തേങ്ങയില്‍ നിന്ന് 24 ഉല്‍പന്നങ്ങള്‍, ആറ് കോടി രൂപ വരുമാനം! 6,000 പേരുടെ ജീവിതം സുരക്ഷിതമാക്കിയ സ്ത്രീകളുടെ സ്വന്തം കമ്പനി

തേങ്ങാവെള്ളവും ചിരട്ടയുമൊക്കെ കളയുന്ന കണ്ടപ്പോള്‍, ഇതുകൊണ്ട് എന്തെങ്കിലും ചെയ്താലോ, എന്ന തോന്നലില്‍ നിന്നാണ് സുഭിക്ഷയുണ്ടാകുന്നത്

558സംഘങ്ങള്‍, 6,000 സ്ത്രീകള്‍,16 വര്‍ഷങ്ങള്‍. ഇക്കാലം കൊണ്ട്  അവര്‍ പടുത്തുയര്‍ത്തിയത് സുഭിക്ഷ എന്ന കേരളത്തിലെ സ്ത്രീകളുടെ ആദ്യത്തെ പ്രൊഡ്യൂസര്‍ കമ്പനി. വര്‍ഷം ആറ് കോടി വരുമാനമുണ്ടാക്കുന്ന കമ്പനിയുടെ കഥ നൂറുകണക്കിന് സ്ത്രീകളുടെ അതിജീവന കഥ കൂടിയാണ്.

കൊപ്രയാട്ടി വെളിച്ചെണ്ണയുണ്ടാക്കിക്കൊണ്ട് കോഴിക്കോട് പേരാമ്പ്രയില്‍ തുടക്കമിട്ട സുഭിക്ഷ ഇപ്പോള്‍ നാളികേരത്തില്‍ നിന്ന്  24 ഉല്പ‍ന്നങ്ങള്‍ ഉണ്ടാക്കി വിപണിയിലെത്തിക്കുന്നു.

ഇന്ന് രാജ്യത്തെ ഏറ്റവും വലിയ നാളികേര സംസ്ക്കരണ കേന്ദ്രങ്ങളിലൊന്നാണ് പേരാമ്പ്ര ബ്ലോക്കിലെ സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി.


പ്രകൃതിയുമായി അടുത്തു ജീവിക്കാം, പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം:
Karnival.com

സുഭിക്ഷയുടെ വിശേഷങ്ങള്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവയ്ക്കുകയാണ് ഷൈനിയും പ്രമീളയും മൈമൂനയും പിന്നെ കുഞ്ഞമ്മദ് മാഷുമൊക്കെ.

സുഭിക്ഷയിലെ സ്ത്രീകള്‍

ഒരു കൊപ്ര ഡ്രയര്‍ യൂനിറ്റായി 2003-ലാണ് സുഭിക്ഷയുടെ തുടക്കം. നെച്ചാട് പഞ്ചായത്തില്‍ കുടുംബശ്രീക്കാരാണിത് ഉണ്ടാക്കുന്നത്. അന്ന് കൊപ്ര മാത്രമേ ഇവിടെ പ്രയോജനപ്പെടുത്തിയിരുന്നുള്ളൂ,ചെയര്‍മാന്‍ കുഞ്ഞമ്മദ് മാസ്റ്റര്‍ പറയുന്നു.

തേങ്ങാവെള്ളവും ചിരട്ടയുമൊക്കെ വെറുതേ കളയേണ്ടി വന്നു. അതൊന്നും കളയാതെ അവയുപയോഗിച്ച് എന്തെങ്കിലും ചെയ്താലോ, അതിനൊരു ഒരു പദ്ധതി നടപ്പാക്കിയാലോ എന്നൊക്കെയുള്ള തോന്നലുകളാണുണ്ടായത്.

“അങ്ങനെയാണ് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനെജ്മെന്‍റിനെ സമീപിക്കുന്നതും നാളികേരവെള്ളവും മറ്റും പ്രയോജനപ്പെടുത്തണമെന്ന ആശയം അവരോടു പങ്കുവയ്ക്കുന്നതും.

“ഐഐഎമ്മിലെ ഡോ.സജി ഗോപിനാഥിന്‍റെ മേല്‍നോട്ടത്തിലാണ് പ്രൊജക്റ്റ് തയാറാക്കി നല്‍കിയത്. ആ പദ്ധതിയാണ് പിന്നീട് സുഭിക്ഷയായി മാറുന്നത്.

സുഭിക്ഷയുടെ യൂനിറ്റ്

“കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയായ സ്വര്‍ണജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന പ്രകാരമാണിത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുഭിക്ഷ ആരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നാലു കോടിയും സംസ്ഥാനസര്‍ക്കാര്‍ രണ്ടു കോടിയും നല്‍കി.


ഇതുകൂടി വായിക്കാം: തേങ്ങാപ്പാല്‍ സംഭാരം, തവിട് ചായ, ചക്കയില്‍ നിന്ന് തേന്‍ : അതിശയിപ്പിക്കുന്ന ജൈവ വിഭവങ്ങളുമായി ഉഷ


“അതിനൊപ്പം രണ്ടര കോടി രൂപ ബാങ്കുകളില്‍ നിന്നു വായ്പയായുമെടുത്തു. തുടക്കത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു നിര്‍മാണജോലികള്‍. പിന്നീടാണ് യൂനിറ്റുകള്‍ ആരംഭിച്ചത്. പൂര്‍ണമായും സ്ത്രീകളുടെയാണ് സുഭിക്ഷ,” അദ്ദേഹം പറഞ്ഞു.

നാളികേരത്തില്‍ നിന്ന് 24-ഓളം ഉല്‍പന്നങ്ങള്‍ സുഭിക്ഷ ഉണ്ടാക്കുന്നുണ്ട്. ചകിരിയില്‍ നിന്നു നാരുകളും കയറും ചകിരിച്ചോറും ചിരട്ട തവികള്‍, ഇളനീരില്‍ നിന്നു സ്നോ ബോള്‍, ജാം, ജ്യൂസ്, തേങ്ങാവെള്ളത്തില്‍ നിന്നു സ്ക്വാഷും വിനാഗിരിയും വ്യത്യസ്തരം വെളിച്ചെണ്ണകളും തയ്യാറാക്കുന്നുണ്ട്.

“സാധാരണ എല്ലാരും ഉപയോഗിക്കുന്ന കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയ്ക്ക് പുറമേ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, ഉരുക്ക് വെളിച്ചെണ്ണയുമാണ് ഇവിടെയുണ്ടാക്കുന്നത്.


ആദ്യമായി വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ നിര്‍മിച്ചു വിപണിയിലിറക്കുന്നത് സുഭിക്ഷയാണ്, 2006-ല്‍.


“ഹെയര്‍ കെയര്‍, ബേബി കെയര്‍, സ്കിന്‍ കെയര്‍ ഓയിലുകളും മാത്രമല്ല പൂര്‍ണമായും വെളിച്ചെണ്ണയില്‍ തയാറാക്കുന്ന സോപ്പുകളും സുഭിക്ഷ വിപണിയിലിറക്കുന്നുണ്ട്. ഇതിനൊപ്പം മഞ്ഞള്‍പ്പൊടിയും മുളകുപ്പൊടിയുമൊക്കെ തയാറാക്കി വില്‍ക്കുന്നുണ്ട്.” സുഭിക്ഷയുടെ ചെയര്‍മാന്‍ പറയുന്നു.

കയറ്റുമതിയ്ക്കായി നിര്‍മിക്കുന്ന വെളിച്ചെണ്ണയുടെ ലോഞ്ചിങ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ച ശേഷം. കുഞ്ഞമ്മദും ഹരികിഷോര്‍ ഐഎഎസും സുഭിക്ഷയിലെ അംഗങ്ങള്‍ക്കൊപ്പം

പരിശീലനക്ലാസുകള്‍ നല്‍കിയാണ് സുഭിക്ഷയിലെ സ്ത്രീകളെ മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാന്‍ പഠിപ്പിച്ചത്. കൃഷി വിജ്ഞാന്‍ കേന്ദ്രം, നാളികേര വികസന ബോര്‍ഡ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റൂറല്‍ ഡവലപ്പ്മെന്‍റ്, മൈസൂരിലെ കേന്ദ്രഭക്ഷ്യ സംസ്ക്കരണ ഗവേഷണ സ്ഥാപനം എന്നിവിടങ്ങളില്‍ നിന്നൊക്കെ ഇവര്‍ക്ക് പരിശീലന ക്ലാസുകള്‍ നല്‍കിയിട്ടുണ്ട്.

558 സംഘങ്ങളിലായി ആറായിരം സ്ത്രീകളാണ് സുഭിക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. “ഇത്രയും പേരുള്‍പ്പെടുന്ന ഒരു പ്രൊഡ്യൂസര്‍ കമ്പനിയാണിത്,” കുഞ്ഞഹമ്മദ് മാഷ് തുടരുന്നു. .

“കേരളത്തിലെ, ഒരുപക്ഷേ ഇന്ത്യയിലെ തന്നെ, സാധാരണ സ്ത്രീകളുടെ ആദ്യ പ്രൊഡ്യൂസര്‍ കമ്പനിയാണ് സുഭിക്ഷ. സര്‍ക്കാര്‍ അംഗീകാരമുള്ള കമ്പനിയാണിത്. വെറുതേ ആനൂകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കുന്ന പദ്ധതിയല്ല…താത്പ്പര്യമുള്ള, പ്രവര്‍ത്തിക്കാന്‍ മനസുള്ളവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഉത്പന്നങ്ങളുടെ നിര്‍മാണവും വിപണനവും ക്വാളിറ്റി ചെക്കിങ്ങുമെല്ലാം സ്ത്രീകള്‍ തന്നെയാണ് നടത്തുന്നത്. നാളികേര മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കുകയും ആളുകളിലേക്കെത്തിക്കുകയും ചെയ്യുന്നത് സുഭിക്ഷയിലെ സ്ത്രീകളാണ്.

സുഭിക്ഷയുടെ ഉത്പന്ന വിതരണത്തിനുള്ള വാഹനങ്ങള്‍

“സുഭിക്ഷയുടെ ഉത്പന്നങ്ങള്‍ക്ക് കേരളത്തിന് പുറത്തും ആവശ്യക്കാരുണ്ട്. ചെന്നൈ, ഛണ്ഡീഗഢ് എന്നിവിടങ്ങളിലേക്ക് പോകുന്നുണ്ട്. വിവിധ എക്സ്ബിഷനുകളില്‍ പങ്കെടുക്കാറുണ്ട്.

“ഡോര്‍ റ്റു ഡെലിവറിലും വാഹനത്തില്‍ കൊണ്ടുപോയി വില്‍ക്കലും, ഇതിനൊപ്പം വിവിധ ഷോപ്പുകളിലൂടെയുമാണ് സുഭിക്ഷ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. മലബാര്‍ മേഖലയില്‍ നിരവധി സ്റ്റാളുകളുണ്ട് സുഭിക്ഷയ്ക്ക്.

“558 സംഘങ്ങളില്‍ നിന്നായി ഏഴായിരത്തോളം സ്ത്രീകള്‍ സുഭിക്ഷയുടെ ഷെയര്‍ എടുത്തിട്ടുണ്ട്. പലരും പല തുകയുടെ ഷെയറാണെടുത്തിട്ടുള്ളത്. ജോലി ചെയ്യുന്നവര്‍ക്ക് ദിവസം 200 മുതല്‍ 700 വരെയാണ് വരുമാനം.

“ഇതിനൊപ്പം ചികിത്സ, വിദ്യാഭ്യാസ സഹായങ്ങളും ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷെയറിലൂടെ ലാഭത്തിന്‍റെ വിഹിതവും അവര്‍ക്ക് കിട്ടും.” കുഞ്ഞമ്മഹദ് പറയുന്നു.

പ്രദര്‍ശന വിപണന മേളയില്‍ നിന്ന്

“ഞാനും മൈമുവും ലിജിയും പ്രമീളയുമൊക്കെ തുടക്കം തൊട്ടെ സുഭിക്ഷയുടെ കൂടെയുണ്ട്.” കമ്പനിയുടെ ഡയറക്റ്റര്‍മാരിലൊരാള്‍ കൂടിയായ കെ.ഷൈനി പറയുന്നു.


എങ്ങനെയാകും.. വിജയിക്കുമോ എന്നൊക്കെ ഒരുറപ്പുമില്ലല്ലോ.. ആരംഭിക്കുന്നതല്ലേയുള്ളൂ. അന്ന് കൂടെ കൂടിയതാണ്. സുഭിക്ഷയാണിപ്പോള്‍ ജീവിതം. ഒരു വീട് പോലെ, വീട്ടുകാരെ പോലെയാണ് ഞങ്ങളിവിടെ കഴിയുന്നത്.


പേരാമ്പ്ര പഞ്ചായത്തിലെ യൂനിറ്റിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. വീടും ഇവിടെ അടുത്ത് തന്നെയാണ്. കൊപ്ര ആട്ടി വെളിച്ചെണ്ണയാക്കുന്ന യൂനിറ്റിന്‍റെ ചുമതലയാണെനിക്ക്.

കര്‍ഷകരില്‍ നിന്നു കൊപ്ര വാങ്ങും. ഒന്നുകൂടി ഡ്രയറില്‍ ഉണക്കും, ആ കൊപ്ര ആട്ടി ഏകദേശം അയ്യായ്യിരം കിലോ വെളിച്ചെണ്ണ വരെ എന്നും ഇവിടെ ഉത്പ്പാദിപ്പിക്കുന്നുണ്ട്.

സുഭിക്ഷയ്ക്ക് കിട്ടിയ ISO 9001-2015, I SO -22000-2005 അംഗീകാരവുമായി മന്ത്രി ടി.പി. രാമകൃഷ്ണനും ചെയര്‍മാന്‍ കുഞ്ഞമ്മദ് മാഷും

“നിത്യേന പതിനായിരം കിലോ വെളിച്ചെണ്ണ ആട്ടിയെടുക്കുന്നതിനുള്ള യന്ത്രസൗകര്യങ്ങളൊക്കെ ഇവിടെയുണ്ട്. ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ കുപ്പികളിലും പാക്കറ്റുകളിലുമാക്കി മാര്‍ക്കറ്റിലേക്കെത്തിക്കുകയാണ്.

“വെളിച്ചെണ്ണ യൂനിറ്റില്‍ 15 ജീവനക്കാരികളുണ്ട്. നിര്‍മാണം മാത്രമല്ല വിപണനത്തിലും സ്ത്രീകള്‍ തന്നെയാണിവിടെ. ഇവിടുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് രണ്ട് വാഹനങ്ങളുണ്ട്.

“വണ്ടിയോടിക്കുന്നതൊഴികെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കൊണ്ടുപോകുന്നതും കടകളില്‍ കൊണ്ടുപോയി കൊടുക്കുന്നതും കാശ് പിരിക്കുന്നതും എല്ലാം സ്ത്രീകള്‍ തന്നെയാണ്.

മാര്‍ക്കറ്റിങ്ങിന് 160-ഓളം സംഘങ്ങളുണ്ട്. വെളിച്ചെണ്ണ മാത്രമല്ല എല്ലാ ഉത്പന്നങ്ങളും വീടുകളിലെത്തിക്കുന്ന ഡോര്‍ റ്റു ഡെലിവറി സൗകര്യവമുണ്ട്. .

സുഭിക്ഷയുടെ വിപണനമേള

“2003-ല്‍ പത്രപരസ്യം കണ്ടിട്ടാണ് ഞാന്‍ ജോലിക്ക് അപേക്ഷിച്ചത്. റിട്ടണ്‍ ടെസ്റ്റും ഇന്‍റര്‍വ്യൂവുമൊക്കെ കഴിഞ്ഞാണിവിടേക്കെത്തുന്നത്.
ഇത്രയും വര്‍ഷമായില്ലേ ഒരുപാട് അനുഭവങ്ങളാണ് സുഭിക്ഷ നല്‍കിയിട്ടുള്ളത്.

“ഒന്നും അറിയാതെയാണ് ഇവിടെ ജോലിക്കെത്തുന്നത്. ട്രെയ്നിങ്ങുകളിലൂടെയും ക്ലാസിലൂടെയുമൊക്കെയാണ് പലതും പഠിക്കുന്നത്. ഇത്രയും വലിയൊരു സംരംഭത്തിന്‍റെ മേല്‍നോട്ടക്കാരിയാകാന്‍ സാധിക്കുന്നതൊക്കെ വലിയ കാര്യമല്ലേ.

“ജോലിക്ക് കയറിയ നാളുകളില്‍ നിന്നൊക്കെ ഒരുപാട് മാറ്റങ്ങള്‍ ജീവിതത്തില്‍ വന്നിട്ടുണ്ട്. സാമ്പത്തികമായും വ്യക്തിപരമായുമൊക്കെ മെച്ചപ്പെടാന്‍ സാധിച്ചു. എനിക്ക് മാത്രമല്ല ഇവിടെ ജോലി ചെയ്യുന്നവര്‍ക്കൊക്കെയും നല്ലൊരു ജീവിതമാണ് സുഭിക്ഷയിലൂടെ കിട്ടിയത്. പ്രത്യക്ഷമായും പരോക്ഷമായുമാണ് ആറായിരം സ്ത്രീകള്‍ ജോലി ചെയ്യുന്നത്,” ഷൈനി പറയുന്നു.

നാളികേര ബോര്‍ഡിന്‍റെ അവാര്‍ഡ് സ്വീകരണ ചടങ്ങ്

സുഭിക്ഷയുടെ ഫൂഡ് പ്രൊഡക്റ്റ്സുകളുടെ ചുമതലക്കാരിയാണ് പേരാമ്പ്രക്കാരി മൈമൂന ബഷീര്‍. സുഭിക്ഷയുടെ തുടക്കം മുതല്‍ കൂടെയുണ്ടിവര്‍. നാളികേരം അച്ചാര്‍, കണ്ണിമാങ്ങ അച്ചാര്‍, നാരങ്ങ, നെല്ലിക്ക അച്ചാര്‍, സ്ക്വാഷ്, ചമ്മന്തിപ്പൊടി, വെന്ത വെളിച്ചെണ്ണ, അവലോസുപൊടി, ഇളനീര്‍ ജാം ഇതൊക്കെയാണ് സുഭിക്ഷയുടെ ഫൂഡ് പ്രൊഡക്റ്റ്സുകള്‍.


ഇതുകൂടി വായിക്കാം: തേങ്ങാവെള്ളത്തില്‍ നിന്ന് ബാഗ്, ഷൂസ്, വസ്ത്രങ്ങള്‍! സൂസന്നയും സുസ്മിതും ലെതറിന് പകരം കണ്ടെത്തിയ ഉല്‍പന്നം ലോകശ്രദ്ധയിലേക്ക്


അച്ചാറിനും അവലോസുപൊടിയ്ക്കുമൊക്കെയാണ് നല്ല ഡിമാന്‍റ്. മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി. ഇവിടെ തന്നെ പൊടിച്ച് പാക്കറ്റുകളിലാക്കുന്നതാണിത്. സാമ്പാര്‍പൊടി, ചിക്കന്‍ മസാല, കറി മസാല.. ഇതൊക്കെ ചെയ്യാന്‍ പോകുന്നു.

പൊടികളില്‍ മുളകുപൊടിയ്ക്കും മഞ്ഞള്‍പ്പൊടിയ്ക്കുമാണ് ആവശ്യക്കാരേറെയുള്ളത്. യന്ത്രസഹായത്തിലാണ് പൊടികളൊക്കെയുണ്ടാക്കുന്നത്.

16 വര്‍ഷം മുന്‍പ് ഇവിടെ വരുമ്പോള്‍ ഇതേക്കുറിച്ച് ഒരുപിടിയും ഇല്ലായിരുന്നുവെന്നു മൈമൂന പറയുന്നു. “എന്നാല്‍ ഇപ്പോള്‍ ഒരു പ്രൊഡക്റ്റ് തയാറാക്കി പാക്കറ്റിലാക്കി മാര്‍ക്കറ്റില്‍ എത്തിക്കുന്ന കാര്യങ്ങളൊക്കെ നന്നായി അറിയാം. പിന്നെ അതൊരു വലിയ സന്തോഷം കൂടിയാണ്.

സുഭിക്ഷയുടെ മാര്‍ക്കറ്റിങ് ക്ലാസ്

“ഇതുമാത്രമല്ല വേറെയും ചില സന്തോഷങ്ങള്‍ സുഭിക്ഷയിലൂടെ ഞങ്ങള്‍ക്കൊക്കെ കിട്ടിയിട്ടുണ്ട്. ലക്ഷദ്വീപിലും ഹൈദാരാബാദിലുമൊക്കെ പോയത് സുഭിക്ഷയിലൂടെയാണ്. അങ്ങനെ പല പല നാടുകള്‍ കാണാനും ഭാഗ്യമുണ്ടായിട്ടുണ്ട്.

“ഞാന്‍ മാത്രമല്ല, ഷൈനിയും പ്രമീളയുമെല്ലാം പരിശീലന ക്ലാസുകള്‍ക്കൊക്കെയായി പല സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. ലക്ഷദ്വീപില്‍ ക്ലാസെടുക്കാന്‍ മാത്രമല്ല വ്യത്യസ്ത നാളികേര ഉത്പന്നങ്ങളുണ്ടാക്കുന്നതിനെക്കുറിച്ച് പഠിക്കാനും കൂടിയാണ് പോയത്.

മൈസൂരില്‍ ഒരുപാട് തവണ പോയിട്ടുണ്ട്. ഇവിടെയൊക്കെ പോയതിലൂടെ കുറേ ആളുകളെ കാണാനും പരിചയപ്പെടാനും പുതിയ ഉത്പന്നങ്ങളെക്കുറിച്ച് പഠിക്കാനുമൊക്കെ സാധിച്ചു.

“മായവും കെമിക്കലുകളൊന്നും സുഭിക്ഷയുടെ ഉത്പന്നങ്ങളിലുണ്ടാകില്ല. കുട്ടികള്‍ക്ക് വേണ്ടി അമ്മമാര് ഭക്ഷണമുണ്ടാക്കുന്നതെങ്ങനെയാണ് അതുപോലെയാണിവിടെ ചെയ്യുന്നത്.”

അത്രയേറെ ശ്രദ്ധയോടെയാണ് ഞങ്ങള്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ പറയുന്നു. മൈമൂനയുടെ ഭര്‍ത്താവ് ബഷീറും സുഭിക്ഷയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.

ഒരു വര്‍ഷം മുന്‍പാണ് സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയെ കുടുംബശ്രീ സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാക്കുന്നത്.

പേരാമ്പ്ര ബ്ലോക്കില്‍ ഏഴിടങ്ങളിലാണ് സുഭിക്ഷയുടെ ഉത്പ്പാദന കേന്ദ്രങ്ങളുള്ളത്. ഒരു യൂനിറ്റില്‍ പത്ത് മുതല്‍ 15 വരെ ജീവനക്കാരുണ്ട്.

പ്രൊഡ്യൂസര്‍ കമ്പനിയില്‍ സംഘത്തെ പ്രതിനിധീകരിച്ച് ഒരാള്‍ക്കാണ് പങ്കെടുക്കാനാകുക. ഷെയര്‍ എല്ലാവര്‍ക്കുമിടാം. പത്ത് രൂപയാണ്  ഏറ്റവും കുറഞ്ഞ ഷെയര്‍ തുക.

“പ്രാദേശിക ഉത്പന്നങ്ങള്‍ വികസിപ്പിച്ച് പ്രാദേശികമായ വികസനം ഉറപ്പുവരുത്തുക, അതിനൊപ്പം സ്ത്രീകളുടെ മുന്നേറ്റവുമാണ് കമ്പനിയുടെ ലക്ഷ്യം.

സുഭിക്ഷയുടെ മാര്‍ക്കറ്റിങ് ക്ലാസ്

“തുടക്കത്തില്‍ എട്ട് ലക്ഷം രൂപയായിരുന്നു വര്‍ഷത്തില്‍ നേടിയതെങ്കില്‍ ഇന്നിപ്പോള്‍ വാര്‍ഷിക വരുമാനം ആറു കോടി രൂപയാണ്. ഇക്കഴിഞ്ഞ 16 കൊല്ലത്തിനിടയ്ക്ക് 2006-ലൊഴികെ മറ്റെല്ലാ വര്‍ഷങ്ങളിലും കമ്പനി ലാഭത്തിലായിരുന്നു.”

ചില പ്രൊഡക്റ്റുകള്‍ക്ക് വില നിശ്ചയിച്ചപ്പോള്‍ അശ്രദ്ധ പറ്റിയാണ് അങ്ങനെയൊരു നഷ്ടം വന്നതെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഷം ആറു കോടിയിലേറെ വരുമാനം നേടുന്ന കമ്പനിയായി സുഭിക്ഷയെ പടുത്തുയര്‍ത്തിയത് പേരാമ്പ്രയിലെ വലിയൊരു കൂട്ടം സ്ത്രീകളാണ്. ഇതിനുള്ള അംഗീകാരമായി നിരവധി പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്.


ഇതുകൂടി വായിക്കാം: കരിമൂര്‍ഖനും പോളയും അഴുക്കും നിറഞ്ഞ് മരണം കാത്തുകിടന്ന ആറിന് 700 സ്ത്രീകള്‍ 30,000 തൊഴില്‍ദിനങ്ങള്‍ കൊണ്ട് ജീവന്‍ കൊടുത്ത കഥ


രാജ്യത്തെ ഏറ്റവും മികച്ച നാളികേര ഉത്പന്ന നിര്‍മാണ യൂനിറ്റിനുള്ള ദേശീയ അവാര്‍ഡിനായി 2006-ലും 2011-ലും തെരഞ്ഞെടുക്കപ്പെട്ടു.

***

ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം