ജോലിയും കളഞ്ഞ് കുരുമുളകിനും കശുമാവിനും പിന്നാലെ ഒരു മെക്കാനിക്കല്‍ എന്‍ജിനീയര്‍: ഈ കണ്ണൂര്‍ക്കാരന്‍റെ തോട്ടത്തില്‍ 43 ഇനം കുരുമുളക്, പലതരം കശുമാവ്, പഴവര്‍ഗ്ഗങ്ങള്‍

പല തരത്തിലുള്ള 43 ഇനം കുരുമുളക് സംരക്ഷിക്കുന്ന കര്‍ഷകന്‍ മാത്രമല്ല. നെല്ലും ഫലവൃക്ഷങ്ങളും കശുവണ്ടിയും റബറും പച്ചക്കറികളുമൊക്കെയായി കൃഷി മാത്രമാണ് ബിജുവിന്‍റെ ജീവിതം

ര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം പാലായില്‍ നിന്ന് കണ്ണൂരിലേക്ക് കുടിയേറിവരാണ് ബിജുവിന്‍റെ കുടുംബക്കാര്‍. മണ്ണില്‍ പണിയെടുത്ത് നൂറുമേനി കൊയ്തെടുത്തവര്‍.

ആ പാരമ്പര്യക്കാരനല്ലേ.. സ്നേഹം കൃഷിയോട് തന്നെയാകുമല്ലോ. .

കണ്ണൂര്‍ ഇരിട്ടിയിലെ ഉളിക്കല്‍ സ്വദേശിയ ബിജു നാരായണനുംമെക്കാനിക്കല്‍ എന്‍ജിനീയിറങ്ങ് പഠിച്ചുവെങ്കിലും ജോലിയൊക്കെ കിട്ടിയെങ്കിലും അതൊക്കെ രാജിവച്ച് കൃഷിക്കിറങ്ങി. ജോലി രാജിവെച്ചപ്പോഴും നല്ല വിലയുള്ള കാലത്ത് റബര്‍ വെട്ടി റംമ്പൂട്ടാന്‍ വച്ചപ്പോഴും ബിജുവിനെ നോക്കി നാട്ടുകാര്‍ ഒന്നേ പറഞ്ഞുള്ളൂ: ‘ഓന് വട്ടാ.’


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനൊപ്പം നമുക്ക് ഗ്രാമങ്ങളിലെ കരകൗശല നിര്‍മ്മാതാക്കളെ സഹായിക്കുകയും ചെയ്യാം. സന്ദര്‍ശിക്കൂ: karnival.com

പക്ഷേ ആ പരിഹാസങ്ങളിലൊന്നും ബിജുവിനെ തോല്‍പ്പിക്കാനാകില്ല. രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ ഇനം കുരുമുളക് കൃഷി ചെയ്യുന്ന കര്‍ഷകരില്‍ ഒരാള്‍.

ബിജു നാരായണന്‍ കുരുമുളക് തോട്ടത്തില്‍

പല തരത്തിലുള്ള 43 ഇനം കുരുമുളക് കൃഷി ചെയ്യുന്ന കര്‍ഷകന്‍ മാത്രമല്ല. നെല്ലും ഫലവൃക്ഷങ്ങളും കശുവണ്ടിയും റബറും പച്ചക്കറികളുമൊക്കെയായി കൃഷി മാത്രമാണ് ബിജുവിന്‍റെ ജീവിതം. ഈ തിരക്കുകള്‍ക്കിടയില്‍ കുരുമുളക് ഗവേഷണത്തിനും ബിജു സമയം കണ്ടെത്തുന്നു.

“വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂരിലെത്തിയ അച്ഛനും അച്ചാച്ചനുമൊക്കെ കര്‍ഷകരായിരുന്നു.” കൃഷി ജീവിതത്തിലേക്കെത്തിയതിനെക്കുറിച്ച് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “അന്നത്തെയൊരു ജന്മിയില്‍ നിന്നാണ് അച്ചാച്ചന്‍ ഭൂമി വാങ്ങുന്നത്. അമ്പത് രൂപയ്ക്ക് 50 ഏക്കര്‍ സ്ഥലം. ആ മണ്ണില്‍ പണിയെടുത്താണ് തുടക്കം.

“ഇവിടുത്തെ പ്രധാന ആദായമാര്‍ഗം കശുവണ്ടിയായിരുന്നു. കശുവണ്ടി പെറുക്കലും റബറിന്‍റെ ചുവട്ടില്‍ പോകലും കേട് വന്നോന്ന് നോക്കലുമൊക്കെ ഞങ്ങള്‍ പിള്ളേരുടെ പണിയായിരുന്നു.

” കുട്ടിക്കാലം തൊട്ടേ ക‍ൃഷിപ്പണിയിലൊക്കെ ഞാനുണ്ടായിരുന്നു. വീട്ടില്‍ അന്ന് കശുവണ്ടിയും കുരുമുളകും റബറും കവുങ്ങും അടയ്ക്കയും നെല്ലും ഇതൊക്കെയാണ് കൂടുതലുമുണ്ടായിരുന്നത്. പഠനത്തിനിടയ്ക്കും ഇതിനൊക്കെ നേരം കണ്ടെത്തുമായിരുന്നു. അച്ഛന്‍ രാവിലെ പറമ്പിലേക്ക് പോകും.. അന്നേരം കശുവണ്ടി പെറുക്കണമെന്നു പറഞ്ഞിട്ടാകും പോകുന്നത്.


കശുവണ്ടി പെറുക്കിയില്ലെങ്കില്‍ വൈകുന്നേരം വീട്ടിലെത്തുന്ന അച്ഛന്‍റെ കൈയില്‍ നല്ല വഴക്ക് കിട്ടും. അന്നൊന്നും കശുവണ്ടി പെറുക്കലൊക്കെ അത്ര ഇഷ്ടപ്പെട്ട് ചെയ്തതൊന്നും അല്ല.


“പക്ഷേ ചെറുപ്പം തൊട്ടേ ഇതൊക്കെ കാണാനും അറിയാനുമൊക്കെ സാധിച്ചതു കൊണ്ടാണിപ്പോഴും ഇതൊക്കെ ചെയ്യാന്‍ തോന്നുന്നത്. ഇതില്‍ നിന്നൊക്കെ കുറേ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചുവെന്നതാണ് സത്യം.

കശുമാവ് തോട്ടം

“കണ്ണൂരിലെ എസ് എന്‍ കോളെജില്‍ നിന്നു പ്രീഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം എന്‍ജിനീയറിങ്ങിന് കര്‍ണാടകയിലേക്ക്. സുല്യ എന്‍ജിനീയറിങ് കോളെജില്‍ നിന്നാണ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കുന്നത്.

“ആ സമയത്താണ് അച്ഛന്‍ മരിക്കുന്നത്. എനിക്കന്ന് 19 വയസ് മാത്രം. പിന്നെ വീട്ടിലെ കൃഷിക്കാര്യങ്ങള്‍ കൂടി പഠനത്തിനൊപ്പം നോക്കി തുടങ്ങി. കുരുമുളകും കവുങ്ങും തെങ്ങും റബറും തുടങ്ങി പരമ്പരാഗത കൃഷികള്‍ ചെയ്തു തുടങ്ങി.

“നാലഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് ഒരു കാര്യം മനസിലായി, കൃഷി മാത്രം കൊണ്ട് ജീവിക്കാനാകില്ലെന്ന്. അങ്ങനെ ജോലിക്ക് കയറി, ഒരു കമ്പനിയിലെ ട്രേഡിങ്ങ് ഡിവിഷനിലായിരുന്നു ജോലി.

“പത്ത് വര്‍ഷം ഇവിടെയുണ്ടായിരുന്നു. പക്ഷേ പഠിച്ചതുമായി ബന്ധമുള്ള ജോലിയൊന്നും ആയിരുന്നില്ല.” ബിജു നാരായണ്‍ പറയുന്നു.

ജോലി മടുത്തതോടെ അദ്ദേഹം രാജിവെച്ചു. “നല്ല ശമ്പളമൊക്കെ തന്നെയാണ് കിട്ടിയിരുന്നത്. പക്ഷേ എന്തോ മതിയായി തുടങ്ങിയിരുന്നു, മേലുദ്യോഗസ്ഥര്‍ പറയുന്നത് കേള്‍ക്കുക, അതൊക്കെ ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. ജോലി ബോറടിച്ചു തുടങ്ങി അത്ര തന്നെ.

“എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന തോന്നലായിരുന്നു പിന്നീട്. അങ്ങനെ ജോലി രാജിവച്ചു. കൃഷിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.
ജോലി രാജിവച്ചതറിഞ്ഞ് എന്‍റെ കൂട്ടുകാരും ബന്ധുക്കളുമൊക്കെ ചോദിച്ചത്, വേറെ വല്ല പണിയും കിട്ടിയോ എന്നാണ്. വേറെ ജോലി കിട്ടാതെ രാജിവക്കില്ലെന്നാണല്ലോ എല്ലാവരും കരുതുന്നത്.


ഇതുകൂടി വായിക്കാം:ആരുമില്ലാത്തവര്‍ക്ക്, മനസ് കൈവിട്ടവര്‍ക്ക് അഭയമായി കൃഷ്ണേട്ടന്‍; അവര്‍ക്ക് നല്ല ഭക്ഷണം കൊടുക്കാന്‍ 30 ഏക്കറില്‍ ജൈവകൃഷി


“ജോലിയൊന്നും കിട്ടിയില്ല കൃഷിയിലേക്ക് ഇറങ്ങുകയാണെന്നു അവരോട് പറഞ്ഞു. ഇതുകേട്ട് അവരൊക്കെ പറഞ്ഞത്, എനിക്ക് വട്ടാണെന്നാണ്. കൃഷി ചെയ്യുന്നത് നഷ്ടമാണെന്നും അതുകൊണ്ട് ഒരു കാര്യവുമില്ലെന്നൊക്കെയായിരുന്നു അന്നത്തെ പൊതുധാരണ.

കൂമ്പിക്കല്‍ കുരുമുളക്

‍”ജോലിയിലിരിക്കെ ഞാനും കുറച്ച് സുഹൃത്തുക്കളുമൊക്കെ ചേര്‍ന്ന് കുറച്ചു സ്ഥലം വാങ്ങിയിട്ടിരുന്നു. വെറും പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശങ്ങളൊക്കെയാണ് വാങ്ങിയിരുന്നത്.

“എന്‍റെ വീട്ടില്‍ നിന്ന് 12 കിലോമീറ്റര്‍ അകലമുണ്ടാകും ഈ സ്ഥലങ്ങളിലേക്ക്. ആ പറമ്പില്‍ കൃഷിയൊക്കെ ചെയ്യണമെങ്കില്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. കരിങ്കല്‍ പാറകളാണെങ്ങും.

“പക്ഷേ തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു. ജോലി കളഞ്ഞ് കൃഷിപ്പണിക്ക് ഇറങ്ങിയെന്നും പറഞ്ഞു നാട്ടുകാര്‍ കളിയാക്കിയതല്ലേ.. പിന്നെ ജീവിക്കാന്‍ പണവും വേണമല്ലോ.” എങ്ങനെയും കൃഷി നന്നാക്കിയേ മതിയാകൂ എന്നതായിരുന്നു അവസ്ഥയെന്നു ബിജു നാരായണന്‍.

“കൂട്ടുകാര്‍ക്കൊപ്പം കുറച്ച് ഭൂമി വാങ്ങിയെന്നു പറഞ്ഞല്ലോ.. അതു വെറുതേയിടാന്‍ പറ്റില്ലാല്ലോ. വരണ്ട ഭൂമിയില്‍ കശുമാവ് കൃഷി ചെയ്യാമെന്ന് എനിക്കറിയാമായിരുന്നു.” കൃഷിയില്‍ സജീവമായതിനെക്കുറിച്ച് പറയുന്നു ബിജു.


മണ്ണുത്തിയിലെയും പുട്ടൂരെയും കാര്‍ഷിക സര്‍വകലാശാലകളില്‍ നിന്ന് കശുമാവിന്‍റെ പുതിയ ബ്രീഡുകള്‍ കൊണ്ടുവന്നു.


പ്രിയങ്ക, ധന തുടങ്ങിയ 12 ഇനങ്ങളാണ് കൊണ്ടുവന്നത്.

“ഇതൊക്കെ വിവിധ പ്ലോട്ടുകളിലായിട്ടാണ് നട്ടത്. അതായത് പ്രിയങ്ക മാത്രം ഒരു ഇരുപത് സെന്‍റില്‍, മറ്റൊരു ഇനം വേറെ ഇരുപത് സെന്‍റില്‍ അങ്ങനെ. ഭാവിയില്‍ ഇതിലേത് തൈയാണ് കൂടുതല്‍ വിളവ് നല്‍കുന്നതെന്നു തിരിച്ചറിയാല്ലോ. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ചിലതൊക്കെ കായ്ച്ചു. എല്ലാത്തിലും കശുവണ്ടിയുണ്ടാകാത്തതിനെക്കുറിച്ചായി ചിന്ത.

“ഫെബ്രുവരി മാസം തൊട്ട് മേയ് വരെ നീണ്ടുനില്‍ക്കുന്ന ഒരു കശുവണ്ടി സീസണ്‍ എന്‍റെയൊക്കെ കുട്ടിക്കാലത്തുണ്ടായിരുന്നു. ഏപ്രില്‍ മാസങ്ങളില്‍ കായ്ക്കുന്നതിനെ വിഷുവണ്ടി, മേയ് മാസത്തില്‍ കിട്ടുന്ന കശുവണ്ടിയെ മഴ അണ്ടി.. ഇങ്ങനെയൊക്കെ പറയുമായിരുന്നതു കൊണ്ട് കശുവണ്ടിയുണ്ടാകുന്ന സീസണൊക്കെ എനിക്കറിയമായിരുന്നു.

“അന്നൊക്കെ എന്തോരം കശുവണ്ടികളാ പെറുക്കിയിരുന്നേ.. കൂടുതല്‍ പെറുക്കുന്നയാള്‍ക്ക് അച്ഛന്‍ കൂടുതല്‍ കാശ് തരും. അതൊക്കെ ഇന്നും ഓര്‍മയുള്ളതു കൊണ്ട് കശുവണ്ടിക്കാലം ഒരിക്കലും മറക്കില്ല.

“പണ്ട് ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കില്‍ ഞാന്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നു കൊണ്ടുവന്ന തൈകളൊക്കെ വര്‍ഷത്തിലൊരിക്കല്‍ മാത്രമേ കായ്ക്കുന്നുള്ളൂവല്ലോ.

സ്റ്റാര്‍ ഫ്രൂട്ട്

“അതേക്കുറിച്ചായി അന്വേഷണങ്ങള്‍. ഒട്ടുമിക്കവരുടെയും വീട്ടില്‍ ഇങ്ങനെയൊക്കെയാണെന്നു മനസിലായി. പ്രായമുള്ള ചില കശുമാവുകള്‍ വര്‍ഷത്തില്‍ മൂന്നു തവണ കായ്ക്കുന്നുമുണ്ട്. ഇങ്ങനെ കായ്ക്കുന്നതും എണ്ണവും എല്ലാം എഴുതി സൂക്ഷിച്ചാണ് പഠനം.

“മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ എഴുതി കൂട്ടിയതൊക്കെയും കൊണ്ട് കാര്‍ഷിക സര്‍വകലാശാലയിലേക്ക് പോയി. ഇവിടെ നിന്നു കിട്ടിയതിനെക്കാള്‍ കൂടുതല്‍ കായ്ഫലം നല്‍കുന്ന കശുമാവ് ഞങ്ങളുടെ കൈയിലുണ്ടെന്നു പറഞ്ഞു.” ബിജു തുടരുന്നു.

“ഇതിനൊപ്പം ഒരു കാര്യം കൂടി പറയട്ടെ, മൂന്നു വട്ടം കായ്ക്കുന്നതെന്നു പറഞ്ഞാല്‍ പൂര്‍ണമായും ശരിയല്ല. ഒരു കശുമാവിന്‍റെ ചില കമ്പുകളില്‍ കായ്ക്കും. രണ്ടാമത് തവണ വേറെ കമ്പിലാകും കായ്ക്കുന്നത്. മൂന്നാമത്തെ തവണ ആദ്യ തവണകളില്‍ കായ്ച്ച കൊമ്പിലാകില്ല വേറെ കമ്പിലാകും കശുവണ്ടിയുണ്ടാകുന്നത്.

“പല കമ്പുകളിലായി കായ്ക്കുന്നത് കാണുമ്പോള്‍ കശുവമാവ് മൂന്നു തവണ കായ്ച്ചുവെന്നാകും നമ്മള്‍ മനസിലാക്കുക. ഇതൊക്കെ നീരിക്ഷണത്തിലൂടെയാണ് തിരിച്ചറിഞ്ഞത്.

“മണ്ണുത്തിയിലുള്ളവര് പറഞ്ഞത്, തൈകള്‍ ഞങ്ങള്‍ക്ക് കൊണ്ട് താ.. നട്ടു നോക്കാം. ഏഴെട്ട് വര്‍ഷം കഴിയുമ്പോള്‍ ഇതിന്‍റെ ഫലമെന്താണെന്നു ഞങ്ങള്‍ കണ്ടെത്താം. അന്നത് കേട്ടപ്പോള്‍ ദേഷ്യവും സങ്കടവും വന്നു.

“നമ്മുടെ മണ്ണില്‍ നട്ട തൈയെ കുറേക്കാലം പരീക്ഷിച്ച ശേഷം കിട്ടിയ കാര്യങ്ങളാണ് അവരോട് പറഞ്ഞത്. അവര്‍ക്ക് നമ്മളെ വിശ്വാസമില്ല, ദേഷ്യത്തോടെ എഴുന്നേറ്റ എന്നെ വീണ്ടും അവര് പിടിച്ചിരുത്തി.


ഇതുകൂടി വായിക്കാം: ലക്ഷങ്ങള്‍ മുടക്കി ക്വാറി വാങ്ങി കാടുണ്ടാക്കി, അതില്‍ 5 കുളങ്ങളും അരുവിയും നിര്‍മ്മിച്ചു, നൂറുകണക്കിന് മരങ്ങളും ചെടികളും പിടിപ്പിച്ചു


“ഇതൊക്കെ നിയമമല്ലേ.. അങ്ങനെ പെട്ടെന്നു സമ്മതിക്കാനൊന്നും പറ്റില്ലെന്ന് അവര് പറഞ്ഞു.” ഏതായാലും മൂന്നു തവണയല്ല രണ്ട് വര്‍ഷം കായ്ക്കുന്ന കശുമാവ് ഉണ്ടെന്നു ഒടുവില്‍ തിരിച്ചറിഞ്ഞുവെന്നു അദ്ദേഹം.

പിന്നെയും കശുമാവിനൊപ്പം തന്നെയായിരുന്നു ബിജു നാരായണന്‍. കശുമാവിന്‍ തൈകള്‍ എന്തിനാണിത്രയേറെ അകലത്തില്‍ നടുന്നതെന്നാണ് ചിന്തിച്ചത്. രണ്ടാം തവണ തൈകള്‍ നടുമ്പോള്‍ അവ അടുപ്പിച്ച് നട്ടു.

സാധാരണ ഏഴരമീറ്റര്‍ അകലത്തിലാണ് കശുമാവിന്‍ തൈകള്‍ നടുന്നത്. ഇത്രയും അകലം വേണമെന്നു തന്നെയാണ് കാര്‍ഷിക സര്‍വകലാശാലയും പറയുന്നത്.
ഏഴരമീറ്റര്‍ എന്നതു കുറച്ചു, നാലും മൂന്നും മീറ്ററും ഇടവിട്ട് ബിജു തൈ നട്ടു തുടങ്ങി.


നാലു മീറ്റര്‍ അകലത്തിലാണ് കശുമാവിന്‍ തൈ നടുന്നതെങ്കില്‍ ഒരേക്കറില്‍ 200 എണ്ണം തൈകള്‍ നടാം. പരമ്പരാഗത രീതിയിലാണെങ്കില്‍ വെറും 70 എണ്ണം മാത്രമേ നടാന്‍ പറ്റൂ.


ഗ്രാഫ്റ്റഡ് തൈ മൂന്നാം വര്‍ഷം കായ്ച്ചു തുടങ്ങും. എണ്ണം കൂടുമ്പോള്‍ ഈ ഗ്രാഫ്റ്റഡ് തൈയില്‍ നിന്നുള്ള വരുമാനവും കൂടുകയല്ലേ.

“അടുപ്പിച്ച് നടാതിരിക്കുന്നത് വലുതാകുമ്പോള്‍ പരസ്പരം മുട്ടാതിരിക്കാനാണ്. ഇങ്ങനെ നട്ടാലും കൂട്ടിമുട്ടില്ലെന്നു അഞ്ച് വര്‍ഷം കൊണ്ട് മനസിലായി. കൂട്ടിമുട്ടണമെങ്കില്‍ തൈ നട്ട് ഏഴെട്ട് വര്‍ഷം കഴിയണം. അത്രയും കാലം ഇതില്‍ നിന്നു കിട്ടുന്ന വരുമാനം ഇല്ലാതാക്കണോ. പരീക്ഷണം വെറുതേയായില്ല. നല്ല ലാഭം തന്നെയായിരുന്നു.”

പീനട്ട് ബട്ടര്‍

‘ഹൈ ഡെന്‍സിറ്റി പ്ലാന്‍റിങ് വിത്ത് ഇംപ്രൂവ്ഡ് വെറൈറ്റീസ് ഒഫ് കാഷ്യൂ’ എന്ന പേരില്‍ കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മൂന്നു സ്ഥലങ്ങളില്‍ കാര്‍ഷിക സര്‍വകലാശാല കശുമാവ് കൃഷി പ്രദര്‍ശന തോട്ടങ്ങളൊരുക്കുന്നുണ്ട്. ആ തോട്ടത്തില്‍ നടാന്‍ ബിജുവിന്‍റെ നഴ്സറിയില്‍ നിന്നുള്ള കശുമാവിന്‍ തൈകള്‍ കൊണ്ടുപോയിട്ടുണ്ട്.

കശുമാവിന്‍ തോട്ടത്തില്‍ ഇടവിളകള്‍ നട്ടാണ് കുരുമുളക് ഗവേഷണത്തിലേക്കെത്തുന്നത്. പാഷന്‍ ഫ്രൂട്ടും വാഴയും കവുങ്ങും തേക്കും കുരുമുളകുമൊക്കെയാണ് ഇടവിളയായി നടുന്നത്.

എട്ട് ഇടവിളകളാണ് നട്ടത്. എന്നാല്‍ ഇടവിളകളില്‍ നിന്ന് കൂടുതല്‍ വരുമാനം കിട്ടിയത് കുരുമുളകില്‍ നിന്നായിരുന്നു.

“വാഴയും നല്ല റിസല്‍റ്റ് തന്നു, പക്ഷേ കശുമാവിന്‍ കമ്പില്‍ വാഴയെങ്ങാനും തട്ടിയാല്‍ ആ കമ്പില്‍ കശുവണ്ടി കായ്ക്കില്ല. അതുകൊണ്ടു വാഴ കുറേ കൃഷി ചെയ്യാനാകില്ല. അങ്ങനെ ഓരോ ഇടവിളകള്‍ക്കും ഓരോ പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ കുരുമുളക് മാത്രം പ്രശ്നങ്ങളൊന്നുമില്ലാതെ വളര്‍ന്നു.

മാങ്കോസ്റ്റിന്‍

“സാധാരണ കശുമാവിന്‍ തോട്ടിലെ പാഴ്മരങ്ങളെന്നു പറഞ്ഞു ആളുകള്‍ തള്ളിക്കളയുന്ന മരങ്ങളുണ്ടല്ലോ. പ്ലാവും മാവുമൊക്കെ ഈ പറമ്പുകളിലുണ്ടാകും. ഇതുപോലെയുള്ള മരങ്ങള്‍ നീളത്തില്‍ വളരുന്നതിന് ഇടയ്ക്കിടെ ചില്ലയൊക്കെ വെട്ടിക്കൊടുത്തു. എന്നിട്ട് ആ മരങ്ങളിലൊക്കെ കുരുമുളക് തൈ നട്ട് പടര്‍ത്തി കൊടുക്കുകയാണ് ചെയ്തത്.

“താങ്ങുകാലുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. കുരുമുളക് കൃഷിയ്ക്ക് വലിയൊരു പ്രശ്നവും ഇവ കിട്ടാനില്ലാത്തതാണ്. ഇങ്ങനെ താങ്ങുകാലുകള്‍ കശുമാവിന്‍ തോട്ടത്തിലെ മരങ്ങളിലൂടെ നമുക്ക് കിട്ടിയതോടെ ആ പ്രശ്നവും പരിഹരിക്കപ്പെട്ടു.


ഇതുകൂടി വായിക്കാം:മദ്യത്തിനടിപ്പെട്ട അച്ഛനെ മനസ്സിലാക്കാന്‍ ഒരുപാട് വൈകി… ഒടുവില്‍ വിവേക് ഉറപ്പിച്ചു, ഐ എ എസ് ആവണമെന്ന്, ധീരയായ അമ്മ ഒപ്പം നിന്നു


“അങ്ങനെയാണ് കുരുമുളക് കൃഷി സജീവമാകുന്നത്. ആകെയൊരു പ്രശ്നം മാത്രമേയുണ്ടായുള്ളൂ. എല്ലാ കൊല്ലവും ഈ മരങ്ങളുടെ ചില്ലകള്‍ വെട്ടിക്കൊടുക്കണം.

“ഇതുമാത്രം കൃത്യമായി ചെയ്തു കൊടുക്കണമെന്നേയുള്ളൂ.” കുരുമുളകും കശുവണ്ടിയുമൊക്കെ ഒരേ പറമ്പില്‍ തന്നെ ഇപ്പോള്‍ കൃഷി ചെയ്യാമെന്നു ബിജു നാരായണന്‍.

ബാലന്‍കോട്ട, ഉതിരാങ്കോട്ട, കരിമുണ്ട, നീലിമുണ്ടി, വെള്ളാനാമ്പന്‍, പെരുങ്കൊടി, നാരായക്കൊടി, തുടങ്ങി കേരളത്തിന്‍റെ സ്വന്തം നാടന്‍ ഇനങ്ങളും അവയ്‌ക്കൊപ്പം മുണ്ട, മഞ്ഞമുണ്ടാ, ശുഭകരം, തേവര, പൗര്‍ണമി, പന്നിയൂര്‍ ഒന്നുമുതല്‍ എട്ടുവരെ, വിജയ്, കൂമ്പുക്കല്‍, കൈരളി തെക്കന്‍, സിയോണ്‍ മുണ്ടി, തുടങ്ങിയവയ്ക്കൊപ്പം  ഗവേഷണം വഴി വികസിപ്പിച്ചെടുത്ത പുതിയ ഇനം കുരുമുളക് കൊടികളുമുണ്ട് ബിജുവിന്‍റെ തോട്ടത്തില്‍.

“കുരുമുളക് ഗവേഷണത്തിലേക്കെത്തുന്നത് കുറച്ചു വര്‍ഷം മുന്‍പാണ്.” കുരുമുളക് വെറൈറ്റികള്‍ കണ്ടുപിടിച്ചതിനെക്കുറിച്ച് പറഞ്ഞു തുടങ്ങുകയാണ് ബിജു നാരായണന്‍.

പറമ്പില്‍ മഞ്ഞമുണ്ട നട്ടിട്ടുണ്ടായിരുന്നു. ഇതിന് അത്ര ഗൗരവമൊന്നും കൊടുത്തിരുന്നില്ല. നല്ലോണം കായ്ച്ചു. പഴുത്ത് കിടക്കുകയാണ്.. ഇതുകണ്ടപ്പോള്‍ ഒരു കാര്യം ബോധ്യമായി. കുരുമുളക് എന്നു പറഞ്ഞാല്‍ പന്നിയൂറും കരിമുണ്ടിയും മാത്രമല്ല വേറെയും നല്ല നാടന്‍ ഇനങ്ങളുണ്ടെന്ന്.

ബിജു നാരായണന്‍റെ തോട്ടത്തില്‍ വിളഞ്ഞുനില്‍ക്കുന്ന റംബുട്ടാന്‍

“മഞ്ഞമുണ്ട ഉണക്കിയെടുക്കുമ്പോഴും കുറേ കിട്ടുന്നുണ്ട്, 100 കിലോ പച്ച കുരുമുളകില്‍ നിന്ന് 40 കിലോ ഉണക്ക കിട്ടി. പന്നിയൂര്‍ ഒന്നിലാണെങ്കില്‍ മുപ്പത് കിലോയേ കിട്ടൂ. മഞ്ഞമുണ്ട തുടര്‍ച്ചയായി എല്ലാ വര്‍ഷവും കായ്ക്കുന്നുമുണ്ട്. അങ്ങനെയാണ് കുരുമുളക് വെറൈറ്റികള്‍ അന്വേഷിച്ചു പോകുന്നത്.

“പന്നിയൂര്‍ ഒന്ന് മുതല്‍ പന്നിയൂര്‍ എട്ട് വരെയുള്ള വെറൈറ്റി കുരുമുളക് കണ്ടെത്തി. തുടക്കത്തില്‍ ഹൈബ്രിഡ് ഇനങ്ങളിലെ വ്യത്യസ്ത ഇനങ്ങളാണ് അന്വേഷിച്ചു കൊണ്ടിരുന്നത്.

“കാരണം കൃഷിക്കാരനെന്ന നിലയില്‍ നിലനില്‍പ്പ് പ്രശ്നമായിക്കൊണ്ടിരിക്കുമ്പോള്‍ പരമാവധി ആദായം കിട്ടുന്നതു വേണമല്ലോ കണ്ടെത്തേണ്ടത്. അങ്ങനെയുള്ള കുരുമുളക് തൈകള്‍ ഒരുപാട് കണ്ടെത്തി കൊണ്ടുവന്നു നട്ടു തുടങ്ങി.

ബിജു നാരായണന്‍റെ കുരുമുളക് നഴ്സറി

“ഇപ്പോള്‍ 43 വെറൈറ്റി കൃഷി ചെയ്യുന്നുണ്ട്. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതെല്ലാം തേടിപ്പിടിച്ചത്. ഒരു കുരുമുളകില്‍ നിന്ന് മറ്റൊന്നിനെ വേര്‍തിരിച്ചറിയാന്‍ കുറച്ചൊന്നുമല്ല കഷ്ടപ്പാട്.

“നാലഞ്ച് തവണയെങ്കിലും ഐഡിന്‍റിഫൈ ചെയ്യണം. കുരുമുളകിന്‍റെ മുള പൊട്ടുന്ന സമയത്ത്, കുരുമുളകിന്‍റെ പുതിയ നാമ്പ് വരുന്ന സമയത്ത്, പറിച്ചെടുക്കുന്ന സമയത്ത്, ഉണങ്ങുന്ന സമയത്ത്..ഇങ്ങനെ പല സമയത്ത് നിന്നാണ് അതിന്‍റെ സ്വാഭാവം തിരിച്ചറിയുന്നതും ഏതു ഇനമാണെന്നു മനസിലാക്കുന്നതും.

“ഇതിനു വേണ്ടി കുറേ സഞ്ചരിച്ചിട്ടുണ്ട്. വടക്കന്‍ മലബാറിലെ കുറേ സ്ഥലങ്ങള്‍, ഇടുക്കി, വയനാട്, കമ്പം, കൂര്‍ഗ്, പിന്നെ വെറുതേ കിടക്കുന്ന പറമ്പുകളിലൂടെയൊക്കെ വെറുതേ കയറിയിറങ്ങും.”

ഇങ്ങനെയൊക്കെയാണ് കുരുമുളകിന്‍റെ വ്യത്യസ്ത ഇനങ്ങള്‍ കണ്ടെത്തിയതെന്നു കുരുമുളക് കര്‍ഷകന്‍ കൂട്ടിച്ചേര്‍ത്തു.

സ്പൈസസ് ബോര്‍ഡിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വെറൈറ്റി കുരുമുളക് കൃഷി ചെയ്യുന്ന കര്‍ഷകനാണ് ബിജു നാരായണന്‍. ഇന്‍റര്‍നാഷണല്‍ പെപ്പര്‍ കമ്മിറ്റിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്.

എട്ട് ലോകരാഷ്ട്രങ്ങളാണ് ഈ കമ്മിറ്റിയിലുള്ളത്. ഇന്ത്യയ്ക്ക് പുറമേ തായ്ലന്‍റ്, വിയറ്റ്നാം, ശ്രീലങ്ക, കംബോഡിയ തുടങ്ങിയ കുരുമുളക് ഉത്പ്പാദന രാജ്യങ്ങളാണുള്ളത്.

ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നു ബിജു. “വീടിരിക്കുന്ന പറമ്പില്‍ തന്നെയാണിതുള്ളത്. വീടിനോട് ചേര്‍ന്ന് ഏഴ് ഏക്കറോളം സ്ഥലമുണ്ട്. റബര്‍ ആയിരുന്നു പറമ്പില്‍, അതൊക്കെ വെട്ടിയാണ് റംമ്പൂട്ടാന്‍ നട്ടത്.


റബറിന് നല്ല വിലയുള്ളപ്പോഴാണ് വെട്ടിക്കളയുന്നത്. അതിന് പകരം റംമ്പൂട്ടാന്‍ നടുന്നത് കണ്ട് നാട്ടുകാര്‍ ചോദിച്ചത്, വീണ്ടും വട്ടായല്ലേ എന്നാണ്.


റംമ്പൂട്ടാന്‍ നട്ട് മൂന്നാം വര്‍ഷം തൊട്ട് ഇതില്‍ നിന്നു ആദായം കിട്ടി തുടങ്ങി.

“ഈ വര്‍ഷം മുതല്‍ ഒരു റംമ്പൂട്ടാനില്‍ നിന്ന് 20-30 കിലോ വരെ പഴങ്ങള്‍ കിട്ടി. ഇതിന് കിലോയ്ക്ക് 250 രൂപ വരെ കിട്ടിയിട്ടുണ്ട്. ഇതുമാത്രമല്ല മാവുകള്‍, മാങ്കോസ്റ്റിന്‍, പ്ലാവുകള്‍ ഇതൊക്കെയുമുണ്ട്.”

നെല്‍കൃഷിയും ചെയ്യുന്നുണ്ട് അദ്ദേഹം. പിന്നെ കവുങ്ങും തെങ്ങുമൊക്കെയുണ്ട്.  വീട്ടാവശ്യത്തിനുള്ള പച്ചക്കറിയും കൃഷിചെയ്തുണ്ടാക്കുന്നു.

“വീട്ടുകാരുടെ പിന്തുണയുണ്ട് എല്ലാത്തിനും,” ബിജു നാരായണൻ കൂട്ടിച്ചേര്‍ക്കുന്നു. ഭാര്യ സുജ, മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ്.  രണ്ട് മക്കളുണ്ട്. ഫാംഡിയ്ക്ക് പഠിക്കുന്ന അഞ്ജലിയും പത്താം ക്ലാസുകാരന്‍ സജ്ഞയും.


ഇതുകൂടി വായിക്കാം: വീട്ടിലും 65 സെന്‍റ് പുരയിടത്തിലും തീരദേശത്തെ കുട്ടികള്‍ക്കായി ശാസ്ത്ര മ്യൂസിയം ഒരുക്കുന്ന ചാവക്കാട്ടുകാരന്‍


“വീടിനോട് ചേര്‍ന്ന് നഴ്സറിയുണ്ട്, പെപ്പര്‍ ഗാര്‍ഡന്‍ നഴ്സറിയിലെ കാര്യങ്ങളില്‍ സഹായിക്കുന്നത് സഞ്ജയ് ആണ്. പെപ്പര്‍ മാത്രമല്ല തെങ്ങും കവുങ്ങും മാവും പ്ലാവും റംമ്പൂട്ടാന്‍ തൈകളുമൊക്കെയാണ് നഴ്സറിയിലൂടെ വില്‍ക്കുന്നത്.

“കുറേയാളുകള്‍ തൈകള്‍ അന്വേഷിച്ച് വരാറുണ്ട്. അങ്ങനെയാണ് നഴ്സറി ആരംഭിക്കുന്നത്. പിന്നെ ഇതൊരു വരുമാനം മാര്‍ഗം കൂടിയാണല്ലോ.” ബിജു നാരായണന്‍ പറയുന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം