18 ഏക്കറില്‍ എലിഫന്‍റ് ആപ്പിളും ബര്‍മ്മീസ് ഗ്രേപ്സുമടക്കം അപൂര്‍വ്വ പഴങ്ങള്‍ വിളയുന്ന തോട്ടം: മലബാറിലെ ഊട്ടിയില്‍ പോകുമ്പോള്‍ ഇനി ഇവിടെയുമൊന്ന് കയറാം

കക്കാടംപൊയില്‍ വെള്ളച്ചാട്ടം കണ്ടാസ്വദിച്ച് നേരെ ഈ സഹോദരന്‍മാരുടെ തോട്ടത്തിലേക്ക് ചെന്നാല്‍ മതി. ഇതുവരെ നമ്മളില്‍ പലരും കണ്ടിട്ടും കേട്ടിട്ടു പോലുമില്ലാത്ത ചില പഴങ്ങള്‍ ഇവിടെ കാണാം, രുചിക്കാം.

ദുരിയാന്‍, ഫിലോസാന്‍, ബറാസ്, അബിയു, ആപ്പിള്‍, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങി ഒരുപാട് വിദേശികള്‍, നാടന്‍ പഴങ്ങള്‍… ശരിക്കുമൊരു പഴക്കൂട.

മലപ്പുറം അരീക്കോട് പൂവഞ്ചേരി വീട്ടില്‍ അബ്ദുല്‍ ഹമീദ് ഹാജിയും അബ്ദുല്‍ സലീമും പതിനെട്ട് ഏക്കറില്‍ ഫലവൃക്ഷങ്ങളുടെ വലിയൊരു കാട് തന്നെ ഒരുക്കി കൊണ്ടിരിക്കുകയാണ്.

നാടനും വിദേശിയുമൊക്കെയായി ഒരുപാട് പഴങ്ങളുണ്ട് അരീക്കോട്ടുകാരായ ഈ സഹോദരന്‍മാരുടെ തോട്ടത്തില്‍.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം: Karnival.com


മലബാറിന്‍റെ ഊട്ടി എന്ന് വിളിക്കുന്ന കോഴിക്കോട് കക്കടാംപൊയില്‍ എന്ന മനോഹരമായ സ്ഥലത്താണ് അപൂര്‍വ്വമായ പഴച്ചെടികളും മരങ്ങളും നിറഞ്ഞ തോട്ടം.

അബ്ദുല്‍ സലീമും അബ്ദുല്‍ ഹമീദും

കോടമഞ്ഞ് മേഞ്ഞുനടക്കുന്ന കുന്നുകളും താഴ്വാരങ്ങളുമുള്ള കക്കാടംപൊയിലിലെത്തി മനോഹരമായ വെള്ളച്ചാട്ടം കണ്ടാസ്വദിച്ച് നേരെ ഇവരുടെ പൂവഞ്ചേരി അഗ്രി-ഹോര്‍ട്ടികള്‍ച്ചര്‍ ഫാമിലേക്ക് ചെല്ലാം. നമ്മളില്‍ പലരും കണ്ടിട്ടും കേട്ടിട്ടുപോലുമില്ലാത്ത പല പഴങ്ങളും കായ്ച്ചുനില്‍ക്കുന്നത് കാണാം.

വേണമെങ്കില്‍ കുറച്ചു പഴങ്ങള്‍ രുചിക്കാം, വാങ്ങി വീട്ടിലേക്കും കൊണ്ടുപോകാം. പഴങ്ങള്‍ മാത്രമല്ല മത്സ്യങ്ങളും പശുക്കളും പച്ചക്കറികളും ഒക്കെയുണ്ടിവിടെ… പിന്നെ ജാതി,തെങ്ങ്, പലതരം വാഴകള്‍, ഔഷധസസ്യങ്ങള്‍… വലിയൊരു കൃഷിലോകം തന്നെ ഈ ചേട്ടനും അനിയനും കൂടി ഇവിടെയൊരുക്കിയിട്ടുണ്ട്.

“ഞങ്ങള്‍ ഈ ഭൂമി വാങ്ങുന്നത് 2011-ലാണ്. ഫലവൃക്ഷങ്ങള്‍ നടണം, പച്ചക്കറി കൃഷി ചെയ്യണം.. ഈ ഭൂമി വാങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഇങ്ങനെയൊരു ചിന്തയുണ്ടായിരുന്നു,” അബ്ദുല്‍ ഹമീദ് ഹാജി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു .

സംയോജിത കൃഷിയാണിവിടെ വേണ്ടതെന്നു നേരത്തെ തീരുമാനിച്ചിരുന്നു. വീട്ടിലും കൃഷിയൊക്കെയുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ കൃഷിയൊക്കെ കണ്ടാണ് വളര്‍ന്നതും.

“പക്ഷേ കൃഷിയില്‍ സജീവമാകാതെ ക്രഷര്‍ ബിസിനസിലേക്ക് തിരിയുകയായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി കൃഷിയില്‍ സജീവമാണിപ്പോള്‍. കക്കാടംപൊയില്‍ തോട്ടം ഒരുക്കുന്നതിന് മുന്‍പേ പഴങ്ങള്‍ കൃഷി ചെയ്തിരുന്നു. അതുപക്ഷേ കേരളത്തില്‍ അല്ലായിരുന്നു.


കര്‍ണാടകയില്‍, ഗുണ്ടല്‍പ്പേട്ടിലായിരുന്നു. മാവ് കൂടുതലായിരുന്നുവെന്നു മാത്രം.


“പക്ഷേ അതിനൊപ്പം നെല്ലിക്ക, സപ്പോട്ട, പേരയുമൊക്കെയുണ്ടായിരുന്നു. അഞ്ചു വര്‍ഷം അവിടെ കൃഷി ചെയ്തു. പക്ഷേ ഞാനും സലീമും മാത്രമായിരുന്നില്ല, വേറെയും ഒന്നു രണ്ട് ആള്‍ക്കാര്‍ക്ക് ഒപ്പമായിരുന്നു അത്. കുറേക്കാലം നന്നായി കൃഷി ചെയ്യാനൊക്കെ സാധിച്ചു.

“പക്ഷേ ജലദൗര്‍ലഭ്യം വന്നതോടെ കൃഷി അവസാനിപ്പിക്കുകയായിരുന്നു.” അതിന് ശേഷമാണ് കക്കാടംപൊയിയിലേക്ക് എത്തിയതെന്നു ഹമീദ് ഹാജി പറയുന്നു.

തിരുവമ്പാടി കൃഷി ഓഫീസര്‍ പ്രകാശ് പിയും കര്‍ഷകന്‍ തോമസ് വെട്ടത്തും ഫാം സന്ദര്‍ശിക്കാനെത്തിയപ്പോള്‍

തോട്ടത്തില്‍

“മലനിരകള്‍ ഏറെയുള്ള ഏതുനേരവും ചെറിയൊരു തണുപ്പൊക്കെയുള്ള സ്ഥലമാണ് കക്കാടംപൊയില്‍,” കക്കാടംപൊയിലില്‍ തെരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് അബ്ദുല്‍ സലീം പറഞ്ഞു തുടങ്ങുന്നു.

വയനാട്ടിലെ കാലാവസ്ഥ പോലെയാണിവിടം. വിനോദസഞ്ചാരമേഖല കൂടിയാണല്ലോ. കലാവസ്ഥയും യോജിക്കും, ടൂറിസത്തിനും സാധ്യതയുണ്ടല്ലോ.

“18 ഏക്കര്‍ സ്ഥലത്താണ് ഫലവൃക്ഷങ്ങളും നാണ്യവിളകളും കൃഷിയും പശുവും മത്സ്യവുമൊക്കെയായി സംയോജിത കൃഷി ചെയ്യുന്നത്.  ഈ പറമ്പില്‍ കുറച്ച് തെങ്ങുകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. കയ്യാല കെട്ടി തിരിച്ചു, പിന്നെ കുരുമുളകും ജാതിയും തെങ്ങും മറ്റുമൊക്കെ നട്ടു തുടങ്ങി. തെങ്ങിന്‍തോട്ടത്തിലാണ് ജാതിയും കുരുമുളകുമൊക്കെ നട്ടിരിക്കുന്നത്.

“ഡ്രാഗണ്‍ ഫ്രൂട്‌സ്, ദുരിയാന്‍, ഫിലോസാന്‍, അബിയു, മിറാക്കിള്‍ ഫ്രൂട്ട്, മഫായി ഫ്രൂട്ട്, റംബൂട്ടാന്‍, മാങ്കോസ്റ്റിന്‍, ബറാസ, എലിഫന്‍റ് ആപ്പിള്‍, സ്‌ട്രോബറി, ആപ്പിള്‍, പീനട്ട് ബട്ടര്‍, ഓറഞ്ച് ഇങ്ങനെ ഒരുപാട് ഇനങ്ങള്‍ ഇവിടെ നട്ടിട്ടുണ്ട്. ഇതിലേറെയും കായ്ച്ചിട്ടുമുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ടിനും പാഷന്‍ ഫ്രൂട്ടിനുമൊക്കെ ആവശ്യക്കാരേറെയുണ്ട്.

“പേരയും ചാമ്പയും സീതപ്പഴവും മൂട്ടിപ്പഴവും സബര്‍ജില്ലും ഇവിടെയുണ്ട്.  ഇതൊക്കെയും ഞങ്ങളൊരുമിച്ച് പോയി കണ്ടെത്തി കൊണ്ടുവന്നു നട്ടതാണ്.


ഇതുകൂടി വായിക്കാം: എം. ബി. ബി. എസ് കഴിഞ്ഞ് നേരെ അട്ടപ്പാടിക്ക് വണ്ടി കയറിയതാണ് ഈ പത്തുരൂപാ ഡോക്ടര്‍, 16 വര്‍ഷം മുമ്പ്


“നാട്ടിലെ നഴ്സറികളില്‍ നിന്നു മാത്രമല്ല ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നു അന്വേഷിച്ചു കണ്ടെത്തിയ തൈകളും ഇവിടെ നട്ടിട്ടുണ്ട്. സ്പെഷ്യല്‍ തൈകള്‍ എവിടെയെങ്കിലും കിട്ടുമെന്നറിഞ്ഞാല്‍ ഞങ്ങള് പോകും. മിക്കവാറും ഞങ്ങള്‍ ഒരുമിച്ചാകും പോകുന്നത്.

ഫാമിലെ നഴ്‍സറി

“ഇതിനൊക്കെ നല്ല കാശു ചെലവുമുണ്ടാകും. ബര്‍മീസ് ഗ്രേപ്പിന്‍റെ തൈയാണ് വലിയ വില കൊടുത്ത് വാങ്ങേണ്ടി വന്നത്. റംമ്പൂട്ടാനും മാങ്കോസ്റ്റിന്‍ തൈയുമൊക്കെ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നിന്നാണ് വാങ്ങിയത്. ഡ്രാഗണ്‍ ഫ്രൂട്ട് മംഗലാപുരത്ത് നിന്നും,” സലീം പറഞ്ഞു.

ആരുടെയെങ്കിലും കയ്യില്‍ പുതിയ പഴച്ചെടിയോ തൈകളോ ഉണ്ടെന്നറിഞ്ഞാല്‍ ചേട്ടനും അനിയനും കൂടി തേടിപ്പോകും, എത്ര ദൂരെയാണെങ്കിലും. ഇങ്ങനെ തൈകള്‍ സംഘടിപ്പിക്കാന്‍ വേണ്ടി മാത്രം അവര്‍ രാജ്യത്ത് ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ട്.

കൃഷിയ്ക്ക് തുള്ളി നനയാണ് സ്വീകരിച്ചിരിക്കുന്നത്. വെള്ളത്തിനൊപ്പം വളം കൂടി ചേര്‍ത്താണ് നനയ്ക്കുന്നത്. പൂര്‍ണമായും ജൈവവളമാണ് ഉപയോഗിക്കുന്നതെന്നു ഹമീദ് ഹാജി പറയുന്നു.

“ജൈവവളത്തിന് വേണ്ടി കാസര്‍ഗോഡന്‍ കുള്ളന്‍ പശുക്കളെ വളര്‍ത്തുന്നുണ്ട്. ഇവയുടെ ചാണകവും മൂത്രവുമാണ് പ്രധാന വളം. ചാണകം ബയോഗ്യാസാക്കി മാറ്റും. ബയോഗ്യാസില്‍ നിന്നുള്ള സ്ലറിയിലേക്ക് വെള്ളവും കൂടി ചേര്‍ത്താണ് വളമായി തൈകള്‍ നല്‍കുന്നത്. വെള്ളം മാത്രമായിട്ടു ഒഴിക്കാറില്ല, വളമടങ്ങിയ വെള്ളമാണ് എപ്പോഴും ഒഴിക്കുന്നത്,” അദ്ദേഹം കൃഷിരീതികള്‍ വിശദമാക്കി.

കുരുമുളകും കുറ്റികുരുമുളകും മഞ്ഞളും ജാതിയും

കക്കടാംപൊയില്‍  വെള്ളച്ചാട്ടം കാണാനെത്തുന്നവരില്‍ പലരും തോട്ടം കാണാനും വരും. ഇങ്ങനെ വരുന്നവരൊക്കെയാണ് പ്രധാന കസ്റ്റമേഴ്സ് എന്ന് അവര്‍ പറഞ്ഞു. വെള്ളച്ചാട്ടത്തിന് സമീപത്ത് പൂവഞ്ചേരി ഫാമിന്‍റെ ഒരു സ്റ്റാളുമിട്ടിട്ടുണ്ട്. ഈ സ്റ്റാളിലൂടെയും പഴങ്ങളും കാര്‍ഷികോല്‍പന്നങ്ങളും വില്‍പ്പനയുണ്ട്.

“വലിയൊരു മാര്‍ക്കറ്റിനുള്ള ഉത്പന്നങ്ങളില്ല.. തുടക്കമല്ലേ.. അധികം വൈകാതെ കൂടുതല്‍ എണ്ണം പഴവര്‍ഗങ്ങള്‍ കിട്ടും. അപ്പോ മാര്‍ക്കറ്റിങ്ങും വിപുലമാക്കാം, മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്,” ഹമീദ് തുടരുന്നു.

ജൈവവള ഉത്പ്പാദനം

“ഇനിയുള്ള കാലത്ത് വിഷമില്ലാത്ത പഴങ്ങളും പച്ചക്കറിയുമൊക്കെ കഴിക്കണമെങ്കില്‍ ഇതുപോലെ സ്വന്തം പറമ്പില്‍ തന്നെ നട്ടുപിടിപ്പിക്കണം. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമെല്ലാം എല്ലായ്പ്പോഴും ഇതരനാടുകളെ ആശ്രയിക്കണ്ടല്ലോ.

“പിന്നെ ഫലവര്‍ഗങ്ങള്‍ക്ക് എന്നും ആവശ്യക്കാരുണ്ടായിരിക്കും. വിദേശനാടുകളിലെ പഴ വിപണിയിലും ഇടം കണ്ടെത്താനാകുമല്ലോ. സാമ്പത്തികമായും ഇതു പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സ്യക്കുളം

“ഈ പറമ്പ് വാങ്ങുമ്പോള്‍ മൂന്നു കുളങ്ങളുണ്ടായിരുന്നു,” മത്സ്യകൃഷി ആരംഭിച്ചതിനെക്കുറിച്ച് ഹമീദ് പറയുന്നു.

“കുളങ്ങള്‍ക്ക് ചുറ്റും കെട്ടിയെടുത്തും പടവുകളും പണിതും നവീകരിച്ചെടുത്തു. അതിലാണിപ്പോള്‍ മത്സ്യകൃഷി ചെയ്യുന്നത്. തിലോപ്പിയ, നട്ടര്‍, രോഹു തുടങ്ങിയ മത്സ്യങ്ങളാണ് കൃഷി ചെയ്യുന്നത്.


ഇതുകൂടി വായിക്കാം: ലക്ഷങ്ങള്‍ മുടക്കി ക്വാറി വാങ്ങി കാടുണ്ടാക്കി, അതില്‍ 5 കുളങ്ങളും അരുവിയും നിര്‍മ്മിച്ചു, നൂറുകണക്കിന് മരങ്ങളും ചെടികളും പിടിപ്പിച്ചു


“ഇവിടെ മാത്രമല്ല, പാട്ടത്തിനെടുത്ത കുറച്ചു സ്ഥലമുണ്ട്. ഇവിടെ നിന്നും അല്‍പ്പം ദൂരെയാണത്. ആ പറമ്പിലെ കുളത്തില്‍ തിലോപ്പിയ കൃഷി ചെയ്യുന്നുണ്ട്. ആറേഴ് കിലോമീറ്റര്‍ അപ്പുറത്താണിത്. ഫിഷറീസ് വകുപ്പിന്‍റെ സഹായത്തോടെയാണ് ഇവിടെ മത്സ്യ കൃഷി ചെയ്യുന്നത്.

“വ്യത്യസ്ത ഇനത്തില്‍പ്പെട്ട പശുക്കളെയാണ് വളര്‍ത്തുന്നത്. ജഴ്സി, സ്വിസ് ബ്രൗണ്‍, എച്ച് എഫ്, നാടന്‍ പശുവായ കാസര്‍ഗോഡ് കുള്ളനും അടക്കം 25 പശുക്കളുണ്ട്. 200 ലിറ്റര്‍ പാല്‍ കിട്ടുന്നുണ്ട്. മില്‍മ സൊസൈറ്റിയിലേക്കാണ് പാല്‍ നല്‍കുന്നത്,”  അദ്ദേഹം പറഞ്ഞു.

വളപ്രയോഗത്തിനുള്ള സ്ലറി ടാങ്ക്

ജാതി, കാപ്പി, കുരുമുളക്, കുടുമ്പുളി, ഗ്രാമ്പുവും കൃഷി ചെയ്യുന്നുണ്ട്. കുറച്ചു കോഴികളെയും ഇവിടെ വളര്‍ത്തുന്നുണ്ട്. പച്ചക്കറി കൃഷിയിലേറെയും ശീതകാല പച്ചക്കറിയാണ് ചെയ്യുന്നത്. കാബേജും ക്വാളിഫ്ലവറും ബീറ്റ്റൂട്ടുമൊക്കെയുണ്ട്.

“കുന്നിന്‍ പ്രദേശമാണിവിടെയൊക്കെ. നിരപ്പല്ലാത്ത ഭൂമിയല്ലേ.. എല്ലാത്തരം പച്ചക്കറികളും കൃഷി ചെയ്യാന്‍ സാധിക്കാറില്ല.

“തട്ട് തട്ട് രീതിയിലുള്ള കൃഷിയാണ് ചെയ്യുന്നത്. തോട്ടത്തിലെ കാര്യങ്ങള്‍ക്കും പശുവിനെ നോക്കാനുമൊക്കെയായി നാലഞ്ച് ജോലിക്കാരുമുണ്ട്. ഫാം കാണാനും നിരവധിപ്പേരാണ് ഇവിടേക്ക് വരുന്നത്. ഫാം കാണുന്നതിന് പ്രത്യേകിച്ച് എന്‍ട്രി ഫീയൊന്നും വാങ്ങുന്നില്ല.

മാങ്കോസ്റ്റിന്‍, അവോക്കാഡോ തോട്ടത്തില്‍ അബ്ദുല്‍ സലീം

“ഇതുപോലെ പഴങ്ങള്‍ കൃഷി ചെയ്യണമെന്നാഗ്രഹത്തോടെ കുറേയാളുകള്‍ ഇവിടെ വരുന്നുണ്ട്… തോട്ടം കാണാനെത്തുന്നവര്‍ കൈ നിറയെ പഴങ്ങളും പച്ചക്കറിയുമൊക്കെ വാങ്ങിയാണ് തിരികെ പോകുന്നത്.

“റാംമ്പൂട്ടാനൊക്കെ കൃഷി ചെയ്യണമെന്നു പറഞ്ഞുവരുന്നവരുമുണ്ട്. ഇവരില്‍ പലരും കൃഷിക്കാരൊന്നുമല്ല. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ഇതുപോലുള്ള ഫലവൃക്ഷങ്ങളൊക്കെ നട്ടുപിടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഫാം സന്ദര്‍ശിക്കാനെത്തുന്നത്,” ഹമീദ് പറയുന്നു.

സ്റ്റോണ്‍ ക്രഷര്‍ മേഖലയില്‍ നിന്നാണ് ഈ സഹോദരന്‍മാര്‍ കാര്‍ഷിക രംഗത്തേക്കെത്തുന്നത്. കുട്ടിക്കാലത്തൊക്കെ വീട്ടില്‍ കൃഷിയുണ്ടായിരുന്നു. പക്ഷേ ബിസിനസിലേക്ക് തിരിഞ്ഞതോടെ കൃഷിയൊന്നും ചെയ്തില്ലെന്നു ഹമീദ് പറയുന്നു.

“എണ്‍പതുകളില്‍ ഞാനും സലീമും കൂടി ചേര്‍ന്നരാംഭിച്ചതാണത്.  ബിസിനസ് ഇതിനൊപ്പം തന്നെയുണ്ട്. ഞങ്ങള്‍ രാണ്ടാളും തന്നെയാണ് കൃഷിയ്ക്കൊപ്പം ഇതും നോക്കുന്നത്. അതുകൊണ്ടു തന്നെ രണ്ടാളും ഒരുമിച്ച് തോട്ടത്തില്‍ വരുന്നത് കുറവാണ്. ഒരാള്‍ തോട്ടത്തിലേക്ക് വരുമ്പോള്‍ മറ്റേയാള്‍ ഇന്‍ഡസ്ട്രിയിലേക്ക് പോകും. ഇതാണ് പതിവ്,” അദ്ദേഹം പറഞ്ഞു.

റംമ്പൂട്ടാന്‍ വിളവെടുപ്പ്

ഫാത്തിമയാണ് ഹമീദിന്‍റെ ഭാര്യ. അഞ്ച് മക്കളാണുള്ളത്. മൂന്നു പേരുടെ വിവാഹം കഴിഞ്ഞു. നിഷാത്ത്, നജീല്‍, മുഹമ്മദ് സബീല്‍, മെഡിസിന്‍ വിദ്യാര്‍ഥിനി ഷാന, പ്ലസ് വണ്‍ വിദ്യാര്‍ഥി യിംന എന്നിവരാണ് മക്കള്‍. സ്റ്റോണ്‍ ക്രഷര്‍ ബിസിനസില്‍ നജീലും കൃഷിയില്‍ സബീലുമാണ് പിന്തുണയുമായി എപ്പോഴും കൂടെയുള്ളത്.


ഇതുകൂടി വായിക്കാം: തൊടിയില്‍ നൂറിലധികം പഴങ്ങൾ, എല്ലാം നാട്ടുകാർക്ക്: അൽഭുതത്തോട്ടമൊരുക്കി മലപ്പുറംകാരൻ റഷീദ്


അബ്ദുല്‍ സലീമിന്‍റെ ഭാര്യ റസീനയാണ്. ബി ടെക്ക് വിദ്യാര്‍ഥികളായ ഫാത്തിമ ഫിദ, മുഹമ്മദ് ഫാദില്‍, എട്ടാം ക്ലാസുകാരന്‍ മുഹമ്മഹ് ഫെബിന്‍ഷാദ്, മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഫാത്തിമ ഫര്‍ഹ എന്നിവരാണ് മക്കള്‍.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം