നാല്‍പത് വര്‍ഷം നീണ്ട ഡല്‍ഹി ജീവിതം. ജോലിയും കുടുംബവുമൊക്കെയായി തിരക്കുകളിലായിരുന്നു ആ നാളുകള്‍. ജോലിയില്‍ നിന്നൊക്കെ വിരമിച്ച് നാട്ടിലാണിപ്പോള്‍. പക്ഷേ വിശ്രമിക്കാനൊന്നും നേരമില്ല.
ഔഷധസസ്യങ്ങള്‍ നട്ടും മീന്‍ വളര്‍ത്തിയും തേനീച്ച കൃഷി ചെയ്തുമൊക്കെ… ഒന്നിനും സമയം തികയുന്നില്ലെന്ന് പരാതി പറയുകയാണ് അടൂരുകാരന്‍ ഉണ്ണി സാമുവല്‍.
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനൊപ്പം നമുക്ക് ഗ്രാമങ്ങളിലെ കരകൗശല നിര്‍മ്മാതാക്കളെ സഹായിക്കുകയും ചെയ്യാം. സന്ദര്‍ശിക്കൂ: karnival.com
സസ്യങ്ങളെ പരിചരിച്ചാല്‍ മാത്രം പോരല്ലോ. അരിയെടുത്ത് പാകി തൈകള്‍ മുളപ്പിക്കണം, നനയ്ക്കണം, തോട്ടം കാണാനെത്തുന്നവര്‍ക്ക് ഔഷധസസ്യങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കണം, സ്കൂളിലൊക്കെ ഔഷധസസ്യങ്ങളെ വളര്‍ത്തുന്നതിനെക്കുറിച്ച് ക്ലാസെടുക്കാന്‍ പോകണം. ഇതിനൊക്കെയിടയില്‍ മീനുകളെയും തേനീച്ചകളെയും മറക്കാന്‍ പറ്റോ.., ആ 76-കാരന്‍ ചോദിക്കുന്നു.
അടൂര്‍ പാലവിളയില്‍ ഉണ്ണി സാമുവല്‍… വീട്ടുമുറ്റം നിറയെ ഔഷധങ്ങളുടെ കലവറയൊരുക്കിയ ഒരു ഗാന്ധിയന്‍. വര്‍ഷം കുറേയായി ഔഷധസസ്യങ്ങളെ നട്ടുപരിപാലിക്കാന്‍ തുടങ്ങിയിട്ട്.
“ഔഷധങ്ങളെക്കുറിച്ചൊന്നും അറിവില്ലാതിരുന്ന ഞാനാണ് കഴിഞ്ഞ 15 വര്‍ഷമായി ഔഷധസസ്യങ്ങള്‍ക്ക് പിന്നാലെ പോകുന്നത്,” ഉണ്ണി സാമുവല്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“ചെറിയ പ്രായത്തില്‍ ഡല്‍ഹിയിലേക്ക് പോയതാണ്. അവിടെയെത്തി കുറേക്കാലത്തിന് ശേഷം നല്ലൊരു ജോലി കിട്ടി. ഡല്‍ഹി സര്‍ക്കാരിന്‍റെ സ്ഥാപനമായ കേന്ദ്ര ഭണ്ഡാറില്‍.
“നമ്മുടെ നാട്ടിലെ മാവേലി സ്റ്റോര്‍ ഇല്ലേ, അതുപോലുള്ള സ്ഥാപനമാണിത്. ജോലി കിട്ടിയ ശേഷമാണ് വിവാഹം കഴിക്കുന്നത്. പൊന്നമ്മയെന്നാണ് ഭാര്യയുടെ പേര്. പൊന്നമ്മയ്ക്കും കേന്ദ്ര ഭണ്ഡാറില്‍ തന്നെയായിരുന്നു ജോലി. അക്കൗണ്ട്സ് സെക്ഷനിലായിരുന്നു.
“വിവാഹമൊക്കെ കഴിഞ്ഞ് അവിടെ തന്നെ സെറ്റിലായി. മൂന്നു മക്കളുമുണ്ട്. ഭാര്യയും മക്കളുമൊക്കെയായി കഴിയുന്നതിനിടയില്‍ എനിക്ക് നാട്ടിലേക്ക് ട്രാന്‍സഫര്‍ കിട്ടി.
“ഞാന്‍ നാട്ടിലേക്ക് പോന്നുവെങ്കിലും ഭാര്യയും മക്കളും അവിടെ തന്നെയായിരുന്നു. എറണാകുളത്തേക്കായിരുന്നു ട്രാന്‍സ്ഫര്‍. കുറച്ചു കാലം മദ്രാസിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. കൊച്ചിയിലായിരിക്കെയാണ് ജോലിയില്‍ നിന്നു വിരമിക്കുന്നത്.
“പക്ഷേ എന്‍റെ സേവനം കൊള്ളാവുന്ന കൊണ്ടാകും ഒരു വര്‍ഷത്തേക്ക് കൂടി സര്‍വീസ് നീട്ടിക്കിട്ടി. കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷം കൂടി ജോലി ചെയ്തതിനു ശേഷമാണ് വിശ്രമജീവിതത്തിലേക്കെത്തിയതെന്നു പറയാം.” അവിടെ നിന്നായിരുന്നു മറ്റു തിരക്കുകളുടെ തുടക്കം.
ഗാന്ധിജിയുടെ ആദര്‍ശങ്ങളോട് അദ്ദേഹത്തിന് വലിയ താത്പ്പര്യമുണ്ടായിരുന്നു. അങ്ങനെ നാട്ടിലെത്തിയ ശേഷം ഗാന്ധിസ്മാരക ഗാന്ധിസേവ കേന്ദ്രത്തിലേക്കെത്തി. തുവയൂര്‍ മാഞ്ഞാലി ഗാന്ധി സ്മാരക കേന്ദ്രത്തിലെ സെക്രട്ടറിയുമായിരുന്നു.
“ഗാന്ധി സേവ കേന്ദ്രത്തിന്‍റെ തൊട്ടടുത്ത് ഒരു ആശുപത്രിയുണ്ട്. ആയുര്‍വേദ സര്‍ക്കാര്‍ ആശുപത്രിയാണ്. എന്നും തിരക്കായിരിക്കും അവിടെ. കുറേയാളുകള്‍ ചികിത്സയ്ക്ക് അവിടെയെത്തുന്നുണ്ട്.
പക്ഷേ ഈ വരുന്നവരുടെ വലിയൊരു പരാതിയെന്താണെന്നറിയോ… ചികിത്സയ്ക്ക് വേണ്ട ഔഷധസസ്യങ്ങള്‍ കിട്ടുന്നില്ല.
“പരാതി പറയുന്നതും ഔഷധസസ്യങ്ങള്‍ക്ക് വേണ്ടി ബുദ്ധിമുട്ടുന്നതുമൊക്കെ ഗാന്ധി സേവ കേന്ദ്രത്തിലിരുന്ന് കാണുകയല്ലേ. അതൊക്കെ കണ്ടപ്പോള്‍ സങ്കടമാണ് തോന്നിയത്.
“നമ്മുടെ നാട്ടില്‍ ഔഷധസസ്യങ്ങള്‍ കൂടുതലായി വച്ചുപിടിപ്പിച്ചാല്‍ പരിഹരിക്കാവുന്നതല്ലേയുള്ളൂ ഈ പ്രശ്നമെന്നു തോന്നി. അങ്ങനെ ആരോടും പറയണ്ട, സ്വന്തം വീട്ടുമുറ്റത്ത് തന്നെ സസ്യങ്ങള്‍ നടാമെന്നു തീരുമാനിച്ചു,” ഉണ്ണി സാമുവല്‍ തുടരുന്നു.
2005-ലാണ് അദ്ദേഹം വീട്ടുമുറ്റത്ത് ഔഷധസസ്യങ്ങള്‍ നടാന്‍ തുടങ്ങിയത്. ഔഷധങ്ങള്‍ നട്ടു തുടങ്ങിയതിന് വേറൊരു കാര്യം കൂടിയുണ്ടെന്ന് ഉണ്ണി സാമുവല്‍ പറയുന്നു. “കേന്ദ്ര ഭണ്ഡാറില്‍ നിന്ന് സ്ഥലമാറ്റം കിട്ടി കൊച്ചി എഫ് സി ഗോഡൗണിലേക്കാണെത്തുന്നത്. കുറേക്കാലം അവിടെയുണ്ടായിരുന്നു.
“എഫ് സി ഗോഡൗണില്‍ ജോലി ചെയ്യുമ്പോഴാണ് ആസ്തമയുടെ പ്രശ്നമൊക്ക വരുന്നത്. പൊടി അലര്‍ജിയായിരുന്നു. ഇവിടേക്ക് വന്നപ്പോള്‍ വീണ്ടും അസുഖം കൂടി.
“പക്ഷേ ഔഷധസസ്യങ്ങളുമൊക്കെയായുള്ള ജീവിതം ആരംഭിച്ചതോടെ ആ രോഗത്തില്‍ നിന്നും ആശ്വാസം കിട്ടി.” ഔഷധങ്ങള്‍ വീട്ടുമുറ്റത്ത് കൂടുതലായി വളര്‍ത്താന്‍ അദ്ദേഹത്തിന് അതുമൊരു പ്രചോദനമായി.
“പല സ്ഥലങ്ങളില്‍ നിന്നൊക്കെ തൈയും വിത്തുമൊക്കെ കൊണ്ടുവന്നു നട്ടുപിടിപ്പിക്കുകയായിരുന്നു. ഇതിലേതെങ്കിലും ആവശ്യമുള്ളവര്‍ക്ക് വീട്ടിലേക്ക് വന്നാല്‍ മതി. ആര്‍ക്കും ഔഷധസസ്യങ്ങള്‍ കൊടുക്കുന്നുണ്ട്.
“400-ലേറെ ഇനം ഔഷധസസ്യങ്ങളുണ്ട്. ത്രിഫല, ത്രിഗന്ധി, ത്രിഗഡു, നാല്‍പ്പാമരം, ദശമൂലം, ദശപുഷ്പങ്ങള്‍, ജന്മനക്ഷത്രമരങ്ങള്‍, രാശിമരങ്ങള്‍, മരമഞ്ഞള്‍, ത്രിപ്പലി, ഓരില, പനിക്കൂര്‍ക്ക, ഞെരിഞ്ഞില്‍, ചെത്തിക്കൊടുവേലി, തൊട്ടാവാടി, കായച്ചെടി, രുദ്രാക്ഷം, ഭദ്രാക്ഷം, നാല്‍പ്പാമരം ഇങ്ങനെ കുറേയുണ്ട്.”
ഇതുകൂടി വായിക്കാം: കൊത്തും കിളയുമില്ലാതെ ഒന്നരയേക്കര്‍ ഭൂമി, അതില്‍ നിറയെ അപൂര്‍വ്വ ഔഷധങ്ങള്‍: നാട് ഔഷധഗ്രാമമാക്കാന്‍ ഒരധ്യാപകന്‍റെ ശ്രമങ്ങള്‍
അപൂര്‍വ ഇനം വൃക്ഷങ്ങളും നട്ടിട്ടുണ്ട്. വെള്ളക്കുന്തിരിക്കം, നീര്‍മരുത്, നാഗദന്തി, നോനി, ഇന്‍സുലിന്‍ ചെടി…അങ്ങനെ കുറെ.
എല്ലാ വീടുകളിലും ഔഷധസസ്യങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ക്കും മരുന്നിന് ഇങ്ങനെ ബുദ്ധിമുട്ടേണ്ടല്ലോ എന്നാണ് ഉണ്ണി സാമുവലിന് തോന്നിയത്. ഔഷധസസ്യങ്ങളെക്കുറിച്ചും നാട്ടുവൈദ്യത്തെക്കുറിച്ചുമൊക്കെ അദ്ദേഹം കുറെയൊക്കെ പഠിച്ചെടുക്കുകയും ചെയ്തു.
“ഔഷധസസ്യങ്ങളെ കണ്ടു പരിചയപ്പെട്ടു, കേട്ടു പരിചയപ്പെട്ടു, പുസ്തകങ്ങള്‍ വായിച്ചറിഞ്ഞു. പഠിച്ച് പഠിച്ച് ഏത് ഇല കണ്ടാല്‍ അത് എന്തിന്‍റെ ഇലയാണ്, അതിന്‍റെ ഗുണമെന്ത്, എങ്ങനെ മരുന്നായി ഉപയോഗിക്കണം എന്നെല്ലാം പറയാനാവും.
“ഇപ്പോ എക്സ്പേര്‍ട്ടാണ്. ഏതാണ്ട് അഞ്ഞൂറോളം സസ്യങ്ങളുടെ വിവരങ്ങളറിയാം. ഒന്നു മിനക്കെട്ടാല്‍ ഇതൊക്കെ ആര്‍ക്കും പഠിക്കാവുന്നതേയുള്ളൂ,” അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഈ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാനും അദ്ദേഹത്തിന് സന്തോഷമേയുള്ളൂ.
“സ്കൂളുകളിലൊക്കെ ക്ലാസെടുക്കാന്‍ പോകും. ഇതുപോലെ ഔഷധസസ്യങ്ങള്‍ വളര്‍ത്തണമെന്നാഗ്രഹിക്കുന്നവര്‍ ഇവിടെ കാണാന്‍ വരും. അവര്‍ക്ക് നിര്‍ദേശങ്ങളൊക്കെ നല്‍കാറുമുണ്ട്.
“വീട്ടില്‍ വരുന്നവര്‍ക്കും നാട്ടിലുള്ളവര്‍ക്കുമെല്ലാം ഈ സസ്യങ്ങള്‍ വെറുതേ കൊടുത്ത് തുടങ്ങി. പക്ഷേ ആരും മൈന്‍ഡ് ചെയ്തില്ല. ചിലരൊക്കെ പറഞ്ഞു തുടങ്ങി ഇത് വെറുതേ ഭ്രാന്താണ്. കുറച്ച് പച്ചിലകളൊക്കെ അവിടെവിടെ നട്ടു വച്ചിട്ട് ഒരു കാര്യമില്ലാത്ത കാര്യമാണ്. ഇങ്ങനെയൊക്കെ പറഞ്ഞ് കളിയാക്കാന്‍ തുടങ്ങി.
കുറേ സസ്യങ്ങള്‍ വെറുതേ കൊടുക്കുന്നത് കൊണ്ട് ആര്‍ക്കും വല്യ സംഭവമായിട്ട് തോന്നിയില്ല. ആള്ക്കാര് പലരും ഈ സസ്യങ്ങളൊക്കെ വാങ്ങി വീട്ടിലേക്ക് കൊണ്ടുപോകും. പലരും ഇതൊന്നും നട്ടില്ലെന്നതാണ് സത്യം.
“പക്ഷേ അതൊന്നും എന്നെ ബാധിച്ചില്ല. ഞാന്‍ വീണ്ടും നടുകയും ആള്ക്കാര്‍ക്ക് കൊടുക്കുകയുമൊക്കെ ചെയ്തു. ഇതൊക്കെ വീട്ടില്‍ തന്നെയാണ് നട്ടിരുന്നത്. പിന്നെ എന്നെ പോലെ ചിലരുണ്ടായിരുന്നു. അവരൊക്കെ നല്ല സപ്പോര്‍ട്ട് തന്നു കൂടെ തന്നെ നിന്നു.
“ഇങ്ങനെ കളയാന്‍ എന്തിനാ നാട്ടുകാര്‍ക്ക് കൊടുക്കുന്നതെന്നാണ് മോന്‍ ചോദിച്ചത്. ഒരു വില ഉണ്ടെങ്കില്‍ ആ ഉത്പന്നത്തിന് സ്വാഭാവികമായി ഒരു മൂല്യമുണ്ടാകും.
“വലിയ വിലയൊന്നും വേണ്ട കുറച്ച് എന്തെങ്കിലും വാങ്ങിയാല്‍ മതി. പണം നല്‍കി വാങ്ങുമ്പോള്‍ ആളുകള്‍ക്ക് ആ വാങ്ങുന്ന ഉത്പന്നത്തിനോട് എന്തെങ്കിലുമൊരു താത്പ്പര്യമുണ്ടാകുമല്ലോയെന്നാണ് അവന്‍ പറഞ്ഞത്,” ഉണ്ണി ഓര്‍ക്കുന്നു.
വെറുതേ കിട്ടുന്നതു കൊണ്ടാകും ആരും അതൊന്നും നടാതെ കളയുന്നത്. സ്വര്‍ണം നമുക്ക് പത്ത് രൂപയ്ക്ക് കിട്ടിയാല്‍ വല്യ വിലയൊന്നുമുണ്ടാകില്ല. എന്നാല്‍ സ്വര്‍ണത്തിന് വന്‍ വിലയായതു കൊണ്ടല്ലേ എല്ലാവരും വാങ്ങി ലോക്കറുകളില്‍ സൂക്ഷിക്കാന്‍ വയ്ക്കുന്നത്, എന്നായിരുന്നു മകന്‍റെ ലോജിക്ക്.
ഇതുകൂടി വായിക്കാം: എട്ടുവയസ്സില്‍ അമ്മ ഉപേക്ഷിച്ചു, ഇരട്ടി പ്രായമുള്ള ഒരാളുടെ നാലാം ഭാര്യയായി, 26-ാം വയസ്സില്‍ വിധവ: ഇന്ന് ആയിരങ്ങളെ സ്പര്‍ശിക്കുന്ന കാരുണ്യത്തിന്‍റെ കരുത്ത്
“പണം കൊടുത്ത് വാങ്ങുന്നതിന് കുറച്ച് ശ്രദ്ധയൊക്കെ ആളുകള്‍ കൊടുക്കുമെന്നാണ് ഞാന്‍ അച്ഛനോട് പറഞ്ഞത്. അങ്ങനെ ചെയ്യാമെന്നു ആളും പറഞ്ഞു,” ഉണ്ണിയുടെ മകന്‍ ജഹാന്‍ പറയുന്നു.
“പഠിച്ചതും വളര്‍ന്നതുമൊക്കെ ഡല്‍ഹിയിലുമാണല്ലോ. അതുകൊണ്ട് ഇതേക്കുറിച്ച് വലിയ അറിവുമൊന്നുമില്ലായിരുന്നു. ഇപ്പോ അച്ഛന്‍റെ കൂടെ നടന്നും കണ്ടും ഓരോന്ന് മനസിലാക്കി വരുന്നു. മക്കള്‍ക്ക് അറിയില്ലെങ്കിലെന്താ.. ചെറുമക്കള്‍ക്ക് ഇതിനോടൊക്കെ ഇഷ്ടമുണ്ട്.
“രണ്ട് മക്കളാണെനിക്കുള്ളത്. എവിനും എവ്ലിനും. അച്ഛന്‍ പറഞ്ഞു കൊടുത്ത അറിവുകളില്‍ നിന്നൊക്കെയാണ് ഇവര്‍ പഠിച്ചത്. അടൂരിലെ വീട്ടില്‍ അച്ഛനും അമ്മയും ഞങ്ങളുമൊക്കെ ഒരുമിച്ചാണ് താമസിക്കുന്നത്. അധ്യാപികയായ ഡെയ്സിയാണ് ഭാര്യ,” ജഹാന്‍ തുടരുന്നു.
“കേരളത്തിന് പുറത്ത് നിന്നൊക്കെ കുറേയാളുകള്‍ ഔഷധസസ്യങ്ങള്‍ അന്വേഷിച്ച് വരാറുണ്ട്. കര്‍ണാടക, ഡല്‍ഹി, ബോംബേ, പൂനെ, ആന്ധ്രപ്രദേശ്, തമിഴ് നാട് ഇവിടുന്നങ്ങളില്‍ നിന്നൊക്കെ കുറേപ്പേരാണ് ഔഷധങ്ങള്‍ ചോദിച്ച് വീട്ടിലേക്ക് വരുന്നത്.
“കൊടുക്കാന്‍ പറ്റാത്ത അത്രയും അന്വേഷണങ്ങളാണ് വരുന്നത്. ഔഷധസസ്യങ്ങളൊന്നും കിട്ടാനില്ലല്ലോ. അതാണ് പലരും ദൂരെയാണെങ്കിലും ഇവിടേക്ക് അന്വേഷിച്ച് വരുന്നത്.
“കേരളത്തിലെ അപൂര്‍വങ്ങളായ സസ്യങ്ങള്‍ സംരക്ഷിക്കുക… ഇതൊക്കെ ഇങ്ങനെ നട്ടുപരിപാലിക്കുക, ആവശ്യക്കാരിലേക്കെത്തിക്കുക.. ഇതുമാത്രമേ കരുതിയിട്ടുള്ളൂ. വലിയ വില ഈടാക്കി ഔഷധസസ്യങ്ങള്‍ വില്‍ക്കാനൊന്നും പറ്റില്ലല്ലോ.
“ആയുര്‍വേദ സസ്യങ്ങളൊക്കെ ഇല്ലാതായി കൊണ്ടിരിക്കുകയല്ലേ. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്ക് പോലും അറിയില്ല ഔഷധസസ്യങ്ങളെക്കുറിച്ച്. ഇവയുടെ ഗുണവും പ്രചരിപ്പിക്കണമെന്നൊരു ലക്ഷ്യം കൂടിയുണ്ട് അച്ഛന്.” ജഹാന്‍ പറയുന്നു.
ടര്‍പോളിന്‍ ഇട്ടുണ്ടാക്കിയ ടാങ്കിലാണ് ഉണ്ണി സാമുവല്‍ മീനുകളെ വളര്‍ത്തുന്നത്. ഗിഫ്റ്റ് തിലോപ്പിയയും പിന്നെ കുറച്ച് അലങ്കാരമത്സ്യങ്ങളെയുമാണ് വളര്‍ത്തുന്നത്.
“തേനീച്ച കൃഷിയുമുണ്ട്. ചെറിയ തേനും വലിയ തേനുമുണ്ട്. ഇതെയൊക്കെ എന്‍റെ സന്തോഷമാണ്. അല്ലാതെ ഇതൊന്നും ബിസിനസ് അല്ല. മീന്‍ വളര്‍ത്തലും തേനീച്ച കൃഷിയും ഔഷധസസ്യ പരിപാലനവുമൊക്കെ തന്നെയാണ് ചെയ്യുന്നത്.
“ആരുടെയും സഹായമൊന്നുമില്ല. ഞാനൊരു ഗാന്ധിയനാണ്. എല്ലാ സ്വയം ചെയ്തു ജീവിക്കണമെന്നാഗ്രഹിക്കുന്നൊരാള്‍ മാത്രമല്ല, അതൊക്കെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നുമുണ്ട്.
ഇതുകൂടി വായിക്കാം: ഇറ്റലി സ്വപ്‌നം കണ്ട് പഠിക്കാന്‍ പോയ നിഷ ചെന്നെത്തിയത് ബിഹാറിലെ കുഷ്ഠരോഗികളുടെ ഗ്രാമത്തില്‍: മരുന്നും ഭക്ഷണവുമായി ഊരുകള്‍ തേടി കാടുകയറുന്ന ഡോക്ടര്‍
“ഭാര്യയും മക്കളുമൊക്കെ ഇതിനൊക്കെ പിന്തുണയോടെ കൂടെയുമുണ്ട്. മോന്‍ മാത്രമല്ല രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്. ബീന സാമുവലും ബിനു സാമുവലും.” ഉണ്ണി സാമുവല്‍ പറഞ്ഞു.