും നിഷ കൂട്ടിച്ചേര്‍ത്തു.
ചെറുത്താഴം ഗ്രാമ പഞ്ചായത്തിലെ കര്‍ഷക തൊഴിലാളി മാത്രമല്ല കുറേക്കാലം പാടശേഖര പ്രസിഡന്‍റ് കൂടിയായിരുന്നു ഇദ്ദേഹം. തരിശായി കിടന്ന ഏക്കറുക്കണക്കിന് പാടശേഖരത്താണ് സദാനന്ദന്‍റെ നേതൃത്വത്തില്‍ നെല്‍കൃഷി നടത്തിയത്. ഇതിനൊപ്പം സ്വന്തം ഭൂമിയിലും നെല്ലും പച്ചക്കറിയുമൊക്കെ ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്.
ഇതുകൂടി വായിക്കാം:ശിവസേനാപതി മുന്നിട്ടിറങ്ങി, 1,500 അടി താഴ്ത്തിയിട്ടും വെള്ളം കിട്ടാക്കനിയായ ഗ്രാമം ജലസമ്പന്നമായി
“ആരുടെയും കൈയില്‍ നിന്നു സാമ്പത്തിക സഹായങ്ങളൊന്നും സ്വീകരിക്കാതെയാണ് ഈ യന്ത്രങ്ങളൊക്കെയും നിര്‍മിച്ചത്. സ്വന്തം കൈയില്‍ നിന്നു പൈസയെടുത്താണ് പരീക്ഷണങ്ങളൊക്കെ നടത്തി ഓരോ യന്ത്രങ്ങളും കണ്ടുപിടിച്ചതെന്നും രമേശന്‍ കൂട്ടിച്ചേര്‍ത്തു.
മക്കളും ഭാര്യയുമൊക്കെയാണ് കൃഷിയ്ക്ക് പിന്തുണയുമായി കൂടെയുള്ളതെന്നു സദാനന്ദന്‍. അജിതയാണ് ഭാര്യ രണ്ട് മക്കളുണ്ട്. ശ്യാംമിനിയും ശ്യാംജിത്തും. “എന്‍ജിനീയറിങ് കഴിഞ്ഞ ശ്യാംമിനിയുടെ വിവാഹത്തിരക്കുകളിലാണിപ്പോള്‍ ഞാന്‍. കുറച്ചു ദിവസം കൂടിയേയുള്ളൂ വിവാഹത്തിന്. ശ്യാംജിത്ത് ബെംഗളൂരുവില്‍ ജോലി ചെയ്യുന്നു.”
കല്യാശ്ശേരി ബ്ലോക്കിലെ മികച്ച നെല്‍കര്‍ഷകന്‍, ചെറുത്താഴം പഞ്ചായത്തിന്‍റെ മികച്ച കര്‍ഷകന്‍, മികച്ച കര്‍ഷക തൊഴിലാളിയ്ക്കുള്ള ശ്രമശക്തി അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങളും സദാനന്ദനെ തേടിയെത്തിയിട്ടുണ്ട്.